Gentle Dew Drop

ജനുവരി 06, 2021

സ്നേഹം എളുപ്പമല്ല,എങ്കിലും സാധ്യമാണ്

സ്നേഹം ആഗ്രഹിക്കുന്നെങ്കിലും, സ്നേഹിക്കാൻ കൊതിക്കുന്നെങ്കിലും സ്നേഹം എളുപ്പമല്ല, എങ്കിലും സാധ്യമാണ്. കുറവുള്ള മനുഷ്യരെയാണ് സ്നേഹിക്കുവാനായി നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. എന്നാൽ സ്നേഹം ബുദ്ധിമുട്ടുള്ളതുമല്ല. സ്നേഹിച്ചുതുടങ്ങുക എന്നതാണ് വഴി. പക്ഷെ, അതിനായി കുറെ ഭാരങ്ങളെ മാറ്റി വയ്‌ക്കേണ്ടി വരും. സ്നേഹിക്കാതിരിക്കാൻ നമ്മൾ കണ്ടെത്തുന്ന ന്യായങ്ങളാണ് ആ ഭാരങ്ങൾ. അതൊരു നീറ്റലാണ് വേദനയാണ്. അവ വഴി എത്രമാത്രം നമ്മളെ സ്വയം ഉയർത്തിപ്പിടിക്കാൻ നമുക്കാകുന്നുണ്ട് എന്ന് കരുതുന്നെങ്കിൽക്കൂടി.

സ്നേഹത്തിനു സ്വയം വിലക്ക് കല്പിക്കുമ്പോൾ നമുക്ക് തന്നെ മുറിവേൽക്കുന്നുണ്ട് എന്ന് അറിവായ്കയല്ല. എങ്കിലും, പക, വിങ്ങൽ, വെറുപ്പ്, അസൂയ, പ്രതികാരം ഇവയൊക്കെ സ്വയം പുൽകി സ്വന്തം നിലനിൽപ്പുതന്നെ അവയുമായി ബന്ധപ്പെടുത്തി നിർവചിച്ചു തുടങ്ങുന്നു. വീണ്ടും വീണ്ടും മുറിവേല്പിക്കുകയും ചെയ്യുന്നു.

സ്നേഹത്തിലുള്ള ജീവിതം സാധിക്കുന്നതാണ് വിശുദ്ധി. വിഷമം ആണെങ്കിലും സ്നേഹിക്കുവാൻ പരിശ്രമിക്കുന്നതാണ് വിശുദ്ധിയിലേക്കുള്ള വളർച്ച. വൈകാരികാവസ്ഥകളിലുള്ള ക്ഷതങ്ങൾ സ്നേഹത്തിനു തടസ്സമാണെങ്കിൽ വ്യക്തിപരമായ പരിശ്രമങ്ങൾക്കും, സഹായം ആവശ്യമാണെങ്കിൽ അതിനും തയ്യാറാവുന്നത് സ്നേഹത്തിലേക്കുള്ള കൃപാവഴികളെ തുറന്നു തരും. സ്നേഹിക്കുന്നവരിൽ ദൈവം വസിക്കുന്നു അവർ ദൈവത്തിലും. സ്നേഹമില്ലാത്തിടത്തും ദൈവം തന്റെ സാന്നിധ്യം നിഷേധിക്കുന്നില്ല, പക്ഷെ നമ്മുടെ സ്നേഹരാഹിത്യം മൂലം ദൈവം പകരുന്ന കൃപയുടെ സ്വീകാര്യതയും അതിന്റെ പ്രവൃത്തികളും നമ്മിൽ അസാധ്യമാകുന്നു. ദൈവം വസിക്കുന്ന കുടുംബങ്ങളും സമൂഹവും സഭയും നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ സ്നേഹത്തിനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾ തുടങ്ങി വയ്ക്കുകയാണ് വേണ്ടത്.

സ്നേഹം ഒരു ഉത്തരവാദിത്തവും വളർച്ചയുമാണ്. 'ചക്കര' വികാരങ്ങളിലേക്ക് ഒതുക്കി അതിനു വേണ്ട പാകതക്ക് തടസം വരുത്തുന്നവരുണ്ട്. വൈകാരികപ്രീണനങ്ങളിൽ സ്നേഹമുണ്ടാവണമെന്നില്ല. അവിടെ സ്നേഹത്തിൽ നിന്നും പരസ്പരം നല്കപ്പെടേണ്ട വളർച്ച ലഭിക്കുന്നുമില്ല.

പതിയെയാണെങ്കിലും സ്നേഹം നമ്മിൽ പൂർണരൂപം പ്രാപിക്കുന്നതിലൂടെയേ നമ്മളും ക്രിസ്തുവിനെപ്പോലെ ആയിത്തീരുകയുള്ളു. ക്രിസ്തുവെന്ന വ്യക്തിയിൽ കാണപ്പെടുന്ന മനോഭാവം, സമീപനങ്ങൾ, നിലപാടുകൾ തുടങ്ങിയവയെ അടുത്തു കാണുക എന്നത്, അനുകരണീയമായി ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തെ അടുത്തറിയുകയാണ്. ദേവാലയം, ഭക്തി, ബലി, കൂടാരം, എന്നിവയെല്ലാം, എന്തിന് ദൈവം തന്നെയും ഇനി മുതൽ ക്രിസ്തുവെന്ന വ്യക്തിയിലാണ് കാണപ്പെടേണ്ടത്. ബലിയും, ആരാധനയും, ഭക്തിയും, വിശുദ്ധിയും സ്നേഹത്തെ ആധാരമാക്കി ഗ്രഹിച്ചെടുക്കണം. അതിന് മാതൃകയായിരിക്കുന്നതും, നമ്മെ പ്രാപ്തരാക്കുന്നതും ക്രിസ്തു തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