Gentle Dew Drop

ജൂലൈ 31, 2022

ദൈവനാമത്തിൽ

കർത്താവിന്റെ നാമത്തിലാണ് ഹനനിയാ സംസാരിച്ചത് (Jer 28:1-17). പുരോഹിതരും, ദേവാലയത്തിലെ മറ്റു സംഘങ്ങളും ആഗ്രഹിച്ചതും ഏറ്റു പറഞ്ഞതുമാണ് അയാൾ പ്രവചിച്ചത്. എന്നാൽ, അവ ദൈവത്തിന്റെ വാക്കുകളായിരുന്നില്ല.

നാട്ടുരാജ്യങ്ങൾ സൃഷ്ടിച്ച് തമ്പ്രാക്കന്മാരായി ഭരിക്കുന്ന ഹൃദയശൂന്യർ സ്തുതിപാഠകരിലാണ് ദൈവഹിതം കാണുന്നത്. ഈ ആരാധകവൃന്ദം ദൈവഹിതം കാണുന്നത് ഈ രാജാക്കന്മാരിലും. ഇരു കൂട്ടരും, ദൈവമേ നിന്റെ രാജ്യം വരേണമേ' എന്ന് ശബ്ദമുയർത്തി പാടുന്നതിൽ ദൈവത്തിനു ഇടം നല്കപ്പെടുന്നില്ല.

ജൂലൈ 30, 2022

അനുസരിക്കുക

ക്രിസ്തുവിന്റെ ചൈതന്യമില്ലാത്ത സഭ സഭയല്ല.
ദൈവഹിതം തേടാത്ത അധികാരികളെ അനുസരിക്കുന്നത് ദൈവഹിതമല്ല.
സഭയുടെ പ്രബോധനങ്ങൾ എന്നത്, ക്രിസ്തുവിന്റെ പ്രബോധനങ്ങളാവണം.
ബൈബിളോ ദൈവശാസ്ത്രഗ്രന്ഥങ്ങളോ പുരോഹിതർക്കോ സാധാരണക്കാർക്കോ ലഭ്യമായിരുന്നില്ല ഒരു കാലത്ത്. അപ്പോൾ, സഭയുടെ പ്രബോധനങ്ങളുടെ ആധികാരികമായ അറിവുള്ള ആൾ എന്ന നിലയിലാണ് മെത്രാനെ അനുസരിക്കുകയെന്നത് പൗരോഹിത്യാഭിഷേകത്തിന്റെ സമയത്തെ വാഗ്ദാനമായത്.
അധികാര കാർക്കശ്യത്തിൽ നിന്ന് അധികാരി പറയുന്നതെന്തും അനുസരിക്കുക എന്നത് ക്രിസ്തീയ ധാർമ്മികതക്ക് ചേരുന്നതല്ല.

രണ്ടാം വരവിനെക്കുറിച്ച്

അന്ത്യകാലത്തെക്കുറിച്ചു പ്രത്യേക താല്പര്യം കാണിക്കുന്ന ആളുകളും കൂട്ടായ്മകളുമുണ്ട്. അന്ത്യകാല വിവരണങ്ങൾക്ക്‌ ഓരോന്നിനും അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നതായി കാണാം. ഒരു 'സാധാരണ' വിശ്വാസിയെ സംബന്ധിച്ച് ലോകത്തിന്റെ അവസാനത്തെക്കുറിച്ചോ, ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചോ ആയിരിക്കാം അവ ഓർമ്മിപ്പിക്കുന്നത്. എന്നാൽ, ക്രിസ്തീയ ദേശീയവാദിയെ സംബന്ധിച്ച് രണ്ടാം വരവ് കൊണ്ടു വരുന്ന മാറ്റം രാഷ്ട്രീയ ഭരണാധികാരവും സാമൂഹിക മേല്കോയ്മയും (വെള്ളക്കാരായ) ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കുക എന്നതാണ്. മറ്റു സമൂഹങ്ങളെക്കുറിച്ചുള്ള നുണ പ്രചരണം, ബൈബിളിന്റെ ദുർവ്യാഖ്യാനം, തുടങ്ങിയവ ആ പ്രക്രിയയിൽ വളരെ പ്രധാനമാണ്. അവർ ആഗ്രഹിക്കുന്ന, പ്രയത്നിക്കുന്ന രണ്ടാം വരവിനോ അന്ത്യകാലത്തിനോ ദൈവമായോ ക്രിസ്തുവായോ  ബന്ധമില്ല. എന്നാൽ അവർ വളരെ തീക്ഷ്ണതയോടെ (അവരുടേതായ അർത്ഥങ്ങൾ വെച്ചുകൊണ്ട്) പുനരുദ്ധരണം, ഒരുക്കം, ശുദ്ധീകരണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. 

രണ്ടാം വരവിനെക്കുറിച്ചു ചിന്തിക്കുന്ന 'സാധാരണ' വിശ്വാസി അതിലൂടെ സാധ്യമാകുന്ന ഒരുക്കം കൂടുതലും  സ്വയം മാറ്റി നിർത്തുന്ന Christian identity  രൂപീകരണവും അതിനെ ദൈവത്തോടുള്ള വിശ്വസ്തതയായി കാണുവാനുള്ള പരിശീലനവുമാണ്. ഈ identity മേല്പറഞ്ഞ കൂട്ടരെപ്പോലെ തന്നെ പുനരുദ്ധാരണ പ്രക്രിയയും അധികാര കേന്ദ്രീകൃതവുമാണ്. 'വിശുദ്ധിയുടെ മേന്മ'  യഥാർത്ഥ ദൈവജനമെന്ന ഒരു സ്വയംസ്ഥാപിത മേല്കോയ്മയിലേക്ക്‌ നയിക്കുന്നുണ്ട്. 

