പൂക്കളും പൂമ്പാറ്റകളും പഴങ്ങളും സുഗന്ധവുമുള്ള ഈ ഭൂമി എങ്ങനെയാണ് ഒരു തിന്മയാകുന്നത്. ഭൂമി എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത്?
പൂർണ്ണതയുടെയും അപൂര്ണതകളുടെയുമായി രണ്ടു ലോകങ്ങളുണ്ടെന്ന് പണ്ട് കരുതപ്പെട്ടിരുന്നു. ചില മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ, നന്മയുടെയും തിന്മയുടെയും രണ്ടു ശക്തികളാണ് ലോകം നിയന്ത്രിക്കുന്നതെന്ന കാഴ്ചപ്പാടുകൾ രൂപപ്പെട്ടപ്പോൾ അപൂര്ണതകളുടെ ലോകത്തിന്റെ സൃഷ്ടി നടത്തിയത് തിന്മയുടെ ശക്തിയാണെന്നു പോലും വിശ്വസിക്കപ്പെട്ടു. അങ്ങനെ വരുമ്പോൾ ഈ ഭൂമിയും, നമ്മുടെ ശരീരവുമൊക്കെ തിന്മയുടെ സൃഷ്ടിയായി വരും.
നന്മയുടെയും തിന്മയുടെയും ശക്തികൾ നിരന്തര യുദ്ധത്തിലാണെന്നും ഈ ജീവിതം ഒരു സമരരംഗമാണെന്നും കരുതിപ്പോന്നു. ഒരു തരത്തിലുള്ള യുദ്ധവീര്യം സൃഷ്ടിച്ചെടുക്കാൻ അത് സഹായിച്ചേക്കും. അത്തരക്കാരുടെ മനസ്സിൽ അവർ സ്വയം തിന്മകളുമായി നിരന്തര യുദ്ധം ചെയ്യുന്നു എന്നതിനേക്കാൾ അവർ ദൈവത്തിനു വേണ്ടിയാണ് ഈ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നു. നന്മയുടെ ശക്തിയെ ജയിപ്പിക്കേണ്ടത് മനുഷ്യരാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരായ നമ്മൾ എങ്ങനെയാണ് നന്മയുടെ ശക്തിയെ വിജയിപ്പിക്കേണ്ടത്? മനുഷ്യന്റെ യഥാർത്ഥ സ്വത്വം എന്നത് ആത്മാവാണെന്നും പൂർണതയുടെ അംശം നമ്മിൽ ആത്മാവിലാണെന്നും അവർ കരുതി. ശരീരം എന്നത് ഒരു ഭാരവും ആത്മാവിനു കാരാഗൃഹവും ആയിരുന്നു. ചിലർക്ക് ശരീരം എന്നത് ഉപേക്ഷിക്കേണ്ട വസ്ത്രം പോലെയായിരുന്നു. എങ്ങനെയും ശരീരത്തിന്റെ പിടിയിൽ നിന്ന് 'ആത്മാവിനെ' മോചിപ്പിക്കുക എന്നതാണ് അവരുടെ ആത്മീയത. ആത്മാവിന്റെ പ്രബുദ്ധതയിലാണ് മനുഷ്യർ ശരീരത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് പൂർണതയിലേക്ക് കടക്കുന്നതെന്ന് ആദ്യകാല ഗ്നോസ്റ്റിക് ചിന്തകളും പഠിപ്പിച്ചിരുന്നു. ഈ കാഴ്ചപ്പാടിന്റെ വികൃതവും ക്രൂരവും എന്നാൽ ആകർഷണീയവുമായ പല രൂപങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാം. ഇന്നും നമ്മുടെ ആത്മീയ ധാരണകളിൽ പോലും വിവിധ രൂപങ്ങളിൽ ഇത് കടന്നു വരാറുണ്ട്. ദൈവത്തിനു വേണ്ടി നന്മക്കു വേണ്ടി തിന്മക്കെതിരെ യുദ്ധം ചെയ്യുന്നതിനാൽ നന്മയുടെ ഭാഗത്തെക്കു സ്വയം മാറ്റിനിർത്തുന്നെന്ന അവബോധത്തിൽ തന്റെ പക്ഷം ചേരാത്തവരെ അവജ്ഞയോടെ കാണാനും ഇത് വഴി വയ്ക്കാം. അതിന്റെ തീവ്രതയിൽ സ്വയം 'നന്മക്കു' വേണ്ടി ചെയ്തുകൊണ്ടിരുന്ന യുദ്ധം 'തന്റെ ഭാഗത്തല്ലാത്ത' എല്ലാവരെയും തിന്മയുടെ ഭാഗമായി കണ്ടുകൊണ്ട് അവർക്കെതിരെയുള്ള യുദ്ധമായിത്തീരാം, ശാരീരികമായിപ്പോലും.
