Gentle Dew Drop

ജനുവരി 07, 2021

മണ്ണിലെഴുതപ്പെട്ട സത്യം

മണ്ണിൽനിന്ന് രൂപപ്പെട്ടവരാണ് മനുഷ്യർ. അതേ മണ്ണുതന്നെയാണ് മറ്റു സകല സൃഷ്ടവസ്തുക്കളുമായി നമുക്കുള്ള ബന്ധത്തെക്കുറിച്ചു നമ്മെ ഓർമ്മിപ്പിക്കുന്നത്. സ്വീകരിച്ചും കൊടുത്തും ഭൂമിയുടെ വിരുന്നിൽ നമ്മൾ പങ്കു ചേരുന്നു. ഈ 'മൺസത്യം' നമ്മെ അശുദ്ധരാക്കുകയോ, നികൃഷ്ടരാക്കുകയോ ചെയ്യുന്നില്ല. ദൈവഛായയെക്കുറിച്ചുള്ള നമ്മുടെ ധ്യാനം ഈ ഭൂമിയും അതിലെ സകലതും നമ്മുടെ പരസ്പരബന്ധങ്ങൾക്ക് (ദൈവവും മനുഷ്യരും, മനുഷ്യർക്കിടയിലും) പ്രചോദനകരമായ അവസ്ഥകൾ ഒരുക്കുന്നുവെന്ന ഉൾക്കാഴ്ചകൾ ഉൾകൊള്ളുന്നു. ദൈവം മനുഷ്യനായി എന്ന സത്യം ധ്യാനിക്കുമ്പോൾ മണ്ണ് എന്ന പൊതുസ്വഭാവത്തെ കുറേക്കൂടി ധന്യതയോടെ നമുക്കുള്ളിലും നമുക്കിടയിലും കണ്ടെത്തുവാൻ നമുക്കാവും. പൂവ് കൊഴിഞ്ഞു പോയാൽ അതിന്റെ സൗന്ദര്യത്തിന് അർത്ഥമുണ്ടോ? തീർച്ചയായും ഉണ്ട്. അതിന്റെ വർണ്ണവും സുഗന്ധവും ക്ഷണിച്ച ഈച്ചകൾ സാധ്യമാക്കിയ വിത്തും, അത് പകർന്നു നൽകിയ മറ്റുദിശകളും അതേ പൂവിന്റെ നിലനില്പുകൾ തന്നെ. ആ പൂവ് തന്നെ മൊട്ടിട്ടു വിടർന്നതും അങ്ങനെ വിസ്മയജനകമായ വഴികളിലൂടെതന്നെ. ശൂന്യവൽക്കരണം ജീവൻ ഉറപ്പ് നൽകുന്നു. ഒരു മരത്തെ അതാക്കി തീർക്കുന്നത് അതിന്റെ ജനിതക ഘടന മാത്രമല്ല, അതിന്റെ വേരിറങ്ങുന്ന മണ്ണും, വെള്ളവും, അത് ജീവിക്കുന്ന കാലത്തേ ചൂടും അങ്ങനെ പലതും. മനുഷ്യനാണെങ്കിൽ ഇതിനുമപ്പുറം അവർ ഇടപെടുന്ന സാമൂഹിക സാംസ്‌കാരിക സമ്പർക്കങ്ങൾക്കൂടിയാണ് അവരെ രൂപപ്പെടുത്തുന്നത്. മനുഷ്യന്റെ വേരിറങ്ങി നില്കുന്നത് ജൈവികവും ചരിത്രപരവും സാംസ്കാരികവുമായ ഉറവിടങ്ങളിലാണ്. ഒരു ജീവൻ പ്രതീക്ഷിക്കുന്ന മനുഷ്യന്റെ സത്യം തുടങ്ങുന്നത് അവിടെയാണ്.