തകർച്ച, അരക്ഷിതാവസ്ഥ, അപകടഭീതി തുടങ്ങിയവ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലോ, സാമൂഹിക സാമ്പത്തിക സംഘർഷങ്ങളുടെ നടുവിലോ ആകാം. അന്ത്യകാലം, നവീകരണം എന്നിവ christian identity യുടെ ഘനീഭവിക്കൽ പ്രക്രിയയാകുന്നതിലൂടെ സാമൂഹിക ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും അധികാരമുറപ്പിക്കലിനുമുള്ള  സംവിധാനക്രമമായി മാറുന്ന വഴികൾ തിരിച്ചറിയണം. അത് സാധ്യമല്ലാത്തിടത്ത്, ക്രിസ്തീയചൈതന്യത്തെ മാറ്റിനിർത്തിക്കൊണ്ടും അധികാരം കൈയാളുന്നവരോട് സമരസപ്പെട്ടുകൊണ്ട് സാധ്യമാകുന്ന മേൽക്കോയ്മ നേടാനും വിരുദ്ധരെ അടിച്ചമർത്താനും ശ്രമിക്കുന്നതും നേർക്കാഴ്ചയാണ്.  പ്രാർത്ഥനയെന്നു വിളിക്കപ്പെടുന്ന ആചരണങ്ങൾ, പാരമ്പര്യാനുഷ്ഠാനങ്ങൾ തുടങ്ങിയവയെ  ഉപകാരണങ്ങളാക്കുകയോ, പാരമ്യതയിലേക്കുയർത്തി ദൈവവത്കരണത്തിനു വഴിവയ്ക്കുന്നവയുമാണ് ഇതൊക്കെയും. പറഞ്ഞു വയ്ക്കുന്ന നവീകരണങ്ങളിൽ, ഭക്തക്രിയകളിലേക്കും, പ്രാചീനമായ അടയാളങ്ങളിലേക്കും ക്രിയകളിലേക്കുമുള്ള മടക്കത്തിന്റെ പ്രാധാന്യത്തിനപ്പുറം സഭയും വ്യക്ത്തിയും ക്രിസ്തു സമാനതയിലേക്കു വളരുന്നതിനെക്കുറിച്ചുള്ള അഹ്വാനങ്ങൾ കുറവാണ്. 

ഭീതി ഉണർത്തി, വിധിയാളനായ ക്രിസ്തുവിനെ സകലവും പിടിച്ചടക്കുന്ന ചക്രവർത്തിയാക്കി അവരോധിക്കുന്ന രണ്ടാം വരവ് കൃതികൾ രാഷ്ട്രീയ പ്രേരിതമാണ്. അവരുടേതായ വിവരണ ഉള്ളടക്കങ്ങൾ അവർ ഓരോരുത്തർക്കും ഉണ്ട്. അവരെ അനുകരിക്കുന്ന കത്തോലിക്കർ സത്തയിൽ christian nationalists ഉം ഉപരിപ്ലവമായ അടയാളങ്ങളിൽ മാത്രം കത്തോലിക്കരുമാണ്. അവർ തിരിച്ചറിയപ്പെടുന്നില്ലെന്നത് ദയനീയമാണ്. ക്രിസ്തുസ്വഭാവത്തിന്റെ അടയാളങ്ങളാണ് അന്ത്യകാലത്തിന്റേതായി ക്രിസ്ത്യാനി സഭയിലും വ്യക്തിയിലും തേടേണ്ടത്.

ജൂലൈ 29, 2022

ദൈവത്തിന്റെ സൗഹൃദം

തങ്ങളെത്തന്നെ വ്യത്യസ്തരാക്കി നിർത്തുന്ന ദൈവികപരിവേഷത്തിലേക്ക് മാറിനിൽക്കുകയാണ് ദൈവികപുരുഷർ ചെയ്യാറുള്ളത്. മനുഷ്യപുത്രൻ കുടുംബങ്ങളിൽ സുഹൃത്തായി ഒരുമിച്ചിരുന്നു, കൂടെ നൃത്തം ചെയ്തു, ഭക്ഷണം കഴിച്ചു, അവരുടെ വേർപാടിൽ വേദനിച്ചു. ലാസറിന്റെയും മാർത്തയുടെയും മേരിയുടെയും സ്നേഹപാത്രമായി. അഗ്രാഹ്യതയിലേക്കു ചേർത്ത് വയ്ക്കുന്ന സങ്കീർണതക്ക് ഉദാഹരണമാണ് മാർത്തായുടെ 'അന്ത്യദിനത്തിലെ പുനരുത്ഥാനം.' എന്നാൽ, എല്ലാം ആ സൗഹൃദത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.  ആത്മീയതയുടെയും ദൈവാരാധനയുടെയും സത്ത സമാനമായ സൗഹൃദമാണ്.

ഹോഫ്നിയും ഫിനെഹാസും ജനത്തെ കൊള്ള ചെയ്തത് ദൈവം പ്രസാദിക്കുന്ന അർച്ചനയുടെ പേരിലാണ്. സോളമൻ ദേവാലയത്തിൽ പുതിയ ആചാരങ്ങൾ കൊണ്ടുവന്നത് വരുമാനത്തിന് വേണ്ടിയാണ്. നിസ്സഹായതയിൽ, നിർബന്ധിതമായ അത്യാഗ്രഹങ്ങളെ പൂജയായിക്കാണേണ്ടി വന്ന ജനം. 

ദൈവം മുകളിലേക്കുയർത്തപ്പെടും തോറും ഭൂമിയും മനുഷ്യനുമെല്ലാം ദൈവരഹിതമായി മാറും. സൃഷ്ടികളോടുകൂടെത്തന്നെ നിവസിക്കുന്നവനാണ് ദൈവം. അത് അനുഭവമാകുമ്പോൾ ഭൂമിയോ ശരീരമോ അശുദ്ധിയായി കാണപ്പെടില്ല. അത്യാഗ്രഹങ്ങൾ രൂപപ്പെടുത്തുന്ന പൂജാവിധികൾക്കിരയാകേണ്ടിയും വരില്ല. ദൈവത്തിന്റെ സൗഹൃദം സ്വാതന്ത്ര്യം പകരുന്നതാണ്. 

ജൂലൈ 28, 2022

വിശ്വാസം, പൗരോഹിത്യം, സഭ

"Tell me by what right of justice do you hold these Indians in such a cruel and horrible servitude? On what authority have you waged such detestable wars against these people who dwelt quietly and peacefully on their own lands? Wars in which you have destroyed such an infinite number of them by homicides and slaughters never heard of before. Why do you keep them so oppressed and exhausted, without giving them enough to eat or curing them of the sicknesses they incur from the excessive labor you give them, and they die, or rather you kill them, in order to extract and acquire gold every day."

തദ്ദേശീയരായ ലാറ്റിൻ അമേരിക്കൻ മനുഷ്യരെ ചൂഷണം ചെയ്യുകയും അടിമകളായി പണിയെടുപ്പിക്കുകയും ചെയ്ത കുലീനരായ സ്പാനിഷ് ക്രിസ്ത്യാനികളോട് Antonio de Montesinos പ്രസംഗമധ്യേ ചോദിച്ചതാണ്. നിയമിതമാക്കിത്തീർത്ത, ആധിപത്യത്തിന്റെയും, അടിച്ചമർത്തലിന്റെയും, അനീതിയുടെയും അത്തരം കീഴ്വഴക്കങ്ങളെ പാപമോചനത്തിനർഹമല്ലാത്ത പാപങ്ങൾ എന്ന് Bartolomé de las Casas വിളിച്ചത് അനേകം 'വിശ്വാസികളുടെ' കോപത്തിനിരയാക്കി. 

