Gentle Dew Drop

ഫെബ്രുവരി 17, 2021

മണ്ണാണ് നീ; അതിന്റെ ലാവണ്യം ഇല്ലാതായാൽ?

നോമ്പ് തുടങ്ങുമ്പോൾ ഗെത്സെമെനിലെ ക്രിസ്തുവിനെപ്പോലെ വലിയ ഒരു ചോദ്യം നേരിടേണ്ടതുണ്ട്. ക്രിസ്തുവായി ജീവിക്കണോ, അതോ ആ ചൈതന്യം എന്നേക്കുമായി ഉപേക്ഷിച്ചു കളയണോ? ക്രിസ്തുവാകണമെങ്കിൽ വലിയ ത്യാഗാർപ്പണം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ പ്രലോഭകൻ വച്ചുനീട്ടിയതുപോലെ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ എന്നു തോന്നിപ്പിക്കുന്ന വലിയ നേട്ടങ്ങൾ നേടാനായേക്കും. രാജാവാകാനായേക്കാം, വലിയ ജനാവലി പിന്നാലെയുണ്ടായേക്കാം, അത്ഭുതസിദ്ധികളിൽ ആളുകൾ ആശ്‌ചര്യപ്പെടുന്നുണ്ടാകാം, ലോകം മുഴുവൻ അധീനതയിലായേക്കാം. ക്രിസ്തു മാറ്റിവച്ചവയാണവ.

ഫലഭൂയിഷ്‌ഠമായ മണ്ണിൽ നിന്നാണ് മനുഷ്യൻ രൂപപ്പെട്ടത്, ജീവരഹിതമായ വെറും പൊടിയിൽ നിന്നല്ല. മണ്ണിലെ ജൈവഗുണങ്ങൾ പോലെതന്നെ നമ്മിലെ വളക്കൂറും പ്രധാനമാണ്. ജീവിതത്തിൽ വിളയേണ്ട നല്ല ഫലങ്ങൾക്ക് നമ്മുടെ ആന്തരികതയിൽ പുണ്യങ്ങളുടെ ആഴമുണ്ടാവണം. അത് കൃപയായി നല്കപ്പെടേണ്ടതും, ആത്മാർത്ഥമായ ആഗ്രഹത്തോടെ നന്മയാഗ്രഹിച്ചുകൊണ്ട് വളർത്തേണ്ടതുമാണ്. എന്തെല്ലാം പ്രാപ്തമായാലും ഈ ലാവണ്യം നഷ്ടമാവുന്നെങ്കിൽ എന്ത് പ്രയോജനം? ആ നന്മകളുടെ മൂർത്തീഭാവമായ ക്രിസ്തു നമ്മിലും നമ്മുടെ സമൂഹത്തിലും പ്രതിഫ‌ലിക്കുന്നില്ലെങ്കിൽ സ്വയം വെട്ടിമാറ്റിയ മുന്തിരി ശാഖകളല്ലേ നമ്മൾ? ആ ജീവരാഹിത്യത്തെയും അതേപോലെതന്നെ നമ്മിലെ  ജീവസാധ്യതയേയും തേടുകയെന്നതാണ് നോമ്പിന്റെ ലക്ഷ്യം. 

അന്ത്യത്തെയും നശ്വരതയെയും കുറിച്ചല്ല മണ്ണ് പറയുന്നത്. മണ്ണ് പറയുന്നത് നമ്മുടെ വേരുകളെക്കുറിച്ചാണ്, നമ്മുടെ  ഉറവിടങ്ങളെക്കുറിച്ച്. യഥാർത്ഥത്തിൽ മനുഷ്യൻ ആരാണെന്നു മണ്ണ് പറഞ്ഞുതരും, നമ്മുടെ പരസ്പര  ബന്ധങ്ങളെക്കുറിച്ചും. നോമ്പ് ഓർമ്മപ്പെടുത്തുന്ന രണ്ടു യാഥാർത്ഥ്യങ്ങളാണ് വിശപ്പും ഭക്ഷണവും. മനുഷ്യന്റെ പരിണാമദശയിലെ ആദ്യ ആത്മീയ അനുഭവമായിരുന്നിരിക്കണം ഭോജനവസ്തുക്കളുടെ പങ്കുവയ്‌പ്പ്. ഭക്തിയോടെ ഭക്ഷിക്കുമ്പോൾ അവിടെ കൃതജ്ഞതയുണ്ട്, മാത്രമല്ല അപരന്റെ വിശപ്പിനോടുള്ള കരുതലുമുണ്ട്. എനിക്കുള്ളവ ഇല്ലാത്തവർക്ക് വേണ്ടികൂടിയാണെന്ന ഓർമ്മ മരണസമയത്തും പറുദീസാ പങ്കുവച്ചവന്റെ ഓർമ്മകൾ നിറയ്ക്കും. 

