Gentle Dew Drop

ഏപ്രിൽ 23, 2023

രീതിശാസ്ത്രത്തിൽ വലിയ പിഴവ്

 സമീപിക്കുന്ന രീതിശാസ്ത്രത്തിൽ വലിയ പിഴവ് സംഭവിക്കുന്നു എന്നത് തിരിച്ചറിയാത്തതു കൊണ്ടല്ല, അത് അങ്ങനെ ആവുന്നതിൽ തെറ്റൊന്നുമില്ലെന്നു കരുതുന്ന ഒരു ജനത്തെ മുൻപിൽ കണ്ടുകൊണ്ടാണ് സഭ ആ പിഴവ് വരുത്തുന്നത്. വസ്തു നിഷ്ഠമായ നിരീക്ഷണങ്ങളും പഠനങ്ങളും നമ്മുടെ സംവിധാനങ്ങൾക്ക് അന്യമായി എന്നതാണ് പ്രാധാന്യമർഹിക്കുന്ന സത്യം. ദൈവമഹത്വം അകന്നു പോയ ബലിപീഠങ്ങൾക്ക് വെള്ളപൂശിനിർത്തും തോറും അതു കൂടുതൽ കരിമഷി ചാർത്തുകയാണെന്ന് അറിയായ്കയാണോ? അടിത്തറ തകർന്ന് ഭിത്തി വിണ്ടുകീറുമ്പോൾ കുമ്മായം പൂശി അത് അടക്കാൻ ശ്രമിക്കുകയാണെന്ന് സാമൂഹിക മത നേതാക്കളോട് എസെക്കിയേൽ പറഞ്ഞു.

വിശ്വാസത്തിന്റെ ബോധ്യങ്ങളിൽ വളരാനും ആരോഗ്യപരമായ സംവാദങ്ങളിൽ ഏർപ്പെടാനുമുള്ള കഴിവ് നേതൃത്വത്തിനോ, മതാദ്ധ്യാപകർക്കോ യുവപരിശീലകർക്കോ യുവജനങ്ങൾക്കോ ഇല്ലാതെ പോകുന്നതിന്റെ കാരണം എന്താണ്? വിശ്വാസത്തെക്കുറിച്ചും സഭയെക്കുറിച്ചും വചനഭാഷ്യത്തെക്കുറിച്ചും പക്വമായ പഠനത്തിനോ വിശകലനത്തിനോ വിമര്ശനത്തിനോ പരിശീലിപ്പിക്കുന്ന രീതിശാസ്ത്രത്തെ പാടെ അവഗണിച്ച് നിഷേധവും പ്രതിരോധവും ആക്രമണവും 'വിശ്വാസസമീപന'മാക്കുന്ന രീതിശാസ്ത്രം സത്യത്തെയോ ധാർമ്മികതയെയോ ആഴപ്പെടുത്തുന്നതല്ല. വിശ്വാസത്തിനുള്ളിൽ അതിനുള്ള യുക്തി, ചരിത്രത്തോടും ശാസ്ത്രത്തോടുമുള്ള ബന്ധവും ഒത്തുപോകലും വേണ്ടപോലെ അപഗ്രഥിക്കാനും വേണ്ട കഴിവിനെ പാടെ അവഗണിച്ചു കളയാൻ നമ്മൾ പരിശീലിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് ധ്യാനിക്കുന്നത് പ്രധാനമാണ്. ആ കഴിവില്ലായ്മകൊണ്ടുതന്നെ ആരെങ്കിലും ആ മേഖലകളിൽ വിശ്വാസത്തെ ആക്രമിക്കുമ്പോൾ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ബോധ്യങ്ങൾ ഉലയുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളെ ഒരുക്കത്തോടെ പരിഹാരം തേടാൻ പരിശ്രമിക്കുന്നതിനു പകരം സാമുദായികമായ അധിക്ഷേപങ്ങൾ പരിഹാരമായി ഉയർത്തിക്കാട്ടുകയും അത് വഴി സ്പർദ്ധയുണ്ടാക്കുന്ന സമീപനങ്ങളും കണ്ടു വരുന്നു. മാത്രമല്ല, തീർത്തും ബൗദ്ധികവും സാമൂഹികവുമായ അക്രമങ്ങൾ വിശ്വാസത്തെക്കുറിച്ചു നടക്കുമ്പോൾ അവയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. 'അപ്രാപ്യമായ പരിശുദ്ധി,' ഭക്തി, ഭവ്യത തുടങ്ങിയവയിൽ കുരുക്കിയിട്ട വിശ്വാസവും പോപ്പുലിസ്റ് പ്രവണതകൾക്ക് കീഴ്‌പ്പെട്ടു പോയ രാഷ്ട്രീയവത്കൃത ക്രിസ്തീയ വിഭാഗങ്ങളുടെ ഏജന്റ്മാരായിക്കഴിഞ്ഞ മതപ്രബോധകരും സുവിശേഷത്തിൽനിന്നു വ്യത്യസ്തമായ രീതിശാസ്ത്രം ഉത്തരാധുനിക ക്രിസ്തീയതക്ക് നൽകി. അറിഞ്ഞോ അറിയാതെയോ നമ്മൾ അവക്ക് ഇരകളാണ്.
