Gentle Dew Drop

ജനുവരി 05, 2021

സത്യം നല്ലതു സംസാരിക്കുന്നു

ലഭ്യമായ ഒരു വിവരത്തിലെ യാഥാർത്ഥ്യം എന്നതിനേക്കാൾ, ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും സാധ്യമാകുന്ന പൂർണ്ണമായ വെളിപാടായാണ് സത്യത്തെ വി യോഹന്നാൻ കാണുന്നത്. അത് വെളിപ്പെടുത്തുന്നതാവട്ടെ ക്രിസ്തുവും.

നിരന്തരമായ ഒരു അന്വേഷണത്തിലാണ് ഈ വെളിപാടിന്റെ വെളിച്ചം നമുക്ക് ലഭിക്കുന്നതെന്ന്‌ യോഹന്നാന്റെ സുവിശേഷത്തിന്റെ അവതരണശൈലി പറഞ്ഞുതരുന്നു. സത്യവും സ്നേഹവും നീതിയും ഓരോരുത്തരും പഠിക്കേണ്ടത് ക്രിസ്തുവിൽനിന്നാണ്. ക്രിസ്തുവിന്റെ വെളിപാടുകൾ നമ്മുടെ സങ്കല്പങ്ങൾക്കും പ്രതീക്ഷകൾക്കും സ്വീകാര്യമാവണമെന്നില്ല. ക്രിസ്തുവിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന ഓരോ ശിഷ്യനും ആവശ്യമായ തുറവി, ദൈവത്തിന്റെയും മനുഷ്യരുടെയും യാഥാർത്ഥ്യങ്ങൾ അവൻ തന്നിൽ വെളിപ്പെടുത്തുമ്പോൾ വേണ്ടവിധം ഗ്രഹിക്കാൻ നമുക്കാവശ്യമാണ്. പ്രിയമായതോ, സൗകര്യപൂർവം തിരഞ്ഞെടുക്കുന്നതോ ആയവയിൽ മാത്രം 'സത്യം' അടക്കപ്പെടുമ്പോൾ നമ്മൾ സ്വയം ബന്ധിക്കുകയാണ്.

സത്യത്തോട് കാണിക്കുന്ന വിമുഖതയാണ് സത്യത്തിന്റെ മുഖം വികൃതമെന്ന് പറയിക്കുന്നത്. എന്നാൽ സത്യം സ്വതന്ത്രമാകയാൽ സുന്ദരമാണ്. തുറവിയുള്ളവർക്ക് അത് ആശ്വാസമാണ്, മുറിപ്പെടുത്തുന്നതല്ല. സത്യത്തിന്റെ അവകാശവാദങ്ങളുമായി കലഹങ്ങളുണ്ടാക്കുന്നവരിൽ സത്യമില്ല. സത്യം സ്വതന്ത്രമാക്കിയവർക്കു സത്യം വെല്ലുവിളിയുടെ ആയുധമല്ല. സംഭാഷണങ്ങൾക്ക് ഒരുക്കമുള്ള കരുണയുടെ മുഖമുള്ളതാണ് സത്യം. അതുകൊണ്ട് സത്യം നല്ലതു സംസാരിക്കുന്നു (അനുഗ്രഹങ്ങളോടെ സംസാരിക്കുന്നു). അപ്പോൾ വാക്കിലും സംസാരത്തിലും മാത്രമാകാതെ യാഥാർത്ഥ്യത്തിലും പ്രവൃത്തികളിലും സ്നേഹം നിറഞ്ഞുനിൽക്കും; നമ്മൾ സത്യത്തിൽനിന്നുള്ളവരാണെന്നു നമ്മൾ തിരിച്ചറിയുകയും ചെയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