Gentle Dew Drop

ഏപ്രിൽ 30, 2023

വേരുകൾക്ക് ആഴം

വേരുകൾക്ക് ആഴം നൽകുന്ന സൃഷ്ടിയുടെ കഥകൾ നമുക്ക് നഷ്ടമായി എന്നതാണ് ദയനീയമായ അവസ്ഥ. സൃഷ്ടിയുടെ കഥയെ വിശ്രമത്തിന്റെ ആചരണമാക്കിക്കൊണ്ടാണ് സൃഷ്ടിവൈഭവം തമസ്കരിക്കപ്പെടുന്നത്. സമാധാനവും മൈത്രിയുമില്ലാത്ത വിശ്രമങ്ങളും ബലികളും വേരുകൾക്ക് പകരം നമ്മെ ആണിയടിച്ചു ബന്ധിച്ചു നിർത്തുകയാണ്. കൂടെ, പകയും വെറുപ്പും 'ആത്മീയഗുണങ്ങളാക്കേണ്ട' മാതൃകകൾ നൽകുന്ന കഥകൾ രചിക്കപ്പെടുകയും നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഫാസിസ്റ്റുകൾ നമുക്ക് കഞ്ഞിയിൽ ഒഴിച്ചുതന്ന ഇരവാദവും അപരവിദ്വേഷവും അതിനു തൊട്ടുകൂട്ടാനുള്ള ആഖ്യാനങ്ങളും ക്രിസ്തീയസമുദായത്തിന്റേതായി ചാലിച്ചെടുത്ത് വേണ്ടുവോളം ഭുജിച്ചു കഴിഞ്ഞു. 

കഥകൾ ഉണ്ടാവണം, അവയുടെ നിരൂപണങ്ങളും. രണ്ടും ഒരു സൗഖ്യപ്രക്രിയയാണ്. എളുപ്പം വേദനിപ്പിക്കപ്പെടുന്നവരുടെ ലോലാഭാവങ്ങൾ മുറിപ്പെട്ടെന്ന് അവരെക്കൊണ്ട് തോന്നിപ്പിച്ചെടുത്തെങ്കിലും  ആ കഥകളിലൊന്നും അത്തരത്തിൽ മുറിപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞെരുക്കവും മുറിയലും വേരുകളുടെ വളർച്ചയുടെ ഭാഗം കൂടിയാണ്. 

തൊഴിൽ

യൗസേപ്പും, മറിയവും, യേശുവും ജോലി ചെയ്തിരുന്നു എന്നത് നമ്മുടെ ചിന്തകളിലേക്ക് ചുരുക്കം വന്നു ചേരുന്ന കാര്യമാണ്. വീട്ടുജോലികൾ മാത്രമല്ല, അവർ വേതനത്തിനായി അധ്വാനിക്കുകയും ചെയ്തിരുന്നു. തൊഴിലാളി ദിനത്തിൽ യൗസേപ്പിനെ തൊഴിലാളിമധ്യസ്ഥനായി ഊന്നൽക്കൊടുത്തു കൊണ്ട് സമീപിക്കുമ്പോൾ, തൊഴിലുകളോടും തൊഴിൽരംഗങ്ങളോടും ഉത്തരവാദിത്തപൂര്ണവും അർത്ഥപൂര്ണവുമായ പ്രതിബദ്ധത ഉറപ്പാക്കാൻ സഭ ക്ഷണിക്കുകയാണ്. തൊഴിൽ ദൈവത്തിന്റെ ക്രിയാത്മകമായ ജ്ഞാനത്തിൽ, എന്നുവെച്ചാൽ വചനത്തിൽ, പങ്കുചേർന്നു കൊണ്ട് സ്വന്തം പ്രവൃത്തികളെ കൃപയുടെ പ്രവൃത്തികളാക്കുന്നതാണ്. 

വിവിധങ്ങളായ തൊഴിലുകൾ ദൈവമഹത്വത്തിലേക്കും, മനുഷ്യജീവിതത്തിന്റെ സമൃദ്ധിയിലേക്കുമുള്ള മാർഗ്ഗമാണ്. മനുഷ്യാന്തസ്സിന്റെ പൂർണ്ണതയിലേക്കുള്ള മാനമായിട്ടാണ് കാണേണ്ടത്. തൊഴിൽ, തൊഴിൽസാഹചര്യം, വേതനം, തുടങ്ങിയവയെല്ലാം ഇതിനെ നിയന്ത്രിക്കുന്നത് കൊണ്ട് ആത്മാർത്ഥമായ ശ്രദ്ധ ആവശ്യമായുള്ളതായിക്കണം.

 ലാഭത്തിൽ കേന്ദ്രീകൃതമായ കമ്പോളസംസ്കാരം തൊഴിലിനെ പണ-കേന്ദ്രീകൃതമാക്കിയിരിക്കുന്നതായി നമുക്കറിയാം. അനുദിനാവശ്യങ്ങൾക്കായി അല്പം പണമുണ്ടാക്കാൻ ഉള്ള അലച്ചിലായി തൊഴിൽ മാറുന്നത് തൊഴിലിനെ സംബന്ധിച്ച ദൈവഹിതമല്ല. തൊഴിൽ ദൈവകൃപയുടെ പ്രവൃത്തികളുടെ തുടർച്ചയാണ്. തികച്ചും സങ്കല്പികമായ ഒരു കാഴ്ചപ്പാടായി ഇത് തോന്നിയേക്കാം. എന്നാൽ മറുവശത്ത്, ഉല്പാദനത്തിലെ ഉപകരണങ്ങൾ മാത്രമായി നമ്മൾ മാറുമ്പോൾ നമ്മളും ഉപഭോതാഗവസ്തുക്കളാകുന്നതും ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നതും കാണാം. 

ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും അടിസ്ഥാന കാരണം, മനുഷ്യന്റെയും തൊഴിലുകളുടെയും അന്തസ് അവഗണിച്ചു കളയുകളും വിലകുറച്ചു കാണുകയും ചെയ്യുന്നതു കൊണ്ടാണ്. വികസനത്തിന്റെയും പുരോഗതിയുടെയും അത്ഭുതങ്ങൾ കാണുകയും ഉയർന്ന മൂലധനനിക്ഷേപങ്ങളിൽ ആഹ്ലാദിക്കുകയും അവ നടപ്പിലാക്കുന്ന നയങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്ന നമ്മൾ (രാഷ്ട്രീയ ലാഭങ്ങൾക്കായി അന്ധരായിക്കൊണ്ടാണെങ്കിലും) അവ എപ്രകാരം നടപ്പിലാകുന്നെന്നും അവയുടെ നേട്ടങ്ങൾ എപ്രകാരം സമത്വത്തോടെ വിതരണം ചെയ്യപ്പെടുന്നു എന്ന് നോക്കിക്കാണുകയും ചെയ്യേണ്ടത് ക്രിസ്തീയധർമ്മമാണ്.  

വേതനം ലഭിക്കാത്ത തൊഴിലാളികളും, തൊഴിൽ നഷ്ടപ്പെടുന്നവരും, ആവശ്യങ്ങൾക്കായി തൊഴിൽ ഒരു വലിയ ഞെരുക്കമാകുന്നവരും ജീവഹാനിക്ക് സാധ്യതയുള്ള സാഹചര്യങ്ങളിൽ ഒരു സുരക്ഷാമാര്ഗങ്ങളും ഇല്ലാതെ പണിയെടുക്കുന്നവരും, പീഢിപ്പിക്കപ്പെടുന്നവരും ഒന്നും തൊഴിൽ എന്നത് ദൈവഹിതത്തിന്റെ ഭാഗമായി ചെയ്യുവാൻ കഴിയാത്തവരാണ്. മനുഷ്യാന്തസ്സിന്റെ അർത്ഥമോ സമൃദ്ധിയോ അവർക്ക് അന്യമാണ്. 

അതുകൊണ്ട്, സാമ്പത്തിക രാഷ്ട്രീയരംഗത്തും നിയമങ്ങളിലും നയങ്ങളിലും മനുഷ്യൻ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്ന് കരുതലോടെയും സമഗ്രതയോടെയും കാണാൻ നമുക്ക് കഴിഞ്ഞെങ്കിലെ ദൈവഹിതം തീർച്ചയാക്കാനാകൂ.

യൗസേപ്പും യേശുവും മരപ്പണിക്കാരായിരുന്നു. ഇന്നത്തെ അനേകം തൊഴിലാളികളെപ്പോലെ യേശുവും ചിലപ്പോഴെങ്കിലും ഭവനരഹിതനുമായിട്ടുണ്ട് . അത്തരം യാഥാർത്ഥ്യങ്ങൾ കാണാൻ ഭക്തിയുടെ കണ്ണുകൾ തുറക്കാറില്ല. .


ഏപ്രിൽ 24, 2023

എനിക്ക് നിന്റെ മേൽ അധികാരം തരൂ

 സാത്താൻ അവരെ കെണിയിൽ പെടുത്തുവാനായി അവരോടു പറഞ്ഞു: "ഞാനാണ് യഥാർത്ഥ മിശിഹാ, ഞാൻ സമറിയായുടെ മുകളിൽ അഗ്നിയിറക്കി ദഹിപ്പിച്ചു കളയാം." 

യൂദാസ് താണുവീണു പറഞ്ഞു: അതേ കർത്താവേ, അങ്ങ് തന്നെയാണ് മിശിഹാ."

സമരിയക്കാരോടുള്ള വെറുപ്പ് വിതച്ചു യൂദാസിന്റെ ഹൃദയം വിഷമയമാക്കിയ 'നുണയന്റെ പിതാവായ' സാത്താൻ   മന്ദസ്മിത വദനനായി നിന്നു. യൂദാസേ,  താൻ ഒരു ഭയങ്കര സംഭവമാണ്.  ആ പത്രോസും അവന്റെ ക്രിസ്‌തുവുമൊക്കെ വിഡ്ഢികളാണ്. സകല അധികാരവും പ്രതാപവും ഞാൻ തരാം. എനിക്ക് നിന്റെ മേൽ അധികാരം തരൂ. 

"അങ്ങാണ് ഞങ്ങളുടെ രക്ഷകൻ, അങ്ങ് മാത്രമാണ് രക്ഷകൻ." യൂദാസ് വീണ്ടും വീണ്ടും താണു വണങ്ങി.

ഏപ്രിൽ 23, 2023

രീതിശാസ്ത്രത്തിൽ വലിയ പിഴവ്

 സമീപിക്കുന്ന രീതിശാസ്ത്രത്തിൽ വലിയ പിഴവ് സംഭവിക്കുന്നു എന്നത് തിരിച്ചറിയാത്തതു കൊണ്ടല്ല, അത് അങ്ങനെ ആവുന്നതിൽ തെറ്റൊന്നുമില്ലെന്നു കരുതുന്ന ഒരു ജനത്തെ മുൻപിൽ കണ്ടുകൊണ്ടാണ് സഭ ആ പിഴവ് വരുത്തുന്നത്. വസ്തു നിഷ്ഠമായ നിരീക്ഷണങ്ങളും പഠനങ്ങളും നമ്മുടെ സംവിധാനങ്ങൾക്ക് അന്യമായി എന്നതാണ് പ്രാധാന്യമർഹിക്കുന്ന സത്യം. ദൈവമഹത്വം അകന്നു പോയ ബലിപീഠങ്ങൾക്ക് വെള്ളപൂശിനിർത്തും തോറും അതു കൂടുതൽ കരിമഷി ചാർത്തുകയാണെന്ന് അറിയായ്കയാണോ? അടിത്തറ തകർന്ന് ഭിത്തി വിണ്ടുകീറുമ്പോൾ കുമ്മായം പൂശി അത് അടക്കാൻ ശ്രമിക്കുകയാണെന്ന് സാമൂഹിക മത നേതാക്കളോട് എസെക്കിയേൽ പറഞ്ഞു.

