Gentle Dew Drop

ഒക്‌ടോബർ 27, 2021

ഒരു സിനഡൽ സഭക്കായി

സഹയാത്രികരായ നമ്മൾ ഓരോരുത്തരും സ്വതന്ത്രമായി സംസാരിക്കുകയും എല്ലാവരും ശ്രദ്ധിച്ചു കേൾക്കുകയും ക്രിസ്തുവിൽ ഒരു ശരീരമായി ദൈവജീവൻ ആഘോഷമാക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനെ അനുഭവവേദ്യമാക്കുന്ന ജീവിതശൈലി പരിശീലിക്കുകയാണ്. സുവിശേഷത്തെ ജീവിക്കുന്ന യാഥാർത്ഥ്യമാക്കുകയെന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തവും പരിശീലനവും പ്രാർത്ഥനയും ധ്യാനവും ആത്മവിചിന്തനവും ആവശ്യപ്പെടുന്നു. സ്വയം ചോദിക്കേണ്ടതായ ഏതാനം ചിന്തകളാണ് പങ്കുവയ്ക്കുന്നത്. അവയെ സഹയാത്രികർ, ശ്രദ്ധിച്ചു കേൾക്കാൻ, എല്ലാവരും സംസാരിക്കട്ടെ, കൂട്ടായ്മയുടെ ആഘോഷം, കൂട്ടുത്തരവാദിത്തം, പരിശീലനം, പ്രേഷിത ദൗത്യം എന്നിങ്ങനെ ഭാഗങ്ങളാക്കിയിരിക്കുന്നു.

സഹയാത്രികർ

സിനഡിനെക്കുറിച്ചു കേൾക്കുമ്പോൾ റോമിൽ മെത്രാന്മാർ ഒത്തു ചേരുന്ന ഒരു പ്രത്യേക സമയത്തെക്കുറിച്ചാണ് സാധാരണയായി നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ ഒരു സിനഡ് നടക്കുകയാണ്. നമ്മളെല്ലാവരും അതിൽ പങ്കു ചേരേണ്ടതുമാണ്. നമ്മളെല്ലാവരും ഒരുമിച്ച്, കേൾക്കുകയും സംസാരിക്കുകയും ദൈവസ്വരം വിവേചിച്ചറിയുകയും ചെയ്യേണ്ട ഒരു സമയമാണിത്. സിനഡ് പ്രക്രിയ സഭയുടെ പൊതുസ്വഭാവമായിത്തീരുവാനായി ഒരു പരിശീലന കാലഘട്ടത്തിലൂടെയാണ് നമ്മൾ നടന്നു പോകുന്നത്. അജപാലന തലത്തിലെ മാറ്റം ഒരു മാനസാന്തരമായി സഭ ആഗ്രഹിക്കുമ്പോഴും, ഒരു മനുഷ്യൻ, കുടുംബം, ക്രിസ്ത്യാനി, ക്രിസ്തീയസമൂഹം എന്നിങ്ങനെ എല്ലാ തലങ്ങളിലും ഓരോരുത്തരും പരസ്പരം കേൾക്കുകയും എല്ലാവരും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു രൂപാന്തരമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അത്തരത്തിൽ ഒരുമിച്ചു നടന്നു കൊണ്ടേ രക്ഷയുടെ സാർവ്വത്രികമാനമുള്ള കൂദാശയായി മാറുവാൻ നമുക്ക് കഴിയൂ.