എന്തുകൊണ്ടോ സഭ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി രാഷ്ട്രീയപരമായ അടിമത്തമാണ്. സ്വതാല്പര്യസംരക്ഷണങ്ങൾക്കായി, നിലപാടുകൾക്കും മനഃസാക്ഷിക്കും വിരുദ്ധമായ രാഷ്ട്രീയ പിന്തുണക്കു ആവശ്യം പോലെ തയ്യാറാകുന്നതിൽ ധാർമ്മികബോധം ശൂന്യമാണ്. മാത്രമല്ല, അത്തരമൊരു രാഷ്ട്രീയ പുന്തുണക്കായി അപേക്ഷികമാക്കപ്പെടുന്ന ധാർമ്മികത വിശ്വാസികൾക്കിടയിൽ രൂപപ്പെടുത്തുന്ന ധാർമ്മിക ബോധവും സഭയുടെ സാമൂഹികപ്രബോധനങ്ങൾക്കു യോജിക്കുന്നവയല്ല. സഭ നിലകൊള്ളുന്ന രാഷ്ട്രീയ മൂല്യങ്ങൾ സ്വയം രക്ഷിക്കാനോ ഒരു സാമൂഹികശക്തിയാകുവാനോ അല്ല. ക്രിസ്തീയമൂല്യങ്ങൾ ഒരു മതഘടനക്കു അതീതമാണ്. അതുകൊണ്ടു തന്നെ ക്രിസ്തുവിന്റെ ദൈവരാജ്യവിഭാവന നമ്മുടെ സാമൂഹിക സംവിധാനങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനമാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യവും, സമത്വവും മനുഷ്യാന്തസ്സിനോടുള്ള ആദരവും ഹനിക്കപ്പെടുന്ന ഏതു നയവും ചെറുക്കപ്പെടുക എന്നത് ക്രിസ്തീയ മനഃസാക്ഷിക്ക്‌ സത്താപരമാണ്. അതിനാൽ, ചൂഷണം ചെയ്യപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്നത് സുവിശേഷഭാഗ്യങ്ങളുടെ യാഥാർത്ഥ്യവത്കരണമായി കാണാൻ സുവിശേഷം നമ്മെ പ്രേരിപ്പിക്കുന്നു. അധികാരസമീപനം, നയരൂപീകരണം, സാമൂഹിക സംവിധാനങ്ങൾ തുടങ്ങിയവ എങ്ങനെ പാവങ്ങളെയും ദളിതരെയും ആദിവാസികളെയും അതിൽ പരിഗണിക്കുന്നു, ഉൾപ്പെടുത്തുന്നു എന്നത് വളരെ ശ്രദ്ധയോടെ നോക്കിക്കാണാൻ നമുക്ക് കഴിയുന്നെങ്കിലേ, ക്രിസ്തുവിന്റെ നീതിബോധവും അനുകമ്പയും സഭയിലുണ്ടാകൂ. നീതിബോധത്താൽ പ്രേരിതമാകുന്ന രാഷ്ട്രീയനിലപാടുകൾ ഉണ്ടെങ്കിലേ അത് സഭയുടെ പൊതുബോധമായി കാണപ്പെടൂ.
