Gentle Dew Drop

ഫെബ്രുവരി 28, 2021

ഭക്തിയോടുള്ള ഭക്തി

ഭക്തി ദൈവാശ്രയബോധത്തിന്റെയും ദൈവസാന്നിധ്യത്തിലുള്ള ഉറപ്പിന്റെയും അടയാളമാണ്. ഭക്തിയോടുള്ള ഭക്തി ശൂന്യമാണ്. 

ഭക്തിമാർഗ്ഗം എന്നത് പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും നീണ്ട യാത്രയുടെ ഭാഗമായ മാർഗ്ഗമാണ്. ഒരു പര്യടനമെന്ന നിലയിൽ ഭക്തി, ശാരീരികവും, വൈകാരികവും, ആത്മീയവും, ബൗദ്ധികമുമായ രൂപാന്തരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഭക്തി നമ്മെ തികച്ചും ഭൗമികമായ അവസ്ഥകളിൽ  ദൈവപരിപാലനവും ജീവനും സാധ്യമാക്കിത്തീർക്കുന്നു. ഭക്തിയിൽ ഉപയോഗിക്കുന്ന പൂക്കളും ചന്ദനത്തിരിയും, എണ്ണയുമൊക്കെ ഈ യാത്രയെ അർത്ഥപൂര്ണമാക്കുകയാണ്. 

ജപമാലയർപ്പിക്കുന്ന, ആരാധനയിലിരിക്കുന്ന, തീർത്ഥാടനം നടത്തുന്ന ഒരാളുടെ ഹൃദയാർത്ഥന ആത്മാർത്ഥമാകുമ്പോൾ, ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതത്തിലെ  കടന്നു പോകൽ ദൈവത്തോടൊപ്പം നടന്നു പൂർത്തിയാക്കുവാൻ കഴിയും. അതേ ഭക്തിയെ സ്വന്തം ചമയങ്ങളാക്കുവാൻ നമുക്ക് കഴിയും, ഒരു മന്ത്രപ്രയോഗം പോലെയാക്കുവാനും കഴിയും. അവിടെ ദൈവം എന്ന പേരുണ്ടെങ്കിലും 'ഫലസിദ്ധിയും' പ്രാർത്ഥനയുടെ ശക്തിയുമൊക്കെയാണ് പ്രധാനം. ദൈവബന്ധം കാര്യമാക്കപ്പെടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഭക്തി തീർച്ചയായും ഉൾക്കൊള്ളേണ്ട സഹയാത്ര (പ്രപഞ്ചത്തോടും മനുഷ്യരോടുമൊപ്പം) ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഒരു സ്വകാര്യകാര്യമായി ഭക്തിയോ വിശ്വാസമോ നിലനിൽക്കില്ല. അത്തരം ഭക്തിയുടെ ആഡംബരത്തിൽ  നിഗളിക്കുന്ന  സമൂഹവും ഫലത്തിൽ ശുഷ്കമായിത്തീരുന്നത് പതിയെ കാണാം. പൊള്ളയാകുമ്പോൾ അത് അസ്വസ്ഥതകളും കലഹങ്ങളും സൃഷ്ടിക്കും. ഭക്തിയിൽ, പാരമ്പര്യത്തിൽ അഭിമാനിക്കുന്ന വിറകൊള്ളുന്ന ഒരു സമൂഹത്തിന്റെ ജീവന് വേണ്ടിയുള്ള പിടച്ചിലായി അതിനെ കാണണം. 

ഫെബ്രുവരി 27, 2021

ആരാണ് എന്റെ ശത്രു?

"ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഢിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ." തന്നെത്തന്നെ സാധൂകരിക്കുവാനായി ഒരു നിയമജ്ഞൻ ചോദിച്ചു: ആരാണ് എന്റെ ശത്രു? ഞാൻ നല്ലവനും എല്ലാവരാലും ആദരിക്കപ്പെടുന്നവനുമാണല്ലോ?

അപ്പോൾ അവൻ ഒരു ഉപമ പറഞ്ഞു: സക്കേവൂസ് ചായ കുടിക്കുവാൻ ഒരു ചായക്കടയിൽ ഇരിക്കുകയായിരുന്നു. വേറൊരുവൻ അതിലെ വന്നു. സക്കേവൂസിനെ കണ്ടാൽത്തന്നെ വഴി മാറി പോകുന്ന ആളാണ്. എവിടെ ചെന്നാലും അവിടെയൊക്കെ ഈ നശിച്ചവൻ കാണും എന്നും പറഞ്ഞ് അയാൾ അകത്തു കയറാതെ പോയി. മറ്റൊരാൾ വന്നു. നല്ല ചിരിയൊക്കെ നൽകി സക്കേവൂസിനെ അയാൾ അഭിനന്ദിച്ചു. നമ്മടെ നസറായൻ വീട്ടിലൊക്കെ വന്നു അല്ലെ, ഭാഗ്യം. നന്നായി കേട്ടോ. പിന്നെ കാണാം. പുറത്തേക്കിറങ്ങുമ്പോൾ അയാൾ പറയുകയാണ് വീട്ടിൽ കേറ്റാൻ പാടില്ലാത്ത വകയാണ്. ആ തച്ചനാണെങ്കിൽ ഈ വക പോക്ക് കേസുകളുടെ കൂടിയേ കൂടൂ. അടുത്തയാൾ വന്നു. ആരെക്കൊണ്ടൊക്കെ ലാഭമുണ്ടാക്കാൻ കഴിയും എന്ന് നോക്കി നടക്കുന്നയാളാണ്‌. കൈയിൽ പണമുണ്ടായിരുന്ന സക്കേവൂസിനെ പരമാവധി ഉപയോഗിച്ച ആളാണ്. ചെറു പുഞ്ചിരിയുമായി അയാൾ അകന്നു. ഇയാളെക്കൊണ്ടൊന്നും നാടിനോ സമുദായത്തിനോ ഒരു ഉപകാരവുമില്ല എന്നൊരു ആക്ഷേപവും. ഇവരിൽ ആരാണ് സക്കേവൂസിനു ശത്രു ആയിരിക്കുന്നത്?

നീ അങ്ങനെയാവരുത്! ഒരുവനെ കണ്ടാൽ അവഗണിക്കുന്നതിലും, പരദൂഷണം പറയുന്നതിലും, അവന്റെ വഴിയിൽ തടസം സൃഷ്ടിക്കുന്നതിലും, സൗഹൃദം നടിച്ചു ചൂഷണം ചെയ്യുന്നതിലും, നല്ലമുഖം വെച്ച് സമൂഹകലഹം സൃഷ്ടിക്കുന്നതും ശത്രുവിന്റെ സ്വത്വരൂപമാണ്.

പേപ്പട്ടിയെ പിടിക്കാൻ കുറച്ചു പേ പിടിപ്പിക്കണം എന്ന യുക്തി ഉള്ളവരുണ്ട്. എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന പേര് വഹിക്കുകയും, എന്നാൽ അത് യാഹ്‌വെയുടെ ആരാധനകളിലേക്കു ചുരുങ്ങുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്? നന്മ ചെയ്യുന്നതിൽ നിങ്ങൾ മുന്നിട്ടു നില്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്? നന്മയായതു പഠിക്കുക, ശീലിക്കുക, സത്യമായതു പഠിപ്പിക്കുക പ്രോത്സാഹിപ്പിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്?

എങ്ങനെയാണ് മുന്നിട്ടു നിൽക്കേണ്ടത്? നമ്മൾ മുന്നിട്ടു നിൽക്കുന്നിടത്ത് ക്രിസ്തു പ്രതിഫലിക്കുന്നുണ്ടോ? അതിൽ സുവിശേഷാംശമുണ്ടോ? മത്സരങ്ങളുടെ ലോകത്താണ് നമ്മൾ. നമ്മൾ ഏർപ്പെട്ടിട്ടുള്ള മത്സരരംഗങ്ങൾ ഏതൊക്കെയാണ്? അവിടെ പ്രതിയോഗികൾ ആരൊക്കെയാണ്? നമുക്കുള്ളിൽത്തന്നെ നടക്കുന്ന മത്സരങ്ങൾ ഏതൊക്കെയാണ്? മതം ബിസിനസ് ഏറ്റെടുക്കുകയും ബിസിനസ് വിശ്വാസം ഏറ്റെടുക്കുകയും ചെയ്യുന്നു, രോഗസൗഖ്യം, ക്ഷേമം എന്നിവ ഉറപ്പു വരുത്തുന്നത് ആര്? ഏർപ്പെട്ടിരിക്കുന്ന സാമൂഹികവും വിശ്വാസപരവുമായ മേഖലകളിൽ ഉയർത്തിക്കാട്ടപ്പെടുന്ന മൂല്യങ്ങൾ ഏവ? തെരഞ്ഞെടുക്കപ്പെട്ട ജനമായിക്കൊണ്ട് നന്മ, സമാധാനം, സാഹോദര്യം എന്നിവ ആഗ്രഹിക്കാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്? ഈ മത്സരത്തിൽ എന്താണ് എങ്ങനെയാണ് നമ്മൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്?

സ്നേഹത്തിലധിഷ്ഠിതമായ ശുശ്രൂഷയാണ് ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്. അതിനെയാണ് സേവനം എന്ന് വിളിക്കുന്നത്. മൂന്നു തരത്തിലുള്ള സേവനങ്ങളെ പരിശോധിക്കാം. ഉദ്യോഗസ്ഥനിലയിലുള്ള സേവനത്തിൽ സ്നേഹവും നന്മയും ഓരോരുത്തരുടെയും മനോഭാവത്തെ ആശ്രയിച്ചാണ്. ഉദ്യോഗങ്ങൾ ഉറപ്പാക്കുന്നത് സ്ഥാപനങ്ങളുടെ സുസ്ഥിരതയാണ്, സ്ഥാപനഘടനകളുടെ നിലനില്പാണ്, ശുശ്രൂഷ നിർബന്ധമില്ല. രണ്ട്, മറ്റുള്ളവരുടെ നന്മക്കു വേണ്ടി ത്യാഗപൂർണ്ണമായ അധ്വാനം. മൂന്ന്, നിർബന്ധിതമായ ദാസ്യത. അവിടെ വേതനമോ, മനുഷ്യാന്തസോ കാര്യമാക്കപ്പെടുന്നില്ല. അനീതിയുടെ അടയാളമാണ് അത്തരം ദാസ്യത. ഏതുതരം സേവനമാണ് നമ്മൾ നൽകുന്നത്? നിങ്ങൾക്ക് എന്ത് മേന്മയാണുള്ളത്? നേർക്കുനേർ കാണാവുന്ന യാഥാർത്ഥ്യമായി അനീതിയുടെ ദാസ്യത നമുക്ക് മുമ്പിലുണ്ട്. അവരിൽ നീതിയും സത്യവും മനുഷ്യാന്തസ്സും യാഥാർത്ഥ്യമാക്കുവാൻ നമ്മുടെ സേവനങ്ങൾക്ക് കഴിയുന്നുണ്ടോ? നമ്മുടെ സേവനങ്ങളും ഉദ്യോഗസ്ഥശൈലിയിലേക്കു മാറിപ്പോയിട്ടുണ്ടോ? അത്തരം അവസ്ഥയെ പിന്താങ്ങുന്നതാണോ നമ്മുടെ സേവനരംഗങ്ങൾ?

സുവിശേഷാംശമുള്ള സേവനരംഗങ്ങൾ നന്മയും സാഹോദര്യവും ആഗ്രഹിക്കും. സുവിശേഷാംശമില്ലാത്ത പദവികളും പ്രസംഗങ്ങളും സ്ഥാപനങ്ങളും ക്രിസ്തീയമല്ല.

ഫെബ്രുവരി 25, 2021

നാശകരമായ വിഷാദം

അനാവശ്യമായ കണ്ണുനീരിനെ മാറ്റിനിർത്താൻ ഉള്ള സമയം കൂടിയാണീ നോമ്പ്. നോമ്പ് ജീവനിലേക്കു കടക്കാനുള്ളതാണ്. ചില കണ്ണുനീർ മാനസികാശ്വാസം നൽകി അതിൽ നമ്മെത്തന്നെ ബന്ധിക്കുന്നു. ചിലവ നമ്മുടെയോ മറ്റുള്ളവരുടെയോ മുറിവുകളെ ന്യായീകരിക്കുന്നു. രണ്ടും ജീവനിലേക്കു നയിക്കുന്നവയല്ല.

യേശു ബാലികയുടെ വീട്ടിലെത്തിയപ്പോൾ കരഞ്ഞു കൊണ്ടിരുന്നവരോട് ചോദിച്ചത് എന്തിനാണ് ഈ കോലാഹലം? വിലാപം സ്വതന്ത്രമാക്കുന്നതാണെങ്കിൽ, സ്വന്തം അടിച്ചേൽപ്പിക്കുന്നതാണ് വിഷാദം. അതാണ് സാധിക്കുന്ന ഏറ്റവും നല്ല ജീവിതസമീപനം എന്ന് സ്വയം തീരുമാനിച്ചു കഴിഞ്ഞാൽ അത് സ്വന്തം ജീവിതം മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെ വിഷാദത്തിലായിരിക്കണം എന്ന നിർബന്ധം സൂക്ഷിക്കുകയും ചെയ്യും. ക്രിസ്തുവിന്റെ കബറിടത്തിനരികിൽ കരഞ്ഞുകൊണ്ടിരുന്ന മറിയത്തിന് വിലാപം നാശകരമായിരുന്നില്ല, ആശ്വാസവാക്കു കേൾക്കുവാൻ പ്രാപ്തമാക്കുന്നതായിരുന്നു.

ലാസറിന്റെ മരണം തങ്ങളുടേത് കൂടിയാക്കിത്തീർക്കുവാൻ കഴിയുമായിരുന്നു. പ്രതീക്ഷയറ്റ വാക്കുകളിൽ തങ്ങളെക്കൂടി കബറടക്കുകയാണ് മാർത്താ. വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്നാണ് ക്രിസ്തു അവരോട് പറഞ്ഞത്. ക്രിസ്തുവിലുള്ള വിശ്വാസത്തെക്കാൾ മൂകമായ വിഷാദത്തിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിടുമ്പോൾ അത് സ്വന്തം ജീവിതത്തോടുള്ള പ്രതികാരമാകും, മാത്രമല്ല, പതിയെ അത് ലോകത്തോട് മുഴുവനുള്ള പ്രതികാരമാകും. അതിൽ നിഷ്കളങ്കർ പോലും കാരണമില്ലാതെ ഇരയാക്കപ്പെടും. അകാരണമായി പലരും വെറുക്കപ്പെടും. ആശ്വസിപ്പിക്കാനെന്ന കാരണം പറഞ്ഞ് അറിയാതെ നമ്മൾ ക്രൂരരാകും.

നോമ്പ് നമ്മിൽ ആവശ്യമുള്ള ആശ്വാസം പകരട്ടെ. വിഷാദം ആരെയും ആശ്വസിപ്പിക്കുന്നില്ല. നമ്മളുടെ വിഷാദം ചിലരെ ആശ്വസിപ്പിച്ചേക്കാമെന്ന ചിന്തകൾ വ്യർത്ഥമാണ്.

മാനസാന്തരം

പാപത്തെ കേന്ദ്രീകരിച്ചുള്ള മാനസാന്തരനിർവ്വചനം ശരിയായതല്ല എന്ന് മാത്രമല്ല, അതിന് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിവുമില്ല. പാപവും മനസാന്തരവും, പ്രവൃത്തികളെക്കുറിച്ചായിരിക്കുമ്പോൾ ഒരു പരിധി വരെ അതിൽനിന്നു സ്വതന്ത്രമാകാൻ കഴിയുകയുമില്ല. എന്തെങ്കിലും ഒരു ദുശീലം ഒഴിവാക്കി, അല്ലെങ്കിൽ പള്ളിയിൽ പോകാൻ തുടങ്ങി എന്നത് കൊണ്ട് മാനസാന്തരമായി എന്ന് കരുതാനാവില്ല.

യേശു ആഹ്വാനം ചെയ്യുന്ന മാനസാന്തരം പാപത്തിൽ നിന്ന് മാറുക എന്നതിനേക്കാൾ, ദൈവസ്നേഹം തിരിച്ചറിയുക എന്നതാണ്. ദൈവമക്കളാണെന്ന ബോധ്യമാണ് മാനസാന്തരം, അത് നൽകുന്ന ആശ്വാസം (മാനസിക ആശ്വാസം മാത്രമായല്ല, പരിശുദ്ധാത്മാവ് ആശ്വാസദായകൻ എന്നതിന്റെ അർത്ഥത്തിൽ നൽകപ്പെടുന്ന ആശ്വാസം), പകരുന്ന ജീവൻ, കൃപാരാഹിത്യത്തെ നീക്കിക്കളയും.

മേല്പറഞ്ഞ ആശ്വാസം കൃപ നൽകുന്ന സാന്ത്വനമാണ്. പാപമെന്നു നമ്മൾ വിളിക്കുന്ന ആ യാഥാർത്ഥ്യത്തിന്റെ ഉത്ഭവ വേരുകളായുള്ള അനേകം വ്യഥകളോ, വിലാപങ്ങളോ, നീറ്റലുകളോ ഉള്ളിലുണ്ടാവാം, അവയിൽ ആശ്വാസം നിറയുമ്പോൾ മനുഷ്യൻ സ്വാതന്ത്രനാകും. അതിനു സഹായിക്കുന്നതായാണ് പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ കാണുന്നത്. ക്രിസ്തുരൂപത്തിലേക്കുള്ള വളർച്ച കൂടിയാണത്.

