കർഷകർ മണ്ണിൽ പൊന്നു വിളയിക്കുന്നു എന്നൊക്കെ പറയുമ്പോൾതന്നെ, വിളയുന്നത് പൊൻനാണയങ്ങളല്ല എന്ന് നമുക്കറിയാം. കാർഷിക രംഗത്തുള്ളവർക്ക്, ലാഭമല്ല കതിരിൽ പ്രാഥമികമായുള്ളത്; അധ്വാനഫലം, സ്വപ്നം, ജീവിതം തുടങ്ങിയ മൂല്യങ്ങൾ അതിലുണ്ട്. അതുതന്നെയാണ് അതിനെ കോര്പറേറ്റ് ഫാർമിംഗ് ൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സുസ്ഥിരമായ നിലനിൽപ്പ് ഉറപ്പാക്കാനാവുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥ നമുക്കുണ്ടായിരുന്നെങ്കിൽ മെച്ചപ്പെട്ട നയങ്ങളിലൂടെയുള്ള മാറ്റത്തിന്റെ കുതിപ്പ് കാണുവാൻ നമുക്ക് കഴിയുമായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ മോഹനസ്വപ്നങ്ങൾക്കു അർഹരാകുന്നവർ ആരാണ്? ആരൊക്കെയാണ് അവഗണിച്ചു മാറ്റി നിർത്തപ്പെടുന്നത്? സമ്പത്തിന്റെ ഉത്പാദനമോ ശേഖരമോ ചെയ്യുവാൻ കിടപിടിച്ചു മത്സരിക്കുവാൻ ശേഷിയുള്ളവർ എത്രയുണ്ട്? ഏതാനം പേരുടെ ലാഭം ദേശത്തിനു പൊതുവായി ഉപകരിക്കുമെന്നു തത്വത്തിൽ പറയാമെങ്കിലും യഥാർത്ഥത്തിൽ ആർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വലിയ സമ്പത്തുത്പാദകരിൽ നിന്നുള്ള സമ്പത്തിന്റെ ന്യായമായ വിതരണം ആര് ഉറപ്പു വരുത്തും? ആവശ്യമുള്ള ഭക്ഷണത്തെക്കുറിച്ചോ, സ്വന്തം കൃഷിഭൂമിയെക്കുറിച്ചോ, അതിനെക്കുറിച്ചുള്ള അവകാശങ്ങളെകുറിച്ചോ സാമൂഹിക സുരക്ഷ ഉറപ്പു ലഭിക്കാത്ത ബഹുഭൂരിപക്ഷം കർഷകർക്കാണ് പാശ്ചാത്യമാതൃകയിലുള്ള കാർഷികോത്പന്ന വിപണന സ്വപ്‌നങ്ങൾ നൽകപ്പെടുന്നത്.
ഹരിതവിപ്ലവം കൊണ്ടുവന്ന മാറ്റങ്ങൾ ഭക്ഷണ ദൗർലഭ്യതയെ പിടിച്ചു നിർത്തുവാൻ കുറെയൊക്കെ സഹായിച്ചു. അത്യുല്പ്പാദനശേഷിയുള്ള വിത്തിനങ്ങൾ, ട്രാക്ടർ, വളം, കീടനാശിനികൾ തുടങ്ങിയവയാണ് ആ മാറ്റത്തെക്കുറിച്ച് വേഗം വന്നെത്തുന്നവ. ധാന്യങ്ങളുടെ വർദ്ധിച്ച ഉത്പാദനമുണ്ടായിട്ടും അനേകർ പട്ടിണിയിൽ കഴിയേണ്ടി വരുന്നത് സത്യാവസ്ഥയാണ്. അപ്പോൾ ഉല്പാദനത്തെക്കാളും സാമ്പത്തികാവസ്ഥയെക്കാളും പ്രബലമായ കാരണങ്ങൾ അവക്കുണ്ടെന്നത് അടിസ്ഥാനപരമായി പരിഹരിക്കപ്പെടേണ്ട യാഥാർത്ഥ്യങ്ങളാണ്. കർഷകരുടെ ഉന്നമനത്തിനായി സാമ്പത്തിക നയാ രൂപീകരണങ്ങൾക്കും മുമ്പേ സാമൂഹിക അവലോകനങ്ങളും, അസമത്വങ്ങളുടെ നിർമ്മാർജ്ജനവും നടക്കേണ്ടതുണ്ട്.
