Gentle Dew Drop

ഓഗസ്റ്റ് 31, 2021

'പരിശുദ്ധർ'

'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്ന 'പരിശുദ്ധർ' ദൈവരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണ്. അവർ സ്വന്തമായൊരു ദൈവരാജ്യം അവർ തീർക്കുന്ന പരിശുദ്ധിവലയത്തിൽ കെട്ടിയുയർത്തിയിരിക്കുന്നു.

ഓഗസ്റ്റ് 28, 2021

ദൈവത്തിന്റെ ഹൃദയവ്യഥ

മതത്തെ സംബന്ധിച്ച് അപരനെ ദൂരെ നിർത്തുവാൻ മനുഷ്യൻ മുറിവുകളെ തേടുമ്പോൾ, മതം മനുഷ്യനെ അന്ധനാക്കുന്നതിനെക്കുറിച്ചാണ് ദൈവത്തിന്റെ മുറിവ്. അത് എങ്ങനെ മനുഷ്യനെ കപടതയും ദുഷ്ടതയും കൊണ്ട് നിറക്കുന്നു എന്നതാണ് ദൈവത്തിന്റെ ഹൃദയവ്യഥ. വ്യര്ഥമായി അവർ എന്നെ ആരാധിക്കുന്നു,അവരുടെ ഹൃദയം തന്നിൽനിന്നും അകലെയാണ് എന്ന് അവിടുന്ന് പറയുന്നു.

ദൈവത്തെ മാറ്റിനിർത്തുന്ന മതം അതിന്റേതായ കാര്യങ്ങളുടെ പ്രാപ്തിക്കായി ദൈവത്തെയും മനുഷ്യന് ദൈവത്തോടുള്ള ബന്ധത്തെയും വികൃതമാക്കും. മതത്തിലെ സത്യം എന്ന് പറഞ്ഞാൽ അവ പാലിക്കപ്പെടുന്നതാകും. 

മനഃശാസ്ത്രം അനാരോഗ്യകരമായി പരിഗണിക്കുന്ന ഭയം, അവമാനം, കുറ്റബോധം എന്നിവ ഈ ദൈവമനുഷ്യബന്ധത്തെ നിർവചിക്കുന്നതിൽ പ്രധാന ഘടകങ്ങളായി പ്രവർത്തിക്കാറുണ്ട്. സുരക്ഷാ ഉറപ്പാക്കാനായി, പ്രീതിപ്പെടുത്തുന്ന മാർഗങ്ങളെ നിരന്തരം അന്വേഷിച്ചു കൊണ്ട് തീർത്തും 'ആത്മീയ' മനുഷ്യരായവർ സത്യത്തിൽ സേവിക്കുന്നത് അവരുടെ ഭയത്തെത്തന്നെയാണ്. തെറ്റുകളോ പരാജയങ്ങളോ നമ്മെ അപമാനിതരാക്കുമ്പോൾ സ്വയം ഒളിക്കാനുള്ള പ്രവണതകൾ ഉണ്ടായേക്കാം. അവയെ എളിമ വിധേയത്വം ലാളിത്യം തുടങ്ങിയവയായി അവതരിപ്പിക്കുവാനും നമുക്ക് കഴിയും. കുറ്റബോധം വലിയ ഭാരമാണ്. അത് ദൈവകൃപയിൽ സമർപ്പിക്കപ്പെടുന്നില്ലെങ്കിൽ നമ്മെ തീർത്തും ഞെരുക്കിക്കളയും. അപ്പോൾ സ്വയം ശിക്ഷിക്കുന്ന പ്രവണത സ്വന്തം താല്പര്യമായി വളർത്തപ്പെട്ടേക്കാം. വേദന, പരിഹാരം, പ്രായശ്ചിത്തം എന്നിവയാകും ദൈവബന്ധത്തിന്റെ ഏകമാനം.മേല്പറഞ്ഞവയെ പ്രോത്സാഹിപ്പിക്കുന്ന മതപരമായ വർണ്ണനകൾ ഇവക്കു ഏറ്റവും നല്ല വൈകാരിക ആകർഷണം നൽകുകയും ചെയ്യും. പാലിക്കുന്നവർക്ക്‌ ധനനഷ്ടവും, ചൂഷണസംവിധാനത്തിന്റെ  ബലപ്പെടലും കൂടി  അവിടെയുണ്ടാകും.

ദൈവം ഭാരങ്ങളേല്പിയ്ക്കില്ല. ദൈവബന്ധത്തിൽ സ്വാതന്ത്ര്യമാണുള്ളത്. അവിടെ കപടതകൾക്കു സ്ഥാനമില്ല, അലങ്കാരങ്ങളുടെ ആവശ്യവുമില്ല. ഹൃദയത്തിന്റെ ആത്മാർത്ഥതയാണ് ആവശ്യം. ഏതവസ്ഥയിലും ദൈവം നമ്മെ സ്വീകരിക്കുന്നതിനാൽ  ഒരിക്കലും മാറി നിൽക്കേണ്ടതില്ല, എന്തൊക്കെയോ ചെയ്തു കൊണ്ട് പ്രീതി സമ്പാദിക്കേണ്ടതില്ല. ഭക്തികളെ ആരാധിക്കുന്ന ഭ്രമിത വിശ്വാസത്തിലേക്ക് നമ്മൾ വീണുപോകാതിരിക്കട്ടെ. ദൈവം ആഗ്രഹിക്കുന്നത് പരിഹാരമല്ല സ്നേഹമാണ്. അപ്പോൾ മാത്രമാണ് ദൈവം നമ്മുടെ സ്നേഹത്തിനു യോഗ്യനെന്നു നമ്മൾ ഹൃദയം കൊണ്ട് ഏറ്റു പറയുന്നത്. അതാണ് ആരാധനയുടെ അർത്ഥം (weorthscipe - worth-ship).  

മുൻനിരയിൽ സഭയുണ്ടാകണം

ആർക്കൊക്കെ അപ്രീതിയുണ്ടാക്കിയാലും സഭക്ക് അതിനിർണ്ണായകമായ ഒരു ചുവടുവയ്‌പിനുള്ള സമയമാണിത്. സാധ്യമായേക്കാവുന്നതും അർത്ഥപൂര്ണവും കരുണാർദ്രവുമായ ഒരു സമീപനം രൂപപ്പെടുത്തിയെടുക്കാൻ, എല്ലാ തലങ്ങളിലും വിട്ടുവീഴ്ചയില്ലാതെ പ്രകൃതിക്കും മനുഷ്യനും സാമൂഹികനീതിക്കായുള്ള സഭയുടേതായ ഇടം പൂർണമായി ഉറപ്പാക്കുക എന്നതാണ് ആ ചുവട്. ആത്മീയവും പാരിസ്ഥിതികവും സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളിലെ മാറ്റങ്ങളിലേക്ക് നയിക്കാൻ   മുൻനിരയിൽ സഭ കാണപ്പെടണം. ഈ നവീകരണശ്രമങ്ങൾക്ക് പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ ബൗദ്ധികമായും ധാർമികമായും സഭയുടെ മുൻകൈയിൽ ലോകത്തിന് പ്രതീക്ഷ വയ്കാനാവും വിധം മാറ്റങ്ങൾ സഭയിൽ ഉണ്ടാവണം.

സംഹിതകളിൽ കാണപ്പെടുന്ന സഹാനുഭൂതിയും കാരുണ്യവും സ്നേഹവും, എന്നാൽ പൊതുരംഗത്ത് അവയിൽ നിന്ന് വ്യത്യസ്തമായി സ്വീകരിച്ചുപോന്ന കൗശലം നിറഞ്ഞ രാഷ്ട്രീയസൂത്രങ്ങളും സഭയെ അതിന്റെ ആന്തരിക സത്തയിൽ തന്നെ മുറിവേൽപ്പിച്ചു കീറിമുറിച്ചിട്ടുണ്ടെന്നു ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക കാലത്തും, സ്റ്റേഡിയം ആരാധനകളിൽ ദൈവത്തിലുള്ള ഏറ്റുപറച്ചിൽ സാമൂഹികമായ തനിമയും രാഷ്ട്രീയമായ പ്രതിബദ്ധതയും കൂടിയായിരുന്നു. അതിനൊത്ത 'യേശുക്രിസ്തുവിനെ' രാഷ്ട്രീയക്കാരും തീവ്രചിന്താഗതിയുള്ള മതവിശ്വാസികളും രൂപപ്പെടുത്തുകയും ചെയ്തു. മറ്റു സംസ്കാരങ്ങളോടും മതങ്ങളോടുമുള്ള അസഹിഷ്ണുത വ്യക്തി-യേശു ബന്ധത്തിന്റെ അടിസ്ഥാന സ്വഭാവമാക്കി അവതരിപ്പിക്കപ്പെട്ടു. അവയുടെ പ്രചാരകർ ഏകദൈവത്തിന്റെ വിശ്വസ്തരായ പ്രവാചകരായി. അത്തരം വിശ്വാസവും ആരാധനയും നമ്മൾ കൂടാരങ്ങളിലേക്കു കൊണ്ട് വന്നപ്പോഴും അതിലെ പോരായ്മകളെ വിവേചിക്കാതെ അനുകരിക്കപ്പെട്ടു.  (അമേരിക്കൻ) ക്രിസ്ത്യൻ zionism, prosperity gospel, religious market തുടങ്ങിയവ വേരിറങ്ങിയത് അറിഞ്ഞും അംഗീകരിച്ചു കൊടുത്തു. വിശ്വാസി എന്നാൽ ആത്മീയ ഉപഭോക്താവ് എന്ന അവസ്ഥയായി. അവയെയെല്ലാം കരിസ്മാറ്റിക് എന്ന ലേബലിൽ ആളുകളെ വഞ്ചിച്ചു. യഥാർത്ഥ കരിസ്മാറ്റിക് നവീകരണത്തെ പാടെ അപ്രസക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങൾ, സാമ്പത്തികരംഗത്തെ സമകാലീന പ്രവർത്തനശൈലികൾ, ക്രിസ്തീയ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും പരിഹാസവും വളർത്തുന്ന  പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ദിനം പ്രതിയുള്ള വർദ്ധന , പാശ്ചാത്യലോകത്തും മധ്യപൂര്വേഷ്യയിലും തീവ്രമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക സ്പർദ്ധ, ആഫ്രിക്കയിലെ വംശീയ കലഹങ്ങൾ  എന്നിവ നമ്മൾ നേരിട്ട് കാണുന്ന യാഥാർത്ഥ്യമാണ്. അവയോടുകൂടെ, ലോകത്താകമാനം രൂപമെടുക്കുന്ന പുതിയ യാഥാസ്ഥിതിക / പാരമ്പര്യവാദരൂപങ്ങൾ നേടിയിട്ടുള്ള ആധിപത്യവും അവ വിശ്വാസമാക്കിത്തീർത്ത് അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളും വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യമാണ് ഇന്ന് (ഇവയോരോന്നും വിശദമായ പരിഗണന അർഹിക്കുന്നവയാണ്). അധികാരം, മേൽക്കോയ്മ, അധിനിവേശം, അക്രമം എന്നിവ എങ്ങനെ സമൂഹത്തെയും സംസ്കാരത്തെയും വിശ്വാസങ്ങളെയും വികലമാക്കുന്നെന്നു വിശദമായ നിരൂപണം നമുക്ക് ആവശ്യമാണ്. അതുകൊണ്ട് വിശ്വാസം, ഭക്തി, സഭാ സംവിധാനം തുടങ്ങിയവയിലെ മാറ്റുനോക്കി ശുദ്ധീകരിക്കേണ്ടത് സഭക്ക് തന്നെ ജീവിക്കേണ്ടതിനുള്ള ആത്മാർത്ഥമായ ചുവടുവയ്പാണ്.

ആഗോളതലത്തിലുള്ള സമകാലീന സംഭവങ്ങളെക്കുറിച്ച് സൗഖ്യപ്പെടുത്തുന്നതും ജീവൻ പകരുന്നതുമായ ഒരു സാമൂഹികരാഷ്ട്രീയ വിശകലനത്തിനായി ശാന്തിപൂർണ്ണവും സഹാനുഭൂതിയുടേതുമായ പുതിയ പദ്ധതിക്രമം രൂപപ്പെടുത്തിയെടുക്കാൻ സഭക്ക് കഴിയണം. വെറുപ്പും അക്രമവും കലഹവും യുദ്ധവും ചെറുക്കാനും സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്തവും ഐക്യവും വളർത്തുവാനുമുള്ള സമഗ്രമായ പ്രയത്നങ്ങളാണ് വേണ്ടത്. മുൻനിരയിൽ സഭയുണ്ടാകണം. 

Ref. Guido Giacomo Preparata (eds.) New Directions for Catholic Social and Political Research: Humanity vs. Hyper-Modernity Palgrave Macmillan, 2016


ഓഗസ്റ്റ് 27, 2021

നല്ല മനുഷ്യനും ക്രിസ്ത്യാനിയും

നല്ല സമരായക്കാരൻ ക്രിസ്ത്യാനിയായിരുന്നോ?
അതെ. ക്രിസ്തു ചൈതന്യം ജീവിക്കുന്നവരിൽ ക്രിസ്തുവുണ്ട്.
നല്ല സമരായൻ നല്ല മനുഷ്യനായിരുന്നോ?
അതെ. ക്രിസ്തു ചൈതന്യത്തിന് അത് മതിയായ തുറവിയാണ്.

നല്ല ക്രിസ്ത്യാനി നല്ല സമരയക്കാരനാകണോ?
നല്ല ക്രിസ്ത്യാനി നല്ല മനുഷ്യനാകണോ?
നല്ല ക്രിസ്ത്യാനി നല്ല അയൽക്കാരനാകണോ?
നല്ല ക്രിസ്ത്യാനി ക്രിസ്തു അനുയായിയാകണോ?

പരിശുദ്ധാത്മ ദാനങ്ങൾ അടുത്തറിയുമ്പോൾ മനസിലാക്കാം, അത് നമ്മെ നല്ല മനുഷ്യരാക്കാൻ തന്നെയാണ്. ആ മനുഷ്യനിൽ നിന്നാണ് ക്രിസ്തുസമാനമായ ഫലങ്ങൾ ഉണ്ടാകുന്നത്.

ഓഗസ്റ്റ് 26, 2021

സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷ

സ്നേഹിക്കണമെങ്കിൽ അതിനു പറ്റിയ സാഹചര്യം വേണം, സ്നേഹിക്കാൻ അതിനു യോഗ്യരായവർ വേണം, സ്വന്തം നിലനില്പില്ലാതെ സ്നേഹം സാധ്യമല്ല തുടങ്ങിയവ നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നെങ്കിൽ അത് ക്രിസ്തു നൽകിയ എല്ലാ ധാർമ്മികമൂല്യങ്ങളെയും പുച്ഛിക്കുന്നതാണ്. അത് ക്രിസ്തുവിനു തന്നെ പുതിയ വാർപ്പുരൂപങ്ങൾ സൃഷ്ടിക്കുകയാണ്.

