Gentle Dew Drop

ഡിസംബർ 28, 2020

പൂർവ്വികർക്കുവേണ്ടി എന്ന പേരിൽ ...

എൺപതുകളിൽ ഇംഗ്ലണ്ടിലെ മനഃശാസ്ത്രജ്ഞനായിരുന്ന Kenneth McCall തന്റെ രോഗികളിൽ ഗുരുതരമായ മാനസിക അസ്വസ്ഥതയുണ്ടായിരുന്ന ചിലരുടെ കുടുംബങ്ങളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിരുന്നെന്ന് മനസിലാക്കി, അവർക്കു വേണ്ടി സാങ്കല്പിക മൃതസംസ്കാരശുശ്രൂഷകൾ നടത്തിപ്പോന്നു. അത് അവരുടെ രോഗാവസ്ഥകൾ മെച്ചപ്പെടാൻ കാരണമായതായും McCall മനസിലാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Healing the Family Tree എന്ന പേരിൽ McCall ഒരു പുസ്തകം എഴുതി. കത്തോലിക്കരുടെ ഇടയിലടക്കം പല കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളിലും ഈ പുസ്തകം വളരെ പ്രചാരം നേടുകയും ചെയ്തു. ഈ ആശയങ്ങളോടെ ക്ലരേഷ്യൻ പുരോഹിതനായിരുന്ന Fr Hampsch, Healing Your Family Tree എന്ന പേരിൽ മറ്റൊരു പുസ്തകം എഴുതി. തലമുറകളുടെ സൗഖ്യം/വിടുതൽ (generational healing) നവീകരണ ശുശ്രൂഷകളിൽ സാധാരണമായപ്പോൾ, ഈ ശൈലി, കുടുംബങ്ങളുടെ മേലുള്ള ശാപം, പൂർവ്വികരാരെങ്കിലും ആഭിചാരപ്രവൃത്തികളിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അവയിൽ നിന്നെല്ലാമുള്ള വിടുതൽ തുടങ്ങി ഏതാണ്ട് എല്ലാവിധ അസ്വസ്ഥതകൾക്കും ദുരിതങ്ങൾക്കും പരിഹാരമെന്നുള്ള നിലയിൽ പൊതുവായ ഉപയോഗത്തിലായി.
പ്രചാരത്തിലായ ഈ വിശ്വാസമനുസരിച്ച്, ശാരീരികമോ മാനസികമോ വൈകാരികമോ ആയ അസ്വസ്ഥതകളോ, ചില തിന്മകളിലേക്കുള്ള ചായ്‌വോ, തെറ്റായ പ്രവണതകളോ തലമുറകൾക്കേറ്റ ബന്ധനമായി കാണപ്പെടുന്നു. പൂർവികർക്ക് തിന്മയോടുണ്ടായിരുന്ന ആഭിമുഖ്യമോ തഴക്കദോഷമോ, അവർക്കേറ്റ ശാപങ്ങളോ കാരണമായി കരുതപ്പെടുന്നു. അവരിലേക്ക്‌ പകർന്നു കിട്ടിയ ഈ പൂർവിക തിന്മകളെ/ബന്ധനങ്ങളെ 'പ്രത്യേക പ്രാർത്ഥനകളോ' കുർബാനയോ വഴി ഇല്ലാതാക്കുകയാണ് കുടുംബ വൃക്ഷങ്ങളുടെ സൗഖ്യം എന്നതിലൂടെ അർത്ഥമാക്കുന്നത്.

ഒരു പക്ഷെ വർഷങ്ങൾക്കു ശേഷമാണെങ്കിലും, അലസിപ്പോയതോ അബോർട് ചെയ്യപ്പെട്ടതോ ആയ കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകുക എന്നത് സമാനമായ മറ്റൊരു പ്രവണതയാണ്. അവരുടെ നല്ല വിശ്വാസത്തിലായിരിക്കാം ഒരാൾ അത് ചെയ്യുന്നത്. എന്നാൽ മുൻപ് പറഞ്ഞ മൃതസംസ്കാരച്ചടങ്ങെന്നതുപോലെ, ഇവിടെയും ഉണ്ടാകുന്നത്, ചെയ്യുന്ന ആളുടെ മാനസിക ആശ്വാസമാണ്. കൂദാശകൾ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയാണ്. മരിച്ചവരെ മാമോദീസ നൽകുന്നതിൽ വിശ്വാസപരമായ അടിസ്ഥാനമില്ല. ഇത്തരം ആശയങ്ങളുടെ വേരുകൾ ചെന്നെത്തുന്നത് മോർമോണിസം (Latter Day Saints) ആശയങ്ങളിലാണ്.

