Gentle Dew Drop

ജനുവരി 14, 2021

പരസ്പരം നൽകേണ്ട അനുദിന അത്ഭുതങ്ങൾ

 അത്ഭുതങ്ങളെ അടയാളങ്ങളായാണ് സുവിശേഷങ്ങൾ നമുക്ക് മുമ്പിൽ അവതരിപ്പിച്ചത്. അവ അതിൽത്തന്നെ ദൈവിക സന്ദേശത്തിന്റെയോ ഒരു പ്രബോധനത്തിന്റെയോ ദൈവിക ഇടപെടലിന്റെയോ പൂർണ്ണത ഉൾക്കൊള്ളുന്നില്ല. അത്ഭുതങ്ങളുടെ സത്യത്തിലേക്ക് വരുമ്പോൾ അത് തീർത്തും ലളിതമായ ഒന്നാണ്; ക്രിസ്തുവിനെ സ്വജീവിതത്തിലും ജീവിക്കുന്ന സമൂഹത്തിലും തിരിച്ചറിയുക, അതിനനുസരിച്ചു ജീവിക്കുക. അതിമാനുഷമായ പ്രവൃത്തികളിൽ മാത്രം ദൈവിക ഇടപെടലുകളെ കാത്തിരിക്കുമ്പോൾ നമ്മിലൂടെയും മറ്റുള്ളവരിലൂടെയും യാഥാർത്ഥ്യമാകുന്ന ദൈവവപ്രവൃത്തികളെ നമ്മൾ അവഗണിച്ചു കളയുകയാണ്.

രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒരു ദിവസം ഒരുക്കുന്നെങ്കിൽ  അതിന് ഉചിതമായ ഉദ്ധരണി എന്താവും? "ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്ന കർത്താവാണ്," "നിങ്ങൾ വിശ്വസിച്ചാൽ നാളെ അത്ഭുതം ദർശിക്കും," എല്ലാം ഉചിതം തന്നെയാണ്. എന്നാൽ പരസ്പരമുള്ള വ്യക്തിബന്ധവും പരസ്പര വിശ്വാസവും എടുത്തു കാണിച്ചുകൊണ്ട് "നിങ്ങൾ എല്ലാവരും സഹോദരങ്ങളാണ്" (മത്താ 23: 8)  ആയിരുന്നു ആദ്യ രോഗി ദിനത്തിന്റെ ആപ്തവാക്യം. അങ്ങനെ ഒരു ദിവസം ആചരിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ രോഗങ്ങളും സഹനങ്ങളും സമർപ്പണത്തിന്റെ കൃപയിലൂടെ അനേകരുടെ നന്മക്കായി അർപ്പിക്കപ്പെടുവാനും, മറ്റുള്ളവർക്ക് രോഗികളിൽ ക്രിസ്തുവിന്റെ മുഖം കാണുവാനുമുള്ള പ്രചോദനമായാണ്. 

അത്ഭുതങ്ങളിൽ അടിസ്ഥാനമിടുന്ന വിശ്വാസത്തിൽനിന്നും പരസ്പരബന്ധത്തിന്റെ ഒരു ജീവിതക്രമം ഇന്ന് കുടുംബങ്ങളിലും സഭക്കുള്ളിലും ആവശ്യമായുണ്ട്. നമ്മിലെ 'പാപം' എന്ന യാഥാർത്ഥ്യം പലരീതികളിൽ നമ്മെ അകറ്റി നിർത്തുമ്പോൾ, പരസ്പരം നല്കാനാവുന്ന സാമീപ്യം കൃപയുടെ വളർച്ചക്ക് വലിയ ഒരുക്കം നൽകുന്നു (പാപം പുറമേ നിന്നുള്ള ശക്തിയായല്ല, ആന്തരികമായ അവസ്ഥയായാണ് കാണേണ്ടത്). രോഗങ്ങൾക്ക് ദൈവം സൗഖ്യം നല്കുമെന്നതിൽ സംശയമില്ല. ആ സൗഖ്യം പോലും ഒരു അനുഭൂതിയായി നിലനില്കാതെ ക്രിസ്ത്വാനുഭവത്തിലേക്ക് നയിക്കട്ടെ (എടുത്തു മാറ്റലോ ആട്ടിയോടിക്കലോ ഒക്കെ വാക്കുകളിലെ പ്രയോഗങ്ങളാണ്, കൃപയുടെ നിറവാണ് സത്യമായി നമ്മിൽ സംഭവിക്കുന്നത്). ആ ക്രിസ്ത്വാനുഭവവും ഒരു അലൗകിക അനുഭൂതിയാവാതെ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിരന്തര സമ്പർക്കത്തിയിലേർപ്പെടാൻ പ്രേരണ നൽകുന്നതാണ്. 

