Gentle Dew Drop

ജൂൺ 29, 2021

മാനസാന്തരം, ദൈവരാജ്യം

'ഈ ലോകവുമായി' യാതൊരു ബന്ധവുമില്ലാത്ത എന്തോ ഒരു മായിക അവസ്ഥയായി ദൈവരാജ്യം കാണപ്പെടുന്നത് കൊണ്ട് സങ്കല്പം മാത്രമായി അത് തുടരുന്നു. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ് എന്ന് പറഞ്ഞ ക്രിസ്തു തന്നെയാണ് അത് ജീവിക്കാനുള്ള കൃപ തന്നത്. അത് ഗാലക്സികൾക്കുമപ്പുറത്തു വിദൂരതയിലുള്ള എന്തോ അല്ല, മനുഷ്യജീവിതവും, ലോകവുമായി ഒരു സ്പര്ശവുമില്ലാത്ത അവസ്ഥയുമല്ല, ദൈവരാജ്യ അവസ്ഥ കൃപയിലുള്ള ജീവിതമാണ്. നന്മ, ദയ നീതി, സമാധാനം, അനുരഞ്ജനം എന്നിവയൊക്കെയാണ് അതിലെ അവസ്ഥയും വെല്ലുവിളിയും. ദൈവത്താൽ ഭരിക്കപ്പെടുക എന്നതാണ് ദൈവരാജ്യം എന്ന കാഴ്ചപ്പാട്, രാജവാഴ്ചയുടെ രൂപകങ്ങൾ വെച്ചുകൊണ്ട് ദൈവപ്രവൃത്തിയെ മനസിലാക്കാൻ ശ്രമിക്കുന്നതാണ്. ഭരണം എന്നത് ഒരു മാന്ത്രികനിയന്ത്രണം അല്ല. ദൈവത്തിന്റെ ഭരണം സത്യമായും മനുഷ്യനെ സംബന്ധിച്ചിടത്തോളം വെളിപ്പെടുന്നത് മാനുഷികമായ ഗുണങ്ങൾ പൂർണതയിൽ പ്രകടമാകുമ്പോഴാണ്. ത്യാഗങ്ങളും, സമഗ്രതയും മറ്റു സൃഷ്ടികളിലും പ്രകടമാകുന്നതും ദൈവത്തിന്റെ പദ്ധതിയിലെ 'ഭരണം' തന്നെ. മനുഷ്യൻ കൃപയിൽ ആശ്രയിച്ചുകൊണ്ട് ആ തിരഞ്ഞെടുപ്പ് നടത്തേണ്ടത് മനുഷ്യാന്തസ്സിന്റെ പ്രത്യേക ഗുണമായ സ്വാതന്ത്ര്യത്തിൽ ദൈവം അനുവദിച്ചതാണ്. ഏതൊരു നന്മയും ആത്മാർത്ഥമായി ദൈവം കൃപ പകർന്നു നൽകുന്നു.
വി. വിൻസെന്റ് ഫെറർ ന്റെ കാലം സഭയിൽ പിളർപ്പുകളുണ്ടായിരുന്നു, യൂറോപ്പിൽ രാഷ്ട്രീയമായ അസ്ഥിരതയുണ്ടായിരുന്നു, പ്ലേഗ് പടരുന്നുണ്ടായിരുന്നു. മാനസാന്തരമെന്നത് കാലത്തിന്റേതായ വെല്ലുവിളികളും ഉയർത്തും. മാനസാന്തരം, ദൈവരാജ്യം എന്നിവ മുന്നോട്ടു വയ്ക്കുന്നവരിൽ ഇന്ന് സാമൂഹികവും സഭാപരവുമായ അസ്ഥിരത സൃഷ്ടിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാട്ടി സമാധാനമാര്ഗങ്ങളിലേക്കു നയിക്കുന്നവരുടേങ്കിൽ അവരാണ് സുവിശേഷവും ദൈവാരാജ്യവും കാണിച്ചു തരുന്നത്. ഈ പ്രക്രിയ ഇത്രമാത്രം അത്യാവശ്യമായ സാഹചര്യത്തിൽ അത്തരം സന്ദേശങ്ങളുടെ ദൗർലഭ്യം എന്തിന്റെ സൂചനയാണ്?

