Gentle Dew Drop

ജനുവരി 04, 2021

വചനം മാംസമായി...

പാപം ഭരണം നടത്തുന്നെന്ന് നമ്മൾ കരുതുന്ന അതേ ശരീരം അവൻ തന്റേതാക്കി, അതിന്റെ സകല അപൂർണ്ണതകളോടും കൂടിത്തന്നെ.

സ്വന്തം ക്ഷതങ്ങളെ, വ്യക്തിയോ സമൂഹമോ സഭയോ ആവട്ടെ, സ്വയം കൈകാര്യം ചെയ്ത് വികൃതമാക്കുന്നവരാണ് നമ്മൾ. ദൈവത്തിനു മുമ്പിൽ ഒരു സങ്കോചവുമില്ലാതെ തുറക്കപ്പെടാവുന്നതാണ് അവയെന്ന് നമുക്ക് തോന്നാത്തത് ദൈവത്തെ അറിയാത്തതുകൊണ്ടാണ്. അവിടെയാണ് പാപം; വന്നിട്ടുള്ള പരാജയങ്ങളിലോ വീഴ്ചകളിലോ അല്ല. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ലെന്നും, സ്നേഹമാണ് സകലനിയമങ്ങൾക്കും അടിസ്ഥാനമെന്നും പുതിയ 'നിയമത്തിന്റെ' ദിശയാണ്. മാമൂലുകളല്ല അവിടെ ധാർമ്മികതക്ക് തീർപ്പു കല്പിക്കുന്നത്, സ്നേഹവും, ആത്മാർത്ഥതയും, ക്രിസ്തുവെന്ന വ്യക്തിയോടുള്ള താദാത്മ്യതയുമാണ്‌. അനുരഞ്ജനത്തിന്റെയും, സൗഖ്യത്തിന്റെയും, യാഥാർത്ഥ്യങ്ങളിലേക്കുള്ള തുറവിയുടെയും കൃപ അവിടെയേ ലഭിക്കൂ.

ദൈവമക്കളായിരിക്കുന്നതിലെ സൗരഭ്യം അവൻ കാണിച്ചുതന്നു. തകർത്തുകളയുന്ന ജീവിതപശ്ചാത്തലങ്ങളിലും അപമാനങ്ങളിലും പോലും ദൈവത്തിലേക്ക് നോക്കുവാൻ പ്രാപ്തമാക്കുന്ന ആ സൗരഭ്യം, ജീര്ണതകളിലും തളർച്ചകളിലും നമ്മെ പരിപാലിക്കുന്ന പിതാവ് നമ്മുടെ ജീവിതങ്ങൾക്ക് ജീവൻ നൽകുന്നു എന്ന ഉറപ്പ് ഉൾകൊള്ളുന്ന സ്നേഹത്തിന്റെ ആത്മബന്ധമാണ്. പാപാവസ്ഥ എപ്പോഴും കൂടെയുണ്ടെങ്കിലും, അത് നമ്മെ കീഴ്‌പ്പെടുത്തി ഞെരുക്കുന്ന ശക്തിയായി പാടിപ്പുകഴ്ത്തപ്പെടുന്നത് യാഥാർത്ഥ്യത്തിനു വിരുദ്ധമാണ്. കൃപ എത്രയോ അധികം നമ്മെ അനുധാവനം ചെയ്യുന്നു.

സാന്മാര്ഗികബോധത്തെക്കാൾ ക്രിസ്തു ബോധം ധാർമ്മികതയുടെ അടിസ്ഥാനമായി യോഹന്നാന്റെ ലേഖനങ്ങൾ കാണുന്നതും അതുകൊണ്ടാകാം. വചനം സത്യമായും മാംസമായി എന്ന് വിശ്വസിക്കുന്നവനിൽ ദൈവാത്മാവുണ്ടെന്ന് യോഹന്നാൻ എടുത്തുപറയുന്നു. നമ്മുടെ മാംസത്തിലും ആ ക്രിസ്തു ചൈതന്യം പ്രവർത്തന നിരതമാണെന്നും നമ്മിൽ ജീവന്റെ വെളിച്ചമുണ്ടെന്നും അറിയുന്നത് 'വിശ്വാസത്തിന്റെ' ആന്തരികാനുഭവമാണ്.

പ്രപഞ്ചം, 'ഭൗതിക'ലോകം തുടങ്ങിയവ തിന്മയാണെന്നും, അവയെക്കുറിച്ചുള്ള (ശാസ്ത്ര, സാമൂഹിക, സാംസ്കാരിക) പഠനങ്ങൾ തീർത്തും ലൗകികമാണെന്നുമുള്ള കാഴ്ചപ്പാടുകൾ പൊളിച്ചെഴുത്തുകൾ അർഹിക്കുന്നു. "സമസ്തവും അവനിലൂടെ ഉണ്ടായി, അവനിലൂടെയല്ലാതെ ഒന്നും ഉണ്ടായിട്ടില്ല" എന്നത് വിശ്വസിക്കാമെങ്കിൽ, മറ്റെവിടെയോ ഉള്ള പൂർണ്ണതകളുടെ ഒരു 'ആത്മീയ' ലോകത്തിന്റെ മിഥ്യാധാരണകളിൽ നിന്ന് പുറത്തു കടന്ന്, അതേ വചനം കൂടെയായിരിക്കുന്ന അനുഭവം സ്വന്തമാക്കാനാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