വചനമാണ് ജീവൻ നൽകുന്നത്, വചനമാണ് നമ്മെ നയിക്കേണ്ടത്, വചനമാണ് ജീവിതത്തിന് രൂപം പകരേണ്ടത്.
ജീവിക്കുന്ന വചനം, നമ്മൾ വായിക്കുന്ന അക്ഷരങ്ങളോ വാക്കുകളോ അല്ല. മനുഷ്യനായി നമുക്കു വേണ്ടി നമ്മിൽ ഒരുവനാകുകയും എന്നും ജീവിക്കുകയും ചെയ്യുന്നതാണ് വചനം. അത് എഴുതപ്പെട്ടിട്ടുള്ള വാക്കുകളിലേക്കു ചുരുക്കാവുന്നതല്ല. വാക്കുകൾ നമ്മെ ജീവിക്കുന്ന വചനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും.
ഒരു ജനതയുടെ വിശ്വാസം, ദൈവപ്രേരിതമായി വരുംതലമുറകളിലേക്കു പകരപ്പെടുന്നതിനു വേണ്ടി പലകാലഘട്ടങ്ങളിൽ, പലരായി എഴുതിയതാണ് ബൈബിളിലെ ഗ്രന്ഥങ്ങൾ. അവ നൽകുന്ന ആന്തരിക പ്രേരണകൾ ഉൾക്കൊള്ളുകയും അവയുമായി സംഭാഷണത്തിലേർപ്പെടുകയും വേണം. അതോടൊപ്പം, അവയിലുൾപ്പെട്ടിട്ടുള്ള വ്യക്തിപരവും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികവുമായ ഘടകങ്ങളെ വേർതിരിച്ചറിയുകയും വേണം.
വാക്കുകളിലും, അതിലെ വള്ളിപുള്ളികളിലും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരു മാന്ത്രികഗ്രന്ഥമല്ല ബൈബിൾ. അത്തരത്തിലല്ല ബൈബിളിനെ സമീപിക്കേണ്ടതും. ഭാവി പറയാനും, ഗണിക്കാനും മറ്റും ബൈബിൾ വാക്യങ്ങൾ എടുത്തുപയോഗിക്കുന്നത് ശരിയായ ഭക്തിയല്ല. വചനം നമ്മെ നയിക്കുന്ന പ്രാർത്ഥനയാണ് വേണ്ടവിധം വിവേചിച്ചറിയുവാനും തീരുമാനങ്ങൾ എടുക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത്. അത് ഉത്തരവാദിത്തബോധത്തിലേക്കു വളരാനുള്ള പക്വതയും, വളരുന്നതിനനുസരിച്ചുള്ള ജ്ഞാനവും കൈവരുത്തും.
പ്രത്യേക ആവശ്യങ്ങളിൽ നമ്മൾ ആഗ്രഹിക്കുന്ന ഫലം സൃഷ്ടിക്കുവാൻ 'വചനത്തിലെ അത്ഭുതശക്തി' കാര്യകാരണങ്ങളായി ഉപയോഗിക്കുന്നതും ആ വാക്യങ്ങളുടെ മാന്ത്രികമായ ഉപയോഗമാണ്. Bibliomancy എന്ന് വിളിക്കാം അതിനെ. "ദൈവം തന്റെ സമൃദ്ധിയുടെ സമ്പന്നതയിൽ നിന്ന് വേണ്ടതെല്ലാം നമുക്ക് നൽകും" എന്ന ബൈബിൾ ഭാഗം ഇല്ലായ്മയിലും കുറവുകളിലും ആവശ്യങ്ങളിലും നമ്മെ വലിയ ദൈവാശ്രയത്തിലേക്ക് നയിക്കും. എന്നാൽ ഈ വാക്യം നൂറു തവണ ഒരു നിശ്ചിത ദിവസങ്ങൾ ആവർത്തിച്ചാൽ സമ്പത്തു വന്നു ചേരും എന്ന് വിശ്വസിക്കുന്നത് അതിനെ മാന്ത്രികതയിലേക്കു കൊണ്ട് പോകുന്നു. അതുപോലെ തന്നെയാണ് സുരക്ഷക്ക് വേണ്ടിയും സൗഖ്യത്തിനു വേണ്ടിയും വിജയത്തിനുവേണ്ടിയുമുള്ള 'വചന ഉപയോഗങ്ങൾ.'