കുതിരപ്പുറത്തു പോയി പടനയിക്കുന്നതല്ല വീര്യവും ധീരതയും. ഒറ്റയായാലും, വിഷമഘട്ടമായാലും ക്രിസ്തു ചൈതന്യം നഷ്ടമാകാതിരിക്കാനാണ് ധീരത എന്ന വരദാനം. അതുകൊണ്ട്, ധൈര്യം പകർന്നു നൽകുന്ന ആദ്യ ഫലം സ്ഥൈര്യമാണ്; 'ക്രിസ്തുവിൽ ആയിരിക്കുക'യാണ് ജീവൻ എന്ന ഉറച്ച ബോധ്യം. ക്രിസ്തുവിന്റെ സമീപനങ്ങളൊക്കെയും ജീവദായകമായിരുന്നു എന്നതാണ് ഓരോ പ്രതികരണത്തിലും സമീപനത്തിലും നമ്മൾ ആദ്യം നമ്മോടുതന്നെ പറയേണ്ടത്. ഈ ദാനങ്ങളൊക്കെയും ഫലദായകമായിത്തീരുന്നത് ക്രിസ്തു എന്ന വ്യക്തിയോട് താദാത്മ്യപ്പെടുവാനുള്ള ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും ഉണ്ടാകുമ്പോഴാണ്. നമ്മൾ നമ്മളല്ലാതായിത്തീർന്നു മരിക്കുന്നതാണ് ഏറ്റവും ദയനീയം. ക്രിസ്തു പരിപൂര്ണസ്നേഹത്തോടെയും ജീവദായകമായും മരിച്ചത് ക്രിസ്തു ക്രിസ്തുവായിത്തന്നെ അവസാനം വരെ ജീവിച്ചു മരിച്ചതുകൊണ്ടാണ്. സഭയെക്കുറിച്ചും, ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിലനില്പും മരണവും സ്വയം നഷ്ടപ്പെടുത്തലാണ്. 

നമ്മിലാരും തന്നെ പരിപൂർണ്ണമായ സ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമ്മൾ കൃപയിലാശ്രയിക്കുന്നതും, വളർച്ചയുടെ പ്രക്രിയയിൽ, മേല്പറഞ്ഞ ധീരതയോടെയും ക്ഷമയോടെയും മുന്നോട്ടു പോകുന്നതും. എന്നാൽ വെറുപ്പും സംശയവും പകയും മനഃപൂർവം സൃഷ്ടിച്ചു താലോലിക്കുന്നതും അതിനെ ആത്മീയവത്കരിക്കുന്നവിധം  നിർവചനം നൽകുന്നതും സത്താപരമായിത്തന്നെ ക്രിസ്തുവിന്റെ സ്വഭാവത്തിന് എതിരാണ്. ക്രിസ്തുവിന്റെ വിളിയെന്നത് ക്രിസ്തുവിനെപ്പോലെയാകുവാനാണ്; ആ വിളിയോടുള്ള വിശ്വസ്തത എന്നത് ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത സമീപനരീതികളെ എന്തിന്റെ പേരിലാണ് ക്രിസ്തുവിനോടുള്ള വിശ്വസ്തതയായി നമുക്ക് കാണാൻ കഴിയുന്നത്? ക്രിസ്തീയ പൗരോഹിത്യത്തിന്റെ വിളിയും അപരതക്കു കാരണമാകുന്ന മതരൂപീകരണത്തിനും സംരക്ഷണത്തിനുമല്ല, തന്നിലും സമൂഹത്തിലുമുള്ള ക്രിസ്തുരൂപീകരണത്തിനുള്ളതാണ് ആ വിളി. 

ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള മതരൂപീകരണങ്ങൾ അത് സംവിധാനം ചെയ്യുന്ന നിര്മാതാക്കൾക്കേ ലാഭമുണ്ടാക്കൂ. ക്രിസ്തു ആഗ്രഹിച്ച സഭയാകുവാനും അങ്ങനെ ലോകത്തിനു സാക്ഷ്യമാകുവാനുമാണ് സഭയുടെ വിളി. നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ചു ഭാവന ചെയ്യാവുന്ന സഭയിൽ ക്രിസ്തു ആഗ്രഹിച്ചതെന്തോ അത് പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അത് സഭയേ അല്ല. അതിനേൽക്കുന്ന മുറിവുകൾ ജീവദായകമാകില്ല, അത് വിഷം വമിപ്പിക്കുന്ന വൃണങ്ങൾ സൃഷ്ടിക്കും. ക്രിസ്തുസ്വഭാവമില്ലാത്ത സഭയെ സ്നേഹിക്കുകയെന്നോ അതിനോട് വിശ്വസ്തത കാണിക്കുകയെന്നോ പറയുന്നതിൽ അർത്ഥശൂന്യത മാത്രമല്ല ജീവശൂന്യതയാണ്. 

സമരായക്കാരൻ വഴിയിൽ കണ്ട മൃതപ്രായനായവനേപ്പോലെ ഇന്ന് സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷക്ക് സ്വയം നൽകുകയെന്നത് കൃപയോടുള്ള സഹകരണമാണ്. അതിന് നമ്മളോരോരുത്തരുമാണ് ക്രിസ്തുവിന്റെ മനോഭാവങ്ങൾ ധരിക്കുവാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടത്. അപ്പോഴേ അത് യഥാർത്ഥ സഭാസ്നേഹമാകൂ.

വീണ്ടുമൊരു കുരിശുയുദ്ധം

 2000 ക്രിസ്തുജയന്തി മഹാജൂബിലിയുടെ പശ്ചാത്തലത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയുടെ തെറ്റുകളെക്കുറിച്ചു ലോകത്തിനു മുമ്പിൽ മാപ്പു പറഞ്ഞത്. കുരിശുയുദ്ധത്തിനിടെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും ആ തെറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യയുഗത്തിലെ യൂറോപ്പിന്റേയും മധ്യപൂർവ്വേഷ്യയുടേയും സാമൂഹികവും സാംസ്കാരികവും, സാമ്പത്തികവുമായ പശ്ചാത്തലങ്ങളോടുകൂടെ യഹൂദ-മുസ്ലിം-ക്രിസ്ത്യൻ കാഴ്ചപ്പാടുകൾ കൂടി വെച്ച് പരിശോധിക്കുമ്പോഴേ കുരിശുയുദ്ധത്തിൽ പ്രവർത്തിച്ചിട്ടുള്ള ഘടകങ്ങളെ യഥാർത്ഥത്തിൽ മനസിലാക്കാനാകൂ.

വീണ്ടുമൊരു കുരിശുയുദ്ധത്തിന്റെ കൂടി അനിവാര്യതയെക്കുറിച്ചു വാചാലരാകുന്നവർ അത് പ്രകടമാക്കിയ അക്രിസ്തീയതയെ ആവർത്തനയോഗ്യമാക്കുകയാണ്. നിയമപരമായ നിർവചനങ്ങളും, ദൈവശാസ്ത്രപരമായ നീതീകരണവും സാധ്യമാക്കാൻ തുടരെയുള്ള പ്രസംഗങ്ങളും, വളർത്തിയെടുത്ത നുണകൾ സൃഷ്ടിച്ച ഭയവും ആദ്യ കുരിശു യുദ്ധങ്ങളുടെ സാധൂകരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. വിശ്വാസത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും സഭയോടുള്ള ബന്ധത്തിന്റെ നിർവ്വചനങ്ങളും, സ്വർഗ്ഗവാഗ്ദാനവും, സംഘർഷങ്ങളിൽ മരിച്ചവർക്കു നൽകപ്പെട്ട ആദരവും വളരെപ്പേരെ ആകർഷിച്ചു.

മറ്റു വർഗ്ഗങ്ങളോടും മതങ്ങളോടും സംസ്കാരങ്ങളോടുമുള്ള അസഹിഷ്ണുത ഒന്നാം പ്രമാണത്തിന്റെ പേരിലും ഏകദൈവത്തിന്റെ പേരിലും ജീവിതശൈലിയാക്കിയത് അമേരിക്കൻ ഇവാൻജെലികൾ സമൂഹങ്ങളായിരുന്നു. നിർഭാഗ്യവശാൽ അവരെ അനുകരിച്ചു പോരുന്ന കാത്തോലിക് ഇവാൻജെലികൽ ഗ്രൂപ്പുകളുമുണ്ട്. നമ്മുടെ പല വേദികളിലും വി കുർബാനയുടെയും, ജപമാലയുടെയും കാതോലികതയുടെ മറവിൽ ഇത്തരം സമീപനങ്ങൾ പ്രഘോഷിക്കപ്പെട്ടപ്പോൾ എത്രയോ പണ്ടേ തിരിച്ചറിയേണ്ടതായിരുന്നു. യാഥാസ്ഥിതികത വിശ്വാസത്തേക്കാളേറെ രാഷ്ട്രീയമാണ്. ആ അവസരം മുതലെടുപ്പിനുള്ള അവസരമായിക്കണ്ട കുറുക്കന്റെ കൗശലവും സർപ്പത്തിന്റെ വിഷവുമുള്ളവരാണ് വിശ്വാസികൾക്ക് പാനപാത്രങ്ങളിൽ വിഷം കലർത്തി നൽകിയത്.

മാർപാപ്പ മാപ്പു പറഞ്ഞത് കൊണ്ട് ഒരു സൗഖ്യവും ഉണ്ടാകുന്നില്ല. ആ മാപ്പുപറച്ചിലിൽ ക്രിസ്തീയമനഃസാക്ഷിയിൽ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്ന തെറ്റുകളിലെ ഘടകങ്ങൾ ആവർത്തിക്കപ്പെടുകയില്ല എന്ന് ഓരോ വിശ്വാസിയും സ്വന്തം സമീപനങ്ങളിൽ ഉറപ്പാക്കുന്നെങ്കിലെ അത് സഭയുടെ ഏറ്റുപറച്ചിലാകൂ. മിലിറ്റന്റ് ആശയങ്ങളും, അതുപോലുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും വളരുന്നെന്നു കാണുമ്പോൾ അതിലെ ലാഭങ്ങൾ അവഗണിച്ചുകൊണ്ട് സമൂഹത്തിനു താക്കീതു നൽകാനും തിരുത്തുവാനും സഭാനേതൃത്വത്തിനു കഴിയേണ്ടതാണ്.

Kenneth M. Setton, Marshall W. Baldwin, A History of the Crusades [Volume I: The First Hundred Years, Volume II: The Later Crusades, 1189-1311, Vol. 3: The Fourteenth and Fifteenth Centuries, Volume IV: The Art and Architecture of the Crusader States, Volume V: The Impact of the Crusader States on the Near East, Vol. 6: The Impact of the Crusades on Europe, Together with a Bibliography of the Crusades] University of Wisconsin Press, Emran Qureshi, Michael A. Sells - The New Crusades_ Constructing the Muslim Enemy-Columbia University Press (2003)


ഓഗസ്റ്റ് 24, 2021

കപടത

നാബോത്തിനെ കല്ലെറിയാനും ദൈവപുത്രനെ ദൈവദോഷിയാക്കാനും മാത്രം സമർത്ഥമായിരുന്നു ദൈവവചനത്തെയും നിയമത്തെയും വളച്ചൊടിക്കാനുള്ള അധികാരം. പുരോഹിതരുടെയും ജനപ്രമാണികളുടെയും നിയമജ്ഞരുടെയും ഫരിസേയരുടെയും കപടത അവരുടെ മാത്രം സ്വകാര്യതയാക്കാമായിരുന്നു. എന്നാൽ അവരുടെ തന്നെ സ്ഥാനങ്ങളെയും ബഹുമതിയെയും താങ്ങിനിർത്തുന്ന വിധം നിയമവും തിരുഗ്രന്ഥം വ്യാഖ്യാനിച്ച്, നിയമത്തെ തങ്ങൾക്കനുകൂലമാക്കിത്തീർത്തു ജനത്തെ ചൂഷണം ചെയ്തതാണ് ആ കപടത സാമൂഹിക നീതിയുടെ കൂടെ അർത്ഥമുണ്ടാകാൻ കാരണം. അത് ചൂണ്ടിക്കാണിക്കുന്നവർ ഇല്ലാതായേ തീരൂ.

വിശ്വാസവും, ദൈവാരാധനയും, നിയമങ്ങളും ആത്മാർത്ഥമായ ബന്ധത്തെക്കുറിച്ചാണ്. സ്വാർത്ഥലക്ഷ്യങ്ങൾ വച്ചലങ്കരിക്കുമ്പോൾ ഈ ബന്ധം മാറ്റിനിർത്തപ്പെടുകയും കപടത കടന്നു വരികയും ചെയ്യും. രണ്ടു വഴിത്താരകൾ രൂപപ്പെട്ടേക്കാം. വിശ്വാസവും, ദൈവാരാധനയും, സാന്മാര്ഗികതയും ആദർശമാക്കപ്പെടുമ്പോൾ മേലാളന്മാർ ധർമ്മികളായി മാനിക്കപ്പെടുകയും സാധാരണക്കാർ പാപികളും അജ്ഞരുമായി വിധിക്കപ്പെടുകയും ചെയ്യും. രണ്ടാമത് വിശ്വാസവും, ദൈവാരാധനയും, നിയമാനുഷ്ഠാനങ്ങളും അറിയാതെയെങ്കിലും മനോരഞ്ജന സാധ്യതകളാകും. കപട സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരുടെ കുഴലൂത്തിനു നൃത്തം ചെയ്യുന്നവരായി 'പാവങ്ങൾ' മാറ്റപ്പെടും. അതാണ് വിശ്വാസമെന്നും, ദൈവാരാധനയെന്നും നിയമപാലനമെന്നും അവർ പൂർണ്ണമായും ധരിക്കുകയും ചെയ്യും.

ക്രിസ്തുവിനെപ്പോലെയുള്ള ഹൃദയബന്ധവും (വിശ്വാസം) അവന്റേതുപോലെയുള്ള സമർപ്പണവും (ദൈവാരാധന) ക്രിസ്തുവിന്റെ ജീവിതക്രമവും (നിയമം) പാപികളെന്നു വിധിക്കപ്പെട്ടവർക്ക് ആശ്വാസമാണ്, എന്നാൽ നീതിമാന്മാരെന്നു സ്വയം ധരിച്ചവർക്ക് വെല്ലുവിളിയുമാണ്.  

ഓഗസ്റ്റ് 23, 2021

പൂർണ്ണതയിലേക്കുള്ള തുറവി

നമ്മെത്തന്നെ പൂർണ്ണമായി അറിയണമെങ്കിൽ നമ്മുടെ അപൂര്ണതകളെക്കുറിച്ചു കൂടി അറിയേണ്ടതുണ്ട്, പറയേണ്ടതുണ്ട്. അപരത കല്പിക്കപ്പെട്ടിട്ടുള്ള എവിടെയോ ആണ് ഈ അപൂർണ്ണതകൾ കൃപയാൽ പൂർണ്ണമാക്കപ്പെടുന്നത്. സമൂഹവും സഭയും പൂർണ്ണമാക്കപ്പെടുന്നതും അങ്ങനെ തന്നെ.

