വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് ('Mater Populi Fidelis') എന്ന പ്രയോഗം, സഭയിൽ മറിയത്തിനുള്ള ശരിയായ സ്ഥാനത്തെ വ്യക്തമാക്കുന്നതിൽ അനിവാര്യമാണ്. ഏതാനം മരിയൻ നാമങ്ങൾ രക്ഷകനും മധ്യസ്ഥനുമായ ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തെ വികലമാക്കിയേക്കാം എന്ന ആശങ്കകൾക്ക് മറുപടി നൽകുന്നതിനും ഈ സംജ്ഞ അത്യന്താപേക്ഷിതമാകുന്നു.
Fidelis എന്ന വാക്ക് വിശ്വസ്തതയെയും പൂർണ്ണമായ ആശ്രയബോധത്തെയും സൂചിപ്പിക്കുന്നു.
കൃപയുടെ വഴിത്താരയിൽ, ഈ ഗുണത്തിന്റെ പൂർണ്ണമാതൃകയായി മറിയത്തെ കാണുന്നതിലൂടെ, ഈ നാമം
മറിയത്തിന്റെ പ്രത്യേകമായ ധർമ്മത്തെ വ്യക്തമാക്കുന്നു. കൃപയിൽ സഞ്ചരിക്കാൻ അവൾ എടുത്ത
ചുവടുകൾ, രക്ഷയെക്കുറിച്ചു ഗബ്രിയേലിൻ്റെ അറിയിപ്പ്, യേശുവിന്റെ ശുശ്രൂഷകളിലുള്ള അനുഗമനം,
കുരിശിന്റെ മുമ്പിലെ സമർപ്പണം, ശിഷ്യരെ ഒരുമിച്ചു ചേർത്ത് പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പ്
... അങ്ങനെ മാതാവിന്റെ ജീവിതം മുഴുവനും ദൈവഹിതത്തോടുള്ള സ്വതന്ത്രവും നിരന്തരവുമായ സഹകരണത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ദിവ്യപദ്ധതിയിലെ
പൂർണ്ണമായ മനുഷ്യപങ്കാളിത്തമാണ് അവൾ സ്വന്തം ജീവിതത്തിലൂടെ നമുക്കായി മാതൃകയാക്കി നൽകിയത്.
തൻമൂലം, ക്രിസ്തുവിനു ജന്മം നല്കുന്നതിനോടൊപ്പം, എല്ലാ മാനവരാശിക്കും വേണ്ടി കൃപയുടെ
യോഗ്യമായ പാത്രമായി നിലകൊള്ളുകയും ചെയ്തവളായി സഭ അവളെ കാണുന്നു. അങ്ങനെ മറിയം ക്രിസ്തുവിൻ്റെ
ശരീരത്തിലെ യോഗ്യമായ അംഗമായി നിലനിൽക്കുമ്പോഴും,
ക്രിസ്തുവിൻ്റെ കൃപയിൽ പങ്കുചേരുന്ന എല്ലാ അംഗങ്ങളിലേക്കും അവളുടെ അതുല്യമായ മാതൃത്വം
വ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ, കൃപയോട് സഹകരിച്ച് സന്മനോഭാവത്തിലും സമാധാനത്തിലും
വർത്തിക്കുന്ന ഏതൊരാളും ദേശത്തിന്റേയോ ഭാഷായുടെയോ മതത്തിന്റേയോ വ്യത്യാസമില്ലാതെ ദൈവജനത്തിന്റെ
വിശ്വസ്തത ജീവിക്കുന്നു.
മറിയത്തിനു മനുഷ്യരുമായുള്ള ബന്ധം അവളുടെ വ്യക്തിപരമായ ശക്തിയാലല്ല,
കൃപയാലാണ്. മാതാവിനോടുള്ള ഭക്തിയുടെ ഫലങ്ങൾക്ക് യാന്ത്രികമായ ഒരു ധർമ്മമല്ല ഉള്ളത്.