വിശ്വാസങ്ങളെ (സാമൂഹികമോ, മതപരമോ, രാഷ്ട്രീയമോ ആവട്ടെ) വളരെയധികം ബാധിക്കുന്ന ഒരു ഘടകമാണ് ഭാവനാസങ്കല്പം. വിശ്വാസങ്ങളെല്ലാം സങ്കല്പങ്ങളാണെന്നല്ല അതിനർത്ഥം. സ്വീകരിക്കുന്ന ഒരു ബോധ്യത്തെ ഒരു ചിത്രമായി ഉള്ളിൽ അവതരിപ്പിക്കുന്നതിൽ ഭാവനാസങ്കല്പങ്ങൾക്ക് വലിയ പങ്കാണുള്ളത്. വായിക്കുന്ന കഥകളും, ചരിത്രങ്ങളും, കാണുന്ന ചിത്രങ്ങളും സിനിമകളും അത്തരം മാനസികചിത്രങ്ങളെ സ്വാധീനിക്കും. മധ്യയുഗത്തിലെ ആത്മീയ ഉപദേശങ്ങളുടെയും അനുഭവങ്ങളുടെയും  കൃതികൾ ഏറ്റം ഉദാത്തമായ ക്രിസ്തീയ ആത്മീയതയാണെന്നു കാണിക്കത്തക്കവിധം അനേകം പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. അതുപോലെതന്നെ സമകാലീനമായ ദർശനങ്ങളെ ആധാരമാക്കിയുള്ളവയും. 'ആത്മീയലോകത്ത്' വ്യാപരിക്കുന്ന ആളുകളെ സംബന്ധിച്ച് ഇത്തരം സ്വാധീനങ്ങളെ തിരിച്ചറിയേണ്ടത് ആവശ്യമാണ്; നമ്മുടെ തന്നെ ബോധ്യങ്ങളെ വിവേചിച്ചറിയുവാനും , അതുപോലെ മറ്റൊരാളുടെ ആത്മീയ അനുഭവങ്ങൾ കേൾക്കുമ്പോൾ അതിലുൾപ്പെട്ടിരിക്കുന്ന വിവരണങ്ങളെ മനസിലാക്കുവാനും. സ്വീകരിക്കപ്പെടുന്നതോ വിമർശിക്കപ്പെടുന്നതോ ആയ അത്തരം കൃതികളെയും വിവരണങ്ങളെയും അവയിലുൾപ്പെട്ടിട്ടുള്ള ലോകവീക്ഷണം, രാഷ്ട്രീയം എന്നിവകൂടി പരിശോധിച്ചറിഞ്ഞതിനു ശേഷം വേണം വിശ്വാസത്തിലെടുക്കാൻ. 

അസാധാരണമായ അനുഭവമോ സംഭവമോ ഉണ്ടാകുമ്പോൾ വേണ്ടവിധം വിവേചിച്ചറിയാതെ അത് ദൈവിക ഇടപെടലാണെന്ന് ഉറപ്പിക്കുന്നത് സംശയിക്കാതെ അർപ്പിക്കുന്ന വിശ്വാസമാണെന്ന് കരുതുന്നത് ശരിയല്ല. സ്വാഭാവികമായ എല്ലാ സാധ്യതകളും വേണ്ടവിധം പരിശോധിച്ചതിനു ശേഷവും വിശദീകരിക്കാനാവുന്നില്ലെങ്കിൽ മാത്രമാണ് അത് പ്രകൃത്യാതീതമാണെന്ന് പരിഗണിക്കുവാൻ സഭ അനുവദിക്കുന്നത്. സ്വാഭാവികമായ നിരന്തരപ്രക്രിയകളിലെ ദൈവപരിപാലനയും  ദൈവ കരങ്ങളും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും നമ്മുടെ ആത്മീയഭാവങ്ങളിൽ അത് പ്രതിഫലിക്കുമായിരുന്നു. 

അനുദിന അത്ഭുതങ്ങൾ പരസ്പരം നൽകേണ്ടതിനായാണ് ദൈവം നമ്മെ പരിശുദ്ധാത്മാവിനാൽ നിറക്കുന്നത്. അതിന് ആരവങ്ങളും ജനക്കൂട്ടവും ആവശ്യമില്ല, പരസ്പര സാമീപ്യമാണാവശ്യം. അതിലേക്കാണ് ആത്മാവ് തന്റെ ഫലങ്ങൾ നമ്മിൽ പുറപ്പെടുവിക്കുന്നത്. അതിനു വേണ്ടി ആവശ്യമായ വളർച്ചക്കായി തന്റെ ദാനങ്ങളും. ആ വളർച്ചയ്ക്കുള്ള അന്തരീക്ഷം രൂപീകരിക്കുവാൻ സഭക്കും ഓരോ കുടുംബത്തിനും കഴിയണം. തേടുന്ന അത്ഭുതങ്ങൾക്കും ഉപരിയായി, ക്രിസ്തുവെന്ന സത്യം നമ്മിൽത്തന്നെ നമ്മൾ തിരിച്ചറിയും. അത് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? കരിസ്മാറ്റിക് നവീകരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം അതുതന്നെയായിരുന്നു. ചെറുസമൂഹങ്ങളായി വരങ്ങളിൽ വളർന്നിരുന്ന നവീകരണത്തെ  മാസ്മരികതയിലേക്ക്  വഴിമാറ്റി വിട്ടത് സ്വകാര്യലക്ഷ്യങ്ങളോടെ അതിനെ ഏറ്റെടുത്തവരാകാം. അനുഭൂതികളിലേക്കും മാസ്മരികതയിലേക്കും ചുരുക്കപ്പെടുന്ന വിശ്വാസതലങ്ങളെ, സ്നേഹബന്ധത്തിന്റെ ഉത്തരവാദിത്തപൂർണ്ണമായ പ്രതിബദ്ധതയായി തിരുത്തുവാൻ വേണ്ട ധീരത നമുക്കുണ്ടാവട്ടെ. പരിശുദ്ധാത്മദാനമായ ധൈര്യം സ്വയം തിരുത്തുവാനുള്ള കരുത്ത് കൂടിയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