ക്രിസ്തുവിന്റെ ജീവശ്വാസമാണ് ഈ യാത്രയിൽ നമുക്ക് ഊർജ്ജം. ക്രിസ്തുവിൽ പരസ്പരം പരിപോഷിതരാകുന്ന നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ കൂടെയുള്ളവർ ആരോക്കെയാണ്? ഒരുമിച്ചായിരിക്കുമ്പോഴും അപരിചിതരാണോ നമ്മൾ? കുടുംബമായും സഭയായും പരസ്പരം കേട്ടും തുറന്നു പറഞ്ഞും പരസ്പരം ഭാരം വഹിച്ചും എങ്ങനെയൊക്കെയാണ് നമ്മൾ ഒരുമിച്ചു യാത്ര ചെയ്യുന്നത്? അതിൽ വന്നിട്ടുള്ള വീഴ്ചകളുടെ കാരണങ്ങൾ എന്തൊക്കെയാണ്? കൂടെ നടക്കാൻ ചിലരെ തിരഞ്ഞെടുക്കുകയോ ചിലരെ മാറ്റി നിർത്തുകയോ ചെയ്യുന്നെങ്കിൽ അതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?  നമ്മുടെ സഹയാത്രികർ അപരിചിതരാകുന്നത് എങ്ങനെയാണ്? വിഗ്രഹാരാധകരെന്നും അവിശ്വാസികളെന്നും തിന്മപ്രവർത്തിക്കുന്നവരെന്നും വിധി കല്പിച്ച് അവരെ മാറ്റി നിർത്താൻ കാരണമെന്താണ്? അവരിൽ നിന്ന്, അവരുടെ ആചാരങ്ങളിൽ നിന്ന്, വിശ്വാസങ്ങളിൽ നിന്ന് പഠിക്കാവുന്ന നന്മകൾ എന്തൊക്കെയാണ്? ഇതര ക്രിസ്തീയ വിഭാഗങ്ങളുമായി ഒരുമിച്ചു പോകാൻ നമുക്ക് കഴിയുന്നുണ്ടോ? അതിലെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? നമ്മോടു കൂടെ നടക്കാൻ താല്പര്യപ്പെടാത്തവരായി ആരൊക്കെയുണ്ട്? എന്താവാം കാരണം? ആധിപത്യത്തിന്റെയോ കടന്നു കയറ്റത്തിന്റെയോ മനോഭാവങ്ങൾ അവരെ മാറ്റി നിർത്തുന്നുണ്ടോ? കൂടെക്കൂട്ടാൻ ആരും ഇഷ്ടപ്പെടാതെ മാറ്റിനിർത്തുന്ന ഏതൊക്കെ വിഭാഗമാണ് നമുക്കിടയിലുള്ളത്? അവരെയും ക്രിസ്തു ശരീരത്തിന്റെ ഭാഗമായിക്കാണാൻ വിമുഖത സൃഷ്ടിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടും ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ മേല്പറഞ്ഞ കേൾവി ആദരവ് അപരിചിതത്വം മുതലായവ പരിഹരിക്കുവാൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?

നമ്മൾ സഹയാത്രികരാണ്, കൈപിടിച്ചും, തോളോട് തോൾ ചേർന്നും പങ്കുവെച്ചും ആശ്വസിപ്പിച്ചും ഒരുമിച്ചു നടക്കേണ്ടവർ.

ശ്രദ്ധിച്ചു കേൾക്കാൻ

വിവിധങ്ങളായ വരങ്ങളിലൂടെ പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടാണ് ദൈവജനം വളരുന്നത്. അതുകൊണ്ട് അസമത്വത്തിന്റേതായ സമീപനങ്ങൾ ദൈവജനത്തിന്റെ സ്വഭാവമല്ല. ആരെയും ഒഴിവാക്കി നിർത്തിക്കൊണ്ട് ദൈവജനത്തിന്റെ പരിപൂർണ്ണത പ്രാപിക്കുവാൻ നമുക്കാവുകയുമില്ല. മറ്റുള്ളവരെയും അവരുടെ വരങ്ങളുടെ ബലവും ഓരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്ന വരങ്ങളെ വളർത്തുന്നതിന് നമുക്കാവശ്യമാണ്.   അപ്പോഴേ നമ്മുടെ വിളിയും പൊതുവായ പ്രേഷിതദൗത്യത്തിന്റെ സമഗ്രതയിലേക്കു കൊണ്ടുവരാനാകൂ.