ലോകം എന്നത് ഒരു കെണിയാണെന്നതാണ് മറ്റൊരു കാഴ്ചപ്പാട്. അപ്പോൾ ലോകത്തെ ഒരു ശത്രുവിനെപ്പോലെ കരുതുകയും ഓടി രക്ഷപ്പെടുകയു ചെയ്യുക എന്നതാണ് സ്വീകരിക്കുന്ന സമീപനം. മനസ്/ആത്മാവാണ് വലുതെന്നും ഭൗതികമായവ വെറുക്കേണ്ടതാണെന്നും കാണപ്പെട്ടു. എല്ലാ മതങ്ങളിലും തന്നെ ഇങ്ങനെയൊരു കാഴ്ചപ്പാട് കാണാം. പക്ഷെ ഫലത്തിൽ ഇതേ സമീപനം ഭൂമിയെ കീഴ്‌പ്പെടുത്താനും ഉപയോഗിക്കാനും സ്വന്തമാക്കാനുമുള്ള വലിയ ആസക്തി സൃഷ്ടിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ മായകൾ/കെണികളെന്നും, ശരീരത്തിന്റെ സുഖങ്ങൾ എന്നൊക്കെ വിളിക്കുന്നവയെ അല്പം കൂടി ആഴത്തിൽ പരിശോധിച്ചാൽ ശരീരമോ ലോകമോ അല്ല യഥാർത്ഥ പ്രശ്നം എന്ന് മനസിലാകും. അമിതാഹാരം, ആഭരണഭ്രമം, കമനീയമായ/വിലകൂടിയ വസ്ത്രങ്ങളോടുള്ള വലിയ താല്പര്യം, അധികാരങ്ങളോടും അംഗീകാരങ്ങളോടുമുള്ള അഭിനിവേശം തുടങ്ങിയവ നമ്മുടെ ആന്തരികാവസ്ഥകളിൽ നിന്ന് വളരുന്നതാണെന്നു തിരിച്ചറിയാം. ഭൂമിയെയോ ശരീരത്തെയോ വെറുത്തകറ്റുന്നതിൽ ഒരു അടിസ്ഥാനമോ ഫലമോ ഇല്ല. നേരെ മറിച്ച്, ആസ്വാദ്യവും ആരോഗ്യകരമായ ഭക്ഷണരീതിയും, മാന്യമായ വസ്ത്രധാരണവും നമുക്കാവശ്യമാണ് താനും. സ്വയം പീഢിപ്പിച്ചതുകൊണ്ട് ഒരു തരത്തിലുള്ള ആന്തരികനവീകരണവയും സാധ്യമാവുന്നില്ല.
പട്ടിണി, യുദ്ധം, പകർച്ചവ്യാധികൾ തുടങ്ങിയവയുടെ സമയത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളെ നിർവചിക്കുവാൻ ശരീരത്തെ നിഷേധാത്മകമായി കാണുന്ന 'ആത്മീയ' സമീപനങ്ങൾ രൂപപ്പെട്ടു. പ്രതീക്ഷ നൽകുന്നതായി ഭൂമിയിൽ ഒന്നും തന്നെയില്ലെന്നും, മറ്റൊരു ലോകത്തെ നോക്കി ജീവിക്കേണ്ടവരാണ് നമ്മളെന്നും, നമ്മൾ വെറും യാത്രക്കാരാണെന്നുമുള്ള വികലമായ ചിന്തകൾ ആത്മീയതയായി, നമ്മെ ഭൂമിയിൽ നിന്നകറ്റി.
