വേദനകളും ദുരന്തവും കടന്നുപോകേണ്ട മനുഷ്യന് ആശ്വാസവും കരുത്തും അർത്ഥവും കണ്ടെത്താനുള്ള വഴി കാട്ടിക്കൊടുക്കേണ്ടതാണ് മതങ്ങൾ. എന്നാൽ ഏറ്റവും വേഗം വേദനിക്കുന്ന കുറെ സംവിധാനങ്ങളായി ചുരുങ്ങുകയാണ് മതങ്ങൾ. ബാല്യങ്ങളിലും കൗമാരങ്ങളിലും ഉൾക്കൊള്ളാവുന്നതിലുമധികം മതം നമ്മൾ കുത്തിനിറച്ചുകഴിഞ്ഞു. ചട്ടങ്ങളും ആചാരങ്ങളും മതപ്രതീകങ്ങളാകുന്ന വസ്ത്രങ്ങളും കൊണ്ട് അവരെ നമ്മൾ അലങ്കരിച്ചു പൊതിഞ്ഞു. അവരിൽ തെളിഞ്ഞു വരേണ്ടിയിരുന്ന ദൈവാംശത്തെ അണച്ചുകളഞ്ഞു. ശിഥിലമാകുന്ന ചട്ടക്കൂടുകളെ പൊടിതട്ടിയെടുത്തു രൂപക്കൂടുകളിൽ ഉയർത്തി നിർവൃതിയടയുകയാണ് മതങ്ങളൊക്കെയും. സമൂഹത്തിന്റെ പൊതുവായും, അവരവരുടെ വിശ്വാസിഗണത്തിനിടയിലും അവർക്കു ഫലദായകമാകും വിധം ഒരു അന്തരീക്ഷമുണ്ടാക്കാനുള്ള ആത്മീയ-വൈകാരിക ആർജ്ജവത്വം മതങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഹൃദയങ്ങളുടെ നന്മയറിഞ്ഞുകൊണ്ട് വ്യക്തിപരമായോ കൂട്ടമായോ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച്, അവ മതവിശ്വാസങ്ങളിലൂന്നിയ ബോധ്യങ്ങളിൽനിന്നാണെങ്കിൽക്കൂടി, ഒരു മതസംവിധാനത്തിനും അവകാശവാദമുന്നയിക്കാനാവില്ല.
ജീർണ്ണാവസ്ഥയിൽ, ഏറ്റവും ഉറപ്പുള്ള ശവപ്പെട്ടികൾ നിർമ്മിക്കാൻ ശ്രമിക്കുന്ന അധികാരഭ്രമമാണ് മതങ്ങൾക്ക്. ഭക്തിയിൽ ദൈവത്തെ തേടേണ്ട ആത്മീയ യാത്രകൾ പ്രകടനങ്ങളും മതങ്ങളുടെ സാമൂഹിക ആധിപത്യം ഉറപ്പാക്കാനുള്ള ഉപാധികളുമാക്കിത്തീർക്കുമ്പോൾ മതങ്ങൾ അവയുടെ കാതൽ നഷ്ടപ്പെടുത്തുകയാണ്.
ബോഗൻവില്ല വൃണപ്പെടുത്തിയതാരെയൊക്കെയാണ്? കേശുവിന്റെ വീട്ടിൽ എന്ത് ആക്ഷേപമാണുണ്ടായിരുന്നത്? ഈശോ ആരെയാണ് വേദനിപ്പിച്ചത്? ട്രാൻസ് ആർക്കാണ് വെല്ലുവിളിയായത്? കദീജയും രാമനും, ബിരിയാണിയും നോവിച്ചതാരെയാണ്? വിശ്വാസവും അഭിഷേകവുമില്ലാത്തതുകൊണ്ടാകാം എനിക്ക് നോവാത്തത്. പക്ഷേ, യഥാർത്ഥത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്ന മാധ്യമസൃഷ്ടികളെ നീതിബോധത്തോടെയും സത്യത്തിന്റെ ധീരതയോടെയും നേരിടാത്തത് എന്നെ വേദനിപ്പിക്കുന്നു. വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത ഗാനാലാപങ്ങൾ ദൈവാരാധനയിൽ പോലും സ്വീകാര്യമാകുമ്പോൾ വിശ്വാസത്തിനു വെല്ലുവിളിയാകാത്തത് സൗകര്യപൂർണ്ണമായ വേദനിക്കലാണ്.