വിശ്വാസത്തിന്റെ ബോധ്യങ്ങളിൽ വളരാനും ആരോഗ്യപരമായ സംവാദങ്ങളിൽ ഏർപ്പെടാനുമുള്ള കഴിവ് നേതൃത്വത്തിനോ, മതാദ്ധ്യാപകർക്കോ യുവപരിശീലകർക്കോ യുവജനങ്ങൾക്കോ ഇല്ലാതെ പോകുന്നതിന്റെ കാരണം എന്താണ്? വിശ്വാസത്തെക്കുറിച്ചും സഭയെക്കുറിച്ചും വചനഭാഷ്യത്തെക്കുറിച്ചും പക്വമായ പഠനത്തിനോ വിശകലനത്തിനോ വിമര്ശനത്തിനോ പരിശീലിപ്പിക്കുന്ന രീതിശാസ്ത്രത്തെ പാടെ അവഗണിച്ച് നിഷേധവും പ്രതിരോധവും ആക്രമണവും 'വിശ്വാസസമീപന'മാക്കുന്ന രീതിശാസ്ത്രം സത്യത്തെയോ ധാർമ്മികതയെയോ ആഴപ്പെടുത്തുന്നതല്ല. വിശ്വാസത്തിനുള്ളിൽ അതിനുള്ള യുക്തി, ചരിത്രത്തോടും ശാസ്ത്രത്തോടുമുള്ള ബന്ധവും ഒത്തുപോകലും വേണ്ടപോലെ അപഗ്രഥിക്കാനും വേണ്ട കഴിവിനെ പാടെ അവഗണിച്ചു കളയാൻ നമ്മൾ പരിശീലിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് ധ്യാനിക്കുന്നത് പ്രധാനമാണ്. ആ കഴിവില്ലായ്മകൊണ്ടുതന്നെ ആരെങ്കിലും ആ മേഖലകളിൽ വിശ്വാസത്തെ ആക്രമിക്കുമ്പോൾ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ബോധ്യങ്ങൾ ഉലയുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളെ ഒരുക്കത്തോടെ പരിഹാരം തേടാൻ പരിശ്രമിക്കുന്നതിനു പകരം സാമുദായികമായ അധിക്ഷേപങ്ങൾ പരിഹാരമായി ഉയർത്തിക്കാട്ടുകയും അത് വഴി സ്പർദ്ധയുണ്ടാക്കുന്ന സമീപനങ്ങളും കണ്ടു വരുന്നു. മാത്രമല്ല, തീർത്തും ബൗദ്ധികവും സാമൂഹികവുമായ അക്രമങ്ങൾ വിശ്വാസത്തെക്കുറിച്ചു നടക്കുമ്പോൾ അവയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. 'അപ്രാപ്യമായ പരിശുദ്ധി,' ഭക്തി, ഭവ്യത തുടങ്ങിയവയിൽ കുരുക്കിയിട്ട വിശ്വാസവും പോപ്പുലിസ്റ് പ്രവണതകൾക്ക് കീഴ്‌പ്പെട്ടു പോയ രാഷ്ട്രീയവത്കൃത ക്രിസ്തീയ വിഭാഗങ്ങളുടെ ഏജന്റ്മാരായിക്കഴിഞ്ഞ മതപ്രബോധകരും സുവിശേഷത്തിൽനിന്നു വ്യത്യസ്തമായ രീതിശാസ്ത്രം ഉത്തരാധുനിക ക്രിസ്തീയതക്ക് നൽകി. അറിഞ്ഞോ അറിയാതെയോ നമ്മൾ അവക്ക് ഇരകളാണ്.
എന്തുകൊണ്ടോ സഭ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി രാഷ്ട്രീയപരമായ അടിമത്തമാണ്. സ്വതാല്പര്യസംരക്ഷണങ്ങൾക്കായി, നിലപാടുകൾക്കും മനഃസാക്ഷിക്കും വിരുദ്ധമായ രാഷ്ട്രീയ പിന്തുണക്കു ആവശ്യം പോലെ തയ്യാറാകുന്നതിൽ ധാർമ്മികബോധം ശൂന്യമാണ്. മാത്രമല്ല, അത്തരമൊരു രാഷ്ട്രീയ പുന്തുണക്കായി അപേക്ഷികമാക്കപ്പെടുന്ന ധാർമ്മികത വിശ്വാസികൾക്കിടയിൽ രൂപപ്പെടുത്തുന്ന ധാർമ്മിക ബോധവും സഭയുടെ സാമൂഹികപ്രബോധനങ്ങൾക്കു യോജിക്കുന്നവയല്ല. സഭ നിലകൊള്ളുന്ന രാഷ്ട്രീയ മൂല്യങ്ങൾ സ്വയം രക്ഷിക്കാനോ ഒരു സാമൂഹികശക്തിയാകുവാനോ അല്ല. ക്രിസ്തീയമൂല്യങ്ങൾ ഒരു മതഘടനക്കു അതീതമാണ്. അതുകൊണ്ടു തന്നെ ക്രിസ്തുവിന്റെ ദൈവരാജ്യവിഭാവന നമ്മുടെ സാമൂഹിക സംവിധാനങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനമാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യവും, സമത്വവും മനുഷ്യാന്തസ്സിനോടുള്ള ആദരവും ഹനിക്കപ്പെടുന്ന ഏതു നയവും ചെറുക്കപ്പെടുക എന്നത് ക്രിസ്തീയ മനഃസാക്ഷിക്ക്‌ സത്താപരമാണ്. അതിനാൽ, ചൂഷണം ചെയ്യപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്നത് സുവിശേഷഭാഗ്യങ്ങളുടെ യാഥാർത്ഥ്യവത്കരണമായി കാണാൻ സുവിശേഷം നമ്മെ പ്രേരിപ്പിക്കുന്നു. അധികാരസമീപനം, നയരൂപീകരണം, സാമൂഹിക സംവിധാനങ്ങൾ തുടങ്ങിയവ എങ്ങനെ പാവങ്ങളെയും ദളിതരെയും ആദിവാസികളെയും അതിൽ പരിഗണിക്കുന്നു, ഉൾപ്പെടുത്തുന്നു എന്നത് വളരെ ശ്രദ്ധയോടെ നോക്കിക്കാണാൻ നമുക്ക് കഴിയുന്നെങ്കിലേ, ക്രിസ്തുവിന്റെ നീതിബോധവും അനുകമ്പയും സഭയിലുണ്ടാകൂ. നീതിബോധത്താൽ പ്രേരിതമാകുന്ന രാഷ്ട്രീയനിലപാടുകൾ ഉണ്ടെങ്കിലേ അത് സഭയുടെ പൊതുബോധമായി കാണപ്പെടൂ.
ബഫ്ഫർ സോണിന്റെയും കർഷകരുടെ ആവശ്യങ്ങളുടേയുമൊക്കെ പ്രസ്താവനകൾക്ക് വേണ്ട ശബ്ദം ഇല്ലാത്തതിന്റെ കാരണം പൊതുവായ ധാർമ്മിക അടിത്തറ നൽകാൻ പല അവസരങ്ങളിൽ പരാജയപ്പെട്ടു എന്നതാണ്. മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ പൊതുപങ്കാളിത്തം ഉറപ്പാക്കേണ്ടിയിരുന്ന പല വിഷയങ്ങളിലും, സഭയുടേതെന്ന ചുരുങ്ങിയ പ്രതിഷേധങ്ങളിലേക്കു അടക്കി നിർത്തി. പ്രശ്നപരിഹാരങ്ങൾക്കപ്പുറം, അവ ഉയർത്തിക്കാണിക്കുന്നതിലും പരിഹാരം ആവശ്യപ്പെടുന്നതിലും രാഷ്ട്രീയവിലപേശലുകളും സാമുദായിക ധ്രുവീകരണവും നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളുണ്ടായി. അവ പലപ്പോഴും കൂടുതൽ പ്രധാനവുമായി. സാമൂഹികമോ സാംസ്കാരികമോ സാമ്പത്തികമോ ആയ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളെ വെല്ലുവിളിയുടെയും അധിക്ഷേപത്തിന്റെയും ശൈലിയിൽ തീർത്തും സങ്കുചിതമായ രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് പരിഹരിക്കാൻ എങ്ങനെ കഴിയും. ആഗോള തലത്തിലും ദേശീയ തലത്തിലും പ്രസ്തുത പ്രശ്നങ്ങളെ സ്വാധീനിക്കുന്ന നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും തുറന്നു കാട്ടാൻ കഴിയുന്ന പഠനങ്ങൾ നടത്താതെയാണ് ഈ പ്രസ്താവനകൾ ഉണ്ടാവുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
നിയമമായും, സാമൂഹിക നിർദ്ദേശമായും പലയാവർത്തി പഴയനിയമം ഓർമ്മിപ്പിക്കുന്നതാണ് അഭയാർഥികളോട് ദയ കാണിക്കുകയെന്നത്. ഒരിക്കൽ നിങ്ങളും അഭയാർത്ഥികളായിരുന്നു എന്ന് ഓർക്കണമെന്നും അവ പറയുന്നു. മാത്രമല്ല പാവങ്ങളോട് കാരുണ്യം കാണിക്കുന്ന ദൈവം നാടോടികളായ ഏതൊരു വംശത്തിന്റെയും ആഴമുള്ള അനുഭവം തന്നെയാകും. അന്യസംസ്ഥാന തൊഴിലാളികളെ ഒറ്റപ്പെടുത്താനും അവരെ മതം തിരിച്ചു സംശയിക്കാനുമുള്ള ആഹ്വാനങ്ങൾ 'ഔദ്യോഗികമല്ലെങ്കിലും' 'പൊതു'വായി വളരുന്നതാണ്. അവർക്കു വേണ്ടി കരുതിയില്ലെങ്കിലും സഭയെന്ന നിലയിൽ അവരെ ചേർത്ത് നിർത്തേണ്ടതാണ്. ഒരു ഔദാര്യമെന്ന തരത്തിൽ ഹിന്ദിക്കുർബാനക്കു അവസരമുണ്ടാക്കുന്നതല്ല അത്. അവരും മനുഷ്യരെന്ന നിലയിൽ അവരെ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളിൽനിന്ന് അവർക്കു കൂടി പ്രാതിനിധ്യം ഉണ്ടാകുന്ന അവസരങ്ങൾ കണക്കിലെടുക്കാൻ നമുക്ക് സാധിക്കണം. വെള്ളക്കാരിൽ ചിലരുടെ അഭയാർത്ഥി വിരുദ്ധത വിശുദ്ധമായി ആചരിക്കുന്ന ക്രിസ്തീയ ദേശീയത മറ്റു പല വിഷങ്ങളും പോലെ ഇവിടെയും ആവർത്തിക്കാൻ പ്രതിബദ്ധരായ അനേകർ ഇന്ന് നമുക്കിടയിലുണ്ട്.
ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള തീരുമാനങ്ങൾ കൂട്ടുത്തരവാദിത്തത്തിന്റെയാണ് എന്ന വത്തിക്കാൻ സഭാ കോടതിയുടെ നിരീക്ഷണം പൊതുസമൂഹത്തിന്റെ മുമ്പിൽ വ്യക്തത ആവശ്യപ്പെടുന്നതാണ്. അന്വേഷണകമ്മീഷനുകളുടെ നിരീക്ഷണങ്ങൾ, വിവിധ ഫോറങ്ങളുടെ നടപടികൾ ശുപാർശകൾ, അനുമതികൾ തുടങ്ങിയവയുടെ ശരികളെയും തെറ്റുകളെയും കുറിച്ചുള്ള വ്യക്തത നൽകിയെങ്കിൽ മാത്രമേ സഭയുടെ നിഷ്കളങ്ക മുഖം സമൂഹത്തിനു (വിശ്വാസികൾക്കിടയിൽ പോലും) മുമ്പിലുണ്ടാകൂ. അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന സന്ദേഹത്തിന്റെ നിസ്സഹായാവസ്ഥയാവും അവശേഷിക്കുക. കാശെറിഞ്ഞു സൃഷ്ടിക്കുന്ന നീതിയാണ് സഭയുടേതെന്ന പൊതു അഭിപ്രായം കണ്ണടച്ച് കളയാൻ ആകില്ലാത്തതുകൊണ്ടാണ് സത്യങ്ങൾ വെളിവാക്കിക്കൊണ്ടുതന്നെ സ്വന്തം നിഷ്കളങ്കത തുറന്നു കാണിക്കേണ്ടത്. ഒരാൾക്ക് സ്വയമേവ നടത്താവുന്ന വ്യവഹാരങ്ങൾ, കൗൺസിലിന്റെ കൂടിയാലോചനയോടെ നടത്താവുന്നവ, വ്യക്തിസഭയെന്ന നിലയിൽ സിനഡിനോട് ആലോചിച്ചു നടത്താവുന്നവ, വത്തിക്കാൻ കാര്യാലയത്തിന്റെ അനുമതിയോടെ നടത്താവുന്ന എന്നിവയിലെ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എന്നാണല്ലോ "ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള തീരുമാനങ്ങൾ കൂട്ടുത്തരവാദിത്തത്തിന്റെയാണ്" എന്നതിന്റെ അർത്ഥം. വിശ്വാസികൾക്കും പൊതുസമൂഹത്തിനും അത് വ്യക്തമാവട്ടെ.
ധാർമ്മികതയുടെ അപേക്ഷികതയിൽത്തന്നെയാണ് സഭയുടെ രീതിശാസ്ത്രത്തിന്റെ ഭയാനകമായ വീഴ്ച. അത് തന്നെയാണ് ആളുകളെ അകറ്റുന്നതും. കുടിശ്ശികകൾക്കു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാവാതെ വിവാഹം-മാമോദീസ-കുർബാനസ്വീകരണം തുടങ്ങിയ അവസരങ്ങളിൽ നടത്തിയിട്ടുള്ള കടുംപിടുത്തങ്ങൾ എത്രയോ പേർക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ഒരു രൂപതക്കർഹമായ പരിഹാരത്തുകയെക്കുറിച്ച് മറ്റൊരു രീതിശാസ്ത്രം പാലിക്കേണ്ടത് എന്ത് ന്യായമാണ്. സർക്കാറിനു നൽകേണ്ടിയിരുന്ന നികുതി നൽകാതിരുന്നത് എങ്ങനെ ന്യായീകരിക്കും? അതിലെ ശരികേട് പിഴ അടച്ചത് കൊണ്ട് തീർക്കാവുന്നതല്ല. ചിലപ്പോൾ കോടതികളെ സ്തുതിക്കാനും ചിലപ്പോൾ ഇകഴ്ത്താനും ഉള്ള മാനദണ്ഡം സ്വതാല്പര്യസംരക്ഷണം ആണെങ്കിൽ ആ രീതിശാസ്ത്രവും ശരിയാവില്ല.
അതിപുരാതന ക്രിസ്തീയ കുടുംബങ്ങളിലെ ഹുങ്കും മേനിപറച്ചിലും നിർമ്മിക്കുന്ന സുരക്ഷാബോധം എല്ലാ ക്രിസ്ത്യാനികളുടെയും ജീവിതസാഹചര്യങ്ങളെ മനസിലാക്കാനുള്ള മാനദണ്ഡമാക്കാൻ കഴിയില്ല. ഉയർന്ന ജാതിയാണെങ്കിൽ പോലും ക്രിസ്ത്യാനിയായാൽ അവർ ഏറ്റവും അധഃകൃതരാണ്. വെള്ളവും വൈദ്യുതിയും പാചകവാതകവും നിഷേധിക്കപ്പെടുമ്പോൾ അവ തീർത്തും അയൽവക്ക വഴക്കും നിയമലംഘനത്തിന്റെ തുടർനടപടികളുമൊക്കെയായി പറയുമ്പോൾ അത് ഏറ്റു ചൊല്ലാം. നമ്മൾ മാത്രം ക്രിസ്ത്യാനികളായി തുടർന്നാൽ മതിയെന്ന് സുഖകരമായി പറയുകയും ചെയ്യാം. അങ്ങനെ ചട്ടയിലേക്കും മേൽമുണ്ടിലേക്കും ഉയരുന്ന ആഢ്യത ക്രിസ്തുവിൽ നിന്നും എത്രയോ അകലെയാണ്?

