Gentle Dew Drop

ജനുവരി 31, 2021

നിങ്ങൾ തന്നെ അവർക്ക് അപ്പം നൽകുവിൻ

ഒരു തീർത്ഥാടന സ്ഥലത്തേക്ക് (ധ്യാനകേന്ദ്രത്തിലേക്ക്) കടന്നു ചെല്ലുന്ന അനേകരുണ്ട്. നിഷ്കളങ്കമായ പ്രാർത്ഥന അനുഗ്രഹങ്ങളും പുതിയ ഉൾക്കാഴ്ചയും നമുക്ക് നൽകും. ദൈവം വഴി നടത്തുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം ഒരു സ്ഥലത്തേക്ക് കടന്നു ചെല്ലുന്ന ഓരോരുത്തരും ഉള്ളിൽ കരുതുന്ന ആഗ്രഹങ്ങളും, ഉദ്ദേശ്യങ്ങളും, ആന്തരിക സംഘർഷങ്ങളും ഭീതിയും ഭാരങ്ങളും വ്യത്യസ്തമാണ്. ഇവയോരോന്നും അവിടെയൊക്കെ എങ്ങനെ കാണപ്പെടുന്നു, കൈകാര്യം ചെയ്യപ്പെടുന്നു, വിശ്വാസികൾ തന്നെ അവിടെയുള്ള  പ്രാർത്ഥനയിൽ, ഭക്തി
യിൽ, ആചാരാനുഷ്ഠാനത്തിൽ ആ ആന്തരിക യാഥാർത്ഥ്യങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു  എന്നതൊക്കെ വളരെ  പ്രധാനമാണ്. ആത്മീയവും മതപരവും സാമൂഹികവും സാമ്പത്തികവും ബൗദ്ധികവുമായ പ്രവർത്തനരീതികൾ അവയിലുണ്ട്. 

ഇവർ ഓരോരുത്തരും കൊണ്ട് വരുന്നതും വഹിക്കുന്നതും, സ്വയം വിധേയമാക്കപ്പെടുന്നതും ഓരോ പ്രത്യേക ജീവിതമാണ്, അതിന്റെ സംഘർഷങ്ങളും വേദനകളുമാണ്. മാത്രമല്ല, അവർ പറയാതെ പറയുന്ന ഓരോ ചലനത്തിലും തേങ്ങലിലും ഈ കാലഘട്ടത്തിലേക്കുള്ള വാതായനങ്ങളുണ്ട്. ഒരുപക്ഷെ ആത്മീയ അനുഭവങ്ങളാകാം, വിശ്വാസരീതികളാകാം, ശരിയോ തെറ്റോ ആയ ബോധ്യങ്ങളാകാം. വൈകാരികമോ സാമ്പത്തികമോ ബൗദ്ധികമോ രാഷ്ട്രീയമോ ആയ ചൂഷണങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാവാം. ഓരോ പ്രവണതയിലും, തരംഗത്തിലും ഒഴുക്കിലും അന്തർധാരയായി പ്രവർത്തിക്കുന്ന ഘടകങ്ങളെ കണ്ടെത്തേണ്ടതും വിവേകത്തോടെ ജാഗ്രത പുലർത്തേണ്ടതും വിശ്വാസജീവിതത്തിന്റെ ഭാവിക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. 

ഓരോ സ്ഥലത്തേക്കും ഓടിയെത്തുന്നവരുടെ യഥാർത്ഥ പ്രശ്നങ്ങളെന്താണ്? അവയെ എപ്രകാരമാണ് അവർ കാണാൻ ശ്രമിക്കുന്നത്? അവ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? കുടുംബത്തിലും വ്യക്തിജീവിതത്തിലും അത്തരം ഘടകങ്ങൾ സ്വാധീനിക്കുന്നത് എങ്ങനെയൊക്കെയാവാം? അവർ അതിനെ നേരിടുന്നത് എങ്ങനെയാണ്?  സമൂഹത്തിലും ഇടവകകളിലും ഏതുതരത്തിലുള്ള കരുതലുകൾ നമുക്ക് സ്വീകരിക്കുവാൻ കഴിയും? ഭക്തിയുടെ പേരിൽ ചെയ്യാൻ തയ്യാറാകുന്ന എല്ലാറ്റിനെയും പ്രോത്സാഹിപ്പിക്കേണ്ടതാണോ? അത്തരം സ്ഥലങ്ങളെ കേന്ദ്രീകൃതമായി വളരുന്ന പുതിയ ആചാര രീതികളെയും ഭക്തിരൂപങ്ങളെയും വ്യത്യസ്തങ്ങളായ ബോധ്യങ്ങളെയും, അവ സമഗ്രമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നവയല്ലെങ്കിൽ അവ കണ്ടറിഞ്ഞ് തിരുത്തേണ്ടതില്ലേ?

ദൈവികസാന്നിധ്യത്തിലെ ആശ്വാസവും ദൈവാശ്രയബോധത്തിൽ നിന്നുള്ള ഉൾക്കരുത്തും ഏതൊരു ഭക്തിയും തീർത്ഥാടനവും സാധ്യമാക്കേണ്ടതാണ്.  ദൈവത്തിനു വേണ്ടി എന്ന ബോധ്യത്തിൽ നിസ്സഹായാവസ്ഥയുടെ ദയനീയതയിൽ അനേകർ കടന്നു പോകുന്ന പെടാപ്പാടുകളിൽ യഥാർത്ഥ വിശ്വാസത്തിന്റെ ആശ്വാസം ഉറപ്പാക്കപ്പെടേണ്ടതാണ്. ദുരവസ്ഥകളിൽ ദൈവിക ഇടപെടലുകൾക്ക് വേണ്ടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുന്ന വിശ്വാസികളുടെ അത്തരം ഭക്തിയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് ദൈവനീതിക്കെതിരാണ്. ത്യാഗപ്രവൃത്തികൾ ഏതു തീർത്ഥാടനത്തിന്റെയും ഭക്തിമാർഗ്ഗത്തിന്റെയും  ഭാഗമാണ്. എന്നാൽ ദൈവത്തിന്റെ പേരിലുള്ള ത്യാഗസന്നദ്ധതയെ സൗജന്യ സേവനമാക്കി മാറ്റുന്ന വക്രബുദ്ധി ശുശ്രൂഷിക്കുന്നത്  ദൈവത്തെയല്ല. 

ഉപഭോഗസംസ്കാരം എന്നൊക്കെ സാന്മാർഗ്ഗികതലങ്ങളിൽ വിമർശിക്കുമ്പോൾ തീർത്ഥാടനങ്ങളെയും മറ്റും വാണിജ്യസാധ്യതകളുള്ളതാക്കി മാറ്റുന്ന ഘടകങ്ങളെ വേണ്ട വിവേചനശക്തിയോടെ തിരിച്ചറിയേണ്ടതില്ലേ? Religious Marketing, Pilgrimage Tourism ഒക്കെ സ്ഥാപനവൽക്കരിക്കപ്പെട്ട് അംഗീകരിക്കപ്പെട്ട സംവിധാനങ്ങളാണ്. എല്ലാം ഭക്തിയുടെ വഴികളായിത്തന്നെയാണ് കാണപ്പെടുന്നതും. ഇവയിലൊക്കെയും ദൈവം മനുഷ്യനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് മാത്രം ഇനിയും തേടേണ്ടതുണ്ട്. human /living condition എന്ന അതിപ്രധാനമായ യാഥാർത്ഥ്യം പരിഗണിക്കപ്പെടാതെ പോകുന്നു എന്നാണ് പറഞ്ഞത്. അത് കണ്ടേ മതിയാകൂ. അത്തരം മാനുഷിക അന്തരീക്ഷത്തിന് കൃപയുടെ സ്പർശം അവർക്കിടയിൽ ഒരുക്കണമെങ്കിൽ അതാവശ്യമാണ്. ഒരുപക്ഷെ അത് ലഭിക്കാത്തതാകാം കൂടെക്കൂടെ ആശ്രയസ്ഥാനങ്ങൾ തേടി പോകേണ്ടി വരുന്നത്. കൃപയെ അതിനിഗൂഢമായ എന്തോ ആയി കാണുന്നത് കൊണ്ടാകാം നമ്മുടെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു മാറി നിൽക്കുന്ന എന്തോ ആയി അത് കരുതപ്പെടുന്നത്. കൃപയെന്നത് ദൈവം നമുക്ക് പകരുന്ന ജീവനാണ്. അതിന്റെ തന്നെ പല ഭാവങ്ങളാണ് സൗഖ്യം, ബലം, ക്ഷമ, ആശ്വാസം, സാന്ത്വനം, കരുണ എന്നൊക്കെ പറയുന്നത്.  ലളിതമായി പറഞ്ഞാൽ കൃപയിലുള്ള വളർച്ച എന്നത് മനുഷ്യനായി പക്വത പ്രാപിക്കുക എന്ന് തന്നെയാണ്. അത് വൈകാരികമോ, ശാരീരികമോ, ബൗദ്ധികമോ, സാമൂഹികമോ വിശ്വാസപരമോ എന്തും ആവട്ടെ, അവിടെയൊക്കെ ആ വളർച്ചക്ക് നമ്മെ പ്രാപ്തരാക്കുന്നതാണ് ദൈവികജീവൻ/കൃപ. അവയിലെല്ലാം തന്നെ നമ്മുടേതായ ഒരു പരസ്പര ബന്ധം ആവശ്യമായിരിക്കുന്നതിനാൽ നമ്മുടെ പരസ്പരമുള്ള ഇടപെടലുകൾ അത്യാവശ്യമായി വരുന്നു. അത്തരം ഇടപെടലുകളും ദൈവിക ജീവൻ നമ്മിലുണ്ടെങ്കിലേ സാധിക്കൂ. ചുരുക്കത്തിൽ ദൈവം, സൃഷ്ടി, ജീവൻ ഈ ബന്ധത്തിൽ മനസിലാക്കാവുന്നതാണ് നമ്മുടെ വിശ്വാസവും കൃപാജീവിതവും. 

സാമൂഹികവും  സാമ്പത്തികവുമായ പ്രവർത്തകഘടകങ്ങളെ മാറ്റിനിർത്തിയാലും മറ്റുള്ളവ വളരെ പ്രാധാന്യം അർഹിക്കുന്നു. ഉത്തരങ്ങൾക്കോ പരിഹാരങ്ങൾക്കോ അനുഗ്രഹങ്ങൾക്കോ ആയി വിശ്വാസികൾ തേടുന്നത് ദൈവത്തെയാണ്. അവരുടെ ഉള്ളിലുള്ള ഭാരവും ഭീതിയും ഈ കാലത്തിന്റെ വിതുമ്പലാണ്. വഴിയിൽ തളർത്തി വീഴ്ത്താൻ മാത്രം ഭാരവും അതിനുണ്ട്. അവ കാണപ്പെടുന്നില്ലെങ്കിൽ "നിങ്ങൾ തന്നെ അവർക്ക്  അപ്പം നൽകുന്നത്" എങ്ങനെ? ലാഭമുള്ള അപ്പവിതരണമല്ല, ദൈവിക ഇടപെടലുകളുടെ കൂദാശകളാകുന്ന അപ്പവിതരണമാണ്  സഹാനുഭൂതിയോടെ ഇനി തയ്യാറാവേണ്ടത്. 

ജനുവരി 29, 2021

സ്വർഗ്ഗമില്ലെങ്കിലും

സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രതീക്ഷയും, നരകത്തെക്കുറിച്ചുള്ള ഭയവുമില്ലാതെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ തയ്യാറാകുന്നവർ ഉണ്ടാകുമോ?

അങ്ങനെ ധ്യാനിക്കണം. ചെയ്യുന്ന പ്രവൃത്തിക്കും, സ്വീകരിക്കുന്ന ഉപേക്ഷകൾക്കും കാരണമായി ദൈവപ്രീതിയും സ്വർഗ്ഗപ്രാപ്തിയും ഉള്ളിൽ കരുതുമ്പോൾ ആ പ്രവൃത്തികളിലെ ലാവണ്യത്തിനു കുറവുണ്ട്. 

പ്രതിഫലമായി ആഗ്രഹിച്ച സ്വർഗത്തെപ്രതിയല്ല, ഉള്ളിൽക്കരുത്തിയ സ്വർഗ്ഗവുമായാണ് ക്രിസ്തു ജീവിച്ചത്. ജീവിതം ഉൾകൊള്ളുന്ന നിമിഷങ്ങളിൽ ക്രിസ്തുവായി ജീവിക്കുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ! ആ വളർച്ചയാണ് കൃപയിലുള്ള ജീവിതം.

ഭൂമി എങ്ങനെ തിന്മയായി?

പൂക്കളും പൂമ്പാറ്റകളും പഴങ്ങളും സുഗന്ധവുമുള്ള ഈ ഭൂമി എങ്ങനെയാണ് ഒരു തിന്മയാകുന്നത്. ഭൂമി എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത്? 

പൂർണ്ണതയുടെയും അപൂര്ണതകളുടെയുമായി രണ്ടു ലോകങ്ങളുണ്ടെന്ന് പണ്ട് കരുതപ്പെട്ടിരുന്നു. ചില മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ, നന്മയുടെയും തിന്മയുടെയും രണ്ടു ശക്തികളാണ് ലോകം നിയന്ത്രിക്കുന്നതെന്ന കാഴ്ചപ്പാടുകൾ രൂപപ്പെട്ടപ്പോൾ അപൂര്ണതകളുടെ ലോകത്തിന്റെ സൃഷ്ടി നടത്തിയത്  തിന്മയുടെ  ശക്തിയാണെന്നു പോലും വിശ്വസിക്കപ്പെട്ടു. അങ്ങനെ വരുമ്പോൾ ഈ ഭൂമിയും, നമ്മുടെ  ശരീരവുമൊക്കെ തിന്മയുടെ സൃഷ്ടിയായി വരും. 

നന്മയുടെയും തിന്മയുടെയും ശക്തികൾ നിരന്തര യുദ്ധത്തിലാണെന്നും ഈ ജീവിതം ഒരു സമരരംഗമാണെന്നും കരുതിപ്പോന്നു. ഒരു തരത്തിലുള്ള യുദ്ധവീര്യം സൃഷ്ടിച്ചെടുക്കാൻ അത് സഹായിച്ചേക്കും. അത്തരക്കാരുടെ മനസ്സിൽ അവർ സ്വയം തിന്മകളുമായി നിരന്തര യുദ്ധം ചെയ്യുന്നു എന്നതിനേക്കാൾ അവർ ദൈവത്തിനു വേണ്ടിയാണ് ഈ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നു.  നന്മയുടെ ശക്തിയെ  ജയിപ്പിക്കേണ്ടത് മനുഷ്യരാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരായ നമ്മൾ എങ്ങനെയാണ് നന്മയുടെ ശക്തിയെ വിജയിപ്പിക്കേണ്ടത്?  മനുഷ്യന്റെ യഥാർത്ഥ സ്വത്വം എന്നത് ആത്മാവാണെന്നും പൂർണതയുടെ അംശം നമ്മിൽ ആത്മാവിലാണെന്നും അവർ കരുതി. ശരീരം എന്നത് ഒരു ഭാരവും ആത്മാവിനു കാരാഗൃഹവും ആയിരുന്നു. ചിലർക്ക് ശരീരം എന്നത് ഉപേക്ഷിക്കേണ്ട വസ്ത്രം പോലെയായിരുന്നു.  എങ്ങനെയും ശരീരത്തിന്റെ പിടിയിൽ നിന്ന് 'ആത്മാവിനെ' മോചിപ്പിക്കുക എന്നതാണ് അവരുടെ ആത്മീയത. ആത്മാവിന്റെ പ്രബുദ്ധതയിലാണ് മനുഷ്യർ ശരീരത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് പൂർണതയിലേക്ക് കടക്കുന്നതെന്ന് ആദ്യകാല ഗ്നോസ്റ്റിക് ചിന്തകളും പഠിപ്പിച്ചിരുന്നു. ഈ കാഴ്ചപ്പാടിന്റെ വികൃതവും ക്രൂരവും എന്നാൽ ആകർഷണീയവുമായ പല രൂപങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാം. ഇന്നും നമ്മുടെ ആത്മീയ ധാരണകളിൽ പോലും വിവിധ രൂപങ്ങളിൽ ഇത് കടന്നു വരാറുണ്ട്. ദൈവത്തിനു വേണ്ടി നന്മക്കു വേണ്ടി  തിന്മക്കെതിരെ യുദ്ധം ചെയ്യുന്നതിനാൽ നന്മയുടെ ഭാഗത്തെക്കു സ്വയം മാറ്റിനിർത്തുന്നെന്ന അവബോധത്തിൽ തന്റെ പക്ഷം ചേരാത്തവരെ അവജ്ഞയോടെ കാണാനും ഇത് വഴി വയ്ക്കാം. അതിന്റെ തീവ്രതയിൽ സ്വയം 'നന്മക്കു' വേണ്ടി  ചെയ്തുകൊണ്ടിരുന്ന യുദ്ധം 'തന്റെ ഭാഗത്തല്ലാത്ത' എല്ലാവരെയും തിന്മയുടെ ഭാഗമായി കണ്ടുകൊണ്ട് അവർക്കെതിരെയുള്ള യുദ്ധമായിത്തീരാം, ശാരീരികമായിപ്പോലും.

ലോകം എന്നത് ഒരു കെണിയാണെന്നതാണ് മറ്റൊരു കാഴ്ചപ്പാട്. അപ്പോൾ ലോകത്തെ ഒരു ശത്രുവിനെപ്പോലെ കരുതുകയും ഓടി രക്ഷപ്പെടുകയു ചെയ്യുക എന്നതാണ് സ്വീകരിക്കുന്ന സമീപനം. മനസ്/ആത്മാവാണ് വലുതെന്നും ഭൗതികമായവ വെറുക്കേണ്ടതാണെന്നും കാണപ്പെട്ടു. എല്ലാ മതങ്ങളിലും തന്നെ ഇങ്ങനെയൊരു കാഴ്ചപ്പാട് കാണാം. പക്ഷെ ഫലത്തിൽ ഇതേ സമീപനം ഭൂമിയെ കീഴ്‌പ്പെടുത്താനും ഉപയോഗിക്കാനും സ്വന്തമാക്കാനുമുള്ള വലിയ ആസക്തി സൃഷ്ടിക്കുകയും ചെയ്യുന്നു.

ലോകത്തിന്റെ മായകൾ/കെണികളെന്നും, ശരീരത്തിന്റെ സുഖങ്ങൾ എന്നൊക്കെ വിളിക്കുന്നവയെ അല്പം കൂടി ആഴത്തിൽ പരിശോധിച്ചാൽ ശരീരമോ ലോകമോ അല്ല യഥാർത്ഥ പ്രശ്നം എന്ന് മനസിലാകും. അമിതാഹാരം, ആഭരണഭ്രമം, കമനീയമായ/വിലകൂടിയ വസ്ത്രങ്ങളോടുള്ള വലിയ താല്പര്യം, അധികാരങ്ങളോടും അംഗീകാരങ്ങളോടുമുള്ള അഭിനിവേശം തുടങ്ങിയവ നമ്മുടെ ആന്തരികാവസ്ഥകളിൽ നിന്ന് വളരുന്നതാണെന്നു തിരിച്ചറിയാം. ഭൂമിയെയോ ശരീരത്തെയോ വെറുത്തകറ്റുന്നതിൽ ഒരു അടിസ്ഥാനമോ ഫലമോ ഇല്ല.  നേരെ മറിച്ച്, ആസ്വാദ്യവും ആരോഗ്യകരമായ ഭക്ഷണരീതിയും, മാന്യമായ വസ്ത്രധാരണവും നമുക്കാവശ്യമാണ് താനും. സ്വയം പീഢിപ്പിച്ചതുകൊണ്ട് ഒരു തരത്തിലുള്ള ആന്തരികനവീകരണവയും സാധ്യമാവുന്നില്ല. 

പട്ടിണി, യുദ്ധം, പകർച്ചവ്യാധികൾ തുടങ്ങിയവയുടെ സമയത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളെ നിർവചിക്കുവാൻ ശരീരത്തെ നിഷേധാത്മകമായി കാണുന്ന 'ആത്മീയ' സമീപനങ്ങൾ രൂപപ്പെട്ടു. പ്രതീക്ഷ നൽകുന്നതായി ഭൂമിയിൽ ഒന്നും തന്നെയില്ലെന്നും, മറ്റൊരു ലോകത്തെ നോക്കി ജീവിക്കേണ്ടവരാണ് നമ്മളെന്നും, നമ്മൾ വെറും യാത്രക്കാരാണെന്നുമുള്ള വികലമായ ചിന്തകൾ ആത്മീയതയായി, നമ്മെ ഭൂമിയിൽ നിന്നകറ്റി.

സൃഷ്ടവസ്തുക്കളെ ശ്രേണീവത്കരിച്ച യവനസങ്കല്പങ്ങളിൽ മണ്ണ് നിർജ്ജീവവും ഏറ്റവും താഴെയുമായിരുന്നു. പഞ്ചഭൂതങ്ങളിൽ ഓരോന്നിന്റെയും പ്രകൃത്യാ ഉള്ള സ്ഥാനം അനുസരിച്ചായിരുന്നു അത്. ഏറ്റവും  അധമമായതുകൊണ്ടു മണ്ണ് ഏറ്റവും കീഴെ. പിന്നെ ജലം, വായു, അഗ്നി,  സൂക്ഷ്മാകാശം എന്നിങ്ങനെ ഓരോന്നും മുകൾസ്ഥാനങ്ങളിലേക്കു ഇടം പിടിക്കുന്നു. ഇവയുടെ സമ്മിശ്രതയിലാണ് ഭൂമിയിലെ ജീവവസ്തുക്കൾ. അവയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോ വസ്തുവിന്റെയും സ്വഭാവവും മാറും, മനുഷ്യരുടെയും. അങ്ങനെയാണ് മനുഷ്യർക്കിടയിൽ ചിലർ അധമരും, ചിലർ ക്ഷുഭിതരും, ചിലർ നിഷ്ക്രിയരും ചിലർ സാത്വികരും ആയിരിക്കുന്നത്. (തിളങ്ങി പ്രശോഭിക്കുന്നതിനാൽ നക്ഷത്രങ്ങൾ മാറ്റമില്ലാത്തവയാണെന്നും അവ പൂർണ്ണതയുടെ ലോകത്താണെന്നും കരുതിപ്പോന്നു). ജീർണിക്കുന്നവയും മാറുന്നവയുമൊക്കെ അപൂർണ്ണങ്ങളാണ്, തിന്മയുടേതാണ്, അതിൻെറ കാരണമോ പദാർത്ഥ നിർമ്മിതമെന്നതും. ഇത്തരത്തിലുള്ള ശ്രേണി മതപരമായി സ്വീകരിക്കപ്പെടുമ്പോൾ ജീവിതാന്തസുകൾക്കിടയിലേക്കു കൊണ്ട് വരുവാൻ കഴിഞ്ഞു. 'ദൈവികമായ' കാര്യങ്ങളിൽ മുഴുകുന്നവരുടേത് ഉന്നതമായ ജീവിതാന്തസും ഭൗമികമായ ഇടപെടലുകളിൽ ജീവിക്കുന്നവരുടേത്  ഹീനമായതും. അത്തരത്തിൽ 'ആത്മീയ ലോകത്ത്' വ്യാപരിച്ചവർക്ക് മോക്ഷം ഉറപ്പുമായിരുന്നു. 

