Gentle Dew Drop

ഒക്‌ടോബർ 30, 2023

ആരാണ് എന്റെ സഹോദരർ?

തങ്ങൾ വെളിച്ചത്തിലാണെന്നു പറയുകയും എന്നാൽ സഹോദരരെ (ജൂതരോ മുസ്ലീമോ ആവട്ടെ) വെറുക്കുകയും ചെയ്യുന്നവർ അന്ധകാരത്തിൽത്തന്നെയാണ്. 

സ്വയം സാധൂകരിക്കാനായി പഴയ ചോദ്യം ആവർത്തിക്കാം, "ആരാണ് എന്റെ സഹോദരർ?"

പ്രത്യയശാസ്ത്രങ്ങളും, രാഷ്ട്രീയവും സങ്കുചിത പാരമ്പര്യവാദങ്ങളും വഴി, ആധിപത്യത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ ശ്രമിക്കുന്ന മാഫിയ സംഘങ്ങളായി ക്രിസ്തീയത അധഃപതിച്ചു കഴിഞ്ഞു. ക്രിസ്തുവിന്റെ രീതികൾക്ക് ഒരു ഇടം പോലും നൽകാത്ത ക്രിസ്തീയസമൂഹങ്ങൾ ഏതു ക്രിസ്തുവിനെയാണ് അനുഭവിക്കുന്നതും പ്രഘോഷിക്കുന്നതും? 

ഒക്‌ടോബർ 29, 2023

സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത്

യേശുവിന്റെ കാലത്തും ഇന്നും, സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത് ശാരീരികാസ്വാസ്ഥ്യം കൊണ്ട് മാത്രമല്ല. നിയമവും സംസ്കാരവും തീർക്കുന്ന സംവിധാനങ്ങളിൽ അവർക്ക് നിവർന്നു നിൽക്കാനോ സ്വന്തം ശബ്ദം പ്രകടിപ്പിക്കാനോ കഴിയാറില്ല. ദൈവം അങ്ങനെ നിശ്ചയിച്ചു എന്ന് പുരുഷർ സമർത്ഥിച്ചതിനെ ദൈവനിവേശിതമെന്നു വിശ്വസിക്കുന്ന സ്ത്രീ സമൂഹത്തിനു സ്വന്തമാക്കാൻ ഇനിയും കഴിയാത്തത് സ്ത്രീത്വത്തിന്റെ അന്തസ് തന്നെയാണ്. 

സ്ത്രീയുടെ തനിമയെന്താണ്? പുരുഷന് സ്വന്തമാക്കാവുന്ന വസ്തുക്കളിൽ ഒന്നാണ് സുന്ദരിയും സ്വഭാവശുദ്ധിയുമുള്ളതുമായ ഒരു സ്ത്രീ എന്നത് ഒരു വിശ്വാസമാണ്. അതിൽ സ്ത്രീക്ക് അമൂല്യമായ വില നൽകുന്നെന്നു എത്ര വാദിച്ചാലും മനുഷ്യ വ്യക്തിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള യഥാർത്ഥ മൂല്യം നല്കപ്പെടുന്നില്ല. പുരുഷന് തോഴിയും സഹകാരിയും, പങ്കാളിയും ആണ് സ്ത്രീയെന്നു, ഏകനായിരുന്ന ആദത്തിനു തുണയായി ഹവ്വയെ നൽകിയതിനെ ഉദ്ധരിച്ചുകൊണ്ട് ചിലർ സ്ത്രീയെ നിർവ്വചിക്കാറുണ്ട്. സ്ത്രീയുടെ യഥാർത്ഥ അന്തസ്സിനെ അതും പ്രകടമാക്കുന്നില്ല. എന്നാൽ മേല്പറഞ്ഞ എല്ലാ അർത്ഥങ്ങളും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീ തന്റെമേൽ വഹിക്കുന്നു എന്നതാണ് സത്യം. സമൂഹത്തിലും മതത്തിലും ഭക്തിയിലുമൊക്കെ സ്ത്രീയുടെ സ്ഥാനവും പങ്കുമെല്ലാം ചർച്ചയാവുകയും വിവരിക്കുകയും നിര്വചിക്കുകയും ചെയ്യുമ്പോൾ മേല്പറഞ്ഞ വികല ധാരണകൾ അവയിലെ അടിസ്ഥാന ഘടകങ്ങളായി നിലനിൽക്കുന്നത് കാണാം. 

ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ സകലരും ദൈവമക്കളാണ്. തന്റെ ശരീരത്തിൽ അംഗങ്ങളാകുന്ന ആരും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആത്മാവിന്റെ ചൈതന്യത്തിൽ വളരുന്നത് ആ ശരീരത്തിലെ ഉയർന്നു പ്രകാശിക്കുന്ന വെളിച്ചമാണ്. നിശ്ശബ്ദയാവേണ്ട, തോഴിയാവേണ്ട സ്ത്രീ, ദാമ്പത്യത്തിലോ സന്യാസത്തിലോ ക്രിസ്തുവിന്റെ മനസ്സറിയുന്ന മണവാട്ടിയെയോ, സഭയുടെ മാതൃത്വത്തെയോ പ്രതിനിതീകരിക്കുന്നില്ല.

സ്ത്രീകളുടെ പൗരോഹിത്യം കൂടെക്കൂടെ ചർച്ചയാകാറുണ്ട്. കത്തോലിക്കാപൗരോഹിത്യത്തിന് സ്ത്രീകളിൽ സ്വാഭാവികമായും ദൈവശാസ്ത്രപരമായുമുള്ള കഴിവില്ലായ്മ, അനുചിതത്വം, അയോഗ്യത തുടങ്ങിയവ എടുത്തു കാണിക്കപ്പെടുന്നു. അവയിൽ ഒന്നുപോലും, വ്യക്‌തിപരമായി, എന്തെങ്കിലും അടിസ്ഥാനമുള്ളതായോ യുക്തിസഹമായോ തോന്നിയിട്ടില്ല. പൗരോഹിത്യത്തെക്കാൾ മൂല്യമേറിയ പങ്കും സ്ഥാനവും അവർ സഭയിൽ നിർവഹിക്കുന്നു എന്നതൊക്കെ കപടമായ വാചിക അലങ്കാരങ്ങൾ മാത്രമാണ്. എങ്കിലും, യഥാർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും സഭയിൽ അവരുടെ അന്തസിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചുമാണ്. സഭയിൽ എന്നതുകൊണ്ട്, പള്ളിക്കാര്യങ്ങളിൽ മാത്രമല്ല, കുടുംബങ്ങളിലും സന്യസ്ത ഭവനങ്ങളിലും സമൂഹത്തിലും ഏതൊക്കെ തലങ്ങളിൽ അവരുണ്ടോ അവയെല്ലാം ഉൾപ്പെടുന്നു.  ആധിപത്യ സ്വഭാവമുള്ള പൗരോഹിത്യം സ്വയം വികലമാവുകയും എന്നാൽ ആകർഷകമാവുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് സ്ത്രീസമത്വത്തോട് ചേർത്തുവെച്ചുകൊണ്ട് പൗരോഹിത്യം ചർച്ചയാകുന്നത്. യഥാർത്ഥ തിരുത്തൽ ഉണ്ടാവേണ്ടത് പൗരോഹിത്യം ശുശ്രൂഷയുടെ  സ്വഭാവം കണ്ടെത്തുക എന്നതിലാണ്. മാതൃത്വം പൗരോഹിത്യതോടൊപ്പം തന്നെ വിശുദ്ധിയും മഹിമയുമുള്ളതാണെന്ന് ബോധ്യമുള്ള ഒരു സാംസ്‌കാരിക അന്തരീക്ഷത്തിലേ സ്ത്രീകളിൽ സ്വാഭാവികഗുണങ്ങളായ ശുശ്രൂഷ സ്വയംപ്രേരിതജ്ഞാനം ഭക്തി തുടങ്ങിയവ അമൂല്യമായ വരങ്ങളാണെന്ന് തിരിച്ചറിയപ്പെടൂ. ആധിപത്യ പൗരോഹിത്യം സഭക്ക് അന്യമാക്കുന്നതും ഈ ഗുണങ്ങളാണ്. 