മൂന്നു നൂറ്റാണ്ടോളം നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് തദ്ദേശീയരുടെ ന്യായമായ നിലനിൽപ് അവർക്ക് അവകാശമായി അംഗീകരിക്കപ്പെട്ടത്. ദൈവരാജ്യവും നീതിയും വാഗ്ദാനം ചെയ്ത ക്രിസ്തുവിൽ തന്നെ വിശ്വസിച്ചു പോന്നവർക്ക്, പതിവായി പദവിക്കൊത്ത സ്ഥാനങ്ങളിൽ ഗമയോടെയിരുന്നു ബലിയിൽ പങ്കെടുത്തവർക്ക്‌, എങ്ങനെയാണ് റെഡ് ഇൻഡ്യാക്കാരുടെമേൽ അത്തരം ക്രൂരത കാണിക്കാൻ കഴിഞ്ഞത്? അവർക്കിടയിൽ ശുശ്രൂഷ ചെയ്ത ഭൂരിപക്ഷം പുരോഹിതർക്കും അതിൽ തെറ്റൊന്നും കാണാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? കച്ചവടവും അത്യാഗ്രഹവും പ്രധാനപ്രേരകങ്ങളാകുമ്പോൾ മതവും വിശ്വാസവും അതിനുവേണ്ടി തിരുത്തിയെഴുതപ്പെടും.

സാമ്രാജ്യത്വം, സിംഹാസനം, രാജത്വം, അധികാരഭ്രാന്ത്, ആധിപത്യം, വിധേയത്വം തുടങ്ങി ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലാത്തവയൊക്കെ പ്രധാന ഘടകങ്ങളാക്കി നടത്തപ്പെടുന്ന അഭ്യാസങ്ങളെ ദൈവാരാധനയെന്ന് ക്രിസ്തു വിളിക്കില്ല.

ത്യാഗമില്ലാതെ ബലിയില്ല, അവ ശൂന്യമായ അനുഷ്ഠാനമാണ്.

ദൈവത്തിന്റെ കാണപ്പെടുന്ന രൂപമായ ചക്രവർത്തി, ചക്രവർത്തിയുടെ അധികാരങ്ങൾ നിവർത്തിയാക്കാൻ നിയോഗിക്കപ്പെടുന്ന ഔദ്യോഗിക സ്ഥാനക്കാർ (മതഘടന രൂപാന്തരം നൽകി ആ സ്ഥാനത്തു പുരോഹിതർ), ജനത്തിനും സിംഹാസനത്തിനുമിടയിൽ നിൽക്കുന്ന മധ്യവർത്തികൾ ... ഈ ഘടന ക്രിസ്തുവിന്റെ ദൈവരാജ്യ സങ്കല്പത്തിലില്ല. സ്വയം ശൂന്യവത്കരണമാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. ദൈവജനം ക്രിസ്തുവിൽ വിളിക്കപ്പെട്ടിരിക്കുന്നതും ആ പൗരോഹിത്യത്തിലേക്കാണ്. ഈ ബലിയുടെ ദൈവജനത്തിലെ ശുശ്രൂഷകൻ മാത്രമാണ് പുരോഹിതൻ. യഥാർത്ഥത്തിൽ, ദൈവജനത്തിൽ സന്നിഹിതനായിരുന്നുകൊണ്ട് ബലിയർപ്പിക്കുന്നത്, ആരാധിക്കുന്നത് ക്രിസ്തുവാണ്.

സാമ്രാജ്യത്വഘടന വിശ്വാസത്തിലും സഭാസംവിധാനത്തിലും ആരാധനയിലും വേണ്ടവർ, പുരോഹിത കേന്ദ്രീകൃതമായ സഭാശാസ്ത്രം മുറുകെപ്പിടിക്കും. ദൈവജനമെന്ന അനുഭവം ക്രിസ്ത്വാനുഭവമാക്കാൻ ആഗ്രഹിക്കുന്നവർ, ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം ദൈവജനത്തിനിടയിൽ ദൈവ സാന്നിധ്യത്തിന്റെയും, കരുണയുടെയും, നീതിയുടെയും സാന്നിധ്യം പ്രകടമാക്കാൻ കൃപയിൽ ആശ്രയിച്ചു പ്രയത്നിക്കും.

കിരീടധാരിയായ ക്രിസ്തുവിന്റെ രാജരൂപവും, വിശ്വാസത്തിലെ സൈനിക രൂപകങ്ങളും മാറിപ്പോകാതെ സുവിശേഷമെന്താണെന്നു മനസിലാക്കാൻ സാധ്യമല്ല. അല്ലാതെ വിശ്വാസത്തെയോ പൗരോഹിത്യത്തെയോ സഭയെയോ ക്രിസ്തുവിന്റെ ഹൃദയത്തിനനുസൃതമായി രൂപീകരിക്കാനോ കഴിയില്ല. അധികാരഭ്രാന്ത്, ആധിപത്യം, കാർക്കശ്യം, പക, തുടങ്ങിയവ സൃഷ്ടിക്കുന്ന കൃപാരാഹിത്യവും, സഭയിൽ സൃഷ്ടിക്കുന്ന മൃതാവസ്ഥയും തിരിച്ചറിയപ്പെടാനാവാത്ത വിധം അന്ധമായി തീർന്നത് എന്തുകൊണ്ടാണ്? നിയമവും ആരാധനയും അനുഷ്ഠാനങ്ങളും ക്രിസ്‌തുവിനേക്കാൾ വലുതല്ല എന്ന് അറിയാൻ ഇനിയും വൈകുമോ? അറിയാമായിരുന്നിട്ടും അതിന് അനുവദിക്കാത്ത അഹങ്കാരവും അധികാരബോധവും മർക്കിടമുഷ്ടിയും സ്വയം തീർക്കുന്ന വിഗ്രഹത്തിനു കാഠിന്യമേറ്റുകയാണ്.