നന്മ നന്മയല്ലാതാവുന്നത്

കൊടുക്കുന്നവർക്കും, സ്വീകരിക്കുന്നവർക്കും (വൈകാരികവും സാമ്പത്തികവും സാമൂഹികവും സുസ്ഥിരതയും) ആരോഗ്യവും വളർച്ചയും വരുത്തുന്നെങ്കിലെ അത് നന്മയാകുന്നുള്ളു. നന്മ എന്നത് നിശ്ചയമായും സത്യവും നീതിയും ഉൾകൊള്ളുന്നു. കാര്യഗൗരവമില്ലാത്ത ഒരാൾക്ക് കൈയിൽ സഹായമെത്തിക്കുന്നതിനേക്കാൾ അയാൾക്ക്‌ വേണ്ടി വേണ്ട കരുതലോടെ കരുതി വയ്ക്കുന്നതാണ് നന്മ. ഒരാൾ, അയാളെ നശിപ്പിച്ചേക്കാവുന്നതരത്തിലുള്ള  വിഡ്ഢിത്തത്തിനു മുതിരുമ്പോൾ 'സ്നേഹത്തിന്റെ' പേരിൽ അയാളെ പിന്താങ്ങുന്നതും നന്മയല്ല. തഴയപ്പെടാതിരിക്കാൻ ആർക്കും എന്തും ചെയ്തുകൊടുക്കുന്ന നന്മമുഖങ്ങളുണ്ട്. സത്യത്തിൽ അവർ വൈകാരികമായും മറ്റു രീതികളും ഉപയോഗിക്കപ്പെടുകയാണെന്നു ഒരു പക്ഷെ അവർ അറിയുന്നില്ല. ചിലപ്പോൾ അറിഞ്ഞുകൊണ്ട്, നല്ല മുഖം കാത്തുസൂക്ഷിക്കുവാനായി തന്നെ അവർ ആ ചൂഷണത്തിന് വിധേയപ്പെടുകയും ചെയ്യുന്നു. അവിടെ നന്മയല്ല, അറിഞ്ഞുകൊണ്ട് വഞ്ചനക്ക് ഇരയാവുകയാണ്. സ്വാർത്ഥമാവുക എന്നതല്ല ഇതിന്റെ അർത്ഥം. മറിച്ച്, ഏതൊരു പുണ്യവുമെന്ന പോലെ നന്മയും വിവേകത്താൽ നയിക്കപ്പെടണം, സത്യത്തിന്റെ ധീരതയുണ്ടാവണം, നീതി ഉറപ്പാക്കുകയും വേണം.

അനീതി സഹിക്കുന്നത് ത്യാഗമല്ല, പീഢ തന്നെയാണ്. അനീതിയെ അനീതിയായിത്തന്നെ കണ്ടെങ്കിലേ അത് ചെറുക്കപ്പെടുകയുള്ളു.  ഉത്തരവാദിത്തങ്ങൾ ന്യായമായും ഉൾക്കൊള്ളുന്ന വെല്ലുവിളികൾ സഹനങ്ങളും കഷ്ടതകളും തീർച്ചയായും നൽകും. അതിൽ ഒരു കുടുംബത്തിനോ സമൂഹത്തിനോ ഉള്ള കൂട്ടുത്തരവാദിത്തത്തിൽ സഹനങ്ങളും ഒരുമിച്ചു സഹിക്കേണ്ടതായി വന്നേക്കാം. അധ്വാനം ഇല്ലാതെ ജീവിക്കാനാവില്ല, നന്നായി പഠിക്കാതെ വിജയിക്കാനാവില്ല, അത് നമുക്കറിയാം. എന്നാൽ പാവപ്പെട്ടവർ ചൂഷണം ചെയ്യപ്പെടുന്നതോ, കുട്ടികളോ സ്ത്രീകളോ പീഢിപ്പിക്കപ്പെടുന്നതോ ഒരിക്കലും ത്യാഗങ്ങളായല്ല കരുതപ്പെടേണ്ടത്. അത്തരം അവസ്ഥകളെ ചെറുക്കാത്ത സംവിധാനങ്ങൾ ആ അനീതികൾക്കു കൂട്ട് നിൽക്കുകയാണ്.