ഏകദൈവാരാധനയെ മുന്നിൽ കണ്ടുകൊണ്ട്, പ്രപഞ്ചാരാധനയെ നിഷേധിക്കേണ്ടതാണെന്ന ആവശ്യമായിരിക്കാം ഭൂമിയുടെ സൗന്ദര്യത്തെ പാടെ നിരസിക്കുവാൻ ചിലരെ പ്രേരിപ്പിച്ചത്. വലിയ മരങ്ങളിലും, മലകളിലും അതിഭൗതികമായ ശക്തികളുണ്ടെന്ന സങ്കൽപം മനുഷ്യന് അവയോടുള്ള ആദരവും അതോടൊപ്പം അവയുടെ നിലനില്പിന്റെ ആവശ്യവുമായിരുന്നു. അവർ 'കണ്ട' പ്രകൃതിശക്തികളെ ഏകദൈവവുമായി തത്തുല്യമായി കണ്ട് നിഷേധിച്ചത്  സ്വന്തം ശരികളെ ദൈവമാക്കിയതുകൊണ്ട് കൂടിയാണ്. ദൈവം നൽകിയ സൗന്ദര്യവും, ശക്തിയും ഭവ്യതയോടെ അവയിൽ കണ്ടുതുടങ്ങേണ്ടത് അവയുമായുള്ള ബന്ധത്തിലേക്കുള്ള തുറവിയാണ്. അവ ശരിക്കും പ്രാകൃതമായി കരുതപ്പെടേണ്ടവയാണോ? പ്രകൃതിയിൽ നിന്ന് വേർപെട്ട് കുലീനമെന്നു വിളിക്കപ്പെട്ട ഉയർന്ന വിശ്വാസങ്ങളിലും പ്രാചീനാചാരങ്ങൾ തുടർന്ന് പോന്നിട്ടുണ്ട് എന്ന് നമുക്ക് കാണാം. ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള അറിവുകളനുസരിച്ച് അവർ കണ്ട  പ്രകൃതിശക്തികളിലെ ശക്തികളെ നമുക്ക് തിരിച്ചറിയുവാൻ കഴിയും. എന്നാൽ അതിനോടൊപ്പം അവർ കാത്തുസൂക്ഷിച്ച ഭവ്യതയും ആദരവും നഷ്ടപ്പെടാതിരിക്കേണ്ടത് പ്രകൃതിക്കും നമുക്കും ആവശ്യമാണ്. 

നമ്മൾ നേരിടുന്ന പരിമിതികളെ അംഗീകരിക്കുവാൻ നമ്മൾ തയ്യാറല്ല എന്നതാണ്  ഭൂമിയെ ശത്രുവായി കാണുവാനുള്ള മറ്റൊരു കാരണം. അപ്പോൾ അതു കീഴടക്കപ്പെടേണ്ട ഒരു യാഥാർത്ഥ്യമായി കാണപ്പെടുന്നു. ചേർന്ന് നിൽക്കേണ്ട ഒരു ബന്ധത്തേക്കാൾ ഉപയോഗിക്കപ്പെടാവുന്ന വസ്തുവായി, കീഴ്‌പെടുത്തേണ്ട ശത്രുവായി ഭൂമി മാറുന്നു. ഈ പ്രക്രിയയിലെ ഒരു നേട്ടമായി സാങ്കേതികവിദ്യകളിലുള്ള വളർച്ചയെ കാണാമെങ്കിലും അതുതന്നെ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടവ നേടാനുള്ള പുതിയ പുതിയ ആവശ്യങ്ങളെ സൃഷ്ടിച്ചു പോന്നു. 

ഭൂമിയെ മാലിന്യകൂമ്പാരങ്ങൾ കൊണ്ട് നിറച്ചത് നമ്മൾ തന്നെയല്ലേ? ശരിക്കും പറഞ്ഞാൽ ഭൂമിയിൽ മാലിന്യമായി ഒന്നുമില്ല. അഴുകേണ്ടതാണ് എല്ലാം, ഭൂമിയിൽ അലിഞ്ഞും പൊടിഞ്ഞും എല്ലാം പുതിയ നവീനതയിലേക്ക് പ്രവേശിക്കുകയാണ്. ലാഭക്കൊതികൾ കൊണ്ട് അമിതമായി ഉല്പാദിപ്പിച്ചവ മിച്ചം വരുന്നവയായി, പാഴ്വസ്തുക്കളായി. ഇവയോരോന്നും നമ്മുടെ അനുദിന ജീവിതശൈലികളിലേക്കും ബന്ധങ്ങളിലേക്കും വന്നുചേർന്നിട്ടുണ്ട്. ആവശ്യങ്ങൾക്കും മീതെ ആസ്വാദ്യത വിലമതിക്കപ്പെട്ടപ്പോൾ യാത്രയും, വസ്ത്രവും ഭക്ഷണവുമൊക്കെ പണച്ചിലവിന്റെയും പണസമ്പാദനത്തിന്റെയും മാർഗ്ഗങ്ങളായി.  ലാഭക്കൊതിയും, അമിതമായ ഉത്പാദനവും ശേഖരവും പാഴ്വസ്തുക്കൾ കൂട്ടുന്നതും. അങ്ങനെയാണ് അഴുക്കുകൾ കൂമ്പാരങ്ങളാകുന്നത്. അത്തരത്തിലുള്ള ഒരു പാരിസ്ഥിതിക അവസ്ഥയാണ് നമ്മുടെ ആന്തരികതയിലേക്കും കടന്നുകൂടുന്നത്. ഭൂമി നൽകുന്ന വർണ്ണങ്ങളും സുഗന്ധങ്ങളും ലഭിക്കാതെ ആത്മസൗന്ദര്യമുള്ള ഒരു ആന്തരികത എങ്ങനെയാണ് നമ്മിൽ രൂപപ്പെടുന്നത്?  അപ്പോൾ സ്വയം പരിശോധിക്കുകയല്ലേ വേണ്ടത്? ഭൂമിയെങ്ങനെ തിന്മയാകും? ഭൂമിയുമായുള്ള അകൽച്ച നമ്മെത്തന്നെ വസ്തുക്കളാക്കി. അതിനെ വളർത്തുന്ന വ്യവസായരൂപങ്ങളുണ്ടായി.  അവ നിർബന്ധിതമാക്കുന്ന ചൂഷണങ്ങൾക്ക് വ്യവസ്ഥാപിത ഘടന നൽകുന്ന നയപ്രഖ്യാപനങ്ങളുണ്ടായി. അവയെ നിലനിർത്തുന്ന വികസനസങ്കല്പങ്ങളുള്ള നിയമരൂപീകരണങ്ങളുണ്ടായി. 

ഭൂമിയല്ല മോഹിപ്പിച്ചു കെണിയിലാക്കിയത്. മനുഷ്യൻ സ്വയം തീർത്ത മായകളിൽ സ്വയം നഷ്ടപ്പെടുത്തുകയാണ്. വികസന സ്വപ്നങ്ങളിലെ നിയന്ത്രണാധികാര അഭിനിവേശം അതിനെ പിന്താങ്ങുന്ന ദൈവങ്ങളെയും സൃഷ്ടിച്ചു തുടങ്ങും (ഭൂമിയെ വെറുത്ത മനുഷ്യൻ ഭൂമിയെ വെറുക്കുന്ന ദൈവത്തെ സൃഷ്ടിച്ചതുപോലെതന്നെ). ആ ദൈവം നമ്മെ ജീവിക്കാൻ അനുവദിക്കില്ല. അത് നമ്മെ വസ്തുക്കളാക്കി  വിഴുങ്ങും. അളക്കാൻ കഴിയുന്ന 'ആത്മീയ' ആചാരങ്ങളും പ്രകടനങ്ങളും വളരുന്നതിന്റെ പ്രേരകഘടകവും ഇതുതന്നെയാണ്. വാണിജ്യവത്കരിക്കപ്പെടുന്ന മതവും ആത്മീയതയും കൂടുതൽ മാത്സര്യങ്ങളും പിളർപ്പുകളും ഉണ്ടാക്കിക്കൊണ്ടിരിക്കും. മതം വിശ്വാസം തുടങ്ങിയവ അതിന്റെ ലാവണ്യങ്ങൾ മനുഷ്യന് പകരുന്നതിനു പകരം ഇടുങ്ങിയ മൗലികതയിലേക്കു ചുരുക്കപ്പെടുന്നതും മാത്സര്യവും അത്യാഗ്രഹവും അവയെ നയിക്കുന്നതുകൊണ്ടാണ്.

ഇന്ന് മനുഷ്യന്റെ ദയയിലാണ് ഭൂമിയിലെ ജീവൻ. വികസനമെന്ന മാനസികവിഭ്രാന്തിയിൽ നമ്മൾ ഇല്ലാതാക്കിക്കളഞ്ഞ ഭൂമിയുടെ സൗകുമാര്യം വീണ്ടെടുക്കണമെങ്കിൽ നമ്മിൽ ഭൂമിയുടെ പ്രതിഫലനം  നമ്മൾ അറിയണം. കോടിക്കണക്കിനു വർഷങ്ങളുടെ ജ്യോതിർജന്യവും ജൈവികവും, ജനിതകവുമായ  പ്രക്രിയകൾ അവശേഷിപ്പിക്കുന്ന 'ഓർമ്മകളാണ്' മനുഷ്യന്റെ ചേതനയായി വിടർന്ന് ഈ ഭൂമിയെ കാണുന്നത്. അതേ ചേതനയിൽ ഈ പ്രക്രിയകളെ തന്നിൽ തിരിച്ചറിയുക എന്നതാണ് തന്നെത്തന്നെ കണ്ടെത്തുവാൻ ഇന്ന് മനുഷ്യന് കഴിയേണ്ടത്; ഭൂമിയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ! 

ഉല്പത്തിപുസ്തകത്തിലെ യഹൂദസങ്കല്പമനുസരിച്ച് സൃഷ്ടവസ്തുക്കൾക്കിടയിൽ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യൻ. ദൈവത്തിന്റെ ഛായയും സാദൃശ്യവും ദൈവത്തെപ്പോലെയുള്ള ഇടപെടലുകളിലാണ് ദൃശ്യമാകുന്നത്. 

ചിന്താശേഷിയെ, ആ ഛായയും സാദൃശ്യവുമായി കണ്ടു തുടങ്ങിയത് അരിസ്റോട്ടിലിന്റെ സ്വാധീനത്തിലാണ്. സസ്യാത്മാവിനെയും മൃഗാത്മാവിനെയും കടന്ന് ചിന്താശേഷിയുള്ള മനുഷ്യാത്മാവ് മനുഷ്യന് മനുഷ്യരൂപം നൽകുന്നു എന്ന് ന്യായം. കല്ലിനും തടിക്കുമൊക്കെ ആന്തരിക ഘടനയുണ്ടെങ്കിലും ജീവനുള്ളവയുടെ ആന്തരിക ഘടനയെ ആത്മാവ് എന്ന് വിളിക്കാറുള്ളു. അത്തരത്തിലും ഒരു ശ്രേണിയാണ് നമ്മൾ കാണുന്നത് (the hierarchy of beings/ the  great chain of beings). ചിന്താശേഷി മാത്രം മനുഷ്യനെ നിർവചിക്കുന്നില്ല എന്ന് ഇന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്. 

മനുഷ്യൻ മനുഷ്യനാവണമെങ്കിൽ പരസ്പരബന്ധങ്ങളാണ് അതാക്കിത്തീർക്കുന്നത്, മനുഷ്യരോട് മാത്രമല്ല ചുറ്റുമുള്ള സകലതിനോടും. ഭൗമപ്രക്രിയകളും, അതിന്റെ ഗതികളും പ്രവാഹങ്ങളുമൊക്കെ മനുഷ്യന്റെ ആന്തരികതയുടെ ഭാഗമാണെന്നു പറയുന്നതിന്റെ കാരണം അതാണ്. ദൈവം സൃഷ്ടികൾക്ക് രൂപം നല്കുമ്പോൾ അവിടുത്തെ ജ്ഞാനം അതിൽ പ്രകാശിക്കുന്നു. ഒരു യന്ത്രം തയ്യാറാക്കുന്ന ഒരാളെപ്പോലെ ദൈവത്തെ പ്രപഞ്ചത്തിനു പുറത്തു നിൽക്കുന്ന ഒരാളായി കാണുന്നതാണ്  ദൈവപ്രവൃത്തികളെ  മനസിലാക്കാനുള്ള ഏറ്റവും വലിയ തടസം. സകലതിനെയും നയിക്കുന്ന, ജീവൻ നൽകുന്ന, എല്ലാറ്റിന്റെയും കാരണമാകുന്ന ദൈവത്തെ പ്രകൃതിയിൽ നിന്ന് മാറ്റിനിർത്തേണ്ടതില്ല. ആ ജീവൽപ്രക്രിയകളെ അറിയുവാൻ നമുക്ക് കഴിയുന്നു. മഞ്ഞും മഴയും പൊടിക്കാറ്റും, അറിയുന്നതും പൊടിയുന്നതും കരിയുന്നതും ജനിക്കുന്നതും മരിക്കുന്നതും എല്ലാം ജീവൽപ്രക്രിയകൾ തന്നെയാണ്. അതിൽ ത്യാഗങ്ങളുണ്ട്, പരസ്പരം നിലനിർത്തുന്നവയുണ്ട്, പരസ്പരം പരിപോഷിപ്പിക്കുന്നവയുണ്ട്. ഇവയാണ് മനുഷ്യന്റെ ആന്തരികതയിൽ നിരന്തരം പ്രതിഫലിക്കേണ്ടതും. ദൈവത്തിന്റെ മുഖഭാവങ്ങളും ഇവതന്നെയല്ലേ? 

ശാന്തമായി കേൾക്കാം

ജനുവരി 25, 2021

പൗലോസ് ശ്ലീഹായുടെ മാനസാന്തരകഥ

നാടകീയമായ നിമിഷങ്ങളാണ് പൗലോസ് ശ്ലീഹായുടെ മാനസാന്തരകഥ. ആകസ്മികതകളിൽ നിന്നും പതിയെ പ്രത്യാശയിലേക്കും സാക്ഷ്യത്തിലേക്കും നയിക്കുന്നതാണ്‌ ആ ജീവിതകഥ. ആ നാടകീയതകളെക്കാളും നമ്മെ ആകർഷിക്കുന്നത് പിന്നീടങ്ങോട്ട് അയാൾ ക്രിസ്തുവിനോട് കാണിക്കുന്ന സ്നേഹമാണ്. 

ഡമാസ്കസിലേക്കുള്ള യാത്രാമധ്യേയാണ് പൗലോസിന് ക്രിസ്തുവിന്റെ വെളിച്ചം ലഭിക്കുന്നത്. ആ വെളിച്ചം അയാളെ താഴെ വീഴിക്കുന്നു. യാത്രയിൽ ആ ചെറുപ്പക്കാരന്റെ ഉള്ളിലെ ചിന്തകൾ എന്തായിരുന്നിരിക്കാം? താൻ ആരാണ്? ചെറുപ്പം മുതലേ അതിനിഷ്ഠയോടെ നിയമങ്ങൾ പാലിക്കുന്ന യഹൂദൻ, റബ്ബി ഗമാലിയേലിൽനിന്നും നിയമം പഠിച്ചവൻ, പേരുപോലെതന്നെ ചോദ്യങ്ങളുയർത്താൻ ആധികാരികതയുള്ളവൻ (സാവൂൾ എന്നാൽ ചോദ്യം ചെയ്യുക എന്നർത്ഥം). 

എന്നാൽ, വിജാതീയരുടെ ഗലീലിയിൽ നിന്നും ഏതാണ്ട് സമപ്രായക്കാരനായ ഒരു ആശാരിയുടെ വാക്കിനു പിറകേ കുറെ ആളുകൾ. അധികാരികൾ അവനെ ദൈവദൂഷണമാരോപിച്ചു കൊന്നു കളഞ്ഞെങ്കിലും അവൻ ജീവിക്കുന്നു എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവർ നടക്കുന്നു. അവനാണ് മിശിഹാ എന്ന് അവർ പറയുന്നു. മരിച്ചവൻ ജീവിച്ചിരിക്കുന്നു എന്ന് പറയാൻ മാത്രം എന്ത് സ്വാധീനമാണ് അവനുള്ളത്‌? കൈകാലുകൾ ബന്ധിച്ച് കാരാഗൃഹത്തിലടച്ചിട്ടും, കല്ലെറിഞ്ഞിട്ടും ഉപേക്ഷിക്കാത്ത ആ ബോധ്യം എന്താണ്? 

സാവൂൾ, സാവൂൾ, നീ പീഡിപ്പിക്കുന്നത് എന്നെത്തന്നെയാണ്. സാവൂളിന് പിന്നീട് ചോദ്യങ്ങളില്ല. 

പിന്നീട് അയാൾ ഉയർത്തിയത് ഒരു ഉത്തരമാണ്; ജീവിതത്തിന്റെയും നിയമങ്ങളുടെയും മതത്തിന്റെയും പൂർണ്ണതയായ ക്രിസ്തു. മിശിഹായായും കൃപയുടെ ഉറവിടമായും അതേ ആശാരിയെ അയാൾ തുറന്നു കാട്ടുന്നു. ആദ്യജാതനെന്ന് ക്രിസ്തുവിനെക്കുറിച്ച് എടുത്തു പറയുന്ന പൗലോസ് സ്വയം എളിയവനാകുന്നു (പോൾ എന്നാൽ എളിയവൻ/ ചെറിയവൻ എന്നർത്ഥം). അതിലൊക്കെയുമുപരി അയാളുടെ സ്നേഹം വളരെ വലുതാണ്. അവനോടുള്ള സ്നേഹത്തെപ്രതി തനിക്കു സ്വന്തമെന്നുള്ള സകല അംഗീകാരവും ഉച്ഛിഷ്ടമായി അയാൾ കരുതുന്നു. ക്രിസ്തുസ്നേഹമായിരുന്നു അയാളുടെ ആന്തരിക ശക്തി. ഇനിമേൽ ജീവിച്ചത് അയാളിൽ ക്രിസ്തുവായിരുന്നു. 

വെളിച്ചം വീഴ്ത്തിയ സാവൂൾ പിന്നീട് ദിവസങ്ങളോളം അന്ധകാരത്തിലായിരുന്നു. പീഡിപ്പിച്ചപ്പോളെല്ലാം ആ നസ്രായനെയാണ് താൻ പീഡിപ്പിച്ചതെന്ന്  വീണ്ടും വീണ്ടും അയാളുടെ ഹൃദയത്തിൽ മുഴങ്ങിക്കേട്ടു. മരണത്തിനു കീഴടക്കാനാവാതെ ജീവിക്കുന്ന ക്രിസ്തുവിന്റെ രൂപം അയാൾ കണ്ടു. പിന്നീടുള്ള തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആ ക്രിസ്തുരൂപം പ്രതിഫലിക്കുന്നു. ജീവിക്കുന്ന മിശിഹാ തൻ പീഡിപ്പിച്ചവരിലാണ്, ആ സമൂഹമാണ് അവന്റെ ശരീരം. 

ആ ക്രിസ്തു ശരീരത്തിന്റെ സാന്ത്വനശബ്ദം അനാനിയാസിൽ പൗലോസ് കേട്ടു, കണ്ണുകളിൽ സൗഖ്യസ്പര്ശമായി, പിന്നീട് ആത്മാഭിഷേകമായി. അനാനിയാസ് അവനെ വിളിച്ചത് 'സഹോദരൻ' എന്നായിരുന്നു. അപ്പസ്തോലരുടെ മധ്യേ കടന്നു ചെന്നപ്പോഴും തങ്ങളെ പീഡിപ്പിച്ച ഒരുവൻ എന്നല്ല, തങ്ങളിൽ ഒരുവൻ എന്ന വണ്ണം അവർ അവനെ സ്വീകരിച്ചു. അവരുടെ അഭിഷേകത്തിന്റെ കരങ്ങൾ നീട്ടിക്കൊടുത്തു; ക്രിസ്തുശരീരത്തിന്റെ സ്നേഹസ്പർശം, സ്വീകാര്യത. നിയമങ്ങളെ അതിലംഘിക്കുന്ന ആ സ്നേഹത്തെയാണ് പിന്നീട് അയാൾ ജീവിത നിയമമാക്കിയത്. യഹൂദരും ഗ്രീക്കുകാരും അവരും നമ്മളും ആയി അകൽച്ചയില്ലാത്ത ക്രിസ്തുവെന്ന പുതിയ നിയമവും സ്നേഹവും. 

മതത്തിന്റെയും നിയമത്തിന്റെയും കണിശതയുടെയും സാവൂളിൽ നിന്നും, ക്രിസ്തുവിന്റെയും വചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൗലോസിലേക്കുള്ള മാനസാന്തരം ഒരിക്കലല്ല, ഓരോ നിമിഷവും നമ്മിലുമുണ്ടാവണം. ക്രിസ്തുവിനെ മാറ്റി നിർത്തി മതത്തെ മുന്നോട്ടു കൊണ്ട് വരാൻ തീർത്തും എളുപ്പമാണ്. വചനത്തെ അടച്ചു വച്ച നിയമപാലനം നമുക്ക് സൗകര്യവുമാണ്. അന്ധതയിൽ തപ്പിത്തടയുമ്പോൾ സഭയായും  സമൂഹമായും  ഇന്ന് നമ്മൾ അറിയേണ്ടത് ക്രിസ്തു നമുക്ക് വിലയില്ലാത്തവനായിക്കഴിഞ്ഞു എന്നാണ്. എന്നാൽ മതത്തിൽ നിന്ന് നേട്ടങ്ങളുണ്ട് താനും. 

പക്ഷേ, കാരാഗൃഹത്തിലും, ദാരിദ്ര്യത്തിലും, പീഡനത്തിലും, വിശപ്പിലും, നഗ്നതയിലും ദുരിതത്തിലും നിറവാകുവാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ.  