ജൂലൈ 26, 2022

അധികാരഗർവ്വിന്റെ അൾത്താര

 കയ്യാപ്പാസിന്റെ അരമനയിൽ വലിയൊരു വിരുന്നുണ്ടായിരുന്നു. മേശക്കു ചുറ്റും കൂടിയവർ വന്യമായി ആർത്തുചിരിച്ചു. അവന്റെ ഒരു ദൈവരാജ്യം! നമ്മൾ തീരുമാനിക്കും എങ്ങനെ ആണ് ദൈവരാജ്യമെന്ന്. പകയുടെ മത്ത് പതിയെ കുറഞ്ഞപ്പോഴാണ് അവൻ ഉയിർത്തെന്നു പറഞ്ഞ് പത്രോസ് പ്രസംഗിക്കുന്നത് കേട്ടത്. അവന്റെ പിറകെ കൂടിയിരിക്കുന്ന, സ്ത്രീകളെയും കുട്ടികളെയും അടക്കം,സകലതിനെയും പുറത്താക്കണം. സൗകര്യമുണ്ടെങ്കിൽ ദൈവരാജ്യത്തിൽ കേറിയാൽ മതി. താക്കോൽ നമ്മുടെ കൈയിലാണല്ലോ. ദേവാലയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ ശവക്കല്ലറകളിൽ അപ്പം മുറിച്ചു. ക്രിസ്തു അവർക്കിടയിൽ സന്നിഹിതനായിരുന്നു.

ഭോഷനായ മനുഷ്യാ, ദൈവം നിന്റെ ദൈവരാജ്യത്തിന്റെ ചക്രസീമകളിലല്ല. സൻഹെദ്രീനിൽ നിന്നും ദൈവം ഇറങ്ങിപ്പോയിട്ടു നാളെത്രയായിരിക്കുന്നു. നിന്റെ നിർമ്മിതികളിലേക്കു ചെരിയുന്നവനല്ല ദൈവം. താക്കോൽ ഇല്ലാത്ത വാതിലാണ് ദൈവരാജ്യം. അധികാരഗർവ്വിന്റെ അൾത്താരകളിൽ ദൈവാരാധനയല്ല, ദുരാചാരമാണ് നടത്തപ്പെടുന്നത്.

ഇടയനില്ലാത്ത ആല

ശാന്തമായ ജലാശയത്തിലേക്കും പച്ചപുൽത്തകിടിയിലേക്കും നല്ല ഇടയൻ നയിക്കുന്നു.

ഫാർമിലെ ആടുകളുടെ സ്വഭാവം ഇല്ലാത്തതിനാൽ ആടുകളെ ഒക്കെ നഴ്സറിയിലാക്കാൻ തീരുമാനമായി. ഒന്നും ശരിയല്ല, എല്ലാം കുറുമ്പന്മാരാണ്. പാക്കറ്റിൽ വരുന്ന പാകം ചെയ്ത ഭക്ഷണം, പൈപ്പിലെ വെള്ളം, നിര നിരയായി പറയുന്ന നിഷ്ഠയോടെ ആലയിലേക്കു തിരിഞ്ഞു കഴിക്കണം.

ഇടയനില്ലാത്ത ആല ആടുകൾക്ക് ജീവനുള്ളതായി തോന്നിയില്ല. അവ അകന്നകന്നു പോയി. ഇടയന്റെ കരുതൽ അവരുടെ കൂടെയുണ്ടായിരുന്നു.

ജൂലൈ 24, 2022

സ്വർഗ്ഗസ്ഥനായ പിതാവേ

ക്രിസ്തീയ വിശ്വാസത്തിന്റെയും ധാർമികതയുടെയും പ്രാർത്ഥനയുടെയും അടിസ്ഥാനം നമ്മൾ ദൈവത്തിന്റെ മക്കളാണെന്നതാണ്. ആ ബോധ്യത്തിൽ നിന്നേ യേശു പഠിപ്പിച്ച പ്രാർത്ഥന നമുക്കും മനോഭാവമാക്കാൻ കഴിയൂ. ഒരു കൂട്ടരെ താണജാതിക്കാരെന്നോ പുറംജാതിക്കാരെന്നോ അപരരെന്നോ കണ്ടുകൊണ്ട് ഒരാൾക്ക് ക്രിസ്ത്യാനിയായിരിക്കാനോ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന് വിളിക്കാനോ ആകില്ല.

സകല സൃഷ്ടികളും ഒന്ന് ചേർന്ന് നിന്നാണ് ദൈവമക്കൾ എന്നത് അനുഭവിക്കുന്നത്. അത്തരത്തിൽ കാണാൻ കഴിഞ്ഞെങ്കിലേ സകല സൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണുവാനും ദൈവനാമം പൂജിതമാണെന്ന് ഗ്രഹിക്കാൻ തക്കവിധം  കൃതജ്ഞതയും ഉദാരതയും ഉള്ളിൽ നിറയൂ. സൃഷ്ടികൾ ഒന്ന് ചേർന്ന് തന്നെയാണ് അന്നന്ന് വേണ്ട അപ്പത്തിന് വേണ്ടി പിതാവിന്റെ പരിപാലനക്കു മുമ്പിൽ നില്കുന്നത്.  ഓരോന്നും ജീവന്റെ സമൃദ്ധിയിലേക്കുയരുന്നതിനു തടസം നിൽക്കുന്ന അനീതികൾ ക്ഷമിക്കപ്പെടട്ടെ. സ്വയം പേറിയ വേദനകളെക്കുറിച്ച് ക്ഷമിക്കാൻ കഴിയുകയും ചെയ്യട്ടെ. പിതാവിന്റെ തിരുമനസ്സ് നിറവേറുമ്പോൾ ഏറ്റുപറഞ്ഞതും അല്ലാത്തതുമായ എല്ലാ പ്രാർത്ഥനകളും നിവർത്തിയാക്കപ്പെട്ടു കഴിഞ്ഞു. 

മനോഹരമായ ഈ സങ്കൽപ്പം യാഥാർത്ഥ്യത്തിന് അകലെയായിരിക്കാം. അതുകൊണ്ടു തന്നെയാണ് നമ്മൾ ദൈവത്തിന്റെ മക്കളാണെന്നത് പ്രാർഥനക്കും ജീവിതത്തിനു തന്നെയും അടിസ്ഥാനമാക്കേണ്ടത്. ദൈവരാജ്യം പരസ്പരം ഉറപ്പാക്കേണ്ടതിനായുള്ള ഊർജ്ജം കൂടിയാണ് അന്നന്നത്തെ അപ്പത്തിലുള്ളത്. മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ നമുക്ക് അറിയാമെങ്കിൽ, ഇവയൊക്കെ യാഥാർത്ഥ്യമാക്കാൻ ശക്തി പകരുന്ന പരിശുദ്ധാത്മാവിനെ എത്രയോ അധികമായി ദൈവം നമുക്ക് നൽകും! 

