മരണവും സംസ്കാരവും യാഥാർത്ഥ്യത്തിലേക്കടുക്കുമ്പോൾ ആഴ്ന്നിറങ്ങുന്ന വേദന തന്നെയാകും. ബഥാനിയയിലെ തൈലാഭിഷേകം അവന് ആശ്വാസതൈലമാകുന്നത് അങ്ങനെയാവണം. ലാസറിന്റെ മരണത്തിലും ജീര്ണതയിലും പുതുജീവൻ അഭിഷേകമായി നല്കിയവനാണ് ക്രിസ്തു. മറിയത്തിനും കരുണയുടെ ആശ്വാസാഭിഷേകം അനുവദിച്ചവനാണ് അവൻ. മരണവും സംസ്കാരവും ലേപനമായി അവനെ കാത്തിരിക്കുന്നുമുണ്ട്.
മരണം ക്രിസ്തുവിനെ കാത്തിരുന്നത് കുരിശിൽ മാത്രമല്ല. വാക്കുകളിലും പ്രവൃത്തികളിലും സമീപനങ്ങളിലും അവൻ മരണത്തിന്റെ വില നൽകിക്കൊണ്ട് തന്നെയാണ് മുന്നോട്ടു നടന്നത്. അപമാനമായും, തിരസ്കരണമായും, അപഖ്യാതിയായും മരണം അവനെ വെല്ലുവിളിച്ചു. അത്തരുണത്തിലൊക്കെയും മരണപ്പെടുമായിരുന്നിട്ടും ഏറ്റവും ആഴമുള്ള സ്നേഹത്തോടെ അവൻ ജീവൻ പകർന്നു; കരുണയായും, സൗഖ്യമായും, സമാധാനമായും, സ്വീകാര്യതയായും.
ദൈവനീതിക്കായി ആത്മാർഥമായി പ്രവർത്തിക്കുമ്പോഴെല്ലാം മരണവേദന സഹിക്കേണ്ടതായുണ്ട്. ആൾബലമോ അധികാരമോ താങ്ങായുണ്ടാവില്ല. കാരണം അനുരഞ്ജനവും സമാധാനവും ആകർഷണീയമല്ല, അവ സ്വയംശൂന്യവത്കരണം ആവശ്യപ്പെടുന്നു. ശരികളുടെയും നൈയാമികതയുടെയും പ്രവാചകർ സുലഭമാണെങ്കിലും, നീതിയുടെയും അനുരഞ്ജനത്തിന്റെയും പ്രവാചകർ ഇല്ലാത്തതു തിരസ്കരണത്തിന്റെ ഭീതിമൂലമാണ്. 'നീതിമാന്മാരും ഭക്തരും' സമാധാനത്തെ ഭയക്കുന്നു എങ്കിൽ, അസമാധാനം അവർക്കു എന്തൊക്കെയോ ലാഭങ്ങൾ ഉണ്ടാക്കുന്നു എന്നാണ് അർത്ഥം. പെസഹദിനത്തിൽ സേവനശുശ്രൂഷയെക്കുറിച്ചും, ദുഃഖവെള്ളിയാഴ്ച ത്യാഗത്തെക്കുറിച്ചും ഈ ആഴ്ചയിൽ വരാൻ പോകുന്ന പ്രസംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആത്മവിശ്വാസത്തെയാണ് വിശ്വാസസമൂഹം ഇന്ന് ഭീതിയോടെ കാണേണ്ടത്.