 ധ്യാനപൂർവ്വം കേൾക്കാം ശബ്ദസന്ദേശം  

പാരമ്പര്യങ്ങളും മാറ്റങ്ങൾക്കു വിധേയമാണ്

 പാരമ്പര്യങ്ങളും മാറ്റങ്ങൾക്കു വിധേയമാണ്; അവ സ്ഥായിയല്ല.

അത്രമാത്രം ക്രിയാത്മകമായ ആന്തരിക അർത്ഥം ഈ കാലത്തിനു നൽകാൻ കഴിയുന്നുണ്ടെങ്കിലേ ഏതൊരു പാരമ്പര്യത്തിനും ഇന്നിന്റെ തലമുറയെ അവ ഉദ്ദേശം വയ്ക്കുന്ന ആഴങ്ങളിലേക്ക് നയിക്കാനാകൂ.
നിശിതമായ ചട്ടക്കൂടിലേക്ക് സ്ഥിരപ്പെട്ട, തുറക്കരുതാത്ത നിധിയായി സൂക്ഷിക്കപ്പെടുന്ന പാരമ്പര്യങ്ങൾ കാലങ്ങൾക്കു മുമ്പേ മൃതമാണ്. അവയെ എത്രമാത്രം ചേർത്ത് പിടിക്കുന്നെങ്കിലും, സ്വയം നിലനിൽപ്പിനായുള്ള ഏതാനം ദുരഭിമാനങ്ങളെയാണ് പാരമ്പര്യത്തിന്റെ ഭാഷയിൽ നിലനിർത്തപ്പെടുന്നത്.

പാരമ്പരാഗതമെന്നു സ്വയം വിളിക്കുന്ന ഒരു സമൂഹം പോലും ഒരു സമയത്തിന്റെ മാറ്റത്തിന്റെ ഫലമാണ്.
പ്രേരകശക്തിയാകുന്ന പാരമ്പര്യങ്ങൾ സ്ഥിരപ്പെടുത്തുകയല്ല, പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുക. സമൂഹത്തെ അടച്ചു കളയുകയല്ല, തുറന്ന് പ്രശോഭനീയമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് അത് കാലത്തിനനുസരിച്ച് ജീവസ്പർശിയായ മറ്റു മാറ്റങ്ങൾക്ക് വഴിതെളിക്കും.
പാരമ്പര്യങ്ങളിൽ വചനത്തിന്റെ സത്യമുണ്ടെങ്കിൽ, അവയിലെ ദൈവനിവേശിതത്വം നമ്മോടൊത്തു കാലത്തിൽ സഞ്ചരിക്കും. ഇല്ലെങ്കിൽ പഴമയിലെവിടെയോ നമ്മൾ നമ്മെത്തന്നെ കൊളുത്തിയിടും.

ജനുവരി 24, 2021

കർത്താവ് ഭരണം നടത്തുന്നു

കർത്താവ് ഭരണം നടത്തുന്നു, സൃഷ്ടികളെല്ലാം ആനന്ദിക്കട്ടെ (സങ്കീ 97: 1) 

ദൈവം തന്റെ ജ്ഞാനം സകല സൃഷ്ടവസ്തുക്കളിലും ഉൾച്ചേർത്തിരിക്കുന്നു. അവർണ്ണ്യമാം വിധം ആ ജ്ഞാനം സൃഷ്ടിയെ മുന്നോട്ടു കൊണ്ട് പോവുകയും ആ ജ്ഞാനം വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു. ആന്തരികമായ പ്രേരണയായി സകലതും നയിക്കപ്പെടുന്നു. പരിമിതികളും ധന്യതയും, ദാരിദ്ര്യവും ധനികതയും അവയിലുണ്ട്. എന്നാൽ അവ പരസ്പരം പൂർണമാകുന്നു. ഹൈഡ്രജന് നഷ്ടമോ ഓക്സിജന് ലാഭമോ അല്ല, ജലകണികയിലെ പുളകമാണ് ആനന്ദം. സൃഷ്ടികളെല്ലാം ആനന്ദിക്കട്ടെ. ലളിതമായവയില്ലാതെ സങ്കീർണമായവക്ക് നിലനില്പില്ല, സങ്കീര്ണമായവയിൽ ലളിതമായവ അവയിലെ ഇനിയും വിടരുന്ന ആന്തരികത വെളിപ്പെടുത്തുന്നു.

മനുഷ്യനെയും ആന്തരികമായി നയിക്കുന്ന ജ്ഞാനമാണ് നമ്മെ നമ്മളാക്കുന്നത്.  സ്വാഭാവികതയിൽ മാത്രമല്ല, ബോധത്തിലും പ്രപഞ്ചത്തിനു വിരുന്നായി നൽകപ്പെട്ട സ്വത്വഗുണങ്ങളെ ആന്തരികതയിൽ നമ്മൾ ആഘോഷമാക്കുന്നു. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്. കുറവുകളിൽ സ്നേഹം പകരാൻ, നീതിയുടെ വിശപ്പും ദാഹവും ഉള്ളിൽ വഹിക്കാൻ, വിലാപങ്ങൾക്ക് ആശ്വാസം നൽകാനും സ്വീകരിക്കാനും, സഹനങ്ങളിൽ കരുത്തു സൂക്ഷിക്കാൻ, അകൽച്ചകൾക്കു പകരം സമാധാനം സൃഷ്ടിക്കാൻ നല്കപ്പെട്ടിരിക്കുന്ന ആന്തരിക ജ്ഞാനം നമ്മെ നയിക്കേണ്ട മാർഗനിർദേശവും നീതിയുമാണ്. ഉചിതവും ന്യായവുമായ ബാക്കിയെല്ലാം  അവയോടൊപ്പം വന്നു ചേരും. 

ദൈവരാജ്യം, വിശുദ്ധി തുടങ്ങിയവ അകന്നു നിൽക്കുന്ന മരീചികയല്ല. ആന്തരികമായി നൽകപ്പെട്ടിരിക്കുന്ന  സത്യമാണ്. അതിന്റെ പ്രകാശനമാണ് പരിശുദ്ധാത്മാവിന്റെ ഫലങ്ങളായി നമ്മൾ ധ്യാനിക്കുന്ന ഗുണങ്ങൾ. ദൈവരാജ്യത്തിന്റെ ഈ വിരുന്ന് നമുക്കുള്ളിൽ കണ്ടെത്താനായിട്ടുണ്ടോ? ചുറ്റുമുള്ളവരിൽ കണ്ടിട്ടുണ്ടോ? ഇനി ഇതൊന്നുമല്ലെങ്കിൽ കുരുവികളെയോ, കൊച്ചരുവികളെയോ മലകളെയോ അടുത്ത് കാണാൻ ശ്രമിച്ചാൽ മതി. ത്യാഗങ്ങളും, കരുണയും, ആർദ്രതയും ബലിയും ഉയിർപ്പുമൊക്കെ അവിടെയുണ്ട്. ആ പ്രവാഹങ്ങളും ശക്തിയും, കനിവുമൊക്കെ നമ്മിലുണ്ട്. മാനസാന്തരമെന്നത് ഈ നിർമ്മലതകളുടെ മനുഷ്യനാവുക എന്നതുതന്നെ. മനുഷ്യനാവുക എന്ന് പറഞ്ഞാൽ ഭൂമിയുടെ നൈർമല്യത്തിലേക്ക് തിരികെ നടക്കുകയെന്നതും. അവിടുത്തെ ഭരണം ഹൃദയത്തോടെ തേടുന്ന മനുഷ്യൻ, ആനന്ദിക്കുന്ന സൃഷ്ടിജാലങ്ങളും. 

ജനുവരി 23, 2021

പാവങ്ങളുടെ മുഖങ്ങൾ

പണമില്ലാത്തവർ മാത്രമല്ല, ബലമില്ലാത്തവരും പാവങ്ങളാണ്. എന്നാൽ, അവരെങ്ങനെയാണ് ദൈവരാജ്യത്തിൻെറ സൗഭാഗ്യം ഉൾക്കൊള്ളുന്നത്. ദൈവത്തിന്റെ മുഖം അവരിലുള്ളതുകൊണ്ടാണോ? അവരുടെ വിലാപം ആരും കാണാതെപോകുമ്പോൾ ദൈവം ഹൃദയം തകർന്ന് കരയുന്നതുകൊണ്ടാണോ?

അവരുടെ 'ജീവൻ' പോലും പ്രതിരോധമൂല്യമില്ലാത്തതാവുന്നത് എന്തുകൊണ്ടാണ്?  

എന്തുകൊണ്ടാണ് ബലമുള്ളവരുടെ ഹൃദയങ്ങൾ അറിയാതെ പോകുന്നത്? ഒരു പക്ഷേ പാവങ്ങളുടെ മുഖങ്ങൾ അവർ കാണാത്തതുകൊണ്ടാകാം. ബലം ചോർന്നുപോകുന്നവരുടെ ഉള്ളിൽ ദൈവരാജ്യം ഉറപ്പിച്ചു പറഞ്ഞ ഒരു മുപ്പതുവയസുകാരൻ ഉണ്ടായിരുന്നു. അപരന് ആഹാരവും നടുവ് നിവർത്താനാവാത്തവന് നീതിയും, അയിത്തമുള്ളവന് അഭിമാനവും, മുറിവേറ്റവന് ആശ്വാസവും ആ പാവത്തിന്റെ മുഖത്തുണ്ടായിരുന്നു. മഹിമയോടെ ഉയർന്നു നിന്നപ്പോഴും തന്റെ ക്ഷതങ്ങൾ അവൻ മറച്ചു വെച്ചില്ല.

ദൈവത്തിന്റെ മഹിമയെ ആഘോഷമാക്കുമ്പോൾ പാവങ്ങളെപ്രതി യാചനാവാക്കെങ്കിലും ഉണ്ടാവേണ്ടതില്ലേ? അല്ലെങ്കിൽ മഹിമയുടെ തിളങ്ങുന്ന അടയാളങ്ങളിൽ കരയുന്ന ദൈവത്തിന്റെ നിഴൽ മറഞ്ഞിരിപ്പുണ്ടാവും. അവയ്ക്കു മുമ്പിൽ മുറിക്കപ്പെടുന്ന അപ്പത്തിന് നിശബ്ദതയുടെ കാഠിന്യമുണ്ടാവും. കേൾക്കാതെ പോയ നിശബ്ദവിലാപങ്ങളുള്ള ആ ഗോതമ്പുമണികളെ കണ്ണുനീരോടെയല്ലാതെ ആത്മാവ് എങ്ങനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യും.

ജനുവരി 22, 2021

മതതീവ്രചിന്ത - വിഗ്രഹാരാധന

മതതീവ്രചിന്തയിൽ ദൈവമില്ല, അത് വിഗ്രഹാരാധനയാണ്, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 

മതതീവ്രചിന്തയിൽ മതം പോലുമില്ല, അതിൽ രാഷ്ട്രീയവും സാമ്പത്തികചൂഷണവുമാണ്. ക്രിസ്തുവിനെ പറക്കുകീഴിൽ അടച്ചുവച്ചു മക്കബായ പുസ്തകം വായിക്കുന്നവർ ദാനിയേലും കൂട്ടുകാരും ആരാധിക്കാൻ വിസമ്മതിച്ച ബിംബത്തെത്തന്നെയാണ് വണങ്ങുന്നതും വഹിച്ചുകൊണ്ട് നടക്കുന്നതും. 

അവരുടെ വിഗ്രഹങ്ങൾ അവർക്കു ഭാരങ്ങളായിത്തീർന്നിരിക്കുന്നു എന്ന് ഏശയ്യാ പറഞ്ഞതുപോലെ, ഭാരപ്പെടുത്തി സമൂഹത്തെത്തന്നെ ഞെരുക്കിക്കൊല്ലുന്ന ഘനീഭവിച്ച ഇരുളാണ് വിശ്വാസമെന്ന പേരിൽ വളർത്തിയെടുക്കുന്ന മതതീവ്രവാദം. അവർ സംരക്ഷിക്കുന്നെന്ന് പറയുന്നവരുടെ കണ്ണീരു തന്നെയാണ് അവരുടെ ലഹരി.

ദൈവം കുശവന്റെ പണിപ്പുരയിൽ ജറെമിയായ്ക്ക് അടയാളം പറഞ്ഞു കൊടുക്കുന്നു. തിളയ്ക്കുന്ന പാത്രം വടക്കു നിന്നും ചരിയുന്നതും ജറെമിയ കണ്ടു. ജെറുസലേമിന്റെ തകർച്ചയും ദേവാലയം കത്തിയമരുന്നതും ആയാളും അയാൾക്കൊപ്പം ദൈവവും ജയിലഴികൾക്കിടയിലൂടെ കണ്ടു. 

ജനുവരി 21, 2021

ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം

ദൈവവമഹത്വത്തെ കൂട്ടാനോ കുറയ്ക്കാനോ നമുക്കാവില്ല. 

ലഭിച്ചിട്ടുള്ള വൻകാര്യങ്ങളെ ഓർത്ത്, പരിപാലനയെക്കുറിച്ച്, മറ്റൊരാളിൽക്കണ്ട വലിയ നന്മയെക്കുറിച്ച് അങ്ങെത്രയോ വലിയവനാണെന്നു പറയുമ്പോൾ അതിൽ നിറയുന്നത് കൃതജ്ഞതയുടെ ഒരു ഭാവമാണ്. "ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു" എന്ന് ആനന്ദിച്ച മാതാവ് വലിയ കാര്യം തന്നിൽ സംഭവിച്ചു എന്നതിനേക്കാൾ ദൈവം അത് ചെയ്തു എന്നതിൽ സന്തോഷിച്ചു. "തലമുറകൾ തോറും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും" എന്ന് പറയുമ്പോഴും തന്നിൽ ദൈവം മഹത്വപ്പെടുന്നതിനെക്കുറിച്ചാണ് മറിയം എടുത്തുപറയുന്നത്.

സർഗ്ഗവാസനകൾ ഓരോ സൃഷ്ടിജാലത്തിലൂടെയും രചിക്കുന്ന പുതിയ അധ്യായങ്ങൾ ദൈവസൃഷ്ടിയുടെ സൗന്ദര്യമാണ്. ഓരോ സ്വാഭാവികതയിലും വിടരുന്നത് നന്മയാണ്, കാരണം അവയോരോന്നും മറ്റൊന്നിനെ നിലനിർത്തുകയോ, പുഷ്ടിപ്പെടുത്തുകയോ, അലിയിച്ചുകളയുകയോ ചെയ്യുന്നു. മറ്റൊരോന്നിലും ഓരോന്നും കൃതജ്ഞതയോടെ കാണുന്നതും ദൈവമഹത്വം തന്നെ. ഓരോന്നും ആയിരിക്കുന്നവയിൽത്തന്നെ മറ്റുള്ളവയ്ക്കുവേണ്ടി പുഷ്പിച്ചുകായ്ക്കുന്നു; നമ്മളും. ദൈവവത്തിനു മഹത്വം. അവ വാക്കുകൾ പോലുമില്ലാതെ പ്രഘോഷിക്കുന്നത് സ്വന്തം ഫലദായിത്തമല്ല, ദൈവത്തെയാണ്. ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം. സാക്ഷ്യമെന്നത്, ചുരുക്കത്തിൽ, നമ്മിൽ ദൈവത്തിന്റെ പ്രതിഫലനമാണ്. സാക്ഷ്യം എടുത്തു പറയുന്നത് ദൈവപ്രവൃത്തിയാണ്. 

എന്നാൽ ആദർശങ്ങളെയോ വ്യവസ്ഥാപിത സംവിധാനങ്ങളെയോ പ്രതിരോധിക്കാൻ ലക്‌ഷ്യം വച്ചുള്ള ഊന്നിപ്പറയലുകളിൽ ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം ഇല്ല.  

ജനുവരി 20, 2021

ദൈവത്തിനു ശാപവാക്ക് നേരുന്നവർ

 ദൈവത്തെ ഞങ്ങളുടേതെന്നും അവരുടേതെന്നും വിഭജിക്കുന്നതാണ് മനുഷ്യൻ ദൈവത്തിനു നൽകുന്ന ശാപം.   വംശങ്ങളുടെയും, ദേശങ്ങളുടെയും വ്യത്യസ്തതകളിൽ അപരിചിതരായിരുന്നവർ മനുഷ്യരാണെന്ന ബോധ്യത്തിനുമപ്പുറം, ജീവജാലങ്ങളെല്ലാം കൂടപ്പിറപ്പുകളാണെന്ന യാഥാർത്ഥ്യം ശാസ്ത്രത്തിന്റേതായി മാത്രമല്ല, ആത്മീയതയുടെ ആന്തരികജ്ഞാനമായും അടുത്തറിയുന്ന സമയമാണിത്. ഭാഷയുടെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും അച്ചുകളിൽ രൂപപ്പെട്ട വ്യത്യസ്തതകൾ, അഭിമാനമെന്നു കരുതി അതിരുകൾ തീർക്കുമ്പോൾ ഏതാനം ദുരഭിമാനങ്ങൾക്ക് അലങ്കാരമാക്കിയാണ് അവ ആഘോഷിക്കപ്പെടുന്നതെന്ന് തിരിച്ചറിയണം. 

ദൈവത്തിനു മുമ്പിൽ താഴ്മയോടെ നിൽക്കണമെങ്കിൽ, മക്കളുടെ തുല്യത ആഘോഷിക്കപ്പെടണമെങ്കിൽ, ദൈവത്തെ വിഭജിക്കുന്നതിലുള്ള നേട്ടം ഓരോന്നിന്റെയും പേരിലുള്ള അധികാരശക്തിയാണ്, മറ്റുള്ളവർക്കുമേൽ സ്ഥാപിച്ചെടുക്കേണ്ട മേധാവിത്വമാണ്.  

പഴയദൈവങ്ങളിൽ നിന്ന് മോചനവാഗ്ദാനം നൽകുന്ന ആധുനിക ദൈവങ്ങളും അതേപോലെ തന്നെ വിഭജിക്കുന്നവയാണ്. വികസനമെന്നും സ്വാതന്ത്ര്യമെന്നും പറയുമ്പോഴും ഒരു വിഭാഗം മനുഷ്യരെ മറ്റു ജീവജാലങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവരും ദൈവത്തിനു ശാപവാക്ക് നേരുന്നവരാണ്.

ജനുവരി 19, 2021

നിശബ്ദമാണ് വെളിപാടുകൾ

പറഞ്ഞറിയിക്കുന്നതിനേക്കാൾ, ഹൃദയമന്ത്രണത്തിന്റെ പോലെ നിശബ്ദമാണ് വെളിപാടുകൾ. ഒരു പൂവ് വിടരുന്നതിലെ, വിത്ത് മുളക്കുന്നതിലെ ശാന്തതയും അവർണ്യമായ അത്ഭുതവും അതിലുണ്ട്. ഓരോ സൃഷ്ടിയെയും പുളകമണിയിക്കുമാറ് അത്ര സ്നേഹപൂര്ണമാണ് ഓരോ വെളിപാടും. പുല്ലും പുൽച്ചാടിയും വണ്ടും പൂവും മഞ്ഞുതുള്ളിയും പുഞ്ചിരിയോടെ യാഗാർപ്പണം ചെയ്യുന്നു. അല്പം കൂടി ആഴമായി ചുറ്റുമൊന്നു നോക്കാൻ കഴിഞ്ഞാൽ ആ നിശബ്ദ വെളിപാടുകൾ 'പരിശുദ്ധി'യുടെ അനുഭവത്തിൽ നമ്മെയും വിറകൊള്ളിക്കും. നീ നിൽക്കുന്ന സ്ഥലം പരിശുദ്ധം തന്നെ.

ജനുവരി 18, 2021

ഉപവാസവും പ്രാർത്ഥനയും

നാൽപതു ദിനരാത്രങ്ങൾ അവൻ ഉപവസിച്ചു പ്രാർത്ഥിച്ചു.
തികച്ചും ദൈവത്തിന്റേതെന്ന് തോന്നാവുന്ന വ്യാജവാഗ്ദാനങ്ങളെ അവൻ ചെറുത്തു തോൽപ്പിച്ചു.
ഒരൊറ്റ വാക്കിന്റെ കരുത്ത് കൊണ്ട് അപ്പം സൃഷ്ടിക്കൂ
ജീവിക്കുന്ന ദൈവം നിന്നിലുണ്ടെന്നു കാണിക്കുവാൻ നീ നിന്റെ സാഹസം കാണിക്കൂ. ദിവ്യഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ പോലും മുമ്പിലുണ്ട്. ജനം പിന്നാലെയുണ്ടാകും. ദൈവത്തിന്റെ ശക്തി കാണിച്ചു കൊടുക്കൂ.
ഭക്തി ഭവ്യത വണക്കം വഴിയായി സർവ്വവും നിന്റെ കീഴിലാക്കൂ, എല്ലാം ഞാൻ നിനക്ക് തരാം. 
ജീവിതത്തിലുടനീളം ഈ വ്യാജവാഗ്ദാനങ്ങൾ സാധ്യതകളായിരുന്നു.

അവന്റെ ദർശനം കൂടുതൽ മിഴിവുള്ളതായിരുന്നു; കണ്ണുനീരോടും വിലാപത്തോടും കൂടി അവൻ തന്റെ പ്രാർത്ഥനകലും യാചനകളും തന്നെ കേൾക്കുവാൻ കഴിയുന്നവനു മുമ്പിൽ അർപ്പിച്ചു. വിശ്വസ്തത മൂലം അവന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെട്ടു. അവൻ ശൂന്യനായി.

അവന്റെ ഉപവാസവും പ്രാർത്ഥനയും ശൂന്യവത്കരണമായിരുന്നു, ശക്തികളും സിദ്ധികളും തേടിയുള്ളതായിരുന്നില്ല.

അപ്പവും, അത്ഭുതങ്ങളും, സകല അധികാരങ്ങളും സ്വന്തമായുണ്ടായേക്കാം. സകലവും ആത്മീയവും, ദൈവികവും ആയി നിഷ്ഠാപ്പൂർവം നടക്കുന്നുണ്ടാവാം. എല്ലാമുള്ളപ്പോഴും ക്രിസ്തുവില്ലാത്ത നിമിഷങ്ങൾ വരും.  അപ്പോഴാണ് സ്വയം ശൂന്യവത്കരിക്കേണ്ടതിനായി ഉപവസിച്ച് പ്രാർത്ഥിക്കേണ്ടത്.

