യേശു ആഹ്വാനം ചെയ്യുന്ന മാനസാന്തരം പാപത്തിൽ നിന്ന് മാറുക എന്നതിനേക്കാൾ, ദൈവസ്നേഹം തിരിച്ചറിയുക എന്നതാണ്. ദൈവമക്കളാണെന്ന ബോധ്യമാണ് മാനസാന്തരം, അത് നൽകുന്ന ആശ്വാസം (മാനസിക ആശ്വാസം മാത്രമായല്ല, പരിശുദ്ധാത്മാവ് ആശ്വാസദായകൻ എന്നതിന്റെ അർത്ഥത്തിൽ നൽകപ്പെടുന്ന ആശ്വാസം), പകരുന്ന ജീവൻ, കൃപാരാഹിത്യത്തെ നീക്കിക്കളയും.
മേല്പറഞ്ഞ ആശ്വാസം കൃപ നൽകുന്ന സാന്ത്വനമാണ്. പാപമെന്നു നമ്മൾ വിളിക്കുന്ന ആ യാഥാർത്ഥ്യത്തിന്റെ ഉത്ഭവ വേരുകളായുള്ള അനേകം വ്യഥകളോ, വിലാപങ്ങളോ, നീറ്റലുകളോ ഉള്ളിലുണ്ടാവാം, അവയിൽ ആശ്വാസം നിറയുമ്പോൾ മനുഷ്യൻ സ്വാതന്ത്രനാകും. അതിനു സഹായിക്കുന്നതായാണ് പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ കാണുന്നത്. ക്രിസ്തുരൂപത്തിലേക്കുള്ള വളർച്ച കൂടിയാണത്.
ഒരു കൂട്ടം ഭക്തിരൂപങ്ങളിലുള്ള ആവേശമല്ല മാനസാന്തരഫലം, യഥാർത്ഥ മാനസാന്തരഫലം ദൃശ്യമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ കാണപ്പെടുമ്പോഴാണ്.
ഉള്ളിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മനോഭാവത്തിലും, വൈകാരികബൗദ്ധികതലത്തിലും വേണ്ട അത്യാവശ്യം രൂപാന്തരങ്ങളെ സാധ്യമാക്കാൻ മനഃശാസ്ത്രസമീപനങ്ങളും മറ്റും സഹായിച്ചേക്കും. അത് 'ആത്മീയം' അല്ല എന്ന് ഊന്നിപ്പറയുന്നവർ ഉപയോഗിക്കുന്ന ആത്മാവിന്റെ മുരടിപ്പ്, ബുദ്ധിയുടെ അന്ധകാരം, വരൾച്ച എന്നിവയൊക്കെ പ്ളേറ്റോയുടെയും അരിസ്റോട്ടിലിന്റെയും മനഃശാസ്ത്രമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടു വരെ അത് നരവംശശാസ്ത്രത്തെയും, ദൈവശാസ്ത്രത്തെയും ആത്മീയതയെയും സ്വാധീനിച്ചു. അതുകൊണ്ട് നമുക്ക് പരിചിതമായ ആത്മീയഭാഷയുടെ പദവിവരണങ്ങൾ ശ്രദ്ധയോടെ സമീപിക്കേണ്ടതായുണ്ട്.
