Gentle Dew Drop

ജൂലൈ 31, 2021

ദൈവമഹത്വം

നമ്മുടെ പ്രവൃത്തികളിലും സമീപനങ്ങളിലും ദൈവത്തിന്റെ സ്വഭാവങ്ങൾ കാണപ്പെടുന്നെങ്കിൽ അവിടെയാണ് ദൈവം മഹത്വപ്പെടുന്നത്. ദൈവത്തിന്റെ പേരിൽ ചെയ്യുന്ന ദുഷ്കർമ്മങ്ങളും ചൂഷണ സമീപനങ്ങളും, അത് മതത്തിനോ സമൂഹത്തിനോ എന്ത് നേട്ടങ്ങൾ ഉണ്ടാക്കിയാലും അത് ദൈവദൂഷണമാണ്.

അനീതിയെ അവഗണിക്കാനുള്ള കഴിവില്ലായ്മയാണ് ദൈവമഹത്വം,
അസാധ്യമായ സാഹചര്യങ്ങളിൽ സാധിക്കുന്ന നന്മ ചെയ്യുന്നതും,
നുണകൾ സുവിശേഷമാകുമ്പോൾ, സത്യം പറയുന്നതുമാണ് ദൈവമഹത്വം.
നുണകൾ അനീതി സൃഷ്ടിക്കുന്നതുകൊണ്ട്, അനീതിയെ സത്യം കൊണ്ട് എതിർക്കുകയും, വിരോധം നേടുന്ന സ്നേഹസന്ദേശത്തെ സ്വീകരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതാണ് ദൈവമഹത്വം.
ദൈവത്തെ മഹത്വപ്പെടുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹം ഓരോ പ്രവൃത്തിയെയും, മനോഭാവത്തെയും, ചിന്തയെയും ബോധ്യത്തെയും വിലയിരുത്തി ധ്യാനിക്കുവാൻ നമുക്ക് പ്രേരണ നൽകും. എല്ലാ ജനതകളെയും സംസ്കാരങ്ങളെയും അകൽച്ചയില്ലാതെ സമീപിക്കുവാനും അവയ്ക്ക് പൂർണ്ണത നൽകുവാനും അവയിൽനിന്ന് പൂർണ്ണത സ്വീകരിക്കുവാനും, എല്ലാറ്റിലും നന്മ കാണുവാനും, എല്ലാറ്റിലും ദൈവത്തെ കാണുവാനും അവ പ്രവർത്തികളിൽ പ്രകടമാകുവാനും കഴിയുമ്പോൾ മഹത്വം കാണപ്പെടും. മനസിലും ശരീരത്തിലും ആന്തരിക സത്തയിലും തകർന്നവർക്കും തളർന്നവർക്കും പുതുജീവൻ നൽകുകയെന്നതാണ് ആ മഹത്വം. സൃഷ്ടിയുടെ വൈഭവത്തെയും മനുഷ്യന്റെയും അന്തസ്സിനേയും സാമൂഹികനിർമ്മിതികൾക്കതീതമായി ആദരിക്കുകയെന്നതാണ് ദൈവമഹത്വം.


ജൂലൈ 29, 2021

ജീവനെ സ്നേഹിക്കുന്നവർ

അതിദയനീയമായ ഒരു അവസ്ഥയിലേക്കാണ് ലോകം കടന്നു പോകുന്നത്. രാഷ്ട്രീയവും, സാമൂഹികവുമായ സംഘർഷങ്ങളും സാമ്പത്തികമായ അസ്ഥിരതകളും വളർന്നു വരുന്നു. ശുദ്ധമായ വായുവും ജലവുമില്ലാതെയാകുന്നു. അത്തരം ഞെരുക്കത്തിന്റെ കാലത്തേക്കാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. കുഞ്ഞ് ഒരു ജൈവികഉത്പന്നമല്ല. അതിന് ഒരു ആരോഗ്യമുള്ള വ്യക്തിയാകാൻ വേണ്ട അന്തരീക്ഷവും ഉറപ്പാക്കാൻ നമുക്ക് കഴിയണം. സ്പർദ്ധയും മാത്സര്യവും വളർത്തുന്ന ഒരു സാംസ്കാരികാന്തരീക്ഷത്തിൽ എങ്ങനെയാവും ക്രിസ്തീയമനസാക്ഷിയുള്ള ഒരു കുഞ്ഞു വളരുക?
അതുകൊണ്ട് വിവാഹമോ, ജനനമോ ഒഴിവാക്കണം എന്നല്ല, ജീവനെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയാത്ത ഒരു ആദർശവും ജീവനുവേണ്ടിയുള്ള നിലപാടല്ല. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും ആത്മീയവും സാംസ്കാരികവുമായ ഒരു ഗർഭപാത്രത്തിലേക്കാണ് കുഞ്ഞു പിറക്കുന്നത്. ആ അന്തരീക്ഷം ജനിക്കുന്ന കുഞ്ഞിനെ വിരൂപമാക്കുന്ന അവസ്ഥയെ ഒഴിവാക്കുവാൻ ജീവനെ സ്നേഹിക്കുന്നവർ ആത്മാർത്ഥ പരിശ്രമം നടത്തും. അപ്പോൾ, ചുരുക്കത്തിൽ, എണ്ണം മാത്രമല്ല പരിഗണിക്കേണ്ടത്.

മനുഷ്യൻമാത്രം ജീവിക്കുന്ന ഒരു ഭൂമി സങ്കൽപം മാത്രമാണ് എന്ന് വ്യക്തമാണ്. ഭക്ഷിക്കാൻ ധാന്യവും പഴങ്ങളും മനുഷ്യന് ആവശ്യമായുണ്ട്. അതിനാവശ്യമായ ജീവവ്യവസ്ഥയില്ലാതെ മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ നിലനില്പില്ല. വാ കീറിയ ദൈവം ഭക്ഷിക്കാൻ നൽകുന്നത് വായുവിൽ അപ്പം സൃഷ്ടിച്ചുകൊണ്ടല്ലല്ലോ.

മനുഷ്യകേന്ദ്രീകൃതമായ സംവിധാനങ്ങളുടെ അത്യാഗ്രഹം നിറഞ്ഞ പ്രവൃത്തിരീതികൾ സാമൂഹികജീവിതത്തിലെ സ്ഥാപനഘടനകളെയെല്ലാം തന്നെ അസ്ഥിരമാക്കി തകർത്തുകളയും എന്നതാണ് വിലയിരുത്തൽ. ഏതാനം പേരുടെ കൊള്ളലാഭത്തിനു വേണ്ടി മാത്രം നിലനിൽക്കേണ്ട ഇരകളല്ല മനുഷ്യർ. മനുഷ്യൻ ജീവിക്കുന്നത് സാമ്പത്തികസാമൂഹികസംവിധാനങ്ങളെ നിലനിർത്താനായിട്ടല്ല, അത്തരം സംവിധാനങ്ങൾ മനുഷ്യന്റെയും ഭൂമിയുടെയും നിലനില്പിനായാണ് പ്രവർത്തിക്കേണ്ടത്. യഥാർത്ഥ മനുഷ്യാവസ്ഥയെന്നത് പൊടിയും സസ്യങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യനു നൽകുന്ന പരിലാളനയിൽനിന്നാണ്. ദൈവത്തെ മാന്ത്രികനായി കരുതുന്നവർ ജീവനെക്കുറിച്ച് അവഗണിച്ചു കളയുന്ന സത്യമാണത്.
സൃഷ്ടിയുടെ ഏറ്റവും മീതെ പ്രതിഷ്ഠിച്ചിരുന്ന മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി, സൃഷ്ടിയുടെ സമഗ്രതക്കുള്ളിലാണ് മനുഷ്യന്റെ അന്തസ്സിനെ തിരിച്ചറിയേണ്ടതെന്ന ബോധ്യത്തിലേക്ക് വൈകിയെങ്കിലും നമ്മൾ കടന്നിരിക്കുന്നു എന്നത് ആശാവഹമാണ്. കൊള്ളലാഭമുണ്ടാക്കുന്നവർക്ക് തീർത്തും അസ്വീകാര്യമായതാവും ഈ കാഴ്ചപ്പാട്. ജീവന്റെയും വിശ്വാസത്തിന്റെയും തന്നെ പുറംചട്ടയണിഞ്ഞ് അവർ അതിനെ ആക്രമിക്കുകയും ചെയ്യും. അവർ ചെയ്യുന്നത് മനുഷ്യഹത്യ മാത്രമല്ല, ജീവഹത്യയും ഭൗമഹത്യയുമാണ്.

Laudato Si ഇലകളെയും കിളികളെയും കുറിച്ചുള്ള ഒരു കാല്പനിക രചനയല്ല, മനുഷ്യൻ ഉപേക്ഷിച്ചു കളഞ്ഞ സ്വന്തം രൂപത്തെ ഭൂമിയെന്ന പൊതുഭവനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമായി കാണാനുള്ള പരിശ്രമമാണ്. ആദത്തെയും ക്രിസ്തുവിനെത്തന്നെയും അടുത്തറിയാൻ ഈ പ്രതിഫലനം ആവശ്യമാണ്.

ഈ ദർശനത്തെ ധ്യാനിക്കുവാനും പ്രവർത്തിയിലെത്തിക്കുവാനും Laudato Si Movement എന്ന പേരിൽ മുന്നോട്ട് നടക്കുന്ന ഒരു കൊച്ചു സമൂഹമുണ്ട്. ഇത് ഒരു activism അല്ല, ഇത് ഒരു പ്രാർത്ഥന കൂടിയാണ്. ഹൃസ്വകാലത്തേക്കുള്ള ഇടുങ്ങിയ താല്പര്യങ്ങളെ സംരക്ഷിക്കുവാൻ, ദീർഘകാലത്തേക്ക് ആവശ്യമായ ജീവന്റെ ലക്ഷ്യങ്ങളെ, സമഗ്രമായ ജീവാവസ്ഥയെ പുച്ഛിച്ചു തള്ളരുത്. സകല സൃഷ്ടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധ്യത്തിൽ, ജീവിക്കാനുള്ള ഊർജ്ജം നഷ്ടപ്പെട്ടു പോയ എല്ലാത്തിനെയും, മണ്ണും, ജലവും, സസ്യവും, വണ്ടുകളും, മൃഗങ്ങളും, ഒരേ ശരീരത്തിന്റെ ഭാഗമായി കാണാൻ ഇത് പരിശ്രമിക്കുന്നു.

സന്തുലിതമായ ഒരു ജനവാസം ഉറപ്പു വരുത്തുന്നത്, സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥ, നിലനിൽക്കുന്ന ആവാസവ്യവസ്ഥ, പരസ്പരം പരിപോഷിപ്പിക്കുന്ന സാംസ്‌കാരിക ഘടകങ്ങൾ, സമഗ്രതയിൽ ക്ഷേമം ഉറപ്പുവരുത്തുന്ന സമൂഹം എന്നിവ നന്നായി പ്രവർത്തിക്കുമ്പോഴാണ്. ശുഷ്കമാകുന്ന സാമൂഹ്യ സ്ഥിതികളെയും ജനക്ഷേമത്തെയും മെച്ചപ്പെടുത്തണമെങ്കിൽ ഈ ഘടകങ്ങളിൽ നേരിട്ട് ഇടപെടുന്നതും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതുമായ നിർമ്മിതിഘടകങ്ങളെ ആവശ്യമായ കരുതലോടെ സമൂഹം കൈകാര്യം ചെയ്യുമ്പോഴേ കഴിയൂ. 2100 ആം വർഷത്തെക്കുറിച്ച് WHO അനുമാനിക്കുന്നു 11 ബില്യൻ ആളുകളിൽ വേര്തിരിവുകളുടെ ഇരകളായി ദുരിതത്തിലാവുന്നവരും വിശേഷ സൗഭാഗ്യങ്ങളനുഭവിക്കുന്ന ഏതാനം പേരും എന്ന അവസ്ഥ അഭികാമ്യമല്ല. സംഘർഷങ്ങളും, അസമത്വവും, ധ്രുവീകരണ പ്രവണതകളും രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങളും അതിന്റെ പ്രധാന കാരണങ്ങളും തിരിച്ചറിയാൻ കഴിയുന്ന സാമൂഹികവിശകലന ഉപകാരണങ്ങൾ ഇന്ന് നമുക്കുണ്ട്. അവ നൽകുന്ന സൂചകങ്ങൾ തള്ളിക്കളയുകയും, വലിയ ഒരു ജനസംഖ്യ ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ലോകത്തിന്റെ പലയിടങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഇന്ന് സമ്പത്തിന്റെ വലിയ ഭാഗത്തിന്റെ ഉപയോഗത്തിന് കാരണമാകുന്നത്. അതുവഴി അനേകർ വിശന്നു മരിക്കുന്നു. നല്ല നാളേക്കുള്ള നയരൂപീകരണങ്ങൾ, വളരെ പ്രിയങ്കരമായി പരിപോഷിപ്പിക്കപ്പെടുന്ന സംഘർഷങ്ങളേയും പ്രകൃതിയുടെ ചൂഷണത്തെയും സാമൂഹിക ചൂഷണങ്ങളെയും ഇല്ലാതാക്കാൻ ഉള്ള മനോഭാവങ്ങൾ രൂപീകരിക്കുന്ന മനഃസാക്ഷി നിർമ്മിച്ചെടുക്കണം. പണത്തിന്റെ ഉപയോഗം, സാംസ്‌കാരിക നിർമ്മിതി, സാമൂഹികസംവിധാനങ്ങൾ എന്നിവയിൽ എത്ര ശ്രദ്ധ നല്കപ്പെടുന്നുണ്ട്? വൈകാരികമായി തീരുമാനിക്കപ്പെടുന്ന സത്യങ്ങളല്ല നമുക്ക് വേണ്ടത്, യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയ സത്യാവസ്ഥയാണ് ആവശ്യം. സംതൃപ്തമാക്കുന്ന ലാഭങ്ങളെ, അത് സാമ്പത്തികമാകാം, രാഷ്ട്രീയമാകാം, മാറ്റിനിർത്തുവാൻ തീർച്ചയായും ബുദ്ധിമുട്ടാണ്, പക്ഷേ അതില്ലാതെ പറയപ്പെടുന്ന സാമൂഹികനിർമ്മിതിയെല്ലാം കപടതയാണ്.

ജൂലൈ 28, 2021

സുവിശേഷത്തിന്റെ ആഘോഷം

സുവിശേഷം വളരുന്നതും വികസിക്കുന്നതും വാക്കുകളിലല്ല, ജീവിക്കുന്നതിലാണ്. സുവിശേഷം ഗ്രഹിക്കുന്നതിനെക്കുറിച്ചും സ്വീകരിക്കുന്നതിനെക്കുറിച്ചും വിത്തും, കടുകുമണിയും പുളിമാവുമൊക്കെ ഉപമയായെടുത്തു നമ്മൾ വായിക്കുന്നു. അതിന്റെ വലിയ മൂല്യത്തെക്കുറിച്ച് മുത്തിന്റെയും നിധിയുള്ള വയലിന്റെയും ഉപമകളും പറയുന്നു. മേന്മയേറിയ ആ വിത്തും, വിലയേറിയ നിധിയും ക്രിസ്‌തുതന്നെയാണ്.