പരസ്പരമുള്ള ശ്രവണം വിവിധങ്ങളായ വരങ്ങളുടെ സ്വീകാര്യത കൂടിയാണ്. പരസ്പരം കേൾക്കുന്നതിന് ഹൃദയത്തിന്റെയും മനസിന്റെയും തുറവികൂടിയേ തീരൂ.  അപ്പോഴേ ശ്രദ്ധയോടെ കേൾക്കാൻ കഴിയൂ. ശ്രദ്ധ ധ്യാനപൂർവ്വകമായ മനോഭാവമാണ്. അത് ഒരു ഭക്തിഭാവം കൂടിയാണ്. മറ്റൊന്ന്, അനുകമ്പയുള്ള കേൾവിയാണ് ആർദ്രത പകർന്ന് ഐക്യത്തിലേക്ക് നയിക്കുന്നത്.  മുൻവിധികളില്ലാതെ കേൾക്കാൻ കഴിയുക എന്നതാണ് വലിയൊരു വെല്ലുവിളി. നമ്മെ ഓരോരുത്തരെയും സ്വാധീനിക്കുന്ന സാംസ്‌കാരിക ഘടകങ്ങളെ അടുത്തറിയാൻ ശ്രമിക്കുന്നതും കേൾവിയാണ്. വിവിധങ്ങളായ സാംസ്കാരിക പാരമ്പര്യങ്ങളെ അതിന്റെ ആന്തരിക മൂല്യങ്ങളിലും നന്മകളിലും അടുത്തറിയാൻ ശ്രമിക്കുന്നതും ആത്മാർഥമായി ആഗ്രഹിക്കേണ്ട ശ്രവണ പ്രക്രിയയാണ്.

 സിനഡൽ പ്രക്രിയയിൽ കേൾവി എന്നത് വിവേചിച്ചറിയാനുള്ള ഉൾക്കാഴ്ചയിലേക്ക് നയിക്കേണ്ടതിനാണ്. അതിനായി വ്യക്തിപരമായും സമൂഹമായും ഇത് പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവ് ഇന്ന് നൽകുന്ന വിളിയാണ്. പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും, ആധികാരികമായും അർത്ഥപൂര്ണമായും സ്വീകാര്യതയോടു കൂടിയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുക എന്നത് മാനുഷികമായ ആത്മാർത്ഥ സഹകരണത്തെ സൂചിപ്പിക്കുന്നു. മാറ്റിനിർത്തുകയോ ചെറുതായി കാണുകയോ ചെയ്യുന്നവരിലൂടെയാകാം ഒരുപക്ഷെ ദൈവം സംസാരിക്കുന്നത്. പരിഗണിക്കേണ്ടതില്ലെന്നു കരുതിപ്പോരുന്നവരെ കേൾക്കുവാനായി പ്രത്യേക ശ്രദ്ധയെടുക്കേണ്ടതുണ്ട്.

ആരെയാണ് നമ്മൾ സാധാരണയായി കേൾക്കുന്നത്? ആരുടെ ശബ്ദങ്ങളാണ് സഭയുടെ ശബ്ദമാകുന്നത്? ആരൊക്കെയാണ് മാറ്റിനിർത്തപ്പെടുന്നത്? മുറിപ്പെട്ടവരും അകന്നു മാറുന്നവരുമായവരെ കേൾക്കുവാൻ അജപാലനപരമായ വേദികൾ ലഭ്യമാകുന്നുണ്ടോ? മെത്രാന്മാരും, പുരോഹിതരും സന്യസ്തരും എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ? അതിനു വേണ്ടതായ പ്രാപ്തിയും താല്പര്യവും അവരുടെ സമീപനങ്ങളിൽ കാണപ്പെടുന്നുണ്ടോ? സമൂഹത്തെ യഥാർത്ഥത്തിൽ കേട്ടുകൊണ്ടാണോ അവർ പ്രതികരിക്കുന്നത്? സമൂഹത്തിന്റെ മുൻവിധികൾ അവരുടെ കേൾവിയെ തടസപ്പെടുത്തുന്നുണ്ടോ? വിവിധ തലങ്ങളിൽ അറിവുള്ളവർ വിശ്വാസികൾക്കിടയിൽത്തന്നെയും പൊതുസമൂഹത്തിലുമുള്ളപ്പോൾ അവരെ കേൾക്കുവാനുള്ള അവസരങ്ങൾ വിശ്വാസിജനത്തിനു ലഭ്യമാകുന്നുണ്ടോ? സഭാനേതൃത്വം അത്തരത്തിലുള്ള ആളുകളെ കേൾക്കുവാൻ തയ്യാറാകാറുണ്ടോ? വ്യത്യസ്തമായ അഭിപ്രായങ്ങളിലെ നന്മ കാണാൻ പരിശീലിക്കേണ്ടത് എങ്ങനെയാണ്? കൂടുതൽ പേരെ ഉൾപ്പെടുത്താനാകുന്ന സംഭാഷണങ്ങളിലേക്ക് എങ്ങനെയൊക്കെയാണ് വളരാനാവുക?

