Gentle Dew Drop

ഒക്‌ടോബർ 27, 2022

കലഹങ്ങളിലെ ലാഭം

തമ്മിലടിയാണ് പുതിയ ആത്മീയതയും സാംസ്‌കാരിക മൂല്യവുമായി ഓരോരുത്തരും സ്വന്തമാക്കികൊണ്ടിരിക്കുന്നത്. കലഹമുണ്ടാക്കിയില്ലെങ്കിൽ നഷ്ടപ്പെടാവുന്ന എന്തൊക്കെയോ ഉണ്ടെന്നു വെച്ച് കൊണ്ട് വഴക്കടിക്കുകയും, ഭാവിയിലേക്ക് ഇന്നുള്ളതിനെക്കൂടി ഇല്ലാതാക്കുകയും ചെയ്യുകയാണ്. സമ്മർദ്ദങ്ങൾ, ഉരസലുകൾ, തീണ്ടലുകൾ, അകൽച്ചകൾ ... ഇവയൊക്കെയും കൂടുതൽ വിഷമയമുള്ള ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വൈവിധ്യങ്ങളിലെ മൂല്യങ്ങളെ അർത്ഥവും സ്വന്തം മൂല്യങ്ങളിലേക്കു കൂടുതൽ ആഴങ്ങളിലേക്കുള്ള തുറവിയുമായി കാണാൻ പരിശീലിച്ചാൽ വൈവിധ്യങ്ങൾ നിലനിൽക്കേ തന്നേ കലഹങ്ങൾ ഒഴിവാക്കാം. കലഹങ്ങളിലെ ലാഭം കൊണ്ട് സന്തോഷിക്കുന്നവർ തീർച്ചയായും അതിനു തയ്യാറാവില്ല. 

ഒക്‌ടോബർ 26, 2022

നന്മ തകർക്കുന്ന സമുദായം

ക്രിസ്തു/വചനം (ലോഗോസ്) തന്നിലുൾക്കൊള്ളുന്ന സമൂഹം പ്രപഞ്ച സമൂഹം മുഴുവൻ ഉൾക്കൊള്ളുന്നതാണ്. സമുദായത്തിനുള്ളിലേക്ക് ചുരുക്കപ്പെടുന്ന ക്രിസ്തു ജീവനില്ലാതാകുന്നു. അതുകൊണ്ടുതന്നെ ആ ക്രിസ്തുവിനെ സൃഷ്ടിക്കുന്ന സാമുദായിക സങ്കുചിതത്വങ്ങളും ജീവനില്ലാത്തതാണ്.

തിരഞ്ഞെടുക്കപ്പെട്ട ജനം എന്നത് ഇസ്രായേലിന്റെ ദൈവാനുഭവത്തിന്റെ പ്രകടനമാണ്. ആദിമ സഭയും തങ്ങളെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നു വിളിച്ചത് അവരുടെ അനുഭവമായിരുന്നു. അപ്പോഴേക്കും തിരഞ്ഞെടുപ്പിന്റെയും അതിൽ ഓരോരുത്തർക്കുമുള്ള തനിമയെയും ഒരു വംശത്തിനപ്പുറം പരിശുദ്ധാത്മാവിന്റെ ഐക്യത്തിലെ അനുഭവമായി തിരിച്ചറിഞ്ഞു. ദൈവം ആരെയും തൊട്ടു തിരഞ്ഞെടുത്തു മാറ്റി നിർത്തിയെടുക്കുന്നതല്ല തിരഞ്ഞെടുപ്പ്.തിരഞ്ഞെടുക്കപ്പെട്ടവരായുള്ള ആത്മസാക്ഷാത്കാരം നമുക്കുണ്ടാകുന്നത് ദൈവഹിതം അന്വേഷിക്കുകയും ആത്മാർത്ഥമായി അതിനായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. മതിലുകൾക്കുള്ളിൽ സ്വയം അടക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന് ദൈവരാജ്യത്തിന്റെ ആസ്വാദനമോ പങ്കുവയ്‌പ്പോ സാധ്യമല്ല. മാത്രമല്ല, അധികാരവും ധനവും കേന്ദ്രീകരിക്കുന്ന ഒരു സംവിധാനമായി ഇത്തരം സങ്കുചിതത്വങ്ങൾ മാറുമ്പോൾ, സംരക്ഷിക്കുന്നെന്നു കരുതുന്നവയെത്തന്നെ അത് ഇല്ലാതാക്കും. ഇന്നിന്റെ വക്രതകളിൽ അഭിരമിക്കുന്നവർ ആ ദുരന്തത്തെക്കുറിച്ച് അസ്വസ്ഥപ്പെടില്ല. 

നമ്മൾ തീർക്കുന്ന അതിർത്തികൾക്കപ്പുറത്തുള്ളവരെല്ലാം തിന്മയുടെ ആളുകളാണെന്നും ദൈവമക്കളല്ലെന്നും കരുതുന്ന 'സഭാദർശനവും' പല സമൂഹങ്ങളിലുണ്ട്. പൊതുനന്മയെക്കരുത്തി എല്ലാവരുടെയും സഹകരണത്തോടെ ചെറുക്കേണ്ട തിന്മകളെ ചെറുക്കാൻ കഴിയാതെ പോകുന്നതിന്റെ ഒരു കാരണം  സ്വയം വിശുദ്ധജനമാവുകയും മറ്റുള്ളവരെ ശത്രുതയോടെ കാണുകയും ചെയ്യുന്നതാണ്. സമൂഹത്തിലെ തിന്മകൾ സമൂഹം ഒരുമിച്ചു ചെറുക്കേണ്ടതാണ്. അത് ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതോ, ഒരു സമുദായത്തിന് മാത്രമായി പരിഹരിക്കാവുന്നതോ അല്ല. 'മറ്റുള്ളവരെ' സൂത്രക്കാരും വഞ്ചകരും തിന്മ നിറഞ്ഞവരുമായി വിധിച്ചു കൊണ്ട് നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ആകില്ല.  