സാർവ്വത്രികത എന്നത് പൂർണ്ണതയിലേക്കുള്ള തുറവിയാണ്. 'പുറത്ത്' എന്ന് കാണപ്പെടുന്നവയിൽ പ്രകാശിക്കുന്ന കൃപയുടെ വെളിച്ചത്തിൽ ആനന്ദിക്കാനുള്ള എളിമയുണ്ടെങ്കിലേ അവയെ സ്വീകരിക്കാനാകൂ. ആ സാർവ്വത്രിക മാനം (catholicity) ഹൃദ്യമാക്കിയാൽ മനുഷ്യത്വരഹിതമായ സമീപനങ്ങൾ ഒഴിച്ച് മറ്റെല്ലാം സ്വീകാര്യമായി കാണുവാൻ കഴിയും; സംസ്കാരങ്ങളും വിശ്വാസങ്ങളും എല്ലാം. അന്യതാവത്കരണത്തിന് അർഹമാകുന്നത് 'അവിശ്വാസികൾ' എന്ന ഗണമല്ല, ജീവനും നന്മക്കും വിഘാതമാകുന്ന സമീപനങ്ങളാണ്.

തികച്ചും സാധാരണക്കാരായവരുടെ ഹൃദയസ്പന്ദനങ്ങളിലാണ് ഒരു സമൂഹമനഃസാക്ഷിയുടെ യഥാർത്ഥ ശബ്ദം. സാർവത്രികതയുടെ അടിസ്ഥാനം ഈ ശബ്ദത്തോട് സമൂഹം മൊത്തത്തിൽ എങ്ങനെ ചെവികൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും. അപൂർണ്ണതതകളെക്കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പ്രതികരിക്കാനാവുന്നതും അവർക്കാണ്. അതുകൊണ്ട് ശക്തമായ കോട്ട എന്ന് സ്വയം പറയുമ്പോഴും എവിടെയൊക്കെ പൊളിച്ചുപണി വേണമെന്ന് വിശദമായല്ലെങ്കിലും തിരിച്ചറിയാൻ കഴിയുന്നതും അവർക്കാണ്.

ആധുനികത ഞെക്കിഞെരുക്കിയ മനുഷ്യാവസ്ഥയെ തുറന്നു കാട്ടിയ താത്വികവും സാമൂഹികവുമായ വിലാപങ്ങൾക്കുനേരെ പുറംതിരിച്ചുനിന്ന ഏതാനം വർഷങ്ങളാണ് സഭയെ ഒരു കാലഘട്ടത്തിലേക്കെങ്കിലും കാലഹരണപ്പെട്ടതാക്കിയത്. മാറിയ മനുഷ്യാവസ്ഥയിലും സാമൂഹികക്രമത്തിലും റോമൻ ചക്രവർത്തിയും, ഭരണരീതിയും, നിയമങ്ങളും അസ്പർശനീയമായിരിക്കുമെന്നു കരുതിയ സമീപനങ്ങളെയാണ് ബിഷപ്പ് ക്രിസ്റ്റഫർ ബട്ട്ലർ ശാശ്വതമായ/സ്മരണീയമായ അസംബന്ധം (Monumental Irrelevance) എന്ന് വിളിച്ചത്.

തറവാട് പ്രൗഢിയും, കാരണവരുടെ വാഴ്ചയും, നിശ്ശബ്ദരാവേണ്ട അടിയാനുമാണ് പൈതൃകമായ സഭാസംവിധാനമായി നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലേർപ്പെട്ടിരിക്കുന്നവർ ഈ കാലഘട്ടത്തെ വീണ്ടും സ്മരണീയമായ അസംബന്ധമാക്കുകയാണ്. ഉത്തരങ്ങളില്ലാത്ത സങ്കീര്ണതകളിൽ കാലം മനുഷ്യന് കുരുക്കിടുമ്പോൾ മതം അവർക്ക് അർത്ഥമായെങ്കിലേ മതത്തിൽ സത്യവും ജീവനും കാണപ്പെടൂ. പകരം, 'ഞങ്ങളുടെ ശരി'കളാണ് എല്ലാവര്ക്കും എക്കാലവും ശരികളാവേണ്ടത് എന്ന് നിർബന്ധിച്ചു പറയുമ്പോൾ അത് ബലപ്രയോഗമാണ്, സത്യത്തോടുള്ള കൂറല്ല. വിദഗ്‌ദരായവർ പുറത്തും അകത്തുമുള്ളപ്പോഴും കേഴ്വിയാണ് അന്യമാകുന്നത്. സ്തുതിപാഠകരും കുഴലൂത്തുകാരും തങ്ങൾക്കു വേണ്ടി കുറച്ചു ആൾബലമുണ്ടാക്കുന്നതിനാൽ അവർ കേൾക്കപ്പെടുകയും ചെയ്യുന്നു.

തകർന്ന കോട്ടഭിത്തികൾ പുനർനിർമ്മിക്കുകയല്ല ആവശ്യം, കോട്ട വിട്ട് പുറത്തിറങ്ങുകയാണ്. കേൾക്കാനും പഠിക്കാനും. സ്വയം തീർത്ത സുരക്ഷയിലുള്ള ശൂന്യതയുടെ ശാശ്വതമായ ഓർമ്മയാവട്ടെ നിലവിലുള്ള കോട്ടകൾ. ഒരു കാലത്ത് സാമൂഹികവും താത്വികവുമായ വെല്ലുവിളികളായിരുന്നെങ്കിൽ ഇന്ന് പാരിസ്ഥിതികവും സംഘർഷപൂർണവുമായ വെല്ലുവിളികളുണ്ട്. പാർപ്പിടം, ഭക്ഷണം തൊഴിൽ എന്നിവ പറയപ്പെടാതെയാണെങ്കിലും മനുഷ്യാവസ്ഥയിലെ ദയനീയഭാവമായിത്തീർന്നു കഴിഞ്ഞു. അസ്പർശനീയമാകുവാൻ നമുക്കാവില്ല. വ്യത്യസ്തമായി പറയുന്നവർ ശത്രുക്കളാവണമെന്നില്ല എന്നത് അറിയേണ്ടതുണ്ട്. വ്യക്തമായ ധാരണയില്ലെങ്കിലും പലതലങ്ങളിൽ നിന്ന് വിദഗ്ദമായ പഠനങ്ങളെ കേൾക്കാൻ നമുക്കാവണം. അവരിലൂടെ സത്യം നമ്മുടെ കാതുകളിലേക്കു വരട്ടെ. സത്യം നമ്മെ സ്വതന്ത്രരാക്കുകയും കൃപ നയിക്കുകയും ചെയ്യുമ്പോൾ ഗതിയില്ലാതെ അലയുന്നവരാവില്ല നമ്മൾ. ഗതികെട്ട (directionless) ഒരു കാലത്തിനു ദിശ നൽകാൻ കഴിയുന്നവരാണ് ഒരു കാലഘട്ടത്തിനുള്ള വെളിച്ചം കണ്ടു മുന്നോട്ടു നയിക്കുന്നത്. പൂർണ്ണതയിലേക്ക് വളരുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയയിൽ നിറവ് നൽകുന്നതിൽ 'അപരർ'ക്കു വലിയ പങ്കാണുള്ളത്.

ഓഗസ്റ്റ് 20, 2021

ആരാണ് എനിക്ക് പരദേശി?

'ആരാണ് എന്റെ അയൽക്കാരൻ?' എന്നതുപോലെതന്നെ അർത്ഥവത്തായ ഒരു ധ്യാനമാണ് 'ആരാണ് എനിക്ക് പരദേശി?' എന്നതും. ദൈവജനമെന്നെ നിലയിൽ എങ്ങനെ പരദേശിയെ സമീപിക്കുന്നു എന്നതും പ്രധാനമാണ്. 

പരദേശികളുമായുള്ള സമ്പർക്കം ദൈവജനത്തെ അശുദ്ധമാക്കിയെന്ന 'വിശുദ്ധവിശ്വാസ'ത്തിന്റെ പശ്ചാത്തലത്തിൽ ഏതാനം സാധാരണവിശ്വാസികളുടെ ധ്യാനഫലമാണ് എസ്തേർ, റൂത്ത്, തോബിത് തുടങ്ങിയ ഗ്രന്ഥങ്ങൾ. വിദേശരാജ്യത്തു രാജ്ഞിയായ എസ്തേറും, ഇസ്രയേലിന്റെ മഹാനായ രാജാവായ ദാവീദിന്റെ മുത്തശ്ശിയായ റൂത്തും, വിദേശരാജ്യത്തു രാജ്യസേവ ചെയ്ത തോബിത്തും ദൈവതിരുമുമ്പിൽ വിശ്വസ്തരും ദൈവപദ്ധതിയുടെ ഭാഗവുമായിരുന്നു. ദൈവം അതിരുകൾ വച്ച് വേർതിരിക്കുന്നില്ലെന്നും അവിടുത്തെ കാരുണ്യം സകലരെയും ആലിംഗനം ചെയ്യുന്നെന്നും ഈ ഗ്രന്ഥങ്ങൾ പറഞ്ഞു വയ്ക്കുന്നു. 

മൊവാബ്യദേശത്തുനിന്ന് ഭാര്യമാരെ സ്വീകരിച്ച കുടുംബത്തെ ദൈവം അശുദ്ധമായി കണ്ടില്ല. റൂത്ത് അമ്മയോട് കാണിച്ച ദയാലുത ബോവാസ് വിലമതിക്കുന്നു, ബോവാസ് അവളോട് അലിവ് കാണിക്കുന്നു. ദൈവം അവരുടെ മേൽ വലിയ കൃപ ചൊരിയുന്നു. 

ദൈവം വലിയ കൃപ ചൊരിഞ്ഞിരിക്കുന്നു എന്ന അവബോധമാണ് നല്ലൊരു ആത്മീയജീവിതത്തിന് വഴിയാകുന്നത്. അതിൽ നിന്ന് കൃതജ്ഞതയും മറ്റു മനോഭാവങ്ങളും വളർന്നുകൊള്ളും. അശുദ്ധമെന്നു വിധിക്കപ്പെടുന്ന  ലോകത്തിൽനിന്നു സ്വയം മാറ്റിനിർത്തുന്ന നിഷ്ഠകളല്ല ആത്മീയജീവിതത്തിന്റെ അടയാളം. 

കരുണയില്ലാതെ പോയ അത്തരം വിധിയാണ് യേശുവിനെ ഏറ്റവുമധികം വേദനിപ്പിച്ചത്. മോശയുടെ സ്ഥാനത്തിരിക്കുന്ന അവർ പ്രബോധകരാണ്. എന്നാൽ, ദൈവവചനത്തിന്റെ കാവൽക്കാരെന്നു ധരിച്ച  അവരുടെ വസ്ത്രങ്ങളിലും അധികാര ചിഹ്നങ്ങളിലുമായിരുന്നു അവരുടെ മൂല്യം. അവർ വായിച്ച നിയമാവലികൾ  മറ്റുള്ളവരെ പാപത്തിൽ പിറന്നവരായി കാണാനാണ് പഠിപ്പിച്ചത്. ആ വ്യാഖ്യാനം അവരുടെതന്നെ സ്ഥാനങ്ങളെ നിലനിർത്തുന്നവയും അലങ്കരിക്കുന്നവയുമായിരുന്നു. സാധാരണക്കാരുടെ മേൽ ഭാരങ്ങൾ ഏല്പിച്ചുകൊണ്ട് അവർ ശ്രേഷ്ഠരും ധര്മിഷ്ഠരും വിശുദ്ധരുമായി. 

അശുദ്ധരായി വിധിക്കപ്പെട്ടവർ ദൈവകൃപ സ്വീകരിക്കുന്നത് കണ്ട യേശു ആനന്ദത്താൽ നിറയുന്നതും നമ്മൾ കാണുന്നു. അവർ എളിയവരും, ശിശുക്കളും, തളർന്നവരുമാണ്. എങ്കിലും അവരുടെ വ്യഥകളിൽ അവർ ദൈവത്തെ അറിയുമ്പോൾ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഓരോരുത്തർക്കുമായി വെളിപ്പെടുകയാണ്. അതിലെ ഓരോ അംശത്തിലും വലിയ സമൃദ്ധിയുണ്ട്. 

ദൈവരാജ്യത്തിലെ സദ്യ

വിരുന്നിനു വിളിക്കപ്പെട്ടവരെല്ലാം വന്നുചേർന്നു, ഭോജനശാല നിറഞ്ഞു. പ്രധാനസ്ഥാനങ്ങളും പ്രത്യേക വിഭവങ്ങളും പ്രതീക്ഷിച്ചവർ നെറ്റി ചുളിച്ചു. കറിക്കൂട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാം സാധാരണ വിഭവങ്ങൾ; മാത്രമല്ല 'സാധാരണക്കാരുടെ' ഒപ്പം ഒരു ഊണ്. ഞങ്ങൾ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പ്രധാനികളായ കുറേപ്പേർ ഇറങ്ങിപ്പോയി. ഹോട്ടലിൽ ഇരുന്നു മുന്തിയ ഭക്ഷണം കഴിക്കുമ്പോൾ അവർ തീരുമാനിച്ചു, സദ്യ എന്താണെന്നു കാണിച്ചു കൊടുക്കണം. ഒരു സ്റ്റേഡിയം തന്നെ ഒരുങ്ങി, സദ്യമാത്രമല്ല ആട്ടവും പാട്ടും മേളവും. ഉഗ്രൻ പ്രകടനം.

ദൈവരാജ്യത്തിലെ സദ്യക്ക് രുചിയില്ലെന്നു നിനച്ചിരിക്കുന്ന കാലമാണിത്, രുചി കൂട്ടുവാനും രാജ്യം നിലനിർത്തുവാനും സ്വന്തം പദ്ധതിയിടുന്നവർ ഏറുകയാണ്. ക്രിസ്തുവിനു പോലും ശക്തിയില്ലെന്നു തോന്നിത്തുടങ്ങിയ നല്ല ഉരിശുള്ള ശിഷ്യരിന്നുണ്ട്.
രുചികൂട്ടാൻ ഭക്തിയും അനുഷ്ഠാനവും അമിതമാക്കി അന്ധവിശ്വാസവും വിഗ്രഹാരാധനയുമാക്കിത്തീർത്ത പാചകക്കാരുമുണ്ട്. സർവശക്തനും സർവ്വവ്യാപിയുമായ ദൈവത്തെക്കാൾ ശക്തിയും ഫലവുമാണ് ചില ഭക്തികൾക്കും ഭക്തവസ്തുക്കൾക്കും.
ദൈവരാജ്യത്തിൽ വിരുന്നിനു നമ്മുടെ സാധാരണ ജീവിതങ്ങളിലെ നൈര്മല്യങ്ങളുടെ രുചിയും ഗന്ധവുമാണ്. എത്ര ആത്മാർത്ഥതയോടും അർപ്പണത്തോടും ജീവിക്കാമെന്നതാണ് പ്രധാനം.

ഓഗസ്റ്റ് 17, 2021

പട വെട്ടുന്നത്

 കുഞ്ഞുങ്ങൾക്ക് ഭയമൊഴിഞ്ഞു പുഞ്ചിരിക്കാനുള്ള നിമിഷങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ നേടുന്നതെന്ത് തന്നെയെങ്കിലും അതിലെ നേട്ടമെന്താണ്? അയൽക്കാരുടേതോ, കു
ടുംബത്തിനുള്ളിലേതോ രാഷ്ട്രങ്ങളുടേതോ ആവട്ടെ, സംഘർഷങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്ന എന്തും ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് കുഞ്ഞുങ്ങളെയാണ്. ഭീതി നിറഞ്ഞ ആ കുഞ്ഞു മുഖങ്ങളെ കാണാൻ കഴിയാതെ പട വെട്ടുന്നത് എന്തിന് വേണ്ടിയാണ്? 