ജനുവരി 17, 2021

ഹത്യയും ജീവനും

ഏതെങ്കിലും വംശത്തെയോ ജാതിയെയോ മതത്തേയോ കണ്ടുകൊണ്ട് അപലപിക്കപ്പെടേണ്ടതല്ല ഏതു ഹത്യയും. വിശ്വാസങ്ങളേക്കാൾ വംശീയവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങൾ അവക്ക് പിറകിലുണ്ട്. കഴുത്തിന് കഠാര വയ്ക്കുന്നത് മാത്രമല്ല ഹത്യ. ജീവിക്കാൻ അനുവദിക്കാത്ത സ്ഥിതിയുണ്ടാക്കുന്നതെന്തും കൊല തന്നെയാണ്. 'സമാധാനത്തിനുവേണ്ടിയെന്നു പറഞ്ഞുകൊണ്ട് യുദ്ധം നടത്തുന്നവർ, ആയുധവില്പന നടത്താൻ സംഘർഷങ്ങളുണ്ടാക്കി ആയിരങ്ങളെ പട്ടിണിയിലാക്കുന്നവർ, മണ്ണിനെയും വായുവിനെയും, ജലത്തെയും കൊലചെയ്യുന്നവർ എല്ലാം കൊലയാളികളാണ്. മനുഷ്യന്റെ മാത്രമല്ല  ജീവന്റെ തന്നെ അന്ത്യം കുറിക്കുന്ന നയങ്ങൾ അനുവദിക്കുന്ന 'നല്ല' മുഖങ്ങൾ, അവർ ഏതു തിരുഗ്രന്ഥം ഉയർത്തിപ്പിടിച്ചാലും, കൊലയാളികൾ തന്നെ. "നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി വിലപിക്കുവിൻ" എന്നതിന് ഇന്ന് പ്രാപഞ്ചികമായ അർത്ഥമുണ്ട്. 

ആധുനികത മനുഷ്യനെ അകറ്റിയത് ദൈവത്തിൽനിന്നല്ല, ഭൂമിയിൽനിന്നാണ്. യാന്ത്രികതയും ലാഭക്കണക്കുകളും പുതിയ ആത്മീയതയായി. ഭൂമിയുടെ ആത്മാവിനെ ഉരിഞ്ഞെടുത്തപ്പോൾ സ്വയം നിർജ്ജീവരാകുകയാണവർ. പരിശുദ്ധിയുടെ അനുഭവം ഭൗമജനികമായിത്തന്നെയാണ് ദൈവം നമ്മിൽ നിറക്കുന്നത്. പൂക്കളും സുഗന്ധവും ഇളംകാറ്റും  ആർദ്രതയുമെല്ലാം ദൈവികഭാവങ്ങളുടെ ആദ്യസ്പര്ശങ്ങളാണ്. മനുഷ്യന് സ്വന്തം ആത്മാവിനെ തിരികെനേടാൻ ധ്യാനത്തോടെ നോക്കേണ്ടത് മണ്ണിലേക്കാണ്. സ്വന്തം ഉത്ഭവങ്ങളും, മറ്റുള്ളവയുമായുള്ള ബന്ധങ്ങളും അറിയാൻ. ഈ ഭൗമബന്ധങ്ങളെ  ഹൃദയത്തോട് ചേർക്കാനുതകുന്ന പ്രബോധനങ്ങളും ഭക്തിചര്യകളുമാണ് ഇനിയുള്ള മതാത്മകതയ്ക്കും ആത്മീയതക്കും കാതലാവേണ്ടത്. അതില്ലാത്തവ, ദൈവത്തെ മാത്രമല്ല ജീവനെത്തന്നെ നിഷേധിക്കുന്നവയാകും.

വിശ്വാസത്തിലെ വിശ്വസ്തത

ദൈവം സ്നേഹമായതു കൊണ്ടാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. ദൈവജീവൻ പോലും നമ്മൾ മനസ്സിലാക്കുന്നത് പ്രപഞ്ചത്തിലെ ജീവവും ആജീവവുമായ വസ്തുക്കൾ നിലനിൽക്കുന്ന അവസ്ഥയെ ഒരു സമാന്തരസാദൃശ്യം ഉപയോഗിച്ചുകൊണ്ടാണ്. അതുപോലെ തന്നെയാണ് സ്നേഹിക്കുക എന്നതും. ദൈവത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഭാവനയിൽ കാണുമ്പോഴും നമ്മുടെ അനുഭവതലത്തിൽ വരുമ്പോഴും വൈകാരിക പ്രതിഫലനങ്ങൾ സ്വാഭാവികമാണ് എന്നാൽ ആ വൈകാരിക പ്രതിഫലനങ്ങളല്ല ദൈവസ്നേഹം. സ്നേഹത്തിലുൾപ്പെടുന്നവരുടെ നന്മ സ്നേഹം ഉറപ്പു വരുത്തുന്നു. നന്മയിൽ നിറക്കുകയും വളർത്തുകയും ചെയ്യുന്നതാണ് ദൈവസ്നേഹം. ഏതൊരു സ്നേഹവും രൂപാന്തരപ്പെടുത്തും എന്നതുപോലെ ദൈവസ്നേഹം നമ്മെ രൂപാന്തരപ്പെടുത്തുന്നത് അവിടുത്തെ പുത്രന്റെ രൂപത്തിലേക്കാണ് (റോമാ 8:29).

അമ്മയെപ്പോലെ സ്നേഹിക്കുന്ന ദൈവത്തെ വാത്സല്യവും വിശ്വസ്തതയുമുള്ള സ്നേഹത്തിന്റെ ഉറവിടമായി കാണാം. അമ്മക്ക് മുമ്പിലുള്ള കുട്ടിസൂത്രങ്ങൾ വളർച്ചക്ക് തടസ്സമാകാൻ ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത്തരം സമീപനങ്ങളെ ദൈവം പ്രോത്സാഹിപ്പിക്കുകയുമില്ല. സാരിത്തുമ്പിൽ മറഞ്ഞു നിൽക്കുന്ന കുഞ്ഞിനെ പുന്നാരിച്ചു സന്തോഷിപ്പിക്കുന്ന സ്നേഹത്തിൽ നിന്ന് സ്വന്തമായ ഉത്തരവാദിത്തങ്ങളിലേക്കുള്ള വളർച്ച ദൈവം ആഗ്രഹിക്കുന്നു. ഞാൻ ഒന്നുമല്ലെന്നും എപ്പോഴും അങ്ങു തന്നെയാണ് എല്ലാം ചെയ്തു തരേണ്ടത് എന്ന് പറയുന്നത് എളിമയോ വിധേയത്വമോ അല്ല, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ഭീതിയാണ്. വളർന്ന് സ്വയം നടന്ന് ഫലം പുറപ്പെടുവിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ഉള്ളിലെ കരുത്തായാണ് ആ സ്നേഹം നമ്മെ നയിക്കുന്നത്. 

സ്തുതിപാഠകരുടെ പുകഴ്ത്തൽ കേട്ട് കുലുങ്ങിച്ചിരിക്കുന്ന രാജാവിനെപ്പോലെയല്ല ദൈവം. എപ്പോഴും സന്തോഷിപ്പിച്ചു നിർത്തേണ്ട ബന്ധമാണ് ദൈവവുമായുള്ള ബന്ധം എന്നത് ദൈവത്തെ കുട്ടിയാക്കുന്നതാണ്.  മിഠായി കൊടുക്കുമ്പോൾ സന്തോഷിക്കുകയും കൊടുക്കാതിരിക്കുമ്പോൾ പിണങ്ങുകയും ചെയ്യുന്ന കുട്ടി. അങ്ങനെ വികാരവിവശനാകുന്ന ദൈവം ഒരു അമ്മക്കിളി മൃദുലതയാണ് നമ്മിലും രൂപപ്പെടുത്തുന്നത്.   ചോദിക്കുന്നതൊക്കെ കിട്ടുന്നുണ്ടെങ്കിൽ ദൈവം സ്നേഹിക്കുന്നു, ഇല്ലെങ്കിൽ സ്നേഹം ഇല്ല. എന്തോ ഇഷ്ടപ്പെടാതെ വന്നത് കൊണ്ടാകാം ദൈവം തരാത്തത് അല്ലെങ്കിൽ പിണങ്ങിയിരിക്കുന്നത്. അപ്പോൾ എന്ത് ചെയ്യും ഇഷ്ടപ്പെടുത്തുന്ന സൂത്രങ്ങൾ ചെയ്യുവാൻ തുടങ്ങും. അതീവ കണിശക്കാരനാകുന്ന ഞാൻ ആ സ്നേഹത്തെക്കുറിച്ചു അല്പം പോലും ഉറപ്പില്ലാതാവുകയും ചെയ്യുന്നു. സ്നേഹം ഉറപ്പിക്കാനുള്ള വിദ്യകൾ കൂടുകയും ചെയ്യുന്നു. 

സ്നേഹത്തിൽ വൈകാരികതയുണ്ടെങ്കിലും വൈകാരികതയല്ല സ്നേഹം. വൈകാരികതയിൽ രൂപപ്പെടുത്തുന്ന ദൈവസങ്കല്പങ്ങളെ നിരൂപണത്തിനു വിധേയമാക്കുക എന്നത് കൂടി ദൈവത്തെ സ്നേഹിക്കുന്നതിൽ ആവശ്യമാണ്. അരക്കിട്ടുറപ്പിക്കുന്ന ദൈവസങ്കല്പങ്ങൾ ചിലപ്പോൾ സ്നേഹത്തിന്റെ നവീനതയും ദൈവാനുഭവവും നഷ്ടമാക്കിയേക്കാം. ഇഷ്ടപ്പെടുന്ന ഒരു സങ്കൽപം സൂക്ഷിക്കുവാനാണ് നമുക്ക് പരിചയം. വിശുദ്ധരുടെയും മറ്റ് ആത്മീയഎഴുത്തുകാരുടെയും കൃതികളിൽ  നമ്മൾ അന്ധമായി അർപ്പിക്കുന്ന വിശ്വാസവും നമ്മുടെ സങ്കല്പങ്ങളെ നിശ്ചിതമായ ഘടനകളിലേക്ക് ചുരുക്കിക്കളഞ്ഞേക്കാം.  'കാണപ്പെടാത്തവ' യും ഒരിക്കലും സങ്കല്പിക്കപ്പെടാത്തവയും ആവാം ഓരോ ദിവസവും പുതുതായ ദൈവസ്നേഹത്തിന്റെ യാഥാർത്ഥ്യം. വിശ്വാസത്തിലെ വിശ്വസ്തത കൂടിയാണത്. 

ജനുവരി 16, 2021

ആത്മാവ് വരുമ്പോൾ

വിവിധങ്ങളായ വരങ്ങളാൽ സഭയെ പരിപോഷിപ്പിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഏകീകരിക്കുന്നതും. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭയെന്നതായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനവും. കാരിസം എന്നതിനെ പ്രകൃത്യാതീത കഴിവുകളായല്ല അത് കാണുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ ആത്മപ്രേരിതമായി ജീവിതം നയിക്കാനാകും എന്ന വെളിച്ചം അതു നൽകി. സഭക്കുള്ളിലുള്ള ഒരു നവീകരണ പ്രസ്ഥാനം എന്നതിലുപരി സഭതന്നെ 'കരിസ്മാറ്റിക്' ആയിത്തീരണം എന്ന വലിയ ആഗ്രഹവും അതിനെ നയിച്ചു. അങ്ങനെ ശാരീരികാധ്വാനത്തിലും ബൗദ്ധികപ്രയത്നങ്ങളിലും മാധ്യമരംഗത്തും ശാസ്ത്രീയതയിലും സന്യാസത്തിലും പൗരോഹിത്യത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ മാർഗദർശനം സാധ്യമാണെന്നും, അങ്ങനെ  ഓരോ ജീവിതാന്തസും സഭയുടെ വിശുദ്ധി വെളിപ്പെടുത്തുന്നെന്നും കണ്ടു കൊണ്ടാണ് വിശുദ്ധിയുടെ സാർവ്വത്രിക മാനം എടുത്തു കാണിക്കപ്പെടുന്നത്. അറിവ്, വിവേകം, ജ്ഞാനം തുടങ്ങിയ വരങ്ങളിലൂടെ ദൈവസ്വരത്തിനു കാതോർത്ത് പക്വതയിലേക്ക് വളർന്ന വ്യക്തികളുണ്ട്. അത്തരം വ്യക്തികളുടെ കൊച്ചു സമൂഹങ്ങളിൽ അവർ പരസ്പരം വളർത്തപ്പെടുകയും ചെയ്തു. 

Teleevangelist  പ്രഭാവമാവാം അത്ഭുതങ്ങളിൽ ഊന്നൽ കൊടുക്കുന്ന വേറൊരു ദിശയിലേക്കു അത് മാറിപ്പോകുവാൻ കാരണം. അപ്പോൾ, വരദാനങ്ങളിൽ ചെറുസമൂഹങ്ങളായി  വളർന്നിരുന്ന ശൈലിയിൽ നിന്ന് അത് സ്റ്റേജ്  പ്രതിഭാസമായി മാറുകയും ചെയ്തു. 

അധ്യാപനവും, ആതുരശുശ്രൂഷയും, സാമൂഹ്യസേവനവും,  കാർഷികവേലയും, പത്രപ്രവർത്തനവും എല്ലാം കാരിസം തന്നെയാണ്. അവിടെയൊക്കെയും ക്രിസ്തുസമാനമായി ഒരു വ്യക്തിക്ക് രൂപാന്തരപ്പെടാൻ കഴിയുകയെന്നതാണ് 'കരിസ്മാറ്റിക്' ആകുന്നതിലെ ഉദ്ദേശ്യം (ഒരു പ്രത്യേക ഗ്രൂപ്പിൽ അംഗമാവുക എന്നല്ല അതിന്റെ അർത്ഥം). കൂടുതൽ പ്രാർത്ഥന, ഭക്തികൃത്യങ്ങൾ എന്നിവ കൊണ്ട് മാത്രം അത് സാധ്യമല്ല. സാന്മാര്ഗികമോ വൈകാരികമോ ആയ ഒരു മാറ്റവും അല്ല അത്. സ്വയം ഒരു തിരിച്ചറിവിലേക്ക് മനുഷ്യ-ദൈവ സംഭാഷണം സാധ്യമാകുന്നുണ്ടോ എന്നത് പ്രധാനമാണ്. ആ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഇതാണ്  "നീ എനിക്ക് പ്രിയങ്കരനായ/ പ്രിയങ്കരിയായ എന്റെ പ്രിയ പുത്രൻ/ പുത്രി." നമുക്ക് വളരാനുണ്ടാവാം, ബലപ്പെടാനുണ്ടാവാം കൂടുതൽ വരങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടാനുണ്ടാകാം; അത് പതിയെ നിറഞ്ഞു കൊള്ളും.  പാപം, ശാപം, പിശാച് എന്നിവയൊന്നുമല്ല അപ്പോൾ നമ്മുടെ ശ്രദ്ധാകേന്ദ്രം, ദൈവവും, അവിടുന്ന് നമ്മിൽ പകരുന്ന ജീവനും അതു മാത്രമാണ് പ്രധാനം. (തെറ്റിദ്ധരിപ്പിക്കപ്പെട്ട് ആദ്യമുള്ളവക്ക് ലഭിച്ചിട്ടുള്ള പ്രഥമസ്ഥാനം നമ്മെ വഴിതെറ്റിച്ചിട്ടുണ്ടാകാം. അങ്ങനെ നമ്മൾ അറിയാതെ ദൈവോച്ചാടകരായി മാറി).

വിശുദ്ധരായി ഉയർത്തപ്പെട്ടവരെ നമുക്ക് മുമ്പേ നടന്ന സഹോദരരും സുഹൃത്തുക്കളുമായി നമുക്ക് കാണാം. ഭക്തിയേക്കാൾ സൗഹൃദബന്ധമാണ് ഉചിതം. ക്രിസ്തുവിനോടുള്ള അവരുടെ സ്നേഹത്തെ നമുക്കും ആഗ്രഹിക്കാം, ജീവിതപുണ്യങ്ങളെ അനുകരിക്കാം, ആത്മാവ് നമ്മെ പ്രേരിപ്പിക്കുന്നതിനനുസരിച്ച് അതിനെ നമുക്ക് പ്രകടിപ്പിക്കാം. അവരുടെ അതിഗഹനമായ അനുഭവങ്ങളെയും എഴുത്തുകളെയും, മറ്റ് ആത്മീയ കൃതികൾ തുടങ്ങിയവ അവയുടെ കാലഘട്ടത്തിന്റെ വിശ്വാസശൈലി, തകർച്ചകൾ, ലോകവീക്ഷണം തുടങ്ങിയവ കൂടി ഉൾപ്പെടുത്തി വേണം മനസിലാക്കുവാൻ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അവരുടെ വാക്കുകളെ അക്ഷരാർത്ഥത്തിലെടുക്കുകയോ പ്രവൃത്തികളെ അനുകരിക്കുകയോ ചെയ്യുന്നത് ഉചിതമാണെന്ന് വരില്ല. ക്രിസ്തുവാണ് അവർക്ക് ആധികാരികത നൽകുന്നത്, അവർ ക്രിസ്തുവിനല്ല. അവരിൽ പ്രതിഫലിക്കുന്ന ക്രിസ്തുവിനെയാണ് നമ്മൾ തേടുന്നത്, അവൻ നമ്മെ നയിക്കും.

ദൈവത്തിന്റെ അനിർവചനീയമായ സ്നേഹത്തെ അടുത്തറിയുംതോറും അതിനോട് വേണ്ടത് പോലെ പ്രതികരിക്കുവാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന വേദന ഉള്ളിലുണ്ടാവും (Purgatory എന്ന് വിളിക്കാം അതിനെ). ആത്‌മീയവും വൈകാരികവുമായ മറ്റു ക്ഷതങ്ങൾക്കെന്ന പോലെ ഈ സ്നേഹനൊമ്പരത്തെയും ആശ്വസിപ്പിക്കുന്നത് പരിശുദ്ധാത്മാവ് തന്നെ. പരിശുദ്ധാത്മാവിലൂടെ തന്റെ സ്നേഹം അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് ചൊരിഞ്ഞിരിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ നമുക്ക് ജീവിക്കാം. അതാണ് കരിസ്മാറ്റിക് അനുഭവം.

ജനുവരി 15, 2021

ജീവിക്കുന്ന വചനം

വചനമാണ് ജീവൻ നൽകുന്നത്, വചനമാണ് നമ്മെ നയിക്കേണ്ടത്, വചനമാണ്  ജീവിതത്തിന് രൂപം പകരേണ്ടത്.

ജീവിക്കുന്ന വചനം, നമ്മൾ വായിക്കുന്ന അക്ഷരങ്ങളോ വാക്കുകളോ അല്ല. മനുഷ്യനായി നമുക്കു വേണ്ടി നമ്മിൽ ഒരുവനാകുകയും എന്നും ജീവിക്കുകയും ചെയ്യുന്നതാണ് വചനം. അത് എഴുതപ്പെട്ടിട്ടുള്ള വാക്കുകളിലേക്കു ചുരുക്കാവുന്നതല്ല. വാക്കുകൾ നമ്മെ ജീവിക്കുന്ന വചനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും.

ഒരു ജനതയുടെ വിശ്വാസം, ദൈവപ്രേരിതമായി വരുംതലമുറകളിലേക്കു പകരപ്പെടുന്നതിനു വേണ്ടി പലകാലഘട്ടങ്ങളിൽ, പലരായി എഴുതിയതാണ് ബൈബിളിലെ ഗ്രന്ഥങ്ങൾ. അവ നൽകുന്ന ആന്തരിക പ്രേരണകൾ ഉൾക്കൊള്ളുകയും അവയുമായി സംഭാഷണത്തിലേർപ്പെടുകയും വേണം. അതോടൊപ്പം, അവയിലുൾപ്പെട്ടിട്ടുള്ള വ്യക്തിപരവും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികവുമായ ഘടകങ്ങളെ വേർതിരിച്ചറിയുകയും വേണം.

വാക്കുകളിലും, അതിലെ വള്ളിപുള്ളികളിലും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരു മാന്ത്രികഗ്രന്ഥമല്ല ബൈബിൾ. അത്തരത്തിലല്ല ബൈബിളിനെ സമീപിക്കേണ്ടതും. ഭാവി പറയാനും, ഗണിക്കാനും മറ്റും ബൈബിൾ വാക്യങ്ങൾ എടുത്തുപയോഗിക്കുന്നത് ശരിയായ ഭക്തിയല്ല. വചനം നമ്മെ നയിക്കുന്ന പ്രാർത്ഥനയാണ് വേണ്ടവിധം വിവേചിച്ചറിയുവാനും തീരുമാനങ്ങൾ എടുക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത്. അത് ഉത്തരവാദിത്തബോധത്തിലേക്കു വളരാനുള്ള പക്വതയും,  വളരുന്നതിനനുസരിച്ചുള്ള ജ്ഞാനവും കൈവരുത്തും.

പ്രത്യേക ആവശ്യങ്ങളിൽ നമ്മൾ ആഗ്രഹിക്കുന്ന ഫലം സൃഷ്ടിക്കുവാൻ 'വചനത്തിലെ അത്ഭുതശക്തി' കാര്യകാരണങ്ങളായി ഉപയോഗിക്കുന്നതും ആ വാക്യങ്ങളുടെ മാന്ത്രികമായ ഉപയോഗമാണ്. Bibliomancy എന്ന് വിളിക്കാം അതിനെ. "ദൈവം തന്റെ സമൃദ്ധിയുടെ സമ്പന്നതയിൽ നിന്ന് വേണ്ടതെല്ലാം നമുക്ക് നൽകും" എന്ന ബൈബിൾ ഭാഗം ഇല്ലായ്മയിലും കുറവുകളിലും ആവശ്യങ്ങളിലും നമ്മെ വലിയ ദൈവാശ്രയത്തിലേക്ക് നയിക്കും. എന്നാൽ ഈ വാക്യം നൂറു തവണ ഒരു നിശ്ചിത ദിവസങ്ങൾ ആവർത്തിച്ചാൽ സമ്പത്തു വന്നു ചേരും എന്ന് വിശ്വസിക്കുന്നത് അതിനെ മാന്ത്രികതയിലേക്കു കൊണ്ട് പോകുന്നു. അതുപോലെ തന്നെയാണ് സുരക്ഷക്ക് വേണ്ടിയും സൗഖ്യത്തിനു വേണ്ടിയും വിജയത്തിനുവേണ്ടിയുമുള്ള 'വചന ഉപയോഗങ്ങൾ.'

