Gentle Dew Drop

ജൂൺ 23, 2021

അഭിവാദന സ്വരം

എത്രയോ സന്ദേശങ്ങളുടെ അഭിവാദന സ്വരങ്ങളാണ് ഓരോ ദിവസവും നമ്മുടെ മനസ്സുകളിലേക്ക് വന്നെത്തുന്നത്. ആത്മാവിന്റെ സ്പർശം നൽകുന്ന, ആനന്ദം കൊണ്ട് നിറക്കുന്ന, സമാധാനം പകരുന്ന സന്ദേശങ്ങൾ അവയിൽ എത്രയുണ്ടാകും? പ്രത്യാശ പകരുന്ന, സൗഹൃദങ്ങളെ ബലപ്പെടുത്തുന്ന  സന്ദേശങ്ങൾക്കേ ആനന്ദവും സമാധാനവും പകരാൻ കഴിയൂ. 

മറിയത്തിന്റെ അഭിവാദന സ്വരം കേട്ടപ്പോൾ എലിസബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, അവളുടെ ഉദരത്തിൽ ശിശു ആനന്ദം കൊണ്ട് കുതിച്ചുചാടി. സക്കറിയ ആത്മാവിൽ നിറഞ്ഞു ദൈവനാമത്തെ  പ്രകീർത്തിക്കുന്നു. മരണത്തോടടുത്ത നാളുകളിൽ ശിഷ്യരെ പറഞ്ഞയച്ചു മനസിലാക്കിയ യേശുവിന്റെ പ്രവൃത്തികളിൽ പരിശുദ്ധാത്മാവിന്റെ അടയാളങ്ങൾ കണ്ടുകൊണ്ട്  വീണ്ടുമൊരിക്കൽക്കൂടി സാന്ത്വനവും ആനന്ദവും നിറഞ്ഞു യോഹന്നാനും ആശ്വസിക്കുന്നു. 

നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും!

പ്രവാചകൻ സത്യത്തിനു ചെവികൊടുക്കുന്നു, സത്യം സംസാരിക്കുന്നു, ആത്മാർത്ഥതയോടെ സത്യം തേടുന്നു. തീക്ഷ്ണതയും വിപ്ലവാത്മകതയും പ്രവാചകനെ രൂപപ്പെടുത്തുന്നില്ല. സത്യത്തിലുള്ള പ്രവാചകൻ ദൈവഹൃദയത്തിലൂടെ സത്യം കേൾക്കുന്നവനാണ്, രക്ഷയുടെ സദ്വാർത്ത അറിയിക്കുന്നവനാണ്, സമാധാന പാതയിൽ ജനത്തെ നയിക്കുന്നവനാണ്. 

സ്നാപകന്റെ സന്ദേഹങ്ങളിൽ ഏറ്റവും വലുത് സാക്ഷ്യം നൽകിയതും, ദൈവത്തിന്റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുത്തതും സത്യത്തിലുള്ള മിശിഹായെത്തന്നെയായിരുന്നോ എന്നതാണ്. അവന്റെ ശിഷ്യർ മടങ്ങി വന്നു പറഞ്ഞത് കാരാഗൃഹത്തിലെ ഇരുട്ടിലും വലിയ പ്രകാശം നൽകി. 

ദൈവഹൃദയത്തിന്റെ ദയാവായ്‌പോടെ സത്യത്തെ തേടുന്ന പ്രവാചകരായി  നമ്മളും രൂപാന്തരപ്പെടുകയാണ്. ജീവനിലേക്കും സമാധാനത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്ന സന്ദേശങ്ങൾ നമ്മെ ഓരോ ദിനവും അഭിവാദനം ചെയ്യട്ടെ. അതേ പോലെ മറ്റുള്ളവരെയും സമാധാനത്തിന്റെ പാതയിൽ നയിക്കാനാവട്ടെ. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ, മിശിഹായെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള രൂപങ്ങൾ ധ്യാനാത്മകമായ വെല്ലുവിളികൾക്കു വിധേയമാകട്ടെ. 

അപ്പോൾ നമുക്കും ദൈവത്തിന്റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിക്കാനാകും, നമ്മളും കത്തിജ്വലിക്കുന്ന വിളക്കാവുകയും ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