സൃഷ്ടവസ്തുക്കളെ ശ്രേണീവത്കരിച്ച യവനസങ്കല്പങ്ങളിൽ മണ്ണ് നിർജ്ജീവവും ഏറ്റവും താഴെയുമായിരുന്നു. പഞ്ചഭൂതങ്ങളിൽ ഓരോന്നിന്റെയും പ്രകൃത്യാ ഉള്ള സ്ഥാനം അനുസരിച്ചായിരുന്നു അത്. ഏറ്റവും അധമമായതുകൊണ്ടു മണ്ണ് ഏറ്റവും കീഴെ. പിന്നെ ജലം, വായു, അഗ്നി, സൂക്ഷ്മാകാശം എന്നിങ്ങനെ ഓരോന്നും മുകൾസ്ഥാനങ്ങളിലേക്കു ഇടം പിടിക്കുന്നു. ഇവയുടെ സമ്മിശ്രതയിലാണ് ഭൂമിയിലെ ജീവവസ്തുക്കൾ. അവയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോ വസ്തുവിന്റെയും സ്വഭാവവും മാറും, മനുഷ്യരുടെയും. അങ്ങനെയാണ് മനുഷ്യർക്കിടയിൽ ചിലർ അധമരും, ചിലർ ക്ഷുഭിതരും, ചിലർ നിഷ്ക്രിയരും ചിലർ സാത്വികരും ആയിരിക്കുന്നത്. (തിളങ്ങി പ്രശോഭിക്കുന്നതിനാൽ നക്ഷത്രങ്ങൾ മാറ്റമില്ലാത്തവയാണെന്നും അവ പൂർണ്ണതയുടെ ലോകത്താണെന്നും കരുതിപ്പോന്നു). ജീർണിക്കുന്നവയും മാറുന്നവയുമൊക്കെ അപൂർണ്ണങ്ങളാണ്, തിന്മയുടേതാണ്, അതിൻെറ കാരണമോ പദാർത്ഥ നിർമ്മിതമെന്നതും. ഇത്തരത്തിലുള്ള ശ്രേണി മതപരമായി സ്വീകരിക്കപ്പെടുമ്പോൾ ജീവിതാന്തസുകൾക്കിടയിലേക്കു കൊണ്ട് വരുവാൻ കഴിഞ്ഞു. 'ദൈവികമായ' കാര്യങ്ങളിൽ മുഴുകുന്നവരുടേത് ഉന്നതമായ ജീവിതാന്തസും ഭൗമികമായ ഇടപെടലുകളിൽ ജീവിക്കുന്നവരുടേത് ഹീനമായതും. അത്തരത്തിൽ 'ആത്മീയ ലോകത്ത്' വ്യാപരിച്ചവർക്ക് മോക്ഷം ഉറപ്പുമായിരുന്നു.
ഏകദൈവാരാധനയെ മുന്നിൽ കണ്ടുകൊണ്ട്, പ്രപഞ്ചാരാധനയെ നിഷേധിക്കേണ്ടതാണെന്ന ആവശ്യമായിരിക്കാം ഭൂമിയുടെ സൗന്ദര്യത്തെ പാടെ നിരസിക്കുവാൻ ചിലരെ പ്രേരിപ്പിച്ചത്. വലിയ മരങ്ങളിലും, മലകളിലും അതിഭൗതികമായ ശക്തികളുണ്ടെന്ന സങ്കൽപം മനുഷ്യന് അവയോടുള്ള ആദരവും അതോടൊപ്പം അവയുടെ നിലനില്പിന്റെ ആവശ്യവുമായിരുന്നു. അവർ 'കണ്ട' പ്രകൃതിശക്തികളെ ഏകദൈവവുമായി തത്തുല്യമായി കണ്ട് നിഷേധിച്ചത് സ്വന്തം ശരികളെ ദൈവമാക്കിയതുകൊണ്ട് കൂടിയാണ്. ദൈവം നൽകിയ സൗന്ദര്യവും, ശക്തിയും ഭവ്യതയോടെ അവയിൽ കണ്ടുതുടങ്ങേണ്ടത് അവയുമായുള്ള ബന്ധത്തിലേക്കുള്ള തുറവിയാണ്. അവ ശരിക്കും പ്രാകൃതമായി കരുതപ്പെടേണ്ടവയാണോ? പ്രകൃതിയിൽ നിന്ന് വേർപെട്ട് കുലീനമെന്നു വിളിക്കപ്പെട്ട ഉയർന്ന വിശ്വാസങ്ങളിലും പ്രാചീനാചാരങ്ങൾ തുടർന്ന് പോന്നിട്ടുണ്ട് എന്ന് നമുക്ക് കാണാം. ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള അറിവുകളനുസരിച്ച് അവർ കണ്ട പ്രകൃതിശക്തികളിലെ ശക്തികളെ നമുക്ക് തിരിച്ചറിയുവാൻ കഴിയും. എന്നാൽ അതിനോടൊപ്പം അവർ കാത്തുസൂക്ഷിച്ച ഭവ്യതയും ആദരവും നഷ്ടപ്പെടാതിരിക്കേണ്ടത് പ്രകൃതിക്കും നമുക്കും ആവശ്യമാണ്.
