Gentle Dew Drop

മാർച്ച് 16, 2018

ആത്മീയത കുമ്പസാരിക്കുമ്പോൾ

ആരുടേയും വളർച്ചയിൽ വിലയിരുത്തലുകൾ അത്യാവശ്യമാണ്. ശാസ്ത്രീയസിദ്ധാന്തങ്ങൾ പരീക്ഷണവിധേയമാക്കപ്പെടാറുണ്ട്. പ്രായോഗികത, ഉപയോഗിക്കപ്പെടുന്ന രീതി, ഉണ്ടാക്കിയേക്കാവുന്ന ഫലം തുടങ്ങിയവയാണ് അതിലെ മാനദണ്ഡം. നമ്മൾ സ്വീകരിക്കുന്ന ആത്മീയത നമ്മുടേതായ സാഹചര്യങ്ങളിൽ  അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ നമ്മെ ശക്തിപ്പെടുത്തേണ്ടതാണ്.  ശാസ്ത്രസാങ്കേതികരംഗങ്ങളിലും, സാമൂഹികസാംസ്കാരിക രംഗങ്ങളിലും ത്വരിതഗതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ മൂല്യബോധങ്ങളെയും ലോകസങ്കല്പങ്ങളെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതിൽത്തന്നെ സമൂഹബോധത്തിനും, സാംസ്കാരികകെട്ടുറപ്പിനും ക്ഷയം സംഭവിക്കുന്നുമുണ്ട്. പുതുരൂപങ്ങൾ പതിയെ സ്ഥായിയായ ഘടനകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷവയ്ക്കാമെങ്കിലും, മനുഷ്യബുദ്ധിക്കോടിയെത്താൻ  കഴിയാത്ത വേഗത്തിൽ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നെന്നു വേണം കരുതാൻ. മാനവിക ഭാവങ്ങളിൽ വന്നുചേർന്ന മൂല്യശോഷണം നമ്മെ ഒരു വിലയിരുത്തലിന് ക്ഷണിക്കുന്നുണ്ട്.

നമ്മുടെ പള്ളികളിലും, ധ്യാനകേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും, അവയുടെ ചുവരുകൾക്കുള്ളിൽ നമ്മൾ വളരെ സംതൃപ്തരാണ്. മതപരമായും, ദൈവശാസ്ത്രപരമായും, ശുശ്രൂഷാപരമായും നമ്മൾ സന്തുഷ്ടരാണ്.  എന്നിരുന്നാലും ഇവയുടെ കാലികവും ഉചിതവുമായ സഫലത ഈ സന്തുഷ്ടി ഉൾകൊള്ളുന്നുണ്ടോ എന്നത് സംശയമാണ്.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വികലതകൾ, അവയുടേതായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കേണ്ടതിനു പകരം മതങ്ങൾ ആത്മീയ വ്യാഖ്യാനങ്ങൾ നൽകിയത് മുരടിപ്പ് വരുത്തിവച്ചിട്ടില്ലേ?  ജീവിതത്തിലെ അവസ്ഥകൾക്ക് അമിതമായി നൽകപ്പെടുന്ന  ആത്മീയവ്യാഖ്യാനങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നില്ലേ എന്നൊരു സംശയം! അഭ്യസ്തവിദ്യരും നിരൂപണശേഷിയുമുള്ള  അധ്യാപകരും, സമൂഹത്തെ പഠിക്കാൻ വിദഗ്ദ്ധരുമായ പലരും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നിട്ടും  അവരുടെ കഴിവുകൾ, നല്ലൊരു വിലയിരുത്തലിനുവേണ്ടി ഉപയോഗിക്കപ്പെട്ടില്ല. കുടുംബവും, ജോലിസ്ഥലവും മൂല്യവൈരുദ്ധ്യങ്ങൾക്കുമിടയിൽ കഴിവതും ആത്മാർത്ഥത പുലർത്താൻ  ആഗ്രഹിക്കുന്ന തലമുറയെ മനസ്സിലാക്കാനോ കൂടെനടക്കുവാനോ ഉള്ള ബുദ്ധിയോ താല്പര്യമോ മതങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല എന്നത് ഓർക്കണം. ആത്മീയഭാഷണങ്ങൾ മതപ്രീണിതമായ രൂപകങ്ങളും ശൈലികളും തുടർന്നുപോന്നു.  ബുദ്ധി ഉപയോഗിക്കുന്നത് തിന്മയാണെന്നു പോലും  ആത്മീയപ്രബോധനം  ഈയടുത്തു നൽകപ്പെട്ടു. പലപ്പോഴും  ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഉത്തരം തേടുന്ന ജനം, അല്പനേരത്തേക്കു ഇത്തരം ആത്മീയകാഴ്ചപ്പാടിൽ വിശ്വസിക്കുകയും ആശ്വാസമടയുകയും ചെയ്യും. നിർഭാഗ്യവശാൽ അവർ വിധിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്‌തു എന്നത് സത്യം. വിശ്വാസത്തിന്റെ സമകാലികമൂല്യം അന്വേഷിക്കുന്ന അവരെ ഉപരിപ്ലവമായ ആചാരങ്ങളിലും, മൗലികതയിലും കുരുക്കിയിട്ടു. യഥാർത്ഥ ആത്മീയത തുറവിയും ഉൾക്കാഴ്ചയും നൽകുമെന്നിരിക്കെ, വികലമായ ആത്മീയത ഏറ്റവും എളുപ്പം സ്വീകരിക്കപ്പെടാവുന്ന പ്രതിവിധിയായും  മാറും.