പൗരോഹിത്യത്തിന്റെ അനുഷ്ഠാനപരത സഭാസ്നേഹത്തെ അധികാരധ്രുവീകരണത്തിലേക്കു തള്ളിയിടും. ത്യാഗം/ബലി ഒരു പുണ്യമായും അനുഷ്ടാനമായും കാണപ്പെടുന്നതിലെ വ്യത്യാസം വളരെ പ്രധാനമാണ്. ക്രിസ്തുവിന്റെ ജീവിതവും സഹനവും മരണവും ത്യാഗത്തെ പുണ്യമായിട്ടാണ് കണ്ടത്. ഇതേ വ്യത്യാസം പൗരോഹിത്യത്തിനുമുണ്ട്. അത് പുണ്യമാകാം, അനുഷ്ഠാനമാകാം. അനുഷ്ഠാനവത്കരിക്കപ്പെടുന്ന പൗരോഹിത്യം എപ്പോഴും ഒരു ഒളിത്താവളമായി മാറും (ശുശ്രൂഷ-പുരോഹിതരായാലും അത്മായരായാലും). ഈ ഒളിത്താവളത്തിൽ സുരക്ഷയിൽ സുഖകരമായി ചുറ്റിത്തിരിയുന്നതാണ് വിശ്വാസവും ഭക്തിയും എന്ന് ബോധ്യപ്പെടുത്തിയതും ഇതേ പൗരോഹിത്യസംവിധാനം തന്നെ. ത്യാഗവും പൗരോഹിത്യവും പുണ്യമെന്ന നിലയിൽ കാണാൻ കഴിഞ്ഞാൽ സമൂലമായ മാറ്റം സഭയിലും കാണാൻ കഴിയും. ഇവ എല്ലാവരിലും കാണപ്പെടേണ്ടതാണ്, കാരണം അവ ക്രിസ്തുവിനെ അനുഭവവേദ്യമാക്കുന്നു. മാത്രമല്ല, അപ്പോൾ "നിങ്ങളുടെ പ്രവൃത്തികൾ കണ്ടുകൊണ്ട് അവർ ദൈവനീതിയെ പ്രഘോഷിക്കും" എന്നത് യാഥാർത്ഥ്യമാവുകയും ചെയ്യും. പക്ഷേ, ആ നീതി നിലവിലുള്ള സംവിധാനങ്ങളിൽ ആത്മാർത്ഥമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലോ? സുഖകരമായ സുരക്ഷകൾക്ക് മേൽ ദൈവരാജ്യം പ്രാധാന്യമർഹിക്കാത്തതു കൊണ്ട് കമനീയമായ സംവിധാനങ്ങളെ പവിത്രീകരിച്ചു സ്ഥാപനവത്കരിച്ചു നിർത്തുക എന്നതാണ് അനുഷ്ഠാനവൽക്കരിക്കപ്പെടുന്ന പൗരോഹിത്യം ചെയ്യുന്നത്. ആ സ്ഥാപനവത്കരണം സൂക്ഷ്മമായി ചെയ്യുന്നത് ആ സംവിധാനത്തോടും അധികാരത്തോടും ദൈവതുല്യമായ ഭക്തി രൂപപ്പെടുത്തുക എന്നതാണ്. അതുകൊണ്ടു തന്നെ സാമൂഹികപ്രബോധനങ്ങൾക്ക് നമ്മുടെ ഭക്തികളിൽ ഇടം ലഭിക്കാറില്ല. ഭവ്യതക്ക് പ്രവാചകത്വത്തിനു മീതെ മൂല്യം നൽകുന്നതും അതുകൊണ്ടാണ്.
'സഭ'ക്ക് വേണ്ടി സേവനം ചെയ്യാൻ തയ്യാറാകുന്ന സംഘടനകൾ, 'സഭ'യെ സ്നേഹിക്കുന്നവർ, 'സഭ'യെ സംരക്ഷിക്കുന്നവർ ഒക്കെ പാലിക്കുന്ന ഭവ്യത അനുഷ്ഠാനപരമാകുന്നത് സഭയുടെ തളർച്ചയും തകർച്ചയുമാണ്. ഈ സ്നേഹവും സംരക്ഷണവും എന്തുകൊണ്ടോ നൂറ്റാണ്ടുകൾക്കും അപ്പുറം ഒരു കാല്പനികകാലത്തു കൂടാരമടിച്ചിരിക്കുന്നതു വീണ്ടും അനുഷ്ടാനത്തിന്റെ ആദര്ശപരതയാണ്, വിശ്വാസമോ ഭക്തിയോ അല്ല. അതേ സംരക്ഷകർ സഭാസ്നേഹമെന്ന നിലയിൽ പേപ്പസിയെ ജോൺ പോൾ രണ്ടാമനിലും ബെനഡിക്ട് പതിനാറാമനിലും അടിച്ചുറപ്പിക്കുമ്പോൾ, മനഃപൂർവ്വം ഫ്രാൻസിസ് മാർപാപ്പയുടെ നീതിക്കായുള്ള ക്ഷണത്തെ അവഗണിച്ചു മാറ്റി നിർത്തുന്നു. രാഷ്ട്രീയവത്കരിക്കപ്പെടുന്ന വിശ്വാസത്തിന് ഉദാഹരണം കൂടിയാണിത്. ജോൺ പോൾ രണ്ടാമനൊപ്പം യാത്ര എന്നൊക്കെ പേരിൽ നടത്തപ്പെട്ടുന്ന ഉദാത്തമായ പ്രയത്നങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രേരണകളെ ബോധപൂർവ്വം നഗണ്യമാക്കുന്നവർ സഭയുടെ യാത്രയെ മാറ്റി നിർത്തി സഭാസംരക്ഷണത്തിനായി തങ്ങളുടേതായ യാത്രകൾ ഒരുക്കുമ്പോൾ വഴിതിരിയുന്ന യാത്രകളാണവ.

പ്രാദേശികദൈവശാസ്ത്രം

വ്യക്തിപരമായ യേശു-അനുഭവം (experience of Jesus as personal Lord and Saviour) വിശ്വാസത്തിലെ പ്രധാന ഘടകമാണ്. വ്യക്തിപരമായ രക്ഷകന് വ്യക്തിപരമായ രാഷ്ട്രീയ അഭിനിവേശം ചില ഇവാൻജെലിക്കൽ ഗ്രൂപ്പുകൾ നൽകിയിരുന്നു എന്നത് മാറ്റി നിർത്തിയാൽ, വ്യക്തിപരമായ ദൈവാനുഭവം സ്വാഗതാർഹമാണ്, പ്രോത്സാഹനീയവുമാണ്. പക്ഷേ, വ്യക്തി എന്നത് ഒരു മനുഷ്യന്റെ സ്വത്വവും വികാരങ്ങളും മാത്രമല്ലാത്തതിനാൽ, വ്യക്തിപരമായ അനുഭവം എന്നത് സത്യമാകണമെങ്കിൽ അത് സംസ്കാരത്തെയും, സാമൂഹിക പശ്ചാത്തലത്തെയും കാര്യമായെടുക്കുന്നതാവണം. മാത്രമല്ല, ഒരാൾ കടന്നു പോകുന്ന ഭീതികളെയും അവമാനങ്ങളെയും കൂടെ അത് ഉൾകൊള്ളുന്നു. സാംസ്‌കാരിക സാമൂഹിക തലങ്ങളിലെ വ്യക്തിപരത അവഗണിക്കുമ്പോൾ അത് ദൈവാനുഭവത്തിൽ അകലം സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ സത്യത്തെക്കൂടി അത് അകറ്റി നിർത്തുന്നു. 

പ്രാദേശികതയും വ്യക്തിസഭയും എന്ന് അവകാശവാദങ്ങൾ പറയുമ്പോഴും ദേശത്തിന്റെ ലാവണ്യം തിരിച്ചറിയാനോ അതിൽ സുവിശേഷത്തിന്റെ സൗന്ദര്യം ദൃശ്യമാക്കാനോ  ചെറിയ ശ്രമങ്ങളേ നടന്നിട്ടുള്ളൂ. മാത്രമല്ല അത്തരം ശ്രമങ്ങൾ തിന്മയാണെന്ന വിധം ചെറുക്കുക കൂടി ചെയ്തവരാണ് നമ്മൾ.  പ്രാദേശിക ദൈവശാസ്ത്രമെന്നത് ഈ പശ്ചാത്തലത്തിൽ നിന്ന് കൊണ്ടാണ് കാണേണ്ടത്. ഒരാൾ തനിക്ക് തോന്നുന്ന ഒരു പുതിയ ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതല്ല അത്. ദേശവും കാലവും നൽകുന്ന പശ്ചാത്തലത്തിൽ സുവിശേഷത്തിനു മനുഷ്യരൂപം കാണാനുള്ള ശ്രമമാണത്. സംഗീതവും ചിത്രകലയുമെല്ലാം അതിന്റെ ഭാഗം തന്നെയാണ്. മാത്രമല്ല, സവിശേഷങ്ങളിലെ യേശുവിനെയും രക്ഷയെയും ഓരോ കാലത്തിന്റെയും ദേശത്തിന്റെയും തത്വദര്ശനങ്ങളിലൂടെ   ഗ്രഹിക്കാനുള്ള ശ്രമം കൂടിയാണിത്. അതിന്  മേല്കോയ്മയുള്ള ഒരു ചിന്താധാരയുടെ അടിസ്ഥാനമുണ്ടാവണമെന്നുമില്ല. ഗോത്രവർഗക്കാർക്കും ആദിവാസികൾക്കും അവരുടേതായ ലളിതവും ഹൃദ്യവുമായ മൂല്യസംവിധാനവും, സംഗീതവും, കൂട്ടായ്മയുടെ വേദികളും ശൈലികളുമുണ്ട്. അത്തരം ഘടനകളിൽ സുവിശേഷം വ്യാഖ്യാനിക്കുകയും അടുത്തറിയുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണ് പ്രാദേശികദൈവശാസ്ത്രം. 


ഏപ്രിൽ 14, 2023

പൈതൃകം തേടേണ്ടത്

ഹിന്ദു ജൈന ബുദ്ധ വിശ്വാസങ്ങളോ അവ ഇഴുകിച്ചേർന്ന പാരമ്പര്യങ്ങളോ ആയിരുന്നിരിക്കാം കേരളത്തിലെ ക്രിസ്ത്യാനികൾ ജീവിച്ച അതിപുരാതന സംസ്കാരം. പുരാതനമായ തമിഴ് കൃതികളായിരിക്കാം കൂടുതൽ വിശ്വസനീമായ ഉറവിടങ്ങൾ. അവ ഏതുമാവട്ടെ, കൂടുതൽ ആഴമുള്ള വിചിന്തനങ്ങളിലേക്ക് ഇത്തരം വാദഗതികൾ ക്ഷണിക്കുന്നുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളുടെ ആത്മീയആഴങ്ങളിലേക്കു നോക്കും മുമ്പ് ക്രിസ്ത്യാനികൾ സ്വന്തമെന്നു കരുതുന്നത് ശൈവപാരമ്പര്യമോ വൈഷ്ണവപാരമ്പര്യമോ എന്നും, ജാതിയിൽ ഏതായിരുന്നിരിക്കാം എന്ന് കൂടി ഉറപ്പാക്കണം. 

ഉറവിടങ്ങളെക്കുറിച്ചുള്ള അവബോധം സ്വത്വബോധമായി മാറുമ്പോൾ അവയുടെ സത്ത എന്തുകൊണ്ട് ജീവിത ശൈലിയിലും ആത്മീയതയിലും ചെറുക്കപ്പെടുന്നു. ശൈവ പാരമ്പര്യത്തിലെ നിഷ്ഠകളും പരിത്യാഗ മൂല്യങ്ങളും മൗനചിന്തനവും ധ്യാനനിഷ്ഠയും മാതൃകയാക്കാൻ ശ്രമിക്കാത്തതെന്താണ്? വൈഷ്ണവ പാരമ്പര്യത്തിലെ തീർത്തും ഗാർഹികമാകുന്ന ദൈവ സൗഹൃദങ്ങളും, ഭക്തി മാർഗ്ഗങ്ങളും ജീവിതശൈലിയാക്കാത്തതെന്താണ്. യോഗ പോലുള്ള നിഷ്ഠാകർമ്മങ്ങൾ ഒന്നാം പ്രമാണവിരുദ്ധമായത് എന്തുകൊണ്ടാണ്? ഭരതനാട്യത്തിന് തിന്മയുടെ കുറി അണിയിച്ച ധ്യാനഗുരുക്കളില്ലേ? ഏതൊക്കെയോ ആശ്രമങ്ങളിൽ മാത്രം പരീക്ഷിക്കപ്പെടേണ്ടതെന്നു കരുതി മാറ്റി നിർത്തപ്പെടുന്ന പഞ്ചാബി ഗുജറാത്തി ഭോജ്‌പുരി കീർത്തന ശൈലി കേരളത്തിലെ വരേണ്യ ക്രിസ്ത്യാനികൾക്ക് വർജ്യമായി മാറിയത് ആരുടെ പ്രബോധനങ്ങളുടെ പ്രേരണയാലാണ്. അത്തരം സാംസ്‌കാരിക അനുരൂപണങ്ങളോട് വ്യക്തിപരമായി തനിക്ക് താല്പര്യമില്ല എന്ന് പറയുന്ന എത്രയോ പേർ നേതൃത്വത്തിൽ തന്നെയുണ്ട്. 

പൈതൃകത്തിന്റെ അവകാശവാദങ്ങളിൽ ഹിന്ദുപൈതൃകം, ദൈവാരാധനാക്രമത്തിന്റെ ഉറവിടങ്ങൾ സിറിയൻ അന്ത്യോക്യൻ പാരമ്പര്യങ്ങൾ. ആത്മസാക്ഷാത്കാരത്തിന്റെ ആത്മീയമൂല്യങ്ങളുടെ ഉറവിടങ്ങൾ എവിടെയാണ് തിരയേണ്ടത്? ഹിന്ദുപാരമ്പര്യത്തിലെ സത്യം, ധർമ്മം, ശാന്തി എന്നിവയെയൊക്കെ ജീവിതശൈലിയാക്കാൻ ശ്രമങ്ങളുണ്ടോ? ജ്ഞാനവും കർമ്മവും ഭക്തിയും സമഗ്രമായി ചേർത്തുവയ്ക്കാവുന്ന ഒരു വിശ്വാസജീവിതശൈലി പരിശീലിക്കുവാൻ നേതൃത്വത്തിലുള്ളരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അറിവിന്റെയും സത്യത്തിന്റെയും വിശാലമാനം കാണാൻ ശ്രമിക്കാതെ സങ്കുചിതമായ കാഴ്ചപ്പാടുകളെ ബോധ്യങ്ങളായി നിലപാടുകളെടുക്കുന്ന മാർഗം അജ്ഞതയുടെയും മായയുടെയുമാണ്. വൈകാരികമാക്കുകയും വാണിജ്യപരവുമാക്കപ്പെടുന്ന ഭക്തി ജ്ഞാനത്താൽ നയിക്കപ്പെടുന്നതോ  ധർമ്മഫലം ചെയ്യുന്ന കർമ്മങ്ങളിലേക്കു നയിക്കുന്നതോ അല്ല. കർമ്മങ്ങളിൽ സേവനവും കരുണയുമല്ലാതെ മാനേജ്‌മെന്റ് ശൈലികൾ കറുത്ത് നേടുമ്പോൾ അതിൽ ജ്ഞാനത്തിന്റെ വെളിച്ചമോ ഭക്തിയുടെ ലാവണ്യമോ ഇല്ല. 

