ഭക്തി ദൈവാശ്രയബോധത്തിന്റെയും ദൈവസാന്നിധ്യത്തിലുള്ള ഉറപ്പിന്റെയും അടയാളമാണ്. ഭക്തിയോടുള്ള ഭക്തി ശൂന്യമാണ്.
ഭക്തിമാർഗ്ഗം എന്നത് പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും നീണ്ട യാത്രയുടെ ഭാഗമായ മാർഗ്ഗമാണ്. ഒരു പര്യടനമെന്ന നിലയിൽ ഭക്തി, ശാരീരികവും, വൈകാരികവും, ആത്മീയവും, ബൗദ്ധികമുമായ രൂപാന്തരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഭക്തി നമ്മെ തികച്ചും ഭൗമികമായ അവസ്ഥകളിൽ ദൈവപരിപാലനവും ജീവനും സാധ്യമാക്കിത്തീർക്കുന്നു. ഭക്തിയിൽ ഉപയോഗിക്കുന്ന പൂക്കളും ചന്ദനത്തിരിയും, എണ്ണയുമൊക്കെ ഈ യാത്രയെ അർത്ഥപൂര്ണമാക്കുകയാണ്.
ജപമാലയർപ്പിക്കുന്ന, ആരാധനയിലിരിക്കുന്ന, തീർത്ഥാടനം നടത്തുന്ന ഒരാളുടെ ഹൃദയാർത്ഥന ആത്മാർത്ഥമാകുമ്പോൾ, ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതത്തിലെ കടന്നു പോകൽ ദൈവത്തോടൊപ്പം നടന്നു പൂർത്തിയാക്കുവാൻ കഴിയും. അതേ ഭക്തിയെ സ്വന്തം ചമയങ്ങളാക്കുവാൻ നമുക്ക് കഴിയും, ഒരു മന്ത്രപ്രയോഗം പോലെയാക്കുവാനും കഴിയും. അവിടെ ദൈവം എന്ന പേരുണ്ടെങ്കിലും 'ഫലസിദ്ധിയും' പ്രാർത്ഥനയുടെ ശക്തിയുമൊക്കെയാണ് പ്രധാനം. ദൈവബന്ധം കാര്യമാക്കപ്പെടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഭക്തി തീർച്ചയായും ഉൾക്കൊള്ളേണ്ട സഹയാത്ര (പ്രപഞ്ചത്തോടും മനുഷ്യരോടുമൊപ്പം) ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഒരു സ്വകാര്യകാര്യമായി ഭക്തിയോ വിശ്വാസമോ നിലനിൽക്കില്ല. അത്തരം ഭക്തിയുടെ ആഡംബരത്തിൽ നിഗളിക്കുന്ന സമൂഹവും ഫലത്തിൽ ശുഷ്കമായിത്തീരുന്നത് പതിയെ കാണാം. പൊള്ളയാകുമ്പോൾ അത് അസ്വസ്ഥതകളും കലഹങ്ങളും സൃഷ്ടിക്കും. ഭക്തിയിൽ, പാരമ്പര്യത്തിൽ അഭിമാനിക്കുന്ന വിറകൊള്ളുന്ന ഒരു സമൂഹത്തിന്റെ ജീവന് വേണ്ടിയുള്ള പിടച്ചിലായി അതിനെ കാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