 എല്ലാവരും സംസാരിക്കട്ടെ

പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലേ സംഭാഷണങ്ങൾ അർത്ഥപൂര്ണവും ഫലദായകവുമാകൂ.  സ്വാതന്ത്ര്യം, സത്യം, സ്നേഹം എന്നിവ സംസാരിക്കുന്നവയിൽ ഉൾകൊള്ളുന്നെങ്കിലേ സംസാരങ്ങളിലെ എന്ത് എങ്ങനെ എന്നിവയെ വാർത്തെടുക്കുവാനാകൂ. സത്യത്തിന്റെ ഭാഗത്തല്ലെങ്കിൽ സ്വത്വബോധത്തോടെ, ധീരതയോടെ സംസാരിക്കുവാനാകില്ല. ആധികാരികത നഷ്ടപ്പെടുമ്പോൾ, കീഴ്പെടുത്തുവാനുള്ള നേരിടലുകളും ആക്രോശങ്ങളുമാകും സംഭാഷണങ്ങളെക്കാൾ സംഭവിക്കുക.

സഭയുടെ പേരിൽ, സഭക്ക് വേണ്ടി ആരാണ് സംസാരിക്കുന്നത്? സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിലെ യാഥാർത്ഥ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ സഭയുടെ മനസോടെ സമീപിക്കാൻ, അത് ചെറുതും വലുതുമായ ചർച്ചകളിൽ അവതരിപ്പിക്കാൻ മാത്രം അറിവും കഴിവുമുള്ളവർ എത്ര പേരുണ്ട്? സഭയുടെ സാമൂഹിക പ്രബോധനത്തെക്കുറിച്ച് വേണ്ട പരിജ്ഞാനം ആർജ്ജിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്താണ്? വിശ്വാസത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും വിവിധ മാധ്യമങ്ങൾ അവതരിപ്പിക്കുന്നവയെക്കുറിച്ച് അജപാലനപരവും പ്രബോധനപരവുമായ പരിശോധനയോ ആവശ്യമായ തിരുത്തലുകളോ ലഭിക്കാറുണ്ടോ? വിശ്വാസത്തിന്റെ മറയിൽ പ്രചരിപ്പിക്കപ്പെടുന്ന (ഒരു പക്ഷേ വിദേശത്തെവിടെയോ) രാഷ്ട്രീയ അജണ്ടകൾ നിഷ്കളങ്കരായ വിശ്വാസികൾക്കിടയിൽ വിതച്ച് കലഹങ്ങളുണ്ടാക്കുന്നവരെക്കുറിച്ച് സംസാരങ്ങൾ ഉണ്ടാകാറുണ്ടോ? ക്രിസ്തീയ ജീവിതസാക്ഷ്യം ഒരു സാമൂഹികസാക്ഷ്യവും പ്രതിബദ്ധതയുമായി മാറുന്നതിൽ വീഴ്ച വരുന്നുണ്ടോ? അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

സഭക്കുള്ളിൽ എല്ലാവരും സംസാരിക്കേണ്ടതിന് ആവശ്യമായ സ്വാതന്ത്ര്യവും ധീരതയും ഉറപ്പാക്കുവാൻ എന്തൊക്കെയാണ് നമുക്ക് ചെയ്യേണ്ടത്?

 കൂട്ടായ്മയുടെ ആഘോഷം

ഒരുമിച്ചു യാത്ര ചെയ്യുന്ന സിനഡൽ പാത ഒരു സമൂഹമായി ദിവ്യസ്വരത്തിനു കാതോർക്കുകയും പരിശുദ്ധ ബലിയിൽ ഒരുമയോടെ പങ്കു ചേരുന്നതിലൂടെയുമേ സാധ്യമാകൂ.