കൊള്ള ചെയ്യുന്ന മാന്യന്മാരുടെ കള്ളച്ചൂതുകളാണ് യുദ്ധമുണ്ടാക്കുന്നത്. വേദനകൾ പോലും നിശബ്ദമാക്കപ്പെടുന്നത് മനുഷ്യരായുള്ളവരെ ഉലക്കണം. ഒരു വിശ്വാസവും ദൈവവും അക്രമത്തിലും  ആയുധവിപണിയിലും സംതൃപ്തമാവില്ല. സംഘർഷങ്ങലും യുദ്ധവും തുടർക്കാഴ്ച്ചയായേക്കാം, എന്തിന്റെ പേരിലും അതിനു ന്യായീകരണമില്ല. 

യുദ്ധം തുടങ്ങുന്നത് ഹൃദയത്തിലാണെന്നത് സ്വയം ഓരോരുത്തരും താക്കീത് ചെയ്യണ്ട സത്യം.

ഓഗസ്റ്റ് 15, 2021

പുതുക്രിസ്തു

ക്രിസ്തുവിന്റെ ശരീരം തങ്ങൾ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് കാവൽക്കാർ പ്രചരിപ്പിച്ചിരുന്നല്ലോ. ഒളിപ്പിച്ചു വച്ചിരുന്നിടത്തു നിന്നും അവൻ ഉയിർത്തു വന്നു എന്ന പുതിയൊരു കഥ അവർ പ്രചരിപ്പിച്ചു. ഒത്ത ശരീരമുള്ള ഒരു 'ക്രിസ്തുവിനെ' കയ്യപ്പാസും കൂട്ടരും ഏർപ്പെടുത്തുകയും ചെയ്തു. "നമുക്കിടയിൽ ഒരുമയുണ്ടാകേണ്ടതിന് നമുക്കെല്ലാവർക്കും ഒരേപോലെ ഞാൻ പറയുന്നതുപോലെ ഈ ക്രിസ്തുവിനെ വണങ്ങാം." ഇടക്കിടക്ക് അവർ ആ ക്രിസ്തുവിനെ രഹസ്യങ്ങളുടെ പുകച്ചുരുളിൽ മറക്കുകയും മഹത്വത്തിന്റെ മേഘങ്ങളിലേക്കുയർത്തുകയും ചെയ്തു. ഓശാനപാടി കൈ കൊട്ടി ആർത്തു പാടിയവർക്ക്, മിശിഹാ ഒരു ശത്രുവാണെന്നു മനസിലാക്കാൻ ഒരു ഇരുളിന്റെ സമയം പോലും വേണ്ടിയിരുന്നില്ലല്ലോ. ഈ ക്രിസ്തുവിന്മേൽ മിശിഹായുടെ സേനയുടെ അടിസ്ഥാനം ഇടപെടും.

എങ്ങനെ ആരാധിക്കണം എന്ന് കയ്യാപ്പാസ് പറഞ്ഞത് 'ക്രിസ്തു' പോലും അനുസരിച്ചു. നമ്മൾ രൂപപ്പെടുത്തിയ മിശിഹാസേനയെ അംഗീകരിക്കാത്ത എല്ലാവരും ദൈവദോഷികളാണ്. അവരെ വിശ്വസിക്കരുത്. അവരുമുഴുവൻ നശിക്കാൻ നമുക്ക് ഉപവസിച്ചു ബലിയർപ്പിച്ചു പ്രാർത്ഥിക്കണം. സകല ഭാഷകളിലും ലഭ്യമായ അസഭ്യങ്ങൾ പഠിച്ചെടുത്ത് ക്രിസ്തുവിനെയും മിശിഹാസേനയെയും പ്രതിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ ദൈവം മരിച്ചു പോകും. ആക്രോശം, വെല്ലുവിളി, പക, പ്രതികാരചിന്ത, വെറുപ്പ് എന്നിവ പുതുക്രിസ്തുവിന്റെ സാധാരണ ഭാഷയായി. മൂർച്ചയേറിയ ആയുധങ്ങൾ തട്ടി ഉള്ളിൽ തന്നെ മുറിവ് വന്നു തുടങ്ങി. 

ചിലർ മിശിഹാസേന വിട്ടകന്നു. ചിലർ പുതുക്രിസ്തുവിന്റെ അടുത്ത് വന്നു ചോദിച്ചു: ഞങ്ങൾക്ക് വേണ്ടി നിന്നിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ?" "എന്റെ അടുത്ത് വരരുത്, സ്പർശിക്കരുത്." അയാൾ പറഞ്ഞു. കയ്യാപ്പാസ് ഇടപെട്ടു. "നിങ്ങളും അവിശ്വാസികളുടെ ഗണത്തിലുള്ളവരാണ്, റോമാക്കാരുടെ എച്ചിൽ തിന്നുന്നവരാണ്. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കും, ഞാൻ പറയുന്നത് പോലെ നിങ്ങൾ വണങ്ങും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് നിങ്ങളും പറയും." 

അധികാരചിഹ്നങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ ക്രിസ്തുരൂപം അതണിഞ്ഞയാൾക്കു പോലും ഭാരമായിരുന്നു. എങ്കിലും അയാൾക്ക്‌ വേണ്ടി പ്രവാചകരുണ്ടായി. പ്രവാചകർ ചെറുദൈവങ്ങളായി. കലഹത്തിന്റെ ഭാഷ ആരാധനയാക്കി അനേകം പുകക്കുഴലുകളിലൂടെ വായുവിൽ കലർത്തി. ധൂപത്തിലെ വിഷം ശ്വസിച്ച് അനേകർ പിടഞ്ഞു വീണു. പെസഹാതിരുനാളും, കൂടാരത്തിരുനാളും മുറപോലെ നടന്നു. ചിലർ അവരുടെ ആത്മാവിൽ വിലപിച്ചു തുടങ്ങി: "ഞങ്ങൾക്ക് വേണ്ടി ക്രിസ്തുവിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ, അതിലെ സ്നേഹമെവിടെ?" കയ്യാപ്പാസിന്റെ ശബ്ദഘോഷങ്ങളിലെ ഓശാനകളിൽ അവ കേൾക്കപ്പെടില്ല. 

---------------------------------------------------------------------- 

"അവനെ സ്നേഹിച്ചവർക്ക് അവൻ ദൈവമക്കളാകുവാൻ വരം നൽകി." ഗലീലിയിലെ സാധാരണക്കാർക്കിടയിൽ അവർ ക്രിസ്തുവിനെപ്പോലെ ജീവിച്ചു.  അധികാരമല്ല സ്നേഹത്തിന്റെ ആധികാരികതയാണ് അവരെ പരസ്പരം ചേർത്ത് നിർത്തിയത്. ക്രിസ്തുവിന്റെ കൃപ അവരോടുകൂടെയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന, സ്വീകരിക്കുന്ന സ്നേഹം അവന്റെ ഹൃദയത്തിലുണ്ടായിരുന്നു. 

ഓഗസ്റ്റ് 14, 2021

ഹൃദയബന്ധമാണ് വചനം

ദൈവമെന്തെന്നോ ആരെന്നോ അതിന്റെ പൂർണതയിൽ ഒരു സൃഷ്ടിക്കും മനസിലാക്കാനാവില്ല. ഏതെങ്കിലും പേരിലേക്ക് ചുരുക്കാനുമാവില്ല. അതുകൊണ്ടാവണം ദൈവത്തിന്റെ പേരായി "ഞാനെന്താണോ അതാണ് ഞാൻ" എന്ന് ദൈവം പറഞ്ഞത്. ആയിരം പേരുകൾ പോലും മതിയാവാതെ വരുന്നതുകൊണ്ടാവണം സഹസ്രനാമ വർണ്ണനകൾ പല പാരമ്പര്യങ്ങളിലുമുള്ളത്. അക്ഷരങ്ങളിലല്ല, ഹൃദയനൈര്മല്യത്തിന്റെ ആഴത്തിലേ (trust and intimacy) ദൈവത്തെ അറിയാനാകൂ. ആ അറിവിലേ ദൈവത്തിന്റെ പേരറിയാനാകൂ. 

ദൈവത്തെക്കുറിച്ച് മനുഷ്യൻ അറിയേണ്ടതും, സ്വന്തം ജീവിതത്തെ എങ്ങനെ സമ്പൂര്ണമാക്കണമെന്നുമുള്ളത് യേശുവിൽ നിന്നറിയാം. വചനം മാംസം ധരിച്ചു നമുക്കിടയിൽ വസിച്ചതാണ്. ദൈവം ഉച്ചരിച്ച വാക്കല്ല വചനം, ദൈവം പ്രവർത്തിക്കുന്നതും സകലതും ദൈവത്തിലേക്ക് ചരിക്കുന്നതുമായ വഴിയാണ് വചനം.സകലനാമരൂപങ്ങളും, ജനിമൃതികളും, ബോധോദയവും, സംസ്കാരങ്ങളും, പ്രപഞ്ചഗതികളും ഉൾക്കൊള്ളുന്നതാണ് ആ വചനം.  മതപാരമ്പര്യങ്ങളുടെ നിർവചനങ്ങളിൽ ഒതുക്കാനാവുന്നതല്ല വചനം. പതിയെ രുചിച്ചറിയേണ്ട ഹൃദയബന്ധമാണ് വചനം. 

ഓഗസ്റ്റ് 13, 2021

അവസാനകാലം: അഭിഷേകവും ഒരുക്കവും

ഓരോ ദുരന്തകാലവും അവസാന നിമിഷങ്ങളാവണം. പരിചിതമായിത്തീർന്ന തിന്മകളെ ഉപേക്ഷിക്കുവാൻ അനിഷ്ടസംഭവങ്ങൾ ചിലപ്പോൾ നമ്മെ നിർബന്ധിച്ചേക്കാം. എന്നാൽ ആ കടന്നു പോകൽ അനിവാര്യമാണ്. പ്രതിസന്ധിഘട്ടങ്ങൾ തന്നെ തുറക്കപ്പെടേണ്ടതായ വഴികൾ കാട്ടിത്തരും. ആ ഒരുക്കങ്ങളെ വിവേചിച്ചറിയാനും സ്വയം നവീകരിക്കുവാനുമാണ് അഭിഷേകം ആവശ്യമായുള്ളത്. മതവും വിശ്വാസവും വഴികാട്ടിയാകാം, നവീകരണത്തിൽ അവ ലക്ഷ്യമാവരുത്.