പതിയെ വളർന്നുതുടങ്ങുമ്പോൾത്തന്നെ അതിൽ നിർവൃതിയുണ്ട്, അതുകൊണ്ടുതന്നെ സുവിശേഷത്തിലുള്ള വളർച്ച ആനന്ദമുള്ളതാണ്. ഫലം പുറപ്പെടുവിച്ചുതുടങ്ങുമ്പോൾ അത് പൂർണ്ണവുമാകും. അങ്ങനെ സുവിശേഷം ജീവിതത്തിന്റെ ആഘോഷവും സായൂജ്യവുമാണ്. യഹൂദരുടെ പ്രധാനത്തിരുനാളുകളായ പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുനാൾ എന്നിവയെ ബന്ധപ്പെടുത്തി സുവിശേഷത്തിന്റെ ആഘോഷത്തെ ധ്യാനിക്കാൻ ശ്രമിക്കാം. പെസഹാ കടന്നുപോകലായതുകൊണ്ട് പഴയതിനെയൊക്കെ വിട്ടുകളഞ്ഞുകൊണ്ട് പുതിയ ഒരു സമയത്തേക്ക് പ്രവേശിക്കുകയാണ്. പിന്നീട് പന്തക്കുസ്തായും കൂടാരത്തിരുനാളുമുണ്ട്, വിളവിനുള്ള കൃതജ്ഞതയും, ശേഖരിച്ച ശേഷമുള്ള ആഘോഷവുമാണവ. അങ്ങനെ അവിടെ സ്വീകരിച്ചിട്ടുള്ള കനിവുകൾ ഓർമ്മിക്കപ്പെടുന്നു, വിളവുകൾ ശേഖരിക്കപ്പെടുന്നു, അവ കൈകളിലേന്തി നന്ദി പ്രകാശിപ്പിക്കുന്നു, പരസ്പരം പങ്കു വയ്ക്കുന്നു, ആനന്ദിക്കുന്നു.

ഓരോ നിമിഷവും നമ്മിൽ പതിയെ പതിയെ സുവിശേഷം വളരുന്നത് കാണാൻ കഴിയുന്നുണ്ടോ? നമ്മുടെ ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും സാധാരണ വീട്ടുജോലികളിലും കൃപയുടെ പ്രവർത്തനങ്ങൾ കാണാൻ കഴിയുന്നുണ്ടോ? നമ്മുടെ വാക്കുകളിലും സമീപനങ്ങളിലും മനോഭാവങ്ങളിലും ക്രിസ്തുസ്വഭാവം അല്പമെങ്കിലും ഓരോ ദിവസവും വളരുന്നുണ്ടോ? ആനന്ദിക്കാം! പ്രലോഭനങ്ങളും പരീക്ഷണങ്ങളും തളർത്തുന്നുണ്ടെങ്കിലും ആത്മാർത്ഥഹൃദയത്തിൽ വളർന്നുതുടങ്ങിയ ദൈവരാജ്യം ആന്തരികമായ പ്രോത്സാഹനം നൽകിക്കൊള്ളും. ദൈവത്തിലർപ്പിക്കുന്ന വിശ്വാസത്തിലാണ് നമ്മിൽ വളരുന്ന ക്രിസ്തു പരിപോഷണം സ്വീകരിക്കുന്നത്. ആ വിശ്വാസം ഇല്ലായെങ്കിൽ, ദൈവത്തെ പ്രീതിപ്പെടുത്താനുള്ള തത്രപ്പാടിൽ നമ്മൾ പരിഭ്രാന്തരാകും. ദൈവരാജ്യത്തിന്റെ സമാധാനമോ ആനന്ദമോ അറിയാൻ നമുക്കാവില്ല. നമ്മിലെ വിളവുകൾ കൃതജ്ഞതയോടെ ഉയർത്തി വാഴ്ത്താനും നമുക്കാവില്ല.

സുവിശേഷത്തിന്റെ ആനന്ദവും ആഘോഷവും ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും അതുൾക്കൊള്ളുന്ന സത്യമാണ്. നമ്മെ പരിപാലിക്കുന്ന ദൈവത്തിന്റെ മക്കളാണ് നമ്മൾ. ക്രിസ്തുവെന്ന ഭവനത്തിൽ ഒരുമിച്ചു ചേരുന്ന സഹോദരരാണ് നമ്മൾ. ഇത് ഒരുപക്ഷെ സുഖകരമായ ഒരു സത്യമാവില്ല.

മുൻവിധികളിൽ നിന്നും ഭയത്തിൽ നിന്നും സ്വതന്ത്രരായി, ദൈവത്തിനു നമ്മൾ നിർമ്മിച്ച് കൊടുക്കുന്ന മുഖംമൂടികളിൽ നിന്നും സ്വതന്ത്രരായി, ആദര്ശവല്ക്കരിക്കപ്പെടുന്ന വിശ്വാസത്തിൽ നിന്നും സാന്മാര്ഗികതയിൽ നിന്നും സ്വതന്ത്രരായി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന പുതിയ സമയത്തേക്ക് കടന്നുപോകുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. നമ്മിൽ വളരുന്ന സുവിശേഷം വലിയ കൃതജ്ഞത നമ്മിൽ സൃഷ്ടിക്കുന്നു. നമ്മുടെ പ്രവൃത്തികളെയും ബന്ധങ്ങളെയും കാഴ്ചപ്പാടുകളെയും ബോധ്യങ്ങളെയും സുവിശേഷം നയിച്ചു തുടങ്ങുമ്പോൾ നമ്മുടെ വിളകൾ ആനന്ദത്തോടെ നമുക്ക് ശേഖരിച്ചു തുടങ്ങാം. സുവിശേഷം ഒരു ആഘോഷമാണ്, അതിന്റെ വിളവിനു പിന്നിൽ ഉൾച്ചേർന്നിട്ടുള്ള എല്ലാ സഹനങ്ങളോടും ത്യാഗങ്ങളോടും കൂടിത്തന്നെ. ആ സുവിശേഷഫലങ്ങൾ നമുക്ക് പങ്കു വയ്ക്കാനുമാകും.

ജൂലൈ 25, 2021

നിങ്ങൾതന്നെ അവർക്ക് ഭക്ഷിക്കാൻ നൽകുക

ഒറ്റ നിമിഷം കൊണ്ട് കല്ലുകളിൽ നിന്നും ദൈവം അപ്പം ഉണ്ടാക്കാറില്ല. ആകാശത്തിൽ നിന്ന് അപ്പം വർഷിക്കാറുമില്ല. ദൈവം മണ്ണിൽ ചെയ്യുന്ന മനോഹരമായ അത്ഭുതമാണ് അപ്പം. "നിങ്ങൾതന്നെ അവർക്ക്  ഭക്ഷിക്കാൻ നൽകുക" എന്നത് "എന്തുകൊണ്ടാണ് വിശക്കുന്നവർ അങ്ങനെയായത്" എന്ന യാഥാർത്ഥ്യം കൂടി മനസിലാക്കി പ്രതികരിക്കേണ്ട കാര്യമാണ്. അതിന്റെ ശരിയുത്തരം കണ്ടെത്തി കഴിയും വിധം അതിൽ ഭാഗഭാഗിത്വം വഹിക്കാനാകുന്നില്ലെങ്കിൽ ക്രിസ്തുവിന്റെ ബലിമേശയിൽ നമുക്ക് പങ്കില്ല.

2019 - 2020 നുള്ളിൽ മാത്രം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിൽ 161 മില്യൻ ആളുകളുടെ വർദ്ധനവുണ്ടായി. 811 മില്യൻ ആളുകൾ വിശക്കുന്നവരായി അന്തിയുറങ്ങുന്ന ലോകത്ത് അവർക്കെല്ലാം ഭക്ഷണം നൽകാൻ  നമ്മുടെ കൈയിൽ എന്തിരിക്കുന്നു? 

ലോകത്തിലുള്ള ആളുകൾക്ക് മുഴുവൻ  മതിയാകുന്ന ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഭക്ഷണം ലാഭമുണ്ടാക്കുന്ന വസ്തുവായി മാറിയപ്പോൾ, ഭക്ഷണം ശേഖരിച്ചു വയ്ക്കാനും, കൂടുതൽ ലാഭത്തിനായി കൂടുതൽ ഭക്ഷിക്കൽ പ്രോത്സാഹിപ്പിക്കാനും, ഭക്ഷിക്കപ്പെടാത്തത്‌ എറിയപ്പെടുന്നതാകാനും വഴിയായി. വാങ്ങാനുള്ള ത്രാണിയില്ലാത്തവർക്ക് ഭക്ഷണം അന്യമായി. 

ദൈവത്തിൽനിന്നും ജാലവിദ്യ പ്രതീക്ഷിച്ചുകൊണ്ട്, ബലിപീഠത്തിന്റെ ആഡംബരത്തിൽ നമ്മൾ സ്വയം വിഡ്ഢിയാക്കുകയാണ്‌. ദൈവം അപ്പം കൊടുക്കുന്നു, യുദ്ധം ഒഴിവാക്കുന്നു, സംഘര്ഷങ്ങൾ അവസാനിപ്പിക്കുന്നു...  നമ്മൾ ഈ മായാജാലങ്ങളൊക്കെ കണ്ടു രസിച്ച് നടന്നു പോകുന്നു. അങ്ങനെ, ദൈവം നമ്മിലൂടെ പ്രവർത്തിക്കാനാഗ്രഹിക്കുന്ന രീതികൾ നമ്മിൽ നൽകുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയകലുകയും ചെയ്യുന്നു.  കല്ലിനെ അപ്പമാക്കാനുള്ള മോഹം പ്രലോഭനമാണ്.  കൃതജ്ഞതയുടെയും ത്യാഗത്തിന്റെയും നീണ്ടപ്രക്രിയയുടെ ഫലമാണ് ഭോജനം. മണ്ണിൽതുടങ്ങി, മണ്ണിര, കർഷകർ, പാചകക്കാർ വരെ വലിയ ഒരു കനിവിന്റെ ഫലമാണത്. വിശക്കുന്നവരെ മുഴുവൻ തൃപ്തരാക്കാൻ നമുക്ക് ഒന്നും ചെയ്യാനാവില്ല എന്ന പ്രതികരണം സാധാരണയാണ്. നമ്മുടെ കൈയിലുള്ളത് മുഴുവൻ നമുക്ക് ആവശ്യമുണ്ടോ എന്നത് പലപ്പോഴും ചിന്തിക്കാറുമില്ല (2 Kings 4:43, Jn 6:7).

ക്രിസ്തുവിനു അലിവ് തോന്നിയതുപോലെ, ചുറ്റും വിശക്കുന്നവരുണ്ട് എന്നറിയുക എന്നതാണ് ആദ്യത്തെ സമീപനം. പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിൽ, യോഹന്നാൻ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സമീപനം സ്വീകരിച്ചാലും അത് നമ്മെ കൂടുതൽ വിശപ്പറിയുന്നവരാക്കുകയാണ്. ക്രിസ്തു തന്നെത്തന്നെ ജീവന്റെ അപ്പമായി ചൂണ്ടിക്കാട്ടുന്നു. അത് ഒരു കടന്നുപോകലിന്റെ കൂടി അടയാളമാണ്. ക്രിസ്തുവിൽ വസിക്കുന്നവരായ നമ്മൾ എങ്ങനെയാണ് ആ ശരീരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ജീവന്റെ അപ്പമായി മാറുന്നത്. വിശക്കുന്നവന് ആഹാരം നൽകുന്നത് ജീവൻ പകരുന്ന പ്രക്രിയയാണ്. അത് ത്യാഗവും മരണവും ഉൾകൊള്ളുന്നു.  വിശപ്പ് മറ്റു പല ഘടകങ്ങളുടെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെക്കൂടി കാര്യമായെടുക്കാതെ വിശക്കുന്നവർക്ക് ആഹാരം ഉറപ്പാക്കാനാവില്ല; പൊതുവായ ആരോഗ്യം, സുരക്ഷിതമായ വാസസ്ഥലം, ജലം, ശുചിമുറി തുടങ്ങിയവ ... ദൈവരാജ്യത്തെക്കുറിച്ചൊക്കെ ആത്മാർത്ഥതയോടെ ധ്യാനിക്കുന്നവരാണെങ്കിൽ വാതിലുകൾ ഇവയൊക്കെയാണ്. ഹൃദയം തകർന്നവർക്ക് നല്ല വാർത്തയും, അന്ധർക്കു കാഴ്ചയും, ബധിരർക്കു കേൾവിയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ദൈവാനുഗ്രഹത്തിന്റെ ഉറപ്പും അപ്പത്തിന് ക്രിസ്തു നൽകിയ മറ്റു ഭാഷ്യങ്ങൾ തന്നെയാണ്.

_________________ 

അപ്പോൾ ദൈവമായ കർത്താവ് അരുളിച്ചെയ്തു: "നമുക്ക് അവർക്കു ആഹാരം നൽകാം." ഭൂമി സമൂഹം ഒത്തുചേർന്നു, മണ്ണ്, വെള്ളം, കാറ്റ്, മണ്ണിരകൾ, പഴുത്തുവീണ ഇലകൾ, ചാരം ... "ഈ ആളുകൾക്കു മുഴുവൻ നമ്മൾ എങ്ങനെ ഭക്ഷിക്കാൻ നൽകും? ഒരു വിത്തിന് ഒരായിരം അളവ്! ജീവന്റെ ആഘോഷമായിരുന്നു അവർ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ. ധാന്യങ്ങളുടെ സമൃദ്ധിയും, ധാരാളം പഴങ്ങളും. 

________________ 

ധനവാന്റെ വീട്ടിലായിരുന്നു പ്രാർത്ഥനായോഗം.
വിശക്കുന്നവരെ ആശ്വസിപ്പിക്കാൻ പ്രത്യേക ബലിയും പ്രാർത്ഥനയും സംഘടിപ്പിക്കാൻ അവർ അവിടെ വച്ച് തീരുമാനിച്ചു.

അടഞ്ഞ പത്തായപ്പുരക്ക് മുൻപിൽ ദൈവം നിസ്സഹായനായി നിന്നു,
ലാസർ ധനവാന്റെ വാതില്പടിയിലും...

ജൂലൈ 23, 2021

സ്നേഹമാണ് പുതിയ നിയമം

വിവാഹത്തിലേക്ക് പ്രവേശിക്കുന്നവർ, ഇനി മേൽ ജീവിക്കേണ്ട ഒരു നിയമപ്പട്ടിക പരസ്പരം അംഗീകരിച്ചു ഒപ്പുവെച്ചുകൊണ്ടല്ല തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. പരസ്പരം അറിഞ്ഞുകൊണ്ട് ഒരു ജീവിതക്രമം രൂപപ്പെടുകയാണ്. ആ ഹൃദയബന്ധമില്ലാതെ എന്തൊക്കെ ചെയ്താലും അവ ജീവിതത്തിന് ലാവണ്യം പകരില്ല.

ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാണ് എന്നതാണ് നിയമത്തിനുള്ള അടിസ്ഥാനം. മറ്റൊരു ദൈവം നിങ്ങൾക്കുണ്ടാകരുത് എന്ന് പറയുന്നതിന്റെ കാരണവും "നിങ്ങളുടെ ദൈവവും നാഥനും സൃഷ്ടാവും ഭർത്താവും ആയവനാണ് ഞാൻ" എന്നതുകൊണ്ടാണ് (Is 54: 5). നിയമത്തിന്റെ കണിശമായ പാലനയോ, അനുഷ്ഠാനങ്ങളിലെ നിഷ്ഠയോ, നേർച്ചകാഴ്ചകളോ, ഏതെങ്കിലും രൂപങ്ങളോ നിർവചനങ്ങളോ ആ ഹൃദയബന്ധത്തിനു പകരമാകില്ല. സങ്കല്പങ്ങളെ നമുക്ക് ആരാധിക്കാനാവില്ല, ബോധ്യങ്ങൾക്കോ നിയമപാലനകൾക്കോ കൃപ പകരാനുമാകില്ല. 