മറിയം നമ്മെ സഹായിക്കുന്നത് മാതൃസഹായത്തിലൂടെയും മധ്യസ്ഥതയിലൂടെയുമാണ്. ഇത് പൂർണ്ണമായും
ദൈവകൃപയിൽ നിന്നും ക്രിസ്തുവിൻ്റെ അമ്മ എന്ന നിലയിൽ അവൾക്ക് ലഭിച്ച അതുല്യമായ സ്ഥാനത്തുനിന്നും
ഒഴുകിയെത്തുന്നു.
'സഹരക്ഷക' (Co-redemptrix) എന്ന പ്രയോഗം പലരും ഉപയോഗിച്ചിരുന്നെങ്കിൽ
പോലും, പല കാരണങ്ങളാൽ ക്രിസ്തു രക്ഷയുടെ ഏക
ഉറവിടമെന്ന സത്യത്തിനു മങ്ങലേല്പിക്കുന്ന ഫലത്തിലേക്കു
നയിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. ക്രിസ്തുവിൻ്റെ പൂർണ്ണതയുള്ള ബലിയെ പൂർത്തിയാക്കാൻ
മറിയത്തിൻ്റെ പങ്ക് തീർത്തും അനിവാര്യമായിരുന്നെന്ന
രീതിയിൽ ഇതിനെ അതിശയോക്തിപരമായി ചിത്രീകരിക്കുമ്പോൾ, അത് ഗുരുതരമായ വൈകല്യം സൃഷ്ടിക്കുന്നു.
ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തി പൂർണ്ണവും
ചേർക്കപ്പെടേണ്ടതായി ഒന്നും ആവശ്യമില്ലാത്തതുമായതിനാൽ, അത്തരം ഭാഷ സ്വീകരിക്കുന്നത്
മറിയത്തെ കൃപ സ്വീകരിക്കുന്ന ഒരാളുടെ സ്ഥാനത്തുനിന്നും ക്രിസ്തുവിന് സമാനമായി കൃപാസ്രോതസ്സാക്കി
മാറ്റാൻ സാധ്യതയുണ്ട്. ഇത് 'എല്ലാം അവനിൽ നിന്നാകുന്നു' എന്ന സത്യത്തെ ദുർബലപ്പെടുത്തുന്നതാണ്.
രക്ഷാകരകർമ്മത്തിലുള്ള മറിയത്തിൻ്റെ പങ്ക് മുഴുവനായും ക്രിസ്തുവിനെ ആശ്രയിച്ചുള്ളതും
അവിടുത്തെ കൃപയിൽ നിന്നും ഉരുത്തിരിഞ്ഞതുമാണ്. കൃപ നൽകാൻ മാതാവിന് സ്വന്തമായ ശക്തിയില്ല.
രക്ഷയുടെ പൂർത്തീകരണം ക്രിസ്തുവിലാണ്.
മാതാവിന് ക്രിസ്തുവിനൊപ്പം തുല്യത നൽകാനാവില്ല. മറിയത്തിൻ്റെ സഹകരണം ക്രിസ്തു മനുഷ്യർക്കുവേണ്ടി
നൽകിയ രക്ഷയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. അതില്ലാതെ മാതാവിന്റെ സഹകരണം അസാധ്യമാണ്. മാതാവിന്റെ
ഇടപെടലുകൾ ക്രിസ്തുവിൻ്റെ യാഗത്തെ അനിവാര്യമാക്കുകയോ, പൂർണ്ണത വരുത്തുകയോ
ചെയ്യുന്നില്ല, എന്തെന്നാൽ ആ യാഗം തന്നിൽത്തന്നെ തികച്ചും മതിയായതായിരുന്നു. മാതാവിന്റെ
ഇടപെടലുകൾ കൃപയെ ജനിപ്പിക്കുന്നവയല്ല, ദൈവത്തെ നിർബന്ധിതനാക്കാനാവില്ല. ദൈവജനത്തിന്റെ
അമ്മയെന്ന നിലയിൽ മാതാവ് തന്റെ പുത്രന്റെ യോഗ്യതകളിൽ നിന്ന് നമുക്കായി കൃപ സ്വീകരിക്കുന്നു.