ഒക്‌ടോബർ 23, 2022

അത്ഭുതങ്ങൾ vs കൂട്ടായ്മ -ജീവൻ

ദൈവത്തിന്റെ സ്വഭാവത്തെ നിർവചിക്കുന്നത് അത്ഭുതപ്രവർത്തകൻ എന്നല്ല. ഏറ്റവും പരിചിതമായ ഒരു സമാനത വെച്ച് പറയാവുന്നത് ജീവൻ എന്നാണ് (തത്വശാസ്ത്രപരമായി ഉണ്മ എന്നും). ജീവന്റെ സ്വഭാവത്തെ വെച്ചാണ് ദൈവത്തെയും ദൈവപ്രവൃത്തികളെയും ഗ്രഹിക്കാൻ ശ്രമിക്കേണ്ടത്. അത് മാതാവിനെയും മറ്റു വിശുദ്ധരെയും കുറിച്ചാണെങ്കിലും അങ്ങനെ തന്നെ. അത്ഭുതപ്രവർത്തകരുടെ ഒരു സംഘടനാ അല്ല വിശുദ്ധർ. ദൈവത്തെ പ്രസംഗിക്കുന്നവരും ആൾദൈവങ്ങളാകുന്നത് മാർഗഭ്രംശമാണ്. 

ദൈവം ജീവൻ ആണെന്നതുപോലെ കൂട്ടായ്മകൂടിയാണ്. ജീവന്റെ പ്രക്രിയകളിൽ കൂട്ടായ്മ സ്വാഭാവികമായുണ്ട് താനും. അതേ ജീവനിൽ പങ്കു ചേരുന്ന വിശുദ്ധരും ജീവന്റെ കൂട്ടായ്മയിലാണ് പുണ്യവാന്മാരുടെ ഐക്യം സാധ്യമാക്കുന്നത്. ആ കൂട്ടായ്മ നമ്മെയും ഉൾക്കൊള്ളുന്നത് കൊണ്ടാണ് അവരുടെ മധ്യസ്ഥ സഹായം നമുക്ക് ഉറപ്പുള്ളത്. അപ്രതീക്ഷിതവും അസ്വാഭാവികവുമായവ സംഭവിച്ചാൽ അത് ആശ്ചര്യത്തെയും അത്ഭുതത്തെയുംകാൾ നമ്മിൽ നിറക്കേണ്ടത് കൃതജ്ഞതയാണ്. വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് കൂടുതൽ ഉൾച്ചേരുവാനും അതിലേക്കുള്ള കൃപകൾ സ്വീകരിക്കാനാണ് ഏറ്റവും നന്നായി നമ്മെ തുറക്കുന്നതും കൃതജ്ഞതയാണ്. അത്ഭുതസാക്ഷ്യങ്ങളെ സ്വീകരിക്കേണ്ടതും വിവേചിച്ചറിയേണ്ടതും ഈയൊരു യാഥാർത്ഥ്യം മുൻനിർത്തിയാണ്. ഒരു കാര്യം സാധ്യമായി എന്നതിൽ സാക്ഷ്യമില്ല. അത് എങ്ങനെ ഒരു വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നെന്നും കൂട്ടായ്മയാക്കുന്നു എന്നതിലാണ് സാക്ഷ്യം. 

ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സമൂഹം എന്നാണ് സഭയെ നമ്മൾ മനസ്സിലാക്കുന്നത്. അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്ന സമൂഹം എന്നത് കൊണ്ട് ക്രിസ്തുസഭയെ നിർവചിക്കാനാവില്ല. സഭയിൽ അത്ഭുതങ്ങൾ ഉണ്ടായിട്ടുള്ളതും ക്രിസ്തുവിന്റെ സൗഖ്യദാനവും കൂട്ടായ്മയെയും ജീവനെയും ഉൾക്കൊണ്ട് കൊണ്ടാണ്. ഓരോരുത്തർക്കും വേണ്ടത് വിതരണം ചെയ്യുന്ന ഭാഗ്യപരീക്ഷണകേന്ദ്രം ആയിട്ടല്ല സഭയും സഭാകേന്ദ്രങ്ങളും കാണപ്പെടേണ്ടത്. 

ഈയടുത്ത്, തിളക്കം കൂട്ടി ഏറ്റം വികലമാക്കപ്പെടുന്നത് മാതാവ് തന്നെയാണ്. അത്ഭുതങ്ങളെ management നിപുണതയിൽ വില്പന ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ച സ്ഥലങ്ങൾ കൃപയുടെ ഇരിപ്പിടങ്ങളാണെന്നു ഘോഷിക്കുമ്പോഴും രൂപപ്പെടുത്തുന്ന കൃപാരാഹിത്യം വലുതാണ്. 'എത്രയോ ആളുകൾ അനുഗ്രഹം പ്രാപിക്കുന്നു' എന്ന വായ്ത്താരി മാതാവിന്റെ പേരിലുള്ള വികലഭക്തികളെ ന്യായീകരിക്കുന്നതല്ല. 

