Gentle Dew Drop

ഏപ്രിൽ 02, 2018

ഉയിർത്തെഴുന്നേറ്റവൻ എവിടെ?

അതിരാവിലെ യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകളുടെ മനസ്സിൽ ജീവനറ്റ ഒരു ശരീരമായിരുന്നു. വിലേപനത്തിനായിക്കരുതിയ  സുഗന്ധക്കൂട്ടുകൾക്ക്  അർത്ഥം നൽകിയത് അത് തങ്ങൾ ആത്മതുല്യം സ്നേഹിക്കുന്നവന്റെ ശരീരമാണെന്നതാണ്. അസാന്നിധ്യം ഒരു ശൂന്യതയായി തെളിഞ്ഞപ്പോൾ അത് ഉള്ളിന്റെ ആധിയായി, തകരുന്ന സ്വപ്നങ്ങളുടെയും, സ്വരുക്കൂട്ടിവച്ചിരുന്ന സ്നേഹപ്രതീകങ്ങൾ പാഴാകുന്നതിന്റെയും  ഉൾക്കിടിലത്തോടെയാണ് അവർ കല്ലറക്കുള്ളിലേക്കു എത്തിനോക്കിയത്.

കല്ലറക്കുള്ളിൽനിന്നും അവർ കേട്ട സ്വരം നമുക്കും അർത്ഥപൂർണ്ണമാണ്: "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിനാണ്?, അവൻ ഇവിടെയില്ല, അവൻ അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു." മരിച്ചവർക്കാണ് ശവക്കല്ലറ വേണ്ടത്. ജീവനുള്ളവർ മൃതരെ സംസ്കരിക്കാനാണ് അവിടെ വരുന്നത്. ജീവിക്കുന്നവർ അവരുടെ ജീവിതാവസ്ഥകളുടെ നടുവിലാണ്, ഇണങ്ങിയും പിണങ്ങിയും,ആഘോഷങ്ങളിലും, ദുഃഖങ്ങളിലും, വിലാപങ്ങളിലും, സന്തോഷങ്ങളിലും വേർപാടിലും അവർ പങ്കുചേരുന്നു. ജീവിച്ചിരിക്കുന്നവനെ അന്വേഷിക്കേണ്ടത് ജീവിക്കുന്നവർ അവരുടെ ജീവിതങ്ങളെ ചേർത്തുവച്ചിരിക്കുന്ന ഇടങ്ങളിലാണ്. വിളനിലവും കൊയ്ത്തുപാട്ടും, ഊൺമേശയും ഓഫീസ് കസേരയും, മരുന്നുമുറിയും ഓപ്പറേഷൻ തീയേറ്ററും, അനുരാഗത്തിന്റെ പുൽമെത്തയും, ഉപവാസത്തിന്റെ ചാക്കുവസ്ത്രവും ഉത്ഥിതൻ തിരിച്ചറിയപ്പെടുന്ന സന്ദർഭങ്ങളാണ്. എവിടെ നമ്മൾ ജീവിക്കുന്നു, എങ്ങനെ  നമ്മൾ ജീവിക്കുന്നു അതിന്റെ ഭാഗമാകാൻ ക്രിസ്തു ആഗ്രഹിക്കുന്നു.

സ്ത്രീകൾക്ക് ക്രിസ്തു നൽകിയ സന്ദേശം തീർത്തും അർത്ഥവത്താണ്, "നിങ്ങൾ പോയി അവരോടു പറയുക, ഗലീലിയിലേക്കു പോകുവിൻ, അവിടെ അവർ എന്നെ കാണും." ഗലീലി മനുഷ്യജീവിതത്തിന്റെ സാധാരണത്തം ജീവിക്കപ്പെടുന്ന സ്ഥലങ്ങളാണ്. ജെറുസലേമിലാകട്ടെ മതഘടനകൾ അനുശാസിക്കുന്ന പാവനതക്കു വേണ്ടി സ്ഥാനങ്ങളിലും, ചര്യകളിലും പൊയ്മുഖമണിയുന്നവരാണ് നമ്മൾ. ഗലീലിയിൽ വെറും പച്ചമനുഷ്യരായി നടക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. യേശു പറയുന്നു," അവിടെ അവർ എന്നെ കാണും."