ജൂലൈ 20, 2022

വിളഭൂമിയുടെ ഉപമ

വിതക്കാരന്റെ ഉപമ യഥാർത്ഥത്തിൽ, വിളഭൂമിയുടെ ഉപമയാണ്. സുവിശേഷത്തിന്റെ ഫലങ്ങൾ നല്കുംതക്കവിധം ഒരു വിളഭൂമിയാകേണ്ടതുണ്ട് ഏതൊരാളും. ദൈവത്തിനു സ്വന്തമായ മക്കളുടെ സ്വാതന്ത്ര്യം സ്നേഹത്തിൽ ബോധ്യപ്പെടുമ്പോൾ പരാജയങ്ങളും വേദനകളും പാറകളും മുള്ളുകളുമാകില്ല. അവ ആശ്വസിപ്പിക്കപ്പെടുകയും, അലിയുകയും ആർദ്രതയുള്ള മണ്ണാവുകയും ചെയ്യും. ആത്മാവിൽ പരിപോഷിതരായി പതിയെ ഫലം പുറപ്പെടുവിക്കുകയും ചെയ്യും. 

വിതക്കാരുടെയും ഉപമ ആവശ്യമാണ്. ക്രിസ്തുവിന്റെ മനസറിഞ്ഞു വിതക്കുന്നവരാണ് ക്രിസ്തുവിന്റെ കൂട്ടുജോലിക്കാർ. വയലുകളും മലകളും വെട്ടിപ്പിടിച്ചു സ്വന്തമാക്കാനും, സ്വന്തം വിത്ത് വിതക്കാനിറങ്ങുന്നവരും, സ്വന്തം വയലിൽ വിത്തുമുളക്കാത്തതുകൊണ്ട് വിളയുന്ന വയലുകളിൽ സ്വന്തം വിത്തുകൾ എറിഞ്ഞു ലാഭമെടുക്കാനെത്തുന്നവരും ക്രിസ്തുവിന്റെ കൂട്ട് ജോലിക്കാരല്ല. കനിവിനായി കാത്തിരിക്കുന്ന ഒരു കാലം വിത്തിനും വിതക്കാരനും ആവശ്യമാണ്. ധന്യതയുടെ പുളകത്തിലേക്കു കടക്കാൻ ഈ കാത്തിരിപ്പു കാലം ആവശ്യമാണ്. അതില്ലാതെയാകുമ്പോൾ വിതയും കൊയ്ത്തും ഞെളിവിന്റെ ഇരുൾ കൊണ്ടുവരും. 

ആരും വഴിയിൽ തളർന്നു പോകാതിരിക്കുവാൻ, വഴിയിൽ ഉപേക്ഷിക്കപ്പെട്ടവർക്കു സമരിയാകാരന്റെ വീഞ്ഞും തൈലവും നൽകാൻ, അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നൽകുന്ന നീതിയുടെ ബലം പകരാനുള്ള വിളയാണ് സുവിശേഷത്തിന്റെ ഫലം. ക്രിസ്തുസമാനതയിലേക്കു വളരുന്ന മനുഷ്യരൂപമാണ് നൂറും അറുപതും മുപ്പതും മേനിയുടെ ഫലം.

ജൂലൈ 14, 2022

മതങ്ങൾ മത്സര രംഗത്തേക്ക്

മത്സരങ്ങളാണ് മതങ്ങൾക്കുള്ളിലെ സാമൂഹ്യസമ്പർക്കങ്ങളിൽ ഉയർന്നുനിൽക്കുന്നതെന്ന് (Un)Believing in Modern Society ... എന്ന ഗവേഷണ ഗ്രന്ഥം അവതരിപ്പിക്കുന്നു. സംഘടനാസംവിധാനമുള്ളതും അല്ലാതെ സെക്ടുകളായവയും വ്യത്യസ്തമായ തലങ്ങളിൽ ഈ മത്സരത്തിൽ ഏർപ്പെടുന്നു. ഒരു പരസ്യത്തിന് ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കാനാവുന്നതുപോലെ മതങ്ങളും അത്തരം തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ശാസ്ത്രവുമായും മാർക്കറ്റുമായും പോലും മത്സരിക്കാൻ കഴിഞ്ഞെങ്കിലേ നിലനിൽക്കാൻ കഴിയൂ എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഭക്തിയെയും വിശ്വാസത്തെയും ഈ മത്സര രംഗത്തേക്ക് മതങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. താൻ ഉൾച്ചേർന്നിരിക്കുന്ന സമൂഹമെന്നതിനേക്കാൾ, ഏറ്റവും നല്ല 'religious-spiritual' ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ബ്രാൻന്റുകളെ ആശ്രയിക്കും വിധം ഭക്തിയും വിശ്വാസവും മാറ്റപ്പെടുകയാണ്.

ബ്രാൻഡുകളായി സ്വന്തം നിലനില്പ് ഉറപ്പിക്കുന്ന സ്ഥാപനങ്ങളും ഭക്തിപ്രസ്ഥാനങ്ങളും മതങ്ങൾക്കുള്ളിൽ തന്നെ പരസ്പരം മത്സരിക്കുന്നുമുണ്ട്. ചിലത് ആത്മീയതയുടെ വസ്ത്രങ്ങൾ അണിയുമ്പോൾ ചിലവ രാഷ്ട്രീയസമീപനം സ്വീകരിക്കുന്നു. ഇത്തരം പല ഗ്രൂപ്പുകൾക്കിടയിലുള്ള മത്സരങ്ങൾ വിശ്വാസികൾക്കിടയിൽ  വേർതിരിവുകൾ സൃഷ്ടിക്കുക മാത്രമല്ല, ഈ ഗ്രൂപ്പുകളിൽ നിന്ന് വരുന്ന ആശയങ്ങൾ മാത്രമാണ് വിശ്വാസമെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അങ്ങനെ, ഒരു ഇടവകയിലോ, സംഘടനയിലോ, യുവജനമുന്നേറ്റത്തിലോ, എന്തിന്, ഒരു കുടുംബത്തിൽ തന്നെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഇവർ ആരും യഥാർത്ഥ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചു തന്നെയോ ശ്രദ്ധാലുക്കളല്ല എന്നതാണ് സത്യം. എന്നിരുന്നാലും പൊതുധാരയിൽ നേതൃത്വത്തിന് ആധികാരികത നഷ്ടപ്പെട്ടിരിക്കുന്നത്, വിശ്വാസികൾ ഇത്തരം പ്രസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനും അവരുടെ തെറ്റായ സമീപനങ്ങളെ തിരുത്താൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. അധികാരികൾ മൗനത്തിലാവുകയും മേല്പറഞ്ഞവിധം ഗ്രൂപ്പുകൾ ക്രിസ്ത്യാനികളുടെ 'ശബ്ദമാവുമായും' ചെയ്യുമ്പോൾ  സാധാരണ വിശ്വാസികൾക്ക് 'സത്യമാകുന്നത്' അവർക്ക് ലഭ്യമാകുന്ന അസത്യങ്ങളാണ്. 