ക്രിസ്തുവിനോടും അവന്റെ സഭയോടും ബന്ധപ്പെടുത്തിയേ ശരിയായുള്ള Mariology മനസിലാക്കാനാകൂ. മേല്പറഞ്ഞ കൂട്ടായ്മയിൽ, ജീവന്റെ പങ്കുചേരലിൽ, ജീവിതസാക്ഷ്യത്തിൽ, സഹനങ്ങളിൽ   അനുഭവവേദ്യമാവും വിധം മാതാവ് എങ്ങനെ കൂടെയുണ്ടെന്നതാണ് വ്യക്തിപരമായ ഭക്തിയിലും പൊതുവായുള്ള വണക്കത്തിലും പ്രതിഫലിക്കേണ്ടത്.  മാതാവിനെ അത്ഭുതദേവിയാക്കുന്ന ഏതു പ്രവണതയും മാതാവിനെ ക്രിസ്തുവിൽ നിന്നും സഭയിൽ നിന്നും അകറ്റിക്കൊണ്ടു പോകുന്നു. 

Mariology അതിന്റെ സത്ത കണ്ടെത്തുന്നത് ശരിയായ Christology യിലും ecclesiology യിലും ആണ്. അതിനെ അവഗണിച്ചുകൊണ്ട്, consumerist, utilitarian, marketing മാതൃകകളിലേക്കു മരിയഭക്തിയെ കൊണ്ട് വരുന്നത് 'മറിയം വഴി യേശുവിലേക്ക്'  എന്ന പാത തുറക്കില്ല. കൂടാതെ, ഈ Christology ക്കും ecclesiology ക്കും വികാസം നൽകാൻ കഴിയുന്നതായ anthropology യിലേക്കോ cosmology യിലേക്കോ  സ്വയം തുറക്കാൻ നമ്മൾ തയ്യാറുമല്ല.

ഒക്‌ടോബർ 22, 2022

മതം = രാഷ്ട്രീയം

മതങ്ങളുടെ തിരിച്ചു വരവിനെ ആഘോഷമാക്കുകയും അതിനെക്കുറിച്ചു വാചാലരാവുകയും ചെയ്യുന്നവർ അവയിലെ populist content തിരിച്ചറിയാതെ പോകുന്നത് സമൂഹത്തിന് അപകടമാണ്. മതത്തിന്റെ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന അത്തരം മുന്നേറ്റങ്ങൾ വിശ്വാസത്തിനോ ദൈവഹിതത്തിനോ പ്രാധാന്യം നല്കുന്നവയല്ല. ഭക്തിയുടെയും വിശ്വാസത്തിന്റെ നിലനില്പിന്റെയും പേരിൽ കൂട്ടപ്പെടുന്ന ജനം പോലും അവരുടെ രാഷ്ട്രീയ ആദര്ശങ്ങൾക്ക് കീഴ്പ്പെട്ടു പോവുകയും ആ രാഷ്ട്രീയ പ്രവണതയുടെ ഭാഗമാവുകയും ചെയ്യും. രാഷ്ട്രീയം മതത്തെ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറം, മതം സ്വയം നഷ്ടപ്പെടുത്തി, മതം രാഷ്ട്രീയം തന്നെയാവുകയാണ്.

പാരമ്പര്യവാദം, യാഥാസ്ഥിതികത, മതമൗലികത എന്നിവയും മറുവശത്തുള്ള പുരോഗമന വാദവും ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിലോമ സ്വഭാവമുള്ള രാഷ്ട്രീയ പ്രവണതകളിൽ (populist reactionist/reacionary politics) നിന്ന് വേറിട്ട് കാണാൻ ആവില്ല. ആദ്യത്തെ വിഭാഗം സത്യം, പൗരാണിക പൈതൃകം (original) എന്നിവ ഉയർത്തിപ്പിടിക്കുമ്പോൾ മറുവശത്ത് സ്വാതന്ത്ര്യം identity തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. കാലഹരണപ്പെടുന്ന സാംസ്കാരിക ഘടകങ്ങൾ നിലനിർത്തപ്പെടേണ്ടത് ഒരു സമൂഹത്തിന്റെ നിലനില്പാണ് എന്ന് ആദ്യകൂട്ടർ കരുതുമ്പോൾ യാഥാസ്ഥിതികരുടെ ആദര്ശസങ്കല്പങ്ങളിൽ ഇടം നല്കപ്പെടാത്തവർ അവരുടെ identity ഉറപ്പിക്കാൻ ശ്രമം നടത്തുന്നു.

യാഥാസ്ഥിതികരായ ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ, സജീവപ്രവർത്തകർ ഏതൊക്കെ തരത്തിലാണ് അവർ അവതരിപ്പിക്കുന്ന പ്രശ്നങ്ങളെ സമീപിക്കുകയും വ്യാഖ്യാനം ചെയ്യുന്നതെന്നും, എന്തിനെതിരെയാണ് ശരിക്കും അവർ ശബ്ദിക്കുന്നതെന്നും (എന്തിനു വേണ്ടി എന്നതിനേക്കാൾ), ഏതൊക്കെ ആളുകളെയാണ് അവർ തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതെന്നും കണ്ടെത്താൻ നമ്മൾ പരിശ്രമിക്കണം.