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്" എന്ന ചോദ്യത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ നൽകിയാൽ അല്പം കൂടി ആഴമുള്ള മറ്റൊരു ആത്മവിചിന്തനം സാധ്യമായേക്കും: "നിങ്ങൾ തേടുന്ന ജീവൻ നിങ്ങളിലും നിങ്ങൾക്കിടയിലും സമീപസ്ഥമായിരിക്കുമ്പോൾ, അസാന്നിധ്യത്തെക്കുറിച്ചു നിങ്ങൾ ഭയപ്പെടുന്നതെന്തിനാണ്?"

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യേശു തന്റെ ജീവൻ വെടിഞ്ഞു എന്ന് നമ്മൾ വായിക്കുന്നു. ശൂന്യവൽക്കരണത്തിലെന്നതു പോലെ ഉത്ഥാനത്തിലും ഈ നിലവിളി ഒരു വലിയ ദാഹമാണ്, നമ്മിലായിരിക്കുവാനും, നമ്മുടെയിടയിലായിരിക്കുവാനും .... സാന്നിധ്യമേകാനായുള്ള ആഴമേറിയ ദാഹം. ശൂന്യവത്കരണം ഒരു വിസ്തരണം കൂടിയാണ്. സ്വയം ശൂന്യമാക്കിയ ജീവൻ ഇല്ലാതാവുകയല്ല, പകരപ്പെടുകയാണ് നമ്മിലേക്ക്‌. അങ്ങനെ ഉത്ഥിതന്  നമ്മിൽ ഒരു പുതിയ ശരീരരൂപം ലഭിക്കുന്നുണ്ട്. ആ ക്രിസ്തുവിനെ നമ്മിൽത്തന്നെയും നമുക്കിടയിലും തിരിച്ചറിയാൻ കഴിയുക എന്നതാണ് ഉത്ഥിതനെ കണ്ടുമുട്ടുന്ന യാഥാർത്ഥ്യം.

പരിശുദ്ധിയുടെ അലങ്കാരങ്ങളുള്ളിടത്താണ് ഒരുപക്ഷെ നമ്മൾ അവനെ പ്രതീക്ഷിക്കുന്നത്. ജെറുസലേമിന്റെ പരിവട്ടങ്ങളിൽ ചുറ്റിത്തിരിയുന്ന നമ്മളെ ഗലീലിയിലേക്കു പറഞ്ഞയക്കാൻ യേശു തിടുക്കം കാണിക്കുന്നു. അവിടെ എന്നും നമ്മൾ നടക്കുന്ന പാതയോരത്തു നമ്മൾ അവിടുത്തെ കാണും. അങ്ങനെയെങ്കിൽ സമ്മർദ്ദം നൽകുന്ന working projects, sites പോലും ഉത്ഥിതന്റെ സാന്നിധ്യം നമ്മളെ അറിയിക്കും. ഈ സാന്നിധ്യത്തെ തിരിച്ചറിയാനാണ് നമ്മൾ പരാജയപ്പെടുന്നത്. അങ്ങനെ, ഇല്ലാത്ത ശൂന്യതയെക്കുറിച്ചാണ് നമ്മൾ ഭയപ്പെടുന്നത്. ഇടിമുഴക്കത്തിലും, ഭയാനകതയിലും, രഹസ്യങ്ങളിലുമാണ് നമ്മൾ അവനെ തേടുന്നത്. എന്നാൽ ഏറ്റവും സാധാരണമായ നമ്മുടെ ചുറ്റുപാടുകളിലുമാണ് ക്രിസ്തു കാത്തിരിക്കുന്നത്. അതുകൊണ്ട്, ഏതൊരു അനുഭവത്തിലും ഒരു പുനരുത്ഥാന അനുഭൂതി ഉണ്ട്. നമ്മിലെ ശവക്കല്ലറകളിലെ ശൂന്യതകളിലേക്കായിരിക്കാം നമ്മൾ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷെ കല്ലുകളാൽ അവ മറക്കപ്പെട്ടിട്ടുമുണ്ടാകാം. ആ ശബ്ദം നമ്മൾ വീണ്ടും കേൾക്കണം,"അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റു. അവൻ നിങ്ങളുടെ ഉള്ളിലും,നിങ്ങളുടെ ഇടയിലുമാണ്." 

