Gentle Dew Drop

ജനുവരി 13, 2021

സ്നേഹം-ത്യാഗം

സ്നേഹം സ്വാഭാവികമായും ഉൾക്കൊള്ളുന്ന സഹനങ്ങളുണ്ട്; സഹതാപം ഇരന്നു വാങ്ങുന്ന സഹനങ്ങളുമുണ്ട്. നമ്മുടെ ത്യാഗങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്താണെന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്. സ്വന്തം വളർച്ചയിലും പരസ്നേഹത്തിലും നമ്മൾ കടന്നുപോകേണ്ട സ്വയം ശൂന്യവത്കരണമുണ്ട്. അതാണ് ആദ്യത്തേത്. അത് ദൈവകൃപയാൽ നയിക്കപ്പെടുകയും ചെയ്യുന്നു.ഉദാ: അച്ചടക്കം ശീലിക്കുക എളുപ്പമല്ല, ചില തന്നിഷ്ടങ്ങളെയും സമയക്രമങ്ങളെയും പുനഃക്രമീകരിക്കേണ്ടി വന്നേക്കാം. ക്ഷമയോ വിവേകമോ പരിശീലിക്കാനും അനേകം വിട്ടുവീഴ്ചകൾ ആവശ്യമായി വരും. അതുപോലെതന്നെ, യഥാർത്ഥഭക്തി പരിശീലിക്കുവാനും അമിതഭക്തി, ആവേശം, ദൈവത്തെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങൾ എന്നിവയൊക്കെ പ്രിയങ്കരമാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കാം. സ്നേഹമാണ് നയിക്കുന്നതെങ്കിൽ അത് സാധ്യമാകും.

കരയുന്ന കുഞ്ഞിനെ ഓടിച്ചെന്നെടുത്ത് ചോദിക്കുന്നത് കൊടുക്കുന്ന അമ്മയെപ്പോലെ, വേദന സഹിച്ചുകൊണ്ട് എന്ത് ചോദിച്ചാലും ദയ തോന്നി കാര്യങ്ങൾ നടത്തിത്തരുന്ന ദൈവത്തെ പലപ്പോഴും നമ്മൾ രൂപപ്പെടുത്താറുണ്ട്. ദൈവം നമ്മെ കേൾക്കുന്നത് ദയനീയതയുടെ പുറത്തല്ല. നമ്മൾ ചെയ്തുകൂട്ടുന്നതിനു കൂലി നല്കുന്നതുപോലെയുമല്ല. ഇനി അതൊന്നുമില്ലെങ്കിൽ ദൈവം തിരിഞ്ഞു നോക്കില്ല എന്നാണ് കരുതുന്നതെങ്കിൽ ദൈവത്തെ നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നു.