ഓരോ കുടുംബവും വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളും വ്യത്യസ്തരാണ്. സ്വഭാവരൂപവത്കരണത്തെ ആ അന്തരീക്ഷം സ്വാധീനിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് അത് എന്നെന്നേക്കുമായി സ്ഥിരപ്പെട്ടതാണെന്നു കരുതിക്കൂടാ. കൃപയിൽ നമുക്ക് വളരാനും മെച്ചപ്പെടുവാനും കഴിയും.


പ്രിയപ്പെട്ടവരുടെ മരണശേഷം ചിലർക്ക് അവരുടെ സ്വപ്നങ്ങളുണ്ടായേക്കാം. അവരുടെ വൈകാരിക ബന്ധത്തിന്റെ പ്രതിഫലനമാകാം അത്. എന്നാൽ 'പ്രാർത്ഥന ആവശ്യമുള്ളതോ' 'വിളിച്ചു വരുത്തുന്നതോ' ആയ ആത്മാക്കളുമായി സംഭാഷണത്തിലേർപ്പെടുന്നത് വിശ്വാസത്തിന്റെ ഭാഗമല്ല. അത് എത്രമാത്രം 'നല്ല' (മാനസാന്തരപ്പെടുത്താനും ആശ്വസിപ്പിക്കാനും) ഉദ്ദേശ്യങ്ങളോടുകൂടിയായാലും. ആത്മാക്കളുടെ സന്ദർശനങ്ങളിൽ വഞ്ചിക്കപ്പെടരുത് (don't be deceived by the visits and messages of the dead). ഇതുപോലെയുള്ള സംഭാഷണങ്ങളെ സഭതന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്. ഇത്തരം 'സന്ദർശനങ്ങൾ' പലരെയും വഴിതെറ്റിച്ചിട്ടുണ്ട്.

ശുദ്ധീകരണ'സ്ഥലം', ആത്മാക്കളുടെ 'ശുദ്ധീകരണാവസ്ഥ' തുടങ്ങിയവയെ സംബന്ധിച്ച് വികലമായ പൊതുജനസങ്കല്പമാണ് പലപ്പോഴും നമ്മെ നയിക്കുന്നത്. ഭാവനകൾ ആത്മീയസന്ദേശങ്ങളെ സ്വാധീനിക്കാമെങ്കിലും അവയെ വേർതിരിച്ചറിയേണ്ടതാണ്. ശുദ്ധീകരണം എന്നത് ശിക്ഷയല്ല കരുണയുടെ പ്രവൃത്തിയാണെന്നതും, ക്രിസ്തുവിന്റെ സ്നേഹാഗ്നിയാണ്‌ വിശുദ്ധീകരിക്കുന്നത് എന്ന സത്യം നമ്മൾ നമ്മെത്തന്നെ എന്ന് പഠിപ്പിക്കും? മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന്റെ പ്രേരണ പോലും അവരോടുള്ള സ്നേഹവും കൃതജ്ഞതയും ആവുന്നതിനു പകരം, അവരുടെ ഇടപെടലുകളിൽ നിന്നും സുരക്ഷ ഉറപ്പിക്കാനുള്ളതായി മാറുന്നതും അത് ഒരു ഭക്തിരൂപമായി മാറുന്നതും കാണണം.