ആത്മീയതയെ ഒരു ഭക്തക്രിയയാക്കി ഒരു മായികലോകത്ത് ജീവിക്കുന്ന അവസ്ഥയിലേക്ക് നിര്വചിക്കപ്പെടുകയുണ്ടായി. പ്രതിഫല ദൈവശാസ്ത്രവും ഉന്നതിയുടെ സുവിശേഷവും ഈ ആത്മീയതക്ക് ഊർജ്ജം പകർന്നു. വിചിത്രമായ മാനവശാസ്ത്രങ്ങളും ആചാരങ്ങളും ഉടമ്പടികളും എളുപ്പവിദ്യകളും പ്രചാരത്തിലായി മേല്പറഞ്ഞ മത്സരത്തിന് മൂലധനമായി മാറി. പരിശുദ്ധാത്മാവിനെയും ക്രിസ്തുവിനെയും പേരിനു വിളിക്കുമ്പോഴും ക്രിസ്തു ചൈതന്യമോ, പരിശുദ്ധാത്മാവിലുള്ള വ്യക്തിയുടെ വളർച്ചയോ സാധ്യമാകാത്ത ആത്മീയ ശൂന്യത വളർത്തിയത് കരിസ്മയില്ലാത്ത pseudo കരിസ്മാറ്റിക്കുകളാണ്. വചനപ്രഘോഷണമെന്ന പേരിൽ, ജനപ്രിയതയും മത്സരവിജയസാധ്യതയുമുള്ള സകലതും സുവിശേഷത്തിന്റെ പേരിൽ 'വിൽക്കപ്പെട്ടു.' You Tube ചാനലുകളിലെ easy tools നും try it once നും സമാനമായ ഭക്ത ആചാരങ്ങൾ എങ്ങനെ ശൂന്യത സൃഷ്ടിക്കാതിരിക്കും?

പ്രസിദ്ധരായ tele evangelists ആശയങ്ങളിലും ശൈലികളിലും അനുകരിക്കപ്പെട്ടപ്പോഴും അപാകതയൊന്നും കാണാതെ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതിതീവ്രമായ ആചാരനിഷ്ഠയും ഭക്തിതീക്ഷ്ണതയും ഉയർത്തിപ്പിടിക്കുകയും അതിനെ സഭയോടുള്ള സ്നേഹമായും ദൈവബന്ധത്തിലെ വിശ്വസ്തതയായും അവതരിപ്പിക്കുകയും ചെയ്യുന്നു. 'Salvation Goods' വസ്തുക്കളായും പ്രസിദ്ധീകരണങ്ങളായും, പിന്നീട് ഡിജിറ്റൽ രൂപങ്ങളിലും നൽകപ്പെടുന്നു. അതോടൊപ്പം പുതിയ ഡിജിറ്റൽ  ഭക്താചാരങ്ങൾക്ക് സാധുത നൽകപ്പെടുകയും ചെയ്യുന്നു. പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന എണ്ണ, മെഴുകുതിരി മാത്രം ഉപയോഗിക്കുക എന്നതു കടന്ന് പ്രത്യേക 'അനുഗ്രഹങ്ങൾക്കായി'  'ഞങ്ങളുടെ ചാനലിനുള്ള' കുർബാനയിലും  ആരാധനയിലും  പങ്കുചേരുക എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. 

മറുവശത്ത്, സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണം സാധ്യമാക്കും വിധം സാമൂഹികമായ ആശയധാരകൾ രൂപീകരിച്ച്  ആളുകളുടെ വിശ്വാസ്യത നേടുന്ന ഗ്രൂപ്പുകളുണ്ടായി. രാഷ്ട്രീയവത്കരിക്കപ്പെടുന്ന ക്രിസ്തീയത മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ നമുക്കിടയിൽ വേര് പിടിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു. ആത്മീയരും വിശ്വസ്‌തരുമെന്ന് അവകാശപ്പെട്ട വിഭാഗങ്ങൾ അവയെ വളം നൽകി പരിപോഷിപ്പിച്ചു. എന്നാൽ, ക്രിസ്തുവാഴ്ച സങ്കല്പിക്കാവുന്ന മേൽക്കോയ്മയിലല്ല, മറിച്ച് പരിശുദ്ധാത്മ പ്രവർത്തനവും ക്രിസ്തുചൈതന്യവും വ്യക്തിയിലെന്നപോലെ സമൂഹത്തിലും പ്രകടമാവുന്നതിലൂടെയാണ് ദൈവരാജ്യ അനുഭവവും നീതിയും സമാധാനവും യാഥാർത്ഥ്യമാകുന്നത്. എന്നാൽ സുവിശേഷ മൂല്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് വെറുപ്പും വിദ്വേഷവും സംശയവും ശത്രുതയും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ എങ്ങനെയാണ് ക്രിസ്തീയസമൂഹത്തിന്റെ  രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുന്നത്?  ദൈവമക്കൾക്കർഹമായ സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ, പ്രത്യേകിച്ച് അവ നിഷേധിക്കപ്പെട്ടവർക്ക്, ജാതിക്കോ മതത്തിനോ അതീതമായി ഉറപ്പാക്കാൻ ശ്രമിക്കുകയെന്നത് ദൈവരാജ്യാനുഭവത്തിന്റെ ഭാഗമാണ്. പൊതുനന്മക്കോ സാമൂഹികനീതിക്കോ വിരുദ്ധമായ എന്തെങ്കിലും മുമ്പിൽ വന്നാൽ, അത് സമൂഹത്തിനുള്ളിൽ നിന്നുതന്നെയോ ഭരണകൂടത്തിന്റെ നയങ്ങളിൽ നിന്നോ ആവട്ടെ, സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതമാവാതെ എങ്ങനെയാണ് ക്രിസ്തീയമായി സമീപിക്കുകയും പ്രതികരിക്കുകയും ചെയ്യുക? വിഭാഗീയമായ സാമുദായിക ധ്രുവീകരണത്തിലൂടെ തീർച്ചയായും അത് അസാധ്യമാണ്. നിക്ഷിപ്ത താല്പര്യങ്ങൾ വെച്ചുകൊണ്ടുള്ള 'നീതിബോധം'  ഫലത്തിൽ അനീതിയേ സൃഷ്ടിക്കൂ.