സ്ത്രീ കുനിഞ്ഞു നടക്കേണ്ടവളാണ് എന്നത് നിയമവും സമ്പ്രദായവും ദൈവിക കല്പനയുമാക്കുന്ന വിശ്വാസം സ്വപ്നങ്ങളുള്ള ഒരു പുതുതലമുറയെ ഉദരത്തിൽ വഹിക്കാനോ ജന്മം നൽകാനോ കഴിവില്ലാത്തതാണ്. 'വിധേയപ്പെടുന്ന സ്ത്രീയുടെ' മഹിമ പാടുന്ന മതസംഹിതകൾ ഏതു സമാധാനത്തെയും ആരുടെ സമാധാനത്തെയും കുറിച്ചാണ് പുകഴ്ത്തുന്നത്? പുരുഷന്റെ സംതൃപ്തികൾക്കൊത്തവിധം താല്പര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട തയ്യാറാവേണ്ട സ്ത്രീധർമ്മം കുടുംബ പരിശീലകരുടെ പുതിയ പാഠങ്ങളാണ്.  വിധേയപ്പെടുക മാത്രം ചെയ്യേണ്ട ലൈംഗിക ബന്ധങ്ങളിലെ സന്മാർഗികതയിൽ സ്ത്രീയുടെ 'നിർവൃതി'യെക്കുറിച്ചു വേണ്ട ശ്രദ്ധ നൽകാൻ പ്രബോധനങ്ങൾ നടക്കേണ്ടത് ആവശ്യമല്ലേ? മനുഷ്യന്തസിനൊത്ത ജീവിത നിർവൃതിയിലേക്കു തുറന്നിടുന്ന അന്തരീക്ഷം സന്യസ്ത ഭവനങ്ങളിൽ രൂപപ്പെടുന്നുണ്ടോ? പുരുഷന്റെ ആജ്ഞാനുവർത്തികളായി 'തങ്ങൾ അടിമയല്ലെന്നു' മുദ്രാവാക്യം വിളിക്കുന്ന സ്ത്രീത്വം ദൈവമഹത്വത്തിലേക്കു വളരുന്നില്ല. 'വർഷങ്ങളോളം കെട്ടിയിടപ്പെട്ട  അവൾ സ്വതന്ത്രയാകേണ്ടതല്ലേ' എന്ന ക്രിസ്‌തുശബ്ദം എല്ലാക്കാലത്തും പ്രസക്തമാണ്. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം മറിയം മദ്ഗലേനയെ ഉയിർപ്പിന്റെ ആദ്യപ്രഘോഷകയാക്കി. അപ്പസ്തോലരുടെ അപ്പസ്തോലിക എന്ന് വിളിക്കപ്പെടുന്നു. സ്ത്രീ, തുണയും ഇണയുമാണോ? അതെ. പുരുഷന് കീഴ്പെടുന്ന തുണ എന്നതിനേക്കാൾ ദൈവത്തിന് ഇണയാകുന്ന രൂപകം ഏറെ ചിന്തനീയമാണ്. ക്രിസ്തുവിനു പ്രേയസിയാകുന്ന സ്ത്രീത്വം മാതൃത്വത്തോടൊപ്പം ധ്യാനിക്കപ്പെടണം. ഇവ വിസ്മരിക്കപ്പെടുകയും എന്നാൽ പൗരോഹിത്യം വാനോളമുയർത്തപ്പെടുകയും ചെയ്യുന്നിടത്തോളം  കാലം കുനിവിന്റെ നിശബ്ദ വിലാപം തുടർന്നു കൊണ്ടിരിക്കും. 

ഒക്‌ടോബർ 26, 2023

മതം ചരിത്രം സംസ്കാരം ദൈവം

ചില ദൈവികമനുഷ്യർക്ക് ദൈവം നേരിട്ട് നൽകുന്ന വെളിപാടുകൾ ഉടനടി പകർത്തി എഴുതിയതാണ് തിരുവെഴുത്തുകൾ എന്ന് കരുതിപ്പോന്ന ഒരു സമയമുണ്ടായിരുന്നു. എഴുതിയ ആളിന്റെ ചിന്തകളും ധ്യാനവും ലക്ഷ്യങ്ങളും സംസ്കാരവും എഴുതപ്പെട്ടവയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് കാര്യമായെടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. ഈ യാഥാർത്ഥ്യത്തെ വേണ്ടവിധം മനസിലാക്കാത്തതിനാൽ ബൈബിൾ വായനയും തെറ്റായ രീതിയിൽ നടക്കുകയാണ്. സമ്പ്രദായങ്ങൾ, ആചാരരീതികൾ, പ്രാദേശിക വിശ്വാസങ്ങൾ തുടങ്ങിയവ ബൈബിൾ ഗ്രന്ഥങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മതഗ്രന്ഥത്തിലുള്ള  'ചരിത്രം' ആ മതത്തിന്റെ കാഴ്ചപ്പാടുകളിലുള്ള ചരിത്രമാണ്. യഥാർത്ഥ  ചരിത്രസംഭവങ്ങളിലേക്കുള്ള സൂചനകൾ നൽകാൻ അതിനു കഴിഞ്ഞേക്കും, എന്നാൽ ചരിത്രമായി അതിനെ ഉദ്ധരിക്കുന്നത് നീതിയല്ല. അവയിലെ ശാസ്ത്രീയ കൃത്യത കണ്ടെത്താൻ ഉപയോഗിക്കപ്പെടുന്ന ശാസ്ത്രവും pseudo science വിഭാഗത്തിലുള്ളതാണെന്ന് തിരിച്ചറിയണം. ആ ചരിത്രത്തിനു ചരിത്രപരതയെക്കാൾ മതാഖ്യാനമാണുള്ളത്.

അതുപോലെതന്നെ, സ്വന്തം വിശ്വാസങ്ങളെ മുൻപിൽ വെച്ചുകൊണ്ട് മറ്റു മതഗ്രന്ഥങ്ങളെ വായിച്ചെടുക്കുകയും  അത് തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചാണെന്നു അവകാശവാദമുയർത്തുകയും ചെയ്യുന്നത് ആ മതപരമ്പര്യങ്ങളോട് ചെയ്യുന്ന അനീതിയാണ്. ആ ഗ്രന്ഥങ്ങളെ അവയുടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ചു വ്യാഖ്യാനിക്കുകയും പഠിക്കുകയുമാണ് വേണ്ടത്.  മനുഷ്യന്റെ ആന്തരികതയിൽ ഉണർന്ന പ്രചോദനങ്ങൾക്ക് സമാനത കാണുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് പ്രാദേശികസംസ്കാരങ്ങൾ രൂപപ്പെടുത്തിയ ദൈവസങ്കല്പങ്ങളെക്കുറിച്ചുള്ള സാർവ്വത്രികതയല്ല. വേദങ്ങളും ഉപനിഷത്തുകളും പറയുന്ന ഒരേ ഒരു ദൈവം ക്രിസ്തുവാണ് എന്ന വാദത്തിലെ സമീപനരീതി ശരിയായതല്ല. യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കുള്ളിൽ രൂപപ്പെട്ട മിശിഹാ വേദപാരമ്പര്യങ്ങളിലില്ല. 

സകലവും സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നത് ഏത് തത്വം മൂലമാണോ ആ ജ്ഞാനത്തെ വചനമെന്നോ ആദിശബ്ദമെന്നോ നാദമെന്നോ വിളിക്കാമെങ്കിൽ അത് സകല സംസ്കാരങ്ങളിലും കാലങ്ങളിലും വിശ്വാസങ്ങളിലുമുണ്ട്. അതിനെക്കുറിച്ചു പറയുന്നതും വിവരിക്കുന്നതും വ്യത്യസ്തമായിരിക്കും. അത് വെളിപാടായി, പ്രചോദനമായി അംഗീകരിക്കാൻ യവന-റോമൻ-യഹൂദ പൈതൃക വെളിപാട് മേൽക്കോയ്മ തയ്യാറാവുകയുമില്ല. ഹൈന്ദവവേദങ്ങളിലുള്ള ദൈവം ക്രിസ്തുവാണെന്നും ആ ക്രിസ്തു യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കനുസരിച്ചുള്ളതാണെന്നുമുള്ള അപഹരണപ്രക്രിയ ദൈവികപ്രചോദനങ്ങൾക്ക് വിരുദ്ധമായി നില്കുന്നു. 

എതിർത്തും പ്രീതിപ്പെടുത്തിയും വേർപെട്ടും ഒത്തുചേർന്നും വിറ്റും ലാഭമെടുത്തും ഏറ്റെടുക്കുന്ന അധികാരമോഹങ്ങൾക്കും അത്യാഗ്രഹത്തിനും കൊഴുപ്പേകുന്ന എളുപ്പമാർഗ്ഗമാണ് കൾട്ടുകൾ. മതത്തിന്റെയും വിശ്വാസത്തിന്റെയും ജീർണ്ണത, സമൂഹത്തിന്റെ ആന്തരികമായുള്ള അസ്വസ്ഥതകൾ, ചൂഷണ സാധ്യതയെ അംഗീകരിക്കുന്ന വ്യവസ്ഥിതികൾ ഇവയൊക്കെ അത്തരം കൾട്ടുകൾ വളരാൻ ഇടം കൊടുക്കുകയും ചെയ്യുന്നു. 

എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന് പറയുന്നതുപോലെ ബൈബിൾ പണ്ഡിതരുടെ മൗനകാലമാണിത്. പ്രബോധകരുടെ വേഷമണിയുന്ന ജനപ്രിയനായകർ ജനത്തെ ആവേശം കൊള്ളിക്കുന്ന കഥകൾ സുവിശേഷങ്ങളാക്കുന്നു. അത് പുതിയ രക്ഷയാവുകയും ചെയ്യുന്നു.


 

കാഴ്ച

നിയമം മരണകാരണമായി എന്ന് വി. പൗലോസ് ഊന്നിപ്പറഞ്ഞത് അതിലെ കൃപാശൂന്യതയെ കണ്ടുകൊണ്ടാണ്. ഉപഭോക്തൃസംസ്കാര ശൈലി സ്വീകരിച്ച ഭക്തിരൂപങ്ങളും സെക്കുലർ മൂല്യങ്ങൾ പാലിച്ചുപോരുന്ന ആഘോഷങ്ങളും ഇവന്റുകളും  നമ്മുടെ തിരുനാളുകളെയും ആഘോഷങ്ങളെയും കൃപാശൂന്യമാക്കുകയും ജീവരഹിതമാക്കുകയും ചെയ്യുകയാണ്. 