ഒരു കൂട്ടം ഭക്തിരൂപങ്ങളിലുള്ള ആവേശമല്ല മാനസാന്തരഫലം, യഥാർത്ഥ മാനസാന്തരഫലം ദൃശ്യമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ കാണപ്പെടുമ്പോഴാണ്.
ഉള്ളിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മനോഭാവത്തിലും, വൈകാരികബൗദ്ധികതലത്തിലും വേണ്ട അത്യാവശ്യം രൂപാന്തരങ്ങളെ സാധ്യമാക്കാൻ മനഃശാസ്ത്രസമീപനങ്ങളും മറ്റും സഹായിച്ചേക്കും. അത് 'ആത്മീയം' അല്ല എന്ന് ഊന്നിപ്പറയുന്നവർ ഉപയോഗിക്കുന്ന ആത്മാവിന്റെ മുരടിപ്പ്, ബുദ്ധിയുടെ അന്ധകാരം, വരൾച്ച എന്നിവയൊക്കെ പ്ളേറ്റോയുടെയും അരിസ്റോട്ടിലിന്റെയും മനഃശാസ്ത്രമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടു വരെ അത് നരവംശശാസ്ത്രത്തെയും, ദൈവശാസ്ത്രത്തെയും ആത്മീയതയെയും സ്വാധീനിച്ചു. അതുകൊണ്ട് നമുക്ക്  പരിചിതമായ ആത്മീയഭാഷയുടെ പദവിവരണങ്ങൾ ശ്രദ്ധയോടെ സമീപിക്കേണ്ടതായുണ്ട്.

മാനസാന്തരമെന്നാൽ ശരീരത്തിന്റേതായ എല്ലാം ഉപേക്ഷിച്ച് 'ആത്മീയമായത് സ്വീകരിക്കുന്നതാണെന്ന് കരുതപ്പെടുന്നത് ശരിയായ സമീപനമല്ല. ആത്‌മീയമെന്നോ, ശാരീരികമെന്നോ കരുതുന്നവയെ ഒന്ന് അടുത്ത് കണ്ടു നോക്കൂ. അത്തരത്തിലുള്ള വേർതിരിവ് സാധ്യമല്ല എന്ന് കാണാം. സസ്യമായാലും, മൃഗമായാലും, മനുഷ്യനായാലും ആത്മാവും ശരീരവും രണ്ടാക്കി മാറ്റി നിർത്താവുന്നതല്ല. രണ്ടായി നിൽക്കുന്ന അവ ഒരുമിച്ചു ചേർന്നല്ല അവ രൂപപ്പെടുന്നത്. സൃഷ്ടവസ്തുക്കളിലെ രണ്ടു മാനങ്ങളെ എടുത്തുകാണിക്കുന്നവയാണ് ഈ രണ്ടു പദങ്ങൾ.  മനുഷ്യരായ നമുക്ക് ഒരു യഥാർത്ഥ മനുഷ്യനിലേക്കുള്ള വളർച്ചയാണ് മാനസാന്തരം. 

ഞാൻ പിഴയാളി എന്ന് ആവർത്തിച്ചതുകൊണ്ട് മാനസാന്തരമായില്ല, ഞാൻ പുണ്യാളൻ എന്ന് ഗമ കാണിക്കുന്നതും മാനസാന്തരമുണ്ടാക്കില്ല. ഒരു ക്രിസ്തുരൂപം നമ്മിൽ വളരുന്നുണ്ടോ എന്നതാണ് മാനദണ്ഡം. 

കർദ്ദിനാൾ കന്റാലമസ്സ നോമ്പുകാലത്തേക്കായി നൽകിയ പ്രസംഗത്തിൽ മാനസാന്തരത്തെക്കുറിച്ചു പറയുന്നു. മാനസാന്തരത്തിലുണ്ടാകാവുന്ന മൂന്നു നിമിഷങ്ങളെക്കുറിച്ചു അദ്ദേഹം പറയുന്നു. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്നതിന്റെ അർത്ഥം സാന്മാര്ഗികമെന്നതിനേക്കാൾ വിശ്വാസപരമാണെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. നമ്മൾ ദൈവത്തെ എങ്ങനെ കാണുന്നു, സമീപിക്കുന്നു എന്നതിനെക്കുറിച്ചാണ്. രണ്ടാമതായി, മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെയാകുവിൻ എന്നതിന്റെ അർത്ഥം  സ്വയം കേന്ദ്രീകൃതമാകുന്നതിൽ നിന്നും ക്രിസ്തുകേന്ദ്രീകൃതമാകുന്നതാണെന്നു നമുക്ക് പഠിക്കണം. ചൂടോ തണുപ്പോ ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഉണർവും ഉത്സാഹവുമുള്ള അവസ്ഥയിലേക്ക് വളരുന്നതാണ് മാനസാന്തരത്തിന്റെ മറ്റൊരു തലം. എന്നാൽ ഒരു വൈകാരികനിലയിലല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലാണ് ആ ഉത്സാഹം വളരേണ്ടത്. സ്ഥാപനവൽകൃതമായ രീതികൾക്കുമുപരി ക്രിസ്തുശിഷ്യരുടെ അനുഭവത്തെ, ഉയിർത്തെഴുന്നേറ്റു ജീവിക്കുന്ന ക്രിസ്തുവിനെ ഒരിക്കൽകൂടി കണ്ടെത്തുന്നതിലാണ് ആ ഊർജ്ജം ഉള്ളിൽ ജനിക്കുന്നത്.

ചുരുക്കത്തിൽ, മാനസാന്തരമെന്നാൽ, ദൈവത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുന്നതാണ്, ക്രിസ്തീയമെന്നു സ്വയം വിളിക്കുന്ന ഉടയാടകൾ മാറ്റി യഥാർത്ഥ ക്രിസ്തു മനോഭാവങ്ങളെ ഉൾകൊള്ളാൻ പരിശീലിക്കാനുള്ള തുറവിയാണ്, ക്രിസ്തുവുമായുള്ള ഹൃദയബന്ധത്തിൽനിന്നും ലഭിക്കുന്ന ഉത്സാഹത്തെ ജീവിതത്തിന്റെ കരുത്തായി ലഭിക്കുന്നതാണ്.

ഫെബ്രുവരി 24, 2021

... ഇതാ മനുഷ്യൻ

സൃഷ്ടികർത്താക്കളാണ് നമ്മൾ. നമ്മൾ ചരിത്രം സൃഷ്ടിക്കുന്നു, അപൂർണ്ണതകളില്ലാത്ത ലോകം നിർമ്മിക്കുന്നു, നമ്മുടെ അഭിരുചിക്കനുസരിച്ച് നമ്മെത്തന്നേയും സൃഷ്ടിവസ്തുക്കളെയും മാറ്റിയെടുക്കുന്നു.

നിനവെയിൽ നിന്നുള്ള ആദ്യപാഠം തങ്ങളെത്തന്നെ തുറക്കാൻ അവർ തയ്യാറായി എന്നതാണ്. പ്രസക്തമായ ഒരു ഭാഗമാണ് "രാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ്, രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു." പച്ച മനുഷ്യനായി മാത്രമേ ദൈവസാന്നിധ്യത്തിനായി ആഗ്രഹിക്കാൻ തയ്യാറാകാവൂ എന്ന് ആ രാജാവിലെ മനുഷ്യന് തീർത്തും ബോധ്യമുണ്ടായിരുന്നതുപോലെ തോന്നുന്നു. മനുഷ്യനോ മൃഗമോ, കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്, മേയരുത്, വെള്ളം കുടിക്കരുത് എന്ന് അയാൾ കല്പനയിറക്കുമ്പോൾ, പൊടിയിൽ നിന്നുയർന്ന സകല ചരാചരങ്ങളെയും ഒരുപോലെ കാണുവാനുള്ള ഒരു ഹൃദയം കൂടി അവർ രൂപപ്പെടുത്തുന്നു. വിശപ്പിന്റെ, ദാഹത്തിന്റെ വലിയ പാഠമാണത്. അതിന്റെ പരിഹാരം എന്താണ്? ഒരേപോലെ വിശപ്പും ദാഹവും അനുഭവിക്കുമ്പോൾ തങ്ങളെപ്പോലെതന്നെ ഭക്ഷണവും വെള്ളവും സകലതും ആഗ്രഹിക്കുന്നു എന്ന് ഒരു ഉൾകാഴ്ച ലഭിച്ചേക്കാം. സൃഷ്ടികർത്താക്കളായ നമുക്ക് വീണ്ടും സ്രഷ്ടാവിനെ കാണാൻ ഒരു നിമിഷം.

നീതിയോടെ ഭരിക്കുവാൻ ഉള്ള വിവേകമാണ് സോളമൻ പ്രാർത്ഥിച്ചത്. ലോകം മുഴുവൻ അറിയപ്പെട്ട സോളമന്റെ വിജ്ഞാനം എന്തായിരുന്നു? മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും ചെറുജീവികളെക്കുറിച്ചും എല്ലാം സോളമന് അറിവുണ്ടായിരുന്നെന്ന് രാജാക്കന്മാരുടെ പുസ്തകം 1 രാജാ 4:33 വിവരിക്കുന്നു. ആ കാലത്തെ വിജ്ഞാനിയെ സംബന്ധിച്ച് പറയുമ്പോൾ ജ്യോതിശാസ്ത്രം, മന്ത്രവിദ്യ, മൃഗഭാഷ എന്നിവയൊക്കെ സോളമന് വശമായിരുന്നെന്ന് സോളമനെക്കുറിച്ചുള്ള കഥകൾ പറയുന്നു.

തിമിംഗലത്തിന്റെ വായിൽ നിന്നും പുറത്തു കടന്ന് നിനവേയുടെ തീരത്ത് യോനാ നിനവെയെ വിധിച്ചു; പ്രസംഗിച്ചു. യോനാ എന്ന പേരിന്റെ അർത്ഥം മാടപ്രാവ് എന്നാണ്. ഇസ്രായേൽ ദൈവത്തിന്റെ മാടപ്രാവാണെന്ന സങ്കീർത്തന ഭാഗങ്ങൾ ഓർമ്മിക്കാം. വിഴുങ്ങാനായി വാ പൊളിക്കുന്ന ഒരു ഘോരസത്വത്തെപ്പോലെ ബാബിലോൺ അവതരിപ്പിക്കപ്പെടുന്ന ജെറമിയയുടെ പ്രവാചക വചനങ്ങളും (ജെറ 51:34) ഓർമ്മിക്കാം. യോനായുടെ പ്രാർത്ഥന (യോനാ 2) ഇസ്രയേലിന്റെ വിലാപവും പ്രതീക്ഷയും ഉൾകൊള്ളുന്നതാണ്.

സകലതും അറിഞ്ഞ സോളമൻ പൂഴിയുടെ ലാവണ്യമറിഞ്ഞില്ല. മനുഷ്യരുടെ വേദനയോ മൃഗങ്ങളുടെ വിലാപമോ അറിഞ്ഞില്ല. അവ സമ്പത്തും കായികശേഷിയും മാത്രമായി. ആഴിയുടെ അന്ധകാരത്തിൽ നിന്ന് പുറത്തുവന്ന യോനാ താൻ അനുഭവിച്ച പരിപാലനയെക്കുറിച്ച് ഓർക്കാൻ പരാജയപ്പെട്ടുപോയി.

സുവിശേഷം പറയുന്നു: ഇതാ ഇവിടെ സോളമനെക്കാൾ വലിയവൻ, ഇതാ യോനായെക്കാൾ വലിയവൻ.
അവൻ പറഞ്ഞു: എനിക്ക് അവരോടു അനുകമ്പ തോന്നുന്നു'

യോനായെ ഒരിക്കൽക്കൂടി കാണാം. ദൈവം ശിക്ഷിക്കാത്തതു കൊണ്ട് കുപിതനാണ് യോനാ.ഒരു മൃദു സ്വരത്തിൽ ദൈവം ചോദിക്കുന്നു: "നീ എന്തിനു കോപിക്കുന്നു?" ഒരു ചെറിയ കൂടാരമിട്ട് നിനവേ കത്തിയെരിയുന്നത് കാണാൻ കാത്തിരിക്കുന്ന യോനാ. ദൈവം ഒരു വള്ളിച്ചെടി കിളിർപ്പിക്കുന്നു, ഒരു പുഴു അത് കരണ്ടു വാടിപ്പി ച്ചു കളയുന്നു. ഈ പുഴു വലിയൊരു അടയാളമാണ്. അപരന് ദൈവത്തിന്റെ ശിക്ഷ കൊതിച്ചു കാത്തിരിക്കുന്നതിനിടയിൽ ലഭിക്കുന്ന ആശ്വാസവും സുരക്ഷയും അസ്വസ്ഥമാക്കുന്ന യാഥാർത്ഥ്യങ്ങളാണ് അത്. യോനാ വലിയ ഒരു ന്യായം ഉയർത്തുന്നു: നീ എന്നെ പൊട്ടനാക്കുമെന്നു എനിക്കറിയാമായിരുന്നു, നീ ശിക്ഷിക്കില്ല, നീ കാരുണ്യവാനും, ദയാലുവും, ക്ഷമാശീലനും സ്നേഹനിധിയും,ശിക്ഷിക്കുന്നതിൽ വിമുഖനുമാണെന്നു അറിയാവുന്നതു കൊണ്ടാണ് ഞാൻ മറ്റു സ്ഥലത്തേക്ക് കപ്പൽ കയറിയത്.

നിനവേക്കാരുടെ മാനസാന്തരത്തെക്കാൾ, പ്രവാസത്തിൽ നിന്ന് തിരിച്ചു വന്നവരുടെ വംശശുദ്ധി സംബന്ധമായി വന്നുചേർന്ന ഹീനമായ ശുദ്ധീകരണശ്രമങ്ങളെ തിരുത്തുവാൻ രൂപപ്പെട്ട ഒരു കഥയാണ് യോനാ എന്ന് അഭിപ്രായമുള്ളവരുണ്ട്. യോനാ എന്ന അടയാളം ഫരിസേയർക്കു നിർണായകമാകുന്നതും അങ്ങനെതന്നെ. ചുങ്കക്കാരും പാപികളും സമരിയാക്കാരും എന്ന് ചാപ്പകുത്തപ്പെടുന്ന അശുദ്ധഗണത്തെ കരുണക്കർഹതയുള്ള ഗണമായി ക്രിസ്തു കണ്ടു.

ശാന്തമായി ധ്യാനിക്കാം. അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ ചുറ്റി, താലത്തിൽ വെള്ളമെടുത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകുവാനും തൂവാലകൊണ്ട് തുടക്കുവാനും തുടങ്ങി (യോഹ 13: 4). ... ഇതാ യഥാർത്ഥ മനുഷ്യൻ ( യോഹ 19: 5)

നോമ്പ് അങ്ങനെയാണ് വെറും മനുഷ്യനായി, പരിപാലന തേടുന്ന സൃഷ്ടിജാലങ്ങളിൽ ഒന്നായി, പോറ്റുന്ന ഉറവിടങ്ങളെയെല്ലാം നന്ദിയോടെ ഓർക്കാൻ, അവയില്ലെങ്കിലുള്ള വിശപ്പിനേയും ദാഹത്തിനെയും കുറിച്ച് നേരത്തെ തന്നെ സ്വയം ഓർമ്മപ്പെടുത്താൻ...

ഫെബ്രുവരി 21, 2021

ആഴത്തിലേക്ക്

ജലത്തിന് മീതേ ആത്മാവ് ചലിച്ചുകൊണ്ടിരുന്നു. അവാച്യമായ പ്രപഞ്ച രഹസ്യങ്ങളുടെ സൂചനയാണ് ജലത്തിൽ. പ്രപഞ്ചം മുഴുവൻ ജലമായിരുന്നെന്നും, ഭൂമി ഒരു പരന്ന പ്രതലമായിരുന്നെന്നും, ഒരു കുമിള പോലെ ആകാശം ആ പ്രതലത്തിന് മീതെ നിന്നെന്നുമുള്ള പ്രപഞ്ചവീക്ഷണത്തിൽ നിന്നുമാകാം അതിനുമീതേ സകലതിനെയും സഞ്ചാലിതമാക്കുന്ന ആത്മസാന്നിധ്യം.

ക്രിസ്തു ജലത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയിടത്തുനിന്നു നമ്മുടെയും മാനസാന്തരം ആരംഭിക്കണം. നമ്മുടെ തന്നെയും, ദൈവത്തിന്റെയും, പ്രപഞ്ചത്തിന്റെയും ആഴങ്ങളിലേക്ക് കടന്നു ചെല്ലുവാനുള്ള ഒരു ഉൾവിളിയാണത്. യന്ത്രങ്ങളുടെയും, വിവരങ്ങളുടെയും തരംഗങ്ങളുടെയും വേഗതക്കിടയിൽ  ചുറ്റുമുള്ളവയുടെ ആന്തരികമൂല്യം തേടാൻ നമുക്ക് കഴിയാറില്ല. ലോകം, പദ്ധതി, വിദ്യകൾ എല്ലാം മനുഷ്യന്റേതു മാത്രമാണ്. ദൈവം നമ്മെ സൃഷ്ടിച്ചത് പ്രപഞ്ചത്തിന്റെ ഭാഗമായാണ്, അതിന്റെ സ്സ്വപ്നങ്ങളോട് ചേരാത്ത സുവർണ്ണസ്വപ്നങ്ങൾ രൂപപ്പെടുത്തിക്കൊണ്ട് ഭൂമിയെ കൊള്ളചെയ്തപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് മനുഷ്യൻ എന്താണോ അതായിത്തീരാനുള്ള  ആന്തരിക വെളിച്ചമാണ്. ആ വെളിച്ചത്തിലേ  സ്രഷ്ടാവിനെയും അവിടുത്തെ പദ്ധതികളെയും പോലും നമ്മുടെ ഹൃദയത്തിലേക്ക് ഗ്രഹിക്കാനാകൂ.

പ്രപഞ്ചത്തിനു മീതെ ചലിച്ചുകൊണ്ടിരിക്കുന്ന ആത്മാവ് നമ്മുടെ ആഴങ്ങൾക്കു മീതെയും നിരന്തരം ചലിക്കുന്നു. ക്രമരഹിതവും ശൂന്യവുമായ നമ്മുടെ രഹസ്യങ്ങളിൽ പ്രകാശം നിറയട്ടെ. കൃപാജലം വീണ്ടും  നമ്മെ മണ്ണിൽ അലിയിക്കട്ടെ. കണ്ണിനുമുമ്പിൽ കാണുന്നതല്ല ദൈവദർശങ്ങൾ, അവ ഉൾവെളിച്ചത്തിൽ കാണുന്നവയാണ്. പ്രപഞ്ചത്തെയും നമ്മെയും കാണാൻ കഴിയാത്തതിന്റെ കാരണവും ഈ ഉൾവെളിച്ചം നഷ്ടമായതാണ്. 