നന്മയാണ് ചെയ്യുന്നതെന്ന് തെറ്റിദ്ധരിച്ചു സ്വയം നഷ്ടപ്പെടുന്നവരുണ്ട്. ശുദ്ധഗതിക്കാരായവരെ ചൂഷണം ചെയ്യുന്നവരുണ്ട്. അനീതിയാണെന്ന് കണ്ടിട്ടും തിന്മകളെ ആത്മീയവത്കരിച്ചു അതിനെ സ്ഥിരീകരിക്കുന്ന അവസ്ഥകൾ നമ്മുടെ സംവിധാനങ്ങളായിൽ നിലനിൽക്കുന്നുണ്ട്. അത്തരം പശ്ചാത്തലങ്ങൾ ഒരു പുനർചിന്ത അർഹിക്കുന്നു.

ജൂൺ 27, 2021

ശാന്തമാകൂ, എണീക്കൂ, ജീവിക്കൂ.

ക്രിസ്തു വഞ്ചിയുടെ അമരത്തു കിടന്നുറങ്ങി. ജായ്‌റൂസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയാണെന്നു ക്രിസ്തു പറയുന്നു. കാറ്റിലകപ്പെട്ട തോണിയിലും, ജായ്‌റൂസിന്റെ വീട്ടിലും, അയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ രക്തസ്രാവക്കാരിക്ക് ലഭിക്കുന്ന സൗഖ്യപശ്ചാത്തലത്തിലും ചെറുതല്ലാത്ത അസ്വസ്ഥതകളുണ്ട്. കാര്യങ്ങളറിയാത്ത വിഡ്ഢിയായി ക്രിസ്തു പരിഹസിക്കപ്പെടുന്നുമുണ്ട്. 

ജീവനോടും ജീവിതത്തോടുമുള്ള ചില സമീപനങ്ങളെ ഇവ നന്നായി കാണിച്ചു തരികയാണ്. 

ക്രിസ്തുവിന്റെ മരണം ജീവൻ പകരുന്നതായിരുന്നു എന്നതാണ് ഏറ്റവും ആദ്യം ധ്യാനത്തിനായി മുമ്പിൽ വയ്കേണ്ടത്. ദൈവസൃഷ്ടിയിൽ, ജീവന്റെ വളർച്ചയിലും രൂപാന്തരങ്ങളിലും അമരത്വത്തേക്കാൾ ജീര്ണതക്കാണ് പങ്കു കൂടുതൽ. സ്വയം അലിഞ്ഞു നൽകുന്ന ത്യാഗങ്ങളിലേ ജീവൻ നവരൂപങ്ങൾ സ്വീകരിക്കൂ.