ഹൈന്ദവ മൂല്യങ്ങളും പുണ്യങ്ങളും പുൽകാൻ ആത്മാർത്ഥമായ ശ്രമമുണ്ടായിരുന്നെങ്കിൽ എത്രയോ ആഴമുള്ള കാഴ്ചപ്പാടുകൾ ക്രിസ്തീയവിശ്വാസത്തിനു ലഭിക്കുമായിരുന്നു. ഓരോ പ്രദേശത്തിനും ജനതക്കുമുള്ള ഭക്തിശീലങ്ങളും ബൗദ്ധിക കാഴ്ചപ്പാടുകളും ഗ്രഹിക്കുന്നതിനു പകരം അദ്വൈതസിദ്ധാന്തത്തെ  ഒരേയൊരു ഹിന്ദുതത്വസംഹിതയായിക്കരുത്തി ദൈവശാസ്ത്ര രൂപീകരണങ്ങൾക്കു ശ്രമിച്ചതാണ് ആദ്യത്തെ പരാജയം.  രണ്ടാം വത്തിക്കാൻ കൗൺസിലിനു വിരുദ്ധരായിരുന്ന യാഥാസ്ഥിതികരുടെ സ്വാധീനം, മറ്റു മതങ്ങളിൽ തിരിച്ചറിയപ്പെടേണ്ട രക്ഷാകരമൂല്യങ്ങളെക്കുറിച്ചു  കൗൺസിൽ പഠിപ്പിച്ചതും പ്രോത്സാഹിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അതെ നമുക്കിടയിലെ പാരമ്പര്യവാദികൾക്കും ഊർജ്ജം പകർന്നു എന്ന് വേണം കരുതാൻ. വേറൊരു തരത്തിൽ,  മറ്റു മതങ്ങളോടും സംസ്കാരങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന വൈറ്റ് ക്രിസ്ത്യൻ ഇവന്ജലിസ്റ് സ്വാധീനം ഒന്നാം പ്രമാണത്തോടുള്ള വിശ്വസ്തത എന്ന പേരിൽ പല വിധത്തിൽ നമ്മുടെ ഇടയിൽ പ്രചരിച്ചു. സാമൂഹികമായ ആഘോഷങ്ങളും സൗഹൃദങ്ങളും പോലും വിഗ്രഹാരാധനയായി. അവരാൽ പിശാചുക്കളെന്നു വിളിക്കപ്പെട്ട ഹിന്ദു ദൈവങ്ങൾ ഈ അടുത്തായി നിഷേധിക്കപ്പെട്ടു കേൾക്കുന്നില്ല. പകരം മുസ്ലിം ദൈവം തിന്മയുടെ ദൈവമായി. 

സാംസ്‌കാരിക മൂല്യങ്ങൾക്കോ ദൈവികസങ്കല്പങ്ങളിലെ ആത്മീയ ദർശനങ്ങൾക്കോ ക്രിസ്തു എതിരാവില്ല. ക്രിസ്തുവിനു നന്മയുടെ തുറവിയുണ്ടായിരുന്നു. വചനമെന്ന സത്യം ക്രിസ്തുവിൽ കാണാൻ കഴിഞ്ഞാൽ അവയെല്ലാം അവനിൽ സംക്ഷിപ്തവുമാണ്. ആദിശബ്ദം ധർമ്മവും ശാന്തിയും ഉറപ്പാക്കും. ഹിന്ദു പൈതൃകമാവകാശപ്പെടുന്ന  ക്രിസ്ത്യാനി ആദ്യമന്വേഷിക്കേണ്ടത് അവരുടെ ജ്ഞാനവും ഭക്തിയും കർമ്മവും നിലപാടുകളും ധർമ്മവും ശാന്തിയും ഉറപ്പിക്കുന്നുണ്ടോ എന്നതാണ്. ബുദ്ധദീക്ഷയോ ജൈനമാർഗമോ ആണ് പൈതൃകമായി തിരിച്ചറിയുന്നതെങ്കിലോ? അഷ്ടാംഗമാർഗ ചക്രമായി ജീവിതം പരിശീലിക്കണം, നല്ല കാഴ്ച്ചപ്പാടും നല്ല വാക്കുകളും നല്ല കർമ്മങ്ങളുമുള്ള  തീർത്ഥങ്കരനായി മാറണം. 

ആഴങ്ങൾ ആഴങ്ങളെ തേടുന്നു. എന്നാൽ കപടത വിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരിൽ തന്ത്രങ്ങൾ മെനയുന്നു. 

ഏപ്രിൽ 12, 2023

ക്രിസ്തു കാലഹരണപ്പെട്ടവനാണ്

"രണ്ടായിരം വർഷം മുമ്പ് വെറുതെ എഴുതിവെച്ച എന്തോ ആണ് സുവിശേഷങ്ങൾ. ഈ കാലത്തു കുറച്ചു മാറ്റി ചിന്തിക്കണം. പുതിയ സുവിശേഷമുണ്ടാകണം. ക്രിസ്തു കാലഹരണപ്പെട്ടവനാണ്."

കാലാനുഗതമായ ആ വളർച്ചയുടെ കൂദാശവൽക്കരണമായാണ് കീഴ്‌പ്പെടുത്തലിന്റെ അടയാളമായി ബലിയർപ്പിക്കപ്പെടുന്നത്. അനീതിയുടെ സംവിധാനങ്ങളെ നീതീകരിക്കാൻ അത് സ്വാഭാവികക്രമമായി അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.

രാഷ്ട്രീയം പറയുന്നവരെ രാഷ്ട്രീയക്കാരായും, പുരോഹിതരെ പുരോഹിതരായും, പ്രവാചകരെ പ്രവാചകരായും കാണണം. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനത്തിലും പുരോഹിതന്റെ സമർപ്പണവും പ്രവാചകന്റെ സത്യതീക്ഷ്ണതയും ജീവിക്കാം. തന്ത്രങ്ങളും നേട്ടങ്ങളും സ്വനേട്ടങ്ങൾക്കു വേണ്ടി മാത്രമാകുമ്പോൾ രാഷ്ട്രീയം ദുഷിക്കും. രാഷ്ട്രീയവും സാമൂഹികവുമായ ജീവികളാണ് പുരോഹിതരും പ്രവാചകരും. അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ സാർവത്രിക നീതി ഉൾക്കൊള്ളാതിരിക്കുമ്പോൾ, തിന്മകൾക്ക് നേരെ കണ്ണടച്ച് കളയുമ്പോൾ അധികാര തന്ത്രങ്ങളുടെ വലക്കുള്ളിലാണ് അവർ. ആ വലയെ സുന്ദരമായി വ്യാഖ്യാനിക്കാനുള്ള മിത്താണ് പുതിയ സുവിശേഷം.

തന്ത്രങ്ങൾക്ക് തലവെച്ചു കൊടുത്ത രാഷ്ട്രീയക്കാരെപ്പോലെ സംസാരിക്കുന്ന പുരോഹിതനെ അത്തരം രാഷ്ട്രീയക്കാരെപ്പോലെയാണ് കാണേണ്ടത്. സത്യമില്ലാത്ത, നന്മയും നീതിയും സമാധാനവും ആഗ്രഹിക്കാത്ത കുതന്ത്രശാലി. 'അങ്ങയുടെ രാജ്യം വരേണമേ' എന്ന് പ്രാർത്ഥിക്കുമ്പോൾ എന്താണവർ പ്രാർത്ഥിക്കുന്നത്? നിങ്ങളുടെ വായ്താരിക്കൊത്തു സ്തോത്രമാലപിക്കാൻ ഇനി ആളുണ്ടാവില്ല.

ഏപ്രിൽ 10, 2023

വിധേയപ്പെടുക

വിധേയപ്പെടുക എന്നത് പവിത്രതയണിഞ്ഞു തിളങ്ങി നിൽക്കുന്ന ഒരു വാക്കാണ്. എന്നാൽ സ്നേഹത്തിൽ നിന്നും ആദരവിൽ നിന്നും അത് വ്യത്യസ്തമാണെന്നും, ഇരയാക്കപ്പെടലിനെ അത് വല്ലാതെ ന്യായീകരിക്കുന്നെന്നും അതുകൊണ്ടുതന്നെ വിധേയപ്പെടലിന്റെ പ്രകീർത്തനം അനീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മനസ്സിലാക്കണം.

വിധേയപ്പെടൽ ഒരു ഗുണമാവണമെങ്കിൽ അത് സ്വാതന്ത്ര്യത്തിൽ നിന്നുള്ളതാവണം, മാത്രമല്ല അത് നന്മയെയും വളർച്ചയെയും ലക്‌ഷ്യം വെച്ചുള്ളതാവണം. തത്വത്തിൽ മാത്രമല്ല സത്യത്തിൽ അതുണ്ടാവണം. വിധേയത്വത്തിന്റെ ദുർവ്യാഖ്യാനങ്ങൾ ആർക്കു വിധേയപ്പെടുന്നു അവരുടെ താല്പര്യങ്ങളുടെ സംരക്ഷണത്തിനായി മാത്രമാക്കിത്തീർക്കുന്നു. 

ശ്രദ്ധാർഹമായ രണ്ടു വിധേയത്വങ്ങൾ പരിഗണനയർഹിക്കുന്നു: ഒന്ന് മക്കൾ അപ്പന് വിധേയരായിരിക്കണം എന്നതാണ്. അത് 'മാതാപിതാക്കൾക്ക്' എന്ന് പോലുമല്ല എന്നതും പ്രധാനമാണ്. കുടുംബത്തോട് മൊത്തമായി പാലിക്കപ്പെടുന്ന സ്വന്തം എന്ന അനുഭവത്തിൽ നിന്നേ മക്കൾക്ക് പക്വതയിലേക്കു വളർച്ചയുണ്ടാകൂ. "പിതാവ് താൻ ചെയ്യുന്നതെല്ലാം മക്കൾക്ക് കാണിച്ചു കൊടുക്കുന്നു" എന്ന ക്രിസ്തുവിന്റെ പ്രസ്താവന ഹൃദയമറിയുന്ന ബന്ധത്തെക്കുറിച്ചാണ്. ശിക്ഷണം ആവശ്യമായ ബാല്യകാലവും ആ ബന്ധത്തിൽത്തന്നെ വികസിക്കേണ്ടതാണ്. പക്വത പ്രാപിച്ച മക്കളും മാതാപിതാക്കളും തമ്മിൽ പരസ്പര വിധേയത്വവും ആദരവും തുറന്ന് കേൾവിയുമാണല്ലോ വേണ്ടത്. 

വിധേയത്വത്തിന്റെ ഏറ്റവും വികലമായ ധാരണകൾ ആവർത്തിക്കപ്പെടുന്നത് സ്ത്രീകളെക്കുറിച്ചാണ്. കെട്ടിച്ചു വിടേണ്ടതായതു കൊണ്ട് പഠിപ്പിച്ചത് കൊണ്ട് 'കാര്യം' ഒന്നുമില്ലെന്ന്‌ കരുതുന്ന ആളുകൾ പുറത്തെവിടെയൊക്കെയോ അല്ല, നമുക്കിടയിലെ ഉണ്ട്. വിവാഹാന്വേഷണത്തിലെ പല സമീപനങ്ങളിലും ഒരു വീട്ടുജോലിക്കാരിയെ ആണോ ഭാര്യയെയാണോ പുരുഷൻ വിവാഹത്തിൽ തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത് എന്നത് സമൂഹം തന്നെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ഭാര്യ ആർക്കൊക്കെയാണ് വിധേയയാവേണ്ടത്? കുടുംബത്തിന്റെ സമ്പ്രദായങ്ങളെന്ന പേരിൽ നല്ല പെണ്ണുങ്ങൾക്കായി പറഞ്ഞു വെച്ചിരിക്കുന്ന നിയമാവലികളിൽ മാനുഷികാന്തസ് പോലും നല്കപ്പെടാത്ത കാഴ്ചപ്പാടുകളുണ്ട്. അപ്പന് വിധേയനാകേണ്ട മകൻ എന്ത് കൊണ്ടാണ് ഭാര്യക്ക് വിധേയനാവേണ്ടതില്ലാത്തത്? പുരുഷനിൽ എന്ത് ദൈവിക അധികാരവും സത്യവുമാണ് ദൈവമോ മനുഷ്യനോ സമൂഹമോ വെച്ചുനൽകുന്നത്.

മേല്പറഞ്ഞതുപോലെ പരസ്പര വിധേയത്വവും ആദരവും തുറന്ന് കേൾവിയുമാണ് സുതാര്യവും പക്വവുമായ ഭാര്യാഭർതൃ ബന്ധത്തിലുണ്ടാവേണ്ടത്. അങ്ങനെ ഒരു അന്തരീക്ഷത്തിലേ മക്കൾ മാതാപിതാക്കളിൽ നിന്ന് പഠിക്കുകയും താന്തോന്നികളും വഴക്കാളികളും ആകാതിരിക്കുകയും ചെയ്യൂ. അനീതികൾ സഹിച്ച് സംസാരിക്കാൻ പോലും അവകാശമില്ലാത്ത സ്ത്രീ 'ഉത്തമകുടുംബസ്ഥ'യാകുന്നത് സഭക്ക് അപമാനമാണെന്നത് മറക്കരുത്. തികച്ചും അനീതിപരമായ സാഹചര്യങ്ങളിൽപ്പോലും adjust ചെയ്യാൻ ഉപദേശിക്കുന്ന സന്മനസുകൾ ചെയ്യുന്നത് ക്രൂരതയാണ്. അങ്ങനെ അനീതിയെ സമ്പ്രദായമാക്കിയ സാമൂഹിക സംവിധാനങ്ങൾക്കെതിരെ നില്കേണ്ടവരാണ് adjustment ഉപദേശിക്കുന്നത്.