ഭീതിയിൽ നിന്ന് പ്രേരകമായി പൂർവ്വികർക്കുവേണ്ടി വിശുദ്ധബലികൾ അർപ്പിക്കപ്പെടുമ്പോൾ, സ്നേഹത്തേക്കാൾ ഉപരി നമ്മെ നയിക്കുന്നത് അപായങ്ങളെ ഒഴിവാക്കുക എന്ന താല്പര്യമാണ്. സ്വന്തം പൂർവ്വികരാണെങ്കിലും മറ്റാരുതന്നെയാണെങ്കിലും കരുണയർഹിക്കുന്ന മനുഷ്യരാണവർ. വികലമായ ഉദ്ദേശ്യങ്ങളോടെ മരിച്ചവർക്കു വേണ്ടി എന്ന പേരിൽ ചെയ്യുന്ന കർമ്മങ്ങൾ അരക്ഷിത ബോധത്തിൽനിന്നു സ്വയം ആശ്വസിപ്പിക്കാനുള്ള ശുശ്രൂഷകളായി മാറുന്നു. അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടിലേക്ക് വിശ്വാസത്തെയും ഭക്തക്രിയകളെയും കൂദാശകളെയും കൊണ്ടുവരികയാണ്. കൂടുതൽ അനുഗ്രഹങ്ങൾക്ക്, ശിക്ഷയെയും ദൈവകോപത്തെയും മാറ്റാൻ, പ്രത്യേക കാര്യസാധ്യങ്ങൾക്ക് എന്നിങ്ങനെ കൂദാശകളിലെ ഭാഗഭാഗിത്വത്തിന് ഭക്തിയിൽ മറഞ്ഞ മറ്റുദ്ദേശ്യങ്ങൾ പ്രേരണകളാകുമ്പോൾ കുർബാനയും കുമ്പസാരവും കൂദാശകൾ എന്ന സ്ഥാനത്തുനിന്നും ഭക്തിക്രിയകളായി മാറുകയും (sacraments to devotional practices) അവ യഥാർത്ഥത്തിൽ എന്താണോ അതിൽ നിന്നും ഒരുപാടു അകന്നുപോവുകയും ചെയ്യുന്നു. വ്രണിതമായ വർത്തമാനകാല തലമുറയുടെ മേലും, അതിനു കാരണക്കാരാണെന്നു കരുതപ്പെടുന്ന പൂർവ്വികരുടെ മേലും ‘പരിഹാരമായി’ കാണപ്പെടുന്ന പ്രത്യേക പ്രാർത്ഥനയായി കരുണകൊന്ത മാറുകയാണ്. മാതാവിനെ മാറ്റിനിർത്താനാവാത്തതിനാൽ ജപമാലയും അപ്രകാരം തന്നെ അവയുടെ ധ്യാനാത്മകതയിൽ നിന്നകന്ന് പ്രത്യേകം ശക്തികളും അനുഗ്രഹങ്ങളും ‘പുറപ്പെടുവിക്കാവുന്ന’ സൂത്രവാക്യങ്ങളാക്കി മാറ്റപ്പെടുകയാണിവിടെ.

വൈകാരികമോ മാനസികമായോ ആയ ആഘാതം നേരിട്ടുള്ള വ്യക്തികൾക്ക് സ്വന്തം ജീവിതങ്ങളുടെ കൂർത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നു പോകാനാവശ്യമായ അനുധാവനം ലഭിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേണ്ടതായ വിലാപവും, അസ്വാഭാവികമായതാണെങ്കിൽ, പ്രത്യേകിച്ച് ആ ആഘാതത്തിൽ നിന്നു പുറത്തുവരുവാൻ ആവശ്യമായ സമയവും മാർഗ്ഗങ്ങളും അനുവദിക്കുകയും ആരോഗ്യാവസ്ഥയിലേക്കു കൊണ്ടുവരികയും ചെയ്യുക എന്നത് ഒരു വിശ്വാസിസമൂഹത്തിന്റെ തന്നെ കടമയായി ഏറ്റെടുക്കേണ്ടതാണ്. പകരം പരിതാപമോ വികലമായ വ്യാഖ്യാനങ്ങളോ വഴി അവരെയും നമ്മെത്തന്നേയും അവിശ്വാസത്തിലേക്കു നയിക്കുന്ന പ്രവണതയാണ് നമ്മൾ സ്വീകരിക്കുന്നത്.