ജീവനെ അനുവദിക്കാത്ത രൂപങ്ങളും മനോഭാവങ്ങളുമാണ് മരണത്തെ കൊണ്ട് വരികയും വളർത്തുകയും ചെയ്യുന്നത്. ജീവനെ അവ മരവിപ്പിക്കുന്നു, മുരടിപ്പിക്കുന്നു. ഇത്തരം ദുഷ്ടമനോഭാവങ്ങളെ രൂപകാത്മകമായി പിശാചിന്റെ അസൂയ എന്ന് ജ്ഞാനം 2: 21, 24 കാണിച്ചു തരുന്നു. ചിലർ നുണകൾ പ്രചരിപ്പിച്ചു കൊണ്ട് വലിയ തകർച്ചകളുണ്ടാക്കുന്നു, ചിലർ അറിഞ്ഞു കൊണ്ട് തന്നെ വിദ്വേഷവും, വെറുപ്പും വിഭാഗീയതയും വളർത്തുന്നു. ജീവന്റെ സമഗ്രമായ വളർച്ചക്കുതകും വിധമുള്ള ആന്തരികഭാവങ്ങളും സാമൂഹിക സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിൽ വിദ്യാഭാസവും, സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളും, മതങ്ങളും പരാജയപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയണം. 

വായുവും ജലവും മണ്ണും വിഷം നിറച്ചുകൊണ്ട് നമ്മൾ നമ്മെയും, ഭൂമിയെയും ജീവനെതന്നെയും കൊന്നു കളയുകയാണ്. അതേ നമ്മൾ തന്നെയാണ് അനന്തജീവിതത്തെക്കുറിച്ചു വാചാലരാകുന്നത്. 

ഒരു സൗഖ്യവും ജീവനും അസാധ്യമാണെന്ന് പ്രചരിപ്പിച്ച് അസ്വസ്ഥതകളുണ്ടാക്കുന്നവർ അവരുടെ ബിസിനസിന് വേണ്ടത്ര ലാഭമുണ്ടാക്കുന്നുണ്ട്. പുതിയതരം രക്ഷയെ അവതരിപ്പിച്ചു കൊണ്ട് ജീവന്റെ വഴികളെയും ദൈവസാന്നിധ്യത്തെയും അവർ പരിഹസിക്കുകയാണ്. അവർ ഒരുക്കുന്ന സുരക്ഷാസങ്കേതങ്ങളിൽ മാത്രമാണ് ഇനി ആശ്രയം എന്നത് അവർ വിശ്വസനീയമാക്കി തീർത്തിരിക്കുന്നു.

ജീവന്റെയും, മറ്റു അനുഗ്രഹങ്ങളുടെയും ദാനം ജീവിതത്തിലെ സകല വേദനകളും കഷ്ടതകളും ഇല്ലാതാക്കിക്കൊണ്ടല്ല. നമ്മോടും പ്രകൃതിയോടും മനുഷ്യന്റെ ദുഷ്ടതയോടും നേരെനിന്ന് ഞെരുക്കത്തിലൂടെ  തന്നെയാണ് സർഗാത്മകമായ  പുതിയ ഊർജ്ജം സ്വീകരിക്കപ്പെടുന്നതും. 'ജീവിക്കുവാനുള്ള' നമ്മുടെ ത്രാണിയെക്കുറിച്ച്  പുനര്ചിന്തനം ചെയ്യേണ്ടതായിട്ടുണ്ട്. 

നമ്മൾ തീർച്ചയായും നശിക്കുകയാണ്, എന്നാൽ നമുക്ക് ഇനിയും പ്രത്യാശയുണ്ട്. നുണപ്രചാരണങ്ങളും അതിലെ സ്വാർത്ഥലാഭങ്ങളും വേണ്ടെന്നു വയ്ക്കാൻ നമുക്ക് കഴിയണം. വെറുപ്പും വിദ്വേഷവും നമ്മെത്തന്നെ നശിപ്പിക്കുകയേയുള്ളു എന്ന് തിരിച്ചറിയണം. Strong in Face of Tribulation: The Church in Communion - A Sure Support in Time of Trial, Let Us Dream: The Path to a Better Future എന്നിവ ജീവന്റെ ദിശയിൽ ഇന്ന് നമ്മെ നയിക്കാൻ കഴിയുന്ന  മാർപാപ്പയുടെ സന്ദേശങ്ങളാണ്.  അന്തർദേശീയമായ സഹകരണങ്ങൾക്കും സാമൂഹികസൗഹൃദങ്ങൾക്കും, പങ്കുവയ്ക്കലുകൾക്കും വലിയ പ്രാധാന്യം നൽകുന്ന ഇവ നമ്മെ ജീവന് ഭാവിയിലേക്കുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ക്ഷണിക്കുന്നു. ഇത് ഒരു കൂട്ടുത്തരവാദിത്തമാണ്, മനുഷ്യരുടെയും സകലസൃഷ്ടവസ്തുക്കളുടെയും!