സുവിശേഷ മൂല്യങ്ങൾ മാറ്റി നിർത്തിക്കൊണ്ടുള്ള സമീപനങ്ങൾ സഭയെ, രാഷ്ട്രീയ അജണ്ടകളോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ ഉപവിഭാഗങ്ങളാക്കി തീർക്കുകയേയുള്ളു. തുടക്കത്തിൽ പറഞ്ഞ മത്സരത്തിന് യോഗ്യത നേടണമെങ്കിൽ ക്രിസ്തുവിനെ മാറ്റി നിർത്തുന്ന ആത്മീയതയും രാഷ്ട്രീയവും കൂടിയേ തീരൂ. എന്നാൽ, "മാത്സര്യം മന്ത്രവാദം പോലെ പാപമാണ്." വിശ്വാസത്തിന്റെയും മതത്തിന്റെയും  പേരിൽ സ്വയം നിലനിർത്താനും ജയിക്കാനും വിശുദ്ധി സ്ഥാപിക്കാനും ശ്രമിക്കുമ്പോൾ മാറ്റിനിർത്തുന്നത് ക്രിസ്തുവിനെയാണ്. പരിശുദ്ധാത്മാവും കൃപയുടെ പ്രവൃത്തികളുമൊക്കെ അപ്പോൾ എവിടെയോ പോയ്മറയുന്നു.

അപ്പോൾ, ആത്മീയതയിലും രാഷ്ട്രീയത്തിലും വിശ്വാസികൾ ഉപയോഗിക്കപ്പെടാവുന്ന വസ്തുക്കളാക്കപ്പെടുകയാണ്. ഉപഭോഗ സംസ്കാരം ലാഭമുറപ്പാക്കുക മാത്രമല്ല ലക്ഷ്യം നേടിയാൽ ഉപഭോക്താവിനെ (ഇവിടെ വിശ്വാസിയെ) ഉപേക്ഷിച്ചു കളയുകയും ചെയ്യുന്നു. അത് വരെ മാർക്കറ്റ് 'നിങ്ങളുടെ സ്വന്തം സ്ഥാപന'മാണ്. 'അവർ' പറയുന്ന വിശേഷ ശക്തിയുള്ള പ്രാർത്ഥന ചൊല്ലിയും പരിഹാരങ്ങൾ ചെയ്തും വാങ്ങിയെടുക്കുന്ന ആത്മീയ ഉത്പന്നങ്ങളിൽ ദൈവകൃപയുടെ ചാലകമാകുന്നവ ഒന്നുമില്ലെന്ന്‌ തിരിച്ചറിയുന്നത് വൈകിയാവും. സമാനമായി, രാഷ്ട്രീയലാഭങ്ങൾക്കു വേണ്ടി വിശ്വാസത്തെയും അതുമായി ബന്ധപ്പെട്ട വൈകാരികതയെയും ഉപയോഗിച്ച് സമൂഹത്തെ ചിതറിക്കുകയാണ്. സുരക്ഷയുടെയും നിലനില്പിന്റെയും പേരിൽ വിശ്വാസി അടിമയാക്കപ്പെടുന്നു. മുൻവിധികളും അസത്യങ്ങളും പൊതുധാരയിൽ വരുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണാൻ വിശ്വാസികൾ നിർബന്ധിതരാകുന്നു.

കപടഭക്തി പ്രചരിപ്പിക്കുന്ന യാതൊന്നും, വിദ്വേഷവും ശത്രുതയും പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും, സുവിശേഷ മൂല്യങ്ങളായ സ്നേഹം, സാഹോദര്യം, സഹവർത്തിത്വം, കരുണ, ഒരുമ, നീതി എന്നിവ ഉൾക്കൊള്ളാത്ത  ഒന്നും, സഭയെന്നോ സഭയുടേതെന്നോ അവകാശപ്പെടുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ആവട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സഭയായോ ക്രിസ്തീയ വിശ്വാസമായോ കാണപ്പെടരുത്.

Ref: Jörg Stolz, Judith Könemann, Mallory Schneuwly Purdie, Thomas Englberger, Michael Krüggeler (auths), (Un)Believing in Modern Society: Religion, Spirituality, and Religious-Secular Competition, 2016

https://www.sathyadeepam.org/coverstory/losslfconfidnc

ജൂലൈ 10, 2022

ക്രിസ്തു എന്ന വിളി

ക്രിസ്തുവിന്റെ മൂല്യം തിരിച്ചറിയുന്നത് ഒരു മതംമാറ്റ പ്രക്രിയയിലൂടെയല്ല. മാനവസമൂഹം മുഴുവനായും സകല സൃഷ്ടികൾക്കുമായും ഏറ്റവും മികച്ച ഒരു മനുഷ്യജീവിതം ജീവിക്കാനുള്ള ഉറച്ച ചുവടുവയ്പാണ് ക്രിസ്ത്വാനുഭവത്തിന്റെ ലക്ഷ്യം. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ മനുഷ്യർക്ക് നല്കപ്പെടുന്നതും, ഫലം നൽകുന്ന മനുഷ്യരാകുവാനാണ്.

ഇങ്ങനെ ഒരു ദർശനം ദൈവാരാധനയുടെ സത്തയാവാത്ത കാലത്തോളം ദേവരൂപത്തിലുള്ള ക്രിസ്തുവാകും നമ്മുടെ സങ്കല്പങ്ങളിൽ. അനുകമ്പ തോന്നിയ ഇടയനായി, കാലിത്തൊഴുത്തിൽ ജനിച്ചവനായി, ത്യാഗപൂർണ്ണമായ  ഒരു മരണം വരിച്ചവനായി അനുഭവത്തിലും വിശ്വാസത്തിലും സ്വീകരിക്കുവാൻ കഴിയില്ല. ആധ്യാത്മികതയുടെ കാല്പനിക കൃതികളിലും ഉത്സവക്കാലത്തെ പ്രസംഗങ്ങളിലും മാത്രം അതിന് സ്ഥാനമുണ്ട്. 

കൃതജ്ഞതയുള്ള, ത്യാഗമനോഭാവമുള്ള, ഒരുമയിൽ ജീവിക്കുന്ന, ഫലം പുറപ്പെടുവിക്കുന്ന മനുഷ്യരാകുവാനുള്ള ആഗ്രഹം ഇല്ലാത്ത ദിവ്യബലികൾ, അതിദിവ്യത്വം ആരോപിക്കാവുന്ന അപ്പത്തെ ചുറ്റിപ്പറ്റി ചെയ്യുന്ന പൂജാക്രമം മാത്രമാകും. "നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?" എന്ന ചോദ്യം നമ്മോടും ആവർത്തിക്കപ്പെടും. വി. കുർബാന, തന്റെ ബലിയിലൂടെ ദൈവവുമായുള്ള ഐക്യത്തിലേക്കു നമ്മെ ചേർത്ത ക്രിസ്തുവിലുള്ള പങ്കുചേരലാണ്. ഒരു ബലിജീവിതവും, അനുരഞ്ജനവും സാഹോദര്യവും  ഈ ഐക്യം ഉൾക്കൊള്ളുന്നു.