നോമ്പിന്റെ ദിനങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ ഓരോ ദിവസവും ദൈവകൃപയുടെ നിമിഷങ്ങൾ കണ്ടെത്താനാവട്ടെ. എന്തെങ്കിലുമൊക്കെ ചെയ്തു നേടിയെടുക്കാവുന്ന അനുഗ്രഹങ്ങളേക്കാൾ വേദനകളിലും പരാജയങ്ങളിലും നേട്ടങ്ങളിലും ആ കൃപയുടെ സാന്നിധ്യം തിരിച്ചറിയുകയെന്നതാണ് പ്രധാനം. നമ്മിലെ ചില മനോഭാവങ്ങളുടെ കാഠിന്യംമൂലം തടസപ്പെടുന്ന കൃപ നമ്മിലെ തുറവിയിലൂടെ ഉള്ളിലേക്ക് ഒഴുകിയെത്തും. സാധാരണ ജീവിതനിമിഷങ്ങളെത്തന്നെ തികഞ്ഞ ആത്മാർത്ഥതയോടും സ്നേഹത്തോടും കൂടി നമുക്ക് സമീപിക്കുവാനാവട്ടെ. വിശുദ്ധി എന്നത് ആ അർപ്പണമാണ്. അനുദിനം നടന്നു നീങ്ങുന്ന കുരിശിന്റെ വഴികളാണവ. ആ വഴിയേ, ജീവിതം ബലിയാക്കിയ ക്രിസ്തു നമുക്ക് പ്രചോദനവും ബലവുമാവട്ടെ. 

ക്രിസ്തുവിന്റെ ബലിയുടെ വഴി ഗെത്സെമെനിൽ തുടങ്ങിയതല്ല,അവന്റെ ഓരോ മനോഭാവത്തിലും ബലിയുണ്ടായിരുന്നു. അർപ്പണത്തിന്റേതായാണ് ആ ബലി കൂടുതൽ ധ്യാനിക്കേണ്ടത്, ഒരു പരിഹാരമായല്ല. കാരണം, നമ്മോടുള്ള സ്നേഹബന്ധത്തെ പ്രതിയാണ് ക്രിസ്തു ബലിയായത്. ആ സ്നേഹബന്ധത്തെ ഉറപ്പിക്കുകയും ആഴപ്പെടുത്തുകയുമാണ് നമുക്ക് ചെയ്യേണ്ടതും.  യഹൂദപശ്ചാത്തലത്തിൽ വീണ്ടെടുപ്പിന്റെ ദൈവശാസ്ത്രസങ്കല്പം പ്രബലമായിരുന്നതുകൊണ്ടാണ്  ക്രിസ്തുവിന്റെ ബലിയും ഒരുമോചനദ്രവ്യത്തോട് സമാനമായി വ്യാഖ്യാനിക്കപ്പെട്ടത്‌. സ്വയം അർപ്പിച്ചു തന്ന ഓരോ നിമിഷത്തിനും ഓരോ പ്രവൃത്തിക്കും ഉണ്ടായിരുന്ന സ്നേഹവും ആത്മാർത്ഥതയും കൃപയാൽ നമ്മിലും വന്നു ചേരണം. അവയൊക്കെയും ജീവദായകമായിരുന്നു എന്നത് നമുക്ക് ഒരു ആത്മവിചിന്തനത്തിനു പ്രേരകമാവണം. നമുക്കും മറ്റുള്ളവർക്കും ദൈവവുമായുള്ള ആത്മാർത്ഥ ബന്ധത്തിലേക്ക് വളരുവാൻ വേണ്ട ഹൃദയത്തിൻ്റെ ഒരുക്കമാണ് വേണ്ടത്  അത് വിലകൊടുത്തു വാങ്ങാനാവില്ല. നമ്മുടെ ജീവിതം മോചനം നേടേണ്ട ഒരു ജയിൽവാസമല്ല, വേതനം കിട്ടേണ്ട കൂലിവേലയുമല്ല. നമ്മുടെ പരിഹാരപ്രവൃത്തികൾ  സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അടയാളങ്ങളാണോ അതോ വീണ്ടെടുപ്പിന്റെ മോചനദ്രവ്യങ്ങളോ? ക്രിസ്തുവിന്റെ ബലി ജീവദായകമായതുപോലെ നമ്മുടെ നിമിഷങ്ങളും ജീവൻ പകരുന്നതാവണം.   നമ്മുടെ നിലപാടുകളും, പ്രയത്നങ്ങളും, അധ്വാനവും വാക്കുകളും ജീവദായകമാണോ?  