മരണം ഭരണം നടത്തുന്നെന്ന് കരുതുന്ന നിമിഷങ്ങളിൽ പോലും നമ്മിലേക്ക്‌ പകരപ്പെടുന്ന ജീവന്റെ ശക്തി നമ്മിൽ പുതിയൊരു ക്രിസ്തുരൂപം തന്നെയാണ്. ഭീതിയിൽ നിന്നും ആലസ്യത്തിൽ നിന്നും മൃതഭാവങ്ങളിൽ നിന്നും ഉണരാനുള്ള സമയമായി. ശാന്തമാകൂ, എണീക്കൂ, ജീവിക്കൂ.

ജൂൺ 23, 2021

അഭിവാദന സ്വരം

എത്രയോ സന്ദേശങ്ങളുടെ അഭിവാദന സ്വരങ്ങളാണ് ഓരോ ദിവസവും നമ്മുടെ മനസ്സുകളിലേക്ക് വന്നെത്തുന്നത്. ആത്മാവിന്റെ സ്പർശം നൽകുന്ന, ആനന്ദം കൊണ്ട് നിറക്കുന്ന, സമാധാനം പകരുന്ന സന്ദേശങ്ങൾ അവയിൽ എത്രയുണ്ടാകും? പ്രത്യാശ പകരുന്ന, സൗഹൃദങ്ങളെ ബലപ്പെടുത്തുന്ന  സന്ദേശങ്ങൾക്കേ ആനന്ദവും സമാധാനവും പകരാൻ കഴിയൂ. 

മറിയത്തിന്റെ അഭിവാദന സ്വരം കേട്ടപ്പോൾ എലിസബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, അവളുടെ ഉദരത്തിൽ ശിശു ആനന്ദം കൊണ്ട് കുതിച്ചുചാടി. സക്കറിയ ആത്മാവിൽ നിറഞ്ഞു ദൈവനാമത്തെ  പ്രകീർത്തിക്കുന്നു. മരണത്തോടടുത്ത നാളുകളിൽ ശിഷ്യരെ പറഞ്ഞയച്ചു മനസിലാക്കിയ യേശുവിന്റെ പ്രവൃത്തികളിൽ പരിശുദ്ധാത്മാവിന്റെ അടയാളങ്ങൾ കണ്ടുകൊണ്ട്  വീണ്ടുമൊരിക്കൽക്കൂടി സാന്ത്വനവും ആനന്ദവും നിറഞ്ഞു യോഹന്നാനും ആശ്വസിക്കുന്നു. 

നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും!

പ്രവാചകൻ സത്യത്തിനു ചെവികൊടുക്കുന്നു, സത്യം സംസാരിക്കുന്നു, ആത്മാർത്ഥതയോടെ സത്യം തേടുന്നു. തീക്ഷ്ണതയും വിപ്ലവാത്മകതയും പ്രവാചകനെ രൂപപ്പെടുത്തുന്നില്ല. സത്യത്തിലുള്ള പ്രവാചകൻ ദൈവഹൃദയത്തിലൂടെ സത്യം കേൾക്കുന്നവനാണ്, രക്ഷയുടെ സദ്വാർത്ത അറിയിക്കുന്നവനാണ്, സമാധാന പാതയിൽ ജനത്തെ നയിക്കുന്നവനാണ്. 