മതപാരമ്പര്യവാദങ്ങളെ രാഷ്ട്രീയമായ ഒരു ആഖ്യാനം നൽകാതെ വിശകലനം ചെയ്യാനാവില്ല, ഉള്ളിലെയും പൊതുധാര രാഷ്ട്രീയത്തിലെയും. നമ്മുടെ പ്രശസ്തമായ (ആത്‌മീയ) മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന evangelist, republican, creationist പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ-സാംസ്കാരികലക്ഷ്യങ്ങൾ എന്താണ്? പൗരസ്ത്യ പാരമ്പര്യത്തിന്റെ പേരിൽ മൗലികത സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കും പാശ്ചാത്യ അധികാര കലഹങ്ങൾക്ക് കാരണമായുള്ള യാഥാസ്ഥിതികത തന്നെയാണ് വേരുകൾ. താറടിക്കപ്പെടുകയും പൈശാചികവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലും.

മതം, മറ്റുള്ളവരുടെ മേൽ ആധിപത്യത്തിന്റെ ഭാഷയാകുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ ആദർശമായാണ് സമൂഹത്തെ സമീപിക്കുന്നത്. മതം മറ്റുള്ളവരിലേക്കുള്ള തുറവിയും ചേർത്ത് നിർത്തുന്ന ഭാഷയുമാണ്. ഒരിക്കൽ, സമാനമായ സാംസ്‌കാരിക ശൈലികൾ പിന്തുടരുന്നവർ ഒരേ മതം പിൻചെന്നപ്പോൾ ഈ തുറവി മറ്റു വ്യക്തികളിലേക്കായിരുന്നെങ്കിൽ, ഇന്ന് അനേകം സംസ്കാരങ്ങളും വിശ്വാസങ്ങളും ഒരുമിച്ചു വസിക്കുമ്പോൾ മതം, മറ്റു സമൂഹങ്ങളിലേക്കുള്ള തുറവി കൂടിയാണ്. സങ്കുചിതമായ യാഥാസ്ഥിതികത എവിടെയാണ് സ്വയം സ്ഥിരപ്പെടുത്തുന്നത് എന്നതിൽ തന്നെ സംഘർഷങ്ങൾ ഉണ്ട്. ഓരോരുത്തരുടെയും 'മൗലികത' അവരവരുടെ താല്പര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നവയാണ്.

Matthew McManus, The Rise Of Post-Modern Conservatism: Neoliberalism, Post-Modern Culture, And Reactionary Politics, Palgrave Macmillan (2020) E. H. H. Green, Ideologies of Conservatism: Conservative Political Ideas in the Twentieth Century, Oxford University Press, USA (2004)

ഒക്‌ടോബർ 18, 2022

അനുസരണം

വ്യക്തിയെയും സമൂഹത്തെയും കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. സ്നേഹത്തോടും ആദരവോടും ആത്മാർത്ഥതയോടും കൂടെ സത്യം സംസാരിക്കാനും പാലിക്കാനുമുള്ള അന്തരീക്ഷത്തിലേ അനുസരണം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രവൃത്തിയാകൂ. ആരെയും കേൾക്കാൻ മനസാവാത്ത സ്വഭാവം തീർച്ചയായും സ്വഭാവ വൈകല്യമാണ്, മനസിന്റെ വൈകല്യത്തെ അത് കാണിക്കുന്നു. എന്നാൽ, അനുസരണത്തെ ദാസ്യതയാക്കി കാണുന്നതും വികലതയാണ്, അത് അധികാരത്തെ വിഗ്രഹവത്കരിക്കുകയാണ്. വിചാരശൂന്യമായ ഒരു അടിമത്തമനോഭാവം പുണ്യമല്ല, ദുർഗുണമാണ്.

അനുസരണമെന്ന പുണ്യം ധാർമ്മികമായ ഒരു അധികാരം മുന്നേ കാണുന്നുണ്ട്. ആ അധികാരത്തിന്റെ ശരിയായ നിർവഹണം, അനുസരണത്തിനും ആദരവിനും അർഹമാകുന്നു. പകരം, അധികാരം സ്വയം ദുഷിക്കുകയും, കപടത കാക്കുകയും, സുതാര്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, സത്യത്തോടുള്ള വിശ്വസ്തത ആ അധികാരത്തെ ചെറുക്കാനും ചോദ്യം ചെയ്യാനും സമൂഹത്തെ പ്രേരിപ്പിച്ചേക്കാം.

അറിവോ സദാചാരബോധമോ ഇല്ലാത്ത ഒരു സമൂഹത്തിന്മേൽ അനുസരണം ഒരു ബാധ്യതയായിത്തന്നെ നിയമം വഴി ബന്ധിച്ചേക്കാം. അപക്വരായവർ പുണ്യത്തിലേക്കു വളരാനും, എല്ലാവരും പൊതുനന്മക്കായി വിധേയപ്പെടുകയെന്നതുമാണ് അവിടെ ഉദ്ദേശ്യം.

പരസ്പരം താങ്ങിനടത്തുകയും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. ശ്രേഷ്ഠരും ശിഷ്ടരും നേതാക്കളും അല്ലാത്തവരും പരസ്പരം കേൾക്കുകയും പഠിക്കുകയും ചെയ്യുമ്പോഴേ സഭ അമ്മയും ഗുരുവുമായുള്ള അധികാരം നിർവഹിക്കപ്പെടുന്നുള്ളു. സഭയെ പൂർണ്ണമായി ഗ്രഹിച്ചുകൊണ്ടാണ് പ്രബോധകർ പഠിപ്പിക്കേണ്ടതും നേതാക്കൾ നയിക്കേണ്ടതും. അങ്ങനെയൊരു അന്തരീക്ഷത്തിൽ മാത്രമേ അധികാരികളുടെ നിർദ്ദേശങ്ങൾ ദൈവഹിതത്തിനു ചേർന്നതാണോ എന്ന് വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം സമൂഹത്തിനുണ്ടാകൂ. ആ വിവേചനം ആവശ്യമില്ല എന്ന് കരുതുന്ന അധികാരം ദുഷിച്ച അധികാരമാണ്.