കൂദാശയാവട്ടെ, ഏതൊരു കാഴ്ചയും അർച്ചനയുമാവട്ടെ, മനുഷ്യന്റെ മനഃസ്ഥിതിയെയും ഹൃദയാഭിലാഷങ്ങളെയും ചേർത്തുവെക്കാൻ  കഴിയുന്നതിലാണ് അത് ദൈവമനുഷ്യ സമ്പർക്കത്തിന്റെ ഉപാധിയാകുന്നത്. ഒരു കാഴ്ച (എണ്ണ, പൂവ്, വെള്ളരിക്ക, പാൽ, പഴം) മനുഷ്യന്റെ അധ്വാനമായോ ജീവിതമായോ, കാഴ്ചയുടെ സ്വഭാവവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഗുണവുമായോ ചേർന്ന് നിൽക്കുന്നു.  സ്വാഭാവികത നഷ്ടപ്പെടുത്തിയാൽ ഭക്തിയും വിശ്വാസവും ഹൃദയം നഷ്ടപ്പെട്ടു ശൂന്യമാകും. സ്വർണ്ണത്തിന്റെയോ രത്നത്തിന്റെയോ പൂവോ പഴമോ കാഴ്ചയുടെ ആന്തരിക അർത്ഥം ഉൾക്കൊള്ളുന്നതല്ല. സ്വർണ്ണം അർപ്പിക്കേണ്ടവർ സ്വർണ്ണം എന്തിനുപയോഗിക്കുന്നോ ആ രീതികളിൽ അർപ്പിക്കട്ടെ. സ്വർണ്ണമോ രത്നമോ ആയതു കൊണ്ട് ദൈവം കൂടുതൽ അനുഗ്രഹം  തരുമെന്ന് പ്രതീക്ഷിക്കുകയുമരുത്. ദൈവമോ വിശുദ്ധരോ ഏതെങ്കിലും പ്രത്യേക കാഴ്‌ച ഇഷ്ടപ്പെടുന്നു എന്ന ഒരു വിശ്വാസവും ക്രിസ്തീയതയിലില്ല. അങ്ങനെയുള്ള ഒരു കാഴ്ച 'വണക്കയോഗ്യ'മാണെന്നു കരുതുന്നത് തീർത്തും അസ്വീകാര്യമാണ്.

നിരവധി ഉദാഹരണങ്ങൾ കൺമുമ്പിലുണ്ട്. കൃപാസനം പത്രത്തിന്റെ ശക്തി, നിയോഗമാതാവ്, പല സ്ഥലങ്ങളിലായി ശക്തി കൂടുതലും കുറവുമുള്ള ഉണ്ണീശോ, സെഹിയോനിലെ അഭിഷേകമുള്ള മണ്ണ്, അവിടുത്തെ കുരിശിന്റെ ഫോട്ടോ ഷെയർ ചെയ്യുന്നതുകൊണ്ടുള്ള അത്ഭുതങ്ങൾ അങ്ങനെ നിരവധി. അവയിലെ ന്യൂന്യതകളെ കണ്ടിട്ടും എല്ലാം വിശ്വാസമായും ഭക്തിയായും വാഴ്ത്തിയ നമ്മൾത്തന്നെ ഒരു നിമിഷം സത്യവിശ്വാസവും ശുദ്ധവിശ്വാസവും  ആഗ്രഹിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയല്ല. എന്റെ തെറ്റ് മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ന്യായീകരിക്കാനാവില്ല എന്നതുപോലെ തന്നെ, എന്റെ തെറ്റുകളെ പൂജനീയമാക്കിക്കൊണ്ട് മറ്റുള്ളവരുടെ തെറ്റുകളെ എതിർക്കാനുമാവില്ല. രണ്ടിലും വിശ്വാസത്തിന്റെ നവീകരണമല്ല.

ലക്ഷങ്ങൾ കത്തിത്തീരുന്ന കരിമരുന്നു കലാപ്രകടനങ്ങൾ, സംഗീതവിരുന്നുകൾ, സ്വീകരണങ്ങൾക്കായി കിലോമീറ്ററുകൾ നീളുന്ന ഫ്ളക്സ് പ്രദർശങ്ങൾ  എന്നിവയിലെല്ലാം, വിശുദ്ധീകരിക്കപ്പെട്ട ലൗകികതയാണ്. സെക്കുലറിസമെന്നും കൺസ്യൂമേറിസമെന്നും വിളിക്കപ്പെടുന്നവ മതവ്യാപാരങ്ങളിൽ കാണുമ്പോൾ എല്ലാം ശുദ്ധമാണ്. എല്ലാം ദൈവത്തിനു വേണ്ടിയുള്ളതാണല്ലോ. 


ഒക്‌ടോബർ 15, 2023

ക്രിസ്തുവിനെ ധരിക്കാത്ത

 ക്രിസ്തുവിനെ ധരിക്കാത്ത ക്രിസ്ത്യാനി, ദൈവരാജ്യ വിരുന്നിൽ പങ്കാളിയാകുന്നത് സ്വയം നഷ്ടപ്പെടുത്തലാണ്. എത്രമാത്രം ക്രിസ്തീയ അലങ്കാരങ്ങൾ ഉണ്ടായിരുന്നാലും ക്രിസ്തുവിന്റെ മനോഭാവമില്ലാത്ത വ്യക്തിയോ സഭയോ ക്രിസ്ത്യാനിയല്ല. 

ഒക്‌ടോബർ 10, 2023

യുദ്ധം തകർക്കുന്നത്

ജൂതനെയും ഇസ്ലാമിനെയും കൊല്ലുമ്പോൾ സന്തുഷ്ടനാകുന്ന ക്രിസ്ത്യൻ ദൈവം, ക്രിസ്ത്യാനിയെയും ജൂതനെയും കൊല്ലുമ്പോൾ സന്തോഷിക്കുന്ന മുസ്ലിം ദൈവം, മുസ്ലിമിനെയും ലെബനീസിനെയും ഇറാനിയെയും കൊല്ലുമ്പോൾ സന്തോഷിക്കുന്ന ജൂതദൈവം, ... എത്ര വൈകൃതമായ ദൈവചിന്തയാണത്. രക്തച്ചൊരിച്ചിലിനെ അംഗീകരിക്കുന്ന ആവശ്യപ്പെടുന്ന ദൈവം.  വീരനായ, ആത്മാഭിമാനിയായ, കലഹങ്ങൾ ആസ്വദിക്കുന്ന ആ ദൈവം പതിയെയെണീക്കുന്ന പിശാചാണ്. 

യുദ്ധങ്ങളിൽ പക്ഷം ചേരുമ്പോൾ പുറത്തു വരുന്നത്, അടക്കി വെച്ചിരിക്കുന്ന പ്രതികാരചിന്തയും വെറുപ്പുമാണ്. യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ പോലും യുദ്ധകാര്യത്തിൽ എല്ലാ യുക്തിയെയും അകറ്റി നിർത്തി  മത-ദേശീയ പ്രത്യയശാസ്ത്രങ്ങളുടെ അടിമകളായി ചിന്തിക്കുന്നത് കാണാം. പക്ഷം ചേരുന്നത് കൂടാതെ ചുറ്റുമുള്ളവരുമായി കലഹങ്ങൾ തുടങ്ങി വയ്ക്കുകയും ചെയ്യും.

നീറുന്ന, പ്രതികാരചിന്തയും പകയും പടർത്തുന്ന, സാമൂഹിക അന്തരീക്ഷമല്ലാതെ യുദ്ധം ഒന്നും മുളപ്പിച്ചിട്ടില്ല. ഒരു യുദ്ധത്തെ താങ്ങാനാവുന്ന മനസ്സോ ഭൗമാന്തരീക്ഷമോ ഇന്നില്ല. വൈകൃതങ്ങളായ മനസിനെ സൃഷ്ടിച്ചു അത് മനുഷ്യനെ ഹീനമാക്കും. യുദ്ധം തകർക്കുന്നത് അതിൽ ഏർപ്പെട്ടിരിക്കുന്നവരെ മാത്രമല്ല. തകരുന്ന സാമ്പത്തിക 'സാധ്യതകൾ' എല്ലാ രാജ്യത്തിന്റേതുമാണ്‌. അതിൽ ലാഭമെടുക്കുന്നത് 'സമാധാന സ്ഥാപകരായ' ആയുധ വില്പനക്കാരാണ്. 

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ വ്യാപക ഫലങ്ങൾ പല രാജ്യങ്ങളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. അഹങ്കാരവും നെറികെട്ട ആഗോള രാഷ്ട്രീയതാല്പര്യങ്ങളും പച്ചമനുഷ്യരെ നിർജ്ജീവമാക്കുന്നു. 


കാട്ടുമുന്തിരിയാകുന്ന ദൈവജനം

ഒരു കൂട്ടർ തങ്ങളെമാത്രമായി ദൈവജനമെന്നു വിളിക്കുകയും, അതിന്റെ പേരിൽ മറ്റുള്ളവരെ കൊന്നൊടുക്കുകയുംചെയ്യുന്നതിനേക്കാൾ വലിയ ദൈവദൂഷണമൊന്നുമില്ല. ഏതു ജനതയുമാവട്ടെ, ഏതു ദൈവവുമാവട്ടെ!

എല്ലാവരും ദൈവത്തിന്റെ ജനമാണ്, ഒരു പ്രത്യേക ജനം മാത്രമായി ദൈവജനമല്ല. ഒരു യുദ്ധവും ദൈവഹിതമല്ല. ദാവീദും സോളമനും നയിച്ച  യുദ്ധമാവട്ടെ, അസീറിയയും ഈജിപ്തും, ബാബിലോണും നടത്തിയതാവട്ടെ, മഹായുദ്ധങ്ങളാവട്ടെ. 'സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ' എന്ന പൊള്ളത്തരത്തിൽ ഉൾക്കൊണ്ടിട്ടുള്ള കൊള്ളലാഭങ്ങൾ, രാഷ്ട്രീയ കുതന്ത്രങ്ങൾ ആർക്കു നേട്ടമുണ്ടാക്കി. ഒരു യുദ്ധവും നീതിയുദ്ധങ്ങളായിരുന്നില്ല.