............
ഇന്ന് നമ്മൾ ഒരു കടന്നുപോകലിന്റെ സമയത്താണ്. ഭയാനകവും ദയനീയവുമായ ഒരവസ്ഥ നമ്മൾ നേരിൽ കാണുകയാണ്. ജൈവ മണ്ഡലവും അതുൾക്കൊള്ളുന്ന ജീവരൂപങ്ങളും നേരിടുന്ന ഭീഷണി അതിവിദഗ്ദരായവർക്കു പോലും മനസിലാക്കാൻ കഴിയുന്നതിലും വലിയ തോതിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനങ്ങൾ, വളരുന്ന സംഘർഷങ്ങൾ, വിരലിലെണ്ണാവുന്നത്ര ആളുകളിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തും അധികാരവും തുടങ്ങിയവ നമ്മളുടെ പശ്ചാത്തലമാകുമ്പോൾ, ഇത്തരം അവസ്ഥകളോട് സമൂഹത്തിന്റെ പ്രതികരണം വീഴ്ചക്കോ അതിജീവനത്തിനോ വഴിയൊരുക്കുന്നു. വീണ്ടുവിചാരത്തിനു തയ്യാറാകുന്നില്ലെങ്കിൽ 2050 ഓടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രങ്ങളുടെയും അന്തർദേശീയ ലോകക്രമങ്ങളുടെയും തകർച്ചയിലേക്ക് എത്തിച്ചേർന്നേക്കാം. ആരോഗ്യ മേഖലയിലും സാമ്പത്തിക സാമൂഹികരംഗത്തും ഈ അവസ്ഥ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യകളിലെ അധാർമികത അന്തര്ദേശീയതലങ്ങളിൽത്തന്നെ അരക്ഷിതാവസ്ഥകൾ രൂപപ്പെടുത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അസ്ഥിരതയും, അക്രമങ്ങളുടെയും കലാപങ്ങളുടെയും സംഘർഷങ്ങളുടെയും വർദ്ധനയും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലുള്ള അനിശ്ചിതാവസ്ഥയും സാംസ്‌കാരിക തനിമയും സമൂഹത്തിന്റെ നിലനില്പും ഇല്ലാതാക്കിയേക്കാം.
മുമ്പുണ്ടായിരുന്ന ദുരന്തങ്ങളിൽ നിന്നും കരകയറിയവയുടെ വിവരണങ്ങളും അവയിൽ നിന്നുള്ള പാഠങ്ങളും ഓർമകളിൽ ക്രോഡീകരിച്ചു പകർന്നു നല്കപ്പെട്ടവയാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ളത്. ആകെയുലച്ചുകളയുന്ന ഓരോ ദുരന്തവും ഒരു അവസാനകാലമായിത്തന്നെ കാണേണ്ടതുണ്ട്. എങ്ങനെ അതിലൂടെ കടന്നുവന്നു നവീനതയിൽ വീണ്ടും ജനിക്കുന്നു എന്നതാണ് വ്യക്തികളായും സമൂഹമായും ധ്യാനിക്കേണ്ടത്. തുടർന്നു കൊണ്ടുപോരുന്ന അപചയങ്ങളുടെ സംവിധാനങ്ങളെ സ്വന്തം ഇഷ്ടത്തോടെ ഉപേക്ഷിക്കുവാൻ കഴിയാതെ സമൂഹത്തിന്റെ തന്നെ ജീർണ്ണത അനുവദിച്ചു കൊടുക്കുമ്പോൾ, ഒരു ദുരന്തം സമൂഹത്തെയൊന്നാകെ അത്തരം മാറ്റങ്ങൾക്കായി നിർബന്ധിച്ചേക്കാം. മാറ്റിക്കളയേണ്ടവയെ ഉപേക്ഷിച്ചുകൊണ്ട്, യഥാർത്ഥത്തിൽ എന്താവണമോ അത്തരം ജീവിതക്രമത്തിലേക്കു നടന്നടുക്കാനുള്ള അവസരം കൂടിയാണ്. അതിരുകളില്ലാത്ത ഒരു സമൂഹമായേ ഈ അതിജീവനം സാധ്യമാകൂ എന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്.
ഇത്തരം മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദുരന്തപശ്ചാത്തലങ്ങൾ ഇതിവൃത്തമാക്കി പല കാവ്യാത്മക രചനകളും ഉണ്ടായിട്ടുണ്ട്. നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. Paradise Lost, Divine Comedy എന്നിവക്കും Nostradamus ന്റെ എഴുത്തുകൾക്കും ഇത്തരം പശ്ചാത്തലങ്ങളുണ്ടായിരുന്നു. വിശ്വാസത്തകർച്ച, മൂല്യച്യുതികൾ, രാഷ്ട്രീയമായ അട്ടിമറികൾ, പ്രകൃതിദുരന്തങ്ങൾ പീഢനങ്ങൾ തുടങ്ങിയവയാണ് ഏത് അന്ത്യകാലപ്രവചന ശൈലിയുടെയും പശ്ചാത്തലം. റോമിന്റെ പീഢന പശ്ചാത്തലമാണ് വെളിപാടിന്റെ പുസ്തകത്തിന്റേത്. പലവിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാർത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. ഇവിടെ, വരാനിരിക്കുന്നു എന്ന് അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങളോ പ്രത്യേക പ്രതിഭാസങ്ങളോ, സത്യത്തിൽ നേർക്കുനേർ അഭീമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. കൂടാതെ ഇത്തരം ദർശനങ്ങൾ സ്വീകരിക്കുന്നവരോ പ്രവചനങ്ങൾ നടത്തുന്നതോ ആയ ആളുകളുടെ വ്യക്‌തിസ്വഭാവവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാൻ.
പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, പ്രളയങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വർഷങ്ങളായി ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകൾ, തെളിഞ്ഞുവരുന്ന കര, കടൽ വിഴുങ്ങുന്ന കരഭാഗങ്ങൾ, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോൾ നമുക്ക് ആശങ്കയുണർത്തുമെന്നു തീർച്ച. നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ, ഗോളാന്തരതലത്തിൽ പലസംസ്കാരങ്ങളുടെ സമാഗമം നമുക്ക് നേർക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോൾ, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പലതലങ്ങളിൽ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകൾക്കു രൂപമാറ്റം ഉണ്ടാകുമ്പോൾ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. വ്യാഖ്യാനങ്ങൾ അവയെ സാമാന്യവല്കരിക്കുമ്പോൾ ആകസ്മികമായി സംഭവിക്കുന്നതിലെല്ലാം അവസാനത്തിന്റെ കൂടുതൽ 'അടയാളങ്ങൾ' നൽകിക്കൊണ്ടിരിക്കും, അന്ത്യം അടുത്തെത്തിയെന്നു ഉറപ്പാക്കാനുമാകും.
ചരിത്രസംഭവങ്ങളെ ആലങ്കാരികമായി എടുത്തുകൊണ്ട് ആത്മീയപാഠം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവയിൽ ആലങ്കാരികമായാണ് അർത്ഥം നല്കിയിരിക്കുന്നതെന്നും, അവയെ അങ്ങനെയേ കാണാവൂ എന്നും നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ട വിവേകം നമുക്കാവശ്യമാണ്. എല്ലാറ്റിനും ആത്മീയകാരണങ്ങളും പരിഹാരങ്ങളും കാണുന്നത് ശരിയല്ല. സമൂഹത്തിലെ മാറ്റങ്ങൾ, പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്, സാമൂഹിക രാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ആത്മീയമായ അളവുകോലുകൾ ഉപയോഗിക്കുന്നത് വിവേകരഹിതമാണ്. സങ്കീർണതകൾക്കു നടുവിൽ അർത്ഥം തേടുക മാനുഷികമാണ്, ഉത്തരം കിട്ടാതെ വരുമ്പോൾ യുഗാന്ത്യപ്രവചനശൈലി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം, അതിനിടയിൽ സ്വീകാര്യമായ ഉത്തരമായി പിശാചും. അപക്വമായ വ്യാഖാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്കാരം, മതം എന്നിവയിലെ ചരിത്രപരമായ പരിണാമവും വളർച്ചയും വിദഗ്ദമായി നിരീക്ഷിക്കുക എന്നതാണ് ഉചിതം. വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള സമീപനം നമുക്ക് കൂടുതൽ പ്രതീക്ഷ നൽകും, അതിജീവനത്തിനു കരുത്തേകും. എന്നാലും ബുദ്ധിയും പഠനവും പൈശാചികമാണെന്നും, എല്ലാം ആത്മീയമായി വ്യാഖ്യാനിക്കണമെന്നും കരുതുന്ന ശൈലി വികലമായ വിശ്വാസസമീപനമായേ കരുതാനാകൂ.
വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാർത്ഥ സൂചകങ്ങൾ അവയാണ്. പരമ്പരാഗത രീതികളിൽനിന്ന് അവ മാറിയിട്ടുണ്ടെങ്കിൽ അതിനനർത്ഥം അതിനു പിറകിൽ പിശാചാണ് എന്നല്ല. അവയിൽ ചേർത്തുവയ്ക്കുന്ന വചനാംശം കാണാൻ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാർത്ഥ നവീകരണം. നവീകരണം എന്നത് തിരിഞ്ഞുനടക്കലാണെന്നത് തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളിൽ അവയെ തിരിച്ചറിയുകയും കൂടെനടക്കുകയും ആണ് പ്രധാനം.
ജീവിതക്രമങ്ങളിൽനിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. പ്രതിബദ്ധതയോടെയും സമർപ്പണബോധത്തോടെയും ചെയ്യുന്ന ദിനചര്യകളിലും തൊഴിലുകളിലും, മതാനുഷ്ഠാനങ്ങൾ നൽകുന്നതിനേക്കാൾ ദൈവസംപ്രീതിയും വിശുദ്ധിയും ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. കാരണം, ലോകവും ശരീരവും നമ്മിൽ പറ്റിപ്പിടിച്ച അഴുക്കുകളല്ല, കൗദാശികമായ അടയാളങ്ങളാണ്, ദൈവപ്രവൃത്തികളുടെ കാണപ്പെടുന്ന സാന്നിധ്യമാണ്.
ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ടാനങ്ങളിലേക്കു ചുരുക്കപ്പേടാവുന്ന ആത്മീയതയല്ല നവീകരണത്തിനായി നമുക്കാവശ്യമായുള്ളത്. ഓരോ ദുരന്തവും കടന്നു പോകുവാൻ ദൈവം തരുന്ന കൃപകൂടി നമ്മിലുണ്ട്. തകർച്ചകളെ സത്യസന്ധമായി മനസിലാക്കാനും, കാരണങ്ങളും പരിഹാരങ്ങളും വിവേചിച്ചറിയാനും, അവയെ വേണ്ടവിധം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ കഴിയുന്നതുമാണ് സമഗ്രമായ ആത്മീയത ലക്‌ഷ്യം വയ്‌ക്കേണ്ടത്. അവിടെയാണ് യഥാർത്ഥ നവീകരണവും അഭിഷേക സ്പർശവും. മതത്തോടും വിശ്വാസത്തോടുമുള്ള സമീപനത്തിലെ നവീകരണ യത്നങ്ങൾ ജീവിതയാത്രത്ഥ്യങ്ങളെ സ്പർശിക്കുന്നില്ലെങ്കിൽ അത് ഓടിയൊളിക്കാൻ മാത്രമല്ല കപടതകൂടിയാണ്.
നന്മകൾക്ക് പകരം സ്വാർത്ഥതയും അത്യാഗ്രഹവും കലർത്തിയ വാണിജ്യതാല്പര്യങ്ങൾ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് നമുക്കെതിരെ നിൽക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൂടെക്കൂടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ആഗോള തലത്തിൽ യുദ്ധസാധ്യതകൾ വരെയുണ്ടാക്കും വിധം വലിയ സാമ്പത്തികഭാരമാണ് സൃഷ്ടിക്കുന്നത്. എന്നാലും അർത്ഥപൂർണ്ണവും ക്രിയാത്മകവുമായ ഒരു പ്രതിപ്രവർത്തനം വളരെ ചെലവേറിയതാണെന്ന നിഗമനത്തിൽ രാഷ്ട്രീയാധികാരങ്ങൾ വേണ്ട നടപടികൾ എടുക്കുവാൻ വിമുഖത കാണിക്കുന്നു. അതുകൊണ്ടുതന്നെ, ഹ്രസ്വകാലത്തേക്കുള്ള താല്പര്യങ്ങളെ സംരക്ഷിക്കുവാൻ പോരുന്ന ആദർശങ്ങളുടെ കടന്നുകയറ്റം നമുക്ക് യഥാർത്ഥത്തിൽ ആവശ്യമായിരിക്കുന്ന ത്യാഗങ്ങളെ രാഷ്ട്രീയപരമായി അനുചിതമായും കാണുന്നു. വികസനത്തിന്റെയും സുരക്ഷയുടെയും നല്ല ചമയങ്ങളിൽ അവരുടെ ലാഭങ്ങളെ വർദ്ധിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. സാമ്പത്തികരംഗത്തു മാത്രം എന്തെങ്കിലും നയരൂപീകരണം കൊണ്ടും പരിഹാരമുണ്ടാക്കാനാവില്ല. സാമ്പത്തികരംഗത്തെ നിയന്ത്രിക്കുന്ന വ്യവസായസംരംഭകരും നിയമനിര്മാതാക്കളും ഒരുപോലെ ശ്രമിച്ചെങ്കിലേ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനാകൂ. രാഷ്ട്രീയസാമ്പത്തിക സംവിധാനങ്ങളും അവയെ നിയന്ത്രിക്കുന്നവരും ഇത്തരത്തിലുള്ള അവസ്ഥയെ നേരിടുവാൻ ഏതു തരത്തിലുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നും എന്താണ് അവർക്കു ചെയ്യുവാൻ കഴിയുന്നതെന്നും ആലോചിക്കേണ്ട സമയമായിരിക്കുന്നു. കുത്തകമുതലാളിത്ത വ്യവസ്ഥിതി, വിദ്യാഭാസം, തുല്യത എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. ധ്രുവീകരണശൈലിയിലുള്ള സാമ്പത്തിക വളർച്ച നീക്കം ചെയ്യപ്പെടണം. ഭക്ഷ്യവസ്തുക്കൾ മെച്ചപ്പെട്ട രീതിയിൽ വിതരണം ചെയ്യുവാൻ സംവിധാനങ്ങൾ ഒരുക്കുക. ആദര്ശങ്ങളെക്കാൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികനയങ്ങൾ നമുക്കുണ്ടാവണം. അനാരോഗ്യകരമായ ഇത്തരം പ്രവണതകൾക്ക് മതങ്ങൾ കീഴ്‌പ്പെട്ടിട്ടുണ്ടെങ്കിൽ ആ ജീർണ്ണതകളെ ഉരിഞ്ഞു കളയുവാൻ മതവും അതിന്റെ വ്യാപാരതന്ത്രങ്ങളും തയ്യാറാവണം. അല്ലാതെ മാനസാന്തരമോ ഒരുക്കമോ ഉണ്ടാവില്ല. ആത്മീയ ഉല്ലാസം, തീർത്ഥാടന വിനോദയാത്ര, പ്രഘോഷകരെ കേന്ദ്രീകരിക്കുന്ന താരാരാധന, ആത്മീയ പരസ്യം തുടങ്ങിയവ ലൗകികവും ഉപഭോഗസംസ്കാരത്തിന്റെ ഭാഗവുമായി തിരിച്ചറിഞ്ഞു നവീകരണം സ്വീകരിക്കുവാൻ നമുക്ക് കഴിയേണ്ടതല്ലേ?
മനുഷ്യരുടെ മാത്രം ആരോഗ്യം സമ്പത്ത് ക്ഷേമം തുടങ്ങിയവയിലുള്ള വലിയ ഊന്നൽത്തന്നെ, ആവാസവ്യവസ്ഥിതിയെത്തന്നെ ക്ഷയിപ്പിക്കുന്ന വിധം വലിയ അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്. വിപരീതദിശയിൽ വന്നുകൊണ്ടിരിക്കുന്ന ഇത്തരം പരിണതഫലങ്ങളെക്കുറിച്ച് കൃത്യമായും സത്യസന്ധമായും ഭരണസംവിധാനങ്ങളോടും വ്യവസായപ്രമുഖരോടും പൊതുജനങ്ങളോടും വേണ്ട സമ്പർക്കവൈദഗ്ധ്യത്തോടെ ശാസ്ത്രജ്ഞരും സംസാരിക്കേണ്ടതായുണ്ട്. ഈ പ്രയത്നത്തിൽ ശാസ്ത്രത്തിന്റെ പങ്കു വലുതാണ് എന്നാൽ ശാസ്ത്രത്തിനു മാത്രം പരിഹരിക്കാവുന്നതല്ല.
മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, യഥാർത്ഥത്തിൽ പ്രധാനമായവയെ തിരിച്ചറിയാനും പ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റിനിർത്താനും ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവർത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാൽ ഇതിന്റെ വിപരീത ദിശയിൽ വാണിജ്യതാല്പര്യങ്ങൾ പ്രകൃതിക്കുമേൽ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിർത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുൻനിർത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ. സകലമനുഷ്യരുടേയും ഹൃദയങ്ങളിൽ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവർഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തിൽ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. നന്മയിലാണ് നമ്മൾ ഐക്യപ്പെടുന്നതും പരസ്പരമുള്ള ആരോഗ്യവൽക്കരണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. ചെയ്യുന്ന നന്മകളെന്നപോലെതന്നെ നന്മയുടെ ഹൃദയത്തിനുടമയാകാനും കഴിയണം. അപ്പോഴേ നന്മ തേടാനും, നന്മയുടെ ഒരുപൊതുദർശനം ജീവിതമാതൃകയാക്കാനും കഴിയൂ. ഇന്നാളു വരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും ഈ നന്മയെത്തന്നെ ലക്‌ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങൾ കൈമാറാനും, കൂട്ടായ പ്രയത്നത്തിനും സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.
കോടാനുകോടി വർഷങ്ങൾക്കപ്പുറം പ്രപഞ്ചം അതിന്റെ ഊർജ്ജഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം. പിന്നീട് ജീവനും അപ്രത്യക്ഷമാകും. സൂര്യൻ നിർജ്ജീവമായിക്കഴിയുമ്പോഴേക്കും ഇന്നത്തെ ജീവന്റേതിൽ നിന്നും തീർത്തും വ്യത്യസ്തമായ ജീവരൂപം രൂപപ്പെട്ടേക്കാം. നമ്മുടെ സങ്കല്പങ്ങൾക്കതീതമായതും ആവും അത്.
ലോകാവസാനത്തെക്കുറിച്ച് വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കിൽ അങ്ങനെയാവട്ടെ. യുഗാന്ത്യം എന്ന പ്രയോഗം ഒരു സാംസ്കാരിക അവതരണമാണ്. അത് മനസ്സിലാക്കാൻ ഒരു സംസ്കാരം കാലത്തെ എങ്ങനെ മനസിലാക്കുന്നു എന്നറിയണം. ലോകാന്ത്യത്തെക്കുറിച്ച് മതപരമായ വർണ്ണനകൾ വിശ്വാസത്തിന്റെ വ്യാപ്തിയോടെയാണ് കാണേണ്ടത്. മതത്തിന്റെ വർണ്ണനകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതീകങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെപോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്നു ആരെങ്കിലും പറഞ്ഞാൽ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.
ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയിൽ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂർത്തീകരണമാണ് 'രണ്ടാംവരവിൽ' നൽകുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം സൃഷ്ടി അതിന്റെ പൂര്ണതയെ കാത്തിരിക്കുന്നു. അതിലേക്കു നമ്മളെ ഒരുക്കുകയാണ് സുവിശേഷം ചെയ്യുന്നത്. സുവിശേഷം എന്നാൽ മത്തായി മുതൽ യോഹന്നാൻ വരെയുള്ള പുസ്തകങ്ങളിലെ വാക്യങ്ങളല്ല, ക്രിസ്തുവിന്റെ സമീപനങ്ങളാണ്. സുവിശേഷപ്രഘോഷകർ എന്ന നിലയിൽ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുൻഗണനകളും ക്രിസ്തുസമീപനങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ. നമ്മുടെ മാനസാന്തരം, തുടർന്ന് ജീവിക്കാനാവശ്യമായ അഭിഷേകം, ഇവ രണ്ടിനുമായുള്ള ഒരുക്കം എന്നിവ മേല്പറഞ്ഞ ഇന്നത്തെ പശ്ചാത്തലങ്ങളെ കാര്യമായെടുത്തു കൊണ്ടേ സാധ്യമാകൂ. അവ മുന്നോട്ടു വയ്ക്കുന്ന വസ്തുതകളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാകുമ്പോഴേ ഈ കടന്നുപോകലിന്റെ യഥാർത്ഥ മാനത്തെ ഉൾകൊള്ളുവാൻ നമുക്ക് കഴിയൂ. പ്രാർത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈർഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നൽകുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറം കാലം നൽകുന്ന വെല്ലുവിളികളിൽ ദൈവരാജ്യത്തിന്റെ സമാധാനവും നീതിയും ഉറപ്പിക്കാൻ എന്തുചെയ്യണമെന്ന പ്രേരണ നമ്മിൽ ജനിക്കേണ്ടതുണ്ട്.
വിശ്വാസപരമായി കാണുമ്പോൾ, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോൾ സൃഷ്ടിയുടെ ലക്‌ഷ്യം പൂർത്തിയാകും. അതുകൊണ്ട് തീർച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചും സാമൂഹികസാമ്പത്തിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്‌ഷ്യം. എത്രമാത്രം ക്രിസ്തുസ്വരൂപമായി മാറാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ ഒരുക്കം. ദുരന്തങ്ങൾ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ഏതൊരുവരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്.
അതുകൊണ്ട്, രണ്ടാം വരവ് എന്നൊക്കെ പറയുമ്പോൾ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാൻ കഴിയുന്ന നന്മകൾ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാൻ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാർത്ഥതയോടെനോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാൻ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകൾ പുറപ്പെടുവിക്കുന്നില്ലെങ്കിൽ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേൽക്കുവാനും നമുക്ക് കഴിയില്ല. ഇനിയുള്ള ലോകം, നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയിൽ കാലൂന്നുകയും നന്മയെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ നടന്നടുക്കുന്ന പ്രത്യാശാപൂർണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.