അനുസരണമെന്ന പുണ്യത്തെ ശരിക്കും ഗ്രഹിക്കാൻ, നിയമങ്ങളും നിർദ്ദേശങ്ങളും സമൂഹത്തിന്റെ ആത്മീയവും ശാരീരികവുമായ സുസ്ഥിതി ഉറപ്പാക്കുന്നോ എന്ന് ആലോചിച്ചു തിരിച്ചറിയാൻ കഴിയണം.
നിയമത്തിന്റെ കണിശമായ പാലനത്തെ അനുസരണമായി കാണുന്നവരുണ്ട്. അപ്പോൾ, നിയമം തന്നെ ഒരു ലക്ഷ്യമായി മാറിയേക്കാം. ദൈവവുമായുള്ള ഒരു സ്നേഹബന്ധത്തിലെത്തിച്ചേരുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. അപ്പോൾ, നിയമത്തിന്റെ അക്ഷരങ്ങൾക്ക് അതീതമായ ഒരു സ്വാതന്ത്ര്യം അനുസരണത്തിനുണ്ടാവും. ദൈവത്തിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും കൂടി പങ്കുചേരുകയാണ് അത്തരം അനുസരണത്തിലൂടെ. അതുകൊണ്ട് അനുസരണമെന്ന പുണ്യത്തോടുകൂടെ വിവേകം, വിജ്ഞാനം, നീതി, സ്നേഹം എന്നീ പുണ്യങ്ങൾ കൂടി ഒരുമിച്ചു പ്രവർത്തിക്കുന്നെങ്കിലേ അത് ഉദ്ദേശിക്കുന്ന സ്നേഹവും കൂട്ടായ്മയും ദൈവിക സ്വാതന്ത്ര്യവും യാഥാർത്ഥ്യമാക്കൂ. വിവേചിക്കാതെ അനുസരിക്കുന്നത് പുണ്യമല്ല.

അനുസരണത്തെ ദൈവനീതിയോടു കൂടി ബന്ധപ്പെടുത്തി ഗ്രഹിക്കാനാകണം. ദൈവനീതി ഒരു നിയമവ്യവസ്ഥയിൽ അടിസ്ഥാനപ്പെട്ടതല്ല, മറിച്ച് ജീവന്റെ സമൃദ്ധിയെ ഉറപ്പാക്കുന്നതാണ്. കുറവുള്ളവരും നീതിമാന്മാരും തെറ്റുകാരും ശരിയുള്ളവരും ജീവനിൽ വളരണം. ദൈവികമായ അനുസരണവും വിധേയത്വവും അധികാരവും ലക്‌ഷ്യം വയ്ക്കുന്നതും അതുതന്നെയാവണം.

ഒക്‌ടോബർ 15, 2022

വിശ്വാസം-സ്വാതന്ത്ര്യം

 "വെറുമൊരു കോഴിത്തലയും ചീമുട്ടയും പ്രതിരോധിക്കാൻ കഴിയാത്ത ഈശ്വരൻ എന്തൊരു തല്ലിപ്പൊളി ഈശ്വരനാടോ?"  മോഹൻ കുമാർ ഫാൻസിൽ ശ്രീനിവാസൻ

ആരൊക്കെയോ എന്തൊക്കെയോ ചെയ്തിട്ടുണ്ട്? പിശാചുക്കൾ വട്ടമിട്ടു ശല്യം ചെയുന്നു, തടസങ്ങളും ബന്ധനങ്ങളുമാണ് ... വിശ്വാസത്തിൽ സുവിശേഷത്തിന്  ഇടംകുറഞ്ഞു വരുന്നു.

ദൈവത്തോടുള്ള കൃതജ്ഞതയും, അവിടുത്തെ സാന്നിധ്യത്തിലേക്കുള്ള തുറവിയും ആണോ ആശീർവാദത്തിലും വെഞ്ചരിപ്പിലും തേടുന്നത്, അതോ 'മറഞ്ഞിരിക്കുന്ന  തിന്മകൾ' അകലാനോ? 

മണ്ണും ഭൂമിയും, ജീർണ്ണവും അശുദ്ധവും തിന്മയുമാണെന്നു കരുതിയ ബുദ്ധിശൂന്യതയെ താലോലിക്കുന്ന ആത്മീയതയിൽ നിന്ന് സ്വതന്ത്രരാകാൻ നമ്മൾ എത്രയോ വൈകി. അവ എന്നും പരിശുദ്ധമാണ്. സ്വയം അടച്ചു കളയുന്ന മനുഷ്യനാണ് തിന്മ സൃഷ്ടിക്കുന്നതും പെരുപ്പിക്കുന്നതും. അത്തരം കയ്പ്പും, കാഠിന്യവും തിക്കി നിറച്ചു മറ്റുള്ളവരെയും ആ അടഞ്ഞ അവസ്ഥയിലേക്ക് തള്ളിയിടുന്ന സാഹചര്യങ്ങളും ഉണ്ട്. ദൈവം കൂടെയുണ്ടെങ്കിൽ എന്തിനാണ് തിന്മകളിൽ അമിത പ്രാധാന്യം നൽകുന്നത്? എന്ത് കൊണ്ടാണ് ഭീതി നമ്മെ കീഴ്‌പ്പെടുത്തും വിധം തിന്മയെക്കുറിച്ചു നമ്മൾ വാചാലരാകുന്നത്?