സ്വാഭാവികമോ മനസിലാക്കാൻ പറ്റാത്തതോ ആയ മറ്റനേകം കാരണങ്ങൾ ജീവിതത്തിന്റെ അസ്വസ്ഥതകൾക്കും 'തടസങ്ങൾക്കും' ഉണ്ടാകാം. ഇരയാക്കപ്പെട്ട മാനസികാവസ്ഥ ‘victim mentality’ അരക്ഷിതാവസ്ഥ, പുറത്തുകടക്കാനാവാത്ത, മുമ്പോട്ടുപോകാനാവാത്ത അവസ്ഥകളെയൊക്കെ പൂർവ്വികരുടെ മേൽ ആരോപിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള പ്രവണതകൾ വിശ്വാസികൾക്കിടയിൽ വിചിത്രമായ ഭ്രമമായി മാറുന്നത് അജപാലന ശുശ്രൂഷക്ക് നല്കപ്പെടേണ്ട പ്രാധാന്യത്തിൽ പരാജയം സംഭവിക്കുന്നു എന്നതുകൊണ്ടാണ്. യഥാർത്ഥ വിശ്വാസം പകർന്നു കൊടുക്കുന്നതിൽ അവഗണന കാണിക്കപ്പെടുകയോ വിശ്വാസങ്ങളിലെ സത്യാവസ്ഥയെ മറച്ചുവയ്ക്കപ്പെടുകയോ ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശരീരം വെറും വസ്ത്രം പോലെയാണെന്നും, ആത്മാവാണ് യഥാർത്ഥ മനുഷ്യസത്തയെന്നുമൊക്കെയുള്ള അക്രിസ്തീയ പ്രബോധനങ്ങൾ പ്രസംഗങ്ങളിലും ഭക്തിഗീതങ്ങളിലും നിറയുന്നെങ്കിലും അവയെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് നിർഭാഗ്യമെന്നേ കരുതാനാകൂ. ആത്മാക്കൾ കുടികൊള്ളുന്ന പനയും പാലയും വെട്ടിക്കളയണമെന്ന ഉപദേശങ്ങൾ നൽകപ്പെടുന്ന 'ക്രിസ്തീയ ആത്മീയത'കൾ വിരൽചൂണ്ടുന്നത് എന്തിലേക്കാണ്? കുട്ടിച്ചാത്തൻ, യക്ഷി തുടങ്ങിയവയെക്കുറിച്ചുള്ള നാട്ടുകഥകൾ സമർത്ഥമായി വിശ്വാസത്തിന്റെ ഭാഗമാകുന്നതിന്റെയും കാരണമിതാണ്. ‘അതിനു ശേഷം ഇത്, അതുകൊണ്ടു അത് ഇതിനു കാരണമാണ്’ എന്ന തരത്തിലുള്ള ന്യായങ്ങളാണ് അതിനായി നൽകപ്പെടുന്നത്. ഇതിലൊക്കെയും നമ്മൾ ദൈവത്തെ ഏതു തരത്തിൽ കാണുന്നു എന്ന വലിയ ചോദ്യം ഉയരുന്നു. അങ്ങനെ വികലമായ ധാരണകളെ യേശുവിന്റെയോ മാതാവിന്റെയോ സന്ദേശങ്ങൾ 'ആക്കപ്പെടുന്നുണ്ടെങ്കിൽ' അവയിലെ ദുരുദ്ദേശ്യവും, 'ആകപ്പെടുന്നുണ്ടെങ്കിൽ' അവക്കു ലഭിക്കേണ്ട മാർഗനിർദേശികളും അതീവമായ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. ആളുകൾ എന്ത് വിശ്വസിക്കുന്നെന്നോ അങ്ങനെയുള്ള വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾ എന്തെന്നോ ഗൗരവമായി പരിഗണിക്കുന്നവർ കുറയുന്നതെന്തുകൊണ്ടാണ്?