ദൈവത്തിൻ്റെ പ്രവൃത്തികളിൽ നിന്നും വ്യത്യസ്തമായി അതിലും മികച്ച ആത്മീയകൃഷിരീതികൾ വികസിപ്പിച്ചെടുത്തവരുണ്ട്. വലിയ വിളവെടുപ്പിനുവേണ്ടി വളം ചെയ്ത് മണ്ണിനെ തവിടുഭൂമിയാക്കിയ വിദഗ്‌ദശൈലികൾ ഓർമ്മയിലുണ്ടായിരിക്കട്ടെ. വലിയ ആത്മീയഫലങ്ങൾ സൃഷ്ടിക്കാനായി 'വിശേഷ ശക്തിയുള്ള' പ്രാർത്ഥനകൾ പ്രത്യേകം രൂപപ്പെടുന്നുണ്ട്. 'ദൈവത്തെക്കാൾ' ശക്തി അവക്കുണ്ട് എന്നാണ് തോന്നുന്നത്. 'ശക്തി കാണിക്കുന്ന' ഈ 'പ്രാർത്ഥനകൾ' (അവയെ പ്രാർത്ഥന എന്ന് വിളിക്കാമോ എന്ന് സംശയമാണ്) എണ്ണത്തിലും അളവിലും പ്രാധാന്യം നൽകുകയും അറിയാതെതന്നെ ആത്മീയതയിൽ ഒരു ഭൗതികതയും, ഉപഭോക്തൃസംസ്കാരശൈലിയും വളർത്തിക്കൊണ്ടു വരികയാണ്. ശക്തി തേടുന്ന നമ്മൾ ആന്തരികമായി ഫലരഹിതമായി മാറുന്നത് നമുക്ക് തിരിച്ചറിയണം. മതാത്മകതയുടെ ഉപരിപ്ലവതയിൽ കുടുങ്ങിപ്പോകുന്നു, ദൈവം തന്നെ ഒരു വഴിയായി മാറ്റപ്പെടുന്നു. ചെയ്യുന്ന പുണ്യങ്ങൾ എഴുതി വയ്‌ക്കേണ്ടി വരികയും അത് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എഴുതി അറിയുകയുമൊക്കെ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാക്കുന്ന യാന്ത്രികത, എണ്ണം കുറയുമ്പോഴുള്ള സാമൂഹിക അപമാനം ഒഴിവാക്കാൻ തെറ്റായ സംഖ്യ എഴുതുന്നതിലുള്ള കുറ്റബോധം, അറിയാതെ പ്രകടിപ്പിച്ചു പരിശീലിക്കുന്ന കപടഭക്തി എന്നിവയൊക്കെ ബലിയുടെ, അർപ്പണത്തിന്റെ, ആത്മാർത്ഥതയുടെ വഴിയിൽ കളകളാണ്. ശക്തിയുള്ള കുരിശിന്റെ വഴി ദീർഘമായതുകൊണ്ട് അതിന്റെ ശക്തി കുറയാതെ തന്നെ ചുരുക്കമാക്കി കുറുക്കു വഴി കണ്ടെത്തിയവരുമുണ്ട്. ഭക്തിയും വിശ്വാസവും പ്രകടനങ്ങളിലല്ല, ഹൃദയത്തിന്റെ സ്നേഹഭാഷയിലാണെന്നു മനസിലാക്കുമ്പോഴേ ആത്മാർത്ഥമായ, സ്നേഹത്തിന്റെ  'കടന്നുപോകലുകൾ' സാധ്യമാകൂ.  

