Gentle Dew Drop

ഡിസംബർ 24, 2020

ഇതാണ് ദേവാലയം

"ഇതാണ് ദേവാലയം" തന്നിലേക്ക് തന്നെ ചൂണ്ടിയാണ് ക്രിസ്തു അത് പറഞ്ഞത്.
ദൈവം നമ്മോടു കൂടെ ...
കൂടെ ആയിരിക്കുന്നവൻ വ്യത്യസ്തനായി അകന്നു മാറി നിൽക്കുമോ?
ദൈവസാന്നിധ്യത്തെ, ജീവിതത്തിന്റെ സാധാരണ ഭാവങ്ങളിൽ അംഗീകരിക്കാൻ നമുക്ക് മടിയാണ്. പാരമ്യങ്ങളും അസാധാരണ ഗുണങ്ങളുമാണ് ദൈവത്തിനു നല്കപ്പെടുന്നത്, അങ്ങനെയാണ് ദൈവം പ്രതീക്ഷിക്കപ്പെടുന്നത്. ദേവാലയത്തിന്റെ പ്രധാന ഇരിപ്പിടത്തിൽ ദർശനമനുവദിക്കുന്ന ദൈവപുരുഷനായല്ല ദൈവപുത്രൻ വന്നത്, അവൻ നമ്മുടെഅടുത്തേക്കു വന്നു, നമ്മേപ്പോലെയായി. അത് ഒരു ദുഃഖവെള്ളിയാഴ്ച രഹസ്യം മാത്രമല്ല, ഓരോ ദിനത്തിന്റെയും ആരോ ജീവാതാവസ്ഥയിലെയും രഹസ്യമാണ്. അവനു വിശന്നു, അവൻ വിയർത്തു, അവൻ തളർന്നു, അവൻ ആകുലനായി, അവൻ ദൈവത്തിലാശ്രയിച്ചു. ത്യാഗത്തിന്റെ ബലിയും ദേവാലയവും അവിടെയുണ്ട്.
 
ദേവാലയവും ദൈവവും ഒരു സ്വകാര്യ അഹങ്കാരമാണ്, 
അവ ആദര്ശങ്ങളുടെയും രാജത്വത്തിന്റെയും പ്രതീകമാകാറുമുണ്ട്,
ദൈവങ്ങളും ദേവാലയങ്ങളും മത്സരവിഷയമാകുന്നതും,
മേല്കോയ്മയുടെ അടയാളമായി ഉയർത്തിക്കാണിക്കപ്പെടുന്നതും 
അംബരചുംബികളായ ദേവാലയങ്ങൾ ദൈവാരാധനക്കെന്നതിനേക്കാൾ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമാകുന്നതും  അതുകൊണ്ടാണ്.

ദൈവവും ദേവാലയവും ക്രിസ്തുവിൽ സ്വതന്ത്രമാക്കപ്പെടുന്നു.
അതിവിശുദ്ധസ്ഥലത്തു പ്രതീക്ഷിക്കപ്പെടുന്നവൻ കാലിത്തൊഴുത്തിൽ,
വിശുദ്ധിയുടെ അതിരുകൾ വരച്ച ദേവാലയം തുറക്കപ്പെടുമ്പോൾ, അതിരുകളില്ലാതെ എല്ലാവരും ഒരേപോലെ ആ ശിശുവിനരികിൽ.
കരുതലാവശ്യമുള്ള കുഞ്ഞായി ദൈവം മനുഷ്യകരങ്ങളിൽ ...
പരസ്പരമുള്ള ശുശ്രൂഷകൾ കല്ലുവെച്ച ഭിത്തികളെക്കാളും, കൊത്തുപണികളുള്ള ഗോപുരങ്ങളെക്കാളും മേന്മയുള്ള ദൈവഭവനം തീർക്കുന്നു. 

വിതക്കാരൻ വിതക്കുന്നു, മുളപൊട്ടുന്നതും വേരിറങ്ങുന്നതും അറിയുന്ന ആ വലിയ രഹസ്യത്തിന്റെ പേരാണ് വചനം. അതിന്റെ പവിത്രതയറിയുവാനും, അതിന്റെ നിർമ്മലതകളിൽ കാത്തുസൂക്ഷിക്കുവാൻ പണിപ്പെടുകയും ചെയ്യുന്ന ഏതു ഹൃദയത്തിലും ദേവാലയമുണ്ട്.  വചനരഹസ്യത്തിന്റെ ആ നിർമ്മലതകൾ മനുഷ്യനെക്കുറിച്ചാകാം, പ്രകൃതിയെക്കുറിച്ചാകാം, ചരിത്രത്തെക്കുറിച്ചാകാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