സ്വന്തം അഭിപ്രായങ്ങളുടെയും ഇഷ്ടങ്ങളുടെയും കബറടക്കമാണ് വിവാഹം എന്ന വിധം പുരുഷൻ ശിരസ്സാവുന്നത് ക്രിസ്തുവിനു അഭിമാനമല്ല. അത്തരത്തിലല്ല ക്രിസ്തു സഭയെ സ്നേഹിച്ചത്. പുരുഷന്റെ ലൈംഗിക തൃഷ്ണകളുടെ സംതൃപ്തിക്കായുള്ള ഉപാധിയാണ് സ്ത്രീ എന്നത് ക്രൈസ്തവ വീക്ഷണമല്ല. പുരുഷൻ മാത്രമാണ് ലൈംഗിക ഉണർവുള്ളതെന്നോ സ്ത്രീ നിർവികാരയാണെന്നോ മനഃശാസ്ത്രമോ ശരീരശാസ്ത്രമോ theological anthropology യോ മനസ്സിലാക്കുന്നില്ല. പരസ്പര ബഹുമാനവും സ്നേഹവുമാണ് അവിടെ വേണ്ടത്. പുരുഷന്റെ തൃഷ്ണകൾക്കു വേണ്ടി വിധേയപ്പെടേണ്ടവളാണ് സ്ത്രീയെങ്കിൽ സ്ത്രീകളുടെ തൃഷ്ണയെ ബഹുമാനിക്കാനും പൂർത്തീകരിക്കാനും പുരുഷനും കടമയുണ്ട്. വിധേയത്വമെന്നത് ഉപകരണവത്കരണമാവരുത്. അകൽച്ച പാലിക്കാൻ താല്പര്യപ്പെടുന്നെങ്കിൽ അതും നിരാസമാണെങ്കിൽ അതും സ്നേഹത്തോടെ മനസിലാക്കാൻ ശ്രമിക്കുകയും സുതാര്യമായ സംഭാഷണങ്ങൾ വളർത്തുകയുമാണ് വേണ്ടത്. പകരം കുറ്റപ്പെടുത്തുന്ന സമീപനങ്ങൾ ആരോഗ്യപരമല്ല. മാത്രമല്ല, സ്ത്രീ കുറ്റപ്പെടുത്തപ്പെടുകയും പുരുഷന്റെ frustration-treat-mechanisms ന്യായീകരിക്കപ്പെടുകയും ചെയ്യുന്നത് വികലമായ ചിന്തയാണ്. അതേ സമയം സ്ത്രീകളുടെ frustrations എന്തുകൊണ്ടാണ് മൗനത്തിലേക്കാഴ്ത്തിക്കളയേണ്ടി വരുന്നത്.

മക്കളെ കുരിശുവര പഠിപ്പിക്കുന്ന അപ്പന് വിധേയപ്പെടുന്ന മക്കളെ ഉദാഹരണമാക്കുവാനാണ് മതധാർമ്മികബോധനം കൂടുതലും. അത് അധികാരികൾക്ക് 'വിശ്വാസികളോടുള്ള' സമീപനത്തിന് ചട്ടമാകുന്നു. ഭർത്താവിന് ഭാര്യയോടുള്ള ബന്ധം സഭക്ക് പൊതുവെ സ്ത്രീകളോടുള്ള സമീപനവുമാകുന്നു. വിധേയപ്പെടലിനു പരിശുദ്ധി കൂടും തോറും ആർക്കു  വിധേയപ്പെടുന്നോ അവർക്കും അവർ നിലനിർത്താൻ ശ്രമിക്കുന്ന സംവിധാനങ്ങൾക്കുമാണ് നേട്ടം. ഭക്തിയുടെയും വിശ്വാസത്തിന്റെയും സമ്പ്രദായങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പേരിൽ അതിന് സമരസപ്പെട്ടു പോകുന്നവർ ആ 'സ്വർഗ്ഗ'ത്തെ പ്രകീർത്തിച്ചു പാടും. എന്നാൽ ദൈവമക്കൾക്കുചിതമായ ആനന്ദം തങ്ങൾക്കു തുല്യമായി മറ്റുള്ളവർ അനുഭവിക്കരുതെന്ന് കരുതുന്ന ആധിപത്യം ആവശ്യപ്പെടുന്ന വിധേയത്വം കൃപാശൂന്യമാണ്‌.

പുതിയ സുരക്ഷാസങ്കേതങ്ങൾ

ഉത്ഥിതനായ കർത്താവിന് ശക്തിയില്ലാത്തതു കൊണ്ടാവണം പുതിയ സുരക്ഷാസങ്കേതങ്ങൾ ആവശ്യമാണെന്ന് മഹാപുരുഷർക്ക് തോന്നുന്നത്. അവരും അവർക്കു സ്തോത്രമാലപിക്കുന്നവരും കൂടി, സാമാന്യവിശ്വാസത്താടുകൂടി കാര്യങ്ങൾ കാണാൻ ശ്രമിക്കുന്ന സാധാരണ ജനത്തിന്റെ വിശ്വാസം തകർക്കുകയാണ്; രാഷ്ട്രരെയപ്രേരിതമായ പ്രസ്താവനകളും സ്പർദ്ധാജനകമായ ഇടപെടലുകളും അവരിലുണ്ടാക്കുന്ന ധാർമ്മിക മൂല്യ തലങ്ങളിലെ സംഘർഷങ്ങൾ ജനത്തിനുതന്നെ നാശകാരികളാണ്. അവർ തുറന്നു കൊടുക്കുന്ന പുതിയ സുരക്ഷാസങ്കേതങ്ങളിൽ വിശ്വാസം നഷ്ടപ്പെടുന്നു, ഈ മഹാപുരുഷരിൽത്തന്നെയുള്ള വിശ്വാസം ഇല്ലാതാക്കുന്നു, മഹാപുരുഷർക്കുള്ള പിന്തുണയും പ്രതിരോധവും കൂടി വരുംതോറും ഈ സംവിധാനം മുഴുവൻ അത്തരത്തിലുള്ളതാണെന്ന ചിന്ത വളരുന്നതിനാൽ സഭയിൽത്തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു.

പറഞ്ഞത് സാധാരണ വിശ്വാസികളെക്കുറിച്ചാണ്. ശരിയും തെറ്റും വേർതിരിക്കാൻ ശ്രമിക്കാത്ത ക്രിസ്തീയതാ-ഭക്തരെക്കുറിച്ചോ മഹാപുരുഷഭക്തരെക്കുറിച്ചോ അല്ല. ആ സുരക്ഷാസങ്കേതത്തിൽ കയറുന്നവരെല്ലാം രക്ഷിക്കപ്പെടും എന്ന ഒരു പൊതുതത്വം നിലനിൽക്കുന്നു എന്നത് സത്യമാണ്. എന്നാൽ, എന്തിൽ നിന്ന് രക്ഷിക്കപ്പെടുന്നു, എങ്ങനെയുള്ള സുരക്ഷിതത്വത്തിലേക്കു നയിക്കുന്നു എന്നത് പ്രധാനമാണല്ലോ. സുരക്ഷയുടെ കൂടാരത്തിലേക്ക് കയറിപ്പോയ ഒരു മഹാപുരോഹിതനല്ല ക്രിസ്തു, അവൻ കൂടാരത്തിനു പുറത്തു വെച്ച് സഹിച്ചു. സഹിക്കുക എന്നതാണ് ജീവിത ലക്ഷ്യം എന്നതല്ല, നീതിയും നന്മയും ഉറപ്പാക്കുന്നു എന്നതാണ് പ്രധാനം. അപ്പോൾ ആ വ്യാജസുരക്ഷകൾ ശിഥിലമാക്കുന്നവയാണെങ്കിൽ, ആ കൂടാരത്തിലേക്കു കയറാൻ പ്രമാണിമാരോടൊപ്പം ആളുകളുണ്ടാവില്ല. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ താല്പര്യം ഉണ്ടാവാം. അത് അവരുടെ വ്യക്തിപരമായ ആദർശങ്ങൾക്കും ധാർമ്മികബോധത്തിനും അനുപാതികമായിരിക്കാം. എന്നാൽ വിശ്വാസത്തെയോ സാമുദായികബോധത്തെയോ വളച്ചൊടിച്ചുകൊണ്ട് ഒരു സമൂഹത്തെമുഴുവൻ രാഷ്ട്രീയധ്രുവീകരണത്തിലേക്കു നയിക്കുന്നത് വഞ്ചനയും ക്രൂരതയുമാണ്. അത് സാധ്യമാണെന്ന് തോന്നുന്നില്ല. എന്നാൽ ഇന്ന് നിലവിലുള്ള വിഭജനങ്ങളോട് കൂടെ പരിഹരിക്കാനാവാത്ത വിഭജനങ്ങൾ അത് സഭക്കുള്ളിൽ സൃഷ്ടിക്കും എന്നുള്ളതിൽ സംശയമില്ല.

ഏപ്രിൽ 09, 2023

സമരസപ്പെട്ടിരുന്നെങ്കിൽ

"വിശ്വാസവും വിവേകവും സമരസപ്പെട്ടിരിക്കുന്നതാണ് ബുദ്ധിമാനായ ശിഷ്യൻറെ ലക്ഷണം," സുവിശേഷത്തിന്റെ പുതിയ പതിപ്പുകളിൽ ഭാഗമാണ്. "സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക" എന്നതാണ് സൂചകവാക്യം. എന്നാൽ "മാമ്മോനെയും ദൈവത്തെയും ഒരുവന് ഒരുമിച്ചു സേവിക്കാൻ കഴിയില്ല" എന്നത് ഈ പതിപ്പ് കാര്യമായെടുത്തിട്ടില്ല. വിവേകമുള്ള വിശ്വാസം എന്തിനോടാണ് സമരസപ്പെടേണ്ടത് എന്നത് ശ്രദ്ധിക്കണം. സീസറുമായുള്ള ചങ്ങാത്തത്തിലൂടെ സീസറിനു നികുതി കൊടുക്കുന്നതിൽ നിന്ന് ഒഴിവു വാങ്ങുക എന്നല്ല യേശു പറഞ്ഞത്.

സമരസപ്പെട്ടിരുന്നെങ്കിൽ ക്രിസ്തുവിന് ഏറ്റവും പ്രഭാവശാലിയായ ആൾദൈവമാകമായിരുന്നു. ഹേറോദേസിനെയോ പീലാത്തോസിനെയോ മറികടന്ന് സീസറുമായും സമരസപ്പെട്ട് ആ ദേശം മുഴുവൻ ഭരിക്കുന്ന അധികാരിയാകാമായിരുന്നു. 

നീതിയെയും നന്മയെയും അവഗണിച്ചുകളയുന്ന ലാഭങ്ങളും അധികാരങ്ങളും ക്രിസ്തുശിഷ്യന്റെ വിവേകത്തിന്റെ ലക്ഷണമല്ല. ക്രിസ്തുവിനെത്തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള സമരസപ്പെടലുകളെ ശിഷ്യന്റെ വിവേകങ്ങൾ എന്ന് വിളിക്കാമെങ്കിൽ അവർ 'ലോകത്തിന്റെ മക്കളുടെ പ്രകാശം' അണിഞ്ഞവരാണ്. നിങ്ങൾ അങ്ങനെയാവരുത് എന്ന് പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പാഠങ്ങളിൽ ഒന്ന് കൂടിയാണത്. ക്രിസ്തുവൊന്നും ഇന്ന് പ്രായോഗികമല്ല എന്ന് കരുതുന്ന സുവിശേഷം പണിതുയർത്തിയ സഭയും ക്രിസ്തുവിന്റേതല്ല. എന്നിട്ട് ആ സഭയോട് അനുസരണം ആവശ്യപ്പെടുന്നത്  നിരസിക്കുക എന്നതാണ് ക്രിസ്തുമനഃസാക്ഷിയുടെ യഥാർത്ഥ വിവേകം. 

ഇരുമ്പു നുകത്തിലേക്ക്

നിർമ്മിക്കപ്പെടുന്ന സ്വാഭാവികത തിരിച്ചെടുക്കാനാവാത്തവിധം അപകടമുള്ളതാണ്. ഈ അടുത്ത് കേട്ട പല സ്വാഭാവികതകളിലും ആ അപകടമുണ്ട്. ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിന് ഒരുവൻ നശിക്കുക ഉചിതമാണ് എന്ന് മാന്യതയോടെതന്നെ പ്രസ്താവിച്ചത് കയ്യപ്പാസാണ്. നാശങ്ങൾ ഇല്ലാതാക്കാൻ സ്വയം അർപ്പിക്കാമെന്നു വീണ്ടെടുപ്പ്-ദ്രവ്യം കല്പിക്കുന്ന ആരും എന്തുകൊണ്ടാണ് ഒരിക്കലും ഇല്ലാത്തത് എന്ന് റെനേ ജിറാർഡ്‌ എന്ന മതവിചിന്തകൻ ചോദിക്കുന്നു. ജനം നശിക്കാതിരിക്കേണ്ടതിന് എന്ന പേരിൽ, ഏതാനം 'കണ്ടുവയ്ക്കപ്പെട്ടവർ' ഇല്ലാതാവണം എന്ന് ന്യായീകരിക്കുന്നതും വളരെ മാന്യതയോടെയാണ്; സ്വാഭാവികം മാത്രം. പവിത്രമായ ഈ അനീതിയുടെ മറ്റൊരു രൂപമാണ് ഒരാളുടെ വേദനക്കുള്ള പക അയാൾ തന്റെ സമൂഹത്തെക്കൊണ്ട് ചെയ്യിക്കുക എന്ന ക്രൂരവിനോദം. അതിനു വശംവദരാകുന്ന സമുദായനേതാക്കൾ മതത്തിനും വിശ്വാസത്തിനും പുതിയ നിർവചനങ്ങൾ നൽകി ആ വേദനകളെ ജ്വലിപ്പിച്ചു നിർത്തി അധികാരലാഭങ്ങൾ ഉറപ്പിക്കുന്നു. ഇത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആവർത്തിക്കപ്പെടുന്നത് നമുക്കിടയിൽ തിരിച്ചറിയപ്പെടാത്ത സത്യമാണ്. വേദനകളിൽ ഒരാൾ പ്രതികരിക്കുന്നതും, അതിനു സമൂഹം പിന്തുണ നൽകുന്നതും അത് രാഷ്ട്രീയമാക്കപ്പെടുന്നതും 'സ്വാഭാവികം' മാത്രം. ധൂപാർച്ചനയുടെ പുകച്ചുരുളുകൾക്കു പുറത്തു തല്ലിക്കൊല്ലപ്പെടുന്നവരുടെ നിലവിളി സ്തോത്രഗീതങ്ങൾക്കിടയിലൂടെ കേൾക്കാനാവില്ല. നീതിക്കും സമാധാനത്തിനും വേണ്ടി സംസാരിച്ച ആമോസ് രക്തത്തിളപ്പു കൊണ്ടും മിക്കാ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിടപ്പെട്ടതിന്റെ മാനസികവിഭ്രാന്തി കൊണ്ടും ആണെന്ന് വിധി കൽപ്പിക്കാൻ പരിശുദ്ധമായ നിയമങ്ങൾക്കു സ്വാഭാവികമായും കഴിഞ്ഞു. ഞങ്ങൾ അടിമകളല്ല, ഞങ്ങൾ സ്വതന്ത്രരാണ് എന്ന മുദ്രാവാക്യങ്ങളോടുകൂടെ, ഞങ്ങൾ സുരക്ഷിതരാണ് എന്നുകൂടെ സ്വാഭാവികമായും കൂട്ടിച്ചേർക്കപ്പെടേണ്ടതാണ്. കാളക്കു നുകം ഒരു അഭിമാനമായിത്തുടങ്ങുന്നു എന്നതല്ല, ഏകഅഭയം ആകുന്നിടത്തു നിന്നാണ് അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായവരുടെ നുകങ്ങൾക്കു ആശ്വാസമാകുന്നവർ ദൈവനിന്ദകരാകുന്നതും കൂടെചേരാത്തതിനാൽ സ്വാഭാവികമായും സഭാവിരുദ്ധരാകുന്നതും. 'എന്റെ ഹൃദയം പാഷൂർ എടുത്ത ഇരുമ്പു നുകത്തിലേക്ക് ചാഞ്ഞിരിക്കുന്നു, എത്ര കാമ്യമാണ് അത്' എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ ജനം മുഴുവൻ അതാഗ്രഹിക്കുന്നു എന്ന് എങ്ങനെ പറയാനാകും. വല കീറുമാറ് വലിച്ചു കയറ്റിയ നൂറ്റമ്പത്തിമൂന്നു മത്സ്യങ്ങൾ പീലാത്തോസിനു സദ്യ ഒരുക്കാനല്ല. എങ്കിലും ദയനീയമായി സ്വാഭാവികമായിത്തീർന്നത്, കയ്യപ്പാസ് അവതരിപ്പിച്ച ദൈവിക നിയമങ്ങളുടെ നീതീകരണത്തിൽ വിശ്വസിച്ച് 'ഈ പാപം ഞങ്ങളുടെ തലമുറകളുടെ മേൽ തന്നെ പതിക്കട്ടെ എന്ന് ജനം ഏറ്റുപറഞ്ഞു എന്നതാണ്.


ജീവന്റെ സമൃദ്ധി

ജീവന്റെ സമൃദ്ധിയാണ് ഉയിർപ്പ്. ജീവനെ ധ്യാനിക്കുവാനാണ് ഉയിർപ്പിന്റെ കർമ്മങ്ങളൊക്കയും. അന്ധകാരത്തിൽ വെളിവാകുന്ന പ്രകാശം, ജലത്തിലേക്കു ആഴ്ന്നിറങ്ങുന്ന വചനം, ഉയർത്തപ്പെടുന്ന ഭൗമ ഫലങ്ങൾ എല്ലാം ജീവന്റെ അടയാളങ്ങളാണ്.
 
"അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും" എന്നത് പരി മറിയത്തിനു മാലാഖയുടെ സന്ദേശമായിരുന്നു. "ജീവിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?" എന്ന മാലാഖയുടെ ചോദ്യം മറ്റൊരു മറിയത്തോടാണ്. "സഹോദരങ്ങളുടെ അടുത്തേക്ക് പോകുവിൻ," "ഗലീലിയിലേക്കു പോകുവാൻ പറയുവിന്" തുടങ്ങിയ നിർദ്ദേശങ്ങളിൽ ജീവിക്കുന്ന ക്രിസ്തു എവിടെ കണ്ടെത്തപ്പെടണം എന്ന സൂചന കൂടെയുണ്ട്. ഒരു ഉദരത്തിൽ ജന്മമെടുത്ത ക്രിസ്തു ഇന്ന് ജീവന്റെ/കൃപയുടെ സമൃദ്ധിയിൽ നമ്മുടെ കൂട്ടായ്മയിൽ ജീവിക്കുന്നു. 'ഞാൻ കൂടി ഉൾപ്പെടുന്നതാണ് ഉത്ഥിതനായ ക്രിസ്തു' എന്നും നമ്മിലാണു അവൻ ജീവിക്കുന്നതെന്നും അവന്റെ മനുഷ്യത്വത്തിന്റെ തുടർച്ചയെന്നും ധ്യാനിച്ച് തുടങ്ങണം.
 
ഉത്ഥിതനായ ക്രിസ്തു പരലോകത്തു വസിക്കുന്ന ഒരു ദൈവമല്ല, നമ്മിൽ ജീവിക്കുന്ന ദൈവമാണ്; ഓരോരുത്തരിലും വസിക്കുന്ന വ്യത്യസ്തജീവനാളമായല്ല, എല്ലാവരിലുമായി വസിച്ചുകൊണ്ട് ഒറ്റശരീരമായി. നമ്മുടെ ജീവനും ഉയിർപ്പും ആ ശരീരത്തിലുള്ള വളർച്ചയും തുടർച്ചയുമാണ്.

ഉയിർക്കാൻ ആഗ്രഹിക്കുമ്പോൾ

 "നിങ്ങളുടെ കബറിടങ്ങളിൽ നിന്ന് ഞാൻ നിങ്ങളെ പുറത്തു കൊണ്ടുവരും," എന്ന എസെക്കിയേൽ ദർശനം ക്രിസ്തുവിനോട് കൂടെ ഉയിർക്കാൻ ആഗ്രഹിക്കുമ്പോൾ മനസ്സിൽ വയ്ക്കാം.

വാക്കുകളിൽ പൂട്ടപ്പെട്ട വചനമാണ് നമ്മൾ അടക്കപ്പെട്ടിരിക്കുന്ന ഒരു കബറിടം. മാന്ത്രികമാക്കപ്പെടുന്ന ഭക്തിയും വൈകാരികവും മാസ്മരികവുമാക്കപ്പെടുന്ന വിശ്വാസവുമാണ് മറ്റു രണ്ട് കബറിടങ്ങൾ. മനോഹരവും മഹനീയവുമാണെങ്കിലും അവയിൽ നിന്ന് പുറത്തു വരേണ്ടതാണ്.

സ്നേഹത്തിന്റെ നിർമ്മലതയാണ് ഉയിർപ്പ് ആഗ്രഹിക്കുന്നത്, ഭക്തിപ്രകടനങ്ങളല്ല. കാലിൽ വീഴാൻ ഒരുങ്ങിയ മഗ്ദലേന മറിയത്തെ  സന്ദേശകയായി അയച്ചത് സ്നേഹം ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും വിശ്വാസവുമാണ്. കൃപയാൽ പുതുമനുഷ്യരാകുന്നവരുടെ സ്വാതന്ത്ര്യവും അതാണ്. അവർ പുരോഹിതരോ കുട്ടികളോ പരദേശിയോ അന്യമതക്കാരോ അല്ല, കൃപയിലുള്ള മനുഷ്യരാണ്.

ഏപ്രിൽ 07, 2023

സ്നേഹൈക്യത്തിലേക്ക്

നരകയാതനയെ നേരിൽ കണ്ടുകൊണ്ടുതന്നെയാണ് ക്രിസ്തു തന്റെ അവസാന നിമിഷങ്ങളിലേക്കു കടന്നത്. ദൈവം ഇല്ലാതിരുന്ന ശൂന്യതയെ ഏറ്റവും വലിയ തകർച്ചയുടെ നിമിഷമായേ കാണാനാവൂ. എങ്കിലും, എന്തേ നീ എന്നെ ഉപേക്ഷിച്ചു എന്ന വിലാപം അങ്ങനെയൊരു സാന്നിധ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശൂന്യതയിലും, ജീവന്റെ പ്രത്യാശയുടെ ശബ്ദമാണ് "നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു" എന്നത്. ഏതു പ്രലോഭനത്തെക്കാളും വേദനാജനകവും സംഘർഷാത്മകവുമായിരുന്നിരിക്കണം അത്. എങ്കിലും പിതാവിലേക്ക് തുടർന്നും തുറന്ന ആ ഹൃദയം, മുറിക്കപ്പെടാനാവാത്ത സ്നേഹൈക്യത്തിന്റെ ദാഹമാണ്. "എനിക്ക് ദാഹിക്കുന്നു" എന്നതിലെ നിലവിളി "എന്ത് കൊണ്ടുപേക്ഷിച്ചു" എന്നതിന്റെ തുടർച്ച കൂടിയായി കാണാം. 

ക്രിസ്തുവേറ്റ ക്രൂരതകളും അപമാനങ്ങളും വേദനകളും കണ്ട് മനസ്സലിഞ്ഞു രൂപപ്പെടുന്ന 'മാനസാന്തരം' വേരുകളില്ലാത്തതാണ്. എന്നാൽ ആ സ്നേഹം കാണാൻ കഴിയുമ്പോളുണ്ടാകുന്ന ഹൃദയരൂപാന്തരത്തിന്  ആഴമുണ്ടാകും. ആ സ്നേഹത്തിന്റെ ഉറപ്പ്, ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുവാൻ' ഉള്ള വെല്ലു വിളി കേട്ട് ഇറങ്ങി വരാതെ അവൻ കുരിശിൽ തുടർന്നു എന്നതാണ്. ദൈവശക്തിയുടെ പ്രകടനമായി ഇറങ്ങി വന്നിരുന്നെങ്കിൽ, അതുവരെ ഏതൊക്കെ നീതിക്കും സ്നേഹത്തിനുമായി നിലകൊണ്ടിരുന്നോ അവയുടെ ആന്തരികതയെ അത് നഷ്ടപ്പെടുത്തുമായിരുന്നു. കാരണം, അവനെ അനുഗമിക്കുന്നവർ സ്നേഹത്തിൽ ആവർത്തിക്കേണ്ട നിലപാടുകളായിരുന്നു അവ. 

ദൈവപ്രഭാവത്തിന്റെ മാസ്മരികത എന്നും പ്രലോഭനമായിത്തന്നെ നമുക്കുമുണ്ട്. ക്രിസ്തുവിന്റെ അനുയായി ആകണമോ, മാസ്മരികത പ്രകടിപ്പിക്കാൻ കല്പിക്കുന്ന സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കണമോ എന്നത് ഓരോരുത്തരുടെയും തീരുമെന്നാണ്. കൃപയുടെ ലാളിത്യത്തിലാണ് അത് വേരിറങ്ങുകയും വളരുകയും ചെയ്യുന്നത്. ഇല്ലാതായിത്തീരുന്നു എന്ന അവസ്ഥയിൽ വേദന നിറക്കുന്നത്, ഞാനും എന്റെ സ്വപ്നങ്ങളും ഇല്ലാതാവുന്നു എന്ന കാര്യമാണ്.  സ്നേഹൈക്യത്തിലേക്ക് തന്റെ ജീവനെ ഏല്പിച്ചു കൊടുക്കുവാൻ കഴിഞ്ഞാൽ അവബോധങ്ങളിൽ ശൂന്യതയെങ്കിലും ബന്ധങ്ങളിൽ അവ ധന്യമാവും; അദൃശ്യമായിരുന്നു കൊണ്ടും  തുടരാവുന്ന സ്നേഹസമൃദ്ധി. 

ഏപ്രിൽ 06, 2023

മിശിഹായിലുള്ള പൗരോഹിത്യം

 ഗുരു പറഞ്ഞു:

"ആ പരം പൊരുളിനെ നിങ്ങൾ ഭയക്കേണ്ടതല്ല"

ശിഷ്യർക്ക് സംശയം ബാക്കിയായിരുന്നു:

"അപ്പോൾ ഗുരോ ഈ ദിവ്യസാന്നിധ്യത്തെ ഏതു ദിക്കിലാണ് വണങ്ങേണ്ടത്?" 

"ആ പരമനന്മ, കരുണ ഇടം വളം കണ്ടുകൊണ്ടു പരസ്പരം വണങ്ങൂ." 

അവർ അത് ചെയ്തു. സമാധാനം, ആനന്ദം.

ഗുരു അലിഞ്ഞില്ലാതായി. 


ആരാണ് വണങ്ങാൻ കൂടുതൽ യോഗ്യരെന്ന ഒരു തർക്കം അവർക്കിടയിലുണ്ടായി.

സിംഹാനസ്ഥരായ ചക്രവർത്തിമാരും, അതേ മാതൃകയിൽ ഭരണകർത്താക്കളായ 'നീതിമാന്മാരും' വണങ്ങപ്പെട്ടു.

ഗുരു ശിഷ്യരുടെ പാദങ്ങൾ കഴുകി. "നന്മയും കരുണയും ശുശ്രൂഷയിലാണ്. അതാണ് ദൈവജനത്തിന്റെ അടയാളം. നിങ്ങളും പരസ്പരം ശുശ്രൂഷ ചെയ്യുവിൻ. ആ ശുശ്രൂഷയുടെ പ്രവാചക അടയാളമാണ് മിശിഹായിലുള്ള പൗരോഹിത്യം."

തങ്ങളുടെ ശുശ്രൂഷകളിൽ ചെറുതോ വലുതോ ആയ കുറവുകൾ വന്നിട്ടുണ്ടെന്ന്, ഹൃദയത്തിലെങ്കിലും ഏതെങ്കിലും പുരോഹിതൻ ഏറ്റു പറഞ്ഞിട്ടുണ്ടെങ്കിൽ അയാൾ ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല.