മേല്പറഞ്ഞ ഗുണങ്ങളിലൊന്നും അതിരുകൾക്ക് സ്ഥാനമില്ല. എന്നാൽ അതിരുകൾക്കതീതമായ ഏതൊരു വളർച്ചയും ഭീഷണിയായേ സമൂഹം കണക്കാക്കൂ. ക്രിസ്തു എന്നത് മനുഷ്യർക്ക് ഒരു വിളി കൂടിയാണ്. അത് അതിരുകളെ അതിലംഘിക്കുന്നതാണ്. അതിരുകൾ നിർമ്മിക്കുന്ന എന്തുതന്നെയും, അത് കുടുംബമഹിമയോ, ആചാരങ്ങളോ, സംസ്കാരമോ, പാരമ്പര്യമോ, മതപ്രതീകങ്ങളോ, ആരാധനാരീതികളോ, അതിശക്തരായ മതപ്രഭാഷകരോ അവരുടെ സേവനങ്ങളോ സ്ഥാപനങ്ങളോ ആവട്ടെ, ക്രിസ്തുവിനേക്കാളധികം സ്നേഹിക്കപ്പെടുന്നെങ്കിൽ അവർ ക്രിസ്തുവിനു യോഗ്യരല്ല, അവർ ഫലം നല്കുകയുമില്ല.

ദൈവനിയമം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു

അധരങ്ങൾ സത്യം പ്രഘോഷിക്കുകയും  ഹൃദയം നീതിയാൽ ജ്വലിക്കുകയും ചെയ്യുന്ന ആളുകൾ വചനം സമീപസ്ഥമായി അറിഞ്ഞവരാണ്. അലിവ്, സത്യം, കരുണ, നീതി, എന്നിവയൊക്ക ഒന്നുചേരുന്ന സമരായക്കാരനാണ് പുരോഹിതനെയോ ലേവായനെയോക്കാൾ ദൈവമുഖം ഉൾക്കൊണ്ടിട്ടുള്ളത്.

വഴിയിൽ ആക്രമിക്കപ്പെട്ടു മുറിവേറ്റവരാണ് നമ്മോടു കൂടെ യാത്രചെയ്യുന്നവർ ഓരോരുത്തരും. പല സംസ്കാരങ്ങളിലും വിശ്വാസങ്ങളിലും വഴികളിലും ഉള്ളവരാണവർ. വെറുമൊരു സഹതാപമോ, പരോപകാരമോ ആയല്ല, ദൈവാരാധനയോടു തുല്യത നൽകിക്കൊണ്ടാണ് അപരരെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതിനെ ക്രിസ്തു മുൻപോട്ടു വെച്ചത്.  നല്ല സമരായക്കാരനാവുന്നതുപോലെതന്നെ നമുക്കും നല്ല സമരായക്കാരുടെ ആവശ്യമുണ്ട്. ഇവ രണ്ടുമുള്ളപ്പോഴാണ് അത് വലിയ ഒരു ദൈവാനുഭവമായി വളരുന്നത്. അങ്ങനെ ഒരു കൂദാശാമാനം കൂടിയുണ്ട് ഈ സമീപനത്തിൽ. 

ദൈവനിയമം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു എന്നതിന്റെ ചുരുക്കമാണ് ഈ വാക്കുകളിൽ: "അടുത്തുചെന്നു എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വെച്ച് കെട്ടി തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ട് ചെന്ന് പരിചരിച്ചു." അരികെ ചെല്ലാൻ പോലും കഴിയാത്ത വിധം അതിരുകൾ തീർക്കുന്ന തരം  'ദൈവചിന്തകൾ'  നമ്മെ അപരരിൽ നിന്ന് അകറ്റി നിർത്തുമ്പോൾ, ദൈവവചനം ഹൃദയത്തിലും അധരത്തിലും ഉണ്ടാവണം എന്ന ഓർമ്മപ്പെടുത്തൽകൂടിയാണത്.

നിയമങ്ങളും, സിദ്ധാന്തങ്ങളും, പാരമ്പര്യങ്ങളും ദൈവത്തിലേക്കുള്ള വഴികളാവണം. അവ തന്നെ ദൈവങ്ങളായിത്തീരുന്ന ദൗർഭാഗ്യം നമുക്കുണ്ട്. അങ്ങനെ ദൗർഭാഗ്യരായവരാണ് പുരോഹിതനും ദേവാലയശുശ്രൂഷകനും.  അഗ്രാഹ്യവും ആഴമുള്ളതുമായ വേദസത്തയെക്കുറിച്ചല്ല അധരത്തിലും ഹൃദയത്തിലുമുള്ള വചനത്തെ ധ്യാനിക്കുവാനാണ് ക്ഷണം. രാജത്വം, പടയോട്ടം, മേധാവിത്വം തുടങ്ങിയ രൂപകങ്ങളിൽ നിന്ന് വിശ്വാസത്തെ ശുദ്ധീകരിക്കുന്നതുവരെ നല്ല സമരായക്കാരനെയും ക്രിസ്തുവിനെത്തന്നെയും മനസിലാക്കാനാവില്ല.

ഒഴിവാക്കപ്പെടേണ്ടവരെ, ശപിച്ചും നിരാലംബരാക്കിയും ശുദ്ധിയുടെയും വിശ്വാസത്തിന്റെയും പേരിൽ തള്ളിക്കളയുമ്പോൾ ആ ശുശ്രൂഷക്കു ധൂപമർപ്പിക്കുന്നതുകൊണ്ട് ദേവാലയത്തിൽ ലഭിക്കുന്ന പ്രഥമസ്ഥാനങ്ങൾക്ക് ക്രിസ്തുവിന്റെ പരിമളമില്ല. സമരായക്കാരന്റെ ശുശ്രൂഷ, 'സകല മനുഷ്യർക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത' പ്രാവർത്തികമാക്കുന്നതാണ്. ഒരു കൂട്ടർക്കായി മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനയോ പരിരക്ഷയോ നീതിക്കെതിരായതുകൊണ്ടും, പ്രത്യക്ഷത്തിൽ സദ്വാർത്തയായത് സകല മനുഷ്യർക്കും സദ്വാർത്തയാകാത്തതുകൊണ്ടും ലഭിക്കാവുന്ന പരിരക്ഷ ഉപേക്ഷിച്ചും അവഗണിക്കപ്പെട്ട മുറിവേറ്റ അപരനെ  നീതിയിൽ ചേർത്ത് നിർത്തുന്നതാണ് സമരായക്കാരന്റെ മനോഭാവം, ക്രിസ്തുഹൃദയവും.