സാമൂഹികമായ ഇടപെടലുകളിൽ സ്വന്തം നേട്ടമുണ്ടാക്കുന്ന ആശ്വാസതൈലങ്ങൾ യൂദാസിന്റെ പണക്കിഴി മാത്രമാണ്. നല്ല സ‌മരിയക്കാരനെപ്പോലെ സ്വയം അവതരിക്കുമ്പോഴും യൂദാസിന്റെ ചുംബനം നൽകി ക്രിസ്തുവിനെ ഇല്ലാതാക്കുകയാണവർ. ചുറ്റുമുള്ളവരുടെ ക്ഷതങ്ങളെപ്പോലും സ്വന്തം നേട്ടങ്ങൾക്കുപയോഗിക്കുന്ന അവർ ഉദാത്തമായ സാമൂഹികപ്രതിച്ഛായ രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക അനുഗ്രഹങ്ങൾക്ക് വേണ്ടി 'ശക്തിയുള്ള പ്രാർത്ഥനകളും' 'വലിയ ശക്തിയുള്ള പരിഹാരങ്ങളും' ചെയ്യാൻ തയ്യാറാവുന്ന നമ്മൾ, പൊതുവായ നന്മക്കു വേണ്ടിയും സമാധാനത്തിനു വേണ്ടിയും നിലപാടുകളും അർപ്പണവും സ്വീകരിക്കുക്കുവാൻ ഒരുക്കമാണോ? അത്തരം അർപ്പണങ്ങളിൽ ലാഭങ്ങളില്ല എന്നത് സത്യം. എങ്കിലും അങ്ങനെയാണ് ക്രിസ്തുശരീരത്തിലെ കുറവുകളെ നമ്മൾ പരസ്പരം പരിഹരിക്കുന്നത്. 
നവീകരണങ്ങളെ, മതാത്മകസാന്മാര്ഗികതലത്തിലേക്കു ചേർത്താണ് സാധാരണ ചിന്തിക്കാറ്.   ദൈവശാസ്ത്രപരമായ രൂപഘടനയുടെയും ആചാരങ്ങളുടെയും പശ്ചാത്തലങ്ങളിൽ ചെയ്തവയും ചെയ്യാത്തവയും എന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ആഴമായ ദൈവാശ്രയയബോധത്തിലേക്കും  സ്നേഹത്തിലേക്കും പ്രവേശിക്കുവാൻ കഴിയുക എന്നതാണ് നവീകരണ പ്രയത്നത്തിന്റെ ഹൃദയം. ഭക്തിയും വിശ്വാസവും പ്രകടനങ്ങളാവരുത്, അത് നമ്മെത്തന്നെ വഞ്ചിക്കും. വ്യക്തിയായും സമൂഹമായും നടക്കേണ്ട ആന്തരികനവീകരണം സ്നേഹം ആത്മാർത്ഥത എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് യാഥാർത്ഥ്യമാവേണ്ടതാണ്.

എങ്ങനെയൊക്കെയോ രൂപപ്പെട്ട ചില കഠിനതകളെ ന്യായീകരിച്ചും പരിലാളിച്ചും അറിയാതെ ആരാധിക്കുന്ന പാറക്കലുകൾ ആയിത്തീർന്നിട്ടുണ്ട് നമ്മുടെയുള്ളിൽ. ആ അനീതികളെ അലിയിച്ചുകളയുവാൻ മാത്രം കൃപയുടെ നീർച്ചാലുകൾ നമ്മിൽ ഉണ്ടോ? ആ നീർച്ചാലുകളെയാണ് ഈ നോമ്പുകാലത്തു തേടേണ്ടത്. പാപങ്ങളുടെ കുഴികളല്ല നോമ്പുകാലത്തു നമുക്ക് ധ്യാനവിഷയം, കൃപയുടെ പടവുകളാണ്. മുഴുവൻ തളർന്നുവെങ്കിൽപോലും ആ പടവുകളിലൂടെ പിടിച്ചു നടത്തുവാൻ ഉള്ളിൽ ക്രിസ്തുവുണ്ട്. കാൽവയ്പുകൾ പിഴച്ചേക്കാം, ക്രിസ്തു ക്ഷമയോടെ കൂടെയുണ്ട്, നിരാശപ്പെടുത്താതെ, നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ട്.

ദൈവത്തിന്റെ പേരിൽ നമ്മിലെ അഹങ്കാരവും സമ്പത്തും കെട്ടിയുയർത്തിയ മനോഹരസൗധങ്ങൾ തകർന്നു വീഴട്ടെ, സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കെട്ടിക്കൂട്ടുന്ന വേലിക്കെട്ടുകളും ഇല്ലാതാവട്ടെ, സാഹോദര്യവും സമാധാനവും ഹൃദയത്തിലെങ്കിലും ആഗ്രഹിക്കുവാൻ ക്രൂശിതന്റെ ബലി നമുക്ക് കൃപയേകട്ടെ.    
ഉള്ളിൽ നിലമൊരുക്കുവാനും, വിത്തിടുവാനും, സാന്ത്വനിപ്പിക്കാനും പിടിച്ചുയർത്താനും ക്രിസ്തുവിനു കഴിവ് പോരാ എന്ന് തോന്നിത്തുടങ്ങിയ ഒരു കാലമാണിത്. ക്രിസ്തുചൈതന്യം കൊണ്ട് നിലനില്പില്ല എന്ന് ചിലരെങ്കിലും ഉറപ്പിച്ചു കഴിഞ്ഞു. ദേവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകരുമ്പോഴും ജീവിക്കുന്ന ദേവാലയമായി ക്രിസ്തുവുണ്ടാകും എന്നത് സീസറിന്റെ രൂപവും ലിഖിതങ്ങളും പറഞ്ഞു തരില്ല. അതിന് ഗിരിപ്രഭാഷണങ്ങൾ സൗമ്യമായി കേൾക്കണം. 

  📢

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