കൃപയിലുള്ള വളർച്ച എന്നത് ജീവിതകാലം മുഴുവൻ ഉള്ളതാണ്. വ്യക്തിപരമായി രൂപീകരിച്ചു പ്രചാരത്തിലുള്ളതല്ലാതെ, മന്ത്രശക്‌തികളെ നീക്കിക്കളയാൻ ‘സൂത്രവാക്യങ്ങളായോ’ പ്രത്യേക'ശക്തിയുള്ള' പ്രാർത്ഥനകളായോ ഒന്നുംതന്നെയില്ല. നല്ല ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണെങ്കിലും 'മാന്ത്രികമായി' ഉപയോഗിക്കപ്പെടുന്ന പ്രാർത്ഥനകളും ആരോഗ്യപരമല്ല. അവിടെ പ്രാർത്ഥനകൾക്കു മന്ത്രങ്ങളെന്നപോലെയുള്ള (white magic) പ്രാധാന്യമാണ്‌ നൽകപ്പെടുന്നത്. പ്രത്യേക ‘ശക്തികളുള്ള’ പ്രാർത്ഥനകളും ഭക്തിക്രിയകളും പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ അവ സത്യത്തിൽ ദൈവത്തിൽ നിന്ന് നമ്മെ അകറ്റുകയാണെന്നത് തിരിച്ചറിയണം. പ്രത്യേക പ്രാർത്ഥനകളെയും ഭക്തികളെയും ബൈബിൾ വാക്യങ്ങളെയും മാന്ത്രികമായി ഉപയോഗിക്കുന്നതിലെ കൃപാരാഹിത്യം ഇനിയെങ്കിലും മനസ്സിലാക്കണം. ‘ഭക്തി’ കൂടുകയും, എന്നാൽ വ്യക്തിപരമായും സാമൂഹികവുമായും ആത്മീയതയിൽ ശുഷ്കമായിപ്പോകുന്നതിന്റെയും യാഥാർത്ഥ്യം ഇതിനോട് ചേർത്തുവച്ച് ചിന്താവിഷയമാക്കണം.

ആരെങ്കിലും നമുക്കെതിരെ മന്ത്രവാദം ചെയ്തിട്ടുണ്ടാവുമ്പോ എന്നോ ആരുടെയെങ്കിലും ശാപങ്ങൾ ഏറ്റിട്ടുണ്ടോ എന്നോ സംശയമുണ്ടായിരിക്കുകയോ ചെയ്താലും, ഇനി ഉറപ്പുണ്ടെങ്കിൽ തന്നെയും ഭയപ്പെടേണ്ടതില്ല. അവയിൽ നമ്മൾ 'വിശ്വസിക്കുന്നുണ്ടെങ്കിൽ,' എന്ന് വെച്ചാൽ, അത്തരം ചിന്തകൾ നമ്മെ പേടിപ്പെടുത്തുന്നുണ്ടെങ്കിൽ നമുക്ക് ബലക്കുറവ് വന്നേക്കാം, കാരണം ആ സംശയവും ഭയവും നമ്മുടെ ദൈവാശ്രയ ബോധത്തിന്റെയും വിശ്വാസത്തിന്റെയും കുറവാണു കാണിക്കുന്നത്. അപ്പോഴാണ് തിന്മകൾക്ക് നമ്മിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നത്. വിട്ടുകളയുകയെന്നതാണ് ചെയ്യേണ്ടത്, ദൈവത്തിൽ ആശ്രയിക്കുക, തിന്മ ചെയ്തവർക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കുക, സമാധാനത്തിൽ ആയിരിക്കുക. അനീതിയുടെ പ്രവൃത്തികൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചു മനസ്തപിക്കേണ്ടത് നമ്മൾ തന്നെയാണ്. അത് അടുത്ത തലമുറയിലേക്ക് ആരോപിക്കുന്നതിൽ ദൈവികന്യായമില്ല. രോഗങ്ങളോ ദുരവസ്ഥകളോ പരീക്ഷകളോ ദൈവത്തിന്റെ ഇഷ്ടമേ അല്ല, അപ്പോൾ അത് മറ്റെന്തോ തിന്മയുടെ സ്വാധീനം ആണ് എന്ന രീതിയുള്ള വ്യാഖ്യാനങ്ങൾ തീർത്തും ശരിയല്ല. അത്തരം സാഹചര്യങ്ങളിൽ, അങ്ങനെ എന്തെങ്കിലും ആണോ, ഉണ്ടായിരിക്കുമോ, എന്തെങ്കിലും ആപത്തു വരുമോ തുടങ്ങിയ ആകാംക്ഷ, സംശയം, ഭയം തുടങ്ങിയവയിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്. അതിനു ദൈവകൃപയോടുള്ള സഹകരണവും ദൈവാശ്രയബോധവുമാണ് നമ്മെ നയിക്കേണ്ടത്.