സ്നേഹമാണ് പുതിയ നിയമം. അത് മറ്റെല്ലാ മൂല്യങ്ങളെയും നിയമസംവിധാനങ്ങളെയും ഉൾകൊള്ളുന്നു. മോശയുടെ നിയമം നല്കപ്പെടുന്നതിനു മുമ്പേ മോശ ജനത്തെ ഒരുക്കി വിശുദ്ധീകരിച്ചിരുന്നു. വലിയ മേഘാവലിയും, ഇടിമുഴക്കത്തിന്റെയും, ഇടിമിന്നലിന്റെയും അകമ്പടിയും നിയമം നൽകപ്പെട്ട പശ്ചാത്തലത്തിലുണ്ട്. ദൈവം നിയമം അരുളിചെയ്യുന്നതിനെക്കുറിച്ച് പുറപ്പാട് ഗ്രന്ഥകാരൻ ഇരുപതാം അധ്യായം മുതൽ മുപ്പത്തൊന്നാം അധ്യായം വരെ ദീർഘമായ അവതരണമാണ് നൽകുന്നത്. എന്നിരുന്നാലും മോശ മലയിലേക്ക് കയറിപ്പോകുമ്പോഴേക്കും താഴ്വാരത്തിൽ കാളക്കുട്ടിയെ ആരാധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു എന്നത് തള്ളിക്കളയപ്പെടുന്ന ഒരു ഹൃദയബന്ധത്തിന്റെ വേദന നമ്മിലുമുണ്ടാക്കണം.  നിയമാവർത്തനപ്പുസ്തകത്തിന്റെ രചന നടക്കുമ്പോഴേക്കും, നിയമം ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ ഹൃദയത്തിന്റെ പരിച്ഛേദനമാണ് ആവശ്യമായുള്ളത് എന്ന് അവർ ധ്യാനിച്ചു തുടങ്ങിയിരുന്നു (Dt 10: 16). പശ്ചാത്താപത്തിന്റെ അടയാളമായി വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്ന് ജോയേലും (Joel 2:13) ഉപവാസവും ബലികളും ഹൃദയത്തിന്റെ ഭാഷയിൽ കൂടുതൽ ആഴത്തിലുള്ള ഒരു പുനർവിചിന്തനത്തിനു വിധേയമാക്കണമെന്ന് മറ്റു പ്രവാചകരും പറയുന്നു .

നിയമം ദൈവമായാലുള്ള അപകടം നമ്മൾ തിരിച്ചറിയണം. വിശ്വസിക്കുകയാണെന്നു ധരിച്ചു കൊണ്ട് ഏതാനം വിശ്വാസസംവിധാനങ്ങളെ പൂജിക്കുന്നവരായി നമ്മൾ മാറിയേക്കാം. ശാഠ്യവും കടുംപിടുത്തവും വഴി 'നമ്മുടെ സത്യങ്ങൾ' കൊണ്ട് അനേകരെ പ്രഹരിക്കുവാനും, വിശ്വാസധാരണകളുടെ വിജയം ഉറപ്പിക്കുവാനും പരിശ്രമിക്കുകയാണ് നമ്മൾ. അങ്ങനെ വിശ്വാസവും സാന്മാര്ഗികതയും ആദര്ശവത്കരിക്കപ്പെടുമ്പോൾ നമ്മൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്തേക്കാം. നിയമം ദൈവമാകുമ്പോൾ, നിർഭാഗ്യവശാൽ അത് സേവിക്കുന്നത്  ആ നിയമത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുവാനും വളച്ചൊടിക്കുവാനും കഴിയുന്നവരെയാണ്. 

പുതിയനിയമം, സ്നേഹപ്രമാണം ഒരു നിയമാവലിയല്ല, ക്രിസ്തുവെന്ന വ്യക്തിയാണ്. ക്രിസ്തുവിൽ നമുക്ക് കൃതിമത്വം കാണിക്കാനാവില്ല. നിയമം സൃഷ്ടിക്കുന്ന മതിലുകളല്ല ദൈവാത്മാവിന്റെ സ്വാതന്ത്ര്യമാണ് ക്രിസ്തുവെന്ന നിയമം. ക്രിസ്തുവിന്റെ മനോഭാവങ്ങളെയും സമീപനങ്ങളെയും സ്വന്തമാക്കുകയെന്നതാണ് പുതിയ നിയമം.  

നല്ല മണ്ണ്

ജീവദായകമായ വചനം അക്ഷരങ്ങളിൽ എഴുതപ്പെട്ടതല്ല, അത് സ്നേഹത്താൽ നല്കപ്പെട്ടതാണ്. ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക്‌ ചൊരിയപ്പെട്ടിരിക്കുന്നു (Rom 5:5). അക്ഷരങ്ങളിലേക്കൊതുക്കപ്പെടുന്ന വചനം ഫലരഹിതമാക്കപ്പെടുന്നു. ജീവിക്കുന്ന വചനം, നമ്മുടെ ഹൃദയങ്ങളിൽ വസിക്കുക മാത്രമല്ല, ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു  (2 Cor 3:18). ക്രിസ്തു തന്നെയാണ് നമ്മുടെ ഹൃദയങ്ങളിലേക്ക് വിതക്കപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ, വചനമെന്നത്, വായിക്കേണ്ട വാക്കുകളും അക്ഷരങ്ങളുമായി മനസിലാക്കപ്പെട്ടതുകൊണ്ടാവാം വിളവു നൽകാത്ത മണ്ണായി നമ്മൾ മാറിയിട്ടുള്ളത്. 

വിതക്കാരന്റെ ഉപമ വിശദീകരിച്ചപ്പോൾ, മനസ്സിലാക്കാതെ ശ്രവിച്ചതുമൂലം അപഹരിക്കപ്പെടുന്ന അവസ്ഥയെ ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു (Mt 13: 18). അത്തരക്കാർക്ക് ദൈവത്തിൽ വിശ്വാസമർപ്പിച്ച് വളരുന്നതിനും ജീവിക്കുന്നതിനും പകരം വചനം അവരുടെ ഭയത്തിലും  അരക്ഷിതാവസ്ഥയിലും ഉപയോഗിക്കപ്പെടാനുള്ളതാണ്. ചില വാക്യങ്ങളിൽ അവർ പ്രത്യേക ശക്തി കാണുകയും അത്ഭുതങ്ങൾക്കും ആഗ്രഹനിവർത്തിക്കുമായി ഉപയോഗിക്കുകയും ചെയ്യുന്നു. ചില പ്രത്യേക ഭാഗങ്ങളെ അടർത്തിയെടുത്ത് സ്വന്തം വ്യാഖ്യാനങ്ങൾ നൽകി ചിലർ രാഷ്ട്രീയപരമായും ഉപയോഗിക്കുന്നു. സ്വാഭാവികമായും വചനം ചിതറിക്കപ്പെടുന്നു, അവരിൽ നിന്ന് നഷ്ടമാവുകയും ചെയ്യുന്നു.

രണ്ടാമത്തെ വിഭാഗം (Mt 13: 20, 21) പ്രഭാഷണങ്ങളിലെയും പരിപാടികളിലെയും വാക്‌ചാതുരിയിലും നാടകീയതയിലും വിവരണ ശൈലികളിലും മതിമറന്ന് പോകുന്നു. വചനം അവരുടെ ഹൃദയങ്ങളിൽ പ്രവേശിക്കുന്നില്ല, കാരണം മുളപൊട്ടി വേരുപിടിക്കുവാൻ അവർ അനുവദിക്കാറില്ല. മാസ്മരികത തേടി ചുറ്റിത്തിരിയുകയാണവർ. ജീവിക്കുന്ന വചനം അതിന്റെ സമഗ്രതയിൽ വ്യക്തിപരമായ ജീവിതത്തിലേക്ക് എടുക്കുവാൻ അവർക്കു കഴിയാതെ വരുന്നു. ആത്മീയ പരിപോഷണവും ആത്മീയ ഉല്ലാസവും വേർതിരിച്ചെടുക്കാൻ നമുക്കാവുന്നില്ലെന്നത് വലിയ അപകടമാണ്. ആ പ്രകടനപരതത്തിലെ ആസ്വാദ്യതയിൽനിന്നുണ്ടാകുന്ന ഉത്സാഹത്തിനപ്പുറത്തേക്ക് അവർക്ക് കടക്കാനാവുന്നില്ല. 

യേശുവിന്റെ പരാമർശത്തിലെ മൂന്നാമത്തെ വിഭാഗം, പലവിധ വ്യഗ്രതകളാൽ  ഞെരുക്കപ്പെടുന്നതുമൂലം ഫലം പുറപ്പെടുവിക്കാൻ കഴിയാത്തവരാണ് (Mt 13: 22). ജീവിതവ്യഗ്രതയും ലോകത്തിന്റെ വശ്യതയും ലൗകികം എന്ന് വിളിക്കപ്പെടുന്നവയിൽ മാത്രമല്ല. വ്യഗ്രത പ്രേരകമാവുകയും, അനുഗ്രഹങ്ങളെന്നു വിളിക്കപ്പെടുന്ന നേട്ടങ്ങൾ ലക്ഷ്യങ്ങളാക്കപ്പെടുകയും ചെയ്യുമ്പോൾ ആത്മീയം എന്ന് കരുതപ്പെടുന്നവയിലും ജീവിതവ്യഗ്രതയും ലോകത്തിന്റെ വശ്യതയുമുണ്ട്.  പലപ്പോഴും ഏതു പ്രാർത്ഥന എത്ര തവണ ചൊല്ലിയാലാണ് ഈ അനുഗ്രഹം കിട്ടുക എന്ന രീതിയിലാണ് നമ്മുടെ ആത്മീയ വേവലാതികൾ. കൂടാതെ പ്രത്യേക ശക്തിയുള്ള പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും കണ്ടെത്തിയിട്ടുമുണ്ട്. അങ്ങനെ, പ്രാത്ഥനാനിർഭരതയുടെയും ആത്മീയജീവിതത്തിന്റെയും പുറംമോടിയിൽ വിശ്വാസം, ഭക്തി, പ്രാർത്ഥന എന്നിവ ഏതാനം പ്രകടനപരതയിലേക്കു ചുരുക്കപ്പെടുന്നു. പതിയെ ഈ കവചം കടുപ്പമുള്ളതും മൂർച്ചയേറിയതുമായി കണിശതയും കുറ്റാരോപണവും വഴി മറ്റുള്ളവരെ മുറിപ്പെടുത്താൻ തുടങ്ങുന്നു. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളയെപ്പോലെ തന്നെ മുൾച്ചെടിക്കും ആ മണ്ണ് വളർച്ച നൽകി എന്നതാണ്, ഒരു പക്ഷേ കൂടുതൽ സന്തോഷത്തോടെയും. നമ്മുടെ ഉള്ളിൽ വളരുന്ന വെറുപ്പിന്റെയും അസൂയയുടെയും പ്രതികാരചിന്തയുടെയും മുൾച്ചെടികൾ കൃപക്ക് പ്രവർത്തിക്കാനാവാതെ വളരുന്നത് അറിഞ്ഞിട്ടും അവഗണിച്ചിട്ടില്ലേ?  നമ്മൾ തികഞ്ഞ ഭക്തരും വിശ്വാസികളുമാണല്ലോ അല്ലേ? 

നല്ല മണ്ണ് (Mt 13: 23) തങ്ങളെ ദൈവമക്കളായി രൂപാന്തരപ്പെടുത്തുന്ന ജീവിക്കുന്ന വചനത്തെ മനസിലാക്കി സ്വീകരിക്കുന്നവരാണ്. ദൈവസ്നേഹവും, പരിശുദ്ധാത്മ ശക്തിയും  തങ്ങളുടെ ജീവിതങ്ങളിലേക്കു അവർ സ്വീകരിക്കുന്നു. ജീവിതത്തിന്റെ ഞെരുക്കങ്ങളിലും, പ്രലോഭനങ്ങളിലും, സന്തോഷങ്ങളിലും ബന്ധങ്ങളിലും സാമൂഹിക ഉത്തരവാദിത്തങ്ങളിലും ദൈവം നൽകുന്ന സമാധാനവും സംതൃപ്തിയും അറിയുവാൻ അവർക്കു കഴിയുന്നു. ഹൃദയപരമാർത്ഥതയോടെ ദൈവത്തെ തേടുന്നവരും പരിപൂര്ണഹൃദയത്തോടെ ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവരുമാണവർ. 

വീഡിയോ കാണാം 

ജൂലൈ 18, 2021

നീതിമാനായ ഇടയൻ

നമ്മൾ ജീവന്റെ നിറവിൽത്തന്നെ ജീവിക്കുകയെന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ ജീവന്റെ പ്രവൃത്തികളെ സുഗമമാക്കേണ്ടതായ സംവിധാനങ്ങൾ അവയെ തടഞ്ഞു നിർത്തിയിരിക്കയാണെങ്കിലോ?


ഇടയനില്ലാത്ത ആടുകളെപ്പോലെ പരിക്ഷീണരും പരിഭ്രാന്തരുമായ ജനത്തെക്കുറിച്ച് ദൈവം അനുകമ്പ പ്രകടിപ്പിക്കുന്ന പല അവസരങ്ങളുണ്ട്. ഇടയന്മാർ അവർക്കുവേണ്ടി കരുതിയില്ല എന്ന ഒരു വിലാപവും അതിന്റെ കൂടെയുണ്ട്.

ഇസ്രയേലിനെ നയിക്കാൻ രാജാക്കന്മാരുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ ഹിതപ്രകാരം ജനക്ഷേമത്തിനായി പ്രവർത്തിച്ചു. ചിലർ അതിശക്തരായിരുന്നെങ്കിലും ദൈവമായ കർത്താവിന്റെ കണ്ണുകളിൽ ദുഷ്ടത പ്രവർത്തിക്കുന്നവരായിരുന്നു. അവർക്കു സ്തുതിപാഠകരായിരുന്ന തൊഴിലാളി പ്രവാചകർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കൊട്ടാരങ്ങളിൽ സുഖകരമായവ പ്രവചിച്ചുപോന്നു. ദൈവം അയച്ച പ്രവാചകരെ അവർ കേട്ടില്ല. പുരോഹിതരാവട്ടെ എണ്ണയൊഴിക്കുക, തിരിതെളിക്കുക, ധൂപമർപ്പിക്കുക, കാഴ്ചയർപ്പിക്കുക, ശുദ്ധത കാക്കുക എന്നിങ്ങനെ 'തങ്ങളോട് കല്പിക്കപ്പെട്ടതു മാത്രം' അന്വേഷിക്കുന്ന ദേവാലയപൂജകരായി കഴിഞ്ഞു. കമനീയമായ ദേവാലയം നിർമ്മിക്കപ്പെട്ടെങ്കിലും അതും വേഗം തന്നെ സാമ്പത്തികരാഷ്ട്രീയ ചൂഷണങ്ങൾ മതവൽക്കരിക്കപ്പെടാവുന്ന താവളമായി. നീതിയും സമാധാനവും അന്യമായ പാവങ്ങൾക്കിടയിൽ ദൈവവും പരിക്ഷീണനായി ചുറ്റിത്തിരിഞ്ഞു. ചില പ്രവാചക സന്ദേശങ്ങളിൽ ദൈവം ദേവാലയം വിട്ട് ഇറങ്ങിപ്പോകുന്നതായ അനുഭവം വരെയുണ്ട് . വംശശുദ്ധിക്ക് പ്രാധാന്യം നൽകി നവീകരണത്തിനു ശ്രമിച്ചവരും, തീവ്രവാദികളും ദൈവത്തിന്റെ ഹൃദയം തേടിയ ഇടയരായിരുന്നില്ല.