സാഹചര്യങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവയ്ക്കാനും ഈ ആത്മീയഭാഷ ഉപയോഗിക്കപ്പെടാറുണ്ട്. സകല സാഹചര്യങ്ങൾക്കും ആത്മീയ കാരണങ്ങൾ കാണുന്നതും, ആത്മീയ പരിഹാരങ്ങൾ തേടുന്നതും ഉചിതമല്ല. അങ്ങനെയാകുമ്പോളാണ് അഹിതമായതെല്ലാം (പ്രകൃതിപരമോ, സാമൂഹികമോ, മനഃശാസ്ത്രപരമോ ആയ കാരണങ്ങൾ ഉണ്ടായേക്കാമെങ്കിൽക്കൂടി) പിശാചുമൂലമെന്നും, സ്വീകാര്യമായതെല്ലാം അനുഗ്രഹപൂർണമാണെന്നും നമ്മൾ വ്യാഖ്യാനിച്ചെടുക്കുന്നത്.  സമൂഹത്തിലും വ്യക്തിയിലും ഉണ്ടാകുന്ന വികലതകൾ മനഃശാസ്ത്രപരമായും, സാംസ്കാരികമായും, സാമൂഹികമായുമുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് വേണം അപഗ്രഥനവിഷയമാക്കാൻ.  സമൂഹത്തിനോ  അസഹ്യമായ, എന്നാൽ പേര് നൽകാനാകാത്ത, ചരിത്രയാഥാർത്ഥ്യങ്ങൾ (പ്രതിഭാസങ്ങൾ, സാംസ്‌കാരിക സംഘർഷങ്ങൾ ...) അസുരക്ഷിതാവസ്ഥ രൂപപ്പെടുത്തുന്നുണ്ട്. മന്ത്രതന്ത്രവിദ്യകൾ ഇത്തരം അസുരക്ഷകൾക്കു നടുവിൽ എളുപ്പം തേടാവുന്ന .സുരക്ഷാമാർഗങ്ങളാണ്. പ്രശ്നത്തിനുള്ള പരിഹാരം എന്നതിലുപരി പ്രശ്നത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ് അവർക്ക് ലഭിക്കുന്നത്, അത് എത്രമാത്രം അടിസ്ഥാനപരമല്ല എന്നിരുന്നാൽ കൂടി. അടയാളങ്ങളിലും പ്രതീകങ്ങളിലുമാണ് നമ്മൾ ഗ്രഹിക്കുന്നതെന്നും പറയുന്നതെന്നുമാണ് വിശ്വാസിയുടെ യാഥാർത്ഥ്യബോധം ആദ്യം  മനസിലാക്കേണ്ടത്. Dante മുതൽ കാല്പനികതാരമായ വ്യക്തിത്വത്തിനുടമയാണ് സാത്താൻ. സമൂഹം   തിരിച്ചറിയാതെ പോകുന്ന ആന്തരിക സംഘർഷങ്ങൾക്കും  അരക്ഷിതാവസ്ഥയ്ക്കും ഇടയിൽ കാലത്തിനനുസരിച്ച് പലരൂപങ്ങളിൽ അത് പുനർജ്ജനിച്ചുകൊണ്ടിരിക്കും. നവോത്ഥാനം ദൈവത്തെ കൊന്നുകളഞ്ഞിട്ടില്ല, മറിച്ച് അതിനു ശേഷം വന്ന ശാസ്ത്രയുഗം മറ്റനേകം കുട്ടിദൈവങ്ങളെ ഉണ്ടാക്കുകയാണ് ചെയ്തത്. 