പഴയ നിയമത്തിന്റെ അപൂർണ്ണതകളെ ക്രിസ്തുവിനെ ഹൃദയത്തിനു മീതെ വെച്ചുകൊണ്ട് സുവിശേഷത്തിന്റെ ശക്തി വ്യാഖ്യാനിക്കുന്ന ജനത ബൈബിളിൽ വായിക്കുന്നത് മത-അക്രമ-രാഷ്ട്രീയമാണ്, ദൈവഹിതം അന്വേഷിക്കുകയല്ല. രക്തച്ചൊരിച്ചിലിനെ, ആരുടേതുമാവട്ടെ, ന്യായീകരിക്കുന്ന വചനപൂർത്തീകരണം ദൈവഹൃദയത്തിന്റെയല്ല, നമ്മുടെ പകയുടെ തീവ്രദാഹം തുറന്നു കാണിക്കുന്നു.  

ദൈവത്തെ വെറുതെ വിടൂ. 

ഒക്‌ടോബർ 08, 2023

കാട്ടുമുന്തിരിയുടെ ഫലം

തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് സ്വയം ഗണിക്കുമ്പോൾ ആരു തെരഞ്ഞെടുത്തു, ആ തെരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യം എന്താണ് എന്ന് സാരമായ ധ്യാനത്തിന്റെ ആവശ്യമുണ്ട്. ആ ധ്യാനം ആന്തരികചൈതന്യമായി അനസ്യൂതം ഒഴുകുന്നില്ലെങ്കിൽ, തിരഞ്ഞെടുത്തു നടപ്പെട്ട മുന്തിരിച്ചെടി കാട്ടുമുന്തിരിയുടെ ഫലം പുറപ്പെടുവിക്കും. 

തിരഞ്ഞെടുക്കപ്പെട്ട ജനത്തിൽ നിന്ന് ദൈവജനത്തിലേക്ക്  വികാസമുണ്ടെന്ന് കരുതാം. ആദ്യത്തേത് ഒരു പ്രത്യേക ജനമെന്ന്  പറയാൻ ശ്രമിക്കുമ്പോൾ രണ്ടാമത്തേത് ഒരു ദൈവബന്ധം ചേർത്തുവയ്ക്കുന്നു. ഇവിടെ ധ്യാനത്തിന്റെ അനിവാര്യത  ദൈവത്തിന്റെ ജനമാകുന്നത് ആര്, എങ്ങനെ എന്നതാണ്. 

നീ എന്റെ കല്പനകൾ പാലിച്ചാൽ നീ എന്റെ ജനമായിരിക്കും, നീ ജീവിക്കും, ഞാൻ നിന്നിൽ വസിക്കും അങ്ങനെ വിവിധരീതിയിൽ മുന്തിരിച്ചെടിയെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. വഴിപിഴച്ചത് "നീ എന്റെ കല്പനകൾ പാലിച്ചാൽ" എന്നതിൽത്തന്നെയാണ്. സ്വയം ഗ്രഹിച്ച കല്പനാപാലനം, നിർദ്ദേശിക്കപ്പെട്ട വ്യാഖ്യാനിക്കപ്പെട്ട കല്പനാപാലനം, ദൈവം ആഗ്രഹിച്ച കല്പനാപാലനം ഇവയിൽ വലിയ അന്തരങ്ങളുണ്ടായി. ഏതാനം സമ്പ്രദായങ്ങളും സംവിധാനങ്ങളും കണിശമായി നിലനിർത്തുകയെന്നാണ് 'കല്പനയുടെ പാലന'മെന്ന്  പ്രമാണികൾ തീരുമാനിച്ചു. അതിനെ സംരക്ഷിക്കുന്ന ശീലങ്ങളും വിശ്വാസങ്ങളുമുണ്ടാക്കി. ദൈവം ആഗ്രഹിച്ചത് അവർ അന്വേഷിച്ചില്ല. പ്രവാചകർ ശ്രദ്ധ ക്ഷണിച്ചത് മുഴുവനും ഈ വഴിതെറ്റി നടന്നതിനെക്കുറിച്ചാണ്.

ദൈവജനമെങ്കിൽ, എല്ലാവര്ക്കും ദൈവജനത്തിന്റെ സ്വാതന്ത്ര്യവും ആനന്ദവും ആശ്വാസവും തേടുകയും ഉറപ്പാക്കുകയും ചെയ്യുക എന്നത് ദൈവജനത്തിന്റെ ഹൃദയദാഹമാണ്. ദേവാലയത്തിൽ അടക്കപ്പെടുകയും പൂജകളിൽ  അന്ധനാക്കപ്പെടുകയും ചെയ്യുന്ന ദൈവം, ദൈവത്തെ തേടാത്ത  'പുരോഹിത'സമൂഹത്തിന്റെ സൃഷ്ടിയാണ്. "നീതിക്കു വേണ്ടി കാത്തിരുന്നു, പകരം രക്തച്ചൊരിച്ചിൽ മാത്രം, ധർമ്മനിഷ്ഠക്കു വേണ്ടി കാത്തിരുന്നു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി" അതാണ് ഫലം. 'തിരഞ്ഞെടുക്കപ്പെട്ടവർ' എങ്കിൽ എന്ത് കൊണ്ട് ആ തിരഞ്ഞെടുപ്പ് ഏതാനം പേരുടെ സ്വകാര്യലാഭത്തിലേക്കു ചുരുങ്ങി? 

'തിരഞ്ഞെടുപ്പിന്റെയും' 'ദൈവജന' സ്വഭാവത്തിന്റെയും തിരസ്കരണം തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ  സമീപനരീതികളിലുണ്ട്. മുന്തിരിച്ചെടി അവരുടെ സ്വകാര്യസ്വത്തായി അവർ കരുതി എന്നതാണ് യജമാനനോടുള്ള അവരുടെ കടപ്പാടിൽ നിന്നും അവരെ സ്വയം ഒഴിവാക്കിയത്. യജമാനപുത്രനെപ്പോലും കൊന്നു തള്ളാനുള്ള മനസ്ഥിതി അവർക്കു നൽകിയതും  അത് തന്നെയാണ്. ദൈവജനത്തിനു അർഹമായ പോഷണം അവർ എങ്ങനെ നൽകും. ആട്ടിൻപറ്റത്തെക്കുറിച്ചു എസെക്കിയേൽ അസ്വസ്ഥനാകുന്നത് അതുകൊണ്ടാണ്.  

ഏതെങ്കിലും അതിരുകൾക്കുള്ളിൽ ബന്ധിക്കാവുന്നതല്ല ദൈവത്തിന്റെ മുന്തിരിത്തോപ്പ്‌. തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ സ്വന്തമല്ല അത്. "പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നവരാണ്" മുന്തിരിത്തോട്ടത്തിന്റെ അവകാശികൾ. അവരാണ് യഥാർത്ഥ ഫലം നൽകുന്ന മുന്തിരിച്ചെടികൾ; നീതിയും സമാധാനവും അന്വേഷിക്കുന്നവർ. 

'തിരഞ്ഞെടുക്കുന്നവരെ' നിശ്ചയിക്കുന്നത് പ്രമാണികളുടെ വിശുദ്ധിയുടെ മുൻവിധികളായിരുന്നു  പലപ്പോഴും. ആരാണ് ദൈവജനമെന്നു വരയിട്ടുറപ്പിച്ചവരും അവരാണ്.  അവരുടെ അധികാരങ്ങളെ ശക്തമാക്കിനിർത്തുന്ന അതിർവരമ്പുകൾ തന്നെയാണ് കാട്ടുമുന്തിരി നല്കുമാറ് ദൈവികചൈതന്യം വറ്റിച്ചു കളഞ്ഞതും. വിശ്വാസത്തിന്റെയും ദേശത്തിന്റെയും ദൈവത്തിന്റെയും പേരിൽ രക്തച്ചൊരിച്ചിൽ തുടരുന്നത് അതുകൊണ്ടാണ്.

ദൈവഹിതം തേടുന്ന സകല ജനതയെയും ഉൾക്കൊള്ളുന്നതാണ് ദൈവജനം. 'ഇതാണ് ദൈവഹിതമെന്ന്' തിരിച്ചറിയേണ്ടത് 'ചിലർ' അല്ല. ദൈവജനം ഒരുമിച്ചാണ്. നമ്മളാണ്, അവരല്ല ദൈവജനമെന്ന ചിന്തപോലും ദൈവജനസ്വഭാവത്തിനെതിരാണ്. നിയമവ്യവസ്ഥിതമായ ദൈവജനനിർവ്വചനങ്ങൾ ദൈവജനത്തിലേക്കു വളരാൻ കഴിയാത്ത സങ്കുചിതാവസ്ഥയാണ് കാണിക്കുന്നത്. കേൾക്കാനും സ്വാഗതം ചെയ്യാനും കരുണ അനുവദിക്കാനും എനിക്ക് കഴിയാത്തപ്പോൾ 'ഞാൻ' ദൈവത്തിന്റെയും മനുഷ്യന്റെയും സ്വഭാവം എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നു. ദൈവം എങ്ങനെ സൃഷ്ടികർമ്മം നടത്തണമെന്ന് പോലും 'ഞാൻ' തീരുമാനിക്കുന്നു. 