ബലി

മതങ്ങൾ, ആചാരങ്ങൾ, സമ്പ്രദായങ്ങൾ, ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇന്നത്തെ പശ്ചാത്തലത്തിൽ കുറെപ്പേർക്ക് multidimesional ആകുമ്പോൾ മറ്റുള്ളവർക്ക് കൂടുതൽ സങ്കുചിതമാവുകയാണ്. ഇവ രണ്ടിന്റെയും സ്വാധീനമുള്ള സങ്കീര്ണതയിൽ നിന്ന് കൊണ്ടാണ് ഏകദേശം നാലായിരം വർഷം മുമ്പത്തെ ദൈവസങ്കല്പത്തെയും ആചാരത്തെയും വിലയിരുത്താൻ ശ്രമിക്കുന്നത്. 'യാഹ്‌വെ' എന്ന പേര് പോലും തന്നെ 'മറ്റൊരു നാട്ടിലേക്കു പോകാൻ പ്രേരിപ്പിക്കുന്ന' ദൈവത്തിനു അബ്രാഹം നല്കിയിട്ടുണ്ടാവില്ല. 'ആ ദൈവം' ഓരോ ദേശങ്ങൾക്കുമുള്ളപോലെ തന്നെ നയിക്കുന്ന ദൈവമായി അബ്രാഹത്തിന്റെ ദൈവമായി. സമ്പർക്കത്തിലുണ്ടായിരുന്നതും സ്വന്തം നാട്ടിലുണ്ടായിരുന്നതുമായ ദൈവസങ്കല്പങ്ങളും ആ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള അർച്ചനകളും അബ്രാഹവും പിന്തുടർന് പോന്നു. morarchy തീർക്കുന്ന ഒറ്റ ദേവാലയത്തിലെ ഒറ്റ ബലിപീഠമല്ല, ബലിയുടെ ആവശ്യത്തിനും കാലത്തിനുമനുസരിച്ച് ബലിപീഠങ്ങൾ തീർക്കുകയും ബലിയർപ്പിക്കുകയുമായെന്നത് വ്യക്തമാണ്. ദൈവത്തിനു ഏറ്റവും പ്രീതികരമായി തീരാൻ ഏറ്റവും പ്രിയങ്കരമായതിനെ ബലി നൽകുകയാണ്. 'ജീവന്റെ ഉറവിടമായ' 'സ്നേഹമായ' 'ഉണ്മയായ' ദൈവം അത് തീർച്ചയായും ആവശ്യപ്പെടില്ല. പക്ഷേ, അബ്രാഹത്തിന്റെ ദൈവം അത് ആവശ്യപ്പെടുന്നതായി ന്യായമായും കരുതാം. ദൈവം 'കൂടെ' ഉണ്ടായിരുന്നിട്ടും ബലി അനിവാര്യമാണെന്ന് മോശക്ക് തോന്നിയത് എന്ത് കൊണ്ടാണ്? ബലികളിൽ പ്രസാദിക്കുന്ന 'യാഹ്‌വെ' തന്നെ. ക്രിസ്തുവിന്റെ ബലിയെ അങ്ങനെ പ്രസാദിപ്പിക്കുന്ന ബലിയർപ്പണമാക്കി തുടർന്നും കണ്ടു പോരുന്നത് എന്തുകൊണ്ടാണ്? പ്രതിഫലദൈവശാസ്ത്രത്തിന്റെ യാഹ്‌വെയാണ് ഇന്നും ആരാധിക്കപ്പെടുന്നത് എന്ന് കൊണ്ട് തന്നെ. ക്രിസ്തുവിന്റെ ബലിയെ അനുഷ്ഠാനവും നിഷ്ഠയും അർച്ചനയുടെ കാണുന്നതിന് പകരം ത്യാഗത്തിന്റെയും ആത്മാർപ്പണത്തിന്റെയും പുണ്യത്തിൽ അധിഷ്ഠിതമായി കാണാൻ കഴിഞ്ഞെങ്കിൽ നമ്മുടെയും ആത്മീയതയിലെ വ്യഗ്രതകൾ കുറയും, ആത്മാവിലും സത്യത്തിലുമുള്ള ദൈവബന്ധം. ഉണ്ടായേക്കും.

ഒക്‌ടോബർ 11, 2022

സഭ വിട്ടകലുന്നവർ

വിശ്വാസവും സഭയും, പല കാരണങ്ങൾ കൊണ്ട്, അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അനേകർ അകന്നു പോവുകയാണ്. അർത്ഥമില്ലായ്മ, അഗ്രാഹ്യത, വിശ്വാസസംബന്ധിയായി ഉയരുന്ന ആശയസംഘര്ഷങ്ങള് അങ്ങനെ സങ്കീർണമായ നിരവധി ഘടകങ്ങൾ അതിനു കാരണമാവുന്നു. പലായനത്തിനു നിർബന്ധിക്കപ്പെടുന്ന അഭയാർത്ഥികളോട് അകലുന്ന വിശ്വാസികളെ ചിലർ താരതമ്യം ചെയ്തിട്ടുണ്ട്. ഒരിക്കൽ ഭവനവും, അർത്ഥവും ജീവനുമായിരുന്ന വിശ്വാസം, അർത്ഥശൂന്യത സൃഷ്ടിക്കുകയും അതിൽ തുടരുന്നത് സ്വന്തം ആത്മീയനന്മക്കും ദൈവബന്ധത്തിനും അപകടമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് വേദനയോടെ അവർ വിട്ടകലുന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, അവർ ഉപേക്ഷിച്ചകലുന്നത് ദൈവത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ അല്ല തങ്ങൾക്കു ആത്മീയ നന്മ ഉറപ്പു നൽകാൻ അപര്യാപ്തമെന്ന് കാണിച്ചു കൊടുക്കുന്ന ‘മതസംവിധാന'ങ്ങളിൽ നിന്നാണ് ആ അകൽച്ച. (അകലുന്നവരെപ്പോലെ, തിരികെ നടക്കുന്നവരുമുണ്ട്. അവരിലെ തീവ്രഭാവത്തെക്കുറിച്ച് അവസാന ഭാഗത്ത് പ്രതിപാദിക്കാം).