ക്രിസ്തുവിന്റെ പെസഹാ

കുരിശുമരണത്തെ വേർപെടുത്തിക്കൊണ്ട് ക്രിസ്തുവിന്റെ പെസഹായെ ഗ്രഹിക്കാനാവില്ല. അതുകൊണ്ടുതന്നെ ആ മരണത്തേക്കൂടെ ഉൾപ്പെടുത്താതെ കുർബാനയെയോ, സഭയെയോ, പൗരോഹിത്യത്തെയോ അറിയാൻ കഴിയില്ല. ഈ മൂന്നിലും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട സ്വയംശൂന്യവത്കരണം ക്രിസ്തുവിന്റെ മരണത്തിലും പെസഹായിലും പ്രകടമായിരുന്നെന്നു കാണാം. 

അപ്പം മുറിക്കലിന്റെ കാർമ്മികനായ ക്രിസ്തു, ശിഷ്യരെയെല്ലാം പല ശുശ്രൂഷകളിൽ നിന്നായി ഒരുമിച്ചു ചേർക്കുന്നതായി കാണാം. പെസഹാ ഒരുക്കേണ്ടത് എന്ന ഒരുങ്ങൽ ഒരുമിച്ചു ചേരലിന്റെയും പരസ്പര സ്വീകാര്യതയുടെയും ഒരുക്കമാണ്.  തങ്ങളിൽ ആരാണ് വലിയവൻ എന്ന  തർക്കങ്ങൾ മറന്ന് പരസ്പരം ശുശ്രൂഷ ചെയ്യുവാനാണ് പാദങ്ങൾ കഴുകിയ ക്രിസ്തു തന്റെ ശിഷ്യരെ ഓർമ്മിപ്പിച്ചത്. ആ പെസഹാരാത്രിയുടെ മുഴുവൻ  സന്ദേശവും ഗ്രഹിച്ചുകൊണ്ടേ സഭയുടെയും പൗരോഹിത്യത്തിന്റെയും കുർബാനയുടെയും സ്ഥാപനത്തെ കണ്ടെത്താൻ ശ്രമിക്കാവൂ. 

അപ്പവും വീഞ്ഞും പുരോഹിതനുമല്ല കുർബാന, നേതൃസ്ഥാനത്തുള്ളവരുടെ സംഘമല്ല സഭ, ഭരണാധികാരമല്ല പൗരോഹിത്യം. എന്നാൽ സ്നേഹത്തിന്റെ ജീവന്റെ ശൂന്യവത്കരണസ്വഭാവം സത്തയാകുമ്പോൾ സഭ സകലരുടെയും കൂട്ടായ്മയാകും പൗരോഹിത്യം ശുശ്രൂഷയാകും ആ കൂട്ടായ്‍മയുടെയും ശുശ്രൂഷയുടെയും ജീവിക്കുന്ന അടയാളങ്ങളായി ക്രിസ്തുശരീരരക്തമായി അപ്പവും വീഞ്ഞും മാറും.

ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും എന്താഗ്രഹിച്ചോ അത് പ്രാഥമിക ആഗ്രഹമാക്കാത്ത കുർബാനയോ സഭയോ പൗരോഹിത്യമോ ക്രിസ്തുവിന്റെ സ്വയംശൂന്യവത്കരണത്തെ പുനരാവിഷ്‌കരിക്കുന്നില്ല. സ്നേഹത്തിന്റെയും ജീവന്റെ സമൃദ്ധിയുടെയും അടയാളമായ ആ ശൂന്യവത്കരണത്തെ ആന്തരികസത്തയാക്കാത്ത സഭയിലും പൗരോഹിത്യത്തിലും കുർബാനയിലും ക്രിസ്‌തുജീവനും ഉണ്ടാവില്ല. സ്ഥാപനവത്കരിക്കപ്പെട്ട കാർക്കശ്യങ്ങളിലേക്കു സ്വയം  വിറ്റെറിയുന്ന ദുരന്തമാകും ഫലം. മാനുഷിക ബലഹീനതകൾക്കൊണ്ട്  അപ്രാപ്യമാകുന്ന ക്രിസ്തുസമാനതകൾ ക്രിസ്‌തുതന്നെ പരിഹരിക്കും. എന്നാൽ, ഹൃദയകാഠിന്യം കൊണ്ട് ക്രിസ്തുവിനെ അകറ്റിനിർത്തിക്കൊണ്ട് ക്രിസ്തുവിന്റെ ത്യാഗമോ സഭയോ യാഥാർത്ഥ്യമാക്കാനാവില്ല. 

ശിഥിലമായ ദേവാലയവും തകർന്നു കിടക്കുന്ന ബലിപീഠവും എന്ത് കൊണ്ട് വിലാപമുണർത്തുന്നില്ല. ക്രിസ്തു നഷ്ടമായത് എന്തുകൊണ്ട് യഥാർത്ഥ വേദനയാകുന്നില്ല? ഈ സന്ദർഭത്തിൽ, "ഞങ്ങളൊക്കെ സന്തോഷമായി ബലിയർപ്പിച്ച് ക്രിസ്തുവിനെ അനുഭവിക്കുന്നു" എന്ന് ആരെങ്കിലും ആശ്വസിക്കുന്നെങ്കിൽ ക്രിസ്തുവിനെ വേദനയെയോ ആ മരണത്തിന്റെ അർത്ഥത്തെയോ നമ്മൾ അറിഞ്ഞിട്ടില്ല. കപടതയെ കൂദാശ ചെയ്യുന്ന ഒരു മതസമൂഹമായി നമ്മൾ മാറിയിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാൻ നമുക്ക് കഴിയാത്തത് ദൈവികമെന്ന് സ്വയം സ്ഥാപിച്ചെടുക്കുന്ന ഏതാനം ഭക്തക്രിയകളിൽ സ്വയംനീതീകരണം സാധ്യമെന്നു കാണുന്നതുകൊണ്ടാണ്. കുറ്റാരോപണവും ആധിപത്യവും അപര-പൈശാചികവത്കരണവും സ്വയം-ദൈവികവത്കരണവും വഴി ഏതു ക്രിസ്തീയ ശരീരമാണ് നമ്മൾ പടുത്തുയർത്തുന്നത്? അപ്പം മുറിക്കുമ്പോൾ ഹൃദയങ്ങളെ കീറി പരിശോധിക്കാൻ നമുക്ക് കഴിയട്ടെ.

ഏപ്രിൽ 05, 2023

ക്രിസ്തുവിന്റെ മനുഷ്യസ്വഭാവം

മനുഷ്യാവതാരനിമിഷം (മംഗളവാർത്ത സംഭവം) മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ക്രിസ്തുവിനെ വീരഭാവം നൽകി പൂജനീയമാക്കുന്ന നമ്മൾ ക്രിസ്തുവിന്റെ മുൻപും പിൻപും ധ്യാനിക്കാതെ പോകുന്നത് ക്രിസ്തീയതയുടെ പരാജയമാണ്. സകല സൃഷ്ടികളുടെയും ആദ്യകാരണവും നിയന്താവും ജ്ഞാനവുമായ വചനം സൃഷ്ടിക്കും മനുഷ്യനും നൽകുന്ന വെളിച്ചവും ജീവനും ക്രിസ്തുവിനെ അറിയാനും ആ അറിവ് നമ്മുടെ വിശ്വാസത്തിലും കാഴ്ചപ്പാടിലും വ്യക്തിജീവിതത്തിലും ഉണ്ടാവുകയും വേണം. വീരനും രാജാവുമാക്കപ്പെടുന്ന ക്രിസ്തു എത്ര വേഗം മനുഷ്യനിൽ നിന്നും അന്യനാക്കപ്പെടുന്നു! അവൻ മേധാവിത്വമുള്ള സംസ്കാരങ്ങളുടെ സൃഷ്ടിയായി പുനരവതരിപ്പിക്കപ്പെടുന്നു. സകലത്തെയും ഒരുമിച്ചു ചേർക്കുന്ന, അവയുടെ വൈവിധ്യങ്ങളിൽ നന്മയും സൗന്ദര്യവും പകർന്നു പരസ്പരം പരിപോഷിപ്പിക്കുന്ന സ്നേഹവും ജീവനുമായവൻ മതത്തിന്റെയും സംസ്കാരത്തിന്റെയും സ്വകാര്യകുത്തകയായിത്തീരുന്നു. 

ഉത്ഥാനത്തിനോ സ്വര്ഗാരോഹണത്തിനോ ക്രിസ്തു തന്റെ മനുഷ്യസ്വഭാവത്തെ ഉപേക്ഷിച്ചു കളഞ്ഞില്ല. ഈ ദിവസങ്ങൾ (ഉത്ഥാനം വരെയുള്ള) ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ അവസാന ദിനങ്ങളാണെന്ന വിശ്വാസവും സത്യമല്ല. പരി. മാതാവിൽ നിന്ന് സ്വീകരിച്ച മനുഷ്യസ്വഭാവം എന്നെന്നേക്കുമുള്ളതാണ്. അതുപോലെതന്നെ ക്രിസ്തുവിൽ ഒന്നായിരിക്കുന്ന നമ്മുടെ മനുഷ്യസ്വഭാവം അവന്റെ മനുഷ്യസ്വഭാവമായി പ്രതിഫലിക്കുന്നു എന്നതും ചിന്തനീയമാണ്. 

വിശ്വാസികളെന്നതിനേക്കാൾ വിശ്വാസ-ഉത്പാദകരാണ് ഇന്ന് മതജീവികളായിരിക്കുന്ന ഓരോരുത്തരും. അത്തരം ഓരോ ഉത്പന്നത്തിലും ഒരു അധികാര രാഷ്ട്രീയവുമുണ്ട്. ക്രിസ്തു ഉപയോഗിക്കപ്പെടുകയാണ്. 

പരിഹാരവും കരുണയും

കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ അല്ല ക്രിസ്തു വന്നത്. ദൈവത്തെക്കുറിച്ച് നിർമ്മിച്ചിട്ടുള്ള അപഖ്യാത വിവരണങ്ങളെ ശുദ്ധീകരിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മുഖം തുറന്നു കാട്ടുവാനാണ് ക്രിസ്തു വന്നത്. കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിലും ജീവന്റെ സമൃദ്ധിയിലേക്കു സകലരും ഒറ്റക്കും കൂട്ടായും വളരുക എന്നത് അവൻ ആഗ്രഹിച്ചു. എങ്കിലും അവനെയും നമ്മൾ ശിക്ഷയുടെയും വിധിയുടെയും ചട്ടങ്ങളിലും സങ്കല്പങ്ങളിലും വിദഗ്ദമായി കെട്ടിയിട്ടു.

അടിമ സമ്പ്രദായവും, പ്രതിഫല-ശിക്ഷ വ്യവസ്ഥിതിയും അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കപ്പെട്ട ദൈവസങ്കല്പത്തെ, ബലഹീനരെ ചൂഷണം ചെയ്യാനുള്ള മാർഗ്ഗമായിക്കണ്ട അധികാരവർഗ്ഗം വിശ്വസനീയമായ വിശ്വാസങ്ങളും ഭക്തികളും രൂപപ്പെടുത്തി. അത് പൂർത്തിയാക്കാത്തതൊക്കെ ദൈവത്തോടുള്ള അനീതിയായി. ദൈവം പ്രീതിപ്പെടണമെങ്കിൽ, പരിഹാരം ചെയ്യുകയും പിഴ അടക്കുകയും ചെയ്യേണ്ടതായി വന്നു. സമയക്രമത്തിൽ ബലികൾ നൽകുന്ന അധികാര വർഗം നീതിമാന്മാരും ദൈവപ്രീതിക്കർഹരുമായി. ബലികൾ നൽകാൻ കഴിയാതിരുന്ന ബലഹീനർ എന്നും പാപികളും ശപിക്കപ്പെട്ടവരുമായി. അവരുടെ നിസ്സഹായതയെ ദൈവകോപത്തിന്റെ അടയാളമെന്നവണ്ണം വിശ്വസിപ്പിക്കാനാകും വിധം ശക്തമായ സംവിധാനങ്ങൾ നിർമ്മിതമായി. കാരണം അവർ ദൈവികവും നിഷ്ഠാപരവുമായ കാര്യങ്ങൾ ചെയ്യുന്നില്ല. 

പരിഹാരം ചെയ്യുന്നവർക്ക് ആദ്യം ഉണ്ടാകുന്നത് തെറ്റിനെക്കുറിച്ചുള്ള ബോധ്യമാണ്. അതിനനുസൃതമാണ് പിഴയടക്കേണ്ടത്. ദൈവപ്രീതി ഉറപ്പാക്കുന്ന തരം ബലികൾ അർപ്പിക്കുവാൻ പ്രാപ്തരല്ലാത്തവർ പരിഹാരമെത്തിക്കാത്ത പാപാവസ്ഥയിൽ എന്നും തുടരും. ഇനി അവർക്കു വേണ്ടി വേറൊരാൾ ഈ പരിഹാരങ്ങൾ അർപ്പിച്ചാലും അടിമ വീണ്ടെടുക്കപ്പെടുന്നത് പോലെ നീതീകരിക്കപ്പെട്ടേക്കാം.  ഈ രണ്ടു സമീപനങ്ങളും ദൈവത്തെക്കുറിച്ച് എന്ത് ധരിക്കുന്നു എന്നത് ക്രിസ്തുവിന്റെ ജീവിതലക്ഷ്യത്തിൽനിന്നും ദൈവത്തിന്റെ ഇച്ഛയിൽ നിന്നും വളരെ അകലെയാണ്. 