ഉല്പാദനശേഷിക്കും മീതെ വർദ്ധിച്ച ഉല്പാദനത്തിന് മണ്ണിനെ നിർബന്ധിതമാക്കി, ജൈവപ്രക്രിയകളിലേക്ക് യാന്ത്രികമായ കടന്നു കയറ്റം നടത്തി, മണ്ണിന്റെ രാസഘടന തന്നെ മാറ്റി മറിച്ചു, മണ്ണിനെ വെറും തവിടു ഭൂമിയാക്കി. സ്വയം പുനർജന്യമായ ജൈവപ്രവർത്തനങ്ങളിലൂടെയാണ് ഭൂമി ജീവൽ പ്രക്രിയകൾ തുടരുന്നത്. നമ്മുടെ ചൂഷണസമീപനങ്ങൾ ഇത്തരം പ്രക്രിയകളെ കൊന്നുകളഞ്ഞു. മനുഷ്യന്റെ സുന്ദരലോകസ്വപ്നം ജനനങ്ങളുടെ മരണം തന്നെയാണ് വിളിച്ചു വരുത്തുന്നത്. അപ്പോൾ ഭൂമി മാത്രമല്ല വസ്തുവൽക്കരിക്കപ്പെടുന്ന മനുഷ്യരും വനവും ജലസ്രോതസുമൊക്കെ കൊല്ലപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചണ്ടിവസ്തുക്കളായി വലിച്ചെറിയപ്പെടുകയും ചെയ്യും.
കോർപ്പറേറ്റ് ഫാർമിംഗ് കൃഷി നടത്തുന്നത് അവരുടെ ലാഭത്തിനു വേണ്ടിയാണ്. ലാഭത്തിനു വിൽക്കാൻ കഴിയുന്ന വിളകളും കൃഷി രീതിയുമാണ് അവർക്കുള്ളത്. സാധാരണ കർഷകർക്ക് വിളഭൂമിയുമായുള്ള ഒരു വൈകാരിക ബന്ധമുണ്ട്. ഭൂമിയെ മുറിവേൽക്കാതെ തളരാതെ പരിപാലിക്കപ്പെടുന്നത് അങ്ങനെയാണ്. ഒരു പ്രദേശത്തിന് അതിന്റെ വൈവിധ്യങ്ങളിൽ വിളയുന്ന ധാന്യങ്ങളുണ്ട്. അത്തരം വൈവിധ്യങ്ങളുടെ ഭാവി, ലാഭേച്ഛ കണ്ടുകൊണ്ടുള്ള കൃഷിയിൽ സംഭവിക്കില്ല. ഇതിനോടകം വംശനാശം വന്നു പോയ വിത്തിനങ്ങൾ തിരികെ നേടുവാൻ ചില ഗോത്രവർഗക്കാർ ശ്രമിക്കുന്നുണ്ട്.
