"വിശ്വാസവും വിവേകവും സമരസപ്പെട്ടിരിക്കുന്നതാണ് ബുദ്ധിമാനായ ശിഷ്യൻറെ ലക്ഷണം," സുവിശേഷത്തിന്റെ പുതിയ പതിപ്പുകളിൽ ഭാഗമാണ്. "സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക" എന്നതാണ് സൂചകവാക്യം. എന്നാൽ "മാമ്മോനെയും ദൈവത്തെയും ഒരുവന് ഒരുമിച്ചു സേവിക്കാൻ കഴിയില്ല" എന്നത് ഈ പതിപ്പ് കാര്യമായെടുത്തിട്ടില്ല. വിവേകമുള്ള വിശ്വാസം എന്തിനോടാണ് സമരസപ്പെടേണ്ടത് എന്നത് ശ്രദ്ധിക്കണം. സീസറുമായുള്ള ചങ്ങാത്തത്തിലൂടെ സീസറിനു നികുതി കൊടുക്കുന്നതിൽ നിന്ന് ഒഴിവു വാങ്ങുക എന്നല്ല യേശു പറഞ്ഞത്.
സമരസപ്പെട്ടിരുന്നെങ്കിൽ ക്രിസ്തുവിന് ഏറ്റവും പ്രഭാവശാലിയായ ആൾദൈവമാകമായിരുന്നു. ഹേറോദേസിനെയോ പീലാത്തോസിനെയോ മറികടന്ന് സീസറുമായും സമരസപ്പെട്ട് ആ ദേശം മുഴുവൻ ഭരിക്കുന്ന അധികാരിയാകാമായിരുന്നു.
നീതിയെയും നന്മയെയും അവഗണിച്ചുകളയുന്ന ലാഭങ്ങളും അധികാരങ്ങളും ക്രിസ്തുശിഷ്യന്റെ വിവേകത്തിന്റെ ലക്ഷണമല്ല. ക്രിസ്തുവിനെത്തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള സമരസപ്പെടലുകളെ ശിഷ്യന്റെ വിവേകങ്ങൾ എന്ന് വിളിക്കാമെങ്കിൽ അവർ 'ലോകത്തിന്റെ മക്കളുടെ പ്രകാശം' അണിഞ്ഞവരാണ്. നിങ്ങൾ അങ്ങനെയാവരുത് എന്ന് പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പാഠങ്ങളിൽ ഒന്ന് കൂടിയാണത്. ക്രിസ്തുവൊന്നും ഇന്ന് പ്രായോഗികമല്ല എന്ന് കരുതുന്ന സുവിശേഷം പണിതുയർത്തിയ സഭയും ക്രിസ്തുവിന്റേതല്ല. എന്നിട്ട് ആ സഭയോട് അനുസരണം ആവശ്യപ്പെടുന്നത് നിരസിക്കുക എന്നതാണ് ക്രിസ്തുമനഃസാക്ഷിയുടെ യഥാർത്ഥ വിവേകം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