ജീവിതത്തിന്റെ നിർവൃതിയെന്നത് സ്വയംപര്യാപ്തത കൊണ്ട് നേടാവുന്നതല്ല. "കർത്താവേ ഞാൻ അങ്ങയെ തേടുന്നു" എന്നത് സങ്കീർത്തനങ്ങളുടെ ഹൃദയമെന്നു പറയാവുന്നതാണ്. ആ ഹൃദയാഭിലാഷമാണ് ജീവിക്കുന്ന പ്രാർത്ഥനയായി നമ്മിൽ ജീവൻ നിറക്കേണ്ടത്.

നിങ്ങളിന്നതൊക്കെ ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന് വ്യവസ്ഥ വയ്ക്കുന്ന ഒരു നിയമകരാർ ആയിരുന്നില്ല ദൈവത്തിന്റെ ഉടമ്പടി. അതൊരു ഹൃദയബന്ധത്തിനായുള്ള ആഗ്രഹമായിരുന്നു. ജ്ഞാനി തന്റെ ജ്ഞാനത്തിലോ ബലവാൻ തന്റെ ബലത്തിലോ സമ്പന്നൻ തന്റെ സമ്പത്തിലോ അല്ല 'കരുണയും ന്യായവും നീതിയും പുലർത്തുന്ന കർത്താവാണ് ഞാൻ' എന്ന അറിവിലാണ് ഒരുവൻ ജീവിതത്തിന്റെ നിറവ് കണ്ടെത്തേണ്ടത് (Jer 9:23). ദൈവത്തെക്കുറിച്ചുള്ള ആ അറിവ് ഹൃദയത്തിനു വികാസവും, പ്രവൃത്തികളിൽ നീതിയും ഭക്തിക്ക് നൈർമല്യവും നൽകും. അപ്പോൾ ദൈവസാന്നിധ്യവും പ്രവൃത്തികളും ദേവാലയത്തിൽ മാത്രമോ മതപരമായ ചട്ടങ്ങളിലോ അല്ല. മതാനുഷ്ഠാനങ്ങൾ ചില ചിട്ടകളോടെ നിർദ്ദേശിക്കുന്നവയിൽ മാത്രം ഈ ദൈവാന്വേഷണത്തെ തളച്ചിടുകയെന്നതാണ് എക്കാലത്തെയും ദുരന്തം. വലിയ ചൂഷണത്തിന് അത് പശ്ചാത്തലമൊരുക്കുന്നു. മതത്തെ സേവിക്കുവാനും ആചാരങ്ങൾ സംരക്ഷിക്കുവാനും എളുപ്പമാണ്. എന്നാൽ "കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമായ" (Ex 34:6; Ps 86:5,15, 103: 8, 145:8; Jonah 4:2) ദൈവത്തെ ജീവിതത്തിലെ അനുദിന ആചരണങ്ങളിൽ അനുഭവവേദ്യമാക്കാൻ ശ്രമിക്കാറില്ലെന്നതല്ല, അവ പ്രാധാന്യം നല്കപ്പെടാതെ മാറ്റിനിർത്തപ്പെടുന്നു എന്നതാണ് സത്യം.

ക്രിസ്തു ജീവിച്ച സമൂഹവും ഈ നിസ്സഹായതയിൽ ജീവിക്കുന്നവരായിരുന്നു. റോമിന്റെ നിയമങ്ങളും ഫരിസേയരുടെ നിയമം അവരുടെ മേൽ വെച്ചുകെട്ടിയ പാപികൾ എന്ന വിധിയുടെയും ഭാരം ചെറുതായിരുന്നില്ല. അവർക്കു ഇടയനായിരിക്കുക എന്നാൽ എന്തെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തുറന്നു കാട്ടുന്നു: ദരിദ്രർക്ക് ശുഭവാർത്ത, അന്ധർക്കു കാഴ്ച, ബന്ധിതർക്കു മോചനം, അങ്ങനെ കർത്താവിനു സ്വീകാര്യമായ സമയം ഒരുക്കിക്കൊടുക്കുക (Luke 4:14-22). അവരുടെ ഹൃദയങ്ങളെ ദൈവത്തിന്റെ ജീവനിലേക്കു തുറക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. ആ ജീവന്റെ അനുഭവത്തെത്തന്നെയാണ് ക്രിസ്തു ദൈവരാജ്യമെന്നു വിശേഷിപ്പിച്ചത്. ക്രിസ്തുവിന് അതൊരു സാധ്യത മാത്രമായിരുന്നില്ല, ദൈവജീവന്റെ ഉറപ്പായിരുന്നു. അതു കൊണ്ടാണ് 'നിങ്ങളെ ഞാൻ ആശ്വസിപ്പിക്കാം' എന്ന് അവൻ പറഞ്ഞത്. കൂടെ, 'നിങ്ങൾതന്നെ അവർക്കു അപ്പം നൽകുവിൻ' എന്ന് അവൻ പറഞ്ഞത് കൂടി നമുക്ക് ഓർക്കാം.

നമുക്ക് വേണ്ടിത്തന്നെയും സമൂഹത്തിനുവേണ്ടിയും, കണ്ണുകളും ഹൃദയവും ശബ്ദവും നമുക്ക് നൽകപ്പെട്ടിരിക്കുന്നു. സമൂഹത്തിലും സംസ്കാരത്തിലും ചരിത്രത്തിലും ഈ ദൈവസ്വഭാവം തിരിച്ചറിയാനും ഉറപ്പാക്കാനും പരസ്പരം പരിപോഷിപ്പിക്കുന്ന സമൂഹമാകാൻ നമുക്കാകും. അതാണ് ക്രിസ്തുസ്വഭാവമുള്ള സമൂഹം. നീതിയും സമാധാനവും ജീവിതശൈലിയാകുമ്പോൾ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാകും, സകലരും ഭക്ഷിച്ചു തൃപ്തരാകും (Ps 22:26). അപ്പോഴേ, കർത്താവാണ് ഞങ്ങളുടെ നീതി എന്ന് ആത്മാർഥതയോടെയും ധൈര്യത്തോടെയും നമുക്ക് പറയാനാകൂ (Jer 23:6).

ജൂലൈ 15, 2021

ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്

ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏതാണെളുപ്പം?  ബലി തന്നെ! പണച്ചിലവുണ്ടെങ്കിലും വേദനയുള്ളതാണെങ്കിലും അത് തന്നെയാണെളുപ്പം. നമ്മുടെ സുഗമമായ ജീവിതക്രമത്തെയും സൗകര്യങ്ങളെയും സ്പർശിക്കാത്തിടത്തോളം എന്തും ചെയ്യുവാൻ നമുക്ക് മടിയില്ല.

ബലികളും കാഴ്ചകളും ഭക്തിക്രിയകളും നിവർത്തിച്ചുകൊണ്ടു നമ്മിൽ രൂപാന്തരമുണ്ടാക്കുന്ന കാര്യങ്ങളിൽ  നിന്ന് നമ്മൾ സൗകര്യപൂർവം രക്ഷപ്പെടുകയാണ്. 

ദൈവവുമായുള്ള ബന്ധത്തെ ഒരു പ്രതിഫലസംവിധാനത്തിലേക്കു ചേർത്തുവയ്ക്കുമ്പോൾ അതിന്റെ സ്വഭാവം തെന്നെ അടിമുടി മാറുന്നതായി കാണാം. അളവുകളും എണ്ണങ്ങളുമാണ് അതിൽ പ്രധാനം. 

നിശ്ചിത അളവും എണ്ണവും നമ്മൾ പൂർത്തിയാക്കുന്നു, അപ്പോൾ ദൈവം നമ്മൾ ആവശ്യപ്പെടുന്നു നടത്തിത്തരാൻ ബാധ്യസ്ഥനാണ്.  ഒരു ശമ്പളവ്യവസ്ഥയിലാണ് ദൈവം അനുഗ്രഹം തരുന്നതെന്നു കരുതരുത്. ഞാനിതൊക്കെ ചെയ്‌താൽ ദൈവം ഇതൊക്കെ തരും എന്ന് ആരൊക്കെയോ പറഞ്ഞത് വിശ്വസിച്ചു ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്നും ദൈവത്തിന്റെ ഹൃദയം സത്യത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാൻ ശ്രമിക്കണം.

കാഴ്ചകളും, ആചാരനിഷ്ഠയും, നേർച്ചകളും നിവർത്തിച്ചുകൊണ്ടു നമ്മൾ ദൈവത്തിനുമുമ്പിൽ വളരെയധികം ഭക്തിയും വിശ്വസ്തതയുമുള്ളവരായി അവതരിപ്പിക്കുന്നു, അസ്വാഭാവികമായ ഇടപെടലുകളും അത്ഭുതങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ കൂടെയുള്ള ദൈവത്തെ അറിയാതെ ചുറ്റിത്തിരിഞ്ഞു അവശരായി മാറുന്നു. ഒരുക്കത്തിന്റേതായും പരിഹാരത്തിന്റേതായും നടത്തപ്പെടുന്ന ഏതു പ്രാർത്ഥനായജ്ഞമാണ് നാടകീയമായ പ്രതീക്ഷകളുടെ അവതരണമില്ലാതെ നടത്തപ്പെടുന്നത്? അത്ഭുതം നടത്താത്ത ദൈവത്തെ ആർക്കു വേണം? 

ദൈവത്തെ തേടാത്ത കാഴ്ചകളും ഭക്തി നിഷ്ഠകളും ദൈവത്തിനു മുൻപിൽ മ്ലേച്ഛതയാണ്, അത് ദൈവത്തെ ഭാരപ്പെടുത്തുന്നു എന്ന് ഏശയ്യാ പറയുന്നു. കാഴ്ചകൾക്ക് പ്രസക്തിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ഹൃദയരാഹിത്യം ബലികളെ ശൂന്യമാക്കുന്നു. 

ആരാധനയെക്കുറിച്ചുള്ള ക്രമങ്ങളും കണിശതയും ദൈവത്തെത്തന്നെ ഭാരപ്പെടുത്തുമ്പോൾ യഥാർത്ഥ കാണിക്കയും ബലിയും എന്താവണമെന്ന് ദൈവം പറഞ്ഞു തരുന്നു. തിന്മയുപേക്ഷിച്ചു നന്മ പ്രവർത്തിക്കുക, നീതിയന്വേഷിക്കുക, മർദ്ദനങ്ങൾ ഇല്ലാതാക്കുക, അനാഥരെയും വിധവകളെയും സംരക്ഷിക്കുക.

Is 1: 13, 14, 17 ഇരകളാക്കപ്പെടുന്നവരൊക്കെ പാപികളാണെന്ന വിശ്വാസങ്ങൾ ഉറപ്പിച്ചു നിർത്തുന്ന സംവിധാനത്തിൽ നിന്ന് കൊണ്ടാണ് യഥാർത്ഥ ബലിയെക്കുറിച്ച് ഇപ്രകാരം ധ്യാനിക്കപ്പെടുന്നത് എന്ന് കൂടി ഓർക്കണം. എന്താവണം ഉപവാസം എന്ന് പറയുന്നതും ഇതിനു സമാനമാണ്. അനീതിയുടെ ചങ്ങലകൾ അഴിച്ചു കളയുന്നതും, മർദ്ദിതരെ മോചിപ്പിക്കുന്നതും, വിശക്കുന്നവർക്ക് ആഹാരം നൽകുന്നതും, ഭാവനരഹിതർക്കിടം കൊടുക്കുന്നതും, നഗ്നരെ ഉടുപ്പിക്കുന്നതുമാണ് ഉപവാസം. Is 58: 6, 7  ആര്  ഇതിനൊക്കെ മെനക്കെടാൻ പോണു? മതാനുഷ്ഠാനങ്ങൾ നിർദ്ദേശിക്കുന്നവയൊക്കെ സന്തോഷത്തോടെ ചെയ്യാൻ നമ്മൾ ഒരുക്കമാണ്. ബാക്കിയൊക്കെ ദൈവത്തിന്റെ പണിയാണ്. കൃതജ്ഞതയാവട്ടെ ദൈവത്തിനുള്ള നിങ്ങളുടെ ബലി സങ്കീർത്തനം പറയുന്നു Ps 50: 14 നുറുങ്ങിയതും വിനീതവുമായ ഹൃദയം ബലികളെക്കാൾ ദൈവത്തിനു സ്വീകാര്യമാണ്. Ps 51:17 Daniel 3:39-42

എല്ലാ സ്നേഹത്തിനും യോഗ്യനാണ് ദൈവം എന്ന ബോധ്യത്തിൽ നിന്നാണ് ആരാധന പിറക്കേണ്ടത്, ദൈവത്തെക്കൊണ്ട് ഉപകാരമുണ്ട് എന്ന് കണ്ടുകൊണ്ടല്ല. ദൈവത്തിന്റെ സ്നേഹത്തിലും അവിടുത്തെ ഒരിക്കലും അകലാത്ത സാന്നിധ്യത്തിലുമുള്ള ഉറപ്പാണ് നമ്മുടെ ഭക്തിക്കും വിശ്വസ്തതക്കും ആധാരമാകേണ്ടത്. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ബന്ധം അവിടെയുണ്ട്. ഇത് നമ്മുടെ ആഴങ്ങളിൽ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതേ വിശ്വസ്തമായ ഭക്തി നമ്മുടെ പരസ്പരമുള്ള ഇടപെടലുകളിലെ വാക്കുകളിലും മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഉണ്ടാകും.  ജീവിച്ചിരിക്കുന്നവരെയും  മരിച്ചവരെയും  കരുണയോടും ദയയോടും കൂടി കാണുവാനും കഴിയും. അവരോടുള്ള കൃതജ്ഞതയും സ്നേഹവുമാവണം അവർക്കുവേണ്ടി കരുതലുള്ളവരാകാൻ നമ്മെ പ്രേരിപ്പിക്കുന്നത്, നമുക്ക് എന്തെങ്കിലും ആപത്തു വന്നാലോ എന്ന ഭയമല്ല.  അപ്പോൾ ദൈവത്തിന്റെ കരുണയും ദയയും അനുഭവിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കഴിയും എന്നു മാത്രമല്ല ദൈവത്തിന്റെ യഥാർത്ഥ ശക്തി നമുക്കിടയിൽ പ്രവർത്തിക്കുന്നതും നമുക്ക് കാണാം.  

ദൈവം ആഗ്രഹിക്കുന്ന കരുണ യഥാർത്ഥ ബലിയായി ജീവിക്കപ്പെട്ടിരുന്നെങ്കിൽ നമ്മൾ നിഷ്കളങ്കരെ കരുണയില്ലാതെ വിധിക്കുകയില്ലായിരുന്നു, ദൈവപ്രവൃത്തികൾക്കു തടസം നില്കുകയുമില്ലായിരുന്നു. 