സ്നാപകന്റെ സന്ദേഹങ്ങളിൽ ഏറ്റവും വലുത് സാക്ഷ്യം നൽകിയതും, ദൈവത്തിന്റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുത്തതും സത്യത്തിലുള്ള മിശിഹായെത്തന്നെയായിരുന്നോ എന്നതാണ്. അവന്റെ ശിഷ്യർ മടങ്ങി വന്നു പറഞ്ഞത് കാരാഗൃഹത്തിലെ ഇരുട്ടിലും വലിയ പ്രകാശം നൽകി. 

ദൈവഹൃദയത്തിന്റെ ദയാവായ്‌പോടെ സത്യത്തെ തേടുന്ന പ്രവാചകരായി  നമ്മളും രൂപാന്തരപ്പെടുകയാണ്. ജീവനിലേക്കും സമാധാനത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്ന സന്ദേശങ്ങൾ നമ്മെ ഓരോ ദിനവും അഭിവാദനം ചെയ്യട്ടെ. അതേ പോലെ മറ്റുള്ളവരെയും സമാധാനത്തിന്റെ പാതയിൽ നയിക്കാനാവട്ടെ. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ, മിശിഹായെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള രൂപങ്ങൾ ധ്യാനാത്മകമായ വെല്ലുവിളികൾക്കു വിധേയമാകട്ടെ. 

അപ്പോൾ നമുക്കും ദൈവത്തിന്റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിക്കാനാകും, നമ്മളും കത്തിജ്വലിക്കുന്ന വിളക്കാവുകയും ചെയ്യും. 

ജൂൺ 07, 2021

ജീവിക്കുന്ന മിത്തുകളെ അറിയേണ്ടത്

ചില കഥകൾ നമ്മെയും നമ്മുടെ ജീവിതസാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്നവയാണ്. പ്രതീകങ്ങളിലൂടെ നമ്മെയും പങ്കു ചേർക്കാൻ കഴിയുന്ന കഥകൾക്കാണ് മിത്തുകളുടെ സ്ഥാനമുള്ളത്. മിത്തുകൾ രൂപപ്പെടുകയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കാറുമുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നമ്മെ നയിക്കുന്ന മിത്തുകളെ വേണ്ട വിധം നിരൂപണ വിധേയമാക്കേണ്ടത് പ്രധാനമാണ്. 

ചിലപ്പോൾ നന്മകളുടെയും, ചിലപ്പോൾ യുദ്ധത്തിന്റെയും കുടിപ്പകയുടെയും മിത്തുകൾ ജന്മമെടുക്കും. വിശ്വസിക്കുവാനും പിഞ്ചെല്ലുവാനുമുള്ള നമ്മുടെ തീരുമാനമനുസരിച്ച് അവ പിന്നീട് നമുക്ക് പുതിയ രൂപം നൽകും. അവ നമ്മെ പരിപോഷിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. ആ കഥകൾ പറഞ്ഞവരെയോ അവരുടെ ഉദ്ദേശ്യങ്ങളെയോ നമ്മൾ തിരിച്ചറിഞ്ഞിട്ടു പോലുമുണ്ടാവില്ല. മിത്തുകളിലെ പങ്കെടുക്കൽ പ്രക്രിയയിൽ ഭാഗമായാൽ പിന്നീട്  ചിന്താരീതികളിലും സമീപനങ്ങളിലും മുഴുവൻ ശരികളായിരിക്കും. കാരണം വിശ്വസിക്കുന്ന മിത്തിലെ വിവരണങ്ങൾ അവയെ പ്രതിരോധിച്ചുകൊള്ളും.