സമൂഹം നൽകാവുന്ന അകറ്റലിനെയോ ദൈവത്തെക്കുറിച്ചുതന്നെയോ ഭയക്കുന്ന വിശ്വാസിഗണം നേതാക്കളുടെ ആത്മവിശ്വാസമാണ്. ഉറപ്പായും തകരുന്ന വിശ്വാസമാണത്. നീറ്റലും തകർച്ചയും വെറുപ്പ് നിറക്കുന്ന വടുക്കളാക്കി തീർക്കുന്ന മതനേതൃത്വം ആത്മീയപാതയല്ല നൽകുന്നത്.
ദൈവത്തിന്റേതെന്നു മനസാക്ഷിയുടെ നിർമ്മലതയിൽ തിരിച്ചറിയപ്പെടേണ്ട സത്യം പോലും വിദൂരത്താക്കുന്ന മത-ഉപദേശങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. ദിവ്യഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോഴും, വിശ്വാസസംഹിതകൾ തിന്മയുടെ ചട്ടക്കൂടുകളാകുംവിധം പുനഃനിർമ്മിതി ചെയ്യുമ്പോഴും ന്യായമായ നന്മയുടെ സന്ദേഹങ്ങൾ പോലും അധികാരത്തിന്റെ പേരിൽ നിശബ്ദമാക്കപ്പെടുമ്പോഴും ദൈവത്തെ കൊലചെയ്ത സംതൃപ്തിയിലാണ് യഥാർത്ഥത്തിൽ വിശ്വാസികൾ. പക്ഷേ, മതപാരമ്പര്യം സുന്ദരമായി കാത്തുസൂക്ഷിക്കപ്പെടുന്നു.
വിശ്വാസത്തെയും സംഹിതകളെയും, ദിവ്യഗ്രന്ഥങ്ങളെയും മതത്തിന്റെ ഉത്ഭവപ്രേരണയോടൊത്ത് വായിച്ചെടുക്കാൻ പരിശീലനം നേടേണ്ടത് ഇന്ന് ഓരോ മതത്തിനും ആവശ്യമാണ്. മതങ്ങൾക്ക് വേദനയേൽക്കുന്നുണ്ടെങ്കിൽ, അത് യുദ്ധകാഹളമാക്കുകയല്ല മതത്തിന്റെ ധർമ്മം. ആ വെല്ലുവിളിയിൽ, ആക്രോശത്തിൽ, പരിഹാസത്തിൽ മതത്തിൽ നിന്ന് എന്ത് തേടപ്പെടുന്നു എന്ന് തിരിച്ചറിയുകയും അതിനൊത്ത് ഏറ്റവും ക്രിയാത്മകമായി പുനഃസൃഷ്ടി ചെയ്യുകയുമാണ് മതങ്ങൾ ചെയ്യേണ്ടത്. അധികാരത്തിനും സ്വത്തിനും കവചമായി മതം ഉപയോഗിക്കപ്പെടുമ്പോൾ വേദനകളുടെ വിലാപഗാനങ്ങൾ ആ അധികാരധ്രുവീകരണങ്ങൾക്കു പുകഴ്ത്തുപാട്ട് പാടാനുള്ള ക്ഷണമാണ്. അവിടെയുയർത്തപ്പെടുന്ന ദുഷിച്ച പുകക്കുള്ളിൽ ഈശ്വരകടാക്ഷമുണ്ടാകാവുന്ന നന്മകളില്ല. വടുക്കൽ മറച്ചുകൊണ്ട് പട്ടുവസ്ത്രങ്ങളിൽ കൂടുതൽ സ്വർണ്ണനൂലുകൾ ചേർക്കുകയാണ് മതങ്ങൾ.
ഹൃദയം ദേവാലയമാകുംവിധം മതങ്ങൾ സ്വയം തുറക്കുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ മുറിപ്പെട്ടുകൊണ്ട് കൊത്തിപ്പറിക്കപ്പെടുന്ന ദുരന്തമാകും മതങ്ങൾ. നന്മ മതങ്ങളെ തഴുകട്ടെ. ആശ്വാസവും സൗഖ്യവുമാകട്ടെ.