ഫെബ്രുവരി 20, 2021

പ്രലോഭകൻ ഒരു വ്യാജദൈവം

മറ്റൊരു വഴിത്താര ക്രിസ്തുവിന് തിരഞ്ഞെടുക്കാമായിരുന്നില്ലേ? പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ മുമ്പോട്ടു പോകുമായിരുന്നു. ദൈവത്തിനുപോലും മറ്റൊരു വഴി പാടില്ലായിരുന്നോ? പ്രധാനപുരോഹിതന്റെ അരമനയിലോ ഹേറോദേസിന്റെ കൊട്ടാരത്തിലോ ദൈവപുത്രന് പിറക്കുവാൻ ഒരു സ്ത്രീയെ ഒരുക്കാമായിരുന്നില്ലേ? അങ്ങനെയായിരുന്നെങ്കിൽ അധികാരവും ദേവാലയവും നിയമവും ദൈവവുമെല്ലാം ക്രിസ്തുവിന്റെ അധീനതയിലാകുമായിരുന്നല്ലോ. സ്വാഭാവികമായും എല്ലാവരും ആ ക്രിസ്തുവിന്റെ വഴിയേ നടക്കുമായിരുന്നു. അനീതിയുടെ സാമൂഹിക ഘടനകൾക്ക് തടസ്സമായത് കൊണ്ട് തന്നെയാണ് ക്രിസ്തു അധികാരികൾക്ക് അസ്വസ്ഥതയായത്. അല്ലായിരുന്നെങ്കിൽ അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലായിരുന്നു. ഇനി ബലി അനിവാര്യമായിരുന്നെങ്കിൽത്തന്നെ ഭക്തിയോടെ, വേദനയില്ലാതെ അവർ കൊല്ലുകയും ചെയ്തേനെ. 

ചരിത്രത്തിൽ അങ്ങനെയായിരുന്നില്ലെന്ന് നമുക്കറിയാം. എങ്കിലും നമ്മുടെ അവബോധങ്ങളിൽ ഇങ്ങനെയാണ് ദൈവികപ്രവൃത്തികളെ സാധാരണ പ്രതീക്ഷിക്കാറ്; ദൈവത്തിന്റെ ശക്തിയാൽ യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ലോകവും മനുഷ്യചരിത്രവും. യഥാവിധി, കാര്യങ്ങൾ സാധ്യമാക്കിത്തരുന്ന ദൈവം.

പ്രലോഭകന്റെ വാക്കുകൾ പ്രലോഭനങ്ങളായി നമ്മൾ ഒരിക്കലും തിരിച്ചറിയില്ല, കാരണം തികച്ചും ന്യായമായ വാഗ്ദാനങ്ങളാണവ. അതിലെ സാധാരണത്വം തന്നെയാണ് അന്നും ഇന്നും നമ്മെ വഞ്ചിക്കുന്നത്. കഴിവ് തെളിയിക്കുന്നതിൽ എന്താണ് തെറ്റ്? മാസ്മരികത സൃഷ്ടിക്കുന്നതിൽ എന്താണ് തെറ്റ്? എല്ലാവരെയും നിയന്ത്രണത്തിലാക്കിക്കഴിഞ്ഞ് അധികാരവും നിയമവും ദൈവശക്തിയും കൊണ്ട് നന്മ ഉറപ്പാക്കിക്കൂടെ? സമാധാനം ഉറപ്പാക്കിക്കൂടെ? പ്രലോഭകന്റെ വാഗ്ദാനങ്ങളിലെ ഒരു പ്രധാനചിത്രം കൂടിയാണ് അത്തരം വാഗ്ദാനങ്ങൾ നൽകുന്ന ഒരു ദൈവം. എല്ലാം ക്രമമായി, നിയമപരമായി നടന്നുപോകുന്നതാണ് ഉചിതം. അതാണ് ദൈവം ചെയ്യേണ്ടതും.

പക്ഷേ നമുക്കറിയാം, കല്ലുകൾ ഒരിക്കലും അപ്പമാകില്ല, പങ്കുവയ്ക്കപ്പെട്ട അപ്പമാണ് വർദ്ധിപ്പിക്കപ്പെട്ടത്
ദേവാലയഗോപുരത്തിൽ നിന്ന് ചാടുക എന്നത് കുരിശിൽ നിന്നിറങ്ങുക എന്നു പറഞ്ഞതു പോലെതന്നെയാണ്,
ലോകം മുഴുവൻ സ്വന്തം കൈപ്പിടിയിലാക്കാമായിരുന്ന ക്രിസ്തുവിന് വ്യവസ്ഥയായത് വ്യാജദൈവത്തിനു മുമ്പിൽ താണുവീണു വണങ്ങുക എന്നതാണ്. ദൈവത്തിന്റേതെന്ന് കരുതപ്പെടുന്ന ഏതു പൊള്ളവാഗ്ദാനവും വ്യാജം തന്നെയാണ്.

നസറത്തിലെ യേശു മേല്പറഞ്ഞ സുന്ദരമായ സ്വാധീന നിയന്ത്രണ ശക്തിക്കുടമയായിരുന്നെങ്കിൽ ജോർദ്ദാൻ നദിയുടെ ആഴങ്ങളിലേക്കിറങ്ങുവാനും 'എന്റെ പ്രിയ പുത്രൻ" എന്ന സ്വരം കേൾക്കുവാനും കഴിയുമായിരുന്നോ? ആരാധനീയമായി തന്നിൽത്തന്നെ എല്ലാമുള്ളപ്പോൾ ആ സ്വരത്തിനു തന്നെ എന്ത് പ്രസക്തിയാണുള്ളത്?
എന്നാൽ ആ സ്വരം കേട്ടതുകൊണ്ടാണ് ഒരു നന്മയും പ്രതീക്ഷിക്കരുതാത്ത നസറത്തിലെ ഒരുസാധാരണ മരപ്പണിക്കാരന്റെ മകൻ മരുഭൂവിലൂടെ നടന്ന് കഫർണാമിലും കാനായിലും ചുവടു വച്ചത്. അഭിഷിക്തനായി മനുഷ്യരുടെ ഇടയിലേക്ക് വന്നത്. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ സാന്നിധ്യം യാഥാർത്ഥ്യമാക്കിയത്.

താൻ കേട്ട സ്വരം എല്ലാവരെയും കുറിച്ചുള്ള സത്യമായി ക്രിസ്തു തിരിച്ചറിഞ്ഞു. അവരെയെല്ലാം ദൈവമക്കൾ ആയി കാണാൻ ക്രിസ്തുവിനു കഴിഞ്ഞതും അതുകൊണ്ടാണ്. ദാതാവും, ജേതാവും, നേതാവും ആകുവാനുള്ള പ്രലോഭകന്റെ വഴിയെ തീർത്തും തള്ളിക്കളയുന്ന നിലപാടാണ് എല്ലാവരും ദൈവമക്കളാണെന്ന ഉൾക്കാഴ്ച. തനിക്കുണ്ടായിരുന്ന അധികാര ബോധത്തെക്കുറിച്ച് ക്രിസ്തു പരാമർശിക്കുന്നത് ക്ഷമിക്കാനും കരുണ കാണിക്കാനുമുള്ള അധികാരത്തെ സംബന്ധിച്ചു മാത്രമാണ്.

"കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്" എന്നത് പ്രഘോഷത്തെക്കാൾ ദൈവമക്കളുടെ അരികിലേക്ക് ക്രിസ്തു നടക്കുമ്പോൾ ആ ഹൃദയത്തിലുള്ള ഉണർവ് പ്രകടമാക്കുന്ന ഉൾബോധമാണ്. അതിന്റെ ലക്ഷ്യത്തെക്കുറിച്ചു പറയുന്നതൊക്കെയും ഇന്ന് വളരെ വിശാലമായ അർത്ഥത്തിൽ അറിയേണ്ടതാണ്. കാരണം, മനുഷ്യരെക്കുറിച്ചു മാത്രമല്ല, സകലസൃഷ്ടികൾക്കും വേണ്ടിയുള്ളതാണ് സുവിശേഷത്തിന്റെ സദ്വാർത്ത. അന്ധർക്കു കാഴ്ചയും, മർദ്ദിതർക്കു മോചനവും, അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും, ദൈവത്തിനു പ്രീതികരമായ സമയവും യാഥാർത്ഥ്യവൽക്കരിക്കപ്പെടേണ്ടത് അവയെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ്. ആ തുറവിയിലേക്കുള്ള നടന്നടുപ്പാണ് യഥാർത്ഥ മാനസാന്തരം.

അതുകൊണ്ട്, അപ്രകാരമുള്ള ദൈവരാജ്യം ആത്മാർത്ഥമായ പ്രയത്നഫലമായാണ് വന്നുചേരുക. ഒരു കണ്ട്രോൾ റൂമിൽ നിന്ന് കാര്യങ്ങൾ നടത്തപ്പെടില്ല, നമ്മിൽ ഓരോരുത്തരിലും പ്രവർത്തിക്കുന്ന കൃപയിലൂടെയാണ് ദൈവരാജ്യം യാഥാർത്ഥ്യമാകുന്നത്. നമുക്ക് സാധ്യമായതുകൊണ്ടാണ് അത് സമീപിച്ചിരിക്കുന്നത്. പ്രലോഭകന്റെ വാഗ്ദാനങ്ങൾ എളുപ്പവഴികളും സുന്ദരവാഗ്ദാനങ്ങളും നൽകി ഈ കൃപകളെ അടച്ചുകളയുന്നവയാണ്.

പ്രലോഭനങ്ങളെ നമ്മൾ അതിജീവിച്ചിട്ടുണ്ടോ എന്നറിയാൻ, ആത്മാവിന്റെ നിറവ് ഉള്ളിൽ കണ്ടുകൊണ്ട്, എല്ലാവരെയും ദൈവമക്കളായി കാണുവാൻ ഉള്ള ഹൃദയത്തോടെ ഒരു സാധാരണക്കാരനായി/ക്കാരിയായി കഫർണാമിലും കാനായിലും വിജാതീയരുടെ ഗലീലിയിലും സമരിയായിലെ കിണറ്റുകരയിലും കടന്നു ചെല്ലാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.

ഫെബ്രുവരി 19, 2021

ക്രിസ്തുവിന്റെ ഉപവാസം

പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. "പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുകയാണ്" എന്നതായിരുന്നു ഉപവാസത്തിന്റെ അർത്ഥം. അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയർത്താനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്നേഹിക്കാനും ക്രിസ്തുവിനു കഴിഞ്ഞത്. 

അന്ധർക്കു കാഴ്ചയും ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നൽകാൻ, 

ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്ന മർദ്ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി പങ്കു വയ്ക്കുന്ന, ഉപവാസം.

വിത്തുകൾ അഴുക്കു വെള്ളത്തിൽ വീഴാതിരിക്കട്ടെ

മനുഷ്യജീവിതത്തിൽ സന്തോഷങ്ങളും ആഘോഷങ്ങളും സാധാരണമാണ്. അവ ജീവിതത്തിന്റെ വർണങ്ങളാകുന്നത് കുടുംബം സമൂഹം തുടങ്ങിയ ബന്ധങ്ങളെ ഓർമ്മിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുമ്പോഴാണ്. ചിലപ്പോഴൊക്കെ, സന്തോഷങ്ങളും ആഘോഷങ്ങളും ജീവിതത്തിൽ നിറയുമ്പോഴും നിർവൃതി, സംതൃപ്തി തുടങ്ങിയ ശാന്തതകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് സത്യമാണ്. സൗകര്യങ്ങളുടെയും ആഘോഷങ്ങളുടെയും ഇടയിൽ അസംതൃപ്തിയുടെ വലിയ സമ്മർദ്ദം വഹിക്കുന്ന അനേകം ജീവിതങ്ങളുണ്ട്.

ജീവിതത്തിന്റെ പല അവസ്ഥകളിലും വാണിജ്യതലത്തിലുള്ള മൂല്യങ്ങളാണ് ബന്ധങ്ങളെ നിർവചിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാം വസ്തുവല്കരിക്കപ്പെടുകയും, ലാഭ-ഉപഭോഗ സാധ്യതകൾ തേടിത്തുടങ്ങുകയും ചെയ്യും. അത് ഒരു ജീവിതശൈലിയാകുമ്പോൾ വിദ്യാഭാസവും, മരുന്നും, ദാർശനീയ ചിന്തകളും, മതാത്മകതയും രാഷ്ട്രീയവയും വില്പനമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപമെടുക്കും. വർധിക്കുന്ന സമ്പത്തിന് സൃഷ്ടിക്കാവുന്ന നവീനലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ആത്മീയമായിപോലും ഒരു ഭ്രമമായി നമ്മെ കീഴടക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് അടിമപ്പെട്ടു കഴിഞ്ഞു എന്ന് അറിഞ്ഞിട്ടും അതിൽനിന്ന് പുറത്തു വരേണ്ടതിനെക്കുറിച്ചു പോലും നമ്മൾ ചിന്തിക്കാത്തത്. ഈ മായികസ്വപ്നത്തിന്റെ വലിയ പരാജയമാണ് ഒരു വർഷത്തിലേറെയായി നമ്മൾ നേർക്കുനേർ കാണുന്നത്.

സഹവർത്തിത്വം, പങ്കുവയ്ക്കൽ, കരുതൽ തുടങ്ങിയവയിലൂടെയേ നമുക്ക് ഇനിയുള്ള നാളുകളിൽ മുമ്പോട്ടു പോകാനാവൂ എന്ന് ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ ഓർമിപ്പിക്കുന്നു. മനുഷ്യരുടെ മാത്രമല്ല ഭൂമിയുടെ മുഴുവനും നിലനിൽപിന് അത് ആവശ്യമാണെന്ന് പരി പിതാവ് എടുത്തു പറയുന്നു. ജീവിതശൈലിയിൽ കൊണ്ടുവരേണ്ട നല്ല ദർശനങ്ങൾ പരിശീലിക്കേണ്ട സമയമായി നോമ്പുകാലം മാറട്ടെ. വാണിജ്യബന്ധങ്ങൾ കമ്പനികളുടേതു മാത്രമല്ല, അത് നമ്മെ വളരെ നന്നായി കോർത്തിട്ടുതന്നെയാണ് വളരുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും ചിലവാക്കുക എന്നത് നമുക്ക് സാധാരണശീലമായതാണ്. ഓരോ വാങ്ങലും ഒരു ധാർമിക കാര്യമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. അങ്ങനെ ഓരോ അനാവശ്യ ചിലവഴിക്കലും പാപം തന്നെയാണ്. വാണിജ്യവത്കരിക്കപ്പെട്ട മതാത്മകതയിൽ ഈ ധാര്മികതക്ക് ഇടമുണ്ടാകില്ല. അത് ദൈവബന്ധം പോലും കൊടുക്കൽ വാങ്ങലുകളിലേക്കു നിർവചിച്ചുകഴിഞ്ഞു.

ജീവിതത്തിന്റെ സാധാരണ കാര്യങ്ങൾ തന്നെ എത്രമാത്രം വാണിജ്യവത്കരിക്കപ്പെട്ടു എന്ന് തിരിച്ചറിവിലേക്ക് വരുന്നത് ഒരു ആത്മീയ തുറവി തന്നെയാകും. അനാവശ്യമായ യാത്രകൾ, അത് തീർത്ഥാടനം എന്ന പേരിലായാലും നേരമ്പോക്കിന്റെ പേരിലായാലും ചിലവഴിക്കപ്പെടുന്നത് സമയവും ഇന്ധനവും മാത്രമല്ല. എല്ലാ തുറകളിലും ചിലവഴിക്കുവാനുള്ള അവസരങ്ങൾ തുറന്നുനൽകുകയാണ്. വിശപ്പിനോ, ഒരുമക്കോ, സഹോദര്യത്തിനോ ആയല്ല ആസ്വാദ്യതക്കു വേണ്ടിയും സ്റ്റാറ്റസിനായി വേണ്ടിയും ഒരുക്കുന്ന, വാങ്ങിക്കുന്ന വിരുന്നുകൾ എത്ര. ഈ വിപണന സാധ്യത മുൻനിർത്തി ശേഖരിക്കപ്പെടുന്ന ഭക്ഷണം സമയപരിധി കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഉള്ള ചിലവ് പണം മാത്രമല്ല, അത് നിർബന്ധിതമായി ഉത്പാദിപ്പിച്ച ഭൂമിയുടെ വിലയാണ്. പ്രകൃതിയും അതിന്റെ ഭാവിയും കൂടിയാണ്. കൊല്ലപ്പെട്ട മൃഗങ്ങളുടെയും നശിപ്പിക്കപ്പെട്ട സസ്യങ്ങളുടെയും വിലയാണ്. വസ്ത്രം, ഉപകരണ സാമഗ്രികൾ എന്നിവയിലെല്ലാം പുതിയ ട്രൻഡ് കളുണ്ട്. അവയില്ലാത്തവർ പഴഞ്ചൻ ആണെന്ന ചിന്താഗതിയിൽ നമ്മൾ പുതിയത് വാങ്ങുവാൻ നിർബന്ധിതരാകുന്നു. പലപ്പോഴും നമ്മൾ നിസ്സഹായരുമാണ്. ഈ ലേലം വിളിയിൽ നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള വിലയെന്താണ്? അത് ഒരു ജോലിക്കായുള്ള തിരഞ്ഞെടുപ്പിൽ മാത്രമല്ല ഓരോ വാങ്ങലിലും നമ്മുടെ തന്നെ വാണിജ്യമൂല്യം നിർണയിക്കപ്പെടുകയാണ്.