മാരകമായ പ്രഹരശേഷിയുള്ള കഥകളും വിവരണങ്ങളുമാണ് ഇന്ന് നമ്മൾ വിശ്വസിച്ചു പാലിച്ചുകൊണ്ടിരിക്കുന്നത്. വ്യാജമായ ക്രിസ്തീയതയും ശൂന്യമായ ആചരണങ്ങളും വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്ന മിത്തുകളായി ശക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അവ ഏതൊക്കെയാണ്? അവ സൃഷ്ടിക്കുകയും, വിവരിക്കുകയും ചെയ്യുന്നത് ആരാണ്? അവരുടെ ലക്ഷ്യങ്ങൾ എന്താണ്? അവ വിശ്വാസത്തിലെ ശരികളായി അവർക്കു അവതരിപ്പിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ ശരികൾക്ക് അന്യമായിരുന്നിട്ടും അവയ്ക്കു  ഹൃദ്യമായ സ്വീകാര്യത ലഭിച്ചത് എങ്ങനെയാണ്?  

നന്മയുടെ പാതയിൽ ഒരു പുനർവായനയും പുനർവിവരണവും വളരെ അത്യാവശ്യമാണ്. പാലിച്ചു പോരുന്ന മിത്തുകളെ ഇടയ്ക്കിടെ പുറത്തുനിന്നു നോക്കേണ്ടത് നമ്മൾ സ്വയം വഞ്ചിതരാകുന്നില്ല എന്ന് ഉറപ്പു വരുത്താനും ആവശ്യമാണ്. വ്യാജദൈവങ്ങൾ അത് അനുവദിക്കാത്തപ്പോൾ, യഥാർത്ഥ ദൈവം കൂടെയിരുന്ന് ഈ പുനർവായനയിൽ പങ്കുചേരും. 

സഹായകമായേക്കാവുന്ന ചില ലേഖനങ്ങൾ ചുവടെ ചേർക്കുന്നു. നന്മ കാണുവാൻ ആഗ്രഹിക്കുന്നവർ ഇത്തരം സമൂഹനിരൂപണങ്ങളിലേക്കു കടക്കേണ്ടത് നമ്മളും സമൂഹവും നഷ്ടപ്പെട്ടുപോകാതിരിക്കാൻ വളരെ ആവശ്യമാണ്. 

Cusack, C. M. (2016). Fiction into religion: imagination, other worlds, and play in the formation of community. Religion, 46(4), 575–590. doi:10.1080/0048721x.2016.1210390  

Feldt, L. (2016). Contemporary fantasy fiction and representations of religion: playing with reality, myth and magic in His Dark Materials and Harry Potter. Religion, 46(4), 550–574. doi:10.1080/0048721x.2016.1212526 

Davidsen, M. A. (2016). The religious affordance of fiction: a semiotic approach. Religion, 46(4), 521–549. doi:10.1080/0048721x.2016.1210392 

Petersen, A. K. (2016). The difference between religious narratives and fictional literature: a matter of degree only. Religion, 46(4), 500–520. doi:10.1080/0048721x.2016.1221670

ജൂൺ 06, 2021

വെറുപ്പ് മരണമാണ്

വെറുപ്പ് ഉള്ളിൽ വിഷം നിറക്കുന്നു,
സ്വയം അന്ധമാക്കുന്നു.
പക നിറച്ച് കുടുംബക്കാരെയും നാട്ടുകാരെയും ഏറ്റെടുപ്പിക്കുന്നു.
വെറുപ്പ് നന്മകളെ തല്ലിത്തകർക്കുന്നു,

വിഷം വ്യാപിക്കുമ്പോഴും, അറിഞ്ഞുകൊണ്ട് തന്നെ ജീവനെ അകറ്റിനിർത്തിക്കൊണ്ട് വെറുപ്പ് പ്രതിരോധിക്കപ്പെടുന്നു.

വെറുപ്പ് മരണമാണ്

വെറുക്കുന്നവരെ വിഷപ്പാമ്പിനെ എന്ന പോലെ അത് വരിഞ്ഞു മുറുക്കും,
അവർ വിഷം പടർത്തുന്നവരെയും അവർ ഞെരുക്കിക്കൊല്ലും.