ജീവദായകമായ മരണത്തെ മാത്രമല്ല, നമ്മിലെ ജീർണ്ണതകളെയും എതിർക്കാനും പോരാടാനുമൊക്കെയാണ് ശീലിക്കുന്ന ആത്മീയതകൾ. ദൈവസ്നേഹത്തിന്റെ സമൃദ്ധിയിലേക്കു അവയെയൊക്കെ തുറന്നിടാൻ മാത്രമുള്ള ആത്മവിശ്വാസം ദൈവത്തെക്കുറിച്ചു നേടുക എന്നതാണ് പ്രധാനം. കുരിശ് ശിക്ഷ പ്രദര്ശിപ്പിക്കുന്നതാണെങ്കിൽ അത് സാധ്യമാവില്ല. മറിച്ച്, ആ ദയനീയ മുഖത്ത് സ്നേഹത്തിന്റെ അടയാളമാണെങ്കിൽ അത് നമ്മിലേക്കും വരും. എന്നിട്ട് അവ നമ്മിലെ ജീർണ്ണതകളെ സ്പർശിക്കുക എന്നതും പ്രധാനമാണ്. അത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ലാസറിലേക്കും മറിയത്തിലേക്കും പ്രവേശിച്ചതുപോലെ ആ ജീവൻ നമ്മിലും പ്രവേശിക്കും. കുരിശിൽ ശിക്ഷാദണ്ഡനം കാണുന്നവർ, മറിയം സുഗന്ധദ്രവ്യം പാഴാക്കിക്കളഞ്ഞെന്ന് പറഞ്ഞ യൂദാസിനെപ്പോലെയാണ്. അവർക്കു ആ മരണം പാഴാണ്, മാത്രമല്ല, അവർക്ക് ആ മരണത്തിൽ സ്നേഹത്തിന്റെ സുഗന്ധവുമില്ല. മോചനദ്രവ്യം കണക്കാക്കി കടങ്ങൾ നിലച്ചു നൽകുന്ന കർക്കശക്കാരനായ ദൈവമാണ് അവരുടെ ദൈവം. ശിക്ഷാവിധിയായിരുന്നില്ല ക്രിസ്തുവിന്റെ സുവിശേഷം, അത് ജീവന്റെ സമൃദ്ധിയെക്കുറിച്ചായിരുന്നു.
മരണം ലഹരിയായിരുന്നില്ല ക്രിസ്തുവിന്, പകരം അവൻ പാലിച്ച നീതിയുടെയും ചൊരിഞ്ഞ സ്നേഹത്തിന്റെയും മൂല്യമായിരുന്നു അവന്റെ മരണം. കുരിശും മരണവും, പാപവും ശിക്ഷയുമായി കാണുന്നത് ക്രിസ്തീയവിശ്വാസത്തിന്റെ പോരായ്മയാണ്. ദൈവസ്നേഹത്തിന്റെ അടയാളമായി കുരിശുമരണത്തെ കാണാൻ കഴിയുന്നെങ്കിലേ കുരിശിൽ ദൈവം എന്ത് ചെയ്തുവെന്ന് ഗ്രഹിക്കാനാകൂ. ആ ഗലീലി സംഭവങ്ങളും നമ്മുടെ അനുദിനജീവിതങ്ങളും യോജിക്കാതെ എങ്ങനെയോ ദൂരെ നില്കുന്നതിനാലാണ് ജീവിക്കുന്ന സ്നേഹത്തെ അറിയാൻ സാധിക്കാതെ പാപവും ശിക്ഷയും കണ്ട് ഭക്തിയെയും വിശ്വാസത്തെയും വികലമാക്കുന്നത്. കുരിശിൽ കാണുന്നത് സ്നേഹമാണെങ്കിലേ, നമ്മിലെ ത്യാഗങ്ങൾക്കും മരണങ്ങൾക്കും അർത്ഥമുണ്ടാകൂ. അപരന്റെ ജീവന് വേണ്ടി സ്വന്തം ത്യാഗങ്ങളും നമ്മുടെ ജീവനായി അനേകരുടെ ത്യാഗങ്ങളും ആത്മാർഥമായി സംഭവിക്കുമ്പോൾ ക്രിസ്തു ജീവിക്കുന്നെന്നും, സത്യമായും നമ്മിൽ ജീവിക്കുന്നെന്നും അനുഭവവേദ്യമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