എല്ലാവരുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുവാൻ എന്തൊക്കെയാണ് ചെയ്യുവാൻ കഴിയുക? ചിലരെങ്കിലും വിമുഖത കാണിക്കുന്നെങ്കിൽ അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? പങ്കുചേരുന്നതിനു പകരം, പലരും കാഴ്ചക്കാരാവുകയോ പള്ളിയോ ധ്യാനകേന്ദ്രങ്ങളോ ലഭ്യമാക്കുന്ന ശുശ്രൂഷകളോ പരിപാടികളോ സ്വീകരിക്കുന്നവരോ മാത്രം ആകുന്നത് എങ്ങനെയാണ്? ദൈവാരാധനയിലെ ഒരുക്കങ്ങളിലും നടത്തിപ്പിലും അത്മായർ, പുരോഹിതർ സന്യസ്തർ എന്നിവരുടെ പങ്കാളിത്തം ഏതൊക്കെ തലങ്ങളിലാണ്? ഈ പങ്കാളിത്തത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നവരുണ്ടോ? ജാതിയോ സാമ്പത്തിക നിലയോ ഈ വേർതിരിവിന് കാരണമാകാറുണ്ടോ? അത്മായർക്കു ഏതു വിധമുള്ള പങ്കാളിത്തമാണ് നൽകപ്പെടുന്നത്? കൂദാശകൾക്കായി ഏതു തരത്തിലുള്ള ഒരുക്കമാണ് വ്യക്തികൾക്കും സമൂഹത്തിനും നൽകപ്പെടുന്നത്?

ക്രിസ്തുശരീരത്തിലുള്ള നമ്മുടെ ഭാഗഭാഗിത്വം കൂട്ടായ്മയ്ക്കായുള്ള ആത്മാർത്ഥമായ തുറവികൂടി ഉൾപ്പെടുത്തിയുള്ളതാണ്. എങ്കിലേ ബലിയിലും മുഴുഹൃദയത്തോടെ പങ്കുകൊള്ളാനാകൂ.

 കൂട്ടുത്തരവാദിത്തം

സിനഡൽ പാത സഭയുടെ പ്രേഷിത ദൗത്യത്തെ സഹായിക്കുവാനാണ്. എല്ലാവരും അതിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്.

അത്മായരും പുരോഹിതരും സന്യസ്തരും എങ്ങനെയാണ് ഈ കൂട്ടുത്തരവാദിത്തത്തിൽ പങ്കുചേരുന്നത്? മെത്രാനോ വൈദികരോ നിങ്ങളുടെ താല്പര്യം കൂടി പരിഗണിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ കരുതുന്ന മേഖലകൾ ഏതൊക്കെയാണ്? തീരുമാനങ്ങൾ എടുക്കുന്നവരുടെ കമ്മിറ്റികൾ എല്ലാ തലങ്ങളിലുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അത് എന്തുകൊണ്ടാണ്? അത്തരം യോഗങ്ങളിൽ വിവിധങ്ങളായ അഭിപ്രായങ്ങൾ കേൾക്കുകയും അവയിലെ നന്മകൾ പരിഗണിക്കുകയും അങ്ങനെ മൊത്തത്തിലുള്ള നന്മയെക്കരുതിയുമാണോ തീരുമാനങ്ങളിലെത്തുന്നത്? വൈദികരുടെ സ്വതാല്പര്യങ്ങളാണ് യോഗങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന് പലപ്പോഴും തോന്നുന്നത് എന്തുകൊണ്ട്? പൗരോഹിത്യ മേല്കോയ്മയിൽനിന്ന് യഥാർത്ഥ ശുശ്രൂഷയിലേക്ക് രൂപാന്തരപ്പെടുവാൻ ഏതു തരത്തിലുള്ള നവീകരണ ശ്രമങ്ങളാണ് നടക്കേണ്ടത്? ഭക്തസംഘടനകളും യുവജനക്കൂട്ടായ്മകളും യഥാർത്ഥത്തിലുള്ള സംഭാഷണ വേദികൾ ആകാറുണ്ടോ? വ്യത്യസ്തങ്ങളായ കാരിസങ്ങൾ ഉള്ള വിവിധ സന്യസ്ത സഭാവിഭാഗങ്ങൾ അവരവരുടെ ജോലികൾ ചെയ്യുന്നു എന്നതിനേക്കാൾ സഭയുടെ പ്രേഷിതദൗത്യത്തിന് ഒന്നായി പ്രവർത്തിക്കുവാൻ ഏതൊക്കെ തരത്തിൽ നമ്മെത്തന്നെ പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ട്? സഭാകാര്യാലയങ്ങളിൽ സേവനശുശ്രൂഷാ മനോഭാവങ്ങളെക്കാൾ ഓഫീസ് സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ? റീത്തുകൾക്കിടയിൽ മത്സരങ്ങൾക്ക് പകരം സുവിശേഷസാക്ഷ്യത്തിനു പ്രാധാന്യം നൽകുവാൻ നമ്മെത്തന്നെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയൊക്കെയാണ്?

ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ പലരുമായും തുടരെയുള്ള ചർച്ചകളും കൂടിക്കാഴ്ചകളും നടക്കാറുണ്ട്. യോജിച്ചുകൊണ്ട് നടത്തിയിട്ടുള്ള പ്രസ്താവനകൾ സഭകളുടെ അകൽച്ചയെ കുറച്ചു കൊണ്ടുവരുവാനും ഐക്യപ്പെടുവാനും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഇവയെക്കുറിച്ചുള്ള അറിവ് വിശ്വാസിജനത്തിനിടയിൽ അസാധ്യമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? വിശ്വാസപ്രബോധനങ്ങൾ അർത്ഥമാക്കാത്തവപോലും അർത്ഥങ്ങളാക്കി മാറ്റിയ അപ്പോളോജിസ്റ്റുകൾ തീർത്തെടുത്ത മതിലുകളെ മാറ്റിയെടുക്കുവാൻ എന്തൊക്കെ പ്രയത്നങ്ങളാണ് നമുക്ക് നടത്താൻ കഴിയുന്നത്?

അധികാരവും വിധേയത്വവുമല്ല ശുശ്രൂഷയും വിനീതമനസാക്ഷിയുമാണ് സിനഡൽ പാതയിൽ നമ്മൾ പരിശീലിക്കുന്നത്. മാത്രമല്ല അത് മെത്രാന്മാരും വൈദികരും അത്മായരും സന്യസ്തരും ഒരുപോലെ പാലിക്കേണ്ട ജീവിതശൈലിയാകേണ്ടതുമാണ്.

 പരിശീലനം

അഭിപ്രായ രൂപീകരണവും, ഭൂരിപക്ഷത്തിന്റെ അഭിപ്രായം തീരുമാനമാകുന്നതുമല്ല സിനഡ് ശൈലി. ഭൂരിപക്ഷം സത്യത്തിൽ വേരൂന്നിയതാവണമെന്നുമില്ല. പരിശുദ്ധാത്മാവിന്റെ സ്വരത്തിനു ചെവി കൊടുക്കുന്ന പൊതുമനോഭാവത്തിൽ ഓരോരുത്തരെയും കേൾക്കുവാനും അവയിലെ ദൈവസ്വരം ഓരോരുത്തർക്കും വിവേചിച്ചറിയുവാനും കഴിയും.

മാറ്റത്തെ സ്വീകരിക്കാനുള്ള തുറവി, പരിശീലനം, തുടർച്ചയായ പഠനം എന്നിവ സിനഡൽ പാതക്ക് ദർശനം നൽകുന്നവയാണ്. ഔദ്യോഗികമായ ഒരു സിനഡ് കൊണ്ട് അവസാനിക്കേണ്ടതല്ല ഇത്. സഭക്കുള്ളിൽത്തന്നെ വിവിധ അഭിപ്രായങ്ങളുടെയും, കാരിസങ്ങളുടെയും വ്യത്യസ്തതകൾ ഉൾക്കൊണ്ടുകൊണ്ട്, ഇതര മതവിഭാഗങ്ങളുടെയും അവിശ്വാസികളുടെയും പോലും സ്വരങ്ങളെ കേട്ട് കൊണ്ട് ഒരുമിച്ചു നടക്കാനും, പരസ്പരം കേൾക്കാനും സംഭാഷണങ്ങളിൽ ഏർപ്പെടാനുമുള്ളതാണ് ക്രിസ്തീയ ജീവിതശൈലിയായി പരിണമിക്കേണ്ട ഈ പരിശീലനം. ഇത് കുടുംബങ്ങളിലും കുട്ടികളിലും യുവജനങ്ങൾക്കിടയിലും സ്ഥാപനങ്ങളിലും യാഥാർത്ഥ്യമാക്കുവാൻ എന്ത് ചെയ്യേണ്ടതുണ്ട്?