ചെയ്തികൾക്ക് പ്രതിഫലമായല്ല ദൈവം കൃപകൾ നൽകുന്നത്; അത് ഭക്തിക്രിയകളായാലും, പ്രവൃത്തികളായാലും, ബലികളായാലും. തെറ്റുകാരെയും, കുറവുകാരെയും, പല കാരണങ്ങൾ കൊണ്ട് വളർച്ച മുരടിക്കുന്നവരെയും കൃപ നിരസിച്ച് നാശത്തിനു വിട്ടുകൊടുക്കാൻ, ദൈവം കണിശക്കാരനായ ചക്രവർത്തിയാണ്, ജീവന്റെ സമൃദ്ധിയായി ദൈവമാണ്. എല്ലാവരും ജീവൻ പ്രാപിക്കാനും സമൃദ്ധിയിലേക്കു വളരാനും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മൾ ദൈവമക്കളാണ്, ദാസരോ അടിമകളോ അല്ല. പാപത്തിനു അടിമകൾ എന്നത് ഒരർത്ഥത്തിൽ ഹൃദയകാഠിന്യവും വേറൊരർത്ഥത്തിൽ, ജീവൻ തേടുന്ന നിർബലതകളുമാണ്. തുറന്നു കൊടുത്താൽ സ്വാതന്ത്ര്യവും ജീവനും പകരുന്നത് ദൈവം തന്നെയാണ്. അത് മോചനദ്രവ്യം വഴിയായല്ല സ്വന്തം സ്വഭാവത്തിൽ നിന്ന് തന്നെ. ജീവന്റെ, നന്മയുടെ സമൃദ്ധി എന്ന ആ ദൈവസ്വഭാവമാണ് കുരിശിലെ ക്രിസ്തുസമീപനത്തിൽ കാണേണ്ടത്. ചെറുതും വലുതുമായ കുറവുകൾക്കെല്ലാം ശിക്ഷ കണക്കാക്കി വയ്ക്കുന്ന ഒരു ദൈവത്തെയാണ് കാണുന്നതെങ്കിൽ ക്രിസ്തുവിന്റെ മരണം പരിഹാരവും പിഴയോ മോചനദ്രവ്യവുമാണ്. അപ്പോൾ, അത് നമ്മെയും പരിഹാരം ചെയ്ത് അനുഗ്രഹങ്ങളും സമാധാനവും ഉറപ്പാക്കേണ്ട ആത്മീയതയിലേക്ക് നയിക്കും. നീതി, ജീവൻ, സ്നേഹം, കരുണ എന്നിവ കൂടുതൽ ആഴമുള്ള പരസ്പരബന്ധം പുലർത്താൻ ക്ഷണിക്കുന്നു. അതുകൊണ്ടുതന്നെ അവയെ സൗകര്യപൂർവ്വം മാറ്റിനിർത്തുവാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. ദൈവം സ്നേഹമാണെന്നു പറയുന്നെങ്കിലും അടുത്ത ക്ഷണം തന്നെ വ്യവസ്ഥകളുടെ ഊന്നൽ കൊടുത്തുകൊണ്ട് കണക്കു വയ്ക്കുന്ന ദൈവത്തിലേക്ക് സ്വയം എടുത്ത് വയ്ക്കും. "നിങ്ങൾ പരിഹാരം/പിഴ/പ്രായശ്ചിത്തം ഏറ്റെടുക്കൂ ഞാൻ അനുഗ്രഹിക്കാം, സമാധാനം നൽകാം" എന്നവിധം  പരിഹാരങ്ങൾ ദൈവം ആവശ്യപ്പെടുന്നുണ്ടോ? 

ദൈവത്തോടുള്ള അനീതി എന്ന നിലയിൽ മതപരമായ കാര്യങ്ങളെ വളരെ കണിശമായി നിരീക്ഷിക്കുമ്പോൾ സത്യത്തിൽ ദൈവം വേദനിക്കുന്ന നീതിനിഷേധങ്ങളെ നമ്മൾ കാണാറില്ല എന്നതാണ് സത്യം. അവിടെയൊക്കെ പരിഹാരത്തിന്റെ അർത്ഥം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ദൈവരാജ്യം സത്യമായ അനുഭവമാകുമായിരുന്നു. ആ പരിഹാരത്തിനാണു കരുണ എന്ന് പറയുന്നത്. ആ കരുണ ജീവനോളം വിലയേറിയതാണ്, സ്നേഹം നിറഞ്ഞതാണ്, ആത്മശൂന്യവൽക്കരണം ഉൾക്കൊള്ളുന്നതാണ്.

ഗാഗുൽത്താ

ഗാഗുൽത്തായിലേക്കു കയറിയവർ ഒരുപാടു പേരുണ്ടായിരുന്നു. അനീതിക്കിരയായാണ് മരണം നേരിട്ടതെങ്കിലും സ്നേഹത്തിന്റെ അടയാളമായി ആത്മത്യാഗമായി അത് കടന്നുപോകുവാൻ ക്രിസ്തുവിനു കഴിഞ്ഞു. കാൽവരി യാത്ര ജീവദായകമാകുന്നത് അതേപോലെ ജീവിതയാത്രകൾ ഉണ്ടാകുമ്പോഴാണ്. നുണകൾ വഴി സ്വയം നീതീകരിച്ച് നിയമിതമായിത്തന്നെ ദൈവപുത്രനെ ക്രൂശീകരിക്കാൻ അധികാരമുണ്ടായിരുന്ന പ്രധാനപുരോഹിതനും ഫരിസേയരും പട്ടാളക്കാരും ഗാഗുൽത്താ കയറി. അവരുടെ പാദങ്ങൾ ജീവദായകമായിരുന്നില്ല. 

ഏപ്രിൽ 04, 2023

ചിഹ്നങ്ങൾ

യാഥാർത്ഥ്യങ്ങളുടെ ശൂന്യത തീവ്രമാകുമ്പോഴാണ് ചിഹ്നങ്ങൾ അമിതപ്രാധാന്യം നേടുന്നത്. പോരാട്ട ചിഹ്നങ്ങളെന്ന പോലെ അത് എങ്ങുമെവിടെയും പ്രതിഷ്ഠിക്കപ്പെടും. പവിത്രതയിൽ സൂക്ഷിക്കപ്പെടേണ്ടവ, വിജയത്തിന്റെയും വെല്ലുവിളിയുടെയും പ്രതീകങ്ങളാകും. ഹൃദയനൈർമ്മല്യത്തിന്റെ ആത്മീയ യാത്രയാകേണ്ടവ രാഷ്ട്രീയ പ്രകടനത്തിന്റെ അവസരങ്ങളാകും. 

അർത്ഥപൂർണമായ അനുഷ്ഠാനങ്ങൾ മനുഷ്യജീവിതവും ദൈവകൃപയും ഒരുമിച്ചു ചാലിക്കാൻ അവസരം നൽകും. എന്നാൽ അതേ അനുഷ്ഠാനങ്ങൾ പ്രകടനങ്ങളാകുമ്പോൾ, അത് ദൈവരഹിതമാണ്, ആത്മശൂന്യമാണ്‌. ഭക്തിയെ ശക്തിപ്രകടനമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ മെഗാഷോകൾ ഉണ്ടാക്കും, എന്നാൽ ഭക്തർ വഴിയിൽ വീണുപോകും.

ഏപ്രിൽ 03, 2023

ബഥാനിയയിലെ തൈലാഭിഷേകം

 മരണവും സംസ്കാരവും യാഥാർത്ഥ്യത്തിലേക്കടുക്കുമ്പോൾ ആഴ്ന്നിറങ്ങുന്ന വേദന തന്നെയാകും. ബഥാനിയയിലെ തൈലാഭിഷേകം അവന് ആശ്വാസതൈലമാകുന്നത് അങ്ങനെയാവണം. ലാസറിന്റെ മരണത്തിലും ജീര്ണതയിലും പുതുജീവൻ അഭിഷേകമായി നല്കിയവനാണ് ക്രിസ്തു. മറിയത്തിനും കരുണയുടെ ആശ്വാസാഭിഷേകം അനുവദിച്ചവനാണ് അവൻ. മരണവും സംസ്കാരവും ലേപനമായി അവനെ കാത്തിരിക്കുന്നുമുണ്ട്.

മരണം ക്രിസ്തുവിനെ കാത്തിരുന്നത് കുരിശിൽ മാത്രമല്ല. വാക്കുകളിലും പ്രവൃത്തികളിലും സമീപനങ്ങളിലും അവൻ മരണത്തിന്റെ വില നൽകിക്കൊണ്ട് തന്നെയാണ് മുന്നോട്ടു നടന്നത്. അപമാനമായും, തിരസ്കരണമായും, അപഖ്യാതിയായും മരണം അവനെ വെല്ലുവിളിച്ചു. അത്തരുണത്തിലൊക്കെയും മരണപ്പെടുമായിരുന്നിട്ടും ഏറ്റവും ആഴമുള്ള സ്നേഹത്തോടെ അവൻ ജീവൻ പകർന്നു; കരുണയായും, സൗഖ്യമായും, സമാധാനമായും, സ്വീകാര്യതയായും. 

ദൈവനീതിക്കായി ആത്മാർഥമായി പ്രവർത്തിക്കുമ്പോഴെല്ലാം മരണവേദന സഹിക്കേണ്ടതായുണ്ട്. ആൾബലമോ അധികാരമോ താങ്ങായുണ്ടാവില്ല. കാരണം അനുരഞ്ജനവും സമാധാനവും ആകർഷണീയമല്ല, അവ സ്വയംശൂന്യവത്കരണം ആവശ്യപ്പെടുന്നു. ശരികളുടെയും നൈയാമികതയുടെയും പ്രവാചകർ സുലഭമാണെങ്കിലും, നീതിയുടെയും അനുരഞ്ജനത്തിന്റെയും പ്രവാചകർ ഇല്ലാത്തതു തിരസ്കരണത്തിന്റെ ഭീതിമൂലമാണ്. 'നീതിമാന്മാരും ഭക്തരും' സമാധാനത്തെ ഭയക്കുന്നു എങ്കിൽ, അസമാധാനം അവർക്കു എന്തൊക്കെയോ ലാഭങ്ങൾ ഉണ്ടാക്കുന്നു എന്നാണ് അർത്ഥം.  പെസഹദിനത്തിൽ സേവനശുശ്രൂഷയെക്കുറിച്ചും, ദുഃഖവെള്ളിയാഴ്ച ത്യാഗത്തെക്കുറിച്ചും ഈ ആഴ്ചയിൽ വരാൻ പോകുന്ന പ്രസംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആത്മവിശ്വാസത്തെയാണ് വിശ്വാസസമൂഹം ഇന്ന് ഭീതിയോടെ കാണേണ്ടത്. 

ജീവദായകമായ മരണത്തെ മാത്രമല്ല, നമ്മിലെ ജീർണ്ണതകളെയും എതിർക്കാനും പോരാടാനുമൊക്കെയാണ് ശീലിക്കുന്ന ആത്മീയതകൾ. ദൈവസ്നേഹത്തിന്റെ സമൃദ്ധിയിലേക്കു അവയെയൊക്കെ തുറന്നിടാൻ മാത്രമുള്ള ആത്മവിശ്വാസം ദൈവത്തെക്കുറിച്ചു നേടുക എന്നതാണ് പ്രധാനം. കുരിശ് ശിക്ഷ പ്രദര്ശിപ്പിക്കുന്നതാണെങ്കിൽ അത് സാധ്യമാവില്ല. മറിച്ച്, ആ ദയനീയ മുഖത്ത് സ്നേഹത്തിന്റെ അടയാളമാണെങ്കിൽ അത് നമ്മിലേക്കും വരും. എന്നിട്ട് അവ നമ്മിലെ ജീർണ്ണതകളെ സ്പർശിക്കുക എന്നതും പ്രധാനമാണ്. അത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ലാസറിലേക്കും മറിയത്തിലേക്കും പ്രവേശിച്ചതുപോലെ ആ ജീവൻ നമ്മിലും പ്രവേശിക്കും. കുരിശിൽ ശിക്ഷാദണ്ഡനം കാണുന്നവർ, മറിയം സുഗന്ധദ്രവ്യം പാഴാക്കിക്കളഞ്ഞെന്ന് പറഞ്ഞ യൂദാസിനെപ്പോലെയാണ്. അവർക്കു ആ മരണം പാഴാണ്, മാത്രമല്ല, അവർക്ക് ആ മരണത്തിൽ സ്നേഹത്തിന്റെ സുഗന്ധവുമില്ല. മോചനദ്രവ്യം കണക്കാക്കി കടങ്ങൾ നിലച്ചു നൽകുന്ന കർക്കശക്കാരനായ ദൈവമാണ് അവരുടെ ദൈവം. ശിക്ഷാവിധിയായിരുന്നില്ല ക്രിസ്തുവിന്റെ സുവിശേഷം, അത് ജീവന്റെ സമൃദ്ധിയെക്കുറിച്ചായിരുന്നു.

മരണം ലഹരിയായിരുന്നില്ല ക്രിസ്തുവിന്, പകരം അവൻ പാലിച്ച നീതിയുടെയും ചൊരിഞ്ഞ സ്നേഹത്തിന്റെയും മൂല്യമായിരുന്നു അവന്റെ മരണം. കുരിശും മരണവും, പാപവും ശിക്ഷയുമായി കാണുന്നത് ക്രിസ്തീയവിശ്വാസത്തിന്റെ പോരായ്മയാണ്. ദൈവസ്നേഹത്തിന്റെ അടയാളമായി കുരിശുമരണത്തെ കാണാൻ കഴിയുന്നെങ്കിലേ കുരിശിൽ ദൈവം എന്ത് ചെയ്തുവെന്ന് ഗ്രഹിക്കാനാകൂ. ആ ഗലീലി സംഭവങ്ങളും നമ്മുടെ അനുദിനജീവിതങ്ങളും യോജിക്കാതെ എങ്ങനെയോ ദൂരെ നില്കുന്നതിനാലാണ്‌ ജീവിക്കുന്ന സ്നേഹത്തെ അറിയാൻ സാധിക്കാതെ പാപവും ശിക്ഷയും കണ്ട് ഭക്തിയെയും വിശ്വാസത്തെയും വികലമാക്കുന്നത്. കുരിശിൽ കാണുന്നത് സ്നേഹമാണെങ്കിലേ, നമ്മിലെ ത്യാഗങ്ങൾക്കും മരണങ്ങൾക്കും അർത്ഥമുണ്ടാകൂ. അപരന്റെ ജീവന് വേണ്ടി സ്വന്തം ത്യാഗങ്ങളും നമ്മുടെ ജീവനായി അനേകരുടെ ത്യാഗങ്ങളും ആത്മാർഥമായി സംഭവിക്കുമ്പോൾ ക്രിസ്തു ജീവിക്കുന്നെന്നും, സത്യമായും നമ്മിൽ ജീവിക്കുന്നെന്നും അനുഭവവേദ്യമാകും.