വൈവിധ്യങ്ങൾ ഒരു മാനുഷിക അസ്ത്വിത്താനുഭവമാണെന്നത് വിശ്വാസത്തിന്റെ വികാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ്. അകലുന്നവരിൽ കുറേപ്പേർ നിരാശപ്പെട്ടവരാണെങ്കിൽ ഒട്ടനേകം പേർ പുതിയ വിചിന്തനങ്ങൾ ഉൾക്കൊള്ളുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഷയും വ്യത്യസ്തമാണ്. നിലവിലുള്ളവയുടെ വികാസത്തിന് ക്ഷണിക്കുന്ന അത്തരം ഭാഷയെ എതിർപ്പുകളായി ചിത്രീകരിക്കുന്ന സംവിധാനങ്ങൾ ഇടുങ്ങി ശോഷിക്കുകയും, എന്നാൽ, അതേ സംവിധാനത്തെ പിന്താങ്ങുന്ന ചുരുക്കം ചിലർക്ക് ക്ഷണികമായ നേട്ടങ്ങൾ നൽകുകയും ചെയ്യും. 'മഹനീയമായ' ഭാഷ, ദേശം, വംശം, അനുഷ്ഠാനനരീതികൾ, പാരമ്പര്യം തുടങ്ങിയവ കൂടുതൽ സങ്കുചിതമാകുമ്പോൾ അത് അനേകർക്ക്‌ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ആഹ്വാനം ചെയ്യപ്പെടുന്നതുപോലെ, സങ്കുചിതത്വങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ട് ജീവിതത്തിന് അർത്ഥപൂര്ണമായോ പ്രയോഗികമായോ ഒരു സൃഷ്ടി നൽകാൻ ആവില്ല. അവിടെ രൂപപ്പെടുന്ന വിടവ്, വിശ്വാസം തങ്ങളുടെ ജീവിതവുമായി സംവദിക്കുന്നില്ലെന്നും, പ്രബോധനങ്ങളും നേതൃത്വശൈലിയും 'ഇന്നിന്റെ' യാഥാർത്ഥ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കാത്തതാണെന്നും കരുതാൻ കാരണമാകുന്നു.

വിശ്വാസം ജീവിതഗന്ധിയല്ലാതായിത്തീരുന്നു എന്നതാണ് ഒരാളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത്. ഏറ്റുപറയപ്പെടുന്ന വിശ്വാസം ജീവിതവുമായി സന്ധിക്കുന്നതായോ ആ വിശ്വാസം ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ദൈവാനുഭവത്തിലേക്കുള്ള മാർഗ്ഗമായോ മാറുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. ഒരാളുടെ ജോലിരംഗത്തും കുടുംബത്തിലും ബന്ധങ്ങളിലും അയാൾ കടന്നു പോകുന്ന സമ്മർദ്ദങ്ങളെ കാര്യമായെടുക്കുന്ന, അവിടെ ദൈവരാജ്യാനുഭവം അനുഭവവേദ്യമാകുന്ന വിധം വിശ്വാസത്തെ തുറന്നു വയ്ക്കാൻ കഴിയുന്ന വിശ്വാസപരിശീലനമോ 'ധ്യാനങ്ങളോ' നമുക്കില്ല. എന്നാൽ അവരുടെ സമ്മർദ്ദങ്ങളെയും അവയിൽ നിന്നുണ്ടാകുന്ന വിഷമസന്ധികളെയും പല വിധേന കുറ്റംവിധിക്കുകയും സാന്മാര്ഗികതയുടെ പ്രഹരമേല്പിക്കുകയും ചെയ്യാറുമുണ്ട്. സഭ ഞങ്ങളെ അറിയാൻ ശ്രമിക്കുന്നില്ലെന്ന മൗനരോദനം കുട്ടികളുടെയും യുവജനങ്ങളുടെയും മാത്രമല്ല, കുടുംബമെന്ന അന്തസ്സിനെ കെട്ടിയുയർത്താൻ പരിശ്രമിക്കുന്ന അനേകരുടേതു കൂടിയാണ്. തീരെച്ചെറിയ കുഞ്ഞു മുതൽ ഇന്ന് കടന്നു പോകുന്ന മനുഷ്യാവസ്ഥ അടുത്തറിയാത്ത സഭക്ക് വിശ്വാസം അർത്ഥപൂർണ്ണമായി കണ്ടെത്താൻ കഴിയില്ല.