 പ്രേഷിത ദൗത്യം

സഭയുടെ പ്രേഷിത ദൗത്യം എന്നത് ദൈവജനം മുഴുവൻ പങ്കുചേരുകയും പരസ്പരം പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. വാക്കുകളിൽ കേൾക്കുകയും ഒന്ന് ചേർന്ന് ആഘോഷിക്കുകയും പ്രവൃത്തികളിൽ പ്രകടമാകുന്നതുമാണ് സുവിശേഷം. ജീവിക്കുന്ന വചനവുമായുള്ള നിരന്തര സമ്പർക്കമാണ് സുവിശേഷം ജീവിക്കുക എന്നത്.

സുവിശേഷത്തെ ജീവിക്കത്തക്കതാക്കിത്തീർക്കുന്നതിൽ എന്തൊക്കെ വെല്ലുവിളികളാണുള്ളത്?  സുവിശേഷപ്രഘോഷണത്തെ വാക്കുകളുടെ അവതരണമാക്കിത്തീർത്ത ഘടകങ്ങൾ എന്തൊക്കെയാണ്? സുവിശേഷത്തിന്റെ ഈ ജീവിതശൈലിയെ വിവിധങ്ങളായ വരങ്ങളോടും വിളികളോടും ബന്ധപ്പെടുത്തി ധ്യാനിക്കുവാനും പ്രവർത്തികമാക്കുവാനും നമുക്ക് കഴിയാറുണ്ടോ? സാക്ഷ്യം എന്നത് മതാചരണങ്ങളുടെ അനുഷ്ഠാനങ്ങളിലേക്കു മാത്രം ചുരുക്കിനിർത്താതെ യഥാർത്ഥ ജീവിതസാഹചര്യങ്ങളെ ലൗകികവും ഭൗതികവുമായി വിധിച്ച് തള്ളാതെ അവയിലെ സാക്ഷ്യമൂല്യത്തെ കണ്ടെത്തുവാനും ജീവിക്കുവാനും ഏതൊക്കെ തലങ്ങളിൽ പ്രയത്നങ്ങൾ നടത്താനുണ്ട്? മുൻവിധികളോ സ്വതാല്പര്യങ്ങളോ ഇല്ലാതെ, ക്രിസ്തീയ മൂല്യങ്ങൾ നൽകുന്ന സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത വളർത്തിയെടുക്കാൻ എങ്ങനെ കഴിയും? ശാസ്ത്രഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും ശാസ്ത്രബോധം വളർത്താൻ ബോധവത്കരണം നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുവാനും അവരുമായി സഹകരിക്കുവാനും എന്തൊക്കെ ചെയ്യുവാനുണ്ട്? ശാസ്ത്രഗവേഷണങ്ങളെ പുച്ഛിക്കുകയും അത് വിശ്വാസവിരുദ്ധമാണെന്ന് കരുതുകയും ചെയ്യുന്ന നിലപാടുകളെയും മാധ്യമങ്ങളെയുംകുറിച്ചു ദൈവജനത്തിന് വേണ്ട കരുതൽ നൽകുവാൻ നമുക്ക് കഴിയാറുണ്ടോ? സഭക്കുള്ളിലും സമൂഹത്തിലും സാമൂഹികനീതി ഉറപ്പാക്കാനായി നമ്മുടെ ആത്മാർത്ഥ പ്രയത്നങ്ങൾ എന്തൊക്കെയാണ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും, ഭൂമിക്കായുള്ള കരുതലിനും വേണ്ടിയും മുൻകൈ എടുക്കുവാൻ Laudato Si, Fratelli Tutti തുടങ്ങിയ പ്രബോധന രേഖകൾ പരിചിതവും ലളിതവുമാക്കുവാൻ എന്ത് ചെയ്യാനാകും? ക്രൈസ്തവ ധാർമ്മികതയിലൂന്നിയ നീതിബോധം നമ്മിൽ വളർത്താൻ എന്ത് ചെയ്യണം. ഈ മേഖലകളിലെ പ്രേഷിതദൗത്യത്തിനു യഥാർത്ഥത്തിൽ ദൈവരാജ്യ സ്വഭാവമുണ്ടെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ തടസമായി നിൽക്കുന്നത് എന്തൊക്കെയാണ്?

സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയും സത്യം സംസാരിക്കുകയും അതിനെ കേൾക്കുകയും ചെയ്യുകയെന്നതാണ് സിനഡൽ പ്രക്രിയയുടെ സ്വഭാവം.എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന സഭയുടെ മാതൃസ്നേഹം നമ്മിലോരോരുത്തരിലും പ്രകടമാകാൻ ഏതു തരത്തിലുള്ള മാനസാന്തരമാണ് ആവശ്യമായിരിക്കുന്നത്? വേദന നിറഞ്ഞ അനുഭവങ്ങളെ അനുകമ്പയോടും, സഭയിൽ നിലവിലുള്ള ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് സദുദ്ദേശത്തോടെ നൽകപ്പെടുന്ന വിമര്ശനങ്ങളെ വിനയത്തോടും കൂടെ സ്വീകരിക്കുവാൻ നമ്മെത്തന്നെ എങ്ങനെ ഒരുക്കാം?

നിങ്ങൾ ഒരു കത്തോലിക്കനോ ക്രിസ്ത്യാനിയോ അല്ലെങ്കിൽ സ്നേഹമുള്ള സഹോദരീ സഹോദരന്മാരേ, ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്തു സാന്നിധ്യം സഭയിൽ എങ്ങനെ കാണപ്പെടുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളെയോ നിങ്ങളുടെ വിശ്വാസത്തെയോ വേദനിപ്പിക്കുന്ന സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ എന്തൊക്കെയാണ്? അവയെ പരിഹരിച്ചു എപ്രകാരം മുമ്പോട്ട് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ധാർമികതയും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങളിൽ ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിൽ തടസമായി നില്കുന്നത് എന്തൊക്കെയാണ്?

ഒക്‌ടോബർ 11, 2021

ദൈവത്തെക്കാൾ പരിശുദ്ധരാണവർ

ദൈവത്തിന്റെ പരിശുദ്ധിയെ, മതങ്ങൾ രൂപപ്പെടുത്തുന്ന പരിശുദ്ധ സിംഹാസനങ്ങളിൽ ഇരുത്തി ബന്ധിച്ചു കഴിഞ്ഞാൽ ദൈവത്തിന്റെ സ്നേഹത്തിനും കരുണക്കും പരിമിതികളുണ്ടെന്ന് തോന്നിത്തുടങ്ങും. 

ദൈവത്തിന് സ്നേഹം ഒരു വൈകാരിക പ്രകടനമല്ല. ദൈവം സ്വഭാവത്തിൽ തന്നെ സ്നേഹമാണ്. സർഗാത്മകമായിരിക്കുന്ന സകലത്തിന്റെയും ഉത്ഭവവും വളർച്ചയും പൂർണ്ണതയും സ്നേഹമാണ്. ആ സ്നേഹപദ്ധതിയുടെ ചുരുക്കപ്പേരാണ് വചനം. ആ  ആ സ്നേഹത്തിലാണ് സകലതും സൃഷ്ടിക്കപ്പെട്ടതും മനുഷ്യൻ തന്റെ അവബോധങ്ങളിലേക്ക് വളർന്നതും. അസ്പർശ്യമായ പരിശുദ്ധിയും അതിനെ കാത്തുസൂക്ഷിക്കുന്ന ആചാരങ്ങളും രൂപപ്പെടും മുൻപേ ദൈവത്തെ പരിപോഷിപ്പിക്കുന്ന, വാത്സല്യപൂർവ്വം സംരക്ഷിക്കുന്ന സ്നേഹവും മമതയുമായാണ് മനുഷ്യൻ തിരിച്ചറിഞ്ഞത്. 

ശത്രുതയും വിദ്വേഷവും വക്രതയും കാത്തു സൂക്ഷിക്കുന്ന ഒരു മനസിന് ദൈവകടാക്ഷം സ്വീകരിക്കാമെന്ന്  കരുതാനാവില്ല. പക്ഷേ അത് ദൈവം അവർക്ക് സ്നേഹമല്ലാതാകുന്നത് കൊണ്ടല്ല, ആ അനന്തസ്നേഹത്തിലേക്കുള്ള തുറവിയോ അതിനെ അംഗീകരിക്കാനുള്ള ഉൾക്കരുത്തോ  അവർക്കില്ല എന്നതുകൊണ്ടാണ്. ദൈവത്തെക്കാൾ പരിശുദ്ധരാണവർ.