അത്തരമൊരു പരിസ്ഥിതിയിൽ 'നന്നായി' ജീവിക്കാവുന്നവർ ആരൊക്കെയാണ്? ദൈവം സഹായം എന്ന് അർത്ഥമുള്ള ലാസർമാർ എന്നും സമ്പന്നന്റെ വാതിൽപ്പടിയിൽ കരുണ തേടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

ലാസറിനെ കാണാൻ കഴിയാതിരുന്ന ധനവാൻ കുതിരപൂട്ടി തേരുതെളിച്ചു തിരികെ വന്നയാളാണ്. പടച്ചട്ടയും വാളും പാടത്തൊപ്പിയും ധരിച്ചു ധനവാൻ തിരിച്ചെത്തിയത് കഴുതപ്പുറത്താണ്. പടത്തൊപ്പിയുടെ ഇരുമ്പു പട്ടകൾ അയാളുടെ കാഴ്ചതന്നെ മറച്ചിരുന്നു. സ്ഥാപനവൽക്കരിക്കപ്പെടുന്ന അനീതിയുടെ ഫലമാണ് പാവങ്ങളുടെ പട്ടികയിലേക്ക് പോകുന്ന ഓരോരുത്തരും. അവരോ അവരുടെ പൂർവ്വികരോ ചെയ്ത പാപത്തിന്റെ ഫലമായല്ല, അവരോ അവരുടെ പൂർവ്വികരോ സഹിക്കേണ്ടി വന്ന അനീതിയുടെ ഫലമായാണ് ഇറക്കി വിടപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും അപമാനിക്കപ്പെട്ടവരും പാവങ്ങളായി ജീവിക്കുന്നത്. ആ അനീതിയിലെ ലാഭങ്ങളെ നിലനിർത്തേണ്ടതുകൊണ്ടാണ് ആ ദീനതയെ ന്യായീകരിക്കുന്ന ധാർമികചിന്തകൾ മതങ്ങൾ താലോലിച്ചത്. അവർ ഒരിക്കൽ പേരില്ലാത്തവരായിരുന്നു. ഇന്ന് അവർ അധികാരവും പണവുമുള്ളവർക്കു ഉപയോഗിക്കാവുന്ന വസ്തുക്കളാണ്. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന, കൊന്നു തള്ളപ്പെടുന്ന പാവപ്പെട്ട പെൺകുട്ടികൾ വസ്തുക്കളാക്കപ്പെട്ടവരാണ്. അംഗീകരിക്കപ്പെട്ട സാമൂഹികക്രമമായി അത് മാറുമ്പോൾ ക്രിസ്തു എന്ത് പറയുമായിരുന്നു? ആ ഉത്തരം നമ്മുടെ ധ്യാനചിന്തകളിൽ ഇല്ലാത്തതിന് കാരണം നമ്മുടെ ചില്ലിത്തുട്ടുകൾകൊണ്ട് നമ്മുടെ പുണ്യങ്ങളുടെ എണ്ണങ്ങളിലെക്കു പേരുചേർക്കുവാൻ അവസരമൊരുക്കുന്ന ദീന മുഖങ്ങൾ മാത്രമാണ് പാവങ്ങൾ എന്നതാണ്.

ദാനശീലത്തെക്കാൾ ആഴമുള്ളതാണ് പങ്കുവയ്ക്കലിന്റെ മനോഭാവം. അതിനു സമഭാവനകൂടി വേണം. താഴെത്തട്ടിലുള്ളവൻ ഒരേ ആത്മാഭിമാനത്തോടെ ജീവിക്കുന്ന അവസ്ഥയിൽ സമ്പത്തും വിദ്യാഭാസവും ആർജ്ജിക്കുന്ന അന്തരീക്ഷം ഒരുക്കേണ്ടത് ആത്മീയധ്യാനങ്ങളുടെ ഭാഗമാകുന്നില്ലെങ്കിൽ അവയൊക്കെ ശൂന്യമാണ്. ആരാധനാസ്ഥലങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും തീക്ഷ്ണമായ മമത സൂക്ഷിക്കുന്ന നമുക്ക് അരികെയും ദൂരെയുമുള്ള പാവങ്ങളുടെ വളർച്ച സമൂഹത്തിന്റെ ആത്മീയവളർച്ചയായി കാണാൻ കഴിയാത്തത് കൊല്ലപ്പെട്ടവന്റെ മതമന്വേഷിക്കുന്ന പുതിയ വിശ്വസശൈലിയിലെ വാണിജ്യമൂല്യങ്ങൾ തന്നെ.

നോമ്പ് മതാനുഷ്ഠാനമായി കടന്നു പോകുന്നെങ്കിൽ അത് അഴുക്കുവെള്ളത്തിൽ വീണ വിത്താണ്. നോമ്പ് ഫലദായകമാകണമെങ്കിൽ മനുഷ്യനെയും പ്രകൃതിയെയും അതിന്റെ നിര്മലതയിൽ കാണാൻ കഴിയണം. ... പിന്നീട് വന്ന് ബലിയർപ്പിക്കട്ടെ.

📢

ഫെബ്രുവരി 17, 2021

മണ്ണാണ് നീ; അതിന്റെ ലാവണ്യം ഇല്ലാതായാൽ?

നോമ്പ് തുടങ്ങുമ്പോൾ ഗെത്സെമെനിലെ ക്രിസ്തുവിനെപ്പോലെ വലിയ ഒരു ചോദ്യം നേരിടേണ്ടതുണ്ട്. ക്രിസ്തുവായി ജീവിക്കണോ, അതോ ആ ചൈതന്യം എന്നേക്കുമായി ഉപേക്ഷിച്ചു കളയണോ? ക്രിസ്തുവാകണമെങ്കിൽ വലിയ ത്യാഗാർപ്പണം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ പ്രലോഭകൻ വച്ചുനീട്ടിയതുപോലെ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ എന്നു തോന്നിപ്പിക്കുന്ന വലിയ നേട്ടങ്ങൾ നേടാനായേക്കും. രാജാവാകാനായേക്കാം, വലിയ ജനാവലി പിന്നാലെയുണ്ടായേക്കാം, അത്ഭുതസിദ്ധികളിൽ ആളുകൾ ആശ്‌ചര്യപ്പെടുന്നുണ്ടാകാം, ലോകം മുഴുവൻ അധീനതയിലായേക്കാം. ക്രിസ്തു മാറ്റിവച്ചവയാണവ.

ഫലഭൂയിഷ്‌ഠമായ മണ്ണിൽ നിന്നാണ് മനുഷ്യൻ രൂപപ്പെട്ടത്, ജീവരഹിതമായ വെറും പൊടിയിൽ നിന്നല്ല. മണ്ണിലെ ജൈവഗുണങ്ങൾ പോലെതന്നെ നമ്മിലെ വളക്കൂറും പ്രധാനമാണ്. ജീവിതത്തിൽ വിളയേണ്ട നല്ല ഫലങ്ങൾക്ക് നമ്മുടെ ആന്തരികതയിൽ പുണ്യങ്ങളുടെ ആഴമുണ്ടാവണം. അത് കൃപയായി നല്കപ്പെടേണ്ടതും, ആത്മാർത്ഥമായ ആഗ്രഹത്തോടെ നന്മയാഗ്രഹിച്ചുകൊണ്ട് വളർത്തേണ്ടതുമാണ്. എന്തെല്ലാം പ്രാപ്തമായാലും ഈ ലാവണ്യം നഷ്ടമാവുന്നെങ്കിൽ എന്ത് പ്രയോജനം? ആ നന്മകളുടെ മൂർത്തീഭാവമായ ക്രിസ്തു നമ്മിലും നമ്മുടെ സമൂഹത്തിലും പ്രതിഫ‌ലിക്കുന്നില്ലെങ്കിൽ സ്വയം വെട്ടിമാറ്റിയ മുന്തിരി ശാഖകളല്ലേ നമ്മൾ? ആ ജീവരാഹിത്യത്തെയും അതേപോലെതന്നെ നമ്മിലെ  ജീവസാധ്യതയേയും തേടുകയെന്നതാണ് നോമ്പിന്റെ ലക്ഷ്യം. 

അന്ത്യത്തെയും നശ്വരതയെയും കുറിച്ചല്ല മണ്ണ് പറയുന്നത്. മണ്ണ് പറയുന്നത് നമ്മുടെ വേരുകളെക്കുറിച്ചാണ്, നമ്മുടെ  ഉറവിടങ്ങളെക്കുറിച്ച്. യഥാർത്ഥത്തിൽ മനുഷ്യൻ ആരാണെന്നു മണ്ണ് പറഞ്ഞുതരും, നമ്മുടെ പരസ്പര  ബന്ധങ്ങളെക്കുറിച്ചും. നോമ്പ് ഓർമ്മപ്പെടുത്തുന്ന രണ്ടു യാഥാർത്ഥ്യങ്ങളാണ് വിശപ്പും ഭക്ഷണവും. മനുഷ്യന്റെ പരിണാമദശയിലെ ആദ്യ ആത്മീയ അനുഭവമായിരുന്നിരിക്കണം ഭോജനവസ്തുക്കളുടെ പങ്കുവയ്‌പ്പ്. ഭക്തിയോടെ ഭക്ഷിക്കുമ്പോൾ അവിടെ കൃതജ്ഞതയുണ്ട്, മാത്രമല്ല അപരന്റെ വിശപ്പിനോടുള്ള കരുതലുമുണ്ട്. എനിക്കുള്ളവ ഇല്ലാത്തവർക്ക് വേണ്ടികൂടിയാണെന്ന ഓർമ്മ മരണസമയത്തും പറുദീസാ പങ്കുവച്ചവന്റെ ഓർമ്മകൾ നിറയ്ക്കും. 

നോമ്പിന്റെ ദിനങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ ഓരോ ദിവസവും ദൈവകൃപയുടെ നിമിഷങ്ങൾ കണ്ടെത്താനാവട്ടെ. എന്തെങ്കിലുമൊക്കെ ചെയ്തു നേടിയെടുക്കാവുന്ന അനുഗ്രഹങ്ങളേക്കാൾ വേദനകളിലും പരാജയങ്ങളിലും നേട്ടങ്ങളിലും ആ കൃപയുടെ സാന്നിധ്യം തിരിച്ചറിയുകയെന്നതാണ് പ്രധാനം. നമ്മിലെ ചില മനോഭാവങ്ങളുടെ കാഠിന്യംമൂലം തടസപ്പെടുന്ന കൃപ നമ്മിലെ തുറവിയിലൂടെ ഉള്ളിലേക്ക് ഒഴുകിയെത്തും. സാധാരണ ജീവിതനിമിഷങ്ങളെത്തന്നെ തികഞ്ഞ ആത്മാർത്ഥതയോടും സ്നേഹത്തോടും കൂടി നമുക്ക് സമീപിക്കുവാനാവട്ടെ. വിശുദ്ധി എന്നത് ആ അർപ്പണമാണ്. അനുദിനം നടന്നു നീങ്ങുന്ന കുരിശിന്റെ വഴികളാണവ. ആ വഴിയേ, ജീവിതം ബലിയാക്കിയ ക്രിസ്തു നമുക്ക് പ്രചോദനവും ബലവുമാവട്ടെ. 

ക്രിസ്തുവിന്റെ ബലിയുടെ വഴി ഗെത്സെമെനിൽ തുടങ്ങിയതല്ല,അവന്റെ ഓരോ മനോഭാവത്തിലും ബലിയുണ്ടായിരുന്നു. അർപ്പണത്തിന്റേതായാണ് ആ ബലി കൂടുതൽ ധ്യാനിക്കേണ്ടത്, ഒരു പരിഹാരമായല്ല. കാരണം, നമ്മോടുള്ള സ്നേഹബന്ധത്തെ പ്രതിയാണ് ക്രിസ്തു ബലിയായത്. ആ സ്നേഹബന്ധത്തെ ഉറപ്പിക്കുകയും ആഴപ്പെടുത്തുകയുമാണ് നമുക്ക് ചെയ്യേണ്ടതും.  യഹൂദപശ്ചാത്തലത്തിൽ വീണ്ടെടുപ്പിന്റെ ദൈവശാസ്ത്രസങ്കല്പം പ്രബലമായിരുന്നതുകൊണ്ടാണ്  ക്രിസ്തുവിന്റെ ബലിയും ഒരുമോചനദ്രവ്യത്തോട് സമാനമായി വ്യാഖ്യാനിക്കപ്പെട്ടത്‌. സ്വയം അർപ്പിച്ചു തന്ന ഓരോ നിമിഷത്തിനും ഓരോ പ്രവൃത്തിക്കും ഉണ്ടായിരുന്ന സ്നേഹവും ആത്മാർത്ഥതയും കൃപയാൽ നമ്മിലും വന്നു ചേരണം. അവയൊക്കെയും ജീവദായകമായിരുന്നു എന്നത് നമുക്ക് ഒരു ആത്മവിചിന്തനത്തിനു പ്രേരകമാവണം. നമുക്കും മറ്റുള്ളവർക്കും ദൈവവുമായുള്ള ആത്മാർത്ഥ ബന്ധത്തിലേക്ക് വളരുവാൻ വേണ്ട ഹൃദയത്തിൻ്റെ ഒരുക്കമാണ് വേണ്ടത്  അത് വിലകൊടുത്തു വാങ്ങാനാവില്ല. നമ്മുടെ ജീവിതം മോചനം നേടേണ്ട ഒരു ജയിൽവാസമല്ല, വേതനം കിട്ടേണ്ട കൂലിവേലയുമല്ല. നമ്മുടെ പരിഹാരപ്രവൃത്തികൾ  സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അടയാളങ്ങളാണോ അതോ വീണ്ടെടുപ്പിന്റെ മോചനദ്രവ്യങ്ങളോ? ക്രിസ്തുവിന്റെ ബലി ജീവദായകമായതുപോലെ നമ്മുടെ നിമിഷങ്ങളും ജീവൻ പകരുന്നതാവണം.   നമ്മുടെ നിലപാടുകളും, പ്രയത്നങ്ങളും, അധ്വാനവും വാക്കുകളും ജീവദായകമാണോ?  

ദൈവത്തിൻ്റെ പ്രവൃത്തികളിൽ നിന്നും വ്യത്യസ്തമായി അതിലും മികച്ച ആത്മീയകൃഷിരീതികൾ വികസിപ്പിച്ചെടുത്തവരുണ്ട്. വലിയ വിളവെടുപ്പിനുവേണ്ടി വളം ചെയ്ത് മണ്ണിനെ തവിടുഭൂമിയാക്കിയ വിദഗ്‌ദശൈലികൾ ഓർമ്മയിലുണ്ടായിരിക്കട്ടെ. വലിയ ആത്മീയഫലങ്ങൾ സൃഷ്ടിക്കാനായി 'വിശേഷ ശക്തിയുള്ള' പ്രാർത്ഥനകൾ പ്രത്യേകം രൂപപ്പെടുന്നുണ്ട്. 'ദൈവത്തെക്കാൾ' ശക്തി അവക്കുണ്ട് എന്നാണ് തോന്നുന്നത്. 'ശക്തി കാണിക്കുന്ന' ഈ 'പ്രാർത്ഥനകൾ' (അവയെ പ്രാർത്ഥന എന്ന് വിളിക്കാമോ എന്ന് സംശയമാണ്) എണ്ണത്തിലും അളവിലും പ്രാധാന്യം നൽകുകയും അറിയാതെതന്നെ ആത്മീയതയിൽ ഒരു ഭൗതികതയും, ഉപഭോക്തൃസംസ്കാരശൈലിയും വളർത്തിക്കൊണ്ടു വരികയാണ്. ശക്തി തേടുന്ന നമ്മൾ ആന്തരികമായി ഫലരഹിതമായി മാറുന്നത് നമുക്ക് തിരിച്ചറിയണം. മതാത്മകതയുടെ ഉപരിപ്ലവതയിൽ കുടുങ്ങിപ്പോകുന്നു, ദൈവം തന്നെ ഒരു വഴിയായി മാറ്റപ്പെടുന്നു. ചെയ്യുന്ന പുണ്യങ്ങൾ എഴുതി വയ്‌ക്കേണ്ടി വരികയും അത് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എഴുതി അറിയുകയുമൊക്കെ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാക്കുന്ന യാന്ത്രികത, എണ്ണം കുറയുമ്പോഴുള്ള സാമൂഹിക അപമാനം ഒഴിവാക്കാൻ തെറ്റായ സംഖ്യ എഴുതുന്നതിലുള്ള കുറ്റബോധം, അറിയാതെ പ്രകടിപ്പിച്ചു പരിശീലിക്കുന്ന കപടഭക്തി എന്നിവയൊക്കെ ബലിയുടെ, അർപ്പണത്തിന്റെ, ആത്മാർത്ഥതയുടെ വഴിയിൽ കളകളാണ്. ശക്തിയുള്ള കുരിശിന്റെ വഴി ദീർഘമായതുകൊണ്ട് അതിന്റെ ശക്തി കുറയാതെ തന്നെ ചുരുക്കമാക്കി കുറുക്കു വഴി കണ്ടെത്തിയവരുമുണ്ട്. ഭക്തിയും വിശ്വാസവും പ്രകടനങ്ങളിലല്ല, ഹൃദയത്തിന്റെ സ്നേഹഭാഷയിലാണെന്നു മനസിലാക്കുമ്പോഴേ ആത്മാർത്ഥമായ, സ്നേഹത്തിന്റെ  'കടന്നുപോകലുകൾ' സാധ്യമാകൂ.  