__________________ 

1 ആവർത്തനവും എണ്ണവുമല്ല ഇവിടെ പ്രശ്നം, കൃപ 'ഉത്പാദിപ്പിക്കാവുന്ന' ഭക്തിരൂപങ്ങളായി അവ  മാറ്റപ്പെട്ടതാണ് പ്രശ്നം. "ഇത്ര എണ്ണം ചൊല്ലിയാൽ ഈ അനുഗ്രഹം," "ഇത് ചെയ്തു നോക്കൂ എന്ത് സംഭവിക്കുമെന്ന് കാണാം"... യൂട്യൂബ് ഭക്തിയും ആരാധനാക്രമവുമാണ്. ചിത്രങ്ങളുടെ ഷെയർ, ലൈക്, ബൈബിൾ ഭാഗങ്ങളുടെ ആവർത്തനം, പകർത്തിയെഴുത്ത് അങ്ങനെ പലതും. 

2 ഭക്തിയിൽ ഒളിത്താവളങ്ങൾ തേടുന്നവർ അവർ എന്തിൽ നിന്ന് ഒളിക്കുന്നു എന്നത് പലപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല എന്നതാണ് മാനസികമായും, ജീവിതക്രമത്തിലെയും, വിശ്വാസത്തേയും പരാജയമായി മാറുന്ന അവസ്ഥ. 

3 അനുദിനജീവിതത്തിൽ ആവശ്യമായിട്ടുള്ള ചില രൂപാന്തരങ്ങൾക്ക് മനസാവാത്തത് അനാരോഗ്യകരവും അപകടവുമാണ്. ആശീർവദിച്ചു വിട്ടാൽ എല്ലാം ശരിയാകും എന്ന് കരുതിന്നടത്തു ഒരു പക്ഷെ കൂടുതൽ മോശമാവുകയാവും ചെയ്യുക. അച്ചടക്കം, ഉത്സാഹം, ക്ഷമ, വിവേകം തുടങ്ങിയവ പരിശീലിക്കുക ശ്രമകരമാണ്, എങ്കിലും ഇവയൊക്കെ കൂടാതെ മാന്ത്രികമായി മാനസാന്തരവും സ്ഥായിയായ നവീകരണവും പ്രതീക്ഷിക്കുന്നത് ഉചിതമല്ല.

ജൂലൈ 12, 2021

അനുരഞ്ജനപ്രക്രിയ നിർമിക്കുന്ന ബലിപീഠക്കല്ലുകൾ

ഐക്യരൂപ്യം നടപ്പിലാകുമ്പോഴേക്കും ഒരു അനുരഞ്ജനപ്രക്രിയ കൂടി നടപ്പിലായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.

നിഷ്ഠയുടെയും കണിശതയുടെയും പേരിൽ വ്യക്തികൾക്കും സമൂഹത്തിനുമേറ്റ മുറിവുകൾ നിസാരമല്ല. അവയെ അവഗണിച്ചുകൊണ്ട് ഒരു നിശ്ചിതരൂപം നടപ്പിലാക്കപ്പെടുമ്പോൾ അത് നിർബന്ധിതമാക്കപ്പെടുകയല്ലേ? പരിശുദ്ധാത്മാവിലുള്ള ഐക്യവും വളർച്ചയും സാധ്യമാകേണ്ട നമ്മുടെ സമൂഹങ്ങളെ കടുംപിടുത്തങ്ങളും ഈഗോ പ്രശ്നങ്ങളും എങ്ങനെ തളർത്തിക്കളയുന്നു എന്നത് നമുക്ക് തന്നെ അറിവുള്ളതാണ്. ആത്മശോധന ചെയ്യണ്ട ഇത്തരം അവസ്ഥകളിൽ വേണ്ടത്ര ആഹ്വാനവും മാർഗ്ഗനിർദ്ദേശങ്ങളും 'പ്രവാചക' പരിവേഷമുള്ളവരിൽനിന്നു പോലും സമൂഹത്തിനു ലഭിക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്. 

അനുരഞ്ജിതരാവാതെയും, തകർത്തു കളഞ്ഞ ബലിപീഠങ്ങളെ പുനരുദ്ധരിക്കാതെയും എങ്ങനെയാണു ഏകഹൃദയത്തോടെ ആരാധിക്കുക. ആദ്യം പോയി രമ്യതപ്പെടുക എന്ന് പറഞ്ഞയാളെ പിടിച്ചു പുറത്തുനിർത്തി, നമ്മുടെ രീതികളിലും പ്രതീകങ്ങളിലും ആരാധന നടത്താനായേക്കാം. പക്ഷെ ഒരു ശരീരമാവാതെ ക്രിസ്തുവിന്റെ ബലിമേശയിലെ അപ്പം ഭക്ഷിക്കുവാൻ നമ്മൾ യോഗ്യരാണോ?

മർക്കടമുഷ്ടിയോടെ നിർമിക്കുന്ന ബലിപീഠക്കല്ലുകൾ ചിതറിക്കപ്പെടും.

ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട്

യാക്കോബിനും കുടുംബത്തിനും വലിയ സ്വീകരണം ലഭിച്ചു. നൃത്തവും സദ്യയും ആഘോഷങ്ങളും. പ്രമുഖരായവർ അവരുടെ വീടുകളിൽ പ്രത്യേകം സദ്യയൊരുക്കി. പതിയെ ക്ഷാമം അവസാനിച്ചു. ജോസഫിനെ ആശ്രയിക്കേണ്ടതില്ല എന്ന സമയം വന്നപ്പോൾ വിരുന്നുകളും നിലച്ചു. കുറച്ചു പേർക്ക് ഈ പുതിയ പതിവുകളോടൊന്നും താല്പര്യമേ ഉണ്ടായിരുന്നില്ല. മാത്രമല്ല കുഴപ്പക്കാരായ അപരരായിരുന്നു അവർ. അവർ ഏതായാലും ശരിയല്ല, അവരെ വിശ്വസിക്കാനാവില്ല. പതിയെ ജോസഫിന്റെ കുടുംബത്തെ അവർ സംശയത്തിന്റെ നിഴലിലാക്കി. കളവ്, പ്രകൃതിക്ഷോഭം, അസ്വാഭാവിക മരണം എന്നിവക്കെല്ലാം അവർ ജോസഫിന്റെ കുടുംബത്തെ കാരണമായി ആരോപിച്ചു. അവരുടെ സംഖ്യയിലുള്ള വളർച്ച അപകടമാണ് കണ്ടു, നമ്മൾ ഇരകളാക്കപ്പെട്ടേക്കാം എന്നും സ്ഥാപിച്ചെടുത്തു. അധികാരവും പിടിച്ചടക്കിയേക്കാം. ജോലി ചെയ്യുന്ന മൃഗങ്ങളുടെ സ്ഥാനമേ അവർക്കുണ്ടാകാവൂ. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിലുള്ള തീവ്രവിഭാഗീയതയുടെയെല്ലാം ഘട്ടങ്ങളായുള്ള വളർച്ചയിൽ പൊതുസ്വഭാവമാണുള്ളത്.

ഈ സാധാരണ സമീപനത്തിന്, വസ്തുനിഷ്ഠമായ ഒരു വിശകലനം നടത്തിക്കൊണ്ട് പക്ഷം ചേരാതെ സത്യം നീതി തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാണിക്കുവാൻ ആരെങ്കിലും ശ്രമിച്ചെങ്കിലോ? അയാൾ തീർച്ചയായും വെറുക്കപ്പെടും. ക്രിസ്തു പറഞ്ഞ വാളിന്റെ സ്വഭാവമാണത് (മത്താ 10: 34).

യേശുവിനെക്കുറിച്ചും അങ്ങനെയൊക്കെയായിരുന്നു ആരോപണവിധേയനാക്കിയത്. സ്വഭാവദൂഷ്യം ആരോപിച്ചു, വിശ്വാസ്യതയെ ചോദ്യം ചെയ്തു, മത നിയമങ്ങൾക്കും രാഷ്ട്രസംവിധാനങ്ങൾക്കും എതിരാണെന്ന് ആരോപിച്ചു ... ക്രിസ്തുവിനെപ്പോലെ കാണാനും പ്രതികരിക്കാനും നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾ മുറിച്ചു മാറ്റപ്പെടും. സുവിശേഷത്തിന്റെ ഉൾക്കരുത് നിശ്ചയമായും കൊണ്ടുവരുന്ന വാളാണത്. എല്ലാവരുടെയും നന്മ ആഗ്രഹിക്കാനും അവർക്കായി പ്രവർത്തിക്കാനും നമുക്കാകും, എന്നാൽ അത് എല്ലാവർക്കും സന്തോഷമാവണമെന്നില്ല. എല്ലാവരെയും പ്രീണിപ്പിച്ചുകൊണ്ടു ദൈവരാജ്യത്തിനു വേണ്ടി നിലനിൽക്കാനാവില്ല.

അനേകം വിഭവങ്ങളുള്ള വിരുന്നു മേശയിൽ പാവപ്പെട്ടവന്റെ വിശപ്പിനെക്കുറിച്ചു പറഞ്ഞാൽ ഒന്നുകിൽ നമ്മൾ ഭ്രാന്തൻ എന്ന് വിളിക്കപ്പെടും അല്ലെങ്കിൽ തീവ്രവാദിയായി കരുതപ്പെടും. ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട് നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥക്ക് നമ്മൾ ഒരുക്കമാണോ എന്നത് വളരെ പ്രസക്തമാണ്. പെസഹായുടെ മേശയിൽ ക്രിസ്തു പറഞ്ഞത് കുറെ 'നല്ല വാക്കു'കളായിരുന്നില്ല. ജീവന്റെ ഗൗരവമുള്ള വാക്കുകളായിരുന്നു അവ. പരസ്പരം സ്നേഹിക്കുവിൻ, പാദങ്ങൾ കഴുകുവിൻ, എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ തരുന്നു, നിങ്ങൾ അസ്വസ്ഥരാവേണ്ട, എന്റെ ശരീരവും രക്തവും നിങ്ങൾക്കു ഞാൻ തരുന്നു, എന്നിവയിലെല്ലാം സ്വയം നഷ്ടപ്പെടുന്നതിന്റെയും നീതിയിലും സത്യത്തിലും ജീവൻ ഉറപ്പാക്കുന്നതിന്റെയും ചൈതന്യമുണ്ട്.


കർത്താവരുളിയ കല്പനപോൽ
ഒരുമയൊടീ ബലിയർപ്പിക്കാം.

ജൂലൈ 10, 2021

Sara'S ഒരു കഥയായല്ല, ഒരു സംസ്കാരത്തിന്റെ നിഴൽചിത്രമായാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. ചില സാംസ്‌കാരിക പ്രവണതകളെ പരിചയപ്പെടുത്താനോ ശരിവയ്ക്കാനോ ഉദാത്തവൽക്കരിക്കാനോ അത് ശ്രമിക്കുകയാണോ? ആവശ്യകത, സ്വീകാര്യത, അവ തുറന്നു കൊടുക്കുന്ന സാധ്യതകൾ തുടങ്ങിയവ കണ്ടുകൊണ്ടേ അത് പറയാനാകൂ.

Sarah's Choice എന്ന ഇംഗ്ലീഷ് സിനിമ (2009) സമാനമായ സംഘർഷത്തെ അവതരിപ്പിച്ചിരുന്നു. ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന കുടുംബചിത്രമായി നിരൂപകർ അതിനെ കണ്ടു. Sara'S ലെ വ്യത്യസ്തമായ വീക്ഷണത്തിലൂടെ പ്രേക്ഷകരിലേക്ക് നൽകപ്പെടുന്ന സന്ദേശം സാംസ്‌കാരിക സാമൂഹിക പശ്ചാത്തലങ്ങളിൽ ചർച്ച ചെയ്യപ്പെടണം. ചേരിതിരിഞ്ഞ ആക്രമണങ്ങളിൽ നിന്ന് നമുക്ക് ഒരു സാംസ്‌കാരിക പ്രവണതയെ ക്രിയാത്മകമായ സംവാദത്തിലേക്കു നയിക്കാൻ കഴിയില്ല.
എന്റെ ഐഡന്റിറ്റി, എന്റെ അവകാശങ്ങൾ, എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം തുടങ്ങിയവ അതാതിന്റേതായ രീതികളിൽ ശരികളാണ്. അവ ജീവന്റെയും മനുഷ്യാന്തസ്സിന്റേയും മാറ്റിനിർത്താനാവാത്ത അവസ്ഥകളുമാണ്. ഈയുള്ളവയെ ഊന്നിപ്പറയേണ്ടി വന്ന സാഹചര്യങ്ങൾ, അർഹമായവ നിഷേധിക്കപ്പെട്ടപ്പോളുള്ളതാണ്. ഐഡന്റിറ്റി നിഷേധിക്കപ്പെട്ട വംശങ്ങളും ഗോത്രങ്ങളും, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ, ശരീരം വസ്തുവാക്കപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കേണ്ടി വന്നവർ അങ്ങനെ നിരവധിയായ കാരണങ്ങളുണ്ട്. കറുത്തവർഗ്ഗക്കാരുടെ ചെറുത്തു നില്പുകൾ അതിൽ വളരെയേറെ പ്രസക്തമാണ്. സ്ത്രീകളുടെ ഐഡന്റിറ്റി, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവയും അത്തരത്തിൽ വളർന്നു വന്നവയാണ്. അവയിൽ അടിസ്ഥാനപരമായി മുന്നോട്ടു വയ്ക്കപ്പെടുന്ന അനീതികളെ കാര്യമായെടുത്തേ മതിയാകൂ. കാരണം ഈ മൂല്യങ്ങളിലും ഉയർന്നു നില്കുന്നത് മനുഷ്യാന്തസ് തന്നെയാണ്.
ഈ ശരികളും മൂല്യങ്ങളും ശക്തമായ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യാന്തസ്സിനേക്കാളേറെ ശക്തിയുടെ അടയാളങ്ങളായി മാറുന്നു എന്നത് നിർഭാഗ്യകരമാണ്. അതുകൊണ്ടു തന്നെ രൂപപ്പെടുന്ന സംഘർഷാത്മകത വിരുദ്ധതകൾ കൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നതുമാണ്. മാനുഷിക മൂല്യങ്ങളെ പരസ്പരം ഉറപ്പാക്കേണ്ടതിനു പകരം അവിടെ രൂപപ്പെടുന്നത് അസ്വസ്ഥതകളാണ്. അങ്ങനെ മുന്നോട്ട് വയ്ക്കപ്പെടുന്ന മൂല്യങ്ങൾതന്നെ അവയുടെ extremity യിൽ എടുക്കപ്പെടുമ്പോൾ അതിന്റെ മൂർച്ചയിൽ ഹനിക്കപ്പെടുന്ന ഒട്ടനേകം മൂല്യങ്ങളുണ്ട്.
സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വത്വബോധവും വളരുന്നത് അവർക്കുള്ള മാനുഷികതയിൽത്തന്നെയാണ്. അത് വിധേയത്വത്തിന്റെയും പരിമിതികളുടെയും ചട്ടക്കൂടുകളിലേക്ക് സ്ത്രീയുടെ അസ്തിത്വത്തെ ഒതുക്കുന്ന സാമൂഹിക സംവിധാനങ്ങൾ മനുഷ്യത്വത്തെപ്പോലും അവരിൽ അംഗീകരിക്കുന്നില്ല. കുടുംബവും ബന്ധങ്ങളും കെട്ടപ്പെട്ട അവസ്ഥകൾ എന്ന കാഴ്ചപ്പാട് പ്രതിബദ്ധതയിൽ വരുന്ന തകർച്ചയും, ഏറ്റെടുക്കുന്ന ബന്ധത്തിലുള്ള ഉറപ്പിന്റെ കുറവും മൂലമാകാം. അത്തരം പ്രതിസന്ധികൾ പുതുതലമുറ അഭിമുഖീകരിക്കുമ്പോൾ കുടുംബങ്ങൾ രൂപപ്പെടുത്തുവാനുള്ള പക്വതയിലേക്കു ഒരുക്കുന്ന വ്യക്തിവികസനം നമ്മുടെ സമൂഹങ്ങളിലും സംസ്കാരത്തിലും എങ്ങനെ സാധ്യമാകാം എന്ന് ചിന്തിക്കേണ്ടതാണ്. സ്ത്രീയുടെയോ പുരുഷന്റെയോ മനുഷ്യാന്തസ്സിനെ ഇല്ലാതാക്കുന്ന വിധം കുടുംബങ്ങളിലെയോ സമൂഹത്തിലെയോ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും മാറ്റപ്പെടണം. ലൈംഗിക താല്പര്യങ്ങളുടെ നിവർത്തിക്കായും പ്രസവിക്കാനുള്ള ഉപകരണമായും ശരീരം ചുരുക്കപ്പെടുമ്പോൾ അവിടെ ജീവന്റെയോ മാനുഷികതയുടെയോ സമഗ്രഭാവം ഇല്ല എന്ന് തന്നെ പറയാം. പെണ്ണായാൽ ഇങ്ങനെയൊക്കെയാണ് എന്ന ന്യായം മനുഷ്യത്വരഹിതവും അനീതിയുമാണ്. ഗർഭാവസ്ഥയെക്കുറിച്ചുള്ള സ്വീകാര്യതയോ അസ്വീകാര്യതയോ മാത്രമല്ല ഒരു സ്ത്രീയുടെ പ്രധാന ജീവിതദർശനം, മറിച്ച് ഒരു സ്ത്രീയെന്ന സ്വത്വബോധത്തിൽ ഉറച്ച കാൽവയ്‌പോടെ നിൽക്കാൻ കഴിയുന്നോ എന്നതാണ്. അതിന് ഒരു വ്യക്തി സ്ത്രീ ആയതു കൊണ്ട് അനുവദിക്കപ്പെടുന്നില്ലെങ്കിൽ അത് മൗലികമായ പോരായ്മ തന്നെയാണ്.
സാഹിത്യകൃതികളിൽ തുടങ്ങി ഇന്ന് ദൃശ്യമാധ്യമങ്ങളിൽ വരെ ശരീരം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് വേണ്ടവിധം പരിഗണന അർഹിക്കുന്നു. ശരീരം ഉപഭോഗവസ്തുവാക്കപ്പെടുന്ന സാമാന്യവൽക്കരണം ഒരു ഭാഗത്തുള്ളപ്പോൾ മുറിപ്പെടുന്ന ദുരുപയോഗിക്കപ്പെടുന്ന ശരീരത്തെക്കുറിച്ച് മറുവശത്തുണ്ട്. Body politics, identity politics, gender politics, individuality, freedom തുടങ്ങിയവയെ പിഞ്ചെല്ലുന്ന ശക്തമായ മുന്നേറ്റങ്ങളിൽ ഗർഭം ഒരു ഭാരവും വിലങ്ങുതടിയുമായി കാണപ്പെട്ടു തുടങ്ങി.
ഉദരത്തിലുള്ള കൊച്ചു ജീവന് ഒരു വ്യക്തിയുടെ മൂല്യമുണ്ട്. അതിനെ ഒരു ശത്രുതാമനോഭാവത്തോടെ കാണാനാവില്ല. അതിക്രമിച്ചു കയറിയ വ്യക്തിയല്ല അത്. മാതാപിതാക്കളുടേതായ ഉത്തരവാദിത്തങ്ങൾ മനസിലാക്കുകയാണ് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതിൽ ആദ്യം വേണ്ടത്. accidental എന്ന പ്രയോഗം തന്നെ അനുചിതമാണ്. വേണ്ട ഒരുക്കം ഉത്തരവാദിത്വത്തിന്റെ കൂടി അടയാളമാണ്. ബലാത്കാരത്തിൽ ആണെങ്കിൽ അതിക്രമിച്ചുകയറുന്നതു അക്രമിയാണല്ലോ. ശിശു അതിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്നത് ന്യായമല്ലല്ലോ. എങ്കിലും, അങ്ങനെ പറയുവാൻ എളുപ്പമല്ല. ഒരു അക്രമത്തിന്റെയും അവമാനത്തിന്റെയും ഇരയാക്കപ്പെട്ട സ്ത്രീ ആ തകർച്ചയിലൂടെ തന്നെ നടന്നു പോകേണ്ടതായിട്ടുണ്ട്. അപ്പോൾ ഒരു ശിശുവിന്റെ വ്യക്തിയിലേക്കുള്ള ആരോഗ്യപൂർണമായ വളർച്ച ഉറപ്പാക്കാൻ സമൂഹത്തിന്റെ കൂടി വലിയ പങ്കുണ്ട്. അത് ആ സ്ത്രീക്ക് ലഭിക്കേണ്ട സ്വീകാര്യത മുതൽ ആ ശിശുവിന്റെ സാമൂഹികമായ അംഗീകാരം വരെ ഉൾപ്പെടുന്നു. കൊല്ലപ്പെടാതിരിക്കുക എന്നത് മാത്രമല്ല ജീവനുവേണ്ടിയുള്ള നിലപാട്; മനുഷ്യനിലേക്കുള്ള വളർച്ച കൂടിയാണ്.
Prolife- prochoice സംഘർഷങ്ങൾ ചേരിതിരിവുകളുടെ രാഷ്ട്രീയത്തിന് ഉപകാരണമാക്കപ്പെടുമ്പോൾ വേണ്ട ലക്ഷ്യങ്ങൾ കാണപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ നിലപാടുകൾ ആദർശങ്ങളുടെ പ്രതിരോധത്തിന് ശ്രമിക്കുന്നതിനാൽ പരസ്പരം കേൾക്കപ്പെടാൻ കഴിയാതാവുന്നു. പലപ്പോഴും നമ്മൾ പരാജയപ്പെടുന്നതും അവിടെത്തന്നെയാണ്. വിശ്വാസത്തിന്റെയും ജീവന്റെ മൂല്യത്തിനും അപ്പുറം ഞാൻ മുറുകെപ്പിടിക്കുന്ന നിലപാടുകൾക്ക് യോജിച്ചതോ അല്ലാത്തതോ ആയ ആദർശം എന്ന നിലയിലേക്ക് ഒരു പക്ഷേ അറിയാതെ തന്നെ പലതിനെയും നമ്മൾ തരംതിരിച്ചു സമീപിക്കാറുണ്ട്. അപ്പോൾ prolife എന്നത് antiabortion എന്നതിലേക്ക് മാറിയേക്കാം.
prolife കുറച്ചുകൂടി വിസ്തൃതമായ മാനങ്ങളിൽ കാണപ്പെടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജീവനെതിരെയുള്ള വെല്ലുവിളി ഇന്ന് തലമുറകൾക്കു ഭീഷണിയാണ്. ജീവന്റെ നിലനിൽപിന് തന്നെ അപകടമായ്ക്കുന്ന സമീപനങ്ങളാണ് നമ്മൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മണ്ണും വായുവും വെള്ളവും വിഷലിപ്തമാക്കി നമ്മൾ നമ്മെത്തന്നെ കൊല്ലുകയാണ്. കുടിക്കാൻ വെള്ളമില്ലാതെ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. സാമൂഹികഘടനകൾ തീർക്കുന്ന അനീതിയും ദാരിദ്ര്യവും മൂലം കൊല്ലപ്പെടുന്ന എത്രയോ ശിശുക്കളുണ്ട്. വേണ്ടത്ര ആഹാരമില്ലാതെ മരിക്കുന്ന എത്രയോ അമ്മമാരും ശിശുക്കളുമുണ്ട്. പ്രതിരോധിക്കാനാവാതെ നിസ്സഹായരായി കൊല്ലപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. സമൂഹത്തിലെ അത്തരം അനീതിയുടെ സംവിധാനങ്ങളെ ചെറുക്കാൻ സാധിക്കുന്നെങ്കിലെ prolife നു അതിന്റെതായ അർത്ഥപൂര്ണതയുള്ളു. ഈ സാമൂഹികസാംസ്കാരിക സംവിധാനങ്ങൾ തിന്മകളെ സാമാന്യവത്കരിക്കുന്നതുകൊണ്ടാണ് ആ അവസ്ഥകൾ സംസ്കാരത്തിന്റെ ഭാഗമാകുന്നതും ജീവനെ തടഞ്ഞു വയ്ക്കുന്നതും. അത് കൊണ്ടാണ് നമ്മൾ ഒരു മരണ സംസ്കാരത്തിലാണ് ജീവിക്കുന്നതെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞത്.
പലവിധത്തിലുള്ള സാംസ്കാരികപ്രവണതകൾ എങ്ങനെ രൂപപ്പെടുന്നു, അതിന്റെ അർത്ഥവ്യാപ്തിയെന്താണ്, അതിന്റെ പ്രസക്തിയെന്താണ്, അവക്കുള്ള സ്വീകാര്യത എന്ത് കൊണ്ട്, ആ സ്വീകാര്യത നമ്മോടു എന്ത് പറയുന്നു, പാടെ അവഗണിക്കാതെ കാര്യമായെടുക്കേണ്ട എന്തെങ്കിലും ഘടകങ്ങൾ അതിലുണ്ടോ, എന്റെ മുൻവിധികൾ അവയിൽ പരിഗണിക്കാതെ വിട്ടുകളയുന്ന ഘടകങ്ങൾ ഉണ്ടാകുമോ, അവയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാനുള്ള തുറവിയും വിശകലനം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യവും എനിക്കുണ്ടോ തുടങ്ങി പല തരത്തിൽ കൂടുതൽ ധ്യാനിക്കാവുന്നതാണ്.

ജൂലൈ 07, 2021

ക്രിസ്തീയ ചെറുത്തുനിൽപ്പ്

 ദേശദ്രോഹമായിരുന്നു സ്റ്റാൻ സ്വാമിയിൽ രാജ്യം ആരോപിച്ച കുറ്റം. വിമോചന ദൈവശാസ്ത്രത്തിന്റെ സഭാവിരുദ്ധതയാണ് സഭയെ സംരക്ഷിക്കുന്ന ചിലർ സ്റ്റാൻ സ്വാമിയിൽ വച്ചുകൊടുക്കുന്നത്.

ഒരു ബൗദ്ധികമായ ഘടന വന്നു ചേരുന്നതിനും മുമ്പേ നിലനില്പിനായുള്ള ചെറുത്തു നിൽപ്പായാണ് വിമോചനദൈവശാസ്ത്രം രൂപപ്പെട്ടത്. വിമോചന ദൈവശാസ്ത്രത്തിനു ആധാരം മനുഷ്യാന്തസ്സും സുവിശേഷ മൂല്യങ്ങളുമായിരുന്നു. അവരിൽ ചിലർ കമ്യൂണിസ്റ് ചായ്‌വുള്ളവരായിരുന്നെങ്കിൽ, അത് ആ ചരിത്ര പശ്ചാത്തലത്തിൽ അവരുടെ നിലപാടുകളെ എന്തുകൊണ്ട് ആകർഷിച്ചു എന്നും ചിന്തിക്കുന്നത് നല്ലതാണ്.
കോളനിവത്കരണം തദ്ദേശീയവാസികളെ നശിപ്പിച്ചത് അവരുടെ സമ്പത്തു ചൂഷണം ചെയ്തത് കൊണ്ടുമാത്രമല്ല. അവരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ഇറക്കി വിട്ടു. പറിച്ചു നടൽ എന്നത് അവരെ അവർ അല്ലാതാക്കുന്ന പ്രക്രിയയാണ്. കാരണം അവരെ അവർ ആക്കി തീർക്കുന്നത് അവരുടെ വാസസ്ഥലം തന്നെയാണ്. സഭാധികാരികളിൽ ചിലരും കോളനിശക്തികളെ പിന്താങ്ങിയിരുന്നു കൊണ്ടാണ് തദ്ദേശീയരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെ സഭക്കെതിരായും കമ്മ്യൂണിസ്റുകാരായും മുദ്രകുത്തപ്പെട്ടത്. തദ്ദേശീയരിൽ മാമോദീസ സ്വീകരിച്ചവരിൽ പോലും സഭാതനയരെ കാണാൻ സംസ്കാരികളായ കോളനി ക്രിസ്ത്യാനികൾക്ക് കഴിഞ്ഞില്ല.
തദ്ദേശീയരുടെ ജീവനും അന്തസ്സിനും വേണ്ടി ഒന്നും ചെയ്യേണ്ടതില്ല, സ്ഥാപനപരമായ ഘടനകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കാം എന്ന് കരുതി കണ്ണടച്ച വിഭാഗമുണ്ട്. ക്രിസ്തു മാർഗത്തിൽനിന്നകന്ന്, അക്രമസ്വഭാവത്തിലേക്കു കടന്നവരുമുണ്ട്. ഇവ രണ്ടും, സഭയുടെ ആത്മാവിന്റേതായിരുന്നില്ല. ഔദ്യോഗികം എന്നത് എപ്പോഴും അധികാരം കൈയിലുള്ളവരുടേതായതുകൊണ്ട് കോളനിശക്തികളുടെ പ്രതിനിധികളുടെ നിലപാടുകളായി ഔദ്യോഗിക സഭയുടെ നിലപാടുകൾ. പാടെയുണ്ടായിരുന്ന കമ്യൂണിസ്റ് വിരുദ്ധത വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചും സ്വീകരിക്കപ്പെട്ടു.
കോളനിവൽക്കരണം ഒരു നാശവും തദ്ദേശവാസികൾക്കു വരുത്തിയിട്ടില്ലെന്നു വാദിക്കുന്നവർ ഇന്നുമുണ്ട്. അവർ തേടുന്ന ലാഭങ്ങളെ അവർക്ക് ഉപേക്ഷിക്കാനാവില്ലല്ലോ.
വിമോചനദൈവശാസ്ത്രമെന്നു പറയുന്നത് എല്ലാവരെയും മനുഷ്യരായി കാണാനും, ഓരോരുത്തർക്കും അർഹമായ അന്തസ് ഉറപ്പു വരുത്താനായി പ്രവർത്തിക്കുകയെന്നുമാണ്. അത് സുവിശേഷത്തിൽ അധിഷ്ഠിതമാണ്. അത് സഭയുടെ താൽപര്യങ്ങൾക്കു വെല്ലുവിളിയാകുന്നുണ്ടെങ്കിൽ മാറേണ്ടത് സഭയും അതിന്റെ കാഴ്ചപ്പാടുകളുമാണ്. ലോകമാകമാനം ഇരയാക്കപ്പെടുന്നവരാണ് തദ്ദേശവാസികൾ. പീഡനങ്ങളും കുടിയൊഴിപ്പിക്കലും അവകാശങ്ങളുടെ നിഷേധവും അവർ നിസ്സഹായരാക്കപ്പെടുന്ന സാഹചര്യങ്ങളാണ്. പാവങ്ങൾക്ക് വേണ്ടി നിലപാടെടുക്കാൻ സഭ പഠിച്ചത് സുവിശേഷത്തിൽ നിന്നാണ്. സുവിശേഷത്തെയും പാവങ്ങളുടെ അന്തസിനു വേണ്ടിയുള്ള പ്രവൃത്തികളെയും സഭയുടെ ഔദ്യോഗിക സ്ഥാപനഘടനയിൽ നിന്ന് മാറ്റി നിർത്തുന്ന സഭാസംരക്ഷകർ സഭയെ സത്യത്തിൽ നിർജ്ജീവമാക്കുകയാണ്. ക്രിസ്തീയത ചെറുത്തുനിൽപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഭരണകൂടങ്ങൾക്കെതിരായല്ല, അനീതിക്കെതിരായാണ്. സഭയുടെ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ നിലപാടും അധികാരം പിടിച്ചെടുക്കാനായല്ല, മനുഷ്യരുടെ നന്മക്കും അവരുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടിയാണ്. അത് സ്വയം ബോധ്യപ്പെടുത്തേണ്ടത് സഭ തന്നെയാണ്. അവിടെയാണ് വിമോചന ദൈവശാസ്ത്രം വെല്ലുവിളിയാകുന്നതും, കാരണം അത് നമ്മുടെ തന്നെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ആണ് ആദ്യം തുടക്കമിടേണ്ടത്.