ബഫ്ഫർ സോണിന്റെയും കർഷകരുടെ ആവശ്യങ്ങളുടേയുമൊക്കെ പ്രസ്താവനകൾക്ക് വേണ്ട ശബ്ദം ഇല്ലാത്തതിന്റെ കാരണം പൊതുവായ ധാർമ്മിക അടിത്തറ നൽകാൻ പല അവസരങ്ങളിൽ പരാജയപ്പെട്ടു എന്നതാണ്. മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ പൊതുപങ്കാളിത്തം ഉറപ്പാക്കേണ്ടിയിരുന്ന പല വിഷയങ്ങളിലും, സഭയുടേതെന്ന ചുരുങ്ങിയ പ്രതിഷേധങ്ങളിലേക്കു അടക്കി നിർത്തി. പ്രശ്നപരിഹാരങ്ങൾക്കപ്പുറം, അവ ഉയർത്തിക്കാണിക്കുന്നതിലും പരിഹാരം ആവശ്യപ്പെടുന്നതിലും രാഷ്ട്രീയവിലപേശലുകളും സാമുദായിക ധ്രുവീകരണവും നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളുണ്ടായി. അവ പലപ്പോഴും കൂടുതൽ പ്രധാനവുമായി. സാമൂഹികമോ സാംസ്കാരികമോ സാമ്പത്തികമോ ആയ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളെ വെല്ലുവിളിയുടെയും അധിക്ഷേപത്തിന്റെയും ശൈലിയിൽ തീർത്തും സങ്കുചിതമായ രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് പരിഹരിക്കാൻ എങ്ങനെ കഴിയും. ആഗോള തലത്തിലും ദേശീയ തലത്തിലും പ്രസ്തുത പ്രശ്നങ്ങളെ സ്വാധീനിക്കുന്ന നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും തുറന്നു കാട്ടാൻ കഴിയുന്ന പഠനങ്ങൾ നടത്താതെയാണ് ഈ പ്രസ്താവനകൾ ഉണ്ടാവുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
നിയമമായും, സാമൂഹിക നിർദ്ദേശമായും പലയാവർത്തി പഴയനിയമം ഓർമ്മിപ്പിക്കുന്നതാണ് അഭയാർഥികളോട് ദയ കാണിക്കുകയെന്നത്. ഒരിക്കൽ നിങ്ങളും അഭയാർത്ഥികളായിരുന്നു എന്ന് ഓർക്കണമെന്നും അവ പറയുന്നു. മാത്രമല്ല പാവങ്ങളോട് കാരുണ്യം കാണിക്കുന്ന ദൈവം നാടോടികളായ ഏതൊരു വംശത്തിന്റെയും ആഴമുള്ള അനുഭവം തന്നെയാകും. അന്യസംസ്ഥാന തൊഴിലാളികളെ ഒറ്റപ്പെടുത്താനും അവരെ മതം തിരിച്ചു സംശയിക്കാനുമുള്ള ആഹ്വാനങ്ങൾ 'ഔദ്യോഗികമല്ലെങ്കിലും' 'പൊതു'വായി വളരുന്നതാണ്. അവർക്കു വേണ്ടി കരുതിയില്ലെങ്കിലും സഭയെന്ന നിലയിൽ അവരെ ചേർത്ത് നിർത്തേണ്ടതാണ്. ഒരു ഔദാര്യമെന്ന തരത്തിൽ ഹിന്ദിക്കുർബാനക്കു അവസരമുണ്ടാക്കുന്നതല്ല അത്. അവരും മനുഷ്യരെന്ന നിലയിൽ അവരെ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളിൽനിന്ന് അവർക്കു കൂടി പ്രാതിനിധ്യം ഉണ്ടാകുന്ന അവസരങ്ങൾ കണക്കിലെടുക്കാൻ നമുക്ക് സാധിക്കണം. വെള്ളക്കാരിൽ ചിലരുടെ അഭയാർത്ഥി വിരുദ്ധത വിശുദ്ധമായി ആചരിക്കുന്ന ക്രിസ്തീയ ദേശീയത മറ്റു പല വിഷങ്ങളും പോലെ ഇവിടെയും ആവർത്തിക്കാൻ പ്രതിബദ്ധരായ അനേകർ ഇന്ന് നമുക്കിടയിലുണ്ട്.
ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള തീരുമാനങ്ങൾ കൂട്ടുത്തരവാദിത്തത്തിന്റെയാണ് എന്ന വത്തിക്കാൻ സഭാ കോടതിയുടെ നിരീക്ഷണം പൊതുസമൂഹത്തിന്റെ മുമ്പിൽ വ്യക്തത ആവശ്യപ്പെടുന്നതാണ്. അന്വേഷണകമ്മീഷനുകളുടെ നിരീക്ഷണങ്ങൾ, വിവിധ ഫോറങ്ങളുടെ നടപടികൾ ശുപാർശകൾ, അനുമതികൾ തുടങ്ങിയവയുടെ ശരികളെയും തെറ്റുകളെയും കുറിച്ചുള്ള വ്യക്തത നൽകിയെങ്കിൽ മാത്രമേ സഭയുടെ നിഷ്കളങ്ക മുഖം സമൂഹത്തിനു (വിശ്വാസികൾക്കിടയിൽ പോലും) മുമ്പിലുണ്ടാകൂ. അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന സന്ദേഹത്തിന്റെ നിസ്സഹായാവസ്ഥയാവും അവശേഷിക്കുക. കാശെറിഞ്ഞു സൃഷ്ടിക്കുന്ന നീതിയാണ് സഭയുടേതെന്ന പൊതു അഭിപ്രായം കണ്ണടച്ച് കളയാൻ ആകില്ലാത്തതുകൊണ്ടാണ് സത്യങ്ങൾ വെളിവാക്കിക്കൊണ്ടുതന്നെ സ്വന്തം നിഷ്കളങ്കത തുറന്നു കാണിക്കേണ്ടത്. ഒരാൾക്ക് സ്വയമേവ നടത്താവുന്ന വ്യവഹാരങ്ങൾ, കൗൺസിലിന്റെ കൂടിയാലോചനയോടെ നടത്താവുന്നവ, വ്യക്തിസഭയെന്ന നിലയിൽ സിനഡിനോട് ആലോചിച്ചു നടത്താവുന്നവ, വത്തിക്കാൻ കാര്യാലയത്തിന്റെ അനുമതിയോടെ നടത്താവുന്ന എന്നിവയിലെ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എന്നാണല്ലോ "ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള തീരുമാനങ്ങൾ കൂട്ടുത്തരവാദിത്തത്തിന്റെയാണ്" എന്നതിന്റെ അർത്ഥം. വിശ്വാസികൾക്കും പൊതുസമൂഹത്തിനും അത് വ്യക്തമാവട്ടെ.
ധാർമ്മികതയുടെ അപേക്ഷികതയിൽത്തന്നെയാണ് സഭയുടെ രീതിശാസ്ത്രത്തിന്റെ ഭയാനകമായ വീഴ്ച. അത് തന്നെയാണ് ആളുകളെ അകറ്റുന്നതും. കുടിശ്ശികകൾക്കു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാവാതെ വിവാഹം-മാമോദീസ-കുർബാനസ്വീകരണം തുടങ്ങിയ അവസരങ്ങളിൽ നടത്തിയിട്ടുള്ള കടുംപിടുത്തങ്ങൾ എത്രയോ പേർക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ഒരു രൂപതക്കർഹമായ പരിഹാരത്തുകയെക്കുറിച്ച് മറ്റൊരു രീതിശാസ്ത്രം പാലിക്കേണ്ടത് എന്ത് ന്യായമാണ്. സർക്കാറിനു നൽകേണ്ടിയിരുന്ന നികുതി നൽകാതിരുന്നത് എങ്ങനെ ന്യായീകരിക്കും? അതിലെ ശരികേട് പിഴ അടച്ചത് കൊണ്ട് തീർക്കാവുന്നതല്ല. ചിലപ്പോൾ കോടതികളെ സ്തുതിക്കാനും ചിലപ്പോൾ ഇകഴ്ത്താനും ഉള്ള മാനദണ്ഡം സ്വതാല്പര്യസംരക്ഷണം ആണെങ്കിൽ ആ രീതിശാസ്ത്രവും ശരിയാവില്ല.