സാമൂഹികമായ ഇടപെടലുകളിൽ സ്വന്തം നേട്ടമുണ്ടാക്കുന്ന ആശ്വാസതൈലങ്ങൾ യൂദാസിന്റെ പണക്കിഴി മാത്രമാണ്. നല്ല സ‌മരിയക്കാരനെപ്പോലെ സ്വയം അവതരിക്കുമ്പോഴും യൂദാസിന്റെ ചുംബനം നൽകി ക്രിസ്തുവിനെ ഇല്ലാതാക്കുകയാണവർ. ചുറ്റുമുള്ളവരുടെ ക്ഷതങ്ങളെപ്പോലും സ്വന്തം നേട്ടങ്ങൾക്കുപയോഗിക്കുന്ന അവർ ഉദാത്തമായ സാമൂഹികപ്രതിച്ഛായ രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക അനുഗ്രഹങ്ങൾക്ക് വേണ്ടി 'ശക്തിയുള്ള പ്രാർത്ഥനകളും' 'വലിയ ശക്തിയുള്ള പരിഹാരങ്ങളും' ചെയ്യാൻ തയ്യാറാവുന്ന നമ്മൾ, പൊതുവായ നന്മക്കു വേണ്ടിയും സമാധാനത്തിനു വേണ്ടിയും നിലപാടുകളും അർപ്പണവും സ്വീകരിക്കുക്കുവാൻ ഒരുക്കമാണോ? അത്തരം അർപ്പണങ്ങളിൽ ലാഭങ്ങളില്ല എന്നത് സത്യം. എങ്കിലും അങ്ങനെയാണ് ക്രിസ്തുശരീരത്തിലെ കുറവുകളെ നമ്മൾ പരസ്പരം പരിഹരിക്കുന്നത്. 
നവീകരണങ്ങളെ, മതാത്മകസാന്മാര്ഗികതലത്തിലേക്കു ചേർത്താണ് സാധാരണ ചിന്തിക്കാറ്.   ദൈവശാസ്ത്രപരമായ രൂപഘടനയുടെയും ആചാരങ്ങളുടെയും പശ്ചാത്തലങ്ങളിൽ ചെയ്തവയും ചെയ്യാത്തവയും എന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ആഴമായ ദൈവാശ്രയയബോധത്തിലേക്കും  സ്നേഹത്തിലേക്കും പ്രവേശിക്കുവാൻ കഴിയുക എന്നതാണ് നവീകരണ പ്രയത്നത്തിന്റെ ഹൃദയം. ഭക്തിയും വിശ്വാസവും പ്രകടനങ്ങളാവരുത്, അത് നമ്മെത്തന്നെ വഞ്ചിക്കും. വ്യക്തിയായും സമൂഹമായും നടക്കേണ്ട ആന്തരികനവീകരണം സ്നേഹം ആത്മാർത്ഥത എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് യാഥാർത്ഥ്യമാവേണ്ടതാണ്.

എങ്ങനെയൊക്കെയോ രൂപപ്പെട്ട ചില കഠിനതകളെ ന്യായീകരിച്ചും പരിലാളിച്ചും അറിയാതെ ആരാധിക്കുന്ന പാറക്കലുകൾ ആയിത്തീർന്നിട്ടുണ്ട് നമ്മുടെയുള്ളിൽ. ആ അനീതികളെ അലിയിച്ചുകളയുവാൻ മാത്രം കൃപയുടെ നീർച്ചാലുകൾ നമ്മിൽ ഉണ്ടോ? ആ നീർച്ചാലുകളെയാണ് ഈ നോമ്പുകാലത്തു തേടേണ്ടത്. പാപങ്ങളുടെ കുഴികളല്ല നോമ്പുകാലത്തു നമുക്ക് ധ്യാനവിഷയം, കൃപയുടെ പടവുകളാണ്. മുഴുവൻ തളർന്നുവെങ്കിൽപോലും ആ പടവുകളിലൂടെ പിടിച്ചു നടത്തുവാൻ ഉള്ളിൽ ക്രിസ്തുവുണ്ട്. കാൽവയ്പുകൾ പിഴച്ചേക്കാം, ക്രിസ്തു ക്ഷമയോടെ കൂടെയുണ്ട്, നിരാശപ്പെടുത്താതെ, നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ട്.

ദൈവത്തിന്റെ പേരിൽ നമ്മിലെ അഹങ്കാരവും സമ്പത്തും കെട്ടിയുയർത്തിയ മനോഹരസൗധങ്ങൾ തകർന്നു വീഴട്ടെ, സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കെട്ടിക്കൂട്ടുന്ന വേലിക്കെട്ടുകളും ഇല്ലാതാവട്ടെ, സാഹോദര്യവും സമാധാനവും ഹൃദയത്തിലെങ്കിലും ആഗ്രഹിക്കുവാൻ ക്രൂശിതന്റെ ബലി നമുക്ക് കൃപയേകട്ടെ.    
ഉള്ളിൽ നിലമൊരുക്കുവാനും, വിത്തിടുവാനും, സാന്ത്വനിപ്പിക്കാനും പിടിച്ചുയർത്താനും ക്രിസ്തുവിനു കഴിവ് പോരാ എന്ന് തോന്നിത്തുടങ്ങിയ ഒരു കാലമാണിത്. ക്രിസ്തുചൈതന്യം കൊണ്ട് നിലനില്പില്ല എന്ന് ചിലരെങ്കിലും ഉറപ്പിച്ചു കഴിഞ്ഞു. ദേവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകരുമ്പോഴും ജീവിക്കുന്ന ദേവാലയമായി ക്രിസ്തുവുണ്ടാകും എന്നത് സീസറിന്റെ രൂപവും ലിഖിതങ്ങളും പറഞ്ഞു തരില്ല. അതിന് ഗിരിപ്രഭാഷണങ്ങൾ സൗമ്യമായി കേൾക്കണം. 

  📢

ഫെബ്രുവരി 15, 2021

'The Bible in its Traditions'

 'The Bible in its Traditions' ബൈബിളിനെക്കുറിച്ചുള്ള ഒരു ഗവേഷണ പദ്ധതിയാണ്. പുസ്തകരൂപത്തിലേക്ക് ഈ ഗവേഷണഫലങ്ങൾ കൊണ്ടുവരാനാവില്ല എന്നതിന്റെ കാരണം അതിന്റെ  വലിയ ആഴവും വ്യാപ്തിയും തന്നെയാണ്. ഓർത്തഡോക്സ്‌, കത്തോലിക്ക്, പ്രൊട്ടസ്റ്റന്റ് വ്യത്യാസമില്ലാതെ ഈ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും സമീപിക്കാമെന്നതുകൊണ്ട് ഇത് ഒരു പരസ്പര സംഭാഷണത്തിന് കൂടി പശ്ചാത്തലമൊരുക്കും. കാത്തോലിക് വ്യാഖ്യാനങ്ങൾക്കു ഊന്നൽ കൊടുക്കുമ്പോഴും, ബൈബിളിനോടുള്ള യഹൂദ മുസ്ലിം സമീപനങ്ങളും ഇവിടെ കണ്ടെത്തുവാൻ നമുക്ക് കഴിയും. അപ്പോക്രിഫൽ ഗ്രന്ഥങ്ങൾ മാത്രമല്ല അതിപുരാതനസംസ്കാരങ്ങളിലെ സങ്കല്പങ്ങളും ആചാരരീതികളും കണ്ടെത്താനാകുന്ന ലിഖിതങ്ങളും മറ്റും ഒരുമിച്ചു വെച്ചാണ് ഈ ഗവേഷണ പദ്ധതി ബൈബിൾ വായിക്കുവാൻ പരിശ്രമിക്കുന്നത്. മനുഷ്യ ഹൃദയങ്ങൾ അതിന്റെ ചരിത്രത്തിൽ എങ്ങനെയൊക്കെ വചനം കേട്ടിരുന്നു എന്നതിന്റെ കൂടി അന്വേഷണമാണിത്. അതുകൊണ്ട്  ബൈബിളും അതിന്റെ പാരമ്പര്യങ്ങളും, വചനവും മാനവികതയും തമ്മിലുള്ള സംഭാഷണം കൂടിയാകും. 

സാംസ്കാരികവും മതപരവുമായ വ്യത്യസ്തതകൾ മാറ്റി നിർത്തി അവക്ക് മീതേ നിന്നെങ്കിലേ പരസ്പര സൗഹൃദങ്ങൾ സാധ്യമാകൂ എന്ന് കരുതിയിരുന്നതിൽ നിന്നും ആ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊണ്ട് കൊണ്ട് തന്നെ പരസ്പരം കണ്ടെത്തുവാൻ നമുക്കാകുമെന്ന് ഈ ബൈബിൾ പഠനം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പാരമ്പര്യവും സമകാലീന ഗവേഷണശൈലികളും ഒരുമിച്ചു വച്ചുകൊണ്ട് വചനം ശ്രവിക്കുവാനുള്ള ഒരു പ്രയത്നമാണത്. 

ഫെബ്രുവരി 13, 2021

ഏതു 'ദൈവ'മാണ് ദൈവം?

ദൈവം മോശക്ക് പേര് വെളിപ്പെടുത്തുന്നതിനും മുമ്പേ യാഹ്‌വെ കാനാൻകാരുടെ ഒരു ദേവനായിരുന്നു. യാഹ്‌വെ പിന്നീട് യാഹ്‌വെ-എലോഹിം (കർത്താവായ/സർവശക്തനായ/ നാഥനായ ദൈവം) ആകുമ്പോൾ ജീവിക്കുന്ന ഏകദൈവം യാഹ്‌വെ ആണെന്ന അർത്ഥത്തിലാണത്. അപ്പോൾ ദൈവവും യാഹ്‌വെയും ഒന്നാണോ വ്യത്യസ്തമാണോ? ദൈവത്തിന്റെ പല പേരുകളോ സ്വഭാവങ്ങളോ ആയി പറയപ്പെട്ടിട്ടുള്ളവ പ്രാചീന മധ്യപൂർവേഷ്യയിലെയും ഈജിപ്തിലെയും അറേബ്യയിലെയും ബാബിലോണിയയിലെയും വ്യത്യസ്തങ്ങളായ കുലദൈവങ്ങളുടെ പേരുകൾ ഒരുമിച്ചു ചേർക്കപ്പെട്ടവയായി നമുക്ക് കാണാം. ഉദാ: സാധാരണ ഉപയോഗിക്കാറുള്ള ദൈവമായ കർത്താവ് എന്ന പ്രയോഗത്തിലെ ദൈവം (എലോഹിം), കർത്താവ് (യാഹ്‌വെ) എന്നിവ രണ്ടു ദൈവസങ്കല്പങ്ങളായിരുന്നു.

കാനാൻകാരുടെ ദൈവമായിരുന്ന ഏൽ നീണ്ട താടിയും വലിയ ചിറകുകളുള്ള വയോധികശ്രേഷ്ഠനെപ്പോലെ കാണപ്പെട്ടു. അവരുടെ ദേവലോകത്തെ തലവനായിരുന്ന ഏൽ സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും പിതാവും അഷേറാ ദേവിയുടെ ഭർത്താവുമായിരുന്നു. മഹനീയത സൂചിപ്പിക്കാൻ സ്വയം വിശേഷിപ്പിക്കുമ്പോൾ നാം, നമ്മൾ നമ്മുടെ, നമുക്ക് തുടങ്ങിയ ബഹുവചന പ്രയോഗങ്ങൾ സാധാരണമാണ്. ആ ദേവഗണത്തിലെ അംഗമായിരുന്ന യാഹ്‌വെയുടെ ചുമതലയാണ് സൃഷ്ടികർമ്മം. മറ്റു ചില വിവരണങ്ങളിൽ യാഹ്‌വെയുടെ അടയാളങ്ങൾ ഏൽ നും നല്കപ്പെട്ടിട്ടുള്ളതായി കാണാം.

ഉണ്മയിലേക്കു വരുന്ന സകലതിനും അസ്തിത്വം നൽകുകയാണ് യാഹ്‌വെ ചെയ്യുന്നത്. യാഹ്‌വെക്ക് കാളയുടെ തലയുണ്ടായിരുന്നതിനാൽ യാഹ്‌വെയുടെ പുരോഹിതരും കൊമ്പുകളുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ഏൽന്റെ മക്കൾ മൊത്തത്തിൽ വിളിക്കപ്പെട്ടതു എലോഹിം എന്നാണ്. ഏകവചനത്തിൽ എടുത്താൽ അവരും ഏൽ അല്ലെങ്കിൽ എലോവാം എന്നാകും. ബൈബിളിൽ ഈ ബഹുവചനപ്രയോഗങ്ങളും ഏകവചന അർത്ഥത്തിലാണ് നല്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെയോ, ജലത്തിന്റെയോ അഗ്നിയുടെയോ ശക്തിയെ സൂചിപ്പിക്കുന്നതും ആകാം എലോവാം. നിരീക്ഷിക്കുകയും കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ഈജിപ്തിലെ മരുഭൂദൈവമാണ് ഏൽ റോയ്. ഏൽ ഷദ്ദായി സർവശക്തൻ എന്നർത്ഥമുള്ള അക്കാദിയൻ ദൈവമാണ്. ശക്തിയെ സൂചിപ്പിക്കുന്നതായി പർവ്വതങ്ങളുടെ ദൈവമെന്നോ പർവ്വതങ്ങളിൽ വസിക്കുന്ന ദൈവമെന്നോ വിശേഷിപ്പിച്ചിരുന്നു. അതേ വാക്കുകളിൽ കരുതലും പരിപാലനയും സൂചിപ്പിച്ചുകൊണ്ട് സ്തനങ്ങളുള്ള ദൈവമെന്നും അർത്ഥമുണ്ട്. അതേ മലദൈവത്തെ കാനാൻകാർ ബാൽ ഹദദ് എന്ന് വിളിച്ചു. ഈ ദൈവം കൊടുങ്കാറ്റിന്റെ ദൈവവുമായിരുന്നു. അക്കാദിയൻ ഷദ്ദായിയും കാനാൻ കാരുടെ ഏൽ ഉം കൂടിച്ചേർന്ന സങ്കൽപ്പമായിരുന്നിരിക്കണം പൂർവ്വപിതാക്കന്മാരുടെ വിശ്വാസങ്ങളിൽ. അദോനായ് യും ഏലോ സബാവോത് ഉം ഫിനീഷ്യയിലെ സൈന്യങ്ങളുടെ ദൈവങ്ങളായിരുന്നു. സൈന്യങ്ങളുടെ ദൈവം എന്നാൽ യുദ്ധം നയിക്കുന്ന ദൈവത്തെക്കാൾ മാലാഖവൃന്ദങ്ങളുടെയോ അരൂപികളുടെയോ സാന്നിധ്യത്തിൽ ആയിരിക്കുന്ന ദൈവത്തെയാണ് ഉദ്ദേശിക്കുന്നത്. യുദ്ധത്തിനും വേട്ടയ്ക്കും നേതൃത്വം നൽകുന്ന ദൈവങ്ങളുമുണ്ടായിരുന്നു.

സൃഷ്ടിക്കുകയും, മേഘങ്ങളിലും കാറ്റിലും സഞ്ചരിക്കുകയും, കൊടുങ്കാറ്റിൽ പ്രത്യക്ഷപ്പെടുകയും, ചിറകുകളിൽ വഹിക്കുകയും ചെയ്യുന്ന, സൈന്യങ്ങളുടെ കർത്താവും പർവ്വതങ്ങളിൽ വസിക്കുകയും ഭൂമിയെ ഇളക്കുകയും എന്നാൽ മാറിടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ബൈബിൾ ഭാഗങ്ങൾ ഓർത്തു നോക്കാം. പല സംസ്കാരങ്ങളിലെ ദൈവസങ്കല്പങ്ങളിൽനിന്ന് ഒരുമിച്ച് ചേർക്കപ്പെട്ടവയാണവ. ദൈവങ്ങളുടെ വെറും ഗുണങ്ങൾ മാത്രമല്ല അവ, മറിച്ച്, അവ കാനാൻകാരുടെയും, ഹിത്യരുടെയും, അമോര്യരുടെയും ഈജിപ്തുകാരുടെയും ഫിനിഷ്യക്കാരുടെയും സിറിയക്കാരുടെയും ദൈവങ്ങൾ തന്നെയായിരുന്നു. ബി. സി. ഏഴാം നൂറ്റാണ്ടിൽ ജോസിയ രാജാവാണ് ഇസ്രായേലിൽ നിലവിലിരുന്ന പുരാതന മതാചാരങ്ങൾ നിരോധിച്ച് ഏകദൈവാരാധന , അതും ബെഥേൽ അടക്കമുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങൾ തച്ചുടച്ചുകൊണ്ട് ജറുസലേമിൽ കേന്ദ്രീകൃതമായ ആരാധന നിർബന്ധിതമാക്കിയത്.

പ്രാചീന അറേബ്യയിലും, ഓരോ പ്രദേശത്തിനും അവരുടേതായ ദൈവങ്ങളുണ്ടായിരുന്നു. ചന്ദ്രനേയും നക്ഷത്രങ്ങളെയും ജിന്നുകളെയും (spirits/powers) അനേകം ദേവീദേവന്മാരെയുമായിരുന്നു അവർ ആരാധിച്ചിരുന്നത്. ജിന്നുകൾ ഉത്തര അറേബ്യയിൽ സഹായിക്കുകയും നന്മകൾ പകരുകയും ചെയ്യുന്നവ ആയിരുന്നു, എന്നാൽ പശ്ചിമ-മദ്യ അറേബിയയിൽ അവ ഉപദ്രവം വരുത്തുന്നവയും അസുഖങ്ങളുടെയും മാനസിക അസ്വസ്ഥതകളുടെയും കാരണവുമായിരുന്നു. നടോടികളായിരുന്നവർ അവരുടെ കുലചിഹ്നങ്ങളെയും, മാന്തികശക്തിയുണ്ടെന്നു കരുത്തപ്പെട്ട വസ്തുക്കളെയും പൂർവ്വികരെയും ആരാധിച്ചിരുന്നു. ചെറിയ പട്ടണപ്രദേശങ്ങളായി സ്ഥിരതാമസമാക്കിയവർ കുറേക്കൂടി വ്യക്തമായ ദൈവസങ്കല്പങ്ങൾ രൂപപ്പെടുത്തി.

ദൈവം എന്നർത്ഥമുള്ള al-lāh, al-ilah or Allāh (simply means the god) മെക്കയിലെ അധിപനായ ദൈവമായിരുന്നു. Al-ilah ന്റെ സ്ത്രീ രൂപമായ Al-lāt, Al-ilāt (the goddess) Al-ilah ന്റെ പുത്രിയെന്നു കൂടി വിളിക്കപ്പെട്ടിരുന്നു. Al-lāt ഉം, ശക്തിയെന്നർത്ഥം വരുന്ന (the most Powerful) സ്നേഹത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ഫലസമൃദ്ധിയുടെയും സന്താനലബ്ദിയുടെയും ദേവിയായിരുന്ന al-ʿUzzā യും, എല്ലാറ്റിന്റെയും അന്ത്യവും ലക്ഷ്യവും എന്ന അർത്ഥത്തിൽ സമയത്തിൻ്റെയും കാലത്തിൻ്റെയും വിധിയുടെയും ദേവിയായിരുന്ന al-manāt ഉം ഒത്തുചേർന്ന ഒരു ത്രിദേവി രൂപം ജനത്തിന് കനിവ് നല്കിപ്പോന്നു. Al-Rahman (The Merciful One) കരുണാമയനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനുമായി ദക്ഷിണ അറേബ്യയിൽ ആരാധിക്കപ്പെട്ടിരുന്ന ദൈവമാണ്. ഇസ്ലാമിന്റെ പിറവിയോടെ അല്ലാഹ് ഏകദൈവമായി (al-ilah ar-rahman ar-rahim -God the most compssionate and merciful).