ജീവശ്വാസമേ ...

ജീവൻ അകന്നു പോയെങ്കിലും അഹന്ത തളർന്നിരുന്നില്ല. അഴുകുമ്പോഴും സുഗന്ധദ്രവ്യങ്ങൾ ഒഴിക്കാൻ ആളുണ്ടായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ ഒന്നടക്കം ചെയ്യുവാൻ കുഴിവെട്ടുകാരനോട് കെഞ്ചേണ്ടതായി വന്നു. വിലകൂടിയ വസ്ത്രങ്ങളും കിരീടവും, ആഭരണങ്ങളും എല്ലാം അയാൾ കുഴിവെട്ടുകാരന് കൊടുത്തു. കഴുകന്മാർ വട്ടമിട്ടു പറന്നു. അവസാന എല്ലിൻ കഷണം പോലും കൊത്തിപ്പറിച്ചു ദൂരെയെറിയുവോളം അയാൾ അഴുകിയുണങ്ങിയ ശരീരത്തിൽനിന്ന് ലാഭം തേടി.
 
ശിഥിലമായ അസ്ഥികൂടങ്ങൾക്ക് സ്ഥായിയായ നിലനിൽപ്പ് നൽകാനാവില്ല. ക്ഷയിച്ചതു പരിഹരിക്കാൻ തടസ്സമായത് അഹന്തയാണ്.
 
"ജീവശ്വാസമേ ആഞ്ഞുവീശുക..." ജീവൻ ഇനിയും വളർന്നു പടരും.
ശവകുടീരങ്ങളിലെ ക്ഷുദ്രജീവികളുടെ സഹവാസം ഉപേക്ഷിച്ചു പുറത്തു വരൂ ...
കെട്ടുകൾ അഴിച്ചു മാറ്റൂ.

ഓഗസ്റ്റ് 12, 2021

ജീവിതത്തിന്റെ ശ്രേഷ്ഠത

വെറുപ്പും അഹന്തയുമില്ലാത്ത ഒരു ജീവിതത്തെയാണ് വിശുദ്ധിയുള്ളതായി കാണേണ്ടത്. അത്തരം ജീവിതത്തിലേ ആന്തരിക സമാധാനം ഉണ്ടാവുകയും ജീവന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യൂ. ജീവിതത്തിന്റെ ശ്രേഷ്ഠതയെ വിചിത്രമായ രീതിയിൽ വരച്ചു കാണിക്കുന്ന പ്രവണതകൾ നമുക്കിടയിലുണ്ട്. സന്യാസിനിയോ വൈദികനോ നൃത്തം ചെയ്യുകയോ പാട്ടുപാടുകയോ ഫുട്ബോൾ കളിക്കുകയോ ചെയ്യുമ്പോൾ അത് വലിയ കാര്യമാണ്, ദൈവത്തിനു മഹത്വമാണ്, എന്നാൽ അത് മറ്റുള്ളവർ ചെയ്‌താൽ ലോകത്തിന്റെ വ്യാപാരങ്ങളാണ്. അത് ദൈവികമാകണമെങ്കിൽ അവർ ഒന്നുകിൽ വൈദികരോ സന്യസ്ഥരോ ആകണം, അല്ലെങ്കിൽ അവർ കൈയിൽ ഒരു ബൈബിളോ മാതാവിന്റെയോ മറ്റോ പടമോ പിടിക്കണം. അപ്പോൾ അത് സാക്ഷ്യമായി.

ക്രിസ്തുവിന്റെ മൂല്യങ്ങൾ ജീവിക്കുന്നത് സാധ്യമാണ് എന്നത് ജീവിതത്തിൽ കാണപ്പെടുമ്പോഴാണ് അത് സാക്ഷ്യമാകുന്നത്. ഒരു പക്ഷേ ഒരാൾ ജീവിതത്തിൽ പാലിക്കുന്ന ക്രിസ്തീയ മൂല്യങ്ങൾ സ്വാധീനിക്കുന്നത് ആ വ്യക്തിയുടെ കുടുംബത്തെ മാത്രമാകാം, എങ്കിലും ക്രിസ്തീയവും ഫലദായകവുമാണത്. ശാന്തതയും സ്നേഹവും പാലിക്കുന്ന ഒരു നേഴ്സ് രോഗിയിൽ ക്രിസ്തുവിനെത്തന്നെ കാണുന്നുണ്ട്. ഡോക്ടറായ പുരോഹിതൻ രോഗിയുടെ അടുത്തെത്തുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമല്ല അത്. 


പരിഹാരം

ഉത്ഥിതനായ ക്രിസ്തു നൽകുന്ന പ്രത്യാശയിലേക്കു കടക്കുവാൻ, കരുണയുള്ള ആ ഹൃദയത്തിലേക്ക് നോക്കുവാൻ, ക്രിസ്തു നമുക്ക് നൽകിയ കൃപയെ അതിന്റെ നിറവിൽ സ്വീകരിക്കുവാൻ പ്രേരിപ്പിക്കേണ്ടിയിരുന്ന  'ദൈവകരുണയുടെ യേശു' പരിഹാരങ്ങളിൽ സംതൃപ്‍തനാകുന്ന ഒരു പുതിയ ദൈവത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 

ത്യാഗം, പശ്ചാത്താപം, പരിഹാരം എന്നിവയൊക്കെ പരസ്പരമുള്ള ബന്ധങ്ങളിൽ നമുക്ക് നവീകരണം നൽകണം, ക്രിസ്തുവിനൊത്തതല്ലാത്തതൊക്കെ ഇല്ലാതാക്കുവാൻ നമ്മെ സഹായിക്കണം. അതാഗ്രഹിക്കാത്ത ത്യാഗങ്ങളിൽ ആന്തരിക ചൈതന്യമില്ല. വേദന കണ്ടു തൃപ്തിപ്പെടുന്ന ദൈവം ക്രിസ്തുവിനു അന്യനാണ്. ക്രിസ്തുവിന്റെ സഹനം സ്നേഹത്തിന്റെ ഭാഗമാണ്, വിശ്വസ്തതയുടെ പൂര്ണതയാണ്‌. ആ സ്നേഹവും വിശ്വസ്തതയും അനുകരിക്കാനുള്ള കൃപയാണ് നമ്മൾ തേടേണ്ടത്. അതാണ് ദൈവകാരുണ്യ ഈശോയോടുള്ള ഭക്തി.

....................... 

എഴുപതു പടികളുള്ള പള്ളിയുടെ നടകൾ അമ്പത് പ്രാവശ്യം കയറിയിറങ്ങാൻ 'ഈശോ' പറഞ്ഞുവത്രേ! ആ ഈശോയും ബൈബിളിൽ നിന്നോ സ്വർഗ്ഗത്തിൽ നിന്നോ അല്ല. 

ഓഗസ്റ്റ് 10, 2021

'ഇതിന്റെ' സുവിശേഷം

കറിയിൽ ഉപ്പു കൂടി പോയെങ്കിൽ, പല്ല് മഞ്ഞച്ചിരിക്കുന്നെങ്കിൽ, ടോയ്‌ലെറ്റിൽ ദുർഗന്ധമുണ്ടെങ്കിൽ, മുറിയിൽ പാറ്റാശല്യം ഉണ്ടെങ്കിൽ 'ഇത്' ചെയ്തു നോക്കൂ... വീഡിയോ ആയും മറ്റു ലിങ്കുകളായുംപതിവായി കാണുന്ന ഒന്നാണിത്. ഈ 'ഇതിനെ' അനുകരിച്ച് ആത്മീയതയിലും ഇത് കടന്നു വന്നിരിക്കുന്നു.

ഇത് കിട്ടാൻ, ഇത് സാധിക്കാൻ, കാര്യങ്ങൾ നിറവേറാൻ, ഈ ബന്ധനം മാറാൻ 'ഇത്' ചൊല്ലി നോക്കൂ, ഇത് ചെയ്തു നോക്കൂ... ദൈവാരാധന പോലും 'ഇതിനു' വേണ്ടിയാണ്, അത്ഭുതങ്ങളുടെ ആരാധനയല്ലെങ്കിൽ ഒരു ഇതില്ല. സാധാരണ ആരാധന മതിയാവില്ല.

ആദ്യത്തെ ഇതുകൾക്കുള്ള ആധികാരികത സംശയാവഹമാണ്. അത്തരം ഇതുകളിലൂടെ അതും ഇതും കഴിച്ചും കുടിച്ചും ഇല്ലാത്ത അസുഖങ്ങൾ കൂടി വരുത്തി വച്ചവരുണ്ട്. രണ്ടാമത്തെ ഇതുകളിൽ അവയെ അനുഗ്രഹങ്ങളുടെ ഉറവിടമാക്കി മാറ്റി വിഗ്രഹാരാധനയായി മാറുകയാണ് എന്ന വലിയ അപകടമാണ് അവിടെയുള്ളത്. Easy Tips. Easy Tools മാതൃകകളിലും ഇത് നടന്നു പോരുന്നു. എളുപ്പം അനുഗ്രഹം കിട്ടാൻ, എളുപ്പം വിജയിക്കാൻ, ... Live Well നുറുങ്ങുകളായാണ് പുതിയ പ്രവണത. പതിവ് പോലെ ഏതാനം പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും 'ഉപയോഗിച്ച്' ജീവിക്കേണ്ട കല പരിശീലിപ്പിക്കുന്നു.

മതവുമായി നേരിട്ട് ബന്ധമില്ലാത്തതിനെയെല്ലാം ഭൗതികത, ലൗകികത എന്നിങ്ങനെ വിധിക്കുന്നവർ തന്നെ അവർ പ്രചരിപ്പിക്കുന്ന ഇത്തരം ആത്മീയ ഭൗതികത തിരിച്ചറിയുന്നില്ല. ആത്മീയ വ്യാപാരം, ആത്മീയ ടൂറിസം, പ്രോഗ്രാമുകൾ, ആത്മീയ entertainment ദൈവരാജ്യത്തെ കൊണ്ടുവരില്ല, ക്രിസ്തുവിനെ അറിയാൻ സഹായിക്കുകയുമില്ല. "'അവരെല്ലാം' ലൗകികരാണ് ഞങ്ങൾ എടുത്തുകാട്ടുന്ന ഉദാഹരണങ്ങൾ അതേ കാര്യങ്ങൾ ചെയ്യുന്നെങ്കിലും അവർ ആത്മീയരാണ്." "ഞങ്ങൾ ചെയ്യുന്നതെല്ലാം ആത്മീയമാണ്" എന്ന കപടത വിശ്വാസത്തെ ശിഥിലമാക്കുന്നു.

ഉദ്ധരണികൾക്കുള്ളിൽ ക്ലിപ്പ് ചെയ്യാൻ കഴിയുന്ന വാക്കുകളോ പേജുകളോ അല്ല ജീവദായകമായ ദൈവവചനം. ഇതിനു വേണ്ടിയും അതിനു വേണ്ടിയും ഉപയോഗിച്ചത് കൊണ്ട് അത് വിശ്വാസജീവിതമാകുന്നില്ല. ദൈവവചനം എന്നത് ജീവിക്കുന്ന ക്രിസ്തുവാണ്. ആ ക്രിസ്തുവിനെ ആ വാക്കുകളിലൂടെ കേൾക്കാൻ കഴിയുന്നെങ്കിലെ അത് ഫലദായകമാകൂ. ചെയ്യേണ്ടതും ചൊല്ലേണ്ടതുമായ ഇതുകൾ കാര്യസാധ്യങ്ങൾക്കായുള്ള ഇതുകളാണ്. എത്ര ഭക്തിയോടെ ചെയ്താലും അവ വണങ്ങപ്പെടുന്ന വെറും ഇതുകൾ മാത്രമാണ്.

ഗോതമ്പിൽ നിന്നും

ശേഖരിച്ചു വെച്ച ഗോതമ്പിൽ നിന്നും ഓരോരുത്തർക്കായി അയാൾ വേണ്ടുവോളം കൊടുത്തു. ചിലർ അത് ഭക്ഷിച്ചു. ചിലർ ഭക്ഷണത്തിനാവശ്യമായതു മാറ്റിവെച്ചു ബാക്കി വിതച്ചു. ചിലർ അത് കുട്ടയിൽ അടച്ചു വെച്ചു. ഗോതമ്പ് വിതരണം നടന്ന ആ ദിവസം ഓരോ വർഷവും കുട്ട അലങ്കാരവും ആഘോഷവും നടന്നു. കഴിക്കാൻ ആവശ്യമുള്ളത് നിശബ്ദനായി കൊടുത്തു തുടർന്നത് വിതച്ചവനായിരുന്നു.