ദൈവം നമ്മളെപ്പോലെയായി എന്ന് ധ്യാനിക്കുമ്പോൾ നമ്മൾ സത്യത്തിൽ ആരാണ് എന്നതും ആഴത്തിൽ അറിയേണ്ടതുണ്ട്. മനുഷ്യയാഥാർത്ഥ്യത്തെ ഭൗതികം-ആത്മീയം എന്ന് വേർതിരിക്കുകയും, ദൈവഛായയെ മനസ് ആത്മാവ് തുടങ്ങിയവായിലേക്ക് ചുരുക്കുകയും ചെയ്യുന്നത് ബൈബിളിന്റെ കാഴ്ചപ്പാടല്ല. അത്തരം ദ്വന്ദസ്വഭാവം മനുഷ്യനെക്കുറിച്ച് നൽകിയത് ആദ്യം പ്ലേറ്റോയുടെ ചിന്തകളും പിന്നീട് ഡെക്കാർട്ടിനെ (René Descartes (1596–1650) പിന്തുടരുന്ന ദ്വന്ദസ്വഭാവമുള്ള നരവംശശാസ്ത്രവുമാണ്. അതിന്റെ ഫലമായി അധമമായ മനുഷ്യസ്വഭാവവും, ഉദാത്തമായ മനസ്/ ആത്മാവ് എന്നിവയും രണ്ടു യാഥാർത്ഥ്യങ്ങളായി.

കൂട്ടിച്ചേർക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമല്ല ശരീരം. അത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവം തന്നെയാണ്. മനസ്/ആത്മാവ്-ശരീരം എന്ന ദ്വന്ദസ്വഭാവം ബൈബിൾ തീർത്തും നിരാകരിക്കുന്നു. മനുഷ്യനെ അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കുകയാണ് ബൈബിൾ. പഴയനിയമത്തിലെ nèfèš ജീവിക്കുന്ന ഒരു വ്യക്തിയെ മൊത്തത്തിൽ സൂചിപ്പിക്കുന്നു. മനുഷ്യന് ഒരു nèfèš ഉണ്ട് എന്നല്ല, മനുഷ്യൻ nèfèš ആണ് എന്നാണ് നമ്മൾ കാണുന്നത്. Basar ചിലപ്പോൾ മൃഗങ്ങളുടെയും, മനുഷ്യന്റെയും മാംസത്തെയും ചിലപ്പോൾ ശരീരം മുഴുവനെയും സൂചിപ്പിക്കുന്നു. എന്നാൽ മുമ്പ് കണ്ടതുപോലെതന്നെ മനുഷ്യന് ഒരു basar ഉണ്ട് എന്നല്ല, മനുഷ്യൻ basar ആണ് എന്നാണ്. പുതിയ നിയമത്തിലെ sarx ബലഹീനവും മർത്യവുമായ മനുഷ്യസ്വഭാവത്തെ അതിന്റെ ആഗ്രഹങ്ങളോടും ആവശ്യങ്ങളോടും കൂടെ കാണിക്കുന്നു; അതേ സമയം ഒരു വ്യക്തിയെ അയാളുടെ പൂർണതയിലും കാണുന്നു. soma എന്ന വാക്കും ശരീരം, വസ്തു എന്നതൊക്കെ അവയുടെ സമ്പൂർണതയിൽ സൂചിപ്പിക്കുന്നവയാണ്.

ദൈവത്തിന്റെ പരിപാലന നയിച്ച ജൈവപ്രക്രിയകൾ വഴി ദൈവം മണ്ണിൽനിന്നുയർത്തിയ രൂപം തന്നെയാണ് മനുഷ്യരും. ഉണ്മയും ജീവനും നൽകി സൃഷ്ടി തുടരുമ്പോൾത്തന്നെ മനുഷ്യനായി അതേ വചനം നമുക്കിടയിൽ, നമ്മെപ്പോലെ. മണ്ണിന്റെ സ്വഭാവത്തിൽ ദൈവത്തെ അറിയാനാവില്ലെന്നും അത് നീചമായ അവസ്ഥയാണെന്നും പഠിച്ചു വെച്ച ആത്മീയതകൾ തീർത്തും തെറ്റാണെന്ന് മനുഷ്യപുത്രൻതന്നെ പഠിപ്പിക്കുകയാണ്. ദൈവത്തെക്കുറിച്ച് അറിയണമെങ്കിൽ പോലും നിങ്ങൾ മണ്ണിലേക്ക് നോക്കൂ എന്നാണ് അവൻ പറഞ്ഞത്. നമ്മെക്കുറിച്ചുള്ള സത്യങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് മണ്ണിലാണ് വിണ്ണിലല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