അതിപുരാതന ക്രിസ്തീയ കുടുംബങ്ങളിലെ ഹുങ്കും മേനിപറച്ചിലും നിർമ്മിക്കുന്ന സുരക്ഷാബോധം എല്ലാ ക്രിസ്ത്യാനികളുടെയും ജീവിതസാഹചര്യങ്ങളെ മനസിലാക്കാനുള്ള മാനദണ്ഡമാക്കാൻ കഴിയില്ല. ഉയർന്ന ജാതിയാണെങ്കിൽ പോലും ക്രിസ്ത്യാനിയായാൽ അവർ ഏറ്റവും അധഃകൃതരാണ്. വെള്ളവും വൈദ്യുതിയും പാചകവാതകവും നിഷേധിക്കപ്പെടുമ്പോൾ അവ തീർത്തും അയൽവക്ക വഴക്കും നിയമലംഘനത്തിന്റെ തുടർനടപടികളുമൊക്കെയായി പറയുമ്പോൾ അത് ഏറ്റു ചൊല്ലാം. നമ്മൾ മാത്രം ക്രിസ്ത്യാനികളായി തുടർന്നാൽ മതിയെന്ന് സുഖകരമായി പറയുകയും ചെയ്യാം. അങ്ങനെ ചട്ടയിലേക്കും മേൽമുണ്ടിലേക്കും ഉയരുന്ന ആഢ്യത ക്രിസ്തുവിൽ നിന്നും എത്രയോ അകലെയാണ്?

പൗരോഹിത്യത്തിന്റെ അനുഷ്ഠാനപരത സഭാസ്നേഹത്തെ അധികാരധ്രുവീകരണത്തിലേക്കു തള്ളിയിടും. ത്യാഗം/ബലി ഒരു പുണ്യമായും അനുഷ്ടാനമായും കാണപ്പെടുന്നതിലെ വ്യത്യാസം വളരെ പ്രധാനമാണ്. ക്രിസ്തുവിന്റെ ജീവിതവും സഹനവും മരണവും ത്യാഗത്തെ പുണ്യമായിട്ടാണ് കണ്ടത്. ഇതേ വ്യത്യാസം പൗരോഹിത്യത്തിനുമുണ്ട്. അത് പുണ്യമാകാം, അനുഷ്ഠാനമാകാം. അനുഷ്ഠാനവത്കരിക്കപ്പെടുന്ന പൗരോഹിത്യം എപ്പോഴും ഒരു ഒളിത്താവളമായി മാറും (ശുശ്രൂഷ-പുരോഹിതരായാലും അത്മായരായാലും). ഈ ഒളിത്താവളത്തിൽ സുരക്ഷയിൽ സുഖകരമായി ചുറ്റിത്തിരിയുന്നതാണ് വിശ്വാസവും ഭക്തിയും എന്ന് ബോധ്യപ്പെടുത്തിയതും ഇതേ പൗരോഹിത്യസംവിധാനം തന്നെ. ത്യാഗവും പൗരോഹിത്യവും പുണ്യമെന്ന നിലയിൽ കാണാൻ കഴിഞ്ഞാൽ സമൂലമായ മാറ്റം സഭയിലും കാണാൻ കഴിയും. ഇവ എല്ലാവരിലും കാണപ്പെടേണ്ടതാണ്, കാരണം അവ ക്രിസ്തുവിനെ അനുഭവവേദ്യമാക്കുന്നു. മാത്രമല്ല, അപ്പോൾ "നിങ്ങളുടെ പ്രവൃത്തികൾ കണ്ടുകൊണ്ട് അവർ ദൈവനീതിയെ പ്രഘോഷിക്കും" എന്നത് യാഥാർത്ഥ്യമാവുകയും ചെയ്യും. പക്ഷേ, ആ നീതി നിലവിലുള്ള സംവിധാനങ്ങളിൽ ആത്മാർത്ഥമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലോ? സുഖകരമായ സുരക്ഷകൾക്ക് മേൽ ദൈവരാജ്യം പ്രാധാന്യമർഹിക്കാത്തതു കൊണ്ട് കമനീയമായ സംവിധാനങ്ങളെ പവിത്രീകരിച്ചു സ്ഥാപനവത്കരിച്ചു നിർത്തുക എന്നതാണ് അനുഷ്ഠാനവൽക്കരിക്കപ്പെടുന്ന പൗരോഹിത്യം ചെയ്യുന്നത്. ആ സ്ഥാപനവത്കരണം സൂക്ഷ്മമായി ചെയ്യുന്നത് ആ സംവിധാനത്തോടും അധികാരത്തോടും ദൈവതുല്യമായ ഭക്തി രൂപപ്പെടുത്തുക എന്നതാണ്. അതുകൊണ്ടു തന്നെ സാമൂഹികപ്രബോധനങ്ങൾക്ക് നമ്മുടെ ഭക്തികളിൽ ഇടം ലഭിക്കാറില്ല. ഭവ്യതക്ക് പ്രവാചകത്വത്തിനു മീതെ മൂല്യം നൽകുന്നതും അതുകൊണ്ടാണ്.
'സഭ'ക്ക് വേണ്ടി സേവനം ചെയ്യാൻ തയ്യാറാകുന്ന സംഘടനകൾ, 'സഭ'യെ സ്നേഹിക്കുന്നവർ, 'സഭ'യെ സംരക്ഷിക്കുന്നവർ ഒക്കെ പാലിക്കുന്ന ഭവ്യത അനുഷ്ഠാനപരമാകുന്നത് സഭയുടെ തളർച്ചയും തകർച്ചയുമാണ്. ഈ സ്നേഹവും സംരക്ഷണവും എന്തുകൊണ്ടോ നൂറ്റാണ്ടുകൾക്കും അപ്പുറം ഒരു കാല്പനികകാലത്തു കൂടാരമടിച്ചിരിക്കുന്നതു വീണ്ടും അനുഷ്ടാനത്തിന്റെ ആദര്ശപരതയാണ്, വിശ്വാസമോ ഭക്തിയോ അല്ല. അതേ സംരക്ഷകർ സഭാസ്നേഹമെന്ന നിലയിൽ പേപ്പസിയെ ജോൺ പോൾ രണ്ടാമനിലും ബെനഡിക്ട് പതിനാറാമനിലും അടിച്ചുറപ്പിക്കുമ്പോൾ, മനഃപൂർവ്വം ഫ്രാൻസിസ് മാർപാപ്പയുടെ നീതിക്കായുള്ള ക്ഷണത്തെ അവഗണിച്ചു മാറ്റി നിർത്തുന്നു. രാഷ്ട്രീയവത്കരിക്കപ്പെടുന്ന വിശ്വാസത്തിന് ഉദാഹരണം കൂടിയാണിത്. ജോൺ പോൾ രണ്ടാമനൊപ്പം യാത്ര എന്നൊക്കെ പേരിൽ നടത്തപ്പെട്ടുന്ന ഉദാത്തമായ പ്രയത്നങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രേരണകളെ ബോധപൂർവ്വം നഗണ്യമാക്കുന്നവർ സഭയുടെ യാത്രയെ മാറ്റി നിർത്തി സഭാസംരക്ഷണത്തിനായി തങ്ങളുടേതായ യാത്രകൾ ഒരുക്കുമ്പോൾ വഴിതിരിയുന്ന യാത്രകളാണവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