കാര്യപ്രാപ്തിക്കായി അത്തരത്തിൽ ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുന്ന രീതിയുടെ ഉറവിടം ഉന്നതിയുടെ/സമൃദ്ധിയുടെ സുവിശേഷകർ ഉപയോഗിച്ചുപോന്ന name it and claim it എന്ന സമീപന രീതിയാണ്. വാഗ്ദാനരൂപമുള്ള വാക്യങ്ങളെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് 'ദൈവവചനത്തിന്റെ ശക്തി' പ്രകടിപ്പിക്കുമെന്നുള്ള വിശ്വാസം അതിലുണ്ട്. പ്രാർത്ഥനയിൽ അടിസ്ഥാനം മാന്ത്രിക  ഫലദായകത്വം അല്ല, ദൈവാശ്രയമാണ്, ദൈവം കൂടെയുണ്ടെന്ന ഉറപ്പാണ്.

വാക്യങ്ങളുപയോഗിച്ച് ദൈവത്തെ ഓർമ്മിപ്പിക്കണമെന്നു പറയുന്നവരുണ്ട്. ദൈവമക്കളുടെ സ്വാതന്ത്ര്യം, ദൈവവുമായുള്ള സ്നേഹബന്ധം എന്നിവയിലുള്ള ബോധ്യത്തിനു പകരം, എന്തോ ശക്തി പ്രഭവിപ്പിക്കുന്ന ഊർജ്ജസ്രോതസുപോലെ ദൈവം കാണപ്പെടുന്നു. ഭക്തിയും പ്രാർത്ഥനയും ആ ശക്തിയെ ഉത്തേജിപ്പിക്കുന്നതായും ആയിത്തീരുന്നു.

ഭക്തികളെക്കുറിച്ചാണെങ്കിലും, അവയുടെ സത്ത ഉൾക്കൊള്ളുന്നത് മനുഷ്യനായിത്തീർന്ന വചനത്തെത്തന്നെയാണ്. ജപമാലയാവട്ടെ, ലൂർദ്ദ്, ഫാത്തിമ, റോസാ മിസ്റ്റിക്ക തുടങ്ങിയ മരിയ ഭക്തിയാവട്ടെ, തിരുഹൃദയ വണക്കമാവട്ടെ, വിശുദ്ധരോടുള്ള വണക്കമാവട്ടെ അവയിലോരോന്നിലും, പ്രത്യേകിച്ച് സന്ദേശങ്ങൾ ഉൾകൊള്ളുന്നവയാണെങ്കിൽ അവയിലും, ദൈവത്തെക്കുറിച്ചോ, നമുക്ക് ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ചോ ഉത്ബോധിപ്പിക്കുന്ന കാര്യങ്ങളുണ്ട്. അവ നമ്മുടെ ഭക്തിയിൽ കേന്ദ്രസ്ഥാനം കണ്ടെത്തണം. അവമൂലം വന്നുചേരാവുന്ന ഫലപ്രാപ്തിയല്ല പ്രധാനം. ഉദാ: ദിവ്യകാരുണ്യ യേശുവിനോടുള്ള ഭക്തി ദൈവം കരുണയുള്ളവനാണെന്നും ലോകത്തിന്മേൽ അവിടുന്ന് കരുണ വർഷിക്കുന്നെന്നും ദൈവം ദൂരെയല്ലെന്നും, മനുഷ്യർ പരസ്പരം കരുണ പരിശീലിക്കേണ്ടതുണ്ടെന്നും പറഞ്ഞു തരുന്നു. ഫാത്തിമാ ദർശനങ്ങൾ ആന്തരിക നവീകരണം വഴിയുള്ള സമാധാനത്തിലേക്കും ക്ഷണിക്കുന്നു. പകരം വികലമായ കാഴ്ചപ്പാടുകളിലൂടെ ഈ ഭക്തികളെ സമീപിക്കുമ്പോൾ അവയുടെ അർത്ഥം തന്നെ മാറിപ്പോകുന്നു.

എഴുന്നേറ്റു നടക്കൂ

ശീലിച്ചു സ്വന്തമാക്കുന്ന നിസ്സഹായവസ്ഥയുണ്ട്. കഴിവോ ശക്തിയോ ഇല്ലാത്തതുകൊണ്ടല്ല, എന്നാൽ നിസ്സഹായരാണെന്ന് തോന്നിപ്പോവുകയാണ്.

തനിക്കു ചെയ്യാൻ കഴിയുമോ? സമയത്തു തീർക്കാനാവുമോ? തെറ്റിപ്പോകുമോ? തോറ്റു പോകുമോ? തന്നെക്കാൾ സമർത്ഥരായ വേറെ ആരെങ്കിലും ഉണ്ടാവുമോ? അനവധി ഭയങ്ങൾ.
പലവിധം വന്നു പോയ പരാജയങ്ങൾ ഉണ്ടാക്കിയ നാണക്കേട് പുറത്തു വരാൻ പോലും അനുവദിക്കുന്നില്ല. വന്നു പോയിട്ടുള്ള തെറ്റുകളെ ഭാരങ്ങളായി വഹിച്ചുകൊണ്ടും നടക്കുന്നു. വെറുപ്പിന്റെ നീറ്റലും, ഘനീഭവിക്കുന്ന ദുഃഖങ്ങളും വലിയ ക്ഷതങ്ങളുണ്ടാക്കി തളർത്തിക്കളയുന്നു. സർവാംഗം തളർന്ന ഒരാൾക്ക് എന്താണ് പ്രത്യാശ വയ്ക്കാവുന്നത്?

ഇവയൊക്കെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ കൃപയെ/ജീവനെ തടസപ്പെടുത്തുന്നവയാണ്. അതുകൊണ്ടുതന്നെ സ്വയം നിലനിർത്തുന്ന പാപാവസ്ഥകളുമാണ്. ക്ഷമിക്കപ്പെടുന്നു എന്നത് യഥാർത്ഥത്തിൽ കൃപയിൽ നിറയപ്പെടുകയെന്നതാണ്. അപ്പോൾ പുതിയ കരുത്തും, ആത്മബോധവും, സമാധാനവും ആശ്വാസവും, ആനന്ദവും നമ്മെ നയിക്കും.

തീർത്തും വിപരീതമായി, സകലതും തങ്ങളെ ആശ്രയിച്ചാണ് എന്ന് കരുതി, ഉള്ളിൽ ദ്രവിക്കുന്ന ഭീമാകാരമായ പാറകളുമുണ്ട്. ലോകവും സമൂഹവും സഭയും വിശ്വാസവും എന്തിന് ദൈവം തന്നെയും നിലനിന്നുപോകുന്നത് അവർ വഴിയാണെന്ന് ഉറപ്പുള്ളവർ ആണവർ. അവരിലേക്ക്‌ കൃപ കടക്കില്ല. പാറയുടെ കവചവുമായി നമുക്ക് അനങ്ങാനാവില്ല. ഹൃദയകാഠിന്യത്തിൽ സ്ഥിരപ്പെട്ടുറച്ചുപോകും.

ജനുവരി 14, 2021

എവിടെയാണ് വഴി മാറിയത്?

പെന്തെക്കോസ്റ്റലിസം പ്രചരിച്ചു തുടങ്ങിയ നാളുകളിൽ തന്നെ, അഭിഷേകാനുഭവം കാത്തോലിക് പശ്ചാത്തലത്തിലും ഉണ്ടായിരുന്നു. സ്പെയിനിലെ ഒരു കോളേജിലെ തികച്ചും സാധാരണക്കാരായ സ്റ്റാഫ് അംഗങ്ങളായിരുന്നു അവർ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ, പരിശുദ്ധാത്മാവാൽ നയിക്കപ്പെടുന്ന സഭാവീക്ഷണത്തെ (pneumatological ecclesiology) അടിസ്ഥാനമാക്കി ദൈവശാസ്ത്രപരമായ അടിത്തറപോലും നല്കപ്പെട്ടിരുന്നു. അതിന്മേൽ നല്കപ്പെട്ടിരുന്ന മാർഗനിർദ്ദേശങ്ങളുമുണ്ട്. ധ്യാനകേന്ദ്രങ്ങൾ പ്രത്യേക ബ്രാൻഡുകൾ സ്ഥാപിക്കുകയും, സ്വയാധികാരമുള്ളതാവുകയും ചെയ്തപ്പോൾ eldering, pastoring തുടങ്ങി വളർച്ചക്കനിവാര്യമായിരുന്ന ഘടകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് സംശയിക്കണം. കത്തോലിക്കാ സഭയുടെ വിശ്വാസമായി ആളുകൾ സ്വീകരിച്ചത് മുഴുവനും ഈ കേന്ദ്രങ്ങളിൽ നിന്ന് കേട്ടവയാണ്. പലതും കത്തോലിക്കാ സഭയുടെ ദർശനങ്ങളെ പാടെ അവഗണിച്ചു കളഞ്ഞു എന്നത് നിർഭാഗ്യകരം. 

വഴിയാവേണ്ടവ ലക്ഷ്യമാക്കുന്നത് കാണാതിരിക്കാനാവില്ല. സ്വന്തം ജീവിത പശ്ചാത്തലങ്ങളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് അത് വളർത്തുവാൻ വ്യക്തിക്ക് കഴിയണം. അത് സാധ്യമാകുന്നുണ്ടെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം നല്ലതായ ഫലം തന്നെയാണ്. എന്നാൽ ധ്യാനകേന്ദ്രങ്ങളോട് dependency/ attachment വളർത്തിയവർ ഉണ്ടെന്നതിനെ നിഷേധിക്കാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം ധ്യാനകേന്ദ്രവും അവിടുത്തെ പ്രധാന പ്രഘോഷകനുമാണ് ശ്രദ്ധാകേന്ദ്രം. കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. നവീകരണത്തിന്റെ ആരംഭകാലത്തു തന്നെ ആവശ്യമായ ദൈവശാസ്ത്ര അടിസ്ഥാനവും മാർഗ്ഗരേഖകളും അതിനുണ്ടായിരുന്നു. വരങ്ങളിൽ വളരുന്നവർ വേണ്ടവിധം പാസ്റ്ററിങ്, മുതിർന്നവരിൽ നിന്നുള്ള മാർഗദർശനങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരം വിവേകപൂണ്ണമായ വളർച്ച ഇന്ന് നടക്കുന്നുണ്ടോ എന്നത് സംശയമാണ്. ചില വിദേശ സെക്ടുകളിൽ പ്രബലമായിരുന്ന ആശയങ്ങളെ നമ്മുടെ വിശ്വാസധാരയിലേക്കു കൊണ്ടുവരുന്നതിൽ ഇത്തരം വിവേകശൂന്യത വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവ് ചൊരിയുന്ന സ്നേഹത്തിന്റെ അടയാളമാണ് അത്ഭുതങ്ങളും സൗഖ്യങ്ങളും, അത് ശുശ്രൂഷകന്റെ ശക്തിയായി കാണപ്പെടുന്ന പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ധ്യാനകേന്ദ്രങ്ങളുടെ സ്വയാധികാരത്തിൽ അനുമതി നൽകപ്പെടുന്ന ഉപദേശകർ ശുശ്രൂഷകൾക്ക് മൊത്തത്തിൽ ആക്ഷേപം വരുത്തി വച്ചിട്ടുണ്ട്. കൂടുതൽ വിവേചനശക്തി സാക്ഷ്യങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. സാക്ഷ്യങ്ങൾ വിശ്വാസത്തിന്റെ പക്വതയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം. വികലമായ ബോധ്യങ്ങൾ നല്കുന്നവയാകരുത്.

എല്ലാ രൂപതകൾക്കും തന്നെ കൗൺസിലിങ് സ്ഥാപനങ്ങൾ ഇന്നുണ്ട്. ധ്യാനകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ലോകവീക്ഷണവും വിശ്വാസദർശനവും കൗൺസിലിങ് സ്ഥാപനത്തിലെ സമീപനരീതിയും ആന്തരിക സംഘർഷത്തിന് വഴിവയ്ക്കുന്നവയാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ആത്മീയത'യിൽ വിചിത്രമായ കാരണവ്യാഖ്യാനങ്ങളും അസാധ്യമായ പരിഹാരവഴികളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തെ ശാസ്ത്രീയ സമീപനങ്ങൾ ലൗകികമായി വിധിക്കപ്പെട്ടേക്കാം. വ്യത്യസ്തമായ ശുശ്രൂഷാശൈലികൾ സ്വീകരിച്ചിരിക്കുന്നവർ അവരവരുടെ മേഖലകളിൽ പ്രശോഭിക്കുന്നവരാകാം. എന്നാൽ ആളുകളുടെ വളർച്ചയും നന്മയും സഭ ആഗ്രഹിക്കുന്നതിനാൽ പ്രബോധനം, അജപാലനം, ബൈബിൾ വ്യാഖ്യാനം, സുവിശേഷപ്രഘോഷണം, ധാർമികബോധം, മാനസികാരോഗ്യം, സാമൂഹികയാഥാർത്ഥ്യങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ കൂടെക്കൂടെയുള്ള പരസ്പര സംഭാഷണങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ഒരു സമവായം ഉണ്ടാക്കുക എന്നതല്ല ലക്‌ഷ്യം, മറിച്ച്, നിലപാടുകൾ, ആത്മീയതയിലെ ശൈലികൾ തുടങ്ങിയവയിൽ പരസ്പരം വ്യക്തത നൽകുവാൻ ഈ തുറന്ന സംഭാഷണങ്ങൾ സഹായിക്കും. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരികജ്ഞാനം പൊതുവിജ്ഞാനത്തിലും ശാസ്ത്രസമീപനത്തിലും ഉണ്ടെന്നതിൽ ബോധ്യം വരുത്തേണ്ടതുണ്ട്.

വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കുകയും, വളരെ ലളിത ജീവിതം നയിക്കുകയും ചെയ്യുന്നവരുണ്ട്‌. അവരുടെ ജീവിതത്തെ വലുതാക്കിക്കാണിക്കുവാൻ അവർ താല്പര്യപ്പെടാറില്ല. മാർഗനിർദ്ദേശങ്ങൾക്കു വിധേയമാകാൻ തയ്യാറാകാതെ, തങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ കുത്തകാവകാശം ലഭിച്ചിരിക്കുന്നു, തങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതൽ വിശുദ്ധി പ്രാപിച്ചിരിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ ചില പ്രാർത്ഥനാഗ്രൂപ്പുകൾ ആണെന്ന് തോന്നുന്നു, ആപത്തു വരുത്തിവച്ചത്. തങ്ങളുടെ തനത് സ്വഭാവം എടുത്തുകാണിക്കുവാൻ വിവിധങ്ങളായ സെക്ടുകളിലെ പ്രവണതകൾ അവർ അനുകരിച്ചു എന്ന് വേണം കരുതാൻ. അത് ഇന്നും തുടർന്ന് പോകുന്നു. 

തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് 'കഴിവുകൾ' ഉള്ളവരെ രൂപതകളും സന്യാസസഭകളും കരിസ്മാറ്റിക്കുകളാക്കി. കാരിസം ഇല്ലാതെ കരിസ്മാറ്റിക് ആയവർ അവരുടേതായ ശുശ്രൂഷകൾ രൂപപ്പെടുത്തി. ആരാധനകളും ജപമാലയും നിരന്തരം ഉണ്ടെന്നു കരുതി ദൈവസ്വരത്തിനു കാതു കൊടുക്കുന്നുണ്ടെന്ന് ഒരു ഉറപ്പുമില്ല.

പല സ്വകാര്യ പ്രബോധനങ്ങൾക്കും, ആത്മീയ ശൈലികൾക്കും ഈ സെക്ടുകളുടെ സ്വാധീനം പ്രകടമായി കാണാം. മരിയഭക്തിയുടെയും, കുർബാനയുടെ ആരാധനയുടെയും ഒരു നല്ല കവർ ഉണ്ടെന്നു മാത്രം. ആകർഷകത്വത്തിനു വേണ്ടി പരസ്യകലയെയും ചിലർ ആശ്രയിച്ചു. അത് ഒരു പോസ്റ്റർ ഉണ്ടാക്കുന്നതിൽ അല്ല, പ്രസംഗങ്ങളുടെയും ആത്മീയ ശുശ്രൂഷകളുടെയും ഉള്ളടക്കത്തിന്റെ ഭാഗമായി പരസ്യകല നന്നായി ഉപയോഗിക്കപ്പെട്ടു. ആളുകൾക്ക് എന്ത് വേണമെന്നതിനനുസരിച്ച് ആത്മീയ ഉത്പന്നങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവയൊക്കെ വിശ്വാസമാണെന്നു കരുതി സ്വീകരിക്കാൻ മാത്രമേ ആളുകൾക്ക് കഴിയൂ.
ചിരിക്കുന്ന സുവിശേഷ പ്രഘോഷകനായ Joel Osteen ന്റെ ചിരിക്കൽ പോലും നമ്മളിൽ പലരും കടമെടുത്തു. വർഷങ്ങളായി ഇവാൻജെലിക്കൽ പെന്തെക്കോസ്റ്റൽ സെക്ടുകൾ പരിശ്രമിച്ചു പരാജയപ്പെട്ടത് നമ്മിൽ ചിലരുടെ ഈ സെക്റ് അനുകരണം വഴി വിജയത്തിലെത്തിച്ചു.
അത്തരക്കാർക്ക് പ്രവാചകസിദ്ധി നൽകി അവരുടെ ശിക്ഷണം നേടിയവർ, അവർ നിൽക്കുന്ന രീതി, വിലപിക്കുന്ന രീതി, നിവരുന്ന രീതി, മൈക്ക് പിടിക്കുന്ന രീതി തുടങ്ങിയവ പോലും അനുകരിച്ചു പോരുന്നു.

ക്രിസ്തീയത്വം അമേരിക്കയിലെ രാഷ്ട്രീയത്തിന് ആവശ്യമായിരുന്നു. അതിന് വേണ്ട രീതിയിൽ മത വിശ്വാസരീതികളെയും ക്രിസ്തീയതയെയും അവർ പുനഃവ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. യേശു എന്റെ സ്വന്തം രക്ഷകൻ (personal saviour) എന്നതിൽ വിശ്വാസപരമായി തെറ്റൊന്നുമില്ല. എന്നാൽ revivalism ഇതേ ഏറ്റുപറച്ചിൽ പറഞ്ഞപ്പോൾ യേശുവിനോടുള്ള ബന്ധം ഒരു ഭാഷ മാത്രമായി ചുരുങ്ങുകയും പ്രത്യേക രാഷ്ട്രീയ വിഭാഗങ്ങളുമായുള്ള പ്രതിബദ്ധതയാണ് മാറുകയും ചെയ്തിരുന്നു. സെപ്‌റ്റംബർ 11 നു ശേഷം രൂപം കൊണ്ട അരക്ഷിതാവസ്ഥ പൊതുവായ ശത്രുത തുടങ്ങിയവ വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ അവർ മാറ്റിയെടുത്തു. ചിലർ യഹൂദ നിഷ്ഠകളും തങ്ങളുടെ അടയാളങ്ങളാക്കി. വെളുത്തവർഗ്ഗക്കാരുടെ മുന്തിയ ക്രിസ്തീയത്വം മറ്റുദേശക്കാരെയും അവരുടെ സംസ്കാരങ്ങളെയും പൈശാചികമായി വിധിച്ച് അകറ്റി. അതിനെ സാധൂകരിക്കാൻ ഒന്നാം പ്രമാണത്തിന് വളരെ വന്യമായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടു. New Age പ്രവണതകൾ കൊണ്ട് വന്ന ജനപ്രിയ ആകര്ഷണങ്ങളെയും ചില സെക്ടുകൾ നന്നായി ഉപയോഗിച്ചു. chain letter, pyramid schemes തുടങ്ങിയവയുടെ മാതൃകയിൽ എളുപ്പം അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന digital devotions  രൂപീകരിച്ചു. ചില സെക്ടുകൾ അന്ത്യകാലം, മിശിഹായുടെ വരവ്, ബൈബിളിന്റെ പൂർത്തീകരണം, തുടങ്ങിയവയെ ഊന്നൽ കൊടുത്തു പ്രചരിപ്പിച്ചു. ചിലർ അപ്പോക്രിഫൽ പുസ്തകങ്ങളിലെ കഥകളും അഭൗമികതയും അവരുടെ സുവിശേഷങ്ങളാക്കി. ചിലർ അറിയാതെ തന്നെ, പഴയനിയമ പ്രതീകങ്ങളും ആചാരങ്ങളിലും അതീവ പ്രാധാന്യം നൽകി  Zionist അടിയൊഴുക്കുകൾക്ക് വിധേയപ്പെട്ടു. മറ്റു ചിലരാവട്ടെ retributive theology യും  ransom theology യും വിശ്വാസത്തിനു ചേരാത്തവിധം വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. ഉന്നതിയുടെ സുവിശേഷകരുമായി ചിലർ. പഴയനിയമത്തിലെ നിയമങ്ങളുടെ കണിശമായ അനുഷ്ഠാനം വിശ്വസ്തതയുടെ അടയാളമാക്കി. മധ്യയുഗ കാലഘട്ടത്തിലെ കൃതികളും മതശൈലികളും ചിലർക്ക് ഉദാത്തം മാതൃകകളായി, പ്രത്യേകിച്ച് അക്കാലത്തെ അതിതീവ്രചിന്താഗതിയുണ്ടായിരുന്ന വിഭാഗങ്ങൾ. മറ്റുചിലരാവട്ടെ വിശുദ്ധരുടെ ഗ്രന്ഥങ്ങളുടെ അന്ധമായ വായനക്കാരായി. അവരിൽ ചിലരുടെ ദർശനങ്ങളെ പിൻചെന്നുകൊണ്ട് കൾട്ടുകൾ വരെ രൂപപ്പെട്ടു.  post modern crisis, post modern human condition തുടങ്ങിയ പരിഗണിക്കപ്പെടേണ്ട സാംസ്‌കാരിക പശ്ചാത്തലങ്ങൾ ഇവക്കു വളമുള്ള മണ്ണ് നൽകി. ഇവക്കൊക്കെയും കൂൺകൃഷി പോലെ വളർന്നു വരാനുള്ള സാഹചര്യം കേരളത്തിൽ വൈകാരിക തലത്തിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അവയെ കണ്ണടച്ച് വിശ്വസിക്കുന്നവർ അവയിൽ അന്തർലീനമായ സാംസ്‌കാരിക രാഷ്ട്രീയ ഘടകങ്ങളെ തിരിച്ചറിയേണ്ടത് ഇനിയെങ്കിലും ആവശ്യമാണ്. 

വിശ്വാസത്തിലെ സാമ്പത്തിക സാധ്യതകൾ കണ്ടുതുടങ്ങിയവരും ഇല്ലാതില്ല. അവയെക്കുറിച്ച് ഈ link ഇത് പരിശോധിക്കാം. https://tharamangalammalayalam.blogspot.com/.../blog-post...