ക്രിസ്തുവിലല്ലാതെ കൃപയിൽ മറ്റൊരു മധ്യസ്ഥതയും ഇല്ലാത്തതിനാലാണ്,
'മധ്യസ്ഥ' (Mediatrix) എന്ന പ്രയോഗം പ്രശ്‌നകരമായി കരുതുന്നത്. ദൈവവും മനുഷ്യനുമെന്ന
നിലയിലാണ് ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏകമധ്യസ്ഥനായത്. മറിയത്തിൻ്റെ പങ്ക്
‘സഹകരണം’, ‘മാതൃസഹായം’, ‘നിരവധിയായ അനുഗ്രഹങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനാസഹായം’ എന്നീ സംജ്ഞകളാൽ വിശദീകരിക്കുന്നതാണ് ഉചിതം. 'മധ്യസ്ഥ'
എന്ന പദം, ക്രിസ്തുവിൻ്റെ ഏക മധ്യസ്ഥതയെ നിരാകരിക്കുന്നില്ലെന്നും, അവൾ ക്രിസ്തുവിൻ്റെ
ഏക പ്രവർത്തിയിൽ പങ്കുചേരുന്ന ഒരു മാദ്ധ്യമം മാത്രമാണെന്നും, വ്യക്തമായി നിർവചിക്കപ്പെടുന്നില്ലെങ്കിൽ,
അത് ക്രിസ്തുവിൻ്റെ അതുല്യമായ സ്ഥാനത്തെ ചെറുതാക്കിയേക്കാം.
വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് എന്ന ഈ മാർഗ്ഗ രേഖയുടെ അനിവാര്യതയ്ക്ക് കാരണം, മറിയത്തിൻ്റെ ശക്തികളെയും
സ്ഥാനത്തെയും അതിശയോക്തിപരമായി അവതരിപ്പിച്ച് 'ദേവതുല്യം' ആക്കാനുള്ള പ്രവണത ആഗോളതലത്തിൽ
തന്നെ ദൈവശാസ്ത്രപരമായ ഒരു വൈകല്യമായി വ്യാപിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ്. ചില
സാഹചര്യങ്ങളിൽ അത് വ്യാഖ്യാനങ്ങളിലാണെങ്കിൽ കൂടുതലും അത് ഭക്തിരൂപങ്ങളിലാണ് പ്രകടമായുള്ളത്.
മരിയഭക്തിയുടെ പേരിലുള്ള ചില ആചാരങ്ങൾ വഴി രക്ഷ ക്രിസ്തുവിൻ്റെ പ്രബോധനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയെ
അപ്രധാനമാക്കി, ഏതെങ്കിലും പ്രത്യേക മരിയൻ ആചാരത്തിലൂടെയോ ഭക്തിയിലൂടെയോ ഉറപ്പിക്കാൻ
ശ്രമിക്കുന്നത് മാനവികസ്ഥിതിയെ സംബന്ധിച്ച
(Anthropological Distortion) ഒരു വൈകല്യമായി ഈ മാർഗരേഖ കാണുന്നു. ഏതെങ്കിലും മരിയൻ
രൂപങ്ങളും തീർത്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അത്ഭുതവാദങ്ങളും പ്രത്യേക പ്രാർത്ഥനകളും
വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവാകുമ്പോൾ, അത് ക്രിസ്തീയ വിശ്വാസത്തെ ക്ഷയിപ്പിക്കുകയും
അവതരിച്ച പുത്രൻ്റെ കേന്ദ്രീകൃത സ്ഥാനത്തെ മറയ്ക്കുകയും ചെയ്യുന്നു. ക്രിസ്തുവിജ്ഞാനീയപരമായ
(Christological Distortion) വൈകല്യമാണത്. സഭയുടെ ഐക്യത്തിലും കൂദാശ ജീവിതത്തിലുമുപരി
മറിയത്തോടുള്ള ഭക്തി ക്രിസ്തീയ താദാത്മ്യതയുടെ പ്രാഥമിക അടയാളമായി മാറ്റപ്പെടുമ്പോൾ
അതൊരു സഭാപരമായ വൈകല്യവും (Ecclesiological Distortion) ആണ്. മേല്പറഞ്ഞ പശ്ചാത്തലങ്ങളിൽ
ഒക്കെയും പ്രത്യക്ഷത്തിൽ ദിവ്യകാരുണ്യഭക്തിയും ആരാധനകളും, സുവിശേഷ പ്രഘോഷണങ്ങളും ഉണ്ടായിരിക്കാം.