യഥാർത്ഥ ആത്മീയത നമ്മുടെതന്നെ ഉള്ളിനെ നമുക്കുമുമ്പിൽ തുറന്നുനല്കും. മതങ്ങളുടെ കാര്യകാരണവ്യാഖ്യാനങ്ങളിൽ നിന്ന്  വ്യത്യസ്തമാണെങ്കിൽക്കൂടി തുറവിയോടെ  അത് സ്വീകരിക്കാനും, അതിനനുസരിച്ചു കുറച്ചുകൂടി ആഴത്തിൽ സ്വന്തം ജീവിതം നോക്കിക്കാണാനും ആത്മീയത കരുത്തു നൽകും.   ഈ ഉൾക്കരുത്തും അതിൽതന്നെയുള്ള എളിമയും ദൈവാശ്രയബോധത്തിൽ നിന്നേ ഉണ്ടാകൂ. ദൈവാശ്രയബോധം നമ്മെ പരസ്പരാശ്രയത്വവും പഠിപ്പിക്കുന്നു. പരിപാലനയിലുള്ള ഉറപ്പാണ് ഈ ആശ്രയബോധം; നമ്മെയും നമ്മളുടെ ഭാരങ്ങളെയും വഹിക്കുന്നത് ദൈവമാണെന്ന ഉറപ്പ്. അവിടെ സ്വാതന്ത്ര്യവും  ശാന്തതയും അതുകൊണ്ടുള്ള ആനന്ദവുമുണ്ട്. വൃഗ്രത ഉണ്ടാക്കുന്ന എന്തും ഭാരങ്ങളാണ്. ദൈവാശ്രയബോധമുണർത്തുന്നതിനു പകരം, ചിട്ടകളും  ഭക്തക്രിയകളും ആചരണങ്ങളും സന്ദേഹമുണ്ടാക്കുന്നവയാകുമ്പോൾ   അവ വിഗ്രഹതുല്യമായിത്തീരുന്നുണ്ട്. വഹിച്ചുകൊണ്ട് നടക്കേണ്ടി വരുന്ന ഭാരങ്ങളാവുകയാണവ. അവ ഫലരഹിതമാണെന്നു മാത്രമല്ല, കൃപയുടെ സ്വീകാര്യതയെ തടസപ്പെടുത്തുന്നുമുണ്ട്.