പരസ്പരം നൽകേണ്ട അനുദിന അത്ഭുതങ്ങൾ

 അത്ഭുതങ്ങളെ അടയാളങ്ങളായാണ് സുവിശേഷങ്ങൾ നമുക്ക് മുമ്പിൽ അവതരിപ്പിച്ചത്. അവ അതിൽത്തന്നെ ദൈവിക സന്ദേശത്തിന്റെയോ ഒരു പ്രബോധനത്തിന്റെയോ ദൈവിക ഇടപെടലിന്റെയോ പൂർണ്ണത ഉൾക്കൊള്ളുന്നില്ല. അത്ഭുതങ്ങളുടെ സത്യത്തിലേക്ക് വരുമ്പോൾ അത് തീർത്തും ലളിതമായ ഒന്നാണ്; ക്രിസ്തുവിനെ സ്വജീവിതത്തിലും ജീവിക്കുന്ന സമൂഹത്തിലും തിരിച്ചറിയുക, അതിനനുസരിച്ചു ജീവിക്കുക. അതിമാനുഷമായ പ്രവൃത്തികളിൽ മാത്രം ദൈവിക ഇടപെടലുകളെ കാത്തിരിക്കുമ്പോൾ നമ്മിലൂടെയും മറ്റുള്ളവരിലൂടെയും യാഥാർത്ഥ്യമാകുന്ന ദൈവവപ്രവൃത്തികളെ നമ്മൾ അവഗണിച്ചു കളയുകയാണ്.

രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒരു ദിവസം ഒരുക്കുന്നെങ്കിൽ  അതിന് ഉചിതമായ ഉദ്ധരണി എന്താവും? "ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്ന കർത്താവാണ്," "നിങ്ങൾ വിശ്വസിച്ചാൽ നാളെ അത്ഭുതം ദർശിക്കും," എല്ലാം ഉചിതം തന്നെയാണ്. എന്നാൽ പരസ്പരമുള്ള വ്യക്തിബന്ധവും പരസ്പര വിശ്വാസവും എടുത്തു കാണിച്ചുകൊണ്ട് "നിങ്ങൾ എല്ലാവരും സഹോദരങ്ങളാണ്" (മത്താ 23: 8)  ആയിരുന്നു ആദ്യ രോഗി ദിനത്തിന്റെ ആപ്തവാക്യം. അങ്ങനെ ഒരു ദിവസം ആചരിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ രോഗങ്ങളും സഹനങ്ങളും സമർപ്പണത്തിന്റെ കൃപയിലൂടെ അനേകരുടെ നന്മക്കായി അർപ്പിക്കപ്പെടുവാനും, മറ്റുള്ളവർക്ക് രോഗികളിൽ ക്രിസ്തുവിന്റെ മുഖം കാണുവാനുമുള്ള പ്രചോദനമായാണ്. 

അത്ഭുതങ്ങളിൽ അടിസ്ഥാനമിടുന്ന വിശ്വാസത്തിൽനിന്നും പരസ്പരബന്ധത്തിന്റെ ഒരു ജീവിതക്രമം ഇന്ന് കുടുംബങ്ങളിലും സഭക്കുള്ളിലും ആവശ്യമായുണ്ട്. നമ്മിലെ 'പാപം' എന്ന യാഥാർത്ഥ്യം പലരീതികളിൽ നമ്മെ അകറ്റി നിർത്തുമ്പോൾ, പരസ്പരം നല്കാനാവുന്ന സാമീപ്യം കൃപയുടെ വളർച്ചക്ക് വലിയ ഒരുക്കം നൽകുന്നു (പാപം പുറമേ നിന്നുള്ള ശക്തിയായല്ല, ആന്തരികമായ അവസ്ഥയായാണ് കാണേണ്ടത്). രോഗങ്ങൾക്ക് ദൈവം സൗഖ്യം നല്കുമെന്നതിൽ സംശയമില്ല. ആ സൗഖ്യം പോലും ഒരു അനുഭൂതിയായി നിലനില്കാതെ ക്രിസ്ത്വാനുഭവത്തിലേക്ക് നയിക്കട്ടെ (എടുത്തു മാറ്റലോ ആട്ടിയോടിക്കലോ ഒക്കെ വാക്കുകളിലെ പ്രയോഗങ്ങളാണ്, കൃപയുടെ നിറവാണ് സത്യമായി നമ്മിൽ സംഭവിക്കുന്നത്). ആ ക്രിസ്ത്വാനുഭവവും ഒരു അലൗകിക അനുഭൂതിയാവാതെ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിരന്തര സമ്പർക്കത്തിയിലേർപ്പെടാൻ പ്രേരണ നൽകുന്നതാണ്. 

വിശ്വാസങ്ങളെ (സാമൂഹികമോ, മതപരമോ, രാഷ്ട്രീയമോ ആവട്ടെ) വളരെയധികം ബാധിക്കുന്ന ഒരു ഘടകമാണ് ഭാവനാസങ്കല്പം. വിശ്വാസങ്ങളെല്ലാം സങ്കല്പങ്ങളാണെന്നല്ല അതിനർത്ഥം. സ്വീകരിക്കുന്ന ഒരു ബോധ്യത്തെ ഒരു ചിത്രമായി ഉള്ളിൽ അവതരിപ്പിക്കുന്നതിൽ ഭാവനാസങ്കല്പങ്ങൾക്ക് വലിയ പങ്കാണുള്ളത്. വായിക്കുന്ന കഥകളും, ചരിത്രങ്ങളും, കാണുന്ന ചിത്രങ്ങളും സിനിമകളും അത്തരം മാനസികചിത്രങ്ങളെ സ്വാധീനിക്കും. മധ്യയുഗത്തിലെ ആത്മീയ ഉപദേശങ്ങളുടെയും അനുഭവങ്ങളുടെയും  കൃതികൾ ഏറ്റം ഉദാത്തമായ ക്രിസ്തീയ ആത്മീയതയാണെന്നു കാണിക്കത്തക്കവിധം അനേകം പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. അതുപോലെതന്നെ സമകാലീനമായ ദർശനങ്ങളെ ആധാരമാക്കിയുള്ളവയും. 'ആത്മീയലോകത്ത്' വ്യാപരിക്കുന്ന ആളുകളെ സംബന്ധിച്ച് ഇത്തരം സ്വാധീനങ്ങളെ തിരിച്ചറിയേണ്ടത് ആവശ്യമാണ്; നമ്മുടെ തന്നെ ബോധ്യങ്ങളെ വിവേചിച്ചറിയുവാനും , അതുപോലെ മറ്റൊരാളുടെ ആത്മീയ അനുഭവങ്ങൾ കേൾക്കുമ്പോൾ അതിലുൾപ്പെട്ടിരിക്കുന്ന വിവരണങ്ങളെ മനസിലാക്കുവാനും. സ്വീകരിക്കപ്പെടുന്നതോ വിമർശിക്കപ്പെടുന്നതോ ആയ അത്തരം കൃതികളെയും വിവരണങ്ങളെയും അവയിലുൾപ്പെട്ടിട്ടുള്ള ലോകവീക്ഷണം, രാഷ്ട്രീയം എന്നിവകൂടി പരിശോധിച്ചറിഞ്ഞതിനു ശേഷം വേണം വിശ്വാസത്തിലെടുക്കാൻ. 

അസാധാരണമായ അനുഭവമോ സംഭവമോ ഉണ്ടാകുമ്പോൾ വേണ്ടവിധം വിവേചിച്ചറിയാതെ അത് ദൈവിക ഇടപെടലാണെന്ന് ഉറപ്പിക്കുന്നത് സംശയിക്കാതെ അർപ്പിക്കുന്ന വിശ്വാസമാണെന്ന് കരുതുന്നത് ശരിയല്ല. സ്വാഭാവികമായ എല്ലാ സാധ്യതകളും വേണ്ടവിധം പരിശോധിച്ചതിനു ശേഷവും വിശദീകരിക്കാനാവുന്നില്ലെങ്കിൽ മാത്രമാണ് അത് പ്രകൃത്യാതീതമാണെന്ന് പരിഗണിക്കുവാൻ സഭ അനുവദിക്കുന്നത്. സ്വാഭാവികമായ നിരന്തരപ്രക്രിയകളിലെ ദൈവപരിപാലനയും  ദൈവ കരങ്ങളും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും നമ്മുടെ ആത്മീയഭാവങ്ങളിൽ അത് പ്രതിഫലിക്കുമായിരുന്നു. 

അനുദിന അത്ഭുതങ്ങൾ പരസ്പരം നൽകേണ്ടതിനായാണ് ദൈവം നമ്മെ പരിശുദ്ധാത്മാവിനാൽ നിറക്കുന്നത്. അതിന് ആരവങ്ങളും ജനക്കൂട്ടവും ആവശ്യമില്ല, പരസ്പര സാമീപ്യമാണാവശ്യം. അതിലേക്കാണ് ആത്മാവ് തന്റെ ഫലങ്ങൾ നമ്മിൽ പുറപ്പെടുവിക്കുന്നത്. അതിനു വേണ്ടി ആവശ്യമായ വളർച്ചക്കായി തന്റെ ദാനങ്ങളും. ആ വളർച്ചയ്ക്കുള്ള അന്തരീക്ഷം രൂപീകരിക്കുവാൻ സഭക്കും ഓരോ കുടുംബത്തിനും കഴിയണം. തേടുന്ന അത്ഭുതങ്ങൾക്കും ഉപരിയായി, ക്രിസ്തുവെന്ന സത്യം നമ്മിൽത്തന്നെ നമ്മൾ തിരിച്ചറിയും. അത് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? കരിസ്മാറ്റിക് നവീകരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം അതുതന്നെയായിരുന്നു. ചെറുസമൂഹങ്ങളായി വരങ്ങളിൽ വളർന്നിരുന്ന നവീകരണത്തെ  മാസ്മരികതയിലേക്ക്  വഴിമാറ്റി വിട്ടത് സ്വകാര്യലക്ഷ്യങ്ങളോടെ അതിനെ ഏറ്റെടുത്തവരാകാം. അനുഭൂതികളിലേക്കും മാസ്മരികതയിലേക്കും ചുരുക്കപ്പെടുന്ന വിശ്വാസതലങ്ങളെ, സ്നേഹബന്ധത്തിന്റെ ഉത്തരവാദിത്തപൂർണ്ണമായ പ്രതിബദ്ധതയായി തിരുത്തുവാൻ വേണ്ട ധീരത നമുക്കുണ്ടാവട്ടെ. പരിശുദ്ധാത്മദാനമായ ധൈര്യം സ്വയം തിരുത്തുവാനുള്ള കരുത്ത് കൂടിയാണ്. 

ജനുവരി 13, 2021

സ്നേഹം-ത്യാഗം

സ്നേഹം സ്വാഭാവികമായും ഉൾക്കൊള്ളുന്ന സഹനങ്ങളുണ്ട്; സഹതാപം ഇരന്നു വാങ്ങുന്ന സഹനങ്ങളുമുണ്ട്. നമ്മുടെ ത്യാഗങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്താണെന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്. സ്വന്തം വളർച്ചയിലും പരസ്നേഹത്തിലും നമ്മൾ കടന്നുപോകേണ്ട സ്വയം ശൂന്യവത്കരണമുണ്ട്. അതാണ് ആദ്യത്തേത്. അത് ദൈവകൃപയാൽ നയിക്കപ്പെടുകയും ചെയ്യുന്നു.ഉദാ: അച്ചടക്കം ശീലിക്കുക എളുപ്പമല്ല, ചില തന്നിഷ്ടങ്ങളെയും സമയക്രമങ്ങളെയും പുനഃക്രമീകരിക്കേണ്ടി വന്നേക്കാം. ക്ഷമയോ വിവേകമോ പരിശീലിക്കാനും അനേകം വിട്ടുവീഴ്ചകൾ ആവശ്യമായി വരും. അതുപോലെതന്നെ, യഥാർത്ഥഭക്തി പരിശീലിക്കുവാനും അമിതഭക്തി, ആവേശം, ദൈവത്തെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങൾ എന്നിവയൊക്കെ പ്രിയങ്കരമാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കാം. സ്നേഹമാണ് നയിക്കുന്നതെങ്കിൽ അത് സാധ്യമാകും.

കരയുന്ന കുഞ്ഞിനെ ഓടിച്ചെന്നെടുത്ത് ചോദിക്കുന്നത് കൊടുക്കുന്ന അമ്മയെപ്പോലെ, വേദന സഹിച്ചുകൊണ്ട് എന്ത് ചോദിച്ചാലും ദയ തോന്നി കാര്യങ്ങൾ നടത്തിത്തരുന്ന ദൈവത്തെ പലപ്പോഴും നമ്മൾ രൂപപ്പെടുത്താറുണ്ട്. ദൈവം നമ്മെ കേൾക്കുന്നത് ദയനീയതയുടെ പുറത്തല്ല. നമ്മൾ ചെയ്തുകൂട്ടുന്നതിനു കൂലി നല്കുന്നതുപോലെയുമല്ല. ഇനി അതൊന്നുമില്ലെങ്കിൽ ദൈവം തിരിഞ്ഞു നോക്കില്ല എന്നാണ് കരുതുന്നതെങ്കിൽ ദൈവത്തെ നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നു.

കുറ്റബോധത്താൽ നയിക്കപ്പെടുന്ന 'അയോഗ്യനായ ഞാൻ' പരിഹാരപ്രവൃത്തികളുടെ ജീവിതം സൃഷ്ടിച്ചു സ്വയം ശിക്ഷിക്കുന്ന 'ആത്മീയത' രൂപപ്പെടുത്തിയേക്കാം. പൊതുവെ പാപം നിറഞ്ഞതും, ശിക്ഷിക്കപ്പെടേണ്ടതുമാണ് ലോകം എന്ന പൊതുവ്വായ കാഴ്ചപ്പാട് ആ 'ആത്മീയത'യുടെ അടിസ്ഥാനമായി നില്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എപ്പോഴും സഹിച്ചുകൊണ്ടിരിക്കണം എന്ന തരത്തിലുള്ള സമീപനം അവിടെ രൂപപ്പെടുന്നു. നമ്മുടെ ഒരു സന്തോഷങ്ങളിലും സന്തോഷിക്കാത്ത ഒരു ദൈവമായിരിക്കുമത്. മനുഷ്യന്റെ ക്രൂരതകൾ മനഃസാക്ഷിയെ മരവിപ്പിച്ച ചരിത്ര പശ്ചാത്തലങ്ങളിലാണ് പരിഹാരപ്രവൃത്തികളിൽ വലിയ ഊന്നൽ നൽകുന്ന ഭക്തികൾ രൂപപ്പെട്ടത്. യഥാർത്ഥ ത്യാഗാത്മകത എന്നത്, സ്വന്തം ജീവിതത്തിന്റെയും ചുറ്റുമുള്ള സാഹചര്യങ്ങളുടെയും കൂടുതൽ ആഴത്തിലുള്ള സത്യം തിരിച്ചറിയുവാനും, അതിനോട് ദൈവികമായി പ്രതികരിക്കുവാനുമുള്ള വളർച്ചക്കായുള്ള പരിശ്രമമാണ്. രക്ഷയെന്നതിനെ, കാരാഗൃഹമോചനം പോലെ, മോചനദ്രവ്യം നൽകി തിരിച്ചെടുക്കുന്ന ransom theology യല്ല ക്രിസ്തു നമ്മെ പഠിപ്പിച്ചത്. രക്ഷയെന്നത് ഒരു സ്നേഹബന്ധത്തിന്റെ വളർച്ചയാണ്. ക്രിസ്തു-ശിഷ്യബന്ധത്തിലെ സൗഹൃദത്തിന്റെ അടിസ്ഥാനമോ ദൈവമക്കളുടെ സ്വാതന്ത്ര്യവും. അവിടെയാണ്, നമ്മളും നമ്മുടെ സുഹൃത്തുക്കളും, പ്രാർത്ഥന ആവശ്യമുള്ളവരും എല്ലാമുള്ളത്. പരസ്പരം കരുതലുള്ളവർ, പരസ്പരം അറിയാവുന്നവർ, പരസ്പരം കരുത്ത് പകരുന്നവർ ... എല്ലാം ആ സ്നേഹബന്ധത്തിനുള്ളിൽ. ക്രിസ്തുവിൽ ഒന്നായി ജീവിക്കുന്നവരിൽ കൃപാവരങ്ങൾ ഒരാൾ മറ്റൊരാൾക്ക് വേണ്ടി നേടിക്കൊടുക്കുന്നവയല്ല, പകർന്നു കൊടുക്കുന്നവയാണ്. അതിന്റെ സ്രോതസ്സോ ക്രിസ്തുവും. 

തനിക്കു വേണ്ടിയെന്നും മറ്റുള്ളവർക്കുവേണ്ടിയെന്നുമൊക്കെ പറഞ്ഞുകൊണ്ട് വേദനിച്ചു വിഷമിക്കുന്നത് കണ്ടു ദൈവം നമ്മൾ ആഗ്രഹിക്കുന്നത് ചെയ്തുതരുമെന്ന് നമ്മൾ വിചാരിക്കുന്നു. വേദനിക്കുന്നത് ദൈവത്തിനാണ്. നീ എന്നെ അറിഞ്ഞില്ലല്ലോ എന്നതാവും ദൈവം ഹൃദയത്തിൽ പറയുന്നത്. നമ്മളിൽ പലരോടും ദൈവം പറയുന്ന കാര്യമാണ്: അല്പസമയം ചെയ്തികളുടെ ഈ വ്യഗ്രത അവസാനിപ്പിക്കൂ, അല്പസമയം വിശ്രമിക്കൂ, പിന്നീട് നമുക്ക് ഒരുമിച്ച് ചെയ്യാം എന്തുതന്നെയാണെങ്കിലും. തന്നെ അധ്വാനിച്ചു നിൽക്കുമ്പോൾ, കൂലിയായി നീ അനുഗ്രഹങ്ങൾ തന്നാൽ മതി എന്നാണ് നമ്മൾ പറയുന്നതെങ്കിൽ ദൈവം എന്ത് ചെയ്യും? അനുഗ്രഹങ്ങൾ ലഭിക്കുമായിരിക്കും, പക്ഷെ ദൈവം?  അടുത്ത കാര്യം സാധിക്കാൻ, അടുത്ത പരിശ്രമം നമ്മൾ തുടങ്ങിയിട്ടുണ്ടാവില്ലെ? ആ സ്നേഹം അവഗണിച്ചുകളഞ്ഞിട്ട് 'ഉപകാരങ്ങൾ' പ്രാപിച്ചതുകൊണ്ട് എന്ത് നേട്ടം? 

സ്നേഹത്താൽ പ്രേരിതമാകുന്ന ത്യാഗങ്ങളിൽ ഇരുവരും പരസ്പരം താങ്ങിനടത്തുകയാണ്. ആ സ്നേഹം ആഴപ്പെടുകയും വികസിക്കുകയും ഫലമണിയുകയും ചെയ്യും.

ശുദ്ധീകരണം

സകലരിലും (ജീവിക്കുന്നവരിലും മരിച്ചവരിലും) ജീവൻ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ആരെങ്കിലും രക്ഷിക്കപ്പെടാതെയുണ്ടെങ്കിൽ അവർ ശല്യപ്പെടുത്തുമായിരിക്കും എന്ന് കരുതി അത്തരക്കാരുടെ പട്ടികയുണ്ടാക്കി പ്രാർത്ഥിക്കുമ്പോൾ ആദ്യം പ്രാർത്ഥന വേണ്ടത് നമുക്ക് തന്നെയാണെന്ന് തിരിച്ചറിയാം. ഭയവും അരക്ഷിതാവസ്ഥയുമാണ് അവിടെ നയിക്കുന്നത്. സകലരും നമുക്ക് അഗ്രാഹ്യമായ രീതിയിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ ഒന്നാണ്. അതുകൊണ്ട്, നമ്മുടെ പ്രാർത്ഥനകളും ത്യാഗപ്രവൃത്തികളും മരിച്ചവർക്കായുള്ള മോചനദ്രവ്യമായല്ല, പരസ്പരസ്നേഹത്തിന്റെ അടയാളമായാണ് ക്രിസ്തുശരീരത്തിലേക്കു ചേർക്കപ്പെടേണ്ടത്. അവനിലുള്ള ഏകതയെ സംബന്ധിച്ചാണ് സ്വർഗ്ഗം, ശുദ്ധീകരണാവസ്ഥ, നരകം എന്നിവ. 

അടുത്തറിയുന്നവരെ സ്നേഹത്തോടെ ഓർത്തു പ്രാർത്ഥിക്കാം, ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളവരെക്കുറിച്ച് സഹതാപത്തോടെ കരുണയോടെ ഓർക്കുന്നെങ്കിൽ അവരെയും ഓർക്കാം. അവർ വേദനയിലല്ല പ്രത്യാശയിലാണ്.  ദൂരെയെവിടെയോ ദുരിതത്തിലായിരിക്കുന്നവരാണ് മരിച്ചവർ എന്നല്ല അവരെക്കുറിച്ച് നമുക്ക് വേണ്ട ധാരണ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നമ്മോടൊപ്പം തന്നെ അവരുമുണ്ട്, വിശുദ്ധരായി വണങ്ങപ്പെടുന്നവരും അല്ലാത്തവരും. പുതുതായി അംഗീകരിക്കപ്പെട്ട Zairean rite of the Roman Missal അത്തരം ഒരു കാഴ്ചപ്പാട് വച്ചുകൊണ്ടാണ് കുർബാനയുടെ തുടക്കത്തിൽ പൂർവികരെക്കൂടി വിളിച്ചു ചേർക്കുന്നത്. എന്നാൽ അത്തരം പുരാതന സംസ്കാരങ്ങളിൽ പ്രബലമായുണ്ടായിരുന്ന പൂർവികരോടുള്ള വണക്കം ആരാധന, അവരുടെ ആത്മാക്കളെ പ്രത്യേക ശക്തിക്കും സഹായങ്ങൾക്കുമായി വിളിക്കൽ, രഹസ്യങ്ങൾ ചോദിക്കൽ തുടങ്ങിയ വിശ്വാസങ്ങളെ തീർത്തും ഉപേക്ഷിക്കുവാൻ അവരുടെ വിശ്വാസം അവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരുന്നാലും മരിച്ചാലും നമ്മളെല്ലാവരും ക്രിസ്തുവിന്റെ ജീവന്റെ സമൃദ്ധിയിലായിരിക്കട്ടെ.