ഗോതമ്പു മണി അഴുകുന്നില്ലെങ്കിൽ അത് ഫലം പുറപ്പെടുവിക്കില്ല. ഓരോ ദാനവും സ്വന്തം അകക്കാമ്പ് കാണും വരെ അഴുകേണ്ടിയിരിക്കുന്നു. കുട്ടയിൽ അടച്ചു സംരക്ഷിക്കപ്പെടുന്ന  ഒന്നും ആർക്കും ഒരു നന്മയും ചെയ്യുന്നില്ല.

പരസ്പരം പരിപോഷിപ്പിക്കാനാകും വിധം സമൂഹങ്ങൾക്കിടയിലും മറ്റു ജീവിവര്ഗങ്ങൾക്കിടയിലും ഒരു ജീവനപരിസ്ഥിതി കാത്തുസൂക്ഷിക്കുകയും, മാറ്റങ്ങൾക്കനുസരിച്ച് ക്രമാനുഗതമായി സ്വയം രൂപാന്തരപ്പെടുകയുമാണ് ആരോഗ്യപരമായ നിലനിൽപിന് ഉചിതം. ഭൂമിയിൽ നിന്ന് മനുഷ്യൻ എങ്ങനെ രൂപപ്പെട്ടുവോ ആ ക്രമങ്ങളാണ് നമ്മുടെ സാംസ്‌കാരിക നിർമ്മിതികൾക്കു പാഠമാകേണ്ടത്. അതിൽ അഴുകുക എന്നത് നാശമല്ല, ജീവദായകമാണ്. സ്വയം സംരക്ഷിക്കുകയും അടച്ചു വയ്ക്കുകയും ചെയ്യുന്നവ സ്വയം നശിക്കുകയാണ്. പരിണാമദശയിലും ഏറ്റവും ഉചിതമായിത്തീരുന്നത് ഏറ്റവും നന്നായി രൂപാന്തരപ്പെട്ടുകൊണ്ടാണ്. ആ രൂപാന്തരത്തിൽ മറ്റു വർഗ്ഗങ്ങളുമായുള്ള സൗഹൃദം വളരെ പ്രധാനമാണ്. ശക്തികൊണ്ട് സ്വയം നിലനിന്നവക്ക് നാശമാണുണ്ടായത്.

കുട്ടകളിൽ അടക്കപ്പെട്ടു സംരക്ഷിക്കുന്നവ സൃഷ്ടിക്കുന്നത് ശൂന്യതയാണ്, അതുകൊണ്ടുതന്നെ പകരുന്നത് ദുഷ്ടതയും.

ഓഗസ്റ്റ് 09, 2021

കാലത്തിനു വിളക്കാവുന്ന മതം

ജീവിക്കുന്ന മതം ഒരു കാലത്തിനു ഉൾകാഴ്ചയാവേണ്ടതാണ്. ഇന്നുകളെ രൂപപ്പെടുത്തുന്ന ഇന്നലെകളും നാളെകളെ രൂപപ്പെടുത്തുന്ന ഇന്നുകളും ഈ ഉൾകാഴ്ചയാൽ ധന്യമാകേണ്ടതാണ്. മനുഷ്യൻ ചരിത്രനിർമ്മാതാവാണെങ്കിലും ഇന്നുകളെ നിർമിക്കുന്നതിൽ നമ്മെക്കാൾ വലിയ പ്രവർത്തനമാണ് പ്രപഞ്ചം  നടത്തുന്നത്. സംസ്കാരവും ജീവപ്രകൃതിയുമുൾക്കൊള്ളുന്ന ആ കാഴ്ച ദീർഘദർശനം കൂടിയാകുമ്പോഴേ ഒരു മതമെന്നത് ഈശ്വരചൈതന്യത്താൽ നയിക്കപ്പെടുന്നതാണെന്ന് കരുതാനാകൂ. സകലവിശദാംശങ്ങളും മനസ്സിലാക്കിക്കൊണ്ട് ഭാവിയിലേക്ക് നടക്കുകയെന്നല്ല ഇതിനർത്ഥം. മുൻകൂട്ടി കാണാൻ കഴിയുന്ന പ്രവണതകളെ കണ്ടുകൊണ്ട് നന്മയിലേക്ക് നയിക്കേണ്ട വഴിയൊരുക്കുക എന്നതാണ് പ്രധാനം. അത്തരം പ്രവണതകളെ  സംബന്ധിച്ചുണ്ടായേക്കാവുന്ന പ്രതികരണങ്ങളും സംഘർഷങ്ങളും ഇന്ന് രൂപം നൽകുന്ന  സാംസ്കാരികഘടകങ്ങൾക്ക് ആ കാലത്തിലേക്ക് ജീവനോടെ നടക്കുവാൻ വേണ്ട ഉൾകാഴ്‌ച/ഉൾസ്വരം പകർന്നു കൊടുക്കുവാൻ കഴിയുന്നു എന്നതാണ് ആ ഒരുക്കത്തിന്റെ അർത്ഥം.

സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ തകർച്ച മാനവികവും സാംസ്കാരികവുമായ തകർച്ചയിലേക്കും സംഘർഷങ്ങളിലേക്കും നയിച്ചേക്കാവുന്ന ഒരു കാലത്തേക്ക് പതിയെ നമ്മൾ നടന്നടുക്കുകയാണ്. സമൂഹത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മതം അതിന്റെ നിലവിലുള്ള നിഷ്ഠകളിൽ ഉറപ്പു കാണുകയാണ്. സമൂഹത്തിന്റെ യഥാർത്ഥ അവസ്‌ഥയെ കാണാൻ കണ്ണില്ലാത്ത മതങ്ങളെ സമയം തൂത്തെറിയും. പരസ്യകലയിലൂടെ ലാഭമുറപ്പാക്കുന്ന വ്യാപാരമേഖലപോലെ മതങ്ങളും വ്യാപാരത്തിലേർപ്പെട്ടിരിക്കുകയാണ്. ജനപ്രിയമേറുന്ന പ്രവണതകൾക്കനുസരിച്ചു മതവിഭവങ്ങൾ വിളമ്പുന്ന  പുതിയ തന്ത്രങ്ങൾ നാളേക്ക് വിളക്കാവുന്നവയല്ല. പ്രേക്ഷകരെ/ശ്രോതാക്കളെ ആസ്വദിപ്പിക്കുന്ന/രസിപ്പിക്കുന്നവയാണ് മതഉത്പന്നങ്ങളും.  ചിരിപ്പിക്കുക എന്നതല്ല രസിപ്പിക്കുന്നതിലെ കാര്യം,  പങ്കെടുപ്പിക്കുക എന്നതാണ്. അത് ചെയ്യപ്പെടുന്ന വഴികളെ വേണ്ടവിധം ഓരോ കാലവും വിശകലനം ചെയ്യേണ്ടത് കാഴ്ചയുടെ തെളിമക്ക് ആവശ്യമാണ്. 

സാങ്കേതികവിദ്യകളുടെ വികാസം, ആഗോളതലത്തിൽ നടക്കപ്പെടുന്ന ആശയവിനിമയം, താരാരാധന, ഫാഷൻ, സിനിമ, ചെറുതും വലുതുമായ കൃതികൾ, TV,  മ്യൂസിക് എന്നിവയൊക്കെ ദൈവങ്ങളെ വാഴ്ത്തുക മാത്രമല്ല രൂപപ്പെടുത്തുകയും ചെയ്തു. പ്രബലമായ മതങ്ങൾ എന്ന് സ്വയം വിളിക്കുന്ന സംവിധാനങ്ങൾ ഈ ദൈവങ്ങൾക്ക് പിന്നിലെ മനുഷ്യാവസ്ഥകളോട് സംഭാഷണത്തിലേർപ്പെടുന്നത് എപ്രകാരമാണ്? ആ ദൈവങ്ങൾക്ക് മതത്തിനുള്ളിൽ ഇടം ലഭിക്കുമ്പോൾ സംഭവിക്കുന്നതെന്താണ്? അതിന് ഇടം കൊടുക്കുന്നത് ആരാണ്?  

"What to do when nothing to do?" വളരെ ഗൗരവമുള്ള ഒരു മനുഷ്യാവസ്ഥയായി വളരുകയാണ്. ചെയ്യാൻ കഴിയുന്ന ഒരേ ഒരു പ്രവൃത്തി സ്വയം പ്രതിരോധിക്കുകയും അർത്ഥം തേടുകയുമെന്നതാണ്. അതിന് മതത്തിന്റെയോ വിശ്വാസങ്ങളുടെയോയൊക്കെ ഭാഷ പകരാം. വിശ്വസ്തതയെന്നും പാരമ്പര്യമെന്നും വിളിക്കപ്പെടുന്ന യാഥാസ്ഥിതികത യഥാർത്ഥത്തിൽ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ പോലുമല്ല  രാഷ്ട്രീയമായ ചെറുത്തുനിൽപ്പാണത്. ഓരോരുത്തരുടെയും ദൈവങ്ങളും മതങ്ങളും ശരികളായി പല്ലിളിച്ചു കാണിക്കും, ക്രൂരമായി വേട്ടയാടും. അത് കണ്ടിട്ടും തുച്ഛമായ ലാഭത്തിനു വേണ്ടി മൗനമായിരിക്കുന്ന മതനേതാക്കളെ ഒരു കാലഘട്ടത്തിന്റെ നോക്കുകുത്തികളായി സമയം വിലയിരുത്തും.

കാലത്തിനു വിളക്കാവുന്ന മതം ജീവിക്കുന്നത് അടയാളങ്ങളിലല്ല, ഭൂതകാലത്തിന്റെ ഏതെങ്കിലും ക്രമരീതികളിലുമല്ല, മനുഷ്യവംശത്തെയും ജീവസമൂഹത്തെയും ഒന്നായി മുന്നോട്ടു നയിക്കാനാവുന്ന ജീവിതശൈലികളിലേക്കു നയിച്ചുകൊണ്ടാണ്. 

ഓഗസ്റ്റ് 03, 2021

ഒരുക്കത്തിന്റെ സമയമാവേണ്ട ഈ കാലം ...

അനുരഞ്ജനത്തിലേക്കു വിളിക്കുന്ന ഇടയരെയോ പ്രവാചകരെയോ കാണാനില്ല. ഏതൊക്കെയോ ചീത്തവിളികൾ അവരെ താങ്ങിനിർത്തുന്നതുകൊണ്ടാവാം അവരുടെ മൗനാനുവാദവും പ്രോത്സാഹനവും! ക്രൂശിതനെ കുരിശിനോട് ചേർത്ത് നിർത്തിയത് ധൂപത്തിന്റെ സുഗന്ധവും ആരാധനാഗീതികളുമായിരുന്നില്ല, അന്ത്യത്താഴസമയത്ത് അവൻ പറഞ്ഞത് ജീവിതശൈലിയെക്കുറിച്ചായിരുന്നു ആരാധനാരീതിയെക്കുറിച്ചായിരുന്നില്ല.

ഒരുക്കത്തിന്റെ സമയമാവേണ്ട ഈ കാലം ദൈവത്തിന്റെ പേരിൽ ആരാധനാരീതികളെ ആരാധിക്കുവാൻ മർക്കടമുഷ്ടിയുടെ ബാധ കേറിയ കാലം. രീതികളും ബലികളും വിട്ട് ഇന്നുള്ള ദയനീയ അവസ്ഥയിൽ സേവനങ്ങളിൽ ദൈവത്തെ അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാവങ്ങൾ കടന്ന് നന്മയാവാം മനുഷ്യസമൂഹത്തെ ഇനി നയിക്കേണ്ടത് (നന്മയിൽ സത്യവും സൗന്ദര്യവയും ഉൾച്ചേരുന്നതാണ്. പരസ്പരം മാറ്റി നിർത്താനാവില്ലെങ്കിലും പ്രകടമായ ഒരു സാമൂഹികസമീപനരീതിയായി ഓരോ കാലഘട്ടത്തിലും ഇതിലൊന്ന് കൂടുതൽ പ്രബലവും അഭിലഷണീയമാകാറുണ്ട്).
കോവിഡും അത് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പശ്ചാത്തലവും വരും കാലത്തെ മനുഷ്യജീവിതത്തെ നന്മകളുടെ ആന്തരികനിധികൾ തുറക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. നന്മകൾ സഹവർത്തിത്വവും പങ്കുവയ്ക്കലും ഉൾകൊള്ളുന്നതുകൊണ്ട് അത്തരം സമീപനരീതികളെ ക്രിയാത്മകമായി പൊതുവായ ജീവിതധാരയാക്കുകയാണ് മതങ്ങളുടെ സമകാലീന പ്രസക്തി. പൊള്ളലേറ്റു മരണാസന്നമായ ഒരാളുടെ ശരീരം ഏറ്റവും ചെറിയ സ്പർശനത്താൽ പോലും വേദനിക്കും. എന്നാൽ, കാട്ടുതീയെരിയിച്ചു കളഞ്ഞ വനത്തിൽ പോലും ജീവന്റെ പുതുനാമ്പുകൾ മുളച്ചു വരുന്നത് ആന്തരികജീവൻ നശിപ്പിച്ചു കളയാത്തതു കൊണ്ടാണ്. മാത്രമല്ല സ്വയം രൂപാന്തരപ്പെടുത്തേണ്ടത് സാധ്യമാക്കിക്കൊണ്ടുകൂടിയാണ് അത് യാഥാർത്ഥ്യമാകുന്നത്. തൊട്ടാൽ വേദനിക്കുന്ന മതത്തിനു മനുഷ്യനെ ചേർത്തുപിടിക്കാനാവില്ല. മതം ജീവിക്കുന്നതിന്റെ അടയാളം കാണിക്കുന്നെങ്കിൽ അത് ചില്ലുകൂടിലിട്ട ഭൂതകാല അടയാളങ്ങളാവില്ല, സമയത്തിനൊത്ത് ഹൃദയങ്ങളെ ചേർത്തുനിർത്തുകയും ജീവനിലേക്കു വളരുകയും ചെയ്യുകയാണ് ജീവിക്കുന്ന മതം.
ഭക്ഷണദൗർലഭ്യം, സാമ്പത്തികത്തകർച്ച, കാലാവസ്ഥാ ദുരിതം, പുതിയ വൈറസുകളുടെ വളർച്ച തുടങ്ങിയവ പ്രവചനാതീതമാം വിധം അടിയന്തരാവസ്ഥകൾ സൃഷ്ടിക്കുകയാണ്. കടന്നുപോകേണ്ട ഈ കാലത്തെ വ്യത്യസ്തമായ സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് നന്മകളുടെ ഒരു ജീവിതക്രിയ രൂപപ്പെടുത്തുകയാണ് മതങ്ങൾ ചെയ്യേണ്ടത്. മനുഷ്യകുലം മുഴുവൻ ഇല്ലാതാകുന്ന ഒരു അവസ്ഥ വന്നു ചേർന്നാലും പരസ്പരം ആശ്വസിപ്പിച്ചും സമാധാനത്തിലും ആ അവസാനകാലങ്ങൾ ജീവിക്കാമല്ലോ.
ചെങ്കടൽ കടക്കുന്ന സമയത്താണ്, വരും കാലങ്ങളിൽ എങ്ങനെയാണു പെസഹാ ഭക്ഷിക്കേണ്ടതെന്നു ആലോചിച്ചു തീരുമാനിക്കണമെന്നും ചിലർക്ക് തോന്നിയത്.
ഒരു വെറൈറ്റി വേണ്ടേ? ഐക്യവും ഒരുമയും കൂട്ടാൻ മൂന്നുമണി മുതൽ അത്താഴം വരെ ചീത്തവിളി, ചെളിവാരിയെറിയൽ, ഉന്തുംതള്ളലും മുതലായവ ഉണ്ടായിരിക്കും...
ഈ ന്യൂ ജൻ പിള്ളേരുടെ ഒരു കാര്യം; തലമൂത്തവരൊക്കെ കണ്ടുനിന്നു രസിച്ചു. തങ്ങളുടെ പേരുകളും ഇടയ്ക്കു വരുമ്പോൾ അത് ചെറുക്കാൻ പരമ്പരാഗതമായ ചീത്തകൾ നാലഞ്ചെണ്ണം പറഞ്ഞു കൊടുക്കുകയും ചെയ്തു. നാല് മണി പോലുമായില്ല, മുഖങ്ങൾ വികൃതമായി, പല്ലുകൾ നഷ്ടമായി. അത്താഴത്തിന്റെ മേശ ഒരുക്കാൻ പോലും ആളില്ല.