അവിടുത്തെ തേടിയവർക്കാണ് അവനെ കാണാനായത് എന്നത് ധ്യാനാർഹമാണ്. ജീവിതത്തിൽ അതിവിലയേറിയ സ്ഥാനമായുണ്ടായിരുന്ന ക്രിസ്തു അകന്നുപോയപ്പോൾ വലിയ ശൂന്യതയാണ് അവർക്കുള്ളിൽ. എന്നാൽ അവൻ പറഞ്ഞിരുന്ന വാക്കുകൾ അവരെ പ്രതീക്ഷ കൊണ്ട് നിറക്കുന്നുണ്ട്. അടക്കപ്പെട്ട കല്ലറയിൽ അവൻ ഇല്ല എങ്കിൽ തീർച്ചയായും അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വ്യക്തിപരമായ ഒരു മാനസികഭാവനയല്ല അത്. അവിശ്വസനീയമാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജീവസാന്നിധ്യമാണത്. തളർച്ചയുടെയും ശൂന്യതയുടെയും സകല അവസ്ഥയിലും ജീവൻ പകർന്നുനൽകുന്ന ജീവസാന്നിധ്യം. പീഢിപ്പിക്കപ്പെട്ടാലും, ശക്തി ക്ഷയിച്ചാലും, എണ്ണം കുറഞ്ഞാലും ആ സാന്നിധ്യം ജീവനുള്ളതാണെന്ന് തിരിച്ചറിയപ്പെടാത്തപ്പോളാണ് നമ്മൾ നമ്മെത്തന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയുകയും സുരക്ഷക്കായുള്ള സ്വന്തം വഴികൾ തേടുകയും ചെയ്യുന്നത്. പകരം ആ ജീവനിൽ നമുക്ക് ഉറപ്പുണ്ടെങ്കിൽ, ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാകാനും പുതുജീവനിലേക്കു കടക്കുവാൻ നമ്മെത്തന്നെ അനുവദിക്കുവാനും നമുക്ക് കഴിയും.

വചനമായി ക്രിസ്തുവിനെ കാണുമ്പോൾ അതിലും വലിയൊരു ക്രിസ്തുസാന്നിധ്യം നമുക്ക് സാധ്യമാകും. അവനിലൂടെ എല്ലാം സൃഷ്ടിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യരക്ഷക്കായി മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തു ഉയിർക്കുമ്പോൾ സകലസൃഷ്ടവസ്തുക്കളിലേക്കും തന്റെ സാന്നിധ്യം പകർന്നു നൽകുന്നുണ്ട്. അവൻ നമുക്കുള്ളിലും, നമുക്കിടയിലും, നമുക്കുചുറ്റും സന്നിഹിതനായിരിക്കുമ്പോൾ എന്തിനാണ് നമ്മൾ ഭയക്കുന്നത്? നമ്മിലെ ശൂന്യതകളെ അവഗണിക്കാനാവില്ല, പക്ഷെ അവിടെ സാധ്യമാകുന്ന ക്രിസ്തുസാന്നിധ്യത്തെ കാണാതെ പോകരുത്. ശൂന്യമായ കല്ലറ ഉത്ഥാനത്തിന്റെ തെളിവാകണമെന്നില്ല, എന്നാൽ അവന്റെ സാന്നിധ്യം തീർച്ചയായും തെളിവാണ്.

അത്ഭുതങ്ങൾ കാണിക്കാനായി ചാടിയിറങ്ങുന്ന ഒരു വീരകഥാപാത്രമല്ല ഉത്ഥിതനായ ക്രിസ്തു. ഉയിർത്തെഴുന്നേറ്റവൻ എവിടെ എന്ന അന്വേഷണം, വി പൗലോസിന്റെ  'ക്രിസ്തുവിൽ ആയിരിക്കുക' എന്ന സത്യാർത്ഥം കൂടി ചേർത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ഉത്ഥിതന്റെ മഹിമയുടെ പ്രകാശം ലോകം അറിയുന്നത് ആ പ്രകാശം നമ്മിലും സഭയിലും ഉണ്ടെങ്കിൽ മാത്രമാണ്. ഉത്ഥാനത്തിന്റെ ശോഭ, പുറമേ നിന്ന് പ്രകാശിപ്പിക്കുന്ന സൂര്യകിരണം പോലെയല്ല, അകത്തു നിന്ന് പ്രകാശിക്കുന്ന ശോഭയായാണ്. 'ക്രിസ്തുവിൽ ആയിരിക്കുന്ന' സകലരും തങ്ങളിൽ പുഷ്പിച്ചു വിളയിക്കുന്ന പുണ്യങ്ങളിലാണ് ഉത്ഥിതനും ജീവിക്കുന്നവനുമായ ക്രിസ്തുവിന്റെ മഹിമയുടെ പ്രകാശം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