വ്യക്തിയെയോ സമൂഹത്തെയോ അതിന്റെ ഉൾബോധത്തിലേക്കു നയിക്കാൻ, അവരുടെ നിലപാടുകളെ കാണുവാൻ കഴിയുന്ന ദർപ്പണങ്ങൾ അത്യാവശ്യമാണ്. ആത്മീയത പുറത്തുനിന്നു വരുന്ന കരുത്തല്ല, ഉള്ളിൽനിന്നുള്ള  കാഴ്ചയാണ്. ഞാനെന്ന വ്യക്തിയോടും, സമൂഹത്തോടും അതിന്റെ സങ്കീർണ്ണതകളോടും നമ്മിലെ ശൂന്യതയോടും പോലും ശാന്തതയോടെ സംവദിക്കുന്ന ക്രിസ്തുചൈതന്യം ഉള്ളിൽ കാണാൻ കഴിയുക എന്നാണ് അതിന്റെ അർത്ഥം. വിശ്വാസം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമായി തെളിയണം, നമ്മുടെ നിത്യജീവിതത്തിലേക്കു പരിഭാഷ ചെയ്യപ്പെടണം. ഇതേ സങ്കീർണ്ണതകൾക്കുള്ളിൽത്തന്നെ നമ്മുടെ ആന്തരികവിലാപങ്ങൾക്കുള്ള ഉത്തരമായി ദൈവസ്വരം പതിയെ മന്ത്രിക്കുന്നുണ്ട്.  ഉത്തരവും പരിഹാരവും നിർദേശിക്കാനില്ലാതെ  വന്നാലും ആത്മാർത്ഥതയും എളിമയും ഉണ്ടെങ്കിൽ, അവയോടൊത്തു നടക്കുവാനാകും. ആത്മീയത കുമ്പസാരിക്കുമ്പോൾ വിളിച്ചു പറയും, "ഒന്നുമറിയാതെ ഞാൻ  ഈ തലമുറയെ വിധിച്ചു, ഗ്രഹിക്കുക പോലും ചെയ്യാതെ ഞാൻ അവർക്കുവേണ്ടി പരിഹാരം നിർദേശിച്ചു, ഞാൻ തന്നെ എല്ലാറ്റിനും മതിയെന്ന് ഞാൻ കരുതി, വിനീതമായി അവരെയും, അവരുടെ പശ്ചാത്തലങ്ങളേയും പഠിക്കാൻ ഞാൻ ശ്രമിച്ചുമില്ല."

പരിശുദ്ധാത്മാവിന്റെ വരദാനങ്ങളിലൂടെ ക്രിസ്‌തുവ്യക്തിത്വത്തിലുള്ള ഒരാളുടെ വളർച്ചയാണ് ലക്ഷ്യവും മാനദണ്ഡവും ആകേണ്ടത്, പകരം കെട്ടലുകൾ ബന്ധനങ്ങൾ തുടങ്ങിയ ആശയങ്ങളുടെ പ്രചരണം ആർക്കാണ് വളർച്ച നൽകിയത്. ഇത്തരത്തിലുള്ള വാക്കുകൾ സൂചിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണ്ടവിധം മനസിലാക്കാൻ കൃപയിലുള്ള ആശ്രയത്തോടൊപ്പം, മേല്പറഞ്ഞതുപോലുള്ള മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ട്. അപക്വവും വിവേകരഹിതവുമായ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും നൽകുന്ന pseudo charismatics വിശ്വാസികളുടെ  social psyche യെത്തന്നെ വിരൂപമാക്കുന്നുണ്ട് എന്നതുകൊണ്ട് ഇത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ആവുംവിധം തെളിമയുള്ള മനസ്സോടെ, ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ ശ്രമിക്കണം. നമ്മിലെ തന്നെയും, സമൂഹത്തിലെയും പുതുനിർമിതിയിലെ ഘടകങ്ങളെ തിരിച്ചറിയാൻ, ഈ ഘടകങ്ങൾ സൃഷ്ടിക്കുന്ന രൂപങ്ങളെ മുൻകൂട്ടിക്കാണാൻ, വേണ്ട തിരുത്തലുകൾ എടുക്കാൻ, നമ്മുടെ ഇടയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ വിലയായിട്ടെടുക്കാൻ  കഴിഞ്ഞെങ്കിൽ യാഥാർത്ഥ്യബോധമുള്ള ഒരു ആത്മീയത രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞേക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