സെമിറ്റിക്, ബാബിലോണിയൻ പ്രദേശങ്ങളിലെല്ലാം ദൈവത്തെ സൂചിപ്പിക്കുവാൻ എൽ, ഇൽ, ഏലോ, എലോഹിം, അലാഹ, ഇലാഹ് തുടങ്ങിയ മൂലപദങ്ങളാണ്. പുരാതനഗ്രീക്കിൽ തെയോ എന്നതിന്റെ തത്തുല്യപദം. god രൂപപ്പെട്ടത് പ്രാകൃത ജർമൻ ഭാഷയിലെ guthan, gott എന്നീ മൂലരൂപങ്ങളിൽ നിന്നാണ്. ദൈവവും ദേവി ദേവനും രൂപപ്പെട്ടത് പ്രകാശിക്കുന്നത് എന്ന് അർത്ഥമുള്ള deus, div, തുടങ്ങിയ ഇൻഡോ യൂറോപ്യൻ മൂലരൂപങ്ങളിൽനിന്നും.

ഏതു 'ദൈവ'മാണ് ദൈവം?

ഇങ്ങനെ മൂലരൂപങ്ങളെ മനസിലാക്കുന്നതുകൊണ്ട്, അവയുടെ ഭാഷാപരവും സാംസ്കാരികവുമായ പശ്ചാത്തലം മനസിലാക്കുന്നതുകൊണ്ട് ദൈവത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ, നമ്മുടെ വിശ്വാസത്തിനോ കുറവ് വരുന്നില്ല. എന്നാൽ, ദൈവസങ്കല്പത്തിൽ പോലും മറ്റനേകം വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സ്വാധീനം ഉൾച്ചേർന്നിട്ടുണ്ട് എന്ന് മനസിലാക്കുന്നത് നമ്മുടെ ഇടുങ്ങിയ മനോഭാവങ്ങൾ തുറന്നേക്കും. വെളിപ്പെടുത്തപ്പെട്ടവ എന്നത് കൊണ്ട്, മറച്ചുവയ്ക്കപ്പെട്ടത് എന്തെങ്കിലും തുറക്കപ്പെടുന്നു എന്ന രീതിയിലല്ല, മറിച്ച് വേണ്ടരീതിയിൽ ദൈവപ്രചോദിതമായി തിരിച്ചറിയപ്പെടുന്നു എന്നതാണ് അർത്ഥമാക്കുന്നത്.

ഹരിതസമൃദ്ധിയും അതിന്റെ ഉദാരതയും സ്വീകരിച്ചു ജീവിച്ച സമൂഹങ്ങൾ അവർക്ക് ചുറ്റുമുള്ള മരങ്ങളിലും നദികളിലും കാറ്റിലും മൃഗങ്ങളിലുമുള്ള മറ്റുമുള്ള തങ്ങളുടെ ആശ്രയത്വം ആരാധനാരീതികളിൽ പ്രകടമാക്കുന്നു. വരണ്ട പ്രദേശങ്ങളിൽ കൂടുതലും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഗ്രഹങ്ങളും ആരാധിക്കപ്പെട്ടു. തങ്ങളുടെ വാത്സല്യമോ പേടിയോ ആശ്ചര്യമോ സൃഷ്ടിക്കുന്ന മൃഗങ്ങൾ ദൈവങ്ങൾക്ക് വാഹനങ്ങളോ ദൈവങ്ങൾ തന്നെയോ ആയി. പ്രാചീനസംസ്കാരങ്ങളിൽ പൊതുവായികാണപ്പെടുന്ന മൂലപദങ്ങളുടെയും ദൈവസങ്കല്പങ്ങളുടെയും സമാനത മനുഷ്യഹൃദയങ്ങളിലെ തിരിച്ചറിവിന്റെയും അവബോധത്തിന്റെയും കൂടി വെളിപ്പെടുത്തലാണ്.

ആ ദൈവവും ഈ ദൈവവും ഒന്നാണോ വേറെയാണോ എന്ന് വിശദീകരിക്കുന്നവർ, ഈ ദൈവസങ്കല്പങ്ങൾ രൂപപ്പെട്ട സാംസ്‌കാരിക പാരമ്പര്യങ്ങളെ, അവയിലെ ഭാഷാവൈവിധ്യങ്ങളെ, അവ നൽകുന്ന വിവരണങ്ങളെയും പേരുകളെയും ഉപകാരപ്രദമായി വിശദീകരിക്കാത്തത് ഖേദകരമാണ്.

ദൈവം ഒന്നാണ്, എന്നാൽ 'എന്റെ ദൈവം' ദൈവം ആക്കപ്പെടുമ്പോൾ, ഒരു മേല്കോയ്മയാകുമ്പോൾ, അത് ഏകാധിപതികൾ രാഷ്ട്ര ഐക്യത്തിന് ഉപയോഗിച്ച പോംവഴിപോലെ നമ്മളും വാഴുന്നവർ ആകുവാൻ ശ്രമിക്കുന്നുണ്ട്. 'എന്റേതും' നിന്റേതുമായി മാറുന്ന ഒരു ദൈവവും ദൈവമല്ല.

മതങ്ങളുടെ ചരിത്രവും സംസ്കാരവും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. മതങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം അവ നന്നായി പറഞ്ഞു തരും. ദൈവത്തിന്റെ ഗുണങ്ങളൊക്കെയും ഒരു മൂർത്തിയിൽ മാത്രമായി കാണാനാവില്ലെന്ന ബോധ്യമാവാം ദൈവത്തെ പലതായി കാണുന്നതിന്റെ പിന്നിൽ. ഒരു പാറയിൽ, കാളക്കുട്ടിയിൽ, സിംഹത്തിൽ, വൃക്ഷത്തിൽ അവയെന്താണൊ അതിനുമപ്പുറം എന്തൊക്കെയോ അനുഭവിച്ചവർ അവയിൽ കണ്ടതും അറിഞ്ഞതും എന്തായിരുന്നു? വിവിധങ്ങളായ ദൈവസങ്കല്പങ്ങളിൽ അവർ ആ സത്യത്തെക്കുറിച്ച് അനുഭവിച്ചറിഞ്ഞത് എന്തായിരുന്നു?

സകലതിനെയും പരിപാലിക്കുന്ന ദൈവത്തിന് രൂപം നൽകുവാൻ മാത്രം നമ്മൾ ആരാണ്? നമ്മൾ മനസിലാക്കിയത് മാത്രമാണ് ദൈവത്തിന്റെ ചിത്രമെന്ന് ശഠിക്കുവാൻ നമ്മൾ ആരാണ്? ഊട്ടിയുറക്കുന്ന ദൈവത്തിൽനിന്നും ഭരിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതായി ദൈവം മാറിയതെപ്പോഴാണ്? അതിന്റെ നേട്ടം ആർക്കാണ്?

യുദ്ധങ്ങൾ തുടങ്ങും മുമ്പ് യുദ്ധങ്ങളുടെ ദൈവമില്ല; സൈന്യങ്ങളുടെ ദൈവമില്ല. പരിപാലനയോ സംരക്ഷണമോ ഒക്കെയായാണ് ദൈവരൂപങ്ങൾ ആദ്യം മനുഷ്യഹൃദയത്തിൽ പതിഞ്ഞത്. അതുകൊണ്ടാവണം അവക്കൊക്കെയും മാതൃഭാവവും സ്ത്രീരൂപവും ഉള്ളത്. അത് എന്തുമാവട്ടെ, അവയെ വണങ്ങുകയോ ആരാധിക്കുകയോ വേണ്ട. എന്നാൽ അത്തരം സങ്കല്പങ്ങളിൽനിന്നുള്ള ഹൃദ്യത ആന്തരികമായി ആഗ്രഹിച്ചു സ്വന്തമാക്കാവുന്നതാണ്. അവയോരോന്നും വെളിപ്പെടുത്തുന്നത് നമ്മേക്കുറിച്ചാണ്. ദൈവത്തിൽ കാണപ്പെട്ട ഗുണങ്ങളിൽ നമ്മിലേക്ക്‌ പകരുന്ന ഗുണങ്ങളെ അടുത്തുകാണണം. ആ വലിയ പരിപാലന, കരുണ, സമാധാനം നമുക്ക് ജീവിക്കാനാവണം. നമ്മിലുള്ള ജീവൻ സ്വീകരിച്ചിട്ടുള്ളതാണെന്ന ബോധ്യം, ഉദാരത, നന്മ, സമാധാനം, കേൾക്കപ്പെടുകയും കാണപ്പെടുകയും ചെയ്യണമെന്ന ആഗ്രഹം, ന്യായമായ വിധിന്യായം, ആവശ്യമായ പുതിയ പ്രത്യാശ, ആന്തരികമായി വേണ്ട മാർഗദർശനം, ഓരോ ദിനത്തിന്റെയും പ്രകാശം, ഊഷ്മളത,ആനന്ദം, ജ്ഞാനം, വാത്സല്യം ഇതൊക്കെയാണ് മനുഷ്യന്റെ ആന്തരികതയിലേക്ക് ഒരിക്കൽ ആ പ്രാകൃതസങ്കല്പങ്ങളിൽ അവർ തേടിയിരുന്നത്. ഇവയൊന്നും ഒരു ദൈവത്തിനും വിശ്വാസത്തിനും ഒരിക്കലും എതിരാവില്ല. അവരുടെ ഉള്ളിലേക്ക് പകരപ്പെട്ട ഈ ഗുണങ്ങളാണ് അവരിലെ മനുഷ്യസത്തയുണ്ടാക്കിയത്. സത്യദൈവമെന്ന് വിളിച്ചു ഇന്ന് നമ്മൾ വഴക്കിനു കാരണമാക്കുന്ന ദൈവവാദങ്ങളിൽനിന്ന് ഈ ആന്തരികതകളിലേക്ക് നടക്കാൻ നമുക്കാവണം. അതിനാണ് ദൈവത്തിന്റെ ശൈശവകാലം തേടി കൗതുകത്തോടെ അവിടുത്തെ അടുത്തുകാണേണ്ടത്. അപ്പോഴാണ് ദൈവത്തെയും നമ്മിലെ മനുഷ്യരെയും തിരിച്ചറിയാനാകുക.

കാലാകാലങ്ങളായി പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും നയിക്കുന്ന അനന്തനന്മയായ വചനം നമുക്ക് പകർന്നു നൽകിയ പ്രചോദനങ്ങൾ ഓരോ സംസ്കാരത്തിലും അവയുടെ ദൈവചിന്തകളിലുമുണ്ട്. മറ്റൊരു സംസ്കാരത്തിൽ വേറൊരു രീതിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് അവയെ തിന്മയായി നിഷേധിക്കേണ്ടതില്ല. ആന്തരികമായ ഉൾകാഴ്ചകളിൽ നമുക്ക് പരസ്പരം കാണുവാൻ കഴിയും. അസ്തിത്വം നൽകി പരിപാലിക്കുകയും സകലതിനെയും അതിന്റെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുന്ന ദൈവത്തെ സകല സൃഷ്ടികളും ഒരിക്കൽ തിരിച്ചറിയും. എങ്ങനെയെന്ന് നമുക്കറിയില്ല. എന്നാൽ അതൊരിക്കലും നമ്മൾ അതിര് നിശ്ചയിച്ചു വിഭജിക്കുന്ന ദൈവരൂപങ്ങളിലോ പേരുകളിലോ ആവില്ല. അതിനാൽ ആന്തരികമായ പ്രചോദനങ്ങളിൽ ഉൾകാഴ്ചകതേടുവാൻ നിരവധിയായ ആ സങ്കൽപ്പങ്ങളിലെ നന്മകളും ഉള്കാഴ്ചകളും ആന്തരികപ്രചോദനങ്ങളും നമുക്ക് വാതിലാവണം, ആ പ്രകാശം ദിവ്യപ്രകാശത്തിലേക്ക് നമ്മെ നയിക്കട്ടെ. ആ പ്രകാശം നമ്മുടെ ഉള്ളിലേക്ക് തന്നെ ആഴ്ന്നിറങ്ങുവാൻ, ആ ദിവ്യചേതന കണ്ടെത്തുവാൻ നമ്മെ സഹായിക്കട്ടെ.

ശാന്തമായി കേൾക്കാം

ഫെബ്രുവരി 11, 2021

വരാനിരിക്കുന്നതല്ല ദൈവജീവൻ

ദൈവജീവൻ വരാനിരിക്കുന്ന ഒന്നല്ല; പ്രവേശിക്കാൻ ഉള്ള തീരുമാനമാണ് പ്രധാനം. 

നഷ്ടപ്പെട്ടെങ്കിലും ഒരിക്കലുണ്ടായിരുന്ന പറുദീസയുടെ സങ്കല്പം സുമേറിയൻ ഭാവനകളിൽ നിന്ന് കടമെടുത്ത പ്രപഞ്ചചിന്തയാണ്. മെസൊപ്പൊട്ടേമിയായുടെ ഹരിതസമൃദ്ധിയിൽ ഏദൻ തോട്ടം നിത്യസൗഭാഗ്യങ്ങളുടെ ഇടമായിരുന്നു; ദേവന്മാരുടെ വാസസ്ഥലം. സ്ഥിരപ്പെടുവാൻ കഴിയുമായിരുന്ന ജീവിതരീതികളിൽ ഒന്നിലും ഈ സുവർണ്ണകാല സങ്കൽപ്പങ്ങൾ വരാനിരിക്കുന്ന ഒരു പ്രതീക്ഷയല്ല, അത് ഇന്നിൻ്റെ യാഥാർത്ഥ്യമാണ്.

വരാനിരിക്കുന്ന സുവർണ്ണകാലം, പണ്ടേതോ കാലത്തുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന  സുവർണ്ണകാലസങ്കല്പത്തിന്റെ വേറൊരു പതിപ്പാണ്. നഷ്ടപ്പെട്ട പറുദീസയും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യവും ഒരേപോലെ നമ്മുടെ മനസിലുണ്ട്. കാരണങ്ങൾ പലതാവാം. സ്ഥിരമായ വാസസ്ഥലമില്ലാതെ കൂടാരങ്ങളിൽ കഴിഞ്ഞിരുന്ന ഇസ്രയേൽ സ്ഥിരമായ ഒരു ഭവനം എന്നും  പ്രതീക്ഷ വച്ചുപോന്നു. മാത്രമല്ല, പിന്നീട് രാഷ്ട്രീയമായ അസ്ഥിരതകളാൽ ചിതറിക്കപ്പെട്ടതുകൊണ്ടും വരാനിരിക്കുന്ന ഒരു സ്ഥിരവാസം കൊതിക്കുവാൻ കാരണമായി. കാലങ്ങൾക്ക് ശേഷം ഗ്നോസ്റ്റിക് മാനിക്കേയൻ ചിന്തകൾ ലോകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് പഠിപ്പിച്ചതും മറ്റൊരു ലോകത്തെയാണ്  കാംക്ഷിക്കേണ്ടതെന്ന വിശ്വാസം വളർത്തി. പിന്നീട് യൂറോപ്പ്-ഇംഗ്ലണ്ട് ദേശങ്ങൾ നേരിടേണ്ടി വന്ന പ്ളേഗ് ഈ ദുരിത ലോകം രക്ഷപ്പെടേണ്ട ഒരു അവസ്ഥയാണെന്ന തെറ്റായ ബോധ്യം വിശ്വാസ തലത്തിലും, കീഴ്‌പ്പെടുത്തേണ്ടതാണെന്ന് മതേതരതലത്തിലും രണ്ടു പ്രവണതകളെ സൃഷ്ടിച്ചു. രണ്ടു സമീപനങ്ങളും ഭൂമിയെന്നത് മനുഷ്യന്റെ സൗഹൃദത്തിനർഹമല്ലാത്ത ഒന്നാണെന്ന പ്രതീതി നൽകി.

കുറ്റബോധത്തിലേക്കു ശീലപ്പെട്ട ഒരു പൊതുസ്വഭാവത്തിൽ നന്മകളെക്കാളേറെ തിന്മകളാണ് നമ്മൾ കണ്ടെത്തുക. അത്തരം ഒരു മനോഭാവം ഈ ലോകത്തെ എപ്പോഴും അധാർമ്മികമായി വിധിക്കുകയും വരാനിരിക്കുന്നതാണ് നന്മയുടേതെന്ന് ആവർത്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ആയിരിക്കുന്ന കാലം എന്നും കലികാലം തന്നെയാണ്. പരിമിതികളെ അംഗീകരിക്കാനാവാത്ത നമ്മുടെ മനസാണ് ആ വീക്ഷണം സൃഷ്ടിക്കുന്നത്.

മനുഷ്യന്റെ ഉത്ഭവം മുതലേ ദൈവരാജ്യത്തിലേക്കുള്ള വാതിൽ ദൈവം തുറന്നിട്ടിട്ടുണ്ട്. പ്രവേശിക്കണമോയെന്നത്  നമുക്ക് തീരുമാനിക്കാം. ദൈവരാജ്യം ഉള്ളിലുള്ള ഒരു വ്യക്തി എങ്ങനെയിരിക്കും എന്ന് കാണണമെങ്കിൽ  ക്രിസ്തുവിലേക്കു നോക്കണം. ക്രിസ്തുവെന്ന പേര് നൂറു തവണ ആവർത്തിച്ചാലും മാന്ത്രികമായി  ക്രിസ്തു നമ്മിൽ രൂപപ്പെടില്ല, ദൈവരാജ്യം അനുഭവപ്പെടുകയുമില്ല. അത് അനുഭവമാകണമെങ്കിൽ, അവനെപ്പോലെ  ആവണമെങ്കിൽ അവനിൽ പ്രവേശിക്കണം; സമാധാനത്തിലേക്ക്, സ്നേഹത്തിലേക്ക്, കരുണയിലേക്ക്, സത്യത്തിലേക്ക്, ധൈര്യത്തിലേക്ക്, നന്മയിലേക്ക്, സഹോദര്യത്തിലേക്ക്.  ഓരോ നിമിഷവും പടിപടിയായി ഈ പ്രവേശനം സാധ്യമാകുന്നെങ്കിൽ ആ ആഗ്രഹം ആത്മാർത്ഥമായി നമ്മിലുണ്ടെങ്കിൽ ദൈവരാജ്യം വന്നു കഴിഞ്ഞു.