തങ്ങൾക്കൊരപഭ്രംശവും സംഭവിച്ചിട്ടില്ലെന്ന വാദവും അവർ ഉന്നയിച്ചേക്കാം. എങ്കിലും, ഭക്തികളോ
ആചാരങ്ങളോ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ സിദ്ധാന്തപരമോ ഭക്തിപരമോ ആയ അതിരുവിട്ട
നിലയിലേക്ക് തള്ളിവിടപ്പെടുകയോ ചെയ്യുമ്പോൾ, അവ ഗൗരവപരമായ അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്.
മരിയഭക്തി ആഗ്രഹപ്രാപ്തിക്കായുള്ള എളുപ്പവഴിയല്ല, മരിയഭക്തി മാതാവിനോടൊപ്പം ക്രിസ്തുവിനെ
അനുഗമിക്കുന്നതാണ്. അതിനു സഹായിക്കേണ്ട പ്രാര്ഥനാധ്യാനമാണ് ജപമാല. ജപമാലയുടെ ശക്തി,
അതും എഴുതവണയും ആയിരം തവണയും ചൊല്ലിയാലുള്ള ഫലം, നന്മനിറഞ്ഞ മറിയം എത്രയും ദയയുള്ള
മാതാവേ തുടങ്ങിയ പ്രാർത്ഥനകൾ ആവർത്തിക്കുന്നതിന്റെയും എഴുതുന്നതിന്റെയും ശക്തി, കൊന്ത
കെട്ടുന്നത് കൊണ്ടുള്ള പ്രത്യേക ശക്തി തുടങ്ങിയ ഭാഷ ഭക്തിയുടെ യന്ത്രികതയാണ്. ഭക്തി
യന്ത്രികവത്കരിക്കപ്പെടുകയും മന്ത്രികവൽക്കരിക്കപ്പെടുകയും കാര്യസാധ്യങ്ങൾക്കായുള്ള
ഉപാധിയായിത്തീരുകയും ചെയ്യുമ്പോൾ അവ മരിയഭക്തി പോലുമല്ല. അത്തരം പ്രവണതകൾ ഭക്തിയുടെ
നിറത്തിലുള്ള മനോരഞ്ജകമായ വൈകാരിക അഭ്യാസങ്ങൾ മാത്രമാണ്.
അതുകൊണ്ട്, 'വിശ്വസ്തരായ ദൈവജനത്തിന്റെ അമ്മ ' എന്നതിൻ്റെ ലക്ഷ്യം
മരിയൻ ഭക്തിയെ പരിമിതപ്പെടുത്തുകയല്ല, മറിച്ച് വചനത്തിലും പാരമ്പര്യത്തിലും ക്രിസ്തുവിരഹസ്യത്തിലും
ഉറപ്പിച്ചുകൊണ്ട് മറിയത്തോടുള്ള സ്നേഹത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക
എന്നതാണ്. ഈ സമീപനം മറിയത്തിൻ്റെ സ്ഥാനം, അതുല്യമായ എന്നാൽ എന്നും തുറവിയുള്ള വിശ്വസ്തയുടെ
സ്ഥാനമായി നിലനിർത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