മുന്തിരിത്തോട്ടം സ്വകാര്യസ്വത്താക്കുന്ന ഇരുമ്പു മതിലുകൾ തകർക്കുവാൻതക്ക നന്മയോടുള്ള ഭയമാണ് സിനഡൽ പ്രക്രിയയെക്കുറിച്ച് കേൾക്കുന്ന അപായവിലാപങ്ങളൊക്കെയും. എല്ലാവരുടേതുമല്ലെങ്കിൽ ദൈവജനത്തിനു കാതോലികസ്വഭാവമില്ല, സിനഡൽ ആവാതെ കാതോലികമാകാനും കഴിയില്ല. പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടേ യഥാർത്ഥ മുന്തിരിഫലം പുറപ്പെടുവിക്കാനാകൂ. അല്ലെങ്കിൽ പുത്രന്റെ സാന്നിധ്യം നമ്മുടെ അധികാരസുഖങ്ങളെ അസ്വസ്ഥമാക്കുമെന്ന ഭീതിയിൽ മുന്തിരിത്തോട്ടം നശിപ്പിക്കാനാണ് അവൻ വരുന്നതെന്ന് പുത്രനെതിരെ  ആരോപണമുന്നയിക്കാം. 

പിതാവ്  'സന്മനസുള്ളവർ'ക്കായി വേലികൾ പൊളിച്ച് മുന്തിരിത്തോട്ടം തുറന്നിടും.

ഒക്‌ടോബർ 05, 2023

പ്രബോധനങ്ങൾ

ശാസ്ത്രവും വിശ്വാസവും ഒരുമിച്ചു വെച്ചുകൊണ്ടേ ഇന്ന് പ്രബോധനങ്ങൾ അർത്ഥപൂർണ്ണമായ വിധം ഗ്രഹിക്കാനും രൂപപ്പെടുത്താനും കഴിയൂ. പനിക്ക് പോലും കാരണം ഭൂതങ്ങളാണെന്നു ഒരു കാലത്തെ നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ കരുതിയിരുന്നു. അത് ബൈബിളിലുണ്ടെന്ന് വെച്ച് അതാവരുത് പ്രബോധനം. സാന്മാര്ഗികപ്രബോധനങ്ങളിലും ഇത് ബാധകമാണ്. സാമൂഹ്യവും മാനുഷികവുമായ അവസ്ഥകളെ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ കൂടി കണ്ടുകൊണ്ടേ വിശ്വാസം നമ്മെ എങനെ നയിക്കുന്നു എന്ന് പഠിപ്പിക്കാൻ കഴിയൂ. അതിനു കഴിയാത്തവർ കാത്തുസൂക്ഷിക്കുന്നെന്നു കരുതുന്ന വിശ്വാസം, അവർ ഇഷ്ടപ്പെടുന്ന കാഴ്ചപ്പാടുകൾ മാത്രമാണ്. 

പ്രബോധനങ്ങൾ കൂടുതൽ തെളിമക്കു വേണ്ടി തുറവിയുള്ളവരായിരിക്കണം. കാഴ്ചപ്പാടുകൾക്കനുസരിച്ചു ഒരു പക്ഷേ പ്രബോധനങ്ങൾ വ്യവസ്ഥാപിതമായിരുന്നിട്ടുണ്ടാകാം. വളരേണ്ടതാണ് പ്രബോധനവും.

ഒക്‌ടോബർ 04, 2023

കൾട്ട് നിർമ്മിതിയുടെ ആസ്വാദ്യത

മതവിശ്വാസമെന്ന പേരിൽ നിലനിർത്തപ്പെടുന്ന കൾട്ട് നിർമ്മിതിയുടെ എല്ലാ ഘടകങ്ങളും കേരളസഭയിലുണ്ട്. അത് സഭാസംവിധാനങ്ങളിലും നേതൃത്വശൈലിയിലും ഭക്തിരൂപങ്ങളിലും സുവിശേഷപ്രഘോഷണവും സഭാസംരക്ഷണവും ഉറപ്പാക്കുന്ന മാധ്യമരംഗത്തും വളരെ പ്രബലവുമാണ്. നവീകരണത്തിന് ആത്മാർത്ഥമായ ശ്രമം എവിടെയെങ്കിലുമുണ്ടെങ്കിൽ ഈ ഘടകങ്ങൾക്ക് സവിശേഷമായ ശ്രദ്ധ നൽകേണ്ട സമയം ഇതിനകം തന്നെ വൈകിയിരിക്കുന്നു. 

ഭക്തിയോ നിലപാടുകളോ പ്രസ്താവനകളോ ആഹ്വാനങ്ങളോ ആവട്ടെ കൾട്ട് നിർമ്മിതികൾ ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക നിലകൾക്കനുസരിച്ചു ക്രമങ്ങൾ ഉയർത്തി വെക്കാറുണ്ട്. പരസ്പരമുള്ള ആക്ഷേപങ്ങളും മത്സരങ്ങളും അധികാരമോഹങ്ങളും നീതീകരിക്കപ്പെടുന്നത് ഈ ക്രമങ്ങളുടെ ആസ്വാദ്യതയിൽ നിന്നാണ്. ദൈവവും ക്രിസ്തുവും സഭയുമൊക്കെ മാറ്റിനിർത്തപ്പെടുകയും, അവ ഈ ക്രമങ്ങൾക്കുള്ളിൽ ചേർക്കപ്പെടുന്ന അലങ്കാരങ്ങൾ മാത്രമാവുകയും ചെയ്യും. ഈ ക്രമങ്ങൾ സ്വകാര്യ അഹങ്കാരങ്ങളാവുകയും പരസ്പരം മത്സരിപ്പിക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ  ഒരു സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചോ ഉള്ള ഹുങ്കുകൾ, സാമ്പത്തികമായ ഉയർച്ചതാഴ്ചകൾ രൂപപ്പെടുത്തുന്ന സംഘർഷങ്ങൾ, അധികാര ധ്രുവീകരണം, എന്ത് വിശ്വസിക്കണമെന്നു ഈ ക്രമങ്ങൾ ആഗ്രഹിക്കുന്നുവോ അവയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രങ്ങൾ, ഈ സംവിധാനങ്ങളെ സംരക്ഷിക്കാൻ  ഉപയോഗിക്കപ്പെടാവുന്ന ആളുകൾ, അവരെ നിയന്ത്രിക്കാനുള്ള വഴികൾ  ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. എന്നാൽ ഇവയൊന്നും ഒരു സാമൂഹ്യവ്യവസ്ഥിതിയായി നമുക്ക് അനുഭവപ്പെടാറില്ല. പരിചിതമായ, പരിശുദ്ധമായ വിശ്വാസ ക്രമങ്ങളായാണ് അവ ശീലിച്ചു പോരുന്നത്.

സങ്കീർണ്ണങ്ങളാണെങ്കിലും, ഈ മേഖലകളിൽ നിലനിർത്തപ്പെടുന്ന രൂക്ഷവും അശ്‌ളീലവുമായ സമ്മർദ്ദങ്ങളെ തുറന്നു പറച്ചിലിന് വിധേയമാക്കണം. സഭയുടെ നവീകരണം ആഗ്രഹിക്കുന്ന ധ്യാനപ്രസംഗകർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ സഭയുടെ സത്യസന്ധമായ ഏറ്റുപറച്ചിലിനു ആഹ്വാനം ചെയ്യണം. ഇത്തരം സംഘർഷണങ്ങളുടെ യാഥാർത്ഥ്യങ്ങൾ  അനുവദനീയമായി പാലിച്ചു പോരുന്ന കേരള സഭയിൽ ഇവയെ തിരുത്തേണ്ടത് ആവശ്യമാണെന്ന് ഏതെങ്കിലും സഭാധ്യക്ഷനോ ധ്യാനഗുരുവിനോ തോന്നാത്തത് എന്തുകൊണ്ടാണ്? റീത്തുകൾക്കിടയിലും രൂപതകൾക്കിടയിലും, സമൂഹങ്ങൾക്കിടയിലും (ധ്യാനകേന്ദ്ര ഭക്തർ / അനുയായികൾ ഉൾപ്പെടെ) ഉള്ള അധിക്ഷേപവും മാത്സര്യവും സഭയുടെ ജീർണതയുടെ ആഴങ്ങൾ കാണിക്കുന്നതാണ്. സാരമായതിനെ ചൂണ്ടിക്കാണിക്കുവാൻ ആവശ്യമായ സത്യത്തിന്റെ പ്രവാചക ധീരത നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ഈ അപജയങ്ങളെ പതിറ്റാണ്ടുകളായി അലങ്കാരമായി കൊണ്ട് നടക്കുന്ന നമ്മൾ ഏകീകരണവും ഐക്യരൂപവും കൊണ്ടുവന്ന്  ദൈവത്തെത്തന്നെ പുച്ഛിക്കുകയാണ്. 

ലത്തീൻ-മലങ്കര-സീറോമലബാർ രൂപതകൾ, അതിലെ ആളുകൾ എങ്ങനെ പരസ്പരം കാണുന്നു? നമ്മൾ ഉൾകൊള്ളുന്ന മുൻവിധികളും ആക്ഷേപങ്ങളും പരാതികളും എന്തൊക്കെയാണ്? മേൽക്കോയ്മയുടെയും, മേന്മയുടെയും, പരിശുദ്ധിയുടെയും അവകാശവാദങ്ങൾ നമ്മെ സഭയാക്കുന്നുണ്ടോ? 