ശാന്തമായി കേൾക്കാം 

ഫെബ്രുവരി 10, 2021

അങ്ങയുടെ തിരുമനസ്സ് ഞങ്ങളിലുമാവട്ടെ

അങ്ങയുടെ തിരുമനസ്സ് ഞങ്ങളിലുമാവട്ടെ, ആ ഹൃദയം കനിയട്ടെ, അങ്ങയുടെ മുഖം ഞങ്ങളുടെ നേരെ തിരിക്കേണമേ തുടങ്ങി പ്രകടമാക്കുന്ന നമ്മുടെ പ്രാർത്ഥന ശുദ്ധമെങ്കിൽ ദൈവത്തിന്റെ സ്വഭാവംതന്നെയാണ് നമ്മിലും നമുക്കിടയിലും നമ്മൾ ആഗ്രഹിക്കുന്നത്. ദൈവഹിതം, ദൈവഹൃദയം, ദൈവമുഖം എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിൽ ദൈവസ്വഭാവം തന്നെയാണ് പ്രകടമാകുന്നത്. ദൈവം സ്നേഹമാണ്, അനന്തനന്മയാണ്‌, സർവ്വവ്യാപിയാണ്,  സർവ്വശക്തനാണ്, സർവ്വജ്ഞാനിയാണ് എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. ഇവയോരോന്നും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഓരോ സൃഷ്ടവസ്തുവിന്റെയും സ്വഭാവമനുസരിച്ച്  അവയിൽ പ്രകടമാകുന്നുണ്ട്. അതാണ് അവയിലെ ദൈവമഹത്വം. ഫലങ്ങളായും തണലായും, മരുന്നായും, വർണ്ണമായും ,സുഗന്ധമായും, നന്മ, ശക്തി സ്നേഹം എന്നിവയൊക്കെ അവ  പ്രകടമാക്കുന്നതായി നമുക്ക് കാണാം.

ദൈവഹൃദയം കാണപ്പെടാത്ത, ദൈവഹിതം തേടാത്ത, ദൈവമുഖം പ്രകടമാക്കാത്ത ഒരു പ്രവൃത്തിയും ദൈവത്തിന്റേതല്ല. ദൈവം അതിരുകൾ തീർക്കുന്നില്ല, പക്ഷപാതം കാണിക്കുന്നില്ല, നിർവചനങ്ങളിൽ സ്വയം അടക്കുന്നില്ല, ആരെയും വിധിച്ചു മാറ്റിനിർത്തുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നു, സകലതിനെയും പ്രകാശിപ്പിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളിലും  ഈ സ്വഭാവം പ്രകടമാവേണ്ടതാണ്. അതുകൊണ്ട് സഹോദര്യത്തെയും സമാധാനത്തെയും സ്നേഹത്തെയും തടയുന്ന, അവയെ നഷ്ടമാക്കുന്ന ഒന്നും ദൈവത്തിൽ നിന്നല്ല. അത് ഏതു മതത്തെയും വിശ്വാസത്തെയും ദൈവത്തെയും സംരക്ഷിക്കാൻ ആണെന്ന വ്യാജേനയാണെങ്കിലും. ഒരിക്കലും ദൈവഹിതമല്ല അവ തേടുന്നത്.  കലഹമുണ്ടാക്കുന്നതെന്തും ദൈവഹൃദയത്തിനെതിരാണ്. 

അനന്തസ്നേഹം അസാധ്യമാണെങ്കിലും നിഷ്കളങ്കവും ആത്മാർത്ഥവുമായ സ്നേഹം നൽകുവാൻ നമുക്കാകും. എല്ലാ നന്മകളും നമ്മിലില്ലെങ്കിലും സാധിക്കുന്നിടത്തോളം നന്മ ചെയ്യാനും, എന്താണ് നന്മ എന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് ഒഴിവാക്കാനും, തിന്മയെന്നറിഞ്ഞുകൊണ്ടും തിന്മകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. സർവ്വവ്യാപിയാകാൻ നമുക്ക് കഴിയില്ലെങ്കിലും ആവശ്യങ്ങളറിഞ്ഞു കൊണ്ട് ഉദാരമായി നമ്മുടെ സാന്നിധ്യം നൽകുവാനും, അറിഞ്ഞു കൊണ്ട് മനസിലും ജീവിതത്തിലും അതിരുകൾ തീർക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. എല്ലാം ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും കഴിയുന്നവയെ അടച്ചുകളയാതിരിക്കാൻ നമുക്കാകും. സകലതിനെയും കുറിച്ചുള്ള അറിവ്  നമുക്കില്ലെങ്കിലും കൂടുതൽ അറിയുവാൻ ശ്രമിക്കാൻ നമുക്കാകും. സമാധാനത്തിലേക്കോ പരസ്പര സ്നേഹത്തിലേക്കോ നയിക്കാത്ത വിവരങ്ങളെ ശരിയായിരിക്കാം എന്ന ധാരണയിൽ സ്വീകരിക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. 

നിങ്ങളിലെ വെളിച്ചം മനുഷ്യർക്ക് മുൻപിൽ പ്രകാശിക്കട്ടെ, ജീവിതത്തിലും മരണത്തിലും. ജീവിതത്തിലെ നിമിഷങ്ങളിൽ എത്രയും ആത്മാർത്ഥതയോടെ ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ പരിശ്രമിക്കാം. വ്യക്തിയായോ സമൂഹമായോ ഇല്ലാതായിത്തീരേണ്ടി വന്നാലും ആ കടന്നു പോകലിലും ക്രിസ്തുവിനെപ്പോലെ ഇല്ലാതായിത്തീരുകയല്ലേ ക്രിസ്തുശിഷ്യരെന്ന നിലയിൽ വേണ്ടത്? രാജാവിനെപ്പോലെ, അല്ലെങ്കിൽ ഒരു അധികാര വർഗമായി സ്വാധീനവും ശക്തികളും ഒക്കെയായി നിലനിന്നിട്ടും നമ്മിൽ ക്രിസ്തു കാണപ്പെടുന്നില്ലെങ്കിൽ എന്ത് പ്രയോജനം? ലോകം മുഴുവൻ നേടിയാലും, എല്ലാവരും ക്രിസ്ത്യാനിയായാലും ക്രിസ്തു അനുഭവവേദ്യമാകുന്നില്ലെങ്കിൽ എന്ത് പ്രയോജനം?

സ്നേഹിക്കുവാൻ അധികാരം ആവശ്യമില്ലല്ലോ. സ്നേഹിക്കുക എന്ന് മാത്രമാണല്ലോ ദൈവഹിതം.

അവിടുത്തെ രാജ്യം വരേണമേ.

ശാന്തമായി കേൾക്കാം 

ഫെബ്രുവരി 09, 2021

മണ്ണിലെ പൊന്ന്: കിളച്ചെടുക്കുന്നവരും കാർന്നെടുക്കുന്നവരും

കർഷകർ മണ്ണിൽ പൊന്നു വിളയിക്കുന്നു എന്നൊക്കെ പറയുമ്പോൾതന്നെ, വിളയുന്നത് പൊൻനാണയങ്ങളല്ല എന്ന് നമുക്കറിയാം. കാർഷിക രംഗത്തുള്ളവർക്ക്, ലാഭമല്ല കതിരിൽ പ്രാഥമികമായുള്ളത്; അധ്വാനഫലം, സ്വപ്നം, ജീവിതം തുടങ്ങിയ മൂല്യങ്ങൾ അതിലുണ്ട്. അതുതന്നെയാണ് അതിനെ കോര്പറേറ്റ് ഫാർമിംഗ് ൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സുസ്ഥിരമായ നിലനിൽപ്പ് ഉറപ്പാക്കാനാവുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥ നമുക്കുണ്ടായിരുന്നെങ്കിൽ മെച്ചപ്പെട്ട നയങ്ങളിലൂടെയുള്ള മാറ്റത്തിന്റെ കുതിപ്പ് കാണുവാൻ നമുക്ക് കഴിയുമായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ മോഹനസ്വപ്നങ്ങൾക്കു അർഹരാകുന്നവർ ആരാണ്? ആരൊക്കെയാണ് അവഗണിച്ചു മാറ്റി നിർത്തപ്പെടുന്നത്? സമ്പത്തിന്റെ ഉത്പാദനമോ ശേഖരമോ ചെയ്യുവാൻ കിടപിടിച്ചു മത്സരിക്കുവാൻ ശേഷിയുള്ളവർ എത്രയുണ്ട്? ഏതാനം പേരുടെ ലാഭം ദേശത്തിനു പൊതുവായി ഉപകരിക്കുമെന്നു തത്വത്തിൽ പറയാമെങ്കിലും യഥാർത്ഥത്തിൽ ആർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വലിയ സമ്പത്തുത്പാദകരിൽ നിന്നുള്ള സമ്പത്തിന്റെ ന്യായമായ വിതരണം ആര് ഉറപ്പു വരുത്തും? ആവശ്യമുള്ള ഭക്ഷണത്തെക്കുറിച്ചോ, സ്വന്തം കൃഷിഭൂമിയെക്കുറിച്ചോ, അതിനെക്കുറിച്ചുള്ള അവകാശങ്ങളെകുറിച്ചോ സാമൂഹിക സുരക്ഷ ഉറപ്പു ലഭിക്കാത്ത ബഹുഭൂരിപക്ഷം കർഷകർക്കാണ് പാശ്ചാത്യമാതൃകയിലുള്ള കാർഷികോത്പന്ന വിപണന സ്വപ്‌നങ്ങൾ നൽകപ്പെടുന്നത്.

ഹരിതവിപ്ലവം കൊണ്ടുവന്ന മാറ്റങ്ങൾ ഭക്ഷണ ദൗർലഭ്യതയെ പിടിച്ചു നിർത്തുവാൻ കുറെയൊക്കെ സഹായിച്ചു. അത്യുല്പ്പാദനശേഷിയുള്ള വിത്തിനങ്ങൾ, ട്രാക്ടർ, വളം, കീടനാശിനികൾ തുടങ്ങിയവയാണ് ആ മാറ്റത്തെക്കുറിച്ച് വേഗം വന്നെത്തുന്നവ. ധാന്യങ്ങളുടെ വർദ്ധിച്ച ഉത്പാദനമുണ്ടായിട്ടും അനേകർ പട്ടിണിയിൽ കഴിയേണ്ടി വരുന്നത് സത്യാവസ്ഥയാണ്. അപ്പോൾ ഉല്പാദനത്തെക്കാളും സാമ്പത്തികാവസ്ഥയെക്കാളും പ്രബലമായ കാരണങ്ങൾ അവക്കുണ്ടെന്നത് അടിസ്ഥാനപരമായി പരിഹരിക്കപ്പെടേണ്ട യാഥാർത്ഥ്യങ്ങളാണ്. കർഷകരുടെ ഉന്നമനത്തിനായി സാമ്പത്തിക നയാ രൂപീകരണങ്ങൾക്കും മുമ്പേ സാമൂഹിക അവലോകനങ്ങളും, അസമത്വങ്ങളുടെ നിർമ്മാർജ്ജനവും നടക്കേണ്ടതുണ്ട്.
ഉല്പാദനശേഷിക്കും മീതെ വർദ്ധിച്ച ഉല്പാദനത്തിന് മണ്ണിനെ നിർബന്ധിതമാക്കി, ജൈവപ്രക്രിയകളിലേക്ക് യാന്ത്രികമായ കടന്നു കയറ്റം നടത്തി, മണ്ണിന്റെ രാസഘടന തന്നെ മാറ്റി മറിച്ചു, മണ്ണിനെ വെറും തവിടു ഭൂമിയാക്കി. സ്വയം പുനർജന്യമായ ജൈവപ്രവർത്തനങ്ങളിലൂടെയാണ് ഭൂമി ജീവൽ പ്രക്രിയകൾ തുടരുന്നത്. നമ്മുടെ ചൂഷണസമീപനങ്ങൾ ഇത്തരം പ്രക്രിയകളെ കൊന്നുകളഞ്ഞു. മനുഷ്യന്റെ സുന്ദരലോകസ്വപ്നം ജനനങ്ങളുടെ മരണം തന്നെയാണ് വിളിച്ചു വരുത്തുന്നത്. അപ്പോൾ ഭൂമി മാത്രമല്ല വസ്തുവൽക്കരിക്കപ്പെടുന്ന മനുഷ്യരും വനവും ജലസ്രോതസുമൊക്കെ കൊല്ലപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചണ്ടിവസ്തുക്കളായി വലിച്ചെറിയപ്പെടുകയും ചെയ്യും.

കോർപ്പറേറ്റ് ഫാർമിംഗ് കൃഷി നടത്തുന്നത് അവരുടെ ലാഭത്തിനു വേണ്ടിയാണ്. ലാഭത്തിനു വിൽക്കാൻ കഴിയുന്ന വിളകളും കൃഷി രീതിയുമാണ് അവർക്കുള്ളത്. സാധാരണ കർഷകർക്ക് വിളഭൂമിയുമായുള്ള ഒരു വൈകാരിക ബന്ധമുണ്ട്. ഭൂമിയെ മുറിവേൽക്കാതെ തളരാതെ പരിപാലിക്കപ്പെടുന്നത് അങ്ങനെയാണ്. ഒരു പ്രദേശത്തിന് അതിന്റെ വൈവിധ്യങ്ങളിൽ വിളയുന്ന ധാന്യങ്ങളുണ്ട്. അത്തരം വൈവിധ്യങ്ങളുടെ ഭാവി, ലാഭേച്ഛ കണ്ടുകൊണ്ടുള്ള കൃഷിയിൽ സംഭവിക്കില്ല. ഇതിനോടകം വംശനാശം വന്നു പോയ വിത്തിനങ്ങൾ തിരികെ നേടുവാൻ ചില ഗോത്രവർഗക്കാർ ശ്രമിക്കുന്നുണ്ട്.

രാജ്യങ്ങളെ വിലക്ക് വാങ്ങിക്കുവാൻ കഴിയുന്ന കോർപ്പറേറ്റ് കൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. അവക്ക് അടിയറവു പറയുന്നതാവരുത് ഒരു ജനത വിശ്വാസമർപ്പിച്ച ഭരണസംവിധാനം. കോര്പറേറ്റ് ലാഭതാല്പര്യങ്ങൾക്ക് സാധാരണക്കാർ ഇരയാക്കപ്പെടുന്നില്ല എന്ന ഉറപ്പ് ജനതയ്ക്ക് ലഭിക്കണം. കോർപ്പറേറ്റ്കൾ ജനതക്കകത്തു നിൽക്കേണ്ട സ്ഥാപനമാണ്. നാടിനാർഹമായ പൊതുസ്വത്താണ് അവരുടെ വലിയ ലാഭത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. അവർ ഉല്പാദിപ്പിക്കുന്നവയുടെ യഥാർത്ഥ വില അവരുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിന്റെ വില മാത്രമല്ല. യഥാർത്ഥ വില അവരുടെ ഫാക്ടറിയുടെ മതിലുകൾക്കും അപ്പുറത്തേക്കാണ്. മലിനമാക്കപ്പെടുന്ന മണ്ണും, വായുവും, അതിന്റെ വിലയാണ്. അവർ സ്വന്തമാക്കി വിൽക്കുന്ന വെള്ളം നാടിന് പൊതുവായി അവകാശപ്പെട്ടതാണ്. അങ്ങനെ അവരുടെ ലാഭത്തിന് മുതൽമുടക്ക് പോലും നൽകുന്നത് പൊതുജനമാണ്. അവർ വിലക്ക് വാങ്ങുന്ന സേവനങ്ങളും ബുദ്ധിയും മാനവിക നന്മക്കുപകരിക്കേണ്ടതാണ്. അവർ അത് സ്വന്തം ലാഭമാക്കി മാറ്റുന്നു. ഖനനശേഷം ഉപേക്ഷിക്കപ്പെടുന്ന മേഖലകളെപ്പോലെതന്നെ ആ സ്ഥലങ്ങളിൽ നിന്നും ഇറക്കിവിടപ്പെടുന്ന മനുഷ്യരും മൃഗങ്ങളും ഇല്ലാതാക്കപ്പെടുന്ന നീരുറവകളും സസ്യവൈവിധ്യങ്ങളുമെല്ലാം കോര്പറേറ്റകൾ ഒരിക്കലും തിരിച്ചടക്കാത്ത വൻ കടങ്ങളാണ്. പരിസ്ഥിതിയും മനുഷ്യ സമൂഹവും ഈ വില കൊടുക്കേണ്ടതായി വരുന്നു അവർക്കു ലാഭം ഉറപ്പാണ് താനും. ഒരു പാട് വർണ്ണങ്ങളുള്ള ഒരു സുന്ദരലോകത്തിന്റെ വാഗ്ദാനം മനുഷ്യമനസുകളിലേക്കു പകർന്നു നൽകാൻ അവർക്കു കഴിഞ്ഞു. അവരുടെ മായിക രൂപങ്ങൾ വന്നു ചേരണമെങ്കിൽ അവർ പിന്തുടരുന്ന ചൂഷണ മാര്ഗങ്ങള് അനിവാര്യമാണെന്ന ചിന്ത നമ്മുടെ ചിന്തയിൽ നൽകുവാൻ അവർക്കു കഴിഞ്ഞു.