രാജ്യങ്ങളെ വിലക്ക് വാങ്ങിക്കുവാൻ കഴിയുന്ന കോർപ്പറേറ്റ് കൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. അവക്ക് അടിയറവു പറയുന്നതാവരുത് ഒരു ജനത വിശ്വാസമർപ്പിച്ച ഭരണസംവിധാനം. കോര്പറേറ്റ് ലാഭതാല്പര്യങ്ങൾക്ക് സാധാരണക്കാർ ഇരയാക്കപ്പെടുന്നില്ല എന്ന ഉറപ്പ് ജനതയ്ക്ക് ലഭിക്കണം. കോർപ്പറേറ്റ്കൾ ജനതക്കകത്തു നിൽക്കേണ്ട സ്ഥാപനമാണ്. നാടിനാർഹമായ പൊതുസ്വത്താണ് അവരുടെ വലിയ ലാഭത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. അവർ ഉല്പാദിപ്പിക്കുന്നവയുടെ യഥാർത്ഥ വില അവരുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിന്റെ വില മാത്രമല്ല. യഥാർത്ഥ വില അവരുടെ ഫാക്ടറിയുടെ മതിലുകൾക്കും അപ്പുറത്തേക്കാണ്. മലിനമാക്കപ്പെടുന്ന മണ്ണും, വായുവും, അതിന്റെ വിലയാണ്. അവർ സ്വന്തമാക്കി വിൽക്കുന്ന വെള്ളം നാടിന് പൊതുവായി അവകാശപ്പെട്ടതാണ്. അങ്ങനെ അവരുടെ ലാഭത്തിന് മുതൽമുടക്ക് പോലും നൽകുന്നത് പൊതുജനമാണ്. അവർ വിലക്ക് വാങ്ങുന്ന സേവനങ്ങളും ബുദ്ധിയും മാനവിക നന്മക്കുപകരിക്കേണ്ടതാണ്. അവർ അത് സ്വന്തം ലാഭമാക്കി മാറ്റുന്നു. ഖനനശേഷം ഉപേക്ഷിക്കപ്പെടുന്ന മേഖലകളെപ്പോലെതന്നെ ആ സ്ഥലങ്ങളിൽ നിന്നും ഇറക്കിവിടപ്പെടുന്ന മനുഷ്യരും മൃഗങ്ങളും ഇല്ലാതാക്കപ്പെടുന്ന നീരുറവകളും സസ്യവൈവിധ്യങ്ങളുമെല്ലാം കോര്പറേറ്റകൾ ഒരിക്കലും തിരിച്ചടക്കാത്ത വൻ കടങ്ങളാണ്. പരിസ്ഥിതിയും മനുഷ്യ സമൂഹവും ഈ വില കൊടുക്കേണ്ടതായി വരുന്നു അവർക്കു ലാഭം ഉറപ്പാണ് താനും. ഒരു പാട് വർണ്ണങ്ങളുള്ള ഒരു സുന്ദരലോകത്തിന്റെ വാഗ്ദാനം മനുഷ്യമനസുകളിലേക്കു പകർന്നു നൽകാൻ അവർക്കു കഴിഞ്ഞു. അവരുടെ മായിക രൂപങ്ങൾ വന്നു ചേരണമെങ്കിൽ അവർ പിന്തുടരുന്ന ചൂഷണ മാര്ഗങ്ങള് അനിവാര്യമാണെന്ന ചിന്ത നമ്മുടെ ചിന്തയിൽ നൽകുവാൻ അവർക്കു കഴിഞ്ഞു.
ഭൂമിയുടെ സമ്പത്ത് പങ്കുവയ്‌ക്കേണ്ടതും കരുതിവയ്‌ക്കേണ്ടതുമാണ്. അവിടെ സമഗ്രമായ സാമ്പത്തിക സാമൂഹിക നയരൂപീകരണത്തിനൊപ്പം എല്ലാവരെയും ഉൾകൊള്ളുന്ന ആത്മീയത കൂടി ആവശ്യമായുണ്ട്. എങ്കിലേ ഒത്തൊരുമയുള്ള ഒരു രാഷ്ട്രനിർമ്മിതിക്കായി ശ്രമിക്കുമ്പോൾ ലാഭത്തിനപ്പുറം മണ്ണുമായുള്ള ബന്ധം കൂടി കാര്യമായെടുക്കാൻ കഴിയൂ. പുറത്തിരുന്നു കാണാവുന്നതോ, പങ്കു ചേരാവുന്നതോ ആയ കളിയല്ല രാഷ്ട്രനിർമ്മിതി. ഗ്രാമങ്ങളെയും നഗരങ്ങളെയും, ധനികനേയും ദരിദ്രനെയും, തദ്ദേശീയരെയും പ്രവാസികളെയും ഒരുമിച്ചു കാണാൻ കഴിയുമ്പോഴേ അത് ദേശത്തിന്റെ താല്പര്യമാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