സത്യത്തിന്റെ ചൈതന്യം

വേദനിപ്പിക്കുന്നതാണെങ്കിലും, നമുക്ക് അസഹനീയമാകുന്ന സത്യങ്ങൾ  തിരിച്ചറിയപ്പെടേണ്ടതാണ്. അവമാനകരമായ സത്യങ്ങൾ നേരിട്ട് കാണാൻ തുറവിയുണ്ടെങ്കിൽ സത്യം നമ്മെ സ്വാതന്ത്രമാക്കും. യാഥാർത്ഥ്യത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്ന ലോകത്തിനായി അതിലും മികച്ച ഒരു സാക്ഷ്യം സഭക്ക് ഇന്ന് നല്കാനില്ല. ദുരന്തങ്ങൾ അടുത്തെത്തിയിട്ടും പ്രകൃതിയിൽ മനുഷ്യൻ ഉണ്ടാക്കുന്ന തകർച്ചകളെ കാണാൻ രാഷ്ട്ര നേതാക്കൾ ഒരുക്കമല്ല. വഴിയിൽ വീണുപോകുന്ന പാവങ്ങളെ കാണുവാൻ സമ്പന്ന രാഷ്ട്രങ്ങൾ ഒരുക്കമല്ല. സ്വന്തം ശരീരത്തിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നവർ, അപരർ ഉന്മൂലനം ചെയ്യപ്പെടണം എന്ന് കരുതുന്നവർ. 

യഥാർത്ഥ ലോകത്തു ജീവിക്കേണ്ടതിനു ധീരതയോടെ സത്യങ്ങളെ നേരിട്ടറിയണം.  സത്യമേ കൂടുതൽ ഫലം കായ്ക്കുംവിധം നമ്മെ വെട്ടിയൊരുക്കൂ. സ്വന്തം സത്യങ്ങൾക്കതീതമായ സത്യം പരസ്പരം സത്യം സംസാരിക്കുന്നതിലൂടെയേ വെളിപ്പെടൂ. പരസ്പരം വെല്ലുവിളിക്കപ്പെടുന്നതിൽ സൗമ്യതയും മൃദുലതയും ഉണ്ടാവണമെങ്കിൽ സത്യത്തിന്റെ വെളിച്ചം ആദ്യമേ ഉള്ളിലുണ്ടാവണം. സത്യം സംസാരിക്കുക എന്നത് സ്വയം ശൂന്യവത്കരണത്തിലൂടെയേ സാധിക്കൂ. ഉറപ്പായ സത്യങ്ങളുടെ നിശ്ചിതത്വങ്ങളെ  ഉപേക്ഷിച്ചു കളയാനുള്ള വിലാപങ്ങളോട് കൂടിയേ സത്യത്തിന്റെ അടുത്തെത്തൂ.

സത്യത്തിലേക്ക് സ്വയം വിട്ടു കൊടുക്കാൻ പ്രാർത്ഥനയിലൂടെയേ കഴിയൂ. അത് കൊണ്ട് സിനഡ് ഒരു പ്രാർത്ഥനാനുഭവമാണ്. സുഖപ്രദമായ കൂടുകളിൽ നിന്ന് പുറത്തു ചാടിച്ചു പറക്കാൻ കരുത്ത് നൽകുന്ന പ്രാർത്ഥന സിനഡിൽ നമുക്ക് പരിശീലിക്കണം. സഭയുടെ നിശ്ചിതമായ ഭാവങ്ങൾ നിലനിർത്താനും നിയന്ത്രിക്കാനും പാടുപെടുന്ന നമുക്ക് ദൈവം അനുവദിക്കുന്ന മരണങ്ങളെ സ്വീകരിക്കാൻ കഴിയാറില്ല. നിലവിലിരുന്ന സംവിധാനങ്ങളെ മാറ്റിയും നവീകരിച്ചും തീർത്ത ക്രിയാത്മകതയിലൂടെ തന്നെയാണ് സഭ കാലാകാലങ്ങളിൽ അർത്ഥപൂർണമായി വെളിച്ചം പകർന്നത്. 

പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഏറ്റവും നല്ലതു ലഭ്യമാകുന്നത്. പക്ഷേ, അത് വലിയ ആഴമുള്ള എളിമ ആവശ്യപ്പെടുന്നു. 

Timothy Radcliffe OP meditations at the opening of synod


ഒക്‌ടോബർ 03, 2023

സഭയിലെ അധികാരത്തിന്റെ സ്വഭാവം

 സഭയിലെ അധികാരത്തിന്റെ സ്വഭാവം എന്താണ്? സിനഡിന്റെ സ്വഭാവം എന്താണ്? , ഭരണനിർവ്വഹണത്തെ സംബന്ധിക്കുന്ന തീർത്തും സങ്കുചിതമായ ഒരു അധികാര സങ്കൽപ്പം നിലനിൽക്കുന്നു. സഭയിലെ എല്ലാവരും ആധികാരികതയോടെ സംസാരിക്കുന്നു എന്ന് തിരിച്ചറിയുകയാണ് സിനഡിന് നേടാവുന്ന ഒരു ധന്യത. തങ്ങൾ കേൾക്കപ്പെടുന്നു എന്ന് ആദ്യമായി അല്മായർക്കു തോന്നിയ ഒരു സമയമായിരുന്നിരിക്കാം സിനഡിന്റെ ഒരുക്കത്തിന്റെ ഭാഗമായി നടന്ന കേൾവി പ്രക്രിയ. 

ലോകം മുഴുവനും, സഭയുൾപ്പെടെ, എല്ലാ സ്ഥാപനസംവിധാനങ്ങളും അധികാരം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ആധികാരികതയോടെ സംസാരിക്കുന്ന ശബ്ദത്തിനു വേണ്ടി ലോകം വിശക്കുന്നു. ശിഷ്യരുടെ ഹൃദയങ്ങളെയും മനസിനെയും സങ്കല്പങ്ങളെയും സ്പർശിക്കുന്ന അധികാരമായിരുന്നു ക്രിസ്തുവിന്റേത്. എങ്കിലും പത്രോസ് അതിനു തടസം നിന്നു. ഇതു സംഭവിക്കാതിരിക്കട്ടെ എന്ന് മുടക്കം പറഞ്ഞ പത്രോസിനെയും കൂട്ടരെയും ഒരിക്കൽക്കൂടി  അവൻ മലയിലേക്കു കൂട്ടിക്കൊണ്ടു പോയി. ക്രിസ്തുവിനെ കേൾക്കാൻ ഉള്ള ആഹ്വാനവുമായി അവർ മലയിറങ്ങി.

ദൈവത്തിന്റെ സൗന്ദര്യത്തെയാണ് മഹിമയെന്നു വിളിക്കുന്നത്. ക്രിസ്തുവിലുള്ള ആനന്ദം അനുഭവിക്കാത്ത, പകരാത്ത ഒരു അധികാരവും ക്രിസ്തീയമല്ല. ഒരു ദുരന്തമായി ക്രിസ്ത്യാനിയെ ആരും കേൾക്കില്ല. മാത്സര്യം സൂക്ഷിക്കുന്ന അധികാരം ക്രിസ്തീയമല്ല. ഏറ്റവും ഹൃദ്യവും ആന്തരികവുമായ സ്വാതന്ത്ര്യത്തെ സ്പർശിക്കുന്നതാണ് സൗന്ദര്യം. ഈ സൗന്ദര്യത്തെ ഉണർത്താൻ കഴിയുന്നതാണ് യഥാർത്ഥ അധികാരം. ഈ സൗന്ദര്യത്തിലെ നമ്മുടെ യഥാർത്ഥ ലക്‌ഷ്യം നമുക്കായി വെളിപ്പെട്ടുകിട്ടൂ. എല്ലാ സൗന്ദര്യങ്ങളിലും ദൈവസാന്നിധ്യമില്ല. യഥാർത്ഥ സൗന്ദര്യം നാശകാരകമല്ല, അത് വഞ്ചിക്കില്ല. 

നന്മയാണ് പരിശുദ്ധി. അധികാരത്തെ അടുത്തറിയാൻ വേണ്ട ഗുണമാണ് നന്മ. നന്മ വിശാലമാണ്. ഇസ്രായേൽക്കാർ മരുഭൂവിൽ സ്വാതന്ത്ര്യം ഭയപ്പെട്ടു, ശിഷ്യന്മാർ ജെറുസലേമിലേക്കുള്ള യാത്രയും. സമാനമായ ഭയമാണ് സിനഡിനെക്കുറിച്ചു അനേകർക്കുള്ളത്. ജീവന്റെ വഴികളിലേക്ക് നടക്കാനുള്ള ധീരതയാണ് യഥാർത്ഥ അധികാരം. 

നുണകൾ അടക്കി വാഴുന്ന ലോകത്തും സത്യത്തോടുള്ള അഭിവാഞ്ജ അന്യം നിന്ന് പോയിട്ടില്ല. നമ്മെകുറിച്ചു തന്നെ സത്യമുള്ളവരാകാതെ, സത്യം ആയവനിലേക്കു എങ്ങനെ ലോകത്തെ നയിക്കാൻ നമുക്കാകും. സത്യം സംസാരിക്കുന്ന പ്രവാചക ധീരത അത്യാവശ്യമായ ഒരു ഘട്ടമാണിത്. സുഖദുഃഖങ്ങളെ സത്യത്തോടെ തുറന്നു പറയുകയെന്നത് വെല്ലുവിളിതന്നെയാണ്. അനീതി സഹിക്കുന്ന പാവങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുന്നെങ്കിൽ അധികാരം അല്പമെങ്കിലും ഇനിയും  ഉണ്ടാകും.

വചനവും പ്രബോധനങ്ങളും ഗ്രഹിക്കേണ്ടത് ദൈവത്തെ കേട്ടുകൊണ്ടാണ്. പാണ്ഡിത്യത്തിലേക്കു സത്യസന്ധത കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി വചനത്തെയും പ്രബോധനങ്ങളെയും ആധാരമാക്കി അസത്യം പഠിപ്പിക്കപ്പെടരുത്. പകരം ദൈവത്തെ കേൾക്കാൻ ശ്രമിക്കുമ്പോൾ,അവിടുന്നുതന്നെ പരിപൂർണ്ണമായ സത്യത്തിലേക്ക് നയിക്കും. അതാണ് സിനഡിലും സംഭവിക്കേണ്ടത്.