ശുദ്ധീകരണം ഒരു ആവശ്യമാണ് ശിക്ഷയല്ല. അത് കരുണയിൽ ദൈവം സംലഭ്യമാക്കുകയും ചെയ്യുന്നു. പരമ്പരാഗതമായ ആത്മീയചര്യകളിൽ ആത്മീയ വളർച്ചയിലെ മൂന്നു മാർഗ്ഗങ്ങളെ / തലങ്ങളെക്കുറിച്ച് പറഞ്ഞുതരുന്നു (Purgative, illuminative, and unitive).  ചിലർ ഇവയെ മൂന്നു ഘട്ടങ്ങളായും, ചിലർ ഒരേ സമയത്തുള്ള മൂന്നു തലങ്ങളായും കാണുന്നു. 

ശുദ്ധീകരണം എന്നത് മരണശേഷം മാത്രമുള്ളതല്ല നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ളതാണ്. വളർച്ച, പക്വത, ബലം, സൗഖ്യം, തുടങ്ങിയവയൊക്കെ ആവശ്യമുള്ള മേഖലകൾ പലതാണ് (ഉദാ: മ്ലാനതയിലോ പെട്ടെന്ന് ദേഷ്യപ്പെടുന്ന അവസ്ഥയിലായിരിക്കുന്ന വ്യക്തിസ്വഭാവം). അവയെ തിരിച്ചറിഞ്ഞ് വേണ്ട പരിശ്രമം നടത്തുകയും ദൈവകൃപയിൽ ആശ്രയിച്ച് ബലപ്പെടുകയും ചെയ്യുകയെന്നത് ശ്രമകരമായ പ്രക്രിയയാണ്. ഇത് എന്തിനാണ്? ഇത്തരം അവസ്ഥകളിലായിരിക്കുമ്പോൾ നമ്മുടെതന്നെയോ ദൈവത്തിന്റെയോ ദൈവമനുഷ്യ ബന്ധത്തിന്റെയോ യാഥാർത്ഥ്യം തിരിച്ചറിയാനോ കൃപയിലേക്കു നമ്മെത്തന്നെ തുറക്കാനോ നമുക്കാവില്ല. ആ അസാധ്യതയാണ് കെട്ട്, ബന്ധനം, മുറിവ്, ഇരുട്ട് എന്നൊക്കെ നമ്മൾ വിളിക്കുന്നത്. അത്തരം കൃപാരാഹിത്യത്തിൽത്തന്നെ നിലനിൽക്കണമെന്നാണ് ഒരാളുടെ തീരുമാനമെങ്കിൽ അയാൾ സ്വയം ജീവനെ നിരസിക്കുകയാണ്. അയാൾ കൃപയെ നിരസിക്കുന്നു, ജീവനെ നിരസിക്കുന്നു, നരകത്തെ പുൽകുന്നു.

എന്നാൽ ശുദ്ധീകരണത്തിലൂടെ ദൈവകൃപക്കായി നമ്മെത്തന്നെ തുറക്കുമ്പോൾ ദൈവഹൃദയം മാത്രമല്ല, സ്വയം വിധിച്ചു പീഡിപ്പിച്ച സ്വന്തം 'കുറവുകൾ' പോലും ദൈവം എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം. ഈ വേദനകളെ ഇഷ്ടപ്പെടുകയും സ്വന്തം പ്രതിരോധമാര്ഗങ്ങളാക്കുന്നവരുമുണ്ട്. ചിലർ അവയ്ക്ക് ഭക്തിയുടെ രൂപങ്ങൾ പോലും നൽകി താലോലിച്ചു പോരുന്നു എന്നതാണ് സത്യം. തുറക്കാനുള്ള മനസ്സുണ്ടെങ്കിൽ ദൈവസ്നേഹം തന്നെ ആശ്വാസവും സാന്ത്വനവും നൽകി ശുദ്ധീകരിയ്ക്കും. ദൈവബന്ധത്തിന്റെ തിരിച്ചറിവിൽ പുതിയ സ്വാതന്ത്ര്യം ഉണ്ടാകും. അതിനെയാണ് വിടുതൽ, സൗഖ്യം, എന്നൊക്കെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് illuminative എന്ന് വിളിക്കപ്പെടുന്നത്. ദൈവകരുണയുടെ അനുഭവം, നമ്മെത്തന്നെ വിധിക്കുന്നതിനു പകരം നമ്മോടു തന്നെ കരുണ കാണിക്കുവാൻ നമ്മെ പരിശീലിപ്പിക്കുന്നു. അതോടൊപ്പം തന്നെ മറ്റുള്ളവരെയും വിധിയോടെയല്ലാതെ സ്നേഹത്തോടെ കാണുവാൻ നമുക്ക് കഴിയുന്നു.  മരിച്ചവരോ ജീവിക്കുന്നവരോ ആവട്ടെ, അവർ ക്രിസ്തുവിൽ നമ്മുടെ ശരീരത്തിന്റെ തന്നെ ഭാഗമാകുന്നതുകൊണ്ട്, അവർക്കു വേണ്ടി കരുതുവാനും നമുക്ക് കഴിയും. ദൈവത്തിലുള്ള സ്നേഹാനുഭവം വളരുന്നത് അങ്ങനെയാണ്, അതിന്റെ പുതിയ മാനങ്ങൾ വെളിപ്പെടുന്നതും അങ്ങനെതന്നെ. 

കൂടെ നടക്കുന്ന ദൈവാനുഭവത്തിലാണ് ആ സ്നേഹാനുഭവം (unitive). പകരം Passion of Christ  പോലുള്ള സാങ്കല്പികമോ വൈകാരികമോ ആയ ചിത്രങ്ങൾ (വിവരണങ്ങളോ) കൊണ്ടുണ്ടാകുന്ന വിങ്ങിപ്പൊട്ടലുകളെ ഇഷ്ടപ്പെടുന്നത് ഇനിയും purgation നടന്നിട്ടില്ല എന്നാണ് കാണിച്ചു തരുന്നത്. അത്തരം അനുഭൂതികളല്ല 'അഭിഷേകം' എന്നത് ഇനിയെങ്കിലും അറിയുന്നത് illuminative തലത്തിന് അത്യാവശ്യമാണ്. 

സുരക്ഷ, സൗഖ്യം, വിജയം, മറ്റനുഗ്രഹങ്ങൾ എല്ലാം ഉറപ്പാക്കാൻ 'വേണ്ടിവരുന്ന' ചെയ്തികളെക്കുറിച്ചുള്ള ആത്മീയ വ്യഗ്രതയും പ്രകാശിതമായ അവസ്ഥയിലേക്ക് നമ്മൾ എത്തിയിട്ടില്ല എന്ന് കാണിച്ചു തരുന്നു. കുരിശിന്റെ വഴി, കരുണക്കൊന്ത, അഖണ്ഡജപമാല, വചനക്കൊന്ത, വചനപാരായണം, കുന്തിരിക്കം പുകക്കൽ, വി. ജലം തളിക്കൽ ... ഇതൊക്കെ ക്രമമായി 'എത്തിക്കുന്നത്' വരെ സ്വസ്ഥതയില്ല. ചെയ്തികൾ പൂർത്തടിയാകുമ്പോൾ അവ ചെയ്തു തീർത്തതിലുള്ള   ശ്വാസമുണ്ട്, എന്നാൽ ദൈവത്തിന്റെ സമാധാനം ഇനിയും അകലെയാണ്. കാരണം അതിലേക്കു നമ്മളെ ഇനിയും തുറന്നിട്ടില്ല. മേല്പറഞ്ഞ ഭക്‌തമാര്ഗങ്ങൾക്കെല്ലാം  അതിന്റെ അർത്ഥം ലഭിക്കുന്നത് ദൈവത്തിൽ ആശ്രയിക്കാൻ കഴിയുമ്പോഴാണ്. അത് കഴിയാത്തതുകൊണ്ടാണ് വ്യഗ്രചിത്തതയുള്ള ആത്മീയതകൾ വളരുന്നത്. 

ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചു തന്നെയും കൃപയിൽ പുതിയ പാഠങ്ങൾ ഗ്രഹിക്കുമ്പോൾ, സ്നേഹത്തിന്റെ പുതിയ അനുഭവവും തീർച്ചയായും ഉണ്ടാകും. അത് തീർച്ചയായും വൈകാരിക പ്രതിഫലനങ്ങൾ ഉണ്ടാക്കും. മേല്പറഞ്ഞ വൈകാരിക വിക്ഷോഭത്തിൽനിന്ന്  അതിനെ വ്യത്യസ്തമാക്കുന്നത് നമ്മിൽ ആന്തരിക സമാധാനത്തിന്റെ അനുഭവം ഉണ്ടായിരിക്കും എന്നതാണ്. 

please see also 

പൂർവ്വികർക്കുവേണ്ടി എന്ന പേരിൽ ...

ജനുവരി 12, 2021

അമിതഭക്തി ദൈവരഹിതം

അസാധാരണവും അഭൗമവുമായ അനുഭവങ്ങൾ ഉണ്ടായെങ്കിൽ മാത്രം രൂപപ്പെടേണ്ടതല്ല നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം കൂടെ നടക്കുന്നെന്ന ബോധ്യം. അങ്ങനെയുള്ള അനുഭവങ്ങൾ എപ്പോഴും ദൈവിക വെളിപാടുകളാണെന്ന് തീർച്ചയാക്കാനുമാവില്ല. വിശ്വാസം ദൈവദാനമാണ്. കൃപയാലാണ് അത് പരിപോഷിപ്പിക്കപ്പെടുന്നതും ആഴപ്പെടുന്നതും.

ദൈവം നമ്മോടു കൂടെ എന്നതിൽ വിശ്വസിക്കാൻ, യാഥാർത്ഥ്യമാണെങ്കിൽക്കൂടി എത്രയധികം ബുദ്ധിമുട്ടാണ് നമുക്ക്. നമ്മുടെ സാധാരണ അവസ്ഥകളിലേക്കു തന്നെയാണ് ദൈവം വന്നു വസിക്കുന്നത്. അസാധാരണ ഭക്തി, വിശ്വാസം തുടങ്ങിയവയൊക്കെയാണ് രൂപപ്പെടുത്തി പാലിക്കുവാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിൽ ആശ്രയിക്കുക, ഹൃദയം തുറന്ന് പ്രാർത്ഥിക്കുക, ഭക്തിയിലും ബന്ധങ്ങളിലും ആത്മാർത്ഥത ശീലിക്കുക. നമ്മിലെ ദൈവപ്രവൃത്തികൾക്ക് ഒന്നും തടയിടില്ല (നമ്മൾ തന്നെയാണ് തടഞ്ഞു വയ്ക്കുന്നതെന്നതാണ് സത്യം). പ്രകടനപരതയുള്ള എല്ലാ 'ഭക്ത' രൂപങ്ങളിലും യാന്ത്രികതയും മാന്ത്രികതയുമുണ്ട്. അവിടെ ആശ്രയിക്കപ്പെടുന്നതും പ്രസാദിപ്പിക്കപ്പെടുന്നതും 'ചെയ്യപ്പെടുന്നവയും' അതിലൂടെ നമ്മൾ തന്നെയുമാണ്.

പാരമ്യതയിൽ, ഭക്തിയോ വിശ്വാസമോ കാണപ്പെടില്ല. ഏറ്റം കുറഞ്ഞാൽ അവിശ്വാസമോ നിരീശ്വരത്വമോ, കൂടിയാൽ അന്ധവിശ്വാസവും ആകും അത്. സുരക്ഷക്ക് വേണ്ടി ബൈബിൾ കൊണ്ട് ആരതിയുഴിയുന്ന ഭക്തിയും വിശ്വാസവും വരെ രൂപപ്പെട്ടുകഴിഞ്ഞു. അമിതഭക്തി തികച്ചും ദൈവരഹിതമാണ്.

വ്യക്തിപരമായ വെളിപാടുകൾ ഏതൊരു പരിശുദ്ധാത്മ വരവും  പോലെതന്നെ വിവേകത്താൽ നയിക്കപ്പെടേണ്ടതാണ്. അതിന്റെ സത്യാവസ്ഥയും അർത്ഥതലങ്ങളും മനസിലാക്കാൻ വിവേചനവരവും ആവശ്യമാണ്. വ്യക്ത്തിപരമായ വളർച്ചക്കുപകരിക്കുന്ന ഒരു സന്ദേശമോ അനുഭവമോ, പൊതുവായി അതെ നന്മകൾ കൊണ്ടുവരണമെന്നില്ല, മാത്രമല്ല അത് എല്ലാവർക്കുമായുള്ള ഒരു സന്ദേശമാകണമെന്നുമില്ല. ഒരാൾ ദൈവത്തെക്കുറിച്ചും മാതാവിനെക്കുറിച്ചും പറഞ്ഞതുകൊണ്ട് അവ ദൈവികമായ സന്ദേശങ്ങളാണെന്ന് ഒരു നിർബന്ധവുമില്ല, അത് ഒരാളുടെ മാനസികാവസ്ഥകൾ രൂപപ്പെടുത്തുന്നവയുമാകാം. അതുകൊണ്ടാണ് വിവേകത്തോടെ നയിക്കാൻ കഴിയുന്ന ആത്മീയ ഉപദേഷ്ടാവ് നമുക്കാവശ്യമായുള്ളത്. തികച്ചും 'ആത്മീയ' ലോകത്തു കഴിയുന്ന ഒരാളെ സംബന്ധിച്ച് ചിലപ്പോൾ ഉണ്ടായേക്കാവുന്ന തെറ്റായ ചുവടുകൾ ചൂണ്ടിക്കാണിക്കുവാൻ അവർക്കു കഴിഞ്ഞേക്കും.  അത്തരം സാഹചര്യത്തിൽ  ഒരാളോട് വ്യക്തിപരമായി 'ദൈവം പറഞ്ഞത്' ദൈവം പറഞ്ഞതല്ല എന്ന് പറഞ്ഞു കൊടുക്കാൻ  ഉപദേശകർക്കും, ഉപദേശകരെ എളിമയോടെ കേൾക്കാൻ 'ആത്മീയാനുഭവങ്ങൾ' ഉണ്ടാകുന്നവർക്കും കഴിയണം. എളിമയിലേ വരങ്ങളും വളരൂ. ആത്മാവിൽ പക്വതയോടെ വളർന്നവരും വളർത്തിയവരും നമ്മുടെ ഇടയിൽത്തന്നെ ഉണ്ടെന്നത് സത്യം. അവരെ പക്ഷേ സ്‌ക്രീനുകളിൽ കണ്ടെന്നു വരില്ല.

ജനുവരി 10, 2021

ആരാണ് മാറ്റം ആഗ്രഹിക്കാത്തത് ?

നിഷേധാത്മകമായ കാഴ്ചപ്പാടും, ശരീരത്തോടുള്ള അവജ്ഞയും പലകാരണങ്ങൾ കൊണ്ട് കൂടുതൽ ഇഷ്ടപ്പെടുമ്പോൾ, അതിനെ പിന്താങ്ങുന്ന ആത്മീയതകളും രൂപപ്പെടും. സാമൂഹികമോ ചരിത്രപരമോ ആയ പശ്ചാത്തലവും അതിനു കാരണമായേക്കാം. എക്കാലത്തും അത് ആകർഷകമാണ് എന്നതാണ് വിചിത്രകരമായ സത്യം. മാറ്റുന്ന കാര്യങ്ങളിലെ കുറവുകൾ കണ്ടുകൊണ്ട് വീണ്ടും സ്വയം കുറ്റപ്പെടുത്താവുന്നതരം മാറ്റങ്ങളാണ് കൂടുതലും നമ്മൾ ഏറ്റെടുക്കുന്നത്. എന്നാൽ ഒരു വളർച്ച മുന്നിൽ കണ്ടുകൊണ്ട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടവ സൗകര്യപൂർവം മാറ്റി നിർത്തുകയും ചെയ്യുന്നു. 

14 -15 നൂറ്റാണ്ടുകളിലുണ്ടായ black death ന്റെയും 1915 - 18 ലുണ്ടായ Spanish flue ന്റെയും മറ്റും പശ്ചാത്തലത്തിലും, സാമൂഹികമായ അധാർമിക അത്യധികം വളർന്നെന്നു കാണപ്പെട്ട പശ്ചാത്തലങ്ങളിലും മരണത്തെയും നരകാഗ്നിയെയും അന്ത്യവിധിയെയും ഉയർത്തിക്കാണിക്കുന്ന പ്രസംഗങ്ങൾ പ്രബലമായിരുന്നു. ഏറ്റവും ഹീനമായ ശരീരപീഡകൾ ഏറ്റെടുക്കുക എന്നതായിരുന്നു മാനസാന്തരത്തിന്റെയും വിശുദ്ധജീവിതത്തിന്റെയും അടയാളം. Jean Delumeau ടെ Sin and Fear ഈ നിഷേധാത്മക സമീപനത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ഒരു കൃതിയാണ്. ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയ അനേകം ആത്മീയ ഗ്രന്ഥങ്ങളും ആ കാലഘട്ടങ്ങളുടേതായി ഇന്നും നിലവിലുണ്ട്. ഉദാത്തമായ ക്രിസ്തീയ ആത്മീയതയായി അവയെ ഉയർത്തിക്കാണിക്കുന്നവരുമുണ്ട്. എന്നാൽ അതിലെ സ്വയം ശിക്ഷിക്കുകയെന്ന ആകർഷണീയതയാണ് അവയിൽ പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് ആരോഗ്യപരമായ വളർച്ചക്ക് ആവശ്യമാണ്. 

പല തുണ്ടുകളായി കിടന്നിരുന്ന ഇറ്റലിയും, രാഷ്ട്രീയവും സാമ്പത്തികവുമായ അസ്വസ്ഥതകളും ഡാന്റെയുടെ കൃതികളിലുണ്ട് Divine Comedy, Purgatory). ഇംഗ്ലണ്ടിൽ മതത്തിലുണ്ടായ മാറ്റങ്ങളും, രാഷ്ട്രീയമായ അട്ടിമറികളും John Milton ന്റെ കൃതികളിലുണ്ട് (Paradise Lost, Paradise Regained). ക്രിസ്തീയ ഭാവനകളെ ഈ കൃതികളുടെ സ്വാധീനം ചെറുതല്ല, മാത്രമല്ല, അങ്ങനെ തന്നെയാണ് സ്വർഗ്ഗവും നരകവും ശുദ്ധീകരണ'സ്ഥലവും' എന്ന തരത്തിലാണ് കരുതിപ്പോരുന്നത്. അടുത്തകാലത്തുള്ള ഏതാനം ദർശനങ്ങളും സമാനമായ ഭാവനാരൂപീകരണത്തിനു വഴിവച്ചിട്ടുണ്ട്.

സമാനമായി, ആ കാലഘട്ടത്തിലെ വിശുദ്ധരുടെ ജീവിതങ്ങളിൽ അവർ പാലിച്ചു പോന്ന നിഷ്ഠകളെ, അവർ വിശുദ്ധരായതു കൊണ്ട് മാത്രം എല്ലാവർക്കും എല്ലാക്കാലത്തേക്കും അനുകരണീയമായ പ്രവൃത്തികളായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അവരുടെ നന്മപ്രവൃത്തികളും, ക്രിസ്തുവിനോടുള്ള സമാനതകളുമാണ് അനുകരണീയമാക്കേണ്ടത്. വിശുദ്ധരുടെ ജീവിതത്തെ സംബന്ധിച്ച് അവരോടുള്ള ഭക്തിയിൽ രൂപപ്പെട്ട ജനപ്രിയമായ പുരാവൃത്തങ്ങളുണ്ട്. അവയെ ചരിത്രപരമായ വസ്തുതകളിൽ നിന്നും വേർതിരിച്ചു കാണുവാനും ഇന്ന് ആ ജീവിതങ്ങളെ അറിയാൻ ശ്രമിക്കുന്ന നമ്മൾ പരിശ്രമിക്കണം. 

ജനുവരി 09, 2021

നിത്യജീവൻ

നമ്മളും ചുറ്റുമുള്ളവയുമൊക്കെ എന്നെന്നേക്കും അതുപോലെതന്നെ നിലനിൽക്കുന്ന ഒരു അവസ്ഥയെ വേണമെങ്കിൽ നിത്യതയെന്നു വിളിക്കാം. സമയത്തെ ബന്ധപ്പെടുത്തിയാണെങ്കിൽ അനന്തമായി നീളുന്ന സംഭവങ്ങളുടെ ഒരു ശ്രേണിയായി കാണാം. നിത്യജീവിതമെന്നത് ഈ രണ്ട് തരത്തിലും ശരിയല്ല. അത് ദൈവം സൃഷ്ടികൾക്ക് നൽകുന്ന ജീവന്റെ അവസ്ഥയാണ്. മേല്പറഞ്ഞ തരത്തിൽ സങ്കല്പിച്ചു വിശദീകരിച്ച് ജീവിതത്തെ വേറേതോ ലോകത്തു പ്രതിഷ്ഠിച്ചു പോകുന്ന ചിലരെങ്കിലുമുണ്ട്. 

നിത്യതയെന്നാൽ മാറ്റമില്ലാത്ത അവസ്ഥയാണെന്ന് പഠിപ്പിച്ചു തന്നത് ക്രിസ്തുവല്ല, പ്ളേറ്റോയാണ്. മാറ്റം അപൂർണ്ണതയായതുകൊണ്ട് പൂർണ്ണതയുടെ ലോകം മാറ്റങ്ങളില്ലാത്തതെന്ന് അദ്ദേഹം കരുതി. ചുറ്റുമുള്ളവയൊക്കെ വെറും നിഴലുകളാണ്. നിഴലുകൾ മാത്രം കാണുന്ന ഒരു ഗുഹക്കുള്ളിലാണ് നമ്മളൊക്കെയും, പ്ലേറ്റോ കരുതി. സമയത്തെ 'കാലചക്രങ്ങളാ'യാണ് പ്രാചീനമായ എല്ലാ സംസ്കാരങ്ങളും കരുതിപ്പോന്നത്. ദിനരാത്രങ്ങളും, ഋതുക്കളും ആവർത്തിക്കുന്നതുകൊണ്ടാണത്. ഒരു  പ്രത്യേക സംഭവവുമായി ബന്ധപ്പെടുത്തി സമയത്തെ മുൻപും പിറകുമായി വിഭജിച്ചു തുടങ്ങിയത് പിന്നീടാണ്. പുറപ്പാട്, മിശിഹായുടെ വരവ് എന്നിവ ബൈബിൾ അനുസരിച്ചുള്ള ആക്സിയൽ നിമിഷങ്ങളാണ്. അങ്ങനെ സമയത്തെ രേഖീയമായ രീതിയിൽ കണ്ടു തുടങ്ങുകയും ചെയ്യുന്നു. ഒരു രാജസഭയിൽ രാജാവിനെ നിരന്തരം പുകഴ്ത്തുന്ന കൊട്ടാരവാസികളെപ്പോലെ സ്വർഗ്ഗവും നിത്യതയും കാണപ്പെടുന്നുണ്ടെങ്കിൽ ഏറ്റവും വികലമായ ധാരണയാണത്. ചക്രവർത്തിമാരും സാമ്രാജ്യങ്ങളും ഇനിയും വാഴ്ച നടത്തുന്നു എന്നേ അതിനർത്ഥമുള്ളു. മാത്രമല്ല, നിത്യതയിലെ പുകഴ്ത്തലുകളാണ് ആത്മീയതയും വിശ്വാസവുമെന്ന ധാരണയിൽ അത് ഇവിടെയും വേണ്ടപ്പെട്ടവർക്കായി വിശ്വാസത്തിന്റെ ഭാഗമായി പാലിക്കപ്പെടുകയും  ചെയ്യും. 