ദൈവരാജ്യവും സാമ്പത്തികനയവും

“The time has come for a new and deeper reflection on the nature of the economy and its purposes” John Paul II
യേശു ഒരു നാട്ടുവൈദ്യനോ ജാലവിദ്യക്കാരനോ ആയിരുന്നില്ല. യേശു നൽകിയ സൗഖ്യവും ചെയ്ത അത്ഭുതങ്ങളും ഒരിക്കലും ആരെയും അസ്വസ്ഥപ്പെടുത്തുമായിരുന്നില്ല, മറിച്ച് സ്വീകാര്യത വർദ്ധിപ്പിക്കുമായിരുന്നു. എന്നാൽ, ജീവൻ സമൃദ്ധമായി നമ്മിൽ വസിക്കണമെന്നു കണ്ട് ദൈവമക്കളാകുവാൻ അവൻ കൃപ നൽകി. പാപികൾ എന്നത് തെറ്റ് ചെയ്തവരെയെല്ലാം കൂടി പൊതുവായി വിളിച്ചിരുന്നതല്ല. അധഃകൃതനും, രോഗികളും, അന്ധരും, യാചകരും കുഷ്ഠരോഗികളും എല്ലാം 'പാപികളുടെ' ഗണത്തിലാണ്. അവരെയാണ് ആലിംഗനം ചെയ്ത് അവർ ദൈവമക്കളെന്നും സ്വർഗ്ഗരാജ്യത്തിനർഹരെന്നും ക്രിസ്തു പറഞ്ഞത്. നീതിക്കും കാരുണ്യത്തിനും അർഹരല്ലാതിരുന്ന ആ 'നശിച്ചവർക്കാണ് ' നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് യേശു ഉറപ്പു കൊടുത്തത്. യേശു തുറന്നു കൊടുത്ത ദൈവരാജ്യം മതപരമായതും കാലങ്ങൾക്കപ്പുറം യാഥാർത്ഥ്യമാകേണ്ടതുമായ ഒരു സങ്കല്പമായിരുന്നില്ല. ദൈവമക്കളെന്ന നിലയിൽ മനുഷ്യരാകുവാനുള്ള അവകാശവും അർഹതയുമാണത്. അങ്ങനെയാണ് സന്മനസുകൾക്കുള്ള സമാധാനം സ്ഥാപിതമാകുന്നത്. നന്മ എന്നത് പകരപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും വികസിക്കുകയും ചെയ്യുമ്പോൾ അത് തീർച്ചയായും നീതി ആവശ്യപ്പെടും. സത്യാവസ്ഥകൾ തുറന്നു വയ്ക്കപ്പെടുമ്പോൾ അധര്മങ്ങളുടെ ഘടനകൾ വെല്ലുവിളിക്കപ്പെടും. സ്വാഭാവികമായും യേശു വരേണ്യർക്കു പ്രിയങ്കരനായ ഒരുവനാവില്ല. സുവിശേഷത്തിന്റെ സമഗ്രമായ മൂല്യം ഉൾകൊള്ളാൻ കഴിയുമ്പോഴേ യേശു കണ്ട ദൈവരാജ്യത്തിന്റെ യഥാർത്ഥമാനം നമുക്കറിയാനാകൂ.
ക്രിസ്തുവിന് ഒരു സാമൂഹിക സാമ്പത്തിക നയം ഉണ്ടായിരുന്നില്ലല്ലോ? ഒരു ചൂഷണവ്യവസ്ഥിതിയുടെ കെട്ടുകൾ അഴിച്ചു കളഞ്ഞുകൊണ്ട് അതിനിരയാക്കപ്പെട്ടവരുടെ അടഞ്ഞ ബോധതലങ്ങളിൽ നിന്ന് അവർ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും പ്രവേശിക്കുന്ന അനുഭവങ്ങളാണ് ഓരോ സൗഖ്യവിവരണവും. അങ്ങനെയല്ലെങ്കിൽ അവ സൗഖ്യമല്ല, ജീവന്റെ പൂര്ണതയിലേക്കുള്ള തുറവി അത്തരം സൗഖ്യങ്ങളിൽ ഇല്ല. ദുശീലങ്ങളുടെ ഉപേക്ഷയോ, രോഗസൗഖ്യമോ, തിന്മയിൽനിന്നുള്ള മോചനമോ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിന്റെ അടയാളങ്ങളാണ്. ആ അനുഭവം ക്ഷണിക്കുന്ന വിശ്വാസം എന്നത് സത്യം നീതി, നന്മ, സാഹോദര്യം തുടങ്ങിയ ദൈവരാജ്യപുണ്യങ്ങളിൽ ഉറച്ച ജീവിതക്രിയയാണ്. ഈ ദൈവരാജ്യമൂല്യങ്ങളെ ഉറപ്പാക്കുന്നതിൽ മനുഷ്യന്റെ അന്തസ്സിനർഹമായ സാമ്പത്തിക സുരക്ഷ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ് സാമ്പത്തികമായ അസമത്വങ്ങളെയും ചൂഷണത്തെയും അനുവദിക്കാനാവാത്തത്. എല്ലാവരും ധനികരാവണം എന്നതല്ല സഭയുടെ ലക്‌ഷ്യം. വിശുദ്ധരുടെ ഉദാഹരണങ്ങളിലും, അവർ നൽകാൻ ശ്രമിച്ചത് ഭക്ഷണവും പണവും മാത്രമായിരുന്നില്ല. ക്രിസ്തു അവരോടു കാണിക്കുമായിരുന്ന കരുതലോടെ തന്നെയായിരുന്നു അവർ സേവനം ചെയ്തതെന്ന് എത്രയോ വിശുദ്ധരുടെ ജീവിതങ്ങൾ കാണിക്കുന്നു.
സുവിശേഷമൂല്യങ്ങളനുസരിച്ചു ജീവിക്കുക മാത്രമല്ല ക്രിസ്തീയ ജീവിതമായി നമ്മൾ പാലിച്ചു പോന്നത്. മനുഷ്യരായിരിക്കുന്നതിന്റെ അർത്ഥം എന്താണ്, ആ മാനവികതക്കനുസരിച്ചു ഒരുമിച്ചു ജീവിക്കേണ്ടതെങ്ങനെയാണ്, മനുഷ്യന്റെ അർത്ഥത്തിന്റെ പൂർണതയിലേക്ക് വളരാനും സമാധാനപൂർണമായതും നീതിപൂർണമായതുമായ ഒരു സമൂഹം സൃഷ്ടിക്കുവാനും എങ്ങനെ കഴിയും തുടങ്ങിയ ചോദ്യങ്ങൾക്ക് ഈ സുവിശേഷമൂല്യങ്ങൾ എന്ത് മാർഗദർശനം നൽകുന്നു എന്നതും ക്രിസ്തീയ ജീവിതത്തിന്റെ തുടർച്ചയായ അന്വേഷണമാണ്. വിശ്വസനീയമായ സാമൂഹിക സാമ്പത്തികശാസ്ത്രങ്ങൾ ഉപയോഗിച്ച് യഥാർത്ഥ അവസ്ഥ മനസിലാക്കാനും, ആ ഉൾക്കാഴ്ചകളും സുവിശേഷമൂല്യങ്ങളും ചേർത്തുവെച്ചുകൊണ്ട് ആത്മാർത്ഥമായ വിശകലനം ചെയ്യുവാനും ശ്രമിച്ചുകൊണ്ട് ആ സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങൾ ഉറപ്പു വരുത്താനുള്ള ഉറച്ച നിലപാടും നടപടിയും സ്വീകരിക്കുകയും ചെയ്യുന്നു.
ദൈവരാജ്യവും സഭയും ആളെക്കൂട്ടുന്നതോ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതോ സ്വയം സംരക്ഷിക്കുന്നതോ അല്ല, നന്മയും ജീവനും ഉറപ്പാക്കുകയാണ്. അതിനു ആദ്യം വേണ്ടത് എല്ലാവരും ഒരേപോലെ ദൈവമക്കളാണെന്ന് അംഗീകരിക്കാൻ കഴിയുകയെന്നതാണ്. അതിനു കഴിഞ്ഞാൽ നിസ്സഹായരായവർക്കുവേണ്ടിയുള്ള നിലപാടുകളും പ്രവൃത്തികളും നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണ് എന്ന് ബോധ്യപ്പെടും. അപ്പോഴേ ദളിതരും ആദിവാസികളുമൊക്കെ രണ്ടാം തരക്കാരാവുന്ന മനോഭാവങ്ങളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ടാകൂ.
'ഞങ്ങളും,' 'ഞങ്ങളുടെ വിശ്വാസപരമ്പര്യങ്ങളും', ശ്രേഷ്ഠവും കുലീനവും, എന്നാൽ മറ്റുള്ളവർ, അവർ മുക്കുവരാവട്ടെ, അഭയാർത്ഥികളാവട്ടെ, അന്യസംസ്ഥാന തൊഴിലാളികളാവട്ടെ, സംസ്കാരവും വിശ്വാസവും ഇല്ലാത്തവരും പാപികളുമാക്കപ്പെടുന്നിടത്തോളം കാലം, വിദേശികളെല്ലാം ലൗകികരും അസന്മാര്ഗികളുമാണെന്നു കരുതുന്നിടത്തോളം കാലം, ദൈവരാജ്യത്തിന്റെ രഹസ്യം നമ്മിൽനിന്ന് മറഞ്ഞുതന്നെയിരിക്കും. പ്രാഥമികമായി, എല്ലാവരെയും ദൈവമക്കളായി കാണാൻ കഴിഞ്ഞെങ്കിലെ പരസ്പരമുള്ള പണിതുയർത്തലാണ് ദൈവരാജ്യവും സഭയുമെന്നു നമുക്ക് ഗ്രഹിക്കാൻ കഴിയൂ. പരമ്പരാഗത കുടുംബങ്ങളിൽ കൂടുതൽ മക്കളായി ക്രിസ്തീയ സമുദായം വളർന്നാൽ മതി, മറ്റാരെയും സുവിശേഷബോധനം നടത്തേണ്ടതില്ല എന്ന് വരെ ക്രിസ്തുവിനും സഭക്കും തീർത്തും അപരിചിതമായ ‘പുതിയ മിസ്സിയോളോജികൾ’ വിവരിച്ചു ബോധ്യപ്പെടുത്താൻ ആവതു ശ്രമിക്കുന്നുണ്ട്. ദൈവരാജ്യം ക്രിസ്ത്യാനികളുടേതു മാത്രമല്ല. വരേണ്യതയിൽ അഹങ്കരിക്കുന്ന ക്രിസ്തീയത തന്നെയാണ് ദൈവരാജ്യത്തിന് ഏറ്റവും എതിരുനിൽക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്. നമ്മുടെ സുരക്ഷ, നമ്മുടെ വളർച്ച, നമ്മുടെ നിലനില്പ്, എന്നതിലപ്പുറം പൊതുനന്മയാണ്‌ ദൈവരാജ്യാസ്വാദനത്തിന്റെ അടയാളം.
ദൈവരാജ്യത്തിന്റെ താക്കോലുകൾ കുഴിച്ചിട്ടു ഭദ്രതയിൽ സൂക്ഷിക്കാനുള്ളതല്ല, മതത്തിന്റെ അലങ്കാരങ്ങളിൽ പൂജിക്കപ്പെടാനുള്ളതുമല്ല. അനേകർക്കായി ആ വാതിൽ തുറന്നു കൊടുക്കാനുള്ളതാണ്. സമൃദ്ധിയുള്ള സമൂഹങ്ങളിൽ പോലും, വിശ്വാസം ശൂന്യമായ ഭക്തിയിലും പാരമ്പര്യങ്ങളിലും അടക്കപ്പെടുന്നതുകൊണ്ടാണ് ദൈവരാജ്യം മുമ്പോട്ട് വയ്ക്കുന്ന സമഗ്രതയിലുള്ള സഭാവളർച്ച നമുക്ക് അന്യമാകുന്നത്. കല്പനകളെ വർണ്ണിച്ചു വ്യാഖ്യാനിച്ചു രൂപപ്പെടുത്തുന്ന അസംഖ്യം ആചാരങ്ങളിൽ ദൈവരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നവ എത്രമാത്രമുണ്ട്?
പ്രതിഫലദൈവശാസ്ത്രത്തിലൂന്നിയ ഉപഭോഗശൈലിയുള്ള ഭക്തി പ്രവണതകൾ ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും വികലമായ ധാരണകൾ വളർത്തുന്നു എന്നു മാത്രമല്ല, അനീതികളെ ന്യായീകരിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതവും ലോകവുമായി ഒരു സ്പര്ശവുമില്ലാത്ത അവസ്ഥയല്ല, ദൈവരാജ്യം. നന്മ, ദയ നീതി, സമാധാനം, അനുരഞ്ജനം എന്നിവയൊക്കെയാണ് അതിലെ സത്യവും വെല്ലുവിളിയും. നീതി പ്രവർത്തിക്കുവാനും, അർഹമായവ നിഷേധിക്കപ്പെടുന്നവർക്കു വേണ്ടി അതിരുതീർക്കാതെ നിലകൊള്ളുവാനും പ്രോത്സാഹിപ്പിക്കുന്ന പ്രവാചകരുണ്ടാകുമോ? ദൈവരാജ്യം വിളിക്കുന്ന മാനസാന്തരമെന്നത് കാലത്തിന്റേതായ വെല്ലുവിളികളും ഉയർത്തും. മാനസാന്തരം, ദൈവരാജ്യം എന്നിവ മുന്നോട്ടു വയ്ക്കുന്നവരിൽ, ഇന്ന് സാമൂഹികവും സഭാപരവുമായ അസ്ഥിരതയും വിഭാഗീയതയും സൃഷ്ടിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാട്ടി സമാധാനമാര്ഗങ്ങളിലേക്കു നയിക്കുന്നവരുണ്ടെങ്കിൽ, ഭക്തിയുടെ കരിമഷിയിൽ ദൈവത്തെ അന്ധമാക്കാനാവില്ലെന്നു പറഞ്ഞു കൊടുക്കുന്നവരുണ്ടെങ്കിൽ, സാമ്പത്തിക കൈമാറ്റങ്ങളിലെ ഓരോ തീരുമാനവും ഒരു സാന്മാർഗിക തെരഞ്ഞെടുപ്പാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നെങ്കിൽ, ചൂഷണവ്യവസ്ഥിതികളെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഘടനകളെയും ചെറുക്കുകയും നീതി ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ദൈവാരാജ്യാനുഭവത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ടെങ്കിൽ അവരാണ് സുവിശേഷവും ദൈവരാജ്യവും കാണിച്ചു തരുന്നത്. കുന്തുരുക്കത്തിന്റെ പുകയിലും പുകഴ്ത്തുപാട്ടിലുമല്ല ക്രിസ്തുവും വിശുദ്ധരും ആഹ്ലാദിക്കുന്നത്, ക്രിസ്തുരൂപം സത്യത്തിലും ആത്മാവിലും ജീവിക്കാൻ കഴിയുന്ന ദൈവരാജ്യാനുഭവമുള്ള ഒരു സമൂഹത്തിലാണ് അവരുടെ ആനന്ദം.
കൂടുതൽ വായനക്ക്:
Pontifical Commission for Justice and Peace, The Compendium of the Social Doctrine of the Church 2005
Charles M. A. Clark, The Contribution of Catholic Social Thought to Economic Policy, https://www.socialjustice.ie/.../catholic.../chapter1.pdf
D. Paul Sullins (ed), Catholic Social Thought 2008
David J. O’Brien; Thomas A Shannon (eds) Daniel Finn (ed), The True Wealth of Nations: Catholic Social Thought and Economic Life 2010
Catholic Social Thought: Encyclicals and Documents from Pope Leo XIII to Pope Francis 2016
Johan Leemans, Brian J. Matz, Johan Verstraeten (eds) Reading Patristic Texts on Social Ethics: Issues and Challenges for Twenty-First-Century Christian Social Thought 2011
Jürgen Backhaus, Günther Chaloupek, Hans A. Frambach (eds.) On the Economic Significance of the Catholic Social Doctrine: 125 Years of Rerum Novarum 2017
Michael P. Hornsby-Smith An Introduction to Catholic Social Thought 2006
Pryor, F. L. (1993). The Roman Catholic Church and the Economic System: A Review Essay. Journal of Comparative Economics, 17(1), 129–150.