പൂർവ്വികരോടുള്ള കൃതജ്ഞതയും സ്നേഹവുമാണ് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളുടെ ക്രിസ്തീയ പ്രചോദനം. മരിച്ച സകലർക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ഉദാരതകൂടി കാണിക്കുന്നു; ഭയമാവരുത് അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെ പ്രേരകഘടകം. ശല്യപ്പെടുത്തുന്ന ‘പൂവ്വികരുണ്ടാക്കുന്ന അസ്വസ്ഥതകളിൽനിന്നു വിടുതൽ’ വാഗ്ദാനം ചെയ്യുന്ന ശുശ്രൂഷകർ നിർവാഹമില്ലാതെ നട്ടംതിരിയുന്നവരുടെ നിസ്സഹായരായവരുടെ ചഞ്ചലാവസ്ഥകളെയും ചപലതകളെയും കൊളുത്തിവലിക്കുന്ന ക്രൂരവിനോദമാണ്. നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി, പൂർവ്വികരിലേക്കു നീളുന്ന പാപവേരുകളെ മുറിച്ചു കളയുക എന്ന രീതിയിലുള്ള ഭക്ത്യാഭാസങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. അവ പ്രായോഗികതലത്തിൽ അനുദിനഭക്തിക്രിയയായി മാറുന്നു എന്നത് തീർത്തും അനാരോഗ്യകരവുമാണ്.

ഒരു തലമുറ അടുത്ത തലമുറയെ സ്വാധീനിക്കുന്നത് (influences) സ്വാഭാവികമാണ്. ചുറ്റുപാടുകളുടെ സ്വാധീനവും, അനുകരിച്ചു ശീലിക്കുന്നതും സാമൂഹികവും മതപരവുമായ പരിശീലനങ്ങളും അതിൽപ്പെടും. ‘പൂർവ്വികരുടെ പാപം’ എന്നതുകൊണ്ട് അവരിലാരെങ്കിലും ചെയ്തിട്ടുള്ള തെറ്റുകളെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽത്തന്നെ തെറ്റില്ല. പാപം വ്യക്തിപരമാണ്; ഒരാൾ സ്വതന്ത്രമായി തെരഞ്ഞെടുത്ത പ്രവൃത്തിയാണത്. ഒരാളുടെ പാപമോ അതിനുള്ള ശിക്ഷയോ മറ്റൊരാളിലേക്ക് പകരപ്പെടുന്നില്ല, പൂർവ്വികരിലൊരാൾ ഒരു പ്രത്യേക പാപം ചെയ്തിരുന്നു എന്നതുകൊണ്ട് വരും തലമുറകൾ അത് ചെയ്യണമെന്നില്ല. ഇളം തലമുറയിൽ അത് കാണപ്പെടുന്നെങ്കിൽ അത് മുൻതലമുറയിൽ നിന്നുള്ള തുടർച്ചയായി കാണേണ്ടതുമില്ല. ജനിതകപരമായ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പ്രവൃത്തികൾ പിന്നീടുള്ള തലമുറകളെ ബാധിക്കുന്നെങ്കിൽ അത് ജൈവികമായ പ്രകൃതിയുടെ പ്രവൃത്തിയാണ്, ശിക്ഷയായോ ശാപമായോ അല്ല.

പ്രശ്നങ്ങളുടെ ഉറവിടങ്ങൾ അന്വേഷിച്ചു പുറത്തേക്കു നോക്കുക എന്നത് ഇവിടെ പൊതുവായ ശൈലിയാണ്. അത് പൂർവ്വികരോ, പിശാചോ, ശാപമോ, മറ്റുള്ളവരുടെ ആഭിചാരക്രിയകളോ ഒക്കെയാകാം. പ്രശ്നത്തിന്റെ കാരണങ്ങളിലോ, അതിന്റെ പരിഹാരങ്ങളെക്കുറിച്ചോ സ്വന്തം ഉത്തരവാദിത്തങ്ങളെ മാറ്റിനിർത്തുകയെന്നത് അതിന്റെ ഭാഗമാണ്. അത്തരത്തിലുള്ള എളുപ്പത്തിലുള്ള വ്യാഖ്യാനങ്ങളും വെളിപാടുകളും കൂടുതൽ അസ്വസ്ഥതകളും പേടിയും നിറച്ചു ഭാരപ്പെടുത്തുകയാവും ചെയ്യുക. പകരം ക്ഷമ, ധൈര്യം, ദൈവാശ്രയബോധം എന്നീ മൂല്യങ്ങളിൽ മുന്നോട്ടു നടക്കാൻ, ബുദ്ധിമുട്ടാണെങ്കിലും, പരിശീലിക്കുകയാണ് വേണ്ടത്.

please see also 

ശുദ്ധീകരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