മാനസാന്തരമെന്നാൽ ശരീരത്തിന്റേതായ എല്ലാം ഉപേക്ഷിച്ച് 'ആത്മീയമായത് സ്വീകരിക്കുന്നതാണെന്ന് കരുതപ്പെടുന്നത് ശരിയായ സമീപനമല്ല. ആത്‌മീയമെന്നോ, ശാരീരികമെന്നോ കരുതുന്നവയെ ഒന്ന് അടുത്ത് കണ്ടു നോക്കൂ. അത്തരത്തിലുള്ള വേർതിരിവ് സാധ്യമല്ല എന്ന് കാണാം. സസ്യമായാലും, മൃഗമായാലും, മനുഷ്യനായാലും ആത്മാവും ശരീരവും രണ്ടാക്കി മാറ്റി നിർത്താവുന്നതല്ല. രണ്ടായി നിൽക്കുന്ന അവ ഒരുമിച്ചു ചേർന്നല്ല അവ രൂപപ്പെടുന്നത്. സൃഷ്ടവസ്തുക്കളിലെ രണ്ടു മാനങ്ങളെ എടുത്തുകാണിക്കുന്നവയാണ് ഈ രണ്ടു പദങ്ങൾ. മനുഷ്യരായ നമുക്ക് ഒരു യഥാർത്ഥ മനുഷ്യനിലേക്കുള്ള വളർച്ചയാണ് മാനസാന്തരം.
ഞാൻ പിഴയാളി എന്ന് ആവർത്തിച്ചതുകൊണ്ട് മാനസാന്തരമായില്ല, ഞാൻ പുണ്യാളൻ എന്ന് ഗമ കാണിക്കുന്നതും മാനസാന്തരമുണ്ടാക്കില്ല. ഒരു ക്രിസ്തുരൂപം നമ്മിൽ വളരുന്നുണ്ടോ എന്നതാണ് മാനദണ്ഡം.
കർദ്ദിനാൾ കന്റാലമസ്സ നോമ്പുകാലത്തേക്കായി നൽകിയ പ്രസംഗത്തിൽ മാനസാന്തരത്തെക്കുറിച്ചു പറയുന്നു. മാനസാന്തരത്തിലുണ്ടാകാവുന്ന മൂന്നു നിമിഷങ്ങളെക്കുറിച്ചു അദ്ദേഹം പറയുന്നു. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്നതിന്റെ അർത്ഥം സാന്മാര്ഗികമെന്നതിനേക്കാൾ വിശ്വാസപരമാണെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. നമ്മൾ ദൈവത്തെ എങ്ങനെ കാണുന്നു, സമീപിക്കുന്നു എന്നതിനെക്കുറിച്ചാണ്. രണ്ടാമതായി, മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെയാകുവിൻ എന്നതിന്റെ അർത്ഥം സ്വയം കേന്ദ്രീകൃതമാകുന്നതിൽ നിന്നും ക്രിസ്തുകേന്ദ്രീകൃതമാകുന്നതാണെന്നു നമുക്ക് പഠിക്കണം. ചൂടോ തണുപ്പോ ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഉണർവും ഉത്സാഹവുമുള്ള അവസ്ഥയിലേക്ക് വളരുന്നതാണ് മാനസാന്തരത്തിന്റെ മറ്റൊരു തലം. എന്നാൽ ഒരു വൈകാരികനിലയിലല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലാണ് ആ ഉത്സാഹം വളരേണ്ടത്. സ്ഥാപനവൽകൃതമായ രീതികൾക്കുമുപരി ക്രിസ്തുശിഷ്യരുടെ അനുഭവത്തെ, ഉയിർത്തെഴുന്നേറ്റു ജീവിക്കുന്ന ക്രിസ്തുവിനെ ഒരിക്കൽകൂടി കണ്ടെത്തുന്നതിലാണ് ആ ഊർജ്ജം ഉള്ളിൽ ജനിക്കുന്നത്.
ചുരുക്കത്തിൽ, മാനസാന്തരമെന്നാൽ, ദൈവത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയുന്നതാണ്, ക്രിസ്തീയമെന്നു സ്വയം വിളിക്കുന്ന ഉടയാടകൾ മാറ്റി യഥാർത്ഥ ക്രിസ്തു മനോഭാവങ്ങളെ ഉൾകൊള്ളാൻ പരിശീലിക്കാനുള്ള തുറവിയാണ്, ക്രിസ്തുവുമായുള്ള ഹൃദയബന്ധത്തിൽനിന്നും ലഭിക്കുന്ന ഉത്സാഹത്തെ ജീവിതത്തിന്റെ കരുത്തായി ലഭിക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