ഒക്‌ടോബർ 02, 2023

അതിരുകൾക്കപ്പുറം, വിഭജനങ്ങളെ അതിജീവിക്കുന്ന സൗഹൃദങ്ങൾ ...

തിമോത്തി റാഡ്ക്ലിഫ് OP രണ്ടാം ദിവസം , ഹ്രസ്വമായി

ഇടയൻ തന്റെ ആടുകളെ ഇടുങ്ങിയ കൂടാരങ്ങളിലിൽ നിന്നും വിശാലമായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്നു. കൂടാരങ്ങളിൽ നിന്ന് പുറത്തു വരുവാൻ ഇടയനിൽ വിശ്വാസമർപ്പിക്കുക എന്നത് പ്രധാനമാണ്. സിനഡ് ഫലദായകമാക്കുന്നത് ദൈവവുമായും പരസ്പരവുമുള്ള സൗഹൃദത്തെക്കുറിച്ചുള്ള കൂടുതൽ ആഴങ്ങൾ ലഭിക്കുമ്പോഴാണ്.
തെറ്റുകാരോട് കൂട്ട് ചേരുന്നത് തീർത്തും തെറ്റായിരുന്നെങ്കിലും, ക്രിസ്തു അവരെ കൂടെച്ചേർത്തു. കൃപ, ദൈവത്തോട് സൗഹൃദം സൃഷ്ടിക്കാനാവും വിധം നമ്മെ അവിടുത്തേക്ക് ഉയർത്തി. സുവിശേഷപ്രഘോഷണം വിശ്വാസസംഹിതകളുടെ ആശയസംവേദനമല്ല, സുവിശേഷപ്രഘോഷണം സൗഹൃദത്തിലൂടെയേ സംഭവ്യമാകൂ. ഒരിക്കലും മുറിപ്പെടുത്താത്ത സൗഹൃദങ്ങളുടെ അവതീർണ്ണ രൂപങ്ങളാവണം ഓരോരുത്തരും. വിശുദ്ധർക്കെന്ന പോലെ, മരണത്തിനു ഇല്ലാതാക്കാൻ കഴിയാത്ത ദൈവിക കൂട്ടായ്മയെയാണ് സിനഡിൽ അനുഭവവേദ്യമാകുന്നത്. അത്തരം കൂട്ടായ്മയിൽ നിന്നാണ് നാളിതുവരെയുള്ള സിനഡുകളിൽ (വത്തിക്കാൻ സിനഡുൾപ്പെടെ) പങ്കെടുത്തവർ സംസാരിച്ചത്. അതാണ് അവക്ക് നമുക്ക് മേലുള്ള അധികാരം. യുവജനം ഇന്ന് നമ്മിൽ നിന്ന് തേടുന്നത് അളന്നറിയാനാവാത്ത ദൈവിക സൗഹൃദത്തെ കണ്ടെടുക്കുവാനാണ്. instagram ലും ട്വിറ്ററിലുമെല്ലാം അവർ തേടുന്നത് അതാണ്.
എന്ത് വലിയ മാറ്റമാണ് സിനഡിൽ ഉണ്ടാവുന്നതെന്നു ചോദിക്കുന്നവരുണ്ട്. ഒരു പക്ഷെ വർത്തയുണ്ടാക്കുന്ന ഒന്ന് തന്നെയും ഉണ്ടാവില്ല. എന്നാൽ സൗഹൃദങ്ങളിലേക്കുള്ള ഒരു തുറവിയാവട്ടെ സിനഡിന്റെ ഫലം. അസാധ്യമെന്നു കരുതുന്ന സൗഹൃദങ്ങളെ യാഥാർത്ഥ്യമാക്കുകയാണ് ഈ സിനഡിന്റെ ലക്‌ഷ്യം, പ്രത്യേകിച്ച് ചേർച്ചയില്ലാത്തവരുമായി.
അകറ്റി നിർത്തിയേക്കുന്നവരുടെ സാന്നിധ്യത്തിൽ ആനന്ദം കണ്ടെത്തുകകൂടെ ആയിരിക്കുക, എന്നതാണ് സൗഹൃദത്തിന്റെ അടിസ്ഥാനം. ശത്രുക്കളെന്നും പാപികളെന്നും, അധർമ്മികളെന്നും 'ഞാൻ വിധിക്കുന്നവരുമായാണ് സിനഡ് സൗഹൃദത്തിന് ക്ഷണിക്കുന്നത്. ദർശിച്ചാൽ മരണം ഉറപ്പാക്കും വിധം 'അസഹനീയമായിരുന്നു' ദൈവത്തിൻറെ മുഖം. അത്രമാത്രം തന്നെ അസഹനീയമാണ് 'പാപികളിൽ' ദൈവികമുഖം 'കാണാൻ' കഴിയുക എന്നത്. കാണാൻ കഴിയും വിധം ദൈവം മാംസം ധരിച്ചു വന്നപ്പോൾ അവന്റെ മുഖം മരണത്തിന്റെ പരാജയമേറ്റു വാങ്ങുന്ന ദൈവമുഖമായിരുന്നു. ആ കുരിശിൽ നിന്നും ക്രിസ്തു നോക്കിയ നോട്ടം നമ്മിൽ നിന്ന്, വേദനിക്കുന്ന ലോകത്തിന് അനുഭവമാവണം. അവർ ഒരു പ്രശ്നമാണെന്ന് വിധിക്കും മുമ്പേ 'അവരെ' കാണാൻ കഴിയണം. ഞാൻ നിന്നെ കാണുന്നു എന്നതാണ് ആശ്വാസം നൽകുന്ന സുവിശേഷ വാക്ക്.
നമ്മുടെ ബോധ്യങ്ങളെക്കുറിച്ചും, സംശയങ്ങളെക്കുറിച്ചും, ചോദ്യങ്ങളെക്കുറിച്ചും ആത്മാർത്ഥതയുള്ളവരായിരിക്കുക എന്നതാണ് സിനഡൽ പാത. ഒരു പക്ഷേ, നമ്മുടെ സംശയങ്ങൾ പങ്കു വയ്ക്കുകയെന്നത് വിശ്വാസങ്ങൾ പങ്കുവയ്ക്കുകയെന്നതിനേക്കാൾ ഫലദായകമായേക്കാം. ഭയങ്ങളും സംശയങ്ങളും അപരിചിതത്വങ്ങളും നിറഞ്ഞ മനസുകളെ ദൈവത്തിനു മുന്നിലേക്ക് കൊണ്ട് വരുവാൻ ആദത്തിനോട് ദൈവം ചോദിച്ച അതേ ചോദ്യം ആവർത്തിക്കപ്പെടുന്നു, " നീ എവിടെയാണ്?" സത്യാവസ്ഥകൾ തുറന്നു വെക്കുവാൻ നഗ്നത തുറന്നു കാട്ടുവാൻ, സിനഡ് പ്രക്രിയയിൽ എട്ടാം പിറകോട്ടു നിന്നത് പുരോഹിതഗണം തന്നെയാണ്. കാണപ്പെടുന്നതിനെ ഭയക്കുന്ന അവസ്ഥയാണത്.
ചിതറിപ്പോയ ശിഷ്യരെ ക്രിസ്തു തടസപ്പെടുത്തിയില്ല. മറിച്ച് അവരുടെ പ്രത്യാശയും രോഷവും നിരാശകളും തുറന്നു പറയാൻ ആവശ്യപ്പെടുന്നു. ലോകം രോഷം നിറഞ്ഞതാണ്. അത് ഇന്ന് സഭയെയും ബാധിക്കുന്നു. പല തരത്തിലുള്ള രോഷം സഭയെത്തന്നെ മുറിപ്പെടുത്തുന്നു. എന്താണ് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതെന്നു പരസ്പരം ചോദിക്കുവാൻ ക്രിസ്തുവിനെപ്പോലെ നമുക്ക് കഴിയുമോ? അവിടെ രൂപപ്പെടുന്ന തനിമ ഒരാൾ ശബ്ദമുയർത്തി ഉറപ്പിച്ചെടുക്കുന്നതല്ല, ചിന്തിക്കുന്നതുകൊണ്ടല്ല, മറിച്ച്, 'ഞാൻ ആയിരിക്കുന്നത് ഞാൻ കേൾക്കുന്നത് കൊണ്ടാണ്' എന്ന നവീനതയിൽ നിന്നാണ്. യഥാർത്ഥത്തിൽ നമ്മൾ കേൾക്കുന്നെങ്കിൽ റെഡിമേഡ് ഉത്തരങ്ങൾ മാറി നില്കും. കേൾവി വാക്കുകയുടെ സംഭാഷണങ്ങളിൽ തുറക്കപ്പെടുന്നവയല്ല, സംഭവിക്കുന്നതല്ല. മറുവശത്തുള്ള ആൾ ജീവിച്ചതും സഹിച്ചതും വഹിച്ചതും ഭാവനയിൽ കാണുകയും സ്വന്തമാക്കുകയും ചെയ്തെങ്കിലേ കേൾവി സത്യമാകൂ.

Hope Christ gave, God finding home in us

സിനഡിന് തുടക്കമായി തിമോത്തി റാഡ്ക്ലിഫ് OP നൽകിയ ധ്യാനചിന്തകളിൽ നിന്ന്...