കുറ്റബോധത്താൽ നയിക്കപ്പെടുന്ന 'അയോഗ്യനായ ഞാൻ' പരിഹാരപ്രവൃത്തികളുടെ ജീവിതം സൃഷ്ടിച്ചു സ്വയം ശിക്ഷിക്കുന്ന 'ആത്മീയത' രൂപപ്പെടുത്തിയേക്കാം. പൊതുവെ പാപം നിറഞ്ഞതും, ശിക്ഷിക്കപ്പെടേണ്ടതുമാണ് ലോകം എന്ന പൊതുവ്വായ കാഴ്ചപ്പാട് ആ 'ആത്മീയത'യുടെ അടിസ്ഥാനമായി നില്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എപ്പോഴും സഹിച്ചുകൊണ്ടിരിക്കണം എന്ന തരത്തിലുള്ള സമീപനം അവിടെ രൂപപ്പെടുന്നു. നമ്മുടെ ഒരു സന്തോഷങ്ങളിലും സന്തോഷിക്കാത്ത ഒരു ദൈവമായിരിക്കുമത്. മനുഷ്യന്റെ ക്രൂരതകൾ മനഃസാക്ഷിയെ മരവിപ്പിച്ച ചരിത്ര പശ്ചാത്തലങ്ങളിലാണ് പരിഹാരപ്രവൃത്തികളിൽ വലിയ ഊന്നൽ നൽകുന്ന ഭക്തികൾ രൂപപ്പെട്ടത്. യഥാർത്ഥ ത്യാഗാത്മകത എന്നത്, സ്വന്തം ജീവിതത്തിന്റെയും ചുറ്റുമുള്ള സാഹചര്യങ്ങളുടെയും കൂടുതൽ ആഴത്തിലുള്ള സത്യം തിരിച്ചറിയുവാനും, അതിനോട് ദൈവികമായി പ്രതികരിക്കുവാനുമുള്ള വളർച്ചക്കായുള്ള പരിശ്രമമാണ്. രക്ഷയെന്നതിനെ, കാരാഗൃഹമോചനം പോലെ, മോചനദ്രവ്യം നൽകി തിരിച്ചെടുക്കുന്ന ransom theology യല്ല ക്രിസ്തു നമ്മെ പഠിപ്പിച്ചത്. രക്ഷയെന്നത് ഒരു സ്നേഹബന്ധത്തിന്റെ വളർച്ചയാണ്. ക്രിസ്തു-ശിഷ്യബന്ധത്തിലെ സൗഹൃദത്തിന്റെ അടിസ്ഥാനമോ ദൈവമക്കളുടെ സ്വാതന്ത്ര്യവും. അവിടെയാണ്, നമ്മളും നമ്മുടെ സുഹൃത്തുക്കളും, പ്രാർത്ഥന ആവശ്യമുള്ളവരും എല്ലാമുള്ളത്. പരസ്പരം കരുതലുള്ളവർ, പരസ്പരം അറിയാവുന്നവർ, പരസ്പരം കരുത്ത് പകരുന്നവർ ... എല്ലാം ആ സ്നേഹബന്ധത്തിനുള്ളിൽ. ക്രിസ്തുവിൽ ഒന്നായി ജീവിക്കുന്നവരിൽ കൃപാവരങ്ങൾ ഒരാൾ മറ്റൊരാൾക്ക് വേണ്ടി നേടിക്കൊടുക്കുന്നവയല്ല, പകർന്നു കൊടുക്കുന്നവയാണ്. അതിന്റെ സ്രോതസ്സോ ക്രിസ്തുവും. 

തനിക്കു വേണ്ടിയെന്നും മറ്റുള്ളവർക്കുവേണ്ടിയെന്നുമൊക്കെ പറഞ്ഞുകൊണ്ട് വേദനിച്ചു വിഷമിക്കുന്നത് കണ്ടു ദൈവം നമ്മൾ ആഗ്രഹിക്കുന്നത് ചെയ്തുതരുമെന്ന് നമ്മൾ വിചാരിക്കുന്നു. വേദനിക്കുന്നത് ദൈവത്തിനാണ്. നീ എന്നെ അറിഞ്ഞില്ലല്ലോ എന്നതാവും ദൈവം ഹൃദയത്തിൽ പറയുന്നത്. നമ്മളിൽ പലരോടും ദൈവം പറയുന്ന കാര്യമാണ്: അല്പസമയം ചെയ്തികളുടെ ഈ വ്യഗ്രത അവസാനിപ്പിക്കൂ, അല്പസമയം വിശ്രമിക്കൂ, പിന്നീട് നമുക്ക് ഒരുമിച്ച് ചെയ്യാം എന്തുതന്നെയാണെങ്കിലും. തന്നെ അധ്വാനിച്ചു നിൽക്കുമ്പോൾ, കൂലിയായി നീ അനുഗ്രഹങ്ങൾ തന്നാൽ മതി എന്നാണ് നമ്മൾ പറയുന്നതെങ്കിൽ ദൈവം എന്ത് ചെയ്യും? അനുഗ്രഹങ്ങൾ ലഭിക്കുമായിരിക്കും, പക്ഷെ ദൈവം?  അടുത്ത കാര്യം സാധിക്കാൻ, അടുത്ത പരിശ്രമം നമ്മൾ തുടങ്ങിയിട്ടുണ്ടാവില്ലെ? ആ സ്നേഹം അവഗണിച്ചുകളഞ്ഞിട്ട് 'ഉപകാരങ്ങൾ' പ്രാപിച്ചതുകൊണ്ട് എന്ത് നേട്ടം? 

സ്നേഹത്താൽ പ്രേരിതമാകുന്ന ത്യാഗങ്ങളിൽ ഇരുവരും പരസ്പരം താങ്ങിനടത്തുകയാണ്. ആ സ്നേഹം ആഴപ്പെടുകയും വികസിക്കുകയും ഫലമണിയുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