അഭിപ്രായങ്ങൾ കൊണ്ട് രൂപപ്പെടുന്ന ഒരു കളിമൺരൂപമല്ല ക്രിസ്തു. അത്തരം കളിമൺ ക്രിസ്തുവിനാണ് സംരക്ഷണം ആവശ്യമുള്ളത്. കയ്യപ്പാസും പീലാത്തോസും ഹേറോദേസും കൂടിയ കൂട്ടുകമ്പനിയാണ് സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹേറോദേസിന്റെ അരമനയിലെ വിരുന്നിനു ശേഷം വന്ന കല്പന സ്നാപകന്റെ ശിരസ്സറുക്കുകയെന്നായിരുന്നു. രാജാക്കൾ ഒത്തു കൂടിയ വിരുന്നു മേശയിൽ സാധാരണക്കാർക്കിടമില്ലായിരുന്നു. ക്രൂശിതന്റെ ബലിമേശ അങ്ങനെയല്ലല്ലോ. ആ ബലിയനുസ്മരണവും അങ്ങനെയാവരുത്.

ജീവൻ പകരേണ്ടവയെ തന്നെ നാശകാരകമായി മാറ്റുന്നതിനെ poisonous chalice എന്ന് പറയാറുണ്ട്. ഈ പാനപാത്രമുയർത്തിയാണ് "നിങ്ങൾ ഇത് വാങ്ങി കുടിക്കുക" എന്ന് ഇന്ന് പറയപ്പെടുന്നത്. വിഷമിറങ്ങി മരണം വ്യാപിച്ചു കഴിഞ്ഞു. വെറുപ്പ് കൊണ്ടും ചീത്തവിളികൾ കൊണ്ടും തുറക്കപ്പെടുന്ന കല്ലറയേതാണ്? അതിൽ നിന്നുയിർക്കുന്ന ക്രിസ്തു ആരാണ്? തീർത്ഥജലം നിറച്ചിരുന്ന കൽത്തൊട്ടികളിൽ അഴുക്കു നിറഞ്ഞിരിക്കുന്നു എന്ന് കുറേപ്പേരെങ്കിലും അറിയുന്നു. അത് മാറ്റിയേ തീരൂ എന്ന് അവർക്കറിയാം. അവർക്കനുവദനീയമല്ലാത്തതിനാൽ നിരാശരായി അവർ അകന്നു പോകുമ്പോൾ ഇടയൻ ശാന്തമായ ജലാശയത്തിങ്കലേക്ക് പച്ചപ്പുൽത്തകിടികളിലേക്ക് അവരെ നയിക്കുന്നു. അവിടെ അവർ തൃപ്തരാക്കപ്പെടും. കനിവിന്റെ കണ്ണുകളിലേക്കു നോക്കി പങ്കുവയ്ക്കുന്ന അഞ്ചപ്പങ്ങൾ പുതിയ ആരാധനാരീതിയായിക്കഴിഞ്ഞു.

കേരളസഭയിലെ പ്രതിസന്ധികൾ വിശ്വാസികളെ അതിദയനീയമായി ഉലക്കുന്നുണ്ട്. രക്തച്ചൊരിച്ചിലിന്റെ കാലത്തു കുറേപ്പേർ വനാന്തരങ്ങളിലേക്കു പിന്മാറി എന്ന് പറയുന്നത് പോലെ പരിപൂർണ്ണ ക്രിസ്ത്യാനിയാകാൻ മുന്നോട്ടു വയ്ക്കപ്പെട്ട ശക്തമായ ആത്മീയതയിൽ നിന്ന് മാറി തികച്ചും സാധാരണത്തങ്ങളിലേക്കു മടങ്ങി ആത്മാർത്ഥവും ലളിതവുമായ ആത്മീയരീതികളും, സാധിക്കുന്ന നന്മകളും സൗഹൃദങ്ങളും സ്വർഗ്ഗമുറപ്പാക്കുന്ന ക്രിസ്തുമാർഗമാണെന്ന് വിശ്വസിച്ചുതുടങ്ങിയ അനേകരെ ഇന്ന് കാണാം. ചീത്തവിളിയും, വെറുപ്പും ക്രിസ്തുവിന്റെ വഴിയല്ലെന്നു പറയാൻ ഒരു ഇടയനും പ്രവാചകനും തയ്യാറാവാത്തത് അവരെ കൂടുതൽ വേദനിപ്പിക്കുന്നു.

കേരളസഭയിലെ പ്രതിസന്ധികൾ, എന്നാൽ, വളരെ കൊച്ചു കാര്യമാണ് എന്നു തോന്നുന്നു. ആഗോളതലത്തിൽ കത്തോലിക്കാ സഭയെ വലിയ പ്രതിസന്ധിയിലാക്കിയേക്കാവുന്ന പ്രവണതയാണ് American Catholicism. അത് അമേരിക്കയിലെ കാത്തോലിക്കാ വിശ്വാസികളെക്കുറിച്ചല്ല, അവരുടെ പൊതുവെയുള്ള വിശ്വാസത്തെക്കുറിച്ചുമല്ല. മറിച്ച്, ആഗോള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽനിന്നും വ്യത്യസ്തമായി യാഥാസ്ഥിതികവും വിഭാഗീയവും അസഹിഷ്ണവുമായ നിലപാടുകൾ സ്വീകരിക്കുന്ന സമൂഹങ്ങൾ രൂപപ്പെടുത്തുന്ന 'കത്തോലിക്കാ' വിശ്വാസം ആണത്. അവസാനകാല വെളിപാടുകൾ, മരിയൻ ദർശനങ്ങൾ തുടങ്ങി വളരെ വിശ്വസനീയമായ മതരൂപങ്ങളിലൂടെ  അവരുടെ ഇടുങ്ങിയ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്. സംഭാഷണങ്ങളും സംവാദങ്ങളും അവർ സ്വാഗതം ചെയ്തേക്കില്ല. വിശ്വാസം അവർക്കു ആദർശമാണ്, തത്വങ്ങളാണ്. സഭ രാജകീയമായി ഭരിച്ച കാലങ്ങളിലെ പ്രൗഢിയിൽ പൗരോഹിത്യവും അതിന്റെ മാസ്മരികതയും തുടരുകയും, സഭയുടെ സർവ്വാധികാരം കുറെ സംവിധാനങ്ങളിലെങ്കിലും കാണപ്പെടുകയും ചെയ്യണം എന്ന് കരുതുന്നവരാണിവർ. ആധുനിക ലോകത്തെ മനുഷ്യനും സംസ്കാരവുമായി വിശ്വാസം ഏതു തരത്തിൽ സംസാരിക്കുന്നു എന്നത് തീർത്തും അകറ്റി നിർത്തുവാൻ ശ്രമിക്കുകയാണ് അവർ. സങ്കീർണമായ ഒരു ലോകക്രമത്തിൽ വിശദാംശങ്ങൾ വിശദീകരിച്ചു പറഞ്ഞു സമൂഹങ്ങളെയോ സംസ്കാരങ്ങളെയോ നയിക്കാൻ ഒറ്റയുത്തരങ്ങൾ നമുക്കില്ല. പരിശുദ്ധാത്മാവ് ഓരോ കാലഘട്ടത്തിനും നൽകുന്ന ജീവസാന്നിധ്യത്തെ തിരിച്ചറിഞ്ഞേ നമുക്കു മുന്നോട്ടു നടക്കാനാകൂ.

വിശദമായ വിശകലനം സാധിക്കുന്നവർക്ക് ഇത്തരം പ്രവണതകൾ എങ്ങനെ നമ്മുടെ വിശ്വാസത്തെയും നമ്മൾ വിശ്വസിക്കുന്ന സന്ദേശങ്ങളെയും സ്വാധീനിക്കുന്നു എന്ന് മനസിലാക്കാം. ഉറവിടങ്ങളും വികസനരീതികളൂം മനസിലാക്കാം. തല്പരലക്ഷ്യങ്ങളുള്ള ദർശനങ്ങൾ പ്രചോദനങ്ങളോ വെളിപാടുകളോ അല്ല. അത്തരത്തിൽ ആഴത്തിൽ പോവുകയെന്നത് എല്ലാവരെയും സംബന്ധിച്ച് അത്യാവശ്യമല്ല. വിശ്വാസത്തിന്റെ പേരിൽ പിളർപ്പുകളും സംഘർഷങ്ങളും വളരുകയും കൂടുതൽ പ്രബലമാവുകയും ചെയ്യുന്ന നാളുകളിൽ ക്രിസ്‌തുവിനെ തിരിച്ചറിയേണ്ടത് ഹൃദയത്തിന്റെ നൈർമല്യത്തിലാണ്. പരസ്പരം സ്നേഹിക്കാനും, നന്മ ചെയ്യാനും, കരുണ കാണിക്കാനും പഠിപ്പിച്ച ക്രിസ്തുവിനെ കാണാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ എത്ര വലിയ ഭക്തിയും ആരാധനയും, ജ്വലിക്കുന്ന പ്രവാചകനും, വഴി പറയുന്ന ഇടയരും ഉപേക്ഷിക്കപ്പെടണം. ക്രിസ്തുവിന്റെ പിന്നാലെ നടക്കുക. ആരും ഒറ്റയാവില്ല, അവന്റെ ഹൃദയമറിഞ്ഞ ഏതെങ്കിലും മഗ്ദലേനക്കാരിയും ദൈവം സ്നേഹം മാത്രമെന്ന് തൊട്ടറിഞ്ഞ ഒരു യോഹന്നാനുമൊക്കെയുണ്ടാകും. 

ഒരു കാലചക്രം കടന്നു തിരികെയെത്തിയാൽ, ഇന്നത്തെ ഗ്രീക്ക് ദേവാലയങ്ങൾ പോലെ അവശേഷിക്കുന്ന ബലിപീഠങ്ങളും അടച്ചിട്ട ദേവാലയ വാതിലുകളും കണ്ടേക്കാം.  


ഓഗസ്റ്റ് 01, 2021

ബലിമേശയിൽ

ജീവന്റെ അപ്പമായ ക്രിസ്തുവിനെ സ്വന്തം ശരീരത്തിലും സഭയെന്ന ശരീരത്തിലും അറിയാതെ, ശരീരമായിത്തീർന്ന  അപ്പത്തെ മനസ്സിലാക്കാനാവില്ല. ജീവന്റെ അപ്പത്തെ അറിയേണ്ടത് അനുരഞ്ജനവും ഐക്യവുമുള്ള സമൂഹത്തിലാണ്. അപ്പോഴേ വാഴ്ത്തി വിഭജിച്ച അപ്പത്തിലെ ജീവസാന്നിധ്യം അനുഭവിക്കാനാകൂ.

ദൈവത്തിന്റെ ഹൃദയത്തിലേക്ക് ഉയർത്തേണ്ട ഹൃദയങ്ങളിൽ നിറയുന്ന വികാരം അസഭ്യവും ആക്രോശവുമാണെങ്കിൽ അർപ്പിക്കപ്പെടുന്ന ബലികൾ ദൈവജീവനെ നിരസിക്കുന്നവയാണ്, മരണത്തെ സ്വയം പുൽകുന്നതാണ്. നമ്മിൽ മരണം വസിക്കുന്നതിന്റെയും ജീർണതയുടെ അവസ്ഥകൾ കൂടുന്നതിന്റെയും കാരണം ഇതാവാം. അപ്പത്തിൽ വസിക്കുന്ന ക്രിസ്തുവിനെ ആരാധിക്കുന്നെന്നു നടിക്കുകയും പരസ്പരം ദ്വേഷിക്കുകയും ചെയ്യുന്നതിൽ ക്രിസ്തുവിനോട് കാണിക്കുന്ന ആക്ഷേപം കൂടിയുണ്ട്.

സ്വയം വിവേചിച്ചു നോക്കാതെ അപ്പം ഭക്ഷിക്കുന്നവർക്ക് ക്രിസ്തുവിൽ ഭാഗഭാഗിത്തമില്ല. ബലിമേശക്കു ചുറ്റും, ജീവൻ നൽകുന്ന അപ്പത്തിനു ചുറ്റും തിങ്ങിക്കൂടുന്ന അണികളും സ്തുതിപാഠകരുമല്ല ക്രിസ്തീയത വെളിപ്പെടുത്തുന്നത്, മറിച്ച്, ക്രിസ്തുവിന്റെ കൂടെ ബലിമേശയിൽ സന്നിഹിതരാകാൻ ഒരുക്കമുള്ളവരാണ്. അനീതിയാൽ വിശപ്പും ദാഹവും സഹിക്കുന്നവരുടെ ഒട്ടിയ വയറുകൾ ദിവ്യകാരുണ്യത്തിന്റെ മേശയും സക്രാരിയുമാവേണ്ടതാണ്. ആ ബലിമേശ വിശാലവും അരികില്ലാത്തതുമാണ്, എന്നാൽ അവിടേക്കു വരാനുള്ള വാതിൽ ഇടുങ്ങിയതാണ്. മാംസളഹൃദയമുള്ളവർക്കേ അകത്തുകടക്കാനാകൂ.

ബലിവേദി അഹന്തയുടെ സ്ഥാപനത്തിനുള്ള ഇടമാക്കപ്പെടുമ്പോൾ, വിഭജിക്കപ്പെടുന്ന അപ്പത്തിന്റെ സാന്നിധ്യമായി തെരുവീഥികളിലും രോഗിക്കിടക്കക്കരികിലും സ്നേഹപ്രകാശനവുമായി സ്വയം കൂദാശയാകുന്ന ആളുകൾ കൂടി വരുന്നുണ്ട്.