Gentle Dew Drop

ഏപ്രിൽ 10, 2023

വിധേയപ്പെടുക

വിധേയപ്പെടുക എന്നത് പവിത്രതയണിഞ്ഞു തിളങ്ങി നിൽക്കുന്ന ഒരു വാക്കാണ്. എന്നാൽ സ്നേഹത്തിൽ നിന്നും ആദരവിൽ നിന്നും അത് വ്യത്യസ്തമാണെന്നും, ഇരയാക്കപ്പെടലിനെ അത് വല്ലാതെ ന്യായീകരിക്കുന്നെന്നും അതുകൊണ്ടുതന്നെ വിധേയപ്പെടലിന്റെ പ്രകീർത്തനം അനീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മനസ്സിലാക്കണം.

വിധേയപ്പെടൽ ഒരു ഗുണമാവണമെങ്കിൽ അത് സ്വാതന്ത്ര്യത്തിൽ നിന്നുള്ളതാവണം, മാത്രമല്ല അത് നന്മയെയും വളർച്ചയെയും ലക്‌ഷ്യം വെച്ചുള്ളതാവണം. തത്വത്തിൽ മാത്രമല്ല സത്യത്തിൽ അതുണ്ടാവണം. വിധേയത്വത്തിന്റെ ദുർവ്യാഖ്യാനങ്ങൾ ആർക്കു വിധേയപ്പെടുന്നു അവരുടെ താല്പര്യങ്ങളുടെ സംരക്ഷണത്തിനായി മാത്രമാക്കിത്തീർക്കുന്നു. 

ശ്രദ്ധാർഹമായ രണ്ടു വിധേയത്വങ്ങൾ പരിഗണനയർഹിക്കുന്നു: ഒന്ന് മക്കൾ അപ്പന് വിധേയരായിരിക്കണം എന്നതാണ്. അത് 'മാതാപിതാക്കൾക്ക്' എന്ന് പോലുമല്ല എന്നതും പ്രധാനമാണ്. കുടുംബത്തോട് മൊത്തമായി പാലിക്കപ്പെടുന്ന സ്വന്തം എന്ന അനുഭവത്തിൽ നിന്നേ മക്കൾക്ക് പക്വതയിലേക്കു വളർച്ചയുണ്ടാകൂ. "പിതാവ് താൻ ചെയ്യുന്നതെല്ലാം മക്കൾക്ക് കാണിച്ചു കൊടുക്കുന്നു" എന്ന ക്രിസ്തുവിന്റെ പ്രസ്താവന ഹൃദയമറിയുന്ന ബന്ധത്തെക്കുറിച്ചാണ്. ശിക്ഷണം ആവശ്യമായ ബാല്യകാലവും ആ ബന്ധത്തിൽത്തന്നെ വികസിക്കേണ്ടതാണ്. പക്വത പ്രാപിച്ച മക്കളും മാതാപിതാക്കളും തമ്മിൽ പരസ്പര വിധേയത്വവും ആദരവും തുറന്ന് കേൾവിയുമാണല്ലോ വേണ്ടത്. 

വിധേയത്വത്തിന്റെ ഏറ്റവും വികലമായ ധാരണകൾ ആവർത്തിക്കപ്പെടുന്നത് സ്ത്രീകളെക്കുറിച്ചാണ്. കെട്ടിച്ചു വിടേണ്ടതായതു കൊണ്ട് പഠിപ്പിച്ചത് കൊണ്ട് 'കാര്യം' ഒന്നുമില്ലെന്ന്‌ കരുതുന്ന ആളുകൾ പുറത്തെവിടെയൊക്കെയോ അല്ല, നമുക്കിടയിലെ ഉണ്ട്. വിവാഹാന്വേഷണത്തിലെ പല സമീപനങ്ങളിലും ഒരു വീട്ടുജോലിക്കാരിയെ ആണോ ഭാര്യയെയാണോ പുരുഷൻ വിവാഹത്തിൽ തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത് എന്നത് സമൂഹം തന്നെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ഭാര്യ ആർക്കൊക്കെയാണ് വിധേയയാവേണ്ടത്? കുടുംബത്തിന്റെ സമ്പ്രദായങ്ങളെന്ന പേരിൽ നല്ല പെണ്ണുങ്ങൾക്കായി പറഞ്ഞു വെച്ചിരിക്കുന്ന നിയമാവലികളിൽ മാനുഷികാന്തസ് പോലും നല്കപ്പെടാത്ത കാഴ്ചപ്പാടുകളുണ്ട്. അപ്പന് വിധേയനാകേണ്ട മകൻ എന്ത് കൊണ്ടാണ് ഭാര്യക്ക് വിധേയനാവേണ്ടതില്ലാത്തത്? പുരുഷനിൽ എന്ത് ദൈവിക അധികാരവും സത്യവുമാണ് ദൈവമോ മനുഷ്യനോ സമൂഹമോ വെച്ചുനൽകുന്നത്.