നമ്മൾ നേരിടുന്ന പരിമിതികളെ അംഗീകരിക്കുവാൻ നമ്മൾ തയ്യാറല്ല എന്നതാണ് ഭൂമിയെ ശത്രുവായി കാണുവാനുള്ള മറ്റൊരു കാരണം. അപ്പോൾ അതു കീഴടക്കപ്പെടേണ്ട ഒരു യാഥാർത്ഥ്യമായി കാണപ്പെടുന്നു. ചേർന്ന് നിൽക്കേണ്ട ഒരു ബന്ധത്തേക്കാൾ ഉപയോഗിക്കപ്പെടാവുന്ന വസ്തുവായി, കീഴ്‌പെടുത്തേണ്ട ശത്രുവായി ഭൂമി മാറുന്നു. ഈ പ്രക്രിയയിലെ ഒരു നേട്ടമായി സാങ്കേതികവിദ്യകളിലുള്ള വളർച്ചയെ കാണാമെങ്കിലും അതുതന്നെ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടവ നേടാനുള്ള പുതിയ പുതിയ ആവശ്യങ്ങളെ സൃഷ്ടിച്ചു പോന്നു.
ഭൂമിയെ മാലിന്യകൂമ്പാരങ്ങൾ കൊണ്ട് നിറച്ചത് നമ്മൾ തന്നെയല്ലേ? ശരിക്കും പറഞ്ഞാൽ ഭൂമിയിൽ മാലിന്യമായി ഒന്നുമില്ല. അഴുകേണ്ടതാണ് എല്ലാം, ഭൂമിയിൽ അലിഞ്ഞും പൊടിഞ്ഞും എല്ലാം പുതിയ നവീനതയിലേക്ക് പ്രവേശിക്കുകയാണ്. ലാഭക്കൊതികൾ കൊണ്ട് അമിതമായി ഉല്പാദിപ്പിച്ചവ മിച്ചം വരുന്നവയായി, പാഴ്വസ്തുക്കളായി. ഇവയോരോന്നും നമ്മുടെ അനുദിന ജീവിതശൈലികളിലേക്കും ബന്ധങ്ങളിലേക്കും വന്നുചേർന്നിട്ടുണ്ട്. ആവശ്യങ്ങൾക്കും മീതെ ആസ്വാദ്യത വിലമതിക്കപ്പെട്ടപ്പോൾ യാത്രയും, വസ്ത്രവും ഭക്ഷണവുമൊക്കെ പണച്ചിലവിന്റെയും പണസമ്പാദനത്തിന്റെയും മാർഗ്ഗങ്ങളായി. ലാഭക്കൊതിയും, അമിതമായ ഉത്പാദനവും ശേഖരവും പാഴ്വസ്തുക്കൾ കൂട്ടുന്നതും. അങ്ങനെയാണ് അഴുക്കുകൾ കൂമ്പാരങ്ങളാകുന്നത്. അത്തരത്തിലുള്ള ഒരു പാരിസ്ഥിതിക അവസ്ഥയാണ് നമ്മുടെ ആന്തരികതയിലേക്കും കടന്നുകൂടുന്നത്. ഭൂമി നൽകുന്ന വർണ്ണങ്ങളും സുഗന്ധങ്ങളും ലഭിക്കാതെ ആത്മസൗന്ദര്യമുള്ള ഒരു ആന്തരികത എങ്ങനെയാണ് നമ്മിൽ രൂപപ്പെടുന്നത്? അപ്പോൾ സ്വയം പരിശോധിക്കുകയല്ലേ വേണ്ടത്? ഭൂമിയെങ്ങനെ തിന്മയാകും? ഭൂമിയുമായുള്ള അകൽച്ച നമ്മെത്തന്നെ വസ്തുക്കളാക്കി. അതിനെ വളർത്തുന്ന വ്യവസായരൂപങ്ങളുണ്ടായി. അവ നിർബന്ധിതമാക്കുന്ന ചൂഷണങ്ങൾക്ക് വ്യവസ്ഥാപിത ഘടന നൽകുന്ന നയപ്രഖ്യാപനങ്ങളുണ്ടായി. അവയെ നിലനിർത്തുന്ന വികസനസങ്കല്പങ്ങളുള്ള നിയമരൂപീകരണങ്ങളുണ്ടായി.