നിത്യത അനന്തത, പൂർണ്ണത എന്നിവയൊക്കെ ദൈവജീവനുമായി ബന്ധപ്പെടുത്തി ധ്യാനിച്ച് പരിശീലിക്കണം.  ജീവന്റെ അടയാളമാണ് ക്രിയാത്മകത. ഏതൊക്കെ വിധത്തിലെന്നു നമുക്കറിഞ്ഞുകൂടാ. നമ്മളുൾപ്പെടെ പ്രപഞ്ചം ഏതുപ്രകാരം രൂപാന്തരം പ്രാപിക്കുമെന്നും നമുക്കറിയില്ല. എല്ലാം ക്രിസ്തുവിലാകും ക്രിസ്തുവിനെപ്പോലെയാകും എന്നതിൽ ആ രഹസ്യത്തിലേക്കുള്ള ഒരു നല്ല സൂചനയുണ്ട്. ജീവിച്ചാലും മരിച്ചാലും നമ്മൾ ക്രിസ്തുവിനുള്ളവരാണ്. അത്തരത്തിലുള്ള ഒരു ജീവിതമാണ് സ്തുതിയും മഹത്വവും.

"നിങ്ങൾ പരസ്പരം സ്നേഹിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വസിക്കുന്നു." എന്നാൽ അത്തരം 'മൃദുവായ' കാര്യങ്ങളിൽ വിലകാണുവാൻ നമുക്ക് കഴിയാറില്ല. മനസിന് അഗ്രാഹ്യമായ സങ്കല്പങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള സാന്മാര്ഗികതയും നമുക്കിഷ്ടമാണ്, കാരണം അസാധ്യമെന്ന് അവ തന്നെ പറയുകയും അങ്ങനെ ഒഴികഴിവുകൾ നൽകുകയും ചെയ്യുന്നു. എന്നാൽ സ്നേഹിക്കുക, കരുണ കാണിക്കുക തുടങ്ങിയവയിൽ നമ്മുടെ സന്നദ്ധതയാണ് കാര്യമാക്കപ്പെടുന്നത്. അസാധ്യമെന്ന ധാരണകളെയും മുൻകാല നിരാശകളെയും മാറ്റിനിർത്തി അത്തരം ആന്തരിക സൗന്ദര്യങ്ങളെ പൊതുവായും, നമ്മുടെ പ്രത്യേക സാഹചര്യങ്ങളിലും സങ്കല്പിച്ചു തുടങ്ങുകയെന്നത് അവയെ പ്രായോഗിക തലത്തിൽ പരിശ്രമിക്കുവാൻ നമ്മെ തയ്യാറാക്കും. നന്മയിൽ അത്തരത്തിൽ മാറിയ ഒരു പുതുദർശനം നമ്മെത്തന്നെ ഭയപ്പെടുത്തും എന്നതാണ് സത്യം. ആദ്യപടി എടുക്കുവാനുള്ള സങ്കോചമാണത്. ദൈവകൃപ നമ്മെ നയിച്ചുകൊള്ളും. ആ ദർശനം, പുതിയ തുടക്കം മറ്റുള്ളവരുടെ ഉള്ളിലും ഒരു പുതിയ ശക്തി പകർന്നു നൽകും എന്നതാണ് സത്യം. അങ്ങനെ പരസ്പരമുള്ള ബലപ്പെടുത്തലുകളാണ് നന്മയുടെയും സ്നേഹത്തിന്റെയും പുതിയ സംസ്കാരം നമ്മിൽ തീർക്കുന്നത്. 

ജീവനിൽ വളർച്ചയുണ്ട്, പക്വതയുണ്ട്, അത് ഫലദായകമാണ്. നിത്യജീവനിലേക്കു പ്രവേശിച്ച ഒരാൾ സ്വന്തം ജീവിതത്തിലും മറ്റുള്ളവരിലും പ്രകടമാക്കുന്നതും അത്തരം ഗുണങ്ങളാവും. ഓരോരുത്തരും അവരിലുള്ള ക്രിസ്തുസാന്നിധ്യം തിരിച്ചറിഞ്ഞ് അത് പ്രകടമാക്കുകയാണ്. എന്തിനെ മാറ്റണം എന്നതിനേക്കാൾ, എന്തായിത്തീരണം എന്നതാണ് നമ്മെ നയിക്കേണ്ടത്. ക്രിസ്തുദർശനം കൺമുമ്പിലില്ലാത്തതു കൊണ്ടാണ്, ആരുടെയൊക്കെയോ അഭിപ്രായങ്ങൾക്കനുസരിച്ച് എന്തിലേക്കെന്നറിയാതെ മാറ്റം മാത്രം തുടർന്നുകൊണ്ടിരിക്കുന്നത്.  

നന്മയുടെ ദർശനങ്ങളെ പരസ്പരം കേൾക്കുക എന്നത് നിത്യജീവന്റെ പ്രസരിപ്പാണ്. തിന്മയും അക്രമവും കൊടികുത്തിവാഴുന്നു എന്നതല്ല, അവ മാത്രം എടുത്തുകാട്ടപ്പെടുന്നു എന്നതാണ് കാര്യം. സ്നേഹിക്കുവാനും, നന്മ ചെയ്യുവാനുമുള്ള കാഴ്ചപ്പാടുകൾ, അത് ചെയ്യുവാനുള്ള ധൈര്യം, സമാധാനം ഇല്ലാതാക്കുന്നവരെ തിരിച്ചറിയുന്നതും തുറ
ന്നു കാട്ടുന്നതും എല്ലാം ജീവിക്കുന്നതിലെ കരുത്താണ്.  

പ്രകാശവർഷങ്ങൾക്കപ്പുറത്തേക്കല്ല നിത്യത കാണേണ്ടത്. നിത്യജീവന്റെ പൊരുൾ ഗ്രഹിക്കുവാൻ നോക്കേണ്ടത്  ക്രിസ്തുവിലേക്കാണ്, അവനിലുള്ള ജീവന്റെ പൂർണ്ണതയിലേക്കാണ്. സകലതും അതിന്റെ സ്വഭാവം സ്വീകരിക്കുന്നതും വളർച്ച പ്രാപിക്കുന്നതും വചനം എന്ന വലിയ രഹസ്യത്തിലാണ്. ആ വചനം മനുഷ്യരൂപത്തിൽ നമുക്ക് മുമ്പിൽ കാണപ്പെടുമ്പോൾ അവനിൽ ജീവന്റെ  ഉറപ്പുകണ്ടുകൊണ്ടു തന്നെ അവനെ അനുകരിക്കുകയെന്നതാണ് അനന്തജീവൻ. എന്നെന്നേക്കും നിലനിൽക്കുക എന്നതിനേക്കാൾ അവനിൽ ജീവിക്കുക എന്നതിനെ ധ്യാനിക്കാൻ നമുക്ക് കഴിയണം, ഇന്നലെയും ഇന്നും എന്നും, അത് എങ്ങനെയും ആവട്ടെ. 

ജനുവരി 08, 2021

പാളിപ്പോകുന്ന ക്രിസ്ത്വാനുകരണം

"നീയും പോയി അതുപോലെ ചെയ്യുക"

 ... ആദ്യം അയാൾ ഒരു കഴുതയെ വാങ്ങി. പിന്നെ ജെറുസലേം-ജെറിക്കോ റൂട്ടിൽ സകല വഴികളിലും നോക്കി നടന്നു. വഴിയരികിൽ മരണാസന്നനായി ഉപേക്ഷിക്കപ്പെട്ട ആരെയും കണ്ടില്ല. പിന്നെയെങ്ങനെ 'അതുപോലെ ചെയ്യും'? കഴുത കൊള്ളാത്തതുകൊണ്ടാണോ? പുതിയ കഴുതയെ വാങ്ങി. എന്നിട്ടും ആരെയും കണ്ടില്ല. പിന്നെ ഒരു വഴിയേ അയാൾ കണ്ടുള്ളു. ആരെയെങ്കിലും ഒന്ന് ശരിയാക്കിത്തരാൻ ഒരു കൊട്ടേഷൻ. കാര്യം നടന്നു. കഴുതപ്പുറത്തു കയറ്റി അയാളെ സത്രത്തിൽ കൊണ്ടുചെന്നാക്കി. 

വക്രത വഴി ദൈവവചനത്തെ നമ്മൾ നിരർത്ഥകമാക്കുന്നു. ശത്രുതക്കും, വെറുപ്പിനും വിദ്വേഷത്തിനും പോലും സൗകര്യപ്രദമായ 'ആത്‌മീയ' ന്യായീകരണം ലഭിക്കുന്നു. അതിനെ വിശ്വസ്തതയെന്നൊക്കെ നല്ല പേരുകൾ വിളിച്ചു സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  ദൈവവചനം എന്തിനുവേണ്ടി വിളിക്കുന്നോ ആ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ പലവിധ സൂത്രവിദ്യകൾ നമ്മൾ കണ്ടു പിടിക്കുന്നു. മേല്പറഞ്ഞ കഴുതകളെപ്പോലെ അനിവാര്യമെന്ന നിലയിൽ കെട്ടിവലിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഭക്തി പ്രാർത്ഥന എന്നിവയിലെ സ്നേഹബന്ധത്തെ മാറ്റിനിർത്തി പകരം എളുപ്പം ഫലം തരുന്ന മാന്ത്രിക വിദ്യകളാക്കുന്നു. പടങ്ങൾ ഷെയർ ചെയ്യുന്നതിലും, ചൊല്ലുന്ന പ്രാർത്ഥനയുടെയും പാലിക്കുന്ന ദിനങ്ങളുടെയും എണ്ണത്തിനനുസരിച്ച് ഉറപ്പാകുന്ന അനുഗ്രഹങ്ങളിലും വിശ്വാസം കാണപ്പെടുന്നു. ഉപകാരങ്ങളുടെയോ അത്ഭുതങ്ങളുടെയോ 'പരസ്യങ്ങൾ' കൂടാതെ അവതരിപ്പിക്കപ്പെടുന്ന ഭക്തിചര്യകൾ ഇല്ല എന്ന് തന്നെ പറയാം. യൂട്യൂബ് ലെ ഈസി ടൂൾസ് പോലെ എന്തിനും ഏതിനും പുതിയ ഭക്തികൾ രൂപപ്പെടുകയും ചെയ്യുന്നു. അതൊക്കെ സസൂക്ഷ്മം പാലിക്കുന്നതാണ് വിശ്വാസമെന്നും ആത്മീയതയെന്നും ധരിക്കുകയും ചെയ്യുന്നു. ഇവയൊക്കെയും പാലിക്കപ്പെടുന്നില്ലെങ്കിൽ ഇനിയെങ്ങാനും ദൈവം അനുഗ്രഹിക്കാതിരിക്കുമോ, ശിക്ഷിക്കുമോ എന്ന ഭയവും ഈ ഭക്തിക്രിയകളിലേക്ക് അനേകരെ നയിക്കുന്നു.

ജറുസലേമിലെ ചട്ടവട്ടങ്ങളുടെ മത്ത് ജെറിക്കോയിലേക്കുള്ള വഴിയിൽ സ്വയം ചോദ്യത്തിന് വിധേയമാക്കപ്പെടുന്നു. എന്നാൽ, അറിഞ്ഞുകൊണ്ടും ദൈവം സത്യത്തിൽ തന്നിലൂടെ ജീവിക്കേണ്ടിടത്തുനിന്നും ഓടിയൊളിക്കാനാണ് നിയമങ്ങൾ നിരത്തി സാധൂകരണത്തിനു ശ്രമിക്കുന്നത്. മതം ശുദ്ധിയെന്നു വിളിക്കുന്ന ഒളിത്താവളത്തിൽ സംരക്ഷിക്കപ്പെടുന്ന വിശ്വാസം ഒരുവന് കപടതയുടെ അന്ധതയായി മാറുന്നു.

ഭക്തികൃത്യങ്ങളിൽ സൂക്ഷിക്കുന്ന കണിശതയോ, അനുദിനക്രമങ്ങളിലെ മുടക്കമില്ലായ്മയോ  അതിൽത്തന്നെ ആത്മീയവളർച്ചയുടെ അടയാളമല്ല. നമ്മൾ എത്രമാത്രം ക്രിസ്തുവിനെപ്പോലെയായി എന്നതാണ് കാര്യം. അതാണ് സാക്ഷ്യവും. 

ജനുവരി 07, 2021

എന്റെ സഹായം കർത്താവിൽ നിന്ന് വരുന്നു

ഇതിനോടകം തന്നെ വർഗ്ഗഭേദം സംഭവിച്ച കൊറോണ വൈറസ് മുമ്പിലുണ്ട്. ഡിസീസ് x എന്ന ഒരു രോഗത്തിന്റെ സാധ്യതയെക്കുറിച്ചും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പകർച്ചവ്യാധികൾ ഉണ്ടായേക്കാം, അത് അവഗണിക്കാനാവാത്ത സാധ്യതയാണ്.

എന്നാൽ, ദൈവിക സംരക്ഷണം ഉറപ്പാക്കുക എന്ന് പറഞ്ഞുകൊണ്ട് തന്നെ അതിന്റെ അഭാവത്തെക്കുറിച്ചുള്ള ഭീതി ഉണർത്തുന്നുണ്ട്. മഹാമാരികൾ ബാധിക്കാതിരിക്കുക എന്നതാണോ ദൈവികസംരക്ഷണം? ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ആത്മീയ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചു കൊണ്ടുതന്നെ ജീവിക്കുകയും ചെയ്യുന്നവർക്കും രോഗം ബാധിച്ചാൽ ദൈവം സംരക്ഷിച്ചില്ല എന്ന് അർത്ഥമാക്കാമോ? അതോ ദൈവം ഉപേക്ഷിച്ചു എന്നോ? കാരണം? പാപം, ശാപം, പിശാച്.. .? പ്രത്യാശയും സമാധാനവും പകരാത്ത എന്ത് ദൈവിക സംരക്ഷണത്തെക്കുറിച്ചാണ് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ കൈമാറുന്നത്? രോഗാവസ്ഥയിൽ ആണെങ്കിൽ തന്നെ ദൈവസാന്നിധ്യത്തിൽ ആ കഷ്ടതകളിലൂടെ കടന്നു പോവാനുള്ള കൃപ എന്നത് ദൈവികസംരക്ഷണമല്ലേ? ഇനി മരിച്ചാൽ പോലും ദൈവകരങ്ങളിലാണ് നമ്മൾ എന്ന ബോദ്ധ്യമല്ലേ ദൈവികസംരക്ഷണത്തിൽ വിശ്വസിക്കുന്നവർക്കുണ്ടാവേണ്ടത്?

രോഗം വരാതെ കാക്കുന്നു, വന്നിട്ടും പെട്ടെന്ന് മാറുന്നു എന്നൊക്കെയാണെങ്കിൽ ദൈവികസംരക്ഷണം; അല്ലെങ്കിൽ ദൈവകോപം. അവർക്കൊക്കെ വന്നു എനിക്ക് വന്നില്ല, ദൈവം കാത്തു നന്ദി; ഇനി അവർക്കു വന്നതോ, അവർ പാപികൾ ആയതു കൊണ്ട്. ന്യായമായ കാരണം. കാരണം ന്യായമാണ്, പക്ഷെ ദൈവം അവിടെ വികൃതമാക്കപ്പെടുന്നുണ്ട്.

സംരക്ഷണത്തിനായുള്ള മാർഗങ്ങൾ പാലിക്കാൻ സാധ്യമല്ലാത്ത ഹതഭാഗ്യരെ ദൈവം കൈവിടുമോ? ഒന്ന് കുർബാന മുടക്കരുത് എന്നാണ്. ഒരുപക്ഷേ ഇനിയും നിയന്ത്രണങ്ങൾ വന്നാൽ കുർബാനയിൽ സംബന്ധിക്കുന്നത് സാധിക്കാതെ വന്നാൽ അത് കൊണ്ട് വ്യാധികൾ വന്നു ഭവിച്ചേക്കാം എന്ന ഭയം തീർത്തും ന്യായമാകുന്നു. വചനപാരായണം എന്നത് പ്രത്യേക ഉപകാരങ്ങളെ സൃഷ്ടിക്കാവുന്ന മാന്ത്രികശക്തിയുള്ള ഒരു ഭക്തിക്രിയയായി ഇന്ന് മാറുന്നുണ്ട്. അക്ഷരങ്ങളും വാക്കുകളുമല്ല വചനം എന്ന് ആര് പറഞ്ഞു കൊടുക്കും? നിരന്തരമായ പ്രാർത്ഥന എന്നത് വേണ്ട വിധത്തിൽ മനസിലാക്കിയില്ലെങ്കിൽ, മറ്റു ജോലികളെല്ലാം മാറ്റി വെച്ച് പ്രാർത്ഥിക്കുക മാത്രം ചെയ്യുക എന്ന അർത്ഥം നൽകിയേക്കാം. അത് അസാധ്യമായതിനാൽ, പ്രാർത്ഥിക്കാത്തതുകൊണ്ട് ആപത്ത് വന്നു ഭവിച്ചേക്കാം എന്ന പേടിയുമുണ്ടാക്കാം. എന്നാൽ, വ്യക്തിപരമായ പ്രാർത്ഥന, വാക്കുകൾ ഉപയോഗിച്ചുള്ള പ്രാർത്ഥന, ആവർത്തിക്കുന്ന പ്രാർത്ഥന അങ്ങനെ സമയബന്ധിതമായി ചെയ്യുന്ന പ്രാർത്ഥനകളെപ്പോലെതന്നെ ദൈവത്തിലാശ്രയിച്ചുകൊണ്ട് സകലനിമിഷങ്ങളും കടന്നു പോകുന്നത് പ്രാർത്ഥനതന്നെയാണ്. അപ്പോൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വിശുദ്ധിയും ദൈവമഹത്വവുമുണ്ട്. അങ്ങനെ പ്രാത്ഥനാനിർഭരമായ ജീവിതനിമിഷങ്ങളും, ജീവിതഗന്ധിയായ പ്രാർത്ഥനയുമുണ്ടാകും. എപ്പോഴും ബൈബിൾ വായിക്കുക ഉരുവിടുക, കൊന്ത ചൊല്ലുക തുടങ്ങിയ സമീപനങ്ങളിൽ പ്രകടനപരതയും ഭക്തിരാഹിത്യവുമുണ്ട്. അതല്ല ദൈവം ആഗ്രഹിക്കുന്നത്.

ദൈവികസംരക്ഷണം എന്നത് ഒരു വാക്‌സിൻ പ്രവർത്തിക്കുന്നത് പോലെയൊക്കെ അവതരിപ്പിക്കുന്നതു ശരിയല്ല. അതുപോലെയാണ് കുർബാനയും, ബൈബിൾ വാക്യവും ജപമാലയും റേഡിയേഷൻ പോലെയും നിർവീര്യമാക്കുന്ന വസ്തുക്കളെപ്പോലെയുമൊക്കെ അവതരിപ്പിക്കപ്പെടുന്നത്.

ദൈവാശ്രയബോധം വളർത്താൻ ആണ് നമുക്ക് കഴിയേണ്ടത്. അത് എന്ത് തന്നെ സംഭവിച്ചാലും ദൈവസാന്നിധ്യം കാണാൻ നമ്മെ പ്രാപ്തമാക്കുന്നതാണ്‌. കൂദാശകളും, ഭക്തിയും, ത്യാഗപ്രവൃത്തികളുമെല്ലാം ഈ ദൈവബന്ധത്തെ ആഴപ്പെടുത്തുന്നതാകട്ടെ. ഭയമാണ് പ്രേരകമെങ്കിൽ ആശ്രയിക്കുന്നത് ദൈവത്തിലല്ല, നമ്മൾ ആശ്രയിക്കുന്നത് നമ്മുടെ പ്രാർത്ഥനകളെയും ഭക്താനുഷ്ഠാനങ്ങളെയുമാണ്. ആ ദൈവാശ്രയത്തിലുള്ള ഉറപ്പാണ് വിശ്വാസം. ഒരു സ്നേഹബന്ധത്തിൽ തീർച്ചയായും ആഗ്രഹിക്കുന്ന നന്മയാണ് ആ ഉറപ്പ്. അതുകൊണ്ട് അനുഗ്രഹങ്ങൾ, സംരക്ഷണം, ക്ഷമ എന്നിവയെല്ലാം ആ സ്നേഹത്തിലുള്ള ഉറപ്പാണ്, പ്രവൃത്തികൾക്കുള്ള പ്രതിഫലമായല്ല.

ദൈവം സംരക്ഷണം നൽകുന്നത് കൃപയിലൂടെയാണ്. ദൈവകൃപ നമ്മിൽ പ്രവർത്തിക്കുന്നെന്നു ബോധ്യമുണ്ടെങ്കിൽ, നമ്മൾ തേടുന്ന സംരക്ഷണം മറ്റുള്ളവർക്കും ഉറപ്പു വരുത്താൻ നമ്മൾ പരിശ്രമിക്കും. പ്രാർത്ഥനയിലൂടെയോ, വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും അറിവുകളും പകർന്നു നൽകിയും, സാമ്പത്തികയോ ശാരീരികമോ ആയ പരാധീനതകൾ ഉള്ളവരെ സഹായിച്ചും ഒക്കെ ഈ സംരക്ഷണം പരസ്പരം നല്കപ്പെടുന്നു. അല്ലായെങ്കിൽ കഴിഞ്ഞതുപോലെ, വീഡിയോ കുർബാനകളും ഭക്തിയും തുടർന്നും ഉണ്ടാകും.

എന്റെ സഹായം കർത്താവിൽ നിന്ന് വരുന്നു, ഭൂമിയും ആകാശവും സൃഷ്ടിച്ച കർത്താവിൽനിന്ന്. എനിക്ക് സംരക്ഷണം ഉറപ്പിക്കുന്നത് എന്റെ പ്രാർത്ഥനകളല്ല എന്റെ ചെയ്തികളല്ല, ദൈവം തന്നെയാണ്.