'എന്ത് വിശ്വസിക്കുന്നെന്ന' വാക്കുകളിലല്ല വിശ്വാസം; എന്താണോ വിശ്വസിക്കുന്നത്, അത് എന്തിലേക്കു ചൂണ്ടിക്കാണിക്കുന്നുവോ അതിലേക്കാണ് വിശ്വാസം തുറന്നിരിക്കേണ്ടത്. പ്രബോധനങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും ഭക്തിരീതികളും വേരുകൾ പോലെയാണ്. ഓരോരുത്തരുടെയും ജീവിതത്തോട് ചേർത്ത് വെളിപാടനുഭവവും ദൈവസാന്നിധ്യവും ഇവ പാലിക്കുന്നവർ സാധ്യമാക്കുന്നില്ലെങ്കിൽ ഇവയൊന്നും ദൈവത്തിലേക്കെത്തിക്കുമെന്ന് ഉറപ്പു നൽകുന്നില്ല. വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കേണ്ടത് വിശ്വാസത്തിന്റെ സത്യത്തെ അറിയാനും പാലിക്കാനും സഹായിക്കും. മാസ്മരികതകളും അനുഭൂതിയും വിശ്വാസത്തെ നിർവചിച്ചു തുടങ്ങുമ്പോൾ ആ വിശ്വാസം അന്ധകാരത്താൽ നയിക്കപ്പെടുകയാണ്. വിശ്വാസവും വിശ്വാസിയും ശുഷ്ക്കമാവുകയും ഭയം ആശങ്ക വ്യഗ്രത എന്നിവയിലേക്ക് അത് നയിക്കുകയും ചെയ്യും. ബുദ്ധിക്കോ യുക്തിക്കോ ഗ്രാഹ്യമല്ലാത്ത ഒരു വിശ്വാസതലം, യുക്തിരഹിതമോ ബുദ്ധിശൂന്യമോ ആവണമെന്നില്ല. ദൈവത്തിൽ ഏറ്റവും ആഴത്തിലുള്ള ഏല്പിച്ചുനൽകലിനാണ് (trust) സംശയിക്കാത്ത വിശ്വാസം എന്ന് പറയേണ്ടത്. ആ വിശ്വാസം വിവേചിച്ചും വിവേകത്താൽ നയിക്കപ്പെട്ടും ദൈവഹിതത്തിനെതിരായതോ മനുഷ്യാന്തസ്സിനു വിരുദ്ധമായതോ എന്തെങ്കിലും ചെയ്യുവാൻ അനുവദിക്കില്ല. സ്വന്തം വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കുക എന്നത് ദൈവവിരുദ്ധമല്ല, അത് ദൈവഹിതമാണ്. കൂടുതൽ സംവാദങ്ങൾക്കും തുറവിക്കും തയ്യാറാകുംവിധം ഈ വിവേചനാസ്വാതന്ത്ര്യം 'അനുവദനീയമെങ്കിൽ' വിശ്വാസ-യുക്തി-സാംസ്‌കാരിക പ്രക്രിയയിൽ പങ്കു ചേരുന്നവർ നിരവധിയുണ്ടാകും.

ഭക്തി വിശ്വാസത്തെ ശിഥിലമാക്കുന്നോ?

സാധാരണയായി, ഒരാളുടെ ഭക്താനുഷ്ഠാനങ്ങളെ നോക്കിക്കൊണ്ടാണ് ഒരാൾക്ക് വിശ്വാസമുണ്ടോ എന്ന് കണക്കാക്കിപ്പോരുന്നത്. എന്നാൽ ഭക്തിയുടെ പിന്നിലെ പ്രേരകഘടകങ്ങൾ പലതാകാം. ഭക്തിയുടെ സത്ത സ്നേഹമാണെങ്കിലേ അത് ദൈവഭക്തിയാകൂ. മതം/ദൈവം ആവശ്യപ്പെടുന്ന കാണിക്കകൾ പോലെ ഭക്തികളും പ്രാർത്ഥനകളും മാറ്റപ്പെടുമ്പോൾ, ആത്മീയത ‘ദൃശ്യമാക്കപ്പെടുന്നു’ണ്ടെങ്കിലും ആന്തരികതയിൽ ദൈവത്തെ നഷ്ടപ്പെട്ടു ദ്രവിക്കുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ്. പ്രത്യേക കാര്യസിദ്ധിയും, മാന്ത്രികശക്തിയും ചേർത്ത് വയ്ക്കപ്പെടുന്ന വിശേഷ പ്രാർത്ഥനകളും ഭക്തിയും വിശ്വാസത്തിനോടൊത്തു പോകാത്തതാണ്. മാത്രമല്ല, രുചികരവും പ്രിയങ്കരവുമായ ഭക്തിരൂപങ്ങൾ മേല്പറഞ്ഞ ജീവിതസമ്മർദ്ദങ്ങളെ ചൂഷണം ചെയ്യുമ്പോൾ, അല്പായുസുള്ള ആൾക്കൂട്ടവും ഭക്തി വളർച്ചയും സൃഷ്ടിച്ചെടുക്കാമെങ്കിലും ഭക്തിയിൽ അഭിരമിക്കുന്ന മതം മത്തുപിടിച്ചു നശിക്കുന്ന ഭോഷത്തമാണ് പ്രോത്സാഹിപ്പിക്കുന്നത്.

മാസ്മരികത, കാര്യപ്രാപ്തിക്കായുള്ള പരക്കം പാച്ചിൽ, മായികമായ പ്രതീക്ഷകൾ എന്നിവ ഭക്തിയുടെ സത്തയാകുമ്പോൾ അത് ഭയം, ആശങ്ക, വ്യഗ്രത എന്നിവയേ കൊണ്ടുവരൂ. കