മതങ്ങൾക്കും മതതാല്പര്യങ്ങൾക്കും സുഖകരമായ വാഗ്ദാനങ്ങൾ നല്കിപ്പോരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവസരം നന്നായി ഉപയോഗിക്കുന്ന മതവിശ്വാസങ്ങളും.
പകരം,
കോവിഡ് 'പ്രതിഭാസം' വരും കാലത്തേക്കുയർത്തുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ കണ്ടുകൊണ്ട് നാനാതുറകളിലുള്ള ആളുകളെ മുമ്പിൽ കണ്ടുകൊണ്ട് ജില്ലാതലങ്ങളിലോ പഞ്ചായത്തു സ്ഥലങ്ങളിലോ നടപ്പിലാക്കാൻ കഴിയും വിധം എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്യാൻ കഴിയുന്നത്?
തൊഴിൽരഹിതരായി മാറിയ അനേകരെ അവർക്കു കഴിയും വിധം ജീവിതങ്ങളെ പുനഃക്രമീകരിക്കുവാൻ എന്തൊക്കെ ചെയ്യുവാൻ കഴിയും? അത്തരക്കാരിൽ ബാധ്യതകൾ ഉള്ളവരെ കണ്ടെത്തുവാനും പരിഹാരങ്ങൾ തേടുവാനും സാമൂഹികമായ പ്രവർത്തനങ്ങൾ മുൻപിൽ കാണാൻ കഴിയുമോ?
സ്വയം തൊഴിലുകളിലേക്കു കടന്നിട്ടുള്ളവർ നേരിടുന്ന നിയമ തടസങ്ങൾക്ക് പരിഹാരം നൽകാൻ എന്ത് നടപടികൾ സ്വീകരിക്കും? തികച്ചും പ്രാദേശികമായ തലത്തിൽ യുവജനങ്ങൾക്ക് ചെയ്യുവാൻ കഴിയുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് മാതൃകയും നേതൃത്വവും നൽകാൻ കഴിയും വിധം ആരോഗ്യരംഗത്തുനിന്നും, സാങ്കേതികമികവുള്ളവരിൽനിന്നും പരിശീലന പരിപാടികൾ രൂപപ്പെടുത്താൻ കഴിയുമോ?
ജലസ്രോതസുകൾ കണ്ടെത്തി നിലനിർത്തുവാനും പുഷ്ടിപ്പെടുത്തുവാനും സാമൂഹികമായ മുന്നേറ്റങ്ങൾക്ക് ശാസ്ത്രീയമായ മാർഗനിർദേശങ്ങൾ നൽകാൻ, അത്തരം പ്രയത്നങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഇനിയെങ്കിലും വ്യക്തമായ പദ്ധതികൾ വേണ്ടേ? മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് തടയുവാനും, ആവശ്യമായ നിർമ്മാർജ്ജനപ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ പ്രാധാന്യം നൽകി നടപ്പിലാക്കുവാനും കഴിയേണ്ടതില്ലേ?
കർഷകരുടെ നിലനിൽപിന് ആവശ്യമായി രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറത്തുള്ള പരിഗണന നൽകിക്കൊണ്ട് അടിയന്തരപ്രാധാന്യം നൽകി നയരൂപീകരണങ്ങൾ നടത്തേണ്ടതില്ല? ശബ്ദമില്ലാത്തവരും നിലനില്പിനുവേണ്ടി ബുദ്ധിമുട്ടേണ്ടതുമായതുകൊണ്ട് അവരെ എളുപ്പം അവഗണിക്കാവുന്നവരായിത്തീരുന്നില്ലേ?
കർഷകരെപ്പോലെതന്നെ മത്സ്യബന്ധന രംഗത്തുള്ളവർക്കും, ക്ഷീരോത്പാദനരംഗത്തുള്ളവർക്കുംമറ്റും വാൻ കോർപറേറ്റുകളുടെ വെല്ലുവിളികളിലേക്കു മുമ്പിൽ പിടിച്ചുനിൽകുവാൻ വേണ്ട സുരക്ഷാ ഉറപ്പു വരുത്തുവാൻ എന്തൊക്കെ നടപടികളാണ് ഒരു സംസ്ഥാനമെന്ന നിലയിൽ സ്വീകരിക്കുവാൻ കഴിയുന്നത്?
പശ്ചിമഘട്ടം ഖനനങ്ങൾക്കും മറ്റു ചൂഷണങ്ങൾക്കും ഇരയാക്കപ്പെടുമ്പോൾ, അതിന്റെ ഭാഗമായി വരുന്ന നമ്മുടെ ജനത്തിന്റെ വലിയ ഭാഗം താമസിക്കുന്ന ഈ മേഖലകളിൽ നടപ്പിലാവേണ്ട സമഗ്രമായ മാറ്റങ്ങൾ എന്തൊക്കെയാണ്? കൃഷിഭൂമിയും, വന്യജീവി ആക്രമണവും ഒരു ഭാഗത്തും മറുഭാഗത്ത് കാടിന്റെയും വന്യജീവികളുടെയും സംരക്ഷണവും നിലനിൽക്കുന്നു.
അധികാരത്തേക്കാൾ ജനനന്മയെക്കുറിച്ചു ചിന്തിക്കുന്ന പാർട്ടിയെയോ മതത്തെയോ ലഭിക്കുവാൻ ജനമെന്ന നിലയിൽ നമ്മൾ അർഹിക്കുന്നുണ്ടോ?
എല്ലാവരെയും ബാധിക്കുന്നവ ആരുടേയും കാര്യമാവാറില്ല. ലാഭം കാണാത്തവയിൽ ആരും കൈ വയ്ക്കാറുമില്ല.
മതങ്ങളുടെ രാഷ്ട്രീയപ്രീണനവും പാർട്ടികളുടെ മതപ്രീണനവും ജനത്തിന് പൊതുവായി എന്ത് നന്മയാണ് കൊണ്ടുവരുന്നത്? മതങ്ങൾക്കോ പാർട്ടികൾക്കോ ലഭിക്കുന്ന ലാഭം പോലും സത്യത്തിൽ ആർക്കാണ് ഉപകരിക്കുന്നത്?
പിറകോട്ടു നടക്കുന്ന ചില ജീവികളുണ്ട്. അവയുടെ ചിന്ത അവയുടെ പ്രയാണം പുരോഗതിയിലാണ് എന്ന് തന്നെയാണ്. ആ ജീവികളെ സംബന്ധിച്ച് അത് അവക്ക് സ്വാഭാവികമാണ്. മുന്നോട്ടു നടക്കേണ്ട മനുഷ്യർ പിന്നോട്ട് നടക്കുകയും മുമ്പോട്ട് കുതിക്കുന്നു എന്ന് വാദഗതിയുയർത്തുകയും ചെയ്യുന്നതിൽ ഉചിതമായി ഒന്നുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