ഭൂമിയുടെ സമ്പത്ത് പങ്കുവയ്‌ക്കേണ്ടതും കരുതിവയ്‌ക്കേണ്ടതുമാണ്. അവിടെ സമഗ്രമായ സാമ്പത്തിക സാമൂഹിക നയരൂപീകരണത്തിനൊപ്പം എല്ലാവരെയും ഉൾകൊള്ളുന്ന ആത്മീയത കൂടി ആവശ്യമായുണ്ട്. എങ്കിലേ ഒത്തൊരുമയുള്ള ഒരു രാഷ്ട്രനിർമ്മിതിക്കായി ശ്രമിക്കുമ്പോൾ ലാഭത്തിനപ്പുറം മണ്ണുമായുള്ള ബന്ധം കൂടി കാര്യമായെടുക്കാൻ കഴിയൂ. പുറത്തിരുന്നു കാണാവുന്നതോ, പങ്കു ചേരാവുന്നതോ ആയ കളിയല്ല രാഷ്ട്രനിർമ്മിതി. ഗ്രാമങ്ങളെയും നഗരങ്ങളെയും, ധനികനേയും ദരിദ്രനെയും, തദ്ദേശീയരെയും പ്രവാസികളെയും ഒരുമിച്ചു കാണാൻ കഴിയുമ്പോഴേ അത് ദേശത്തിന്റെ താല്പര്യമാകൂ.

ഫെബ്രുവരി 08, 2021

മണ്ണിലെ മമത

അവരുടെ വിയർപ്പിന്റെ ഉപ്പു കൂടി ഇതിലുണ്ട്,
ഇന്ന് തണുപ്പിൽ അവരുടെ കണ്ണുകളിൽ ഉറക്കുന്ന കണ്ണുനീരും.
"ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല"
കർഷകന്റെ മകനാണ്.

മതത്തേക്കാൾ മണ്ണിനോട് തന്നെയാണ് ഇന്നും മമത.
മണ്ണിലെ മനുഷ്യന്റെ കഥകൾ പറഞ്ഞവനാണ് ക്രിസ്തു;
അവയാണ് എന്റെ അടിസ്ഥാന വിശ്വാസം.

മതങ്ങൾ ഒത്തുകൂടുമ്പോൾ

ക്രിസ്തുമതത്തെ, ഒരു മതം എന്ന രീതിയിൽ കാണുമ്പോൾ യഹൂദ മത പാരമ്പര്യത്തിലും ഗ്രീക്ക് തത്വചിന്തയിലും അടിസ്ഥാനമാക്കിയാണ് അത് വളർന്നു രൂപപ്പെട്ടിട്ടുള്ളത്. അതിലെ യഹൂദ സാംസ്കാരിക ഘടകങ്ങളും, വിശ്വാസത്തിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രീക് ചിന്തകളും മനസിലാക്കുന്നത് അവയിൽ ചിലതിൽ കടും പിടുത്തം നടത്തുന്നതിൽ നിന്നും നമ്മെ സ്വതന്ത്രരാക്കിയേക്കും. അതുപോലെതന്നെയാണ്, വിശ്വാസത്തിൽ സ്വന്തം വേരുകൾ ആഴപ്പെടുത്തുന്നതോടൊപ്പം മറ്റു സംസ്കാരങ്ങളിലെ നന്മകളെ അറിയാൻ ശ്രമിക്കുന്ന തുറവിയും. എല്ലാം കൂട്ടിക്കുഴക്കുന്ന പ്രവണതയല്ല അത്. നമ്മുടെ തന്നെ കാഴ്ചപ്പാടുകളിൽ വ്യക്തത കൊണ്ട് വരാൻ അത് സഹായിക്കും, മാത്രമല്ല അനേകം മുൻവിധികൾ അത് ദൂരീകരിക്കുകയും ചെയ്യും. 

മറ്റു മതവിശ്വാസങ്ങളിലെ ആത്മീയമായവയെയും ഉത്ഭവപ്രേരകമായ ഘടകങ്ങളെയും അറിയാൻ ശ്രമിക്കുന്നത് തീർത്തും നല്ലതാണ്. കാരണം, ആ കാലഘട്ടത്തിന്റെ ഹൃദയത്തിൽ ഒരാൾക്കോ ഒരു സമൂഹത്തിനോ ലഭിച്ച ആന്തരിക പ്രചോദനമാണ് ആ ഉത്ഭവപ്രേരണ. അതിനെ ഇന്നിന്റെ അനുഭവതലങ്ങളിലേക്കു നമ്മുടെ ഹൃദയത്തിൽ ലഭിക്കുക എന്നതാണ് നമുക്ക് സാധിക്കേണ്ടത്. 

കാലാകാലങ്ങളായി പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും നയിക്കുന്ന ആന്തരിക നന്മയായ വചനം നൽകിയ പ്രചോദനങ്ങൾ അവയിലുണ്ട്. മറ്റൊരു സംസ്കാരത്തിൽ വേറൊരു തരത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് അവയെ നിഷേധിക്കേണ്ടതായില്ല. അവയിലെയും സാംസ്കാരിക അംശങ്ങളും തത്വചിന്തകളും ആന്തരിക പ്രചോദനങ്ങളിൽ നിന്ന് വേർതിരിച്ചറിയണമെന്നതു പ്രധാനമാണ്. ആന്തരികമായ ഉൾകാഴ്ചകളിൽ മതങ്ങൾക്ക് പരസ്പരം കാണുവാനും, പരസ്പരം ബലപ്പെടുത്തുവാനും കഴിയും. നന്മകളിൽ ആനന്ദിക്കുവാനും കഴിയും.

ഒരു പക്ഷേ പഠിക്കാൻ ശ്രമിച്ച് ആശയക്കുഴപ്പത്തിലായവർ  അന്വേഷിച്ചു പോകുന്നത് മതത്തെയാണ്. മതം ഒരു രൂപഘടനയാണ്, ഐതിഹ്യങ്ങളും ആരാധനാരീതികളും പാരമ്പര്യങ്ങളും ഒക്കെച്ചേർന്നത്. എന്നാൽ അവയിൽ ആഴത്തിലുള്ള ആന്തരിക പ്രചോദനമുണ്ട്. അത് ആരെയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു വശീകരിച്ചു മാറ്റുന്നില്ല, മറിച്ച് സ്വന്തം ബോധ്യങ്ങൾക്കു ആഴങ്ങൾ നൽകും. 

തനിക്കു അസ്തിത്വം നൽകി പരിപാലിക്കുകയും സകലതിനെയും അതിന്റെ പൂർണതയിലേക്ക് നയിക്കുകയും ചെയുന്ന ദൈവത്തെ സകല സൃഷ്ടിയും തിരിച്ചറിയും. എങ്ങനെയെന്ന് നമുക്കറിയില്ല. പക്ഷെ അത് അതിരു നിശ്ചയിച്ചു പങ്കുവയ്ക്കപ്പെടുന്ന പേരുകളിലാവില്ല.

ലോകം മുഴുവൻ സ്വന്തം കാൽചുവട്ടിലാക്കാമെന്ന അധികാരമോഹത്തിൽ, സാംസ്‌കാരിക സംഘർഷങ്ങൾ അനിവാര്യമാണ്. മതത്തിന്റെ പുറംമോടി ധരിച്ചാക്രമിക്കുമ്പോൾ അത് മതമായല്ല രാഷ്ട്രീയലക്ഷ്യങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഈ കാലത്ത് സാമ്പത്തികമേല്കോയ്മയാണ് കൂടുതലും ലക്‌ഷ്യം. തികച്ചും ഉദാത്തമായ വാദഗതികളാണ് സംഘർഷങ്ങൾക്ക് നൽകപ്പെടുന്ന ന്യായങ്ങൾ. ജനാധിപത്യമൂല്യങ്ങൾ, സ്വാതന്ത്ര്യം തുടങ്ങിയവ ഒരു ഭാഗത്തു നിൽകുമ്പോൾ ധാർമികത, ദൈവബോധം വിശ്വാസസംരക്ഷണം തുടങ്ങിയവയാണ് വേറൊരു വിഭാഗം. ഈ മൂല്യങ്ങൾ സത്യസന്ധമായി നിലനിർത്തപ്പെട്ടിരുന്നെങ്കിൽ അത് മാനവികതയെ ആഴപ്പെടുത്തുമായിരുന്നു. എന്നാൽ സ്ഥാപിത താല്പര്യങ്ങൾക്കുവേണ്ടി ഇവ വാദഗതികളായി ഉപയോഗിക്കപ്പെടുമ്പോൾ അവയുടെ പേരിൽ വളർത്തപ്പെടുന്ന ശത്രുതയും വിദ്വേഷവും നമ്മെത്തന്നെ കാർന്നു തിന്നുകയാണ്.

ഫെബ്രുവരി 07, 2021

അന്ധവിശ്വാസങ്ങൾ വിശ്വാസമല്ലേ

അന്ധവിശ്വാസങ്ങളിലെ ആശ്ചര്യകരമായ കാര്യം വിശ്വസിക്കുന്നവർക്ക് അതിൽ വിശ്വസനീയമായ 'യുക്തി'യുണ്ട് എന്നതാണ്. അവർക്കു അത് ഒരിക്കലും അന്ധമല്ല. അന്ധവിശ്വാസങ്ങൾ വിശ്വാസമല്ലേ? അവ വ്യക്തിസ്വാതന്ത്ര്യമായി ആദരിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യേണ്ടതില്ലെ?

മൃതദേഹം ഇരുമ്പു കമ്പികളിൽ ബന്ധിക്കുക, അവ ആരുടേയും ചോര കുടിക്കാതിരിക്കാൻ മൃതദേഹത്തിന്റെ വായ്ക്കുള്ളിൽ കല്ല് തിരുകി വയ്ക്കുക തുടങ്ങിയവയിൽ പ്രതീക്ഷിക്കപ്പെടുന്നതും പാലിക്കുന്നതുമായ 'യുക്തി'യുണ്ട്.

അന്ധവിശ്വാസത്തെ വിശ്വാസങ്ങളിൽ നിന്ന് വേർതിരിക്കുവാനും നിർവചിക്കുവാനും ബുദ്ധിമുട്ടാണ്. നിയന്ത്രിതമല്ലാത്ത അവസ്ഥകൾക്ക് മേൽ അവ മായികമായ നിയന്ത്രണം നൽകുന്നു എന്ന വിശ്വാസം ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്. അതുകൊണ്ടാണ് കൂടുതലും അവ ആശങ്ക, അരക്ഷിതാവസ്ഥ, ഭീതി, തുടങ്ങിയവയെ ബന്ധപ്പെടുത്തിയാകുന്നത്. ആശ്വാസത്തിന് പകരം ചിലവ ആശങ്കയിലേക്കും പേടിയിലേക്കും നയിക്കാറുമുണ്ട്. ഭാഗ്യം, ശുഭസൂചനകൾ, ശുഭാരംഭം (അത് ജന്മത്തെക്കുറിച്ചോ ഒരു യാത്രയുടെ ആരംഭത്തെക്കുറിച്ചോ ആകാം) എന്നിവയെയൊക്കെ ബന്ധപ്പെടുത്തി വിശ്വാസങ്ങളുണ്ട്.

ഒരു ശീലം പോലെ പാലിച്ചു പോരുന്ന ചില ആചാരങ്ങളുണ്ടാകാം. അതില്ലെങ്കിൽ അവർക്കു ആത്മവിശ്വാസമുണ്ടാവില്ല. ചെയ്യുന്ന പ്രവൃത്തിയും പ്രതീക്ഷിക്കുന്ന ഫലവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് അവർക്കു തന്നെ അറിയുകയും ചെയ്യാം. എന്നാൽ അവരുടെ ആത്മബലത്തിനുവേണ്ടി അവർ സ്വയം നിർബന്ധിതമാവുകയാണ്.

ഞാൻ പിന്തുടരുന്നത് ശുദ്ധമായ വിശ്വാസവും മറ്റുള്ളവരുടേത് അർത്ഥമില്ലാത്ത വെറും അന്ധവിശ്വാസങ്ങളും എന്ന് കരുതുന്നത് ശരിയല്ല. വിശ്വാസങ്ങളെയെല്ലാം ദൈവികവും മതപരവും എന്ന് കരുതി വണങ്ങും മുമ്പേ വിമർശന വിധേയമാക്കപ്പെടേണ്ടതുണ്ട്. ജീവിതത്തിന്റെ അർത്ഥവും ക്രമവും സമൂഹത്തിന്റെ സ്ഥായിഭാവവുമൊക്കെയാണ് ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും പിറകിൽ. സാമൂഹിക മേല്കോയ്മകളെ നിലനിർത്തുവാൻ വിധം ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായി രൂപപ്പെട്ടവയും ഉണ്ടാകാം. അതുകൊണ്ടു തുറവിയുള്ള ഒരു സമൂഹം തന്നെയാണ് അവയെ കാലാനുസൃതമായി വിമര്ശനവിധേയമാക്കേണ്ടത്.

ശാസ്ത്രമല്ല അവസാനവാക്ക് പറയേണ്ടത് എങ്കിലും ശാസ്ത്രീയമായ അവലോകനരീതി പാലിക്കപ്പെടേണ്ടതുണ്ട്. ആചാരങ്ങൾക്ക് പിറകിലെ മനഃശാസ്ത്രം, സാംസ്കാരികവും സാമൂഹികവും പാരിസ്ഥിതികവുമായ അവയുടെ പങ്ക് തുടങ്ങിയവ അറിയുന്നത് പുതിയ ബോധ്യങ്ങളോടെ അതേ ആചാരങ്ങളെ സമീപിക്കുവാൻ സഹായിക്കും. ഹിതകരമല്ലാതെ എന്തെങ്കിലും അതിന്റെ ഭാഗമായുണ്ടെങ്കിൽ അവയെ മാറ്റി നിർത്തുവാനും അങ്ങനെ കഴിയും. പ്രകൃതിയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങൾക്ക് പിറകിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര സംരക്ഷണത്തിന്റെ ബന്ധം കാണാം.

അന്ധവിശ്വാസങ്ങളിലെ ലക്ഷ്യങ്ങളെ അറിയുക എന്നത് വ്യക്തികളെയും സമൂഹമായും വേണ്ട പുതിയ ഉണർവിലേക്കു നയിച്ചേക്കാം. ഭാവിയെക്കുറിച്ചുള്ള ആശങ്കയാകാം ഭാവി അറിയാൻ ഒരാളെ പ്രേരിപ്പിക്കുന്നത്. വലിയ എന്തൊക്കെയോ സൗഭാഗ്യങ്ങളാകാം ഹീനമായ പ്രവൃത്തികൾ പോലും ചെയ്യുവാൻ ചിലരെ പ്രേരിപ്പിക്കുന്നത്. ഇവയെ ചില വിശ്വാസങ്ങൾ മാത്രമായി കാണുന്നതിന് പകരം സമൂഹത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുന്ന ജീവിത ഭാവങ്ങളായി കാണണം. അത്തരം സങ്കല്പങ്ങൾ രൂപീകരിക്കുന്നതിൽ കാരണക്കാരായവർ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർ സൃഷ്ടിക്കുന്ന മായിക ലോകം അവരെ വിശ്വസിക്കുന്നവർക്ക് യഥാർത്ഥ ലോകം തന്നെയാണ്. അത്തരം ക്രൂരതകളെ ഒരു മൃദുലവിശ്വാസത്തിന്റെയും സംരക്ഷണം നൽകാതെ സമൂഹത്തിന്റെ നന്മക്കായി തിരുത്തപ്പെടണം. പ്രകൃതിയോ മനുഷ്യനോ ആവട്ടെ, ഓരോന്നും അർഹിക്കുന്ന അന്തസ്സിനെ ഹനിക്കുന്ന ഏതൊരു വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്.
മനുഷ്യൻ എന്തിനാണ് അതിമാനുഷികത തേടുന്നത്? എന്തിനാണ് വേഗത്തിൽ പരലോക പ്രവേശനം അന്വേഷിക്കുന്നത്? പരിമിതികളിലും മതിയായ അർത്ഥത്തോടെ ജീവിക്കുവാൻ ആളുകളുടെ ജീവിതസാഹചര്യങ്ങളിൽ മതവിശ്വാസങ്ങൾ അവതരിക്കേണ്ടതുണ്ട്. പകരം, ജീവിക്കുന്ന വീടും സാഹചര്യവും ശരീരവും ലോകവും ഹീനവും ദുര്യോഗവും ശിക്ഷയുമായി കാണുവാൻ പഠിപ്പിക്കുന്ന മതചിന്തകൾ അബദ്ധധാരണകളാണ്. ആ പീഡകളിൽ നിന്ന് മുക്തി വാഗ്ദാനം ചെയ്യുന്നവർ വൈകാരികവും സാമ്പത്തികവും ബൗദ്ധികവും വിശ്വാസപരവുമായ ചൂഷണമാണ് ചെയ്യുന്നത്.

പാവപ്പെട്ടവരോ ധനികരോ വിദ്യാസമ്പന്നരോ വിദ്യാഹീനരോ ആവട്ടെ അവർ നേരിടുന്ന ജീവിതാവസ്ഥയിലെ ദൈന്യതകൾ പലതാകാം. 'സ്വന്തം' എന്നത്, മാറ്റി നിർത്തി തന്റേതു മാത്രമാകുന്ന നമ്മുടെ ജീവിതങ്ങളിൽ ഈ ദൈന്യതകളെ അയൽക്കാരോടോ അടുത്തുള്ളവരോടോ തുറന്നു പറയാൻ അഭിമാനപ്രശ്നം നേരിടുന്നവരാണ് നമ്മിലേറെയും. പ്രശ്നങ്ങളെ രഹസ്യമായി പരിഹരിക്കാനുള്ള ശ്രമത്തിൽ അന്ധവിശ്വാസങ്ങളുടെ ഇരയാവുന്നതും യാഥാർത്ഥ്യമാണ്. അതുകൊണ്ട് അന്ധവിശ്വാസം ഒരു യാഥാർത്ഥ്യമാണെങ്കിൽ, അവയുടെ കാരണങ്ങളും നമുക്കിടയിൽത്തന്നെയാണ്. നമ്മുടെ തന്നെ സമൂഹത്തിന്റെ ഇനിയും പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങളാണവ. അവയെയാണ് തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത്.