സഭയെ ഒരു ഭവനമായി കാണുക എന്നതാണ് സഭയുടെ വിളി. എല്ലാവർക്കും അത് ഭവനമാകുന്നത് വരെ അതിൽ ഒരു ഭവനാന്തരീക്ഷമില്ല. പരിചിതമായ അനുഷ്ടാനങ്ങളും, പരമ്പരാഗത രീതികളും സന്മാർഗികതയും കണ്ടുകൊണ്ട് നമ്മിൽ ചിലർ 'സഭയിൽ' സന്തുഷ്ടരാണ്. എന്നാൽ അനേകർ ആ ഭവനത്തിൽ ഇടം ഇല്ല എന്ന് അനുഭവപ്പെടുന്നവരാണ്.

എല്ലാവരെയും സ്വീകരിക്കുകയെന്നാൽ 'സഭ' എന്താണോ അത് തകർന്നു വീഴുമെന്നു ഭയക്കുന്നവരുണ്ട്. സഭയുടെ തനിമയെ അതിരുകളിൽ വരച്ചിടുന്നവരാണവർ. സഭയുടെ തനിമ 'തുറന്നിടപ്പെട്ട' സ്വഭാവമാണ്. അതാണ് ക്രിസ്തു തന്നെക്കുറിച്ചു തന്നെ പറഞ്ഞത്, "ഞാനാകുന്നു വാതിൽ." 

അറിയാവുന്നതും (നല്കപ്പെട്ടിട്ടുള്ളത്) ഇനിയുമറിഞ്ഞിട്ടില്ലാത്തതും, ഇപ്പോഴുള്ളതും ഇനിയും അല്ലാത്തതും അങ്ങനെ രണ്ടും ഒരുമിച്ചുള്ളതാണ് സഭയുടെ തനിമ. സകലർക്കുമുള്ള രക്ഷയുടെ സന്ദേശം വഹിക്കുന്നതാണ് സഭയെങ്കിൽ ഈ രണ്ടു തലകളും അനിവാര്യമാണ്. 

ദൈവം നമ്മിൽ ഭവനം കണ്ടെത്തുന്നെങ്കിൽ, വചനം ഓരോ മനുഷ്യസംസ്കാരത്തിലും  മാംസം ധരിക്കുന്നു. നമ്മുടെ ഭവനം എവിടെയുമാകട്ടെ ദൈവം അതിൽ വസിക്കാൻ വരുന്നു. ദൈവം തന്റെ ഭവനം കണ്ടെത്തുന്നത് ലോകം വെറുക്കുന്ന ഇടങ്ങളിലാണ്. നമ്മൾ ഓരോരുത്തരുടെയും താബോർ മലകളിൽ മാത്രം ദൈവഭവനം കാണാൻ ശ്രമിക്കുന്ന നമ്മൾ പത്രോസിനെപ്പോലെ ദൈവത്തിനു നിശ്ചിതമായ കൂടാരമൊരുക്കാൻ തുനിയുന്നവരാണ്. കൂടാരത്തിനു പുറത്തുവച്ചു  സഹിച്ച ക്രിസ്തുവിനെ അടുത്തറിയാൻ കൂടാരത്തിനു പുറത്തുള്ളവരെ അടുത്തറിയണം. 'പുറത്തുള്ള' കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ഹൃദ്യമാകുമ്പോഴേ കൂടാരങ്ങളിൽ നിയന്ത്രിക്കപ്പെടാനാവാത്ത ദൈവത്തെ കണ്ടുമുട്ടാനാകൂ. 

സഭയുടെ പുതിയ മുഖം ഏറ്റവും പ്രകടമാവേണ്ടത് സാഹോദര്യം കാണപ്പെടുന്ന പൗരോഹിത്യത്തിലാണ്. അധികാരം മുഖമുദ്രയാക്കുന്ന പൗരോഹിത്യമാണ് സിനഡാലിറ്റിക്കെതിരെ നിലകൊള്ളുന്നത്.

സഭയുടെ നവീകരണം മാവ് കുഴച്ചെടുക്കുന്നതുപോലെയാവണം. അരികുകൾ തീർത്തും ആസ്ഥാനത്താവുന്നതുപോലെ,നടുവിലുള്ളത് അരികിലേക്കും അരികിലുള്ളത് നടുവിലേക്കും പലവിധം മാറ്റപ്പെടണം. എല്ലാവർക്കും ഭവനമാകുന്ന സഭ.  സിനഡ് എന്നാൽ വാക്കുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുക എന്നല്ല, അത് സ്വയം നൽകുന്നതിന്റെ പാതയാണ്. 

സിനഡ് നയിക്കപ്പെടുന്നത് ചർച്ചകളിലല്ല, പ്രത്യാശയാണ്. അവസാനഅത്താഴത്തിൽ പങ്കുവയ്ക്കപ്പെട്ട പ്രത്യാശ. പരാജയവും, വെല്ലിവിളികളും, സമൂഹത്തിന്റെ തകർച്ചയും എല്ലാം വരാനിരിക്കുമ്പോഴും നൽകപ്പെട്ട പ്രത്യക്ഷ 'ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നതാണ്. ആ പങ്കുവയ്ക്കൽ ഹൃദയത്തിലേൽക്കാൻ ആണയാൾ നമ്മൾ നിർമ്മിക്കുന്ന പ്രത്യാശകൾ നിരർത്ഥകമാണെന്നു മനസ്സിലാക്കാനാകും. നമ്മൾ പാരമ്പര്യവാദികളോ പുരോഗമനവാദികളോ ആയിക്കൊണ്ട് ഉള്ളിൽ വയ്ക്കുന്ന പ്രത്യാശയെക്കാൾ ജീവനുറ്റതാണ്  ക്രിസ്തു പകരുന്ന പ്രത്യാശ. മലയിൽ നിന്നിറങ്ങി അവനെ കേൾക്കാൻ ശ്രമിക്കാം. 

ഒക്‌ടോബർ 01, 2023

ഭക്തി ജീവവായു ആരാധനക്രമം

ജപമാലയുടെ മണികൾ ജീവരഹസ്യങ്ങളാണ്.
മനുഷ്യാവതാരത്തിൽ കടന്നു പോയ വഴികൾ,
തുറന്ന ഹൃദയങ്ങൾ, തെളിഞ്ഞ സുകൃതങ്ങൾ,
വേദനകളും ആശ്വാസങ്ങളും, ......

ഭക്തിയും ആരാധനാക്രമവും സഭയുടെ ജീവശ്വാസമാണെന്നു പറയപ്പെടുന്നു. സുവിശേഷത്തിന്റെ ജീവവായു സഭാശരീരത്തിലേക്ക് ഉൾകൊള്ളുന്ന ശ്വാസം. വാക്കുകൾ ഉണ്ടെങ്കിലും സുവിശേഷ ശൈലിയും സത്തയും ചൈതന്യവും നഷ്ടപ്പെടുത്തുന്ന ഭക്തികളും ആരാധനാക്രമണങ്ങളും ജീവശ്വാസത്തിനു പകരം ദുഷിച്ച വായുവാണ് നിശ്വസിക്കുന്നത്. ശ്വസിക്കുന്ന സുവിശേഷ-ജീവവായു ജീവിതാരൂപാന്തരണം കൂടി സംഭവ്യമാക്കുന്നു.

ശ്വസനം ഉയിർപ്പാണ്. അതുകൊണ്ട് ശ്വസനം ഉറപ്പാക്കേണ്ട ഭക്തികളും ആരാധന ക്രമങ്ങളും ജീവവായുവാണെന്ന അവകാശവാദത്തോടൊപ്പം, എപ്രകാരം മനുഷ്യന്റെ വ്യഥകളും സംഘർഷങ്ങളും കിതപ്പും വഹിക്കാൻ കഴിവുള്ളതാണെന്നു പരിശോധിക്കണം. ആ സംവഹനശേഷി അവയ്ക്കില്ലെങ്കിൽ അലംകൃതമാണെങ്കിലും അവ മൃതമാണ്.

നിയോഗങ്ങളെക്കാൾ,
അർപ്പിക്കപ്പെടേണ്ടത്ത് ജീവിതങ്ങൾതന്നെയാണ്.

പോകാമെന്ന് ഏറ്റവൻ

പോകാമെന്ന് ഏറ്റവൻ 'അയക്കപ്പെട്ടവന്റെ' അധികാരം പ്രയോഗിച്ചു വേലക്കാരെ അടിക്കാനും ഭരിക്കാനും തുടങ്ങി. തന്ത്രശാലികളായ വേലക്കാരിൽ ചിലർ അയാളുടെ ആരാധകവൃന്ദമായി. അവരുടെ വാക്കുകളാണ് മുന്തിരിത്തോട്ടത്തിന്റെ സ്വഭാവമെന്നു തോന്നിക്കുമാറ് ശരികളാക്കപ്പെട്ട ജീർണതയുടെ സ്തോത്രങ്ങൾ എങ്ങും മുഴങ്ങിക്കേട്ടു. പിതാവിന്റെ പദ്ധതിയനുസരിച്ചു പ്രവർത്തിക്കുന്നതും, കുടുംബമഹിമ നഷ്ടപ്പെടാതെ നിലനിർത്തുന്നതും തങ്ങളാണെന്ന് ഈ ആരാധകവൃന്ദം ഉറപ്പിച്ചു പറഞ്ഞു. 

പോകില്ല എന്ന് പറഞ്ഞ മുടിയൻ തിരിച്ചു വരവിനു ശേഷം തോട്ടത്തിലേക്ക് പോയി. പിതാവ് തന്നെ ചേർത്ത് പിടിച്ചത് പോലെ തന്നെ, തളർന്നിരുന്ന വേലക്കാർക്ക് വെള്ളവും, മുറിപ്പെട്ടവർക്കു ആശ്വാസവും നൽകി. കൊട്ടിഘോഷമൊന്നും ഉണ്ടായില്ല, എന്നാൽ അവരുടെ സംഖ്യ വലുതായിരുന്നു.