ഭൂമിയല്ല മോഹിപ്പിച്ചു കെണിയിലാക്കിയത്. മനുഷ്യൻ സ്വയം തീർത്ത മായകളിൽ സ്വയം നഷ്ടപ്പെടുത്തുകയാണ്. വികസന സ്വപ്നങ്ങളിലെ നിയന്ത്രണാധികാര അഭിനിവേശം അതിനെ പിന്താങ്ങുന്ന ദൈവങ്ങളെയും സൃഷ്ടിച്ചു തുടങ്ങും (ഭൂമിയെ വെറുത്ത മനുഷ്യൻ ഭൂമിയെ വെറുക്കുന്ന ദൈവത്തെ സൃഷ്ടിച്ചതുപോലെതന്നെ). ആ ദൈവം നമ്മെ ജീവിക്കാൻ അനുവദിക്കില്ല. അത് നമ്മെ വസ്തുക്കളാക്കി വിഴുങ്ങും. അളക്കാൻ കഴിയുന്ന 'ആത്മീയ' ആചാരങ്ങളും പ്രകടനങ്ങളും വളരുന്നതിന്റെ പ്രേരകഘടകവും ഇതുതന്നെയാണ്. വാണിജ്യവത്കരിക്കപ്പെടുന്ന മതവും ആത്മീയതയും കൂടുതൽ മാത്സര്യങ്ങളും പിളർപ്പുകളും ഉണ്ടാക്കിക്കൊണ്ടിരിക്കും. മതം വിശ്വാസം തുടങ്ങിയവ അതിന്റെ ലാവണ്യങ്ങൾ മനുഷ്യന് പകരുന്നതിനു പകരം ഇടുങ്ങിയ മൗലികതയിലേക്കു ചുരുക്കപ്പെടുന്നതും മാത്സര്യവും അത്യാഗ്രഹവും അവയെ നയിക്കുന്നതുകൊണ്ടാണ്.
ഇന്ന് മനുഷ്യന്റെ ദയയിലാണ് ഭൂമിയിലെ ജീവൻ. വികസനമെന്ന മാനസികവിഭ്രാന്തിയിൽ നമ്മൾ ഇല്ലാതാക്കിക്കളഞ്ഞ ഭൂമിയുടെ സൗകുമാര്യം വീണ്ടെടുക്കണമെങ്കിൽ നമ്മിൽ ഭൂമിയുടെ പ്രതിഫലനം നമ്മൾ അറിയണം. കോടിക്കണക്കിനു വർഷങ്ങളുടെ ജ്യോതിർജന്യവും ജൈവികവും, ജനിതകവുമായ പ്രക്രിയകൾ അവശേഷിപ്പിക്കുന്ന 'ഓർമ്മകളാണ്' മനുഷ്യന്റെ ചേതനയായി വിടർന്ന് ഈ ഭൂമിയെ കാണുന്നത്. അതേ ചേതനയിൽ ഈ പ്രക്രിയകളെ തന്നിൽ തിരിച്ചറിയുക എന്നതാണ് തന്നെത്തന്നെ കണ്ടെത്തുവാൻ ഇന്ന് മനുഷ്യന് കഴിയേണ്ടത്; ഭൂമിയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ!
ഉല്പത്തിപുസ്തകത്തിലെ യഹൂദസങ്കല്പമനുസരിച്ച് സൃഷ്ടവസ്തുക്കൾക്കിടയിൽ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യൻ. ദൈവത്തിന്റെ ഛായയും സാദൃശ്യവും ദൈവത്തെപ്പോലെയുള്ള ഇടപെടലുകളിലാണ് ദൃശ്യമാകുന്നത്.
ചിന്താശേഷിയെ, ആ ഛായയും സാദൃശ്യവുമായി കണ്ടു തുടങ്ങിയത് അരിസ്റോട്ടിലിന്റെ സ്വാധീനത്തിലാണ്. സസ്യാത്മാവിനെയും മൃഗാത്മാവിനെയും കടന്ന് ചിന്താശേഷിയുള്ള മനുഷ്യാത്മാവ് മനുഷ്യന് മനുഷ്യരൂപം നൽകുന്നു എന്ന് ന്യായം. കല്ലിനും തടിക്കുമൊക്കെ ആന്തരിക ഘടനയുണ്ടെങ്കിലും ജീവനുള്ളവയുടെ ആന്തരിക ഘടനയെ ആത്മാവ് എന്ന് വിളിക്കാറുള്ളു. അത്തരത്തിലും ഒരു ശ്രേണിയാണ് നമ്മൾ കാണുന്നത് (the hierarchy of beings/ the great chain of beings). ചിന്താശേഷി മാത്രം മനുഷ്യനെ നിർവചിക്കുന്നില്ല എന്ന് ഇന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്.
മനുഷ്യൻ മനുഷ്യനാവണമെങ്കിൽ പരസ്പരബന്ധങ്ങളാണ് അതാക്കിത്തീർക്കുന്നത്, മനുഷ്യരോട് മാത്രമല്ല ചുറ്റുമുള്ള സകലതിനോടും. ഭൗമപ്രക്രിയകളും, അതിന്റെ ഗതികളും പ്രവാഹങ്ങളുമൊക്കെ മനുഷ്യന്റെ ആന്തരികതയുടെ ഭാഗമാണെന്നു പറയുന്നതിന്റെ കാരണം അതാണ്. ദൈവം സൃഷ്ടികൾക്ക് രൂപം നല്കുമ്പോൾ അവിടുത്തെ ജ്ഞാനം അതിൽ പ്രകാശിക്കുന്നു. ഒരു യന്ത്രം തയ്യാറാക്കുന്ന ഒരാളെപ്പോലെ ദൈവത്തെ പ്രപഞ്ചത്തിനു പുറത്തു നിൽക്കുന്ന ഒരാളായി കാണുന്നതാണ് ദൈവപ്രവൃത്തികളെ മനസിലാക്കാനുള്ള ഏറ്റവും വലിയ തടസം. സകലതിനെയും നയിക്കുന്ന, ജീവൻ നൽകുന്ന, എല്ലാറ്റിന്റെയും കാരണമാകുന്ന ദൈവത്തെ പ്രകൃതിയിൽ നിന്ന് മാറ്റിനിർത്തേണ്ടതില്ല. ആ ജീവൽപ്രക്രിയകളെ അറിയുവാൻ നമുക്ക് കഴിയുന്നു. മഞ്ഞും മഴയും പൊടിക്കാറ്റും, അറിയുന്നതും പൊടിയുന്നതും കരിയുന്നതും ജനിക്കുന്നതും മരിക്കുന്നതും എല്ലാം ജീവൽപ്രക്രിയകൾ തന്നെയാണ്. അതിൽ ത്യാഗങ്ങളുണ്ട്, പരസ്പരം നിലനിർത്തുന്നവയുണ്ട്, പരസ്പരം പരിപോഷിപ്പിക്കുന്നവയുണ്ട്. ഇവയാണ് മനുഷ്യന്റെ ആന്തരികതയിൽ നിരന്തരം പ്രതിഫലിക്കേണ്ടതും. ദൈവത്തിന്റെ മുഖഭാവങ്ങളും ഇവതന്നെയല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