ജൂലൈ 06, 2021

പുതിയ വെളിച്ചത്തിന്റെ അനുഗ്രഹം

അനേകം പ്രയാസങ്ങളിലൂടെ കടന്നു പോയെങ്കിലും, ദൈവം നൽകുന്ന ആശ്വാസവും യാക്കോബിന്റെ കൂടെയുണ്ടായിരുന്നു. വെല്ലുവിളികളുടെ നടുവിലും 'ദൈവത്തിന്റെ ഭവനം' അനുഭവാവസ്ഥയിലേക്കു ലഭിക്കുവാനും സംഘർഷങ്ങളുടെ നിമിഷങ്ങളിലും 'ദൈവമുഖം' കാണുവാനും യാക്കോബിന്‌ കഴിഞ്ഞത് അങ്ങനെയാണ്.

കൂടെനടക്കുന്ന ദൈവത്തിന്റെ നിരന്തര സാന്നിധ്യമാണ് ഇന്ന് നമുക്കും അനുഭവമാക്കേണ്ടത്. അതുവഴി ശാരീരികമോ മാനസികമോ ആയ വേദനകളെ ന്യായീകരിക്കാനോ വെറുക്കാനോ അല്ല, ആ ഞെരുക്കങ്ങളിലും ദൈവം കൂടെയുണ്ടെന്നുള്ള ബോധ്യം ധ്യാനാത്മകമായ പ്രാർത്ഥനയിലേക്കു നമ്മെത്തന്നെ നയിക്കുവാൻ നമുക്ക് കഴിയും. ബുദ്ധിമുട്ടുകളുടെ സമയവും ദൈവവുമായി ഹൃദയം തുറന്നു സംസാരിക്കാനും, വഴക്കിടാനും, പരിതപിക്കാനും ദൈവത്തിലർപ്പിക്കുന്ന വലിയ വിശ്വാസവും സ്വയം തുറക്കാനുള്ള ധൈര്യവും നമുക്കുണ്ടാവണം. പുറത്തുനിന്നുള്ള അത്ഭുതപ്രവൃത്തിയായല്ല, ആന്തരികമായ പുതുജീവന്റെ ഊർജ്ജമായി ദൈവസാന്നിധ്യം ജീവിതത്തിൽ നിറയുന്നത് നമുക്കറിയാം.

തകർച്ചയിലും, സംഘർഷങ്ങളിലും, രോഗത്തിലും, പ്രലോഭനങ്ങളിലും, ഭാരപ്പെടുത്തുന്ന ശീലങ്ങളിലും, പാപങ്ങളിലും ദൈവകൃപ നൽകുന്ന മാർഗ്ഗദർശനം നമുക്ക് കേൾക്കാൻ കഴിയട്ടെ. എന്നാൽ ഭയവും കുറ്റബോധവും നമ്മുടെ പ്രയാസങ്ങളെ വ്യാഖ്യാനിച്ചുതുടങ്ങിയാൽ അവ നമ്മെ ഭാരപ്പെടുത്തും. അന്ധമായ വിശ്വാസങ്ങളും, ദൈവമില്ലാത്ത ഭക്തരൂപങ്ങളും ജീവിതത്തിൽ ഇടം പിടിക്കും. ദൈവത്തെപ്രതിയാണെന്നു കരുതി, അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് പലതും ചെയ്തും ചൊല്ലിയും ക്ഷീണിതരായിത്തീർന്നേക്കാം, ഭയവും കുറ്റബോധവും അപമാനഭാരവും ധൈര്യം ചോർത്തിക്കളയുന്നതുകൊണ്ട് മുന്നോട്ട് നോക്കാൻ പോലും കഴിയാതായേക്കാം, കൂടെ നടക്കുന്ന ദൈവത്തിന്റെ സാന്നിധ്യം ജീവിതത്തിന്റെ കേന്ദ്രമാകാത്തതിനാൽ പല ദിശകളിലേക്ക് വലിക്കപ്പെട്ടു സമ്മർദ്ദങ്ങളിലും തളർന്നേക്കാം. ഇടയനില്ലാത്ത ആടുകളെപ്പോലെ ആരും കരുതാനില്ലാതെ പരിഭ്രാന്തരും നിസ്സഹായരുമായിത്തീരും.

നമ്മോടൊത്തു നടക്കുന്നത് എന്നോ നിർത്തി കഴിഞ്ഞകാലത്തെന്നോ നിശ്ചലനായി നിന്നുകളഞ്ഞ ദൈവത്തെ കൂടെക്കൂട്ടുവാൻ ഇനി തിരികെ നടക്കണമെന്ന ധാരണയല്ല നമുക്ക് വേണ്ടത്. ഒറ്റക്കായിപ്പോയെന്ന തോന്നലുകളിൽ നിന്നും അകന്ന് കൂടെത്തന്നെയുള്ള ദൈവസാന്നിധ്യത്തെ വീണ്ടും കരുത്താക്കുകയാണ് വേണ്ടത്. പ്രയാസങ്ങളുടെ ഓരോ നിമിഷത്തിലും ദൈവവുമായുള്ള സംഭാഷണത്തിനും മല്പിടുത്തതിനും ശേഷം പ്രത്യാശയും ധൈര്യവും നിറക്കുന്ന പുതിയ വെളിച്ചത്തിന്റെ അനുഗ്രഹം നൽകാൻ ദൈവത്തോട് പറയാം.

ജൂലൈ 03, 2021

പ്രവാചകന്റെ അടയാളം

 നീതിയുടെ പ്രവർത്തികളിലേക്കു നയിക്കുകയും സത്യത്തെ ആധാരമാക്കുകയും ചെയ്യുന്ന നിർമല മനഃസാക്ഷിയാണ് പ്രവാചകന്റെ അടയാളം.


"ഈജിപ്തിൽ നിന്ന് നിങ്ങളെ രക്ഷിച്ചു കൊണ്ടുവന്ന ദൈവമായ കർത്താവ്" എന്നതിൽ നിന്ന് വ്യത്യസ്തമായി "ഈ കാര്യങ്ങൾ സംഭവിക്കുമ്പോൾ ഞാനാണ് കർത്താവു എന്ന് നിങ്ങൾ അറിയും" എന്ന പുതിയൊരു സന്നിധ്യാവബോധം എസെക്കിയേൽ പരിചയപ്പെടുത്തുന്നു. ദൈവത്തെ അറിയുന്നതിലൂടെയേ സത്യവും നീതിയും സാന്മാര്ഗികതയും അറിയാനാകൂ എന്നതായിരുന്നു എസെക്കിയേലിന്റെ പ്രധാന സന്ദേശം. ദൈവത്തിന്റെ ജീവസാന്നിധ്യം ഓരോരുത്തരും ജീവിക്കുന്നിടത്ത് തന്നെ ലഭ്യവുമാണ്. അവിടുത്തെ ഉടമ്പടി ഓരോ ദിവസവും ഹൃദയത്തിൽ നവീകരിക്കുന്നതും പുതുജീവൻ നൽകുന്നതുമാണ്. ദേവാലയത്തിലെ ബലിപീഠത്തിലല്ല, നിര്മലമനസാക്ഷിയുടെ ബലിപീഠത്തിൽ, പരസ്പര ബന്ധങ്ങളിൽ.

ജീവന്റെ സമൃദ്ധിയെ തിരഞ്ഞെടുക്കേണമോ വേണ്ടെന്നു വെക്കണമോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. ദേശത്തിന്റെയും, ദേവാലയത്തിന്റെയും, ബലിപീഠത്തിന്റെയും, ബലികളുടെയും പുനരുദ്ധാരണത്തെക്കുറിച്ച് എസെക്കിയേൽ പറയുന്നു. എന്നാൽ അത് പുതിയൊരു രീതിയിലാണ്. പുരോഹിതർ ഇടയരെപ്പോലെ ആടുകൾക്ക് വേണ്ടി കരുതാത്തതുകൊണ്ടും വേണ്ടവിധം ഭോജനം നല്കാത്തതുകൊണ്ടും, പ്രവാചകർ വ്യാജം പ്രസംഗിച്ചതുകൊണ്ടും ദൈവം തന്നെ ജനത്തോടു സംസാരിക്കുകയും, നയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. ഹൃദയത്തിൽ എഴുതപ്പെടുന്ന ഒരു പുതിയ ഉടമ്പടിയിലേക്കു ദൈവം പ്രവേശിക്കുകയാണ്. ജെറെമിയ നേരത്തേതന്നെ അത്തരമൊരു ഉടമ്പടിയുടെ അനിവാര്യതയെക്കുറിച്ചു പറഞ്ഞിരുന്നു. എസെക്കിയേൽ വീണ്ടും അത് ഊന്നിപ്പറയുന്നു. പുതിയ ഉടമ്പടി പ്രകാരം പുണ്യമോ തിന്മയോ പൂർവികരുടെ പ്രവൃത്തികളുടെ ഫലമല്ല ജെറെ 31/29, എസെ 18/2. ഇന്നുകളുടെ അനുഗ്രഹ നിമിഷങ്ങളിൽ പ്രവർത്തിക്കുന്ന ദൈവം പഴമയുടെ ഭാരങ്ങൾ നമ്മുടെ തലയിൽ വച്ച് തരുന്നില്ല എന്ന് പ്രവാചകൻ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും നിങ്ങൾക്ക് മുമ്പിലാണ്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്നത് വ്യക്തിപരമായ ഉത്തരവാദിത്തമായി പ്രവാസകാലംധ്യാനിച്ചു തുടങ്ങുന്നു.

സൗഖ്യവും സാന്ത്വനവും പകരുന്ന ദൈവരാജ്യം നിങ്ങളുടെയുള്ളിലാണെന്നും, നിങ്ങൾക്കിടയിലാണെന്നും പ്രസംഗിച്ചുകൊണ്ടു ക്രിസ്തു വന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തിലേക്ക് അവിടുന്ന് എല്ലാവരെയും ക്ഷണിച്ചു. പ്രമാണിമാർക്കും, നിഷ്ഠകളുടെ കർക്കശമായ പാലനം നൽകിയ വിശുദ്ധി അവകാശമാക്കിയിരുന്നവർക്കും പാപികൾക്കും, വിജാതീയർക്കും ശത്രുക്കളായി കാണപ്പെട്ടവർക്കും ദൈവദൃഷ്ടിയിൽ ഒരേ സ്ഥാനമാണെന്നു അവൻ പഠിപ്പിച്ചു. അവന്റെ സന്ദേശങ്ങൾ സ്വീകാര്യമായിരുന്നില്ല.

പ്രവാചകൻ മനഃസാക്ഷിയോട് സംസാരിക്കുന്നു, ഒരു സമൂഹം വളരുന്ന കാലത്തോട് സംസാരിക്കുന്നു. തന്റെ തന്നെ ഉള്ളിൽ ആത്മാവ് പകരുന്ന ചലനങ്ങളാണ് പ്രവാചകൻ കൈമാറുന്നത്. കേൾവിക്കാരെല്ലാം ഒരുപോലെയല്ല. ചിലർ ഉന്നതിയും വികസനവും അനുഗ്രഹങ്ങളും അത്ഭുതങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റു ചിലരാവട്ടെ ദുരന്തങ്ങളും, ശിക്ഷയും നാശവും മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്വയം പ്രവാചകരാകുന്ന പലരും ഇത്തരത്തിലുള്ള ഇഷ്ടങ്ങളെ അറിഞ്ഞു കേൾവിക്കാരെ തൃപ്തിപ്പെടുത്തുന്നവരാണ്. അവക്ക് മനഃസാക്ഷിക്ക് മാർഗദർശനം നൽകാനാവില്ല, കാരണം അതിനു സത്യവുമായി ബന്ധമില്ല.

ജനപ്രിയതയോ, അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങളോ, പ്രതിഫലമോ പ്രവാചകസ്വരത്തെ വഴിതിരിക്കുകയോ നിശ്ശബ്ദമാക്കുകയോ ഇല്ല. ദൈവത്തെ കേൾക്കാനും, അവിടുത്തെ സന്ദേശം ആത്മാർത്ഥതയോടെ പകർന്നു നൽകാനും ഉള്ളിൽ കൃപയുടെ സമൃദ്ധിയുണ്ടാവണം. അപ്പോഴേ ജീവനിലേക്കും നന്മയിലേക്കും വളരാനാവും വിധം മനഃസാക്ഷിയെ രൂപീകരിക്കാൻ നമുക്ക് കഴിയൂ. നീതിയുടെ പ്രവർത്തികളിലേക്കു നയിക്കുകയും സത്യത്തെ ആധാരമാക്കുകയും ചെയ്യുന്ന നിർമല മനഃസാക്ഷിയാണ് പ്രവാചകന്റെ അടയാളം.