മേല്പറഞ്ഞതുപോലെ പരസ്പര വിധേയത്വവും ആദരവും തുറന്ന് കേൾവിയുമാണ് സുതാര്യവും പക്വവുമായ ഭാര്യാഭർതൃ ബന്ധത്തിലുണ്ടാവേണ്ടത്. അങ്ങനെ ഒരു അന്തരീക്ഷത്തിലേ മക്കൾ മാതാപിതാക്കളിൽ നിന്ന് പഠിക്കുകയും താന്തോന്നികളും വഴക്കാളികളും ആകാതിരിക്കുകയും ചെയ്യൂ. അനീതികൾ സഹിച്ച് സംസാരിക്കാൻ പോലും അവകാശമില്ലാത്ത സ്ത്രീ 'ഉത്തമകുടുംബസ്ഥ'യാകുന്നത് സഭക്ക് അപമാനമാണെന്നത് മറക്കരുത്. തികച്ചും അനീതിപരമായ സാഹചര്യങ്ങളിൽപ്പോലും adjust ചെയ്യാൻ ഉപദേശിക്കുന്ന സന്മനസുകൾ ചെയ്യുന്നത് ക്രൂരതയാണ്. അങ്ങനെ അനീതിയെ സമ്പ്രദായമാക്കിയ സാമൂഹിക സംവിധാനങ്ങൾക്കെതിരെ നില്കേണ്ടവരാണ് adjustment ഉപദേശിക്കുന്നത്.

സ്വന്തം അഭിപ്രായങ്ങളുടെയും ഇഷ്ടങ്ങളുടെയും കബറടക്കമാണ് വിവാഹം എന്ന വിധം പുരുഷൻ ശിരസ്സാവുന്നത് ക്രിസ്തുവിനു അഭിമാനമല്ല. അത്തരത്തിലല്ല ക്രിസ്തു സഭയെ സ്നേഹിച്ചത്. പുരുഷന്റെ ലൈംഗിക തൃഷ്ണകളുടെ സംതൃപ്തിക്കായുള്ള ഉപാധിയാണ് സ്ത്രീ എന്നത് ക്രൈസ്തവ വീക്ഷണമല്ല. പുരുഷൻ മാത്രമാണ് ലൈംഗിക ഉണർവുള്ളതെന്നോ സ്ത്രീ നിർവികാരയാണെന്നോ മനഃശാസ്ത്രമോ ശരീരശാസ്ത്രമോ theological anthropology യോ മനസ്സിലാക്കുന്നില്ല. പരസ്പര ബഹുമാനവും സ്നേഹവുമാണ് അവിടെ വേണ്ടത്. പുരുഷന്റെ തൃഷ്ണകൾക്കു വേണ്ടി വിധേയപ്പെടേണ്ടവളാണ് സ്ത്രീയെങ്കിൽ സ്ത്രീകളുടെ തൃഷ്ണയെ ബഹുമാനിക്കാനും പൂർത്തീകരിക്കാനും പുരുഷനും കടമയുണ്ട്. വിധേയത്വമെന്നത് ഉപകരണവത്കരണമാവരുത്. അകൽച്ച പാലിക്കാൻ താല്പര്യപ്പെടുന്നെങ്കിൽ അതും നിരാസമാണെങ്കിൽ അതും സ്നേഹത്തോടെ മനസിലാക്കാൻ ശ്രമിക്കുകയും സുതാര്യമായ സംഭാഷണങ്ങൾ വളർത്തുകയുമാണ് വേണ്ടത്. പകരം കുറ്റപ്പെടുത്തുന്ന സമീപനങ്ങൾ ആരോഗ്യപരമല്ല. മാത്രമല്ല, സ്ത്രീ കുറ്റപ്പെടുത്തപ്പെടുകയും പുരുഷന്റെ frustration-treat-mechanisms ന്യായീകരിക്കപ്പെടുകയും ചെയ്യുന്നത് വികലമായ ചിന്തയാണ്. അതേ സമയം സ്ത്രീകളുടെ frustrations എന്തുകൊണ്ടാണ് മൗനത്തിലേക്കാഴ്ത്തിക്കളയേണ്ടി വരുന്നത്.

മക്കളെ കുരിശുവര പഠിപ്പിക്കുന്ന അപ്പന് വിധേയപ്പെടുന്ന മക്കളെ ഉദാഹരണമാക്കുവാനാണ് മതധാർമ്മികബോധനം കൂടുതലും. അത് അധികാരികൾക്ക് 'വിശ്വാസികളോടുള്ള' സമീപനത്തിന് ചട്ടമാകുന്നു. ഭർത്താവിന് ഭാര്യയോടുള്ള ബന്ധം സഭക്ക് പൊതുവെ സ്ത്രീകളോടുള്ള സമീപനവുമാകുന്നു. വിധേയപ്പെടലിനു പരിശുദ്ധി കൂടും തോറും ആർക്കു  വിധേയപ്പെടുന്നോ അവർക്കും അവർ നിലനിർത്താൻ ശ്രമിക്കുന്ന സംവിധാനങ്ങൾക്കുമാണ് നേട്ടം. ഭക്തിയുടെയും വിശ്വാസത്തിന്റെയും സമ്പ്രദായങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പേരിൽ അതിന് സമരസപ്പെട്ടു പോകുന്നവർ ആ 'സ്വർഗ്ഗ'ത്തെ പ്രകീർത്തിച്ചു പാടും. എന്നാൽ ദൈവമക്കൾക്കുചിതമായ ആനന്ദം തങ്ങൾക്കു തുല്യമായി മറ്റുള്ളവർ അനുഭവിക്കരുതെന്ന് കരുതുന്ന ആധിപത്യം ആവശ്യപ്പെടുന്ന വിധേയത്വം കൃപാശൂന്യമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