കാര്യപ്രാപ്തിക്കായി അത്തരത്തിൽ ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുന്ന രീതിയുടെ ഉറവിടം ഉന്നതിയുടെ/സമൃദ്ധിയുടെ സുവിശേഷകർ ഉപയോഗിച്ചുപോന്ന name it and claim it എന്ന സമീപന രീതിയാണ്. വാഗ്ദാനരൂപമുള്ള വാക്യങ്ങളെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് 'ദൈവവചനത്തിന്റെ ശക്തി' പ്രകടിപ്പിക്കുമെന്നുള്ള വിശ്വാസം അതിലുണ്ട്. പ്രാർത്ഥനയിൽ അടിസ്ഥാനം മാന്ത്രിക ഫലദായകത്വം അല്ല, ദൈവാശ്രയമാണ്, ദൈവം കൂടെയുണ്ടെന്ന ഉറപ്പാണ്.
വാക്യങ്ങളുപയോഗിച്ച് ദൈവത്തെ ഓർമ്മിപ്പിക്കണമെന്നു പറയുന്നവരുണ്ട്. ദൈവമക്കളുടെ സ്വാതന്ത്ര്യം, ദൈവവുമായുള്ള സ്നേഹബന്ധം എന്നിവയിലുള്ള ബോധ്യത്തിനു പകരം, എന്തോ ശക്തി പ്രഭവിപ്പിക്കുന്ന ഊർജ്ജസ്രോതസുപോലെ ദൈവം കാണപ്പെടുന്നു. ഭക്തിയും പ്രാർത്ഥനയും ആ ശക്തിയെ ഉത്തേജിപ്പിക്കുന്നതായും ആയിത്തീരുന്നു.
ഭക്തികളെക്കുറിച്ചാണെങ്കിലും, അവയുടെ സത്ത ഉൾക്കൊള്ളുന്നത് മനുഷ്യനായിത്തീർന്ന വചനത്തെത്തന്നെയാണ്. ജപമാലയാവട്ടെ, ലൂർദ്ദ്, ഫാത്തിമ, റോസാ മിസ്റ്റിക്ക തുടങ്ങിയ മരിയ ഭക്തിയാവട്ടെ, തിരുഹൃദയ വണക്കമാവട്ടെ, വിശുദ്ധരോടുള്ള വണക്കമാവട്ടെ അവയിലോരോന്നിലും, പ്രത്യേകിച്ച് സന്ദേശങ്ങൾ ഉൾകൊള്ളുന്നവയാണെങ്കിൽ അവയിലും, ദൈവത്തെക്കുറിച്ചോ, നമുക്ക് ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ചോ ഉത്ബോധിപ്പിക്കുന്ന കാര്യങ്ങളുണ്ട്. അവ നമ്മുടെ ഭക്തിയിൽ കേന്ദ്രസ്ഥാനം കണ്ടെത്തണം. അവമൂലം വന്നുചേരാവുന്ന ഫലപ്രാപ്തിയല്ല പ്രധാനം. ഉദാ: ദിവ്യകാരുണ്യ യേശുവിനോടുള്ള ഭക്തി ദൈവം കരുണയുള്ളവനാണെന്നും ലോകത്തിന്മേൽ അവിടുന്ന് കരുണ വർഷിക്കുന്നെന്നും ദൈവം ദൂരെയല്ലെന്നും, മനുഷ്യർ പരസ്പരം കരുണ പരിശീലിക്കേണ്ടതുണ്ടെന്നും പറഞ്ഞു തരുന്നു. ഫാത്തിമാ ദർശനങ്ങൾ ആന്തരിക നവീകരണം വഴിയുള്ള സമാധാനത്തിലേക്കും ക്ഷണിക്കുന്നു. പകരം വികലമായ കാഴ്ചപ്പാടുകളിലൂടെ ഈ ഭക്തികളെ സമീപിക്കുമ്പോൾ അവയുടെ അർത്ഥം തന്നെ മാറിപ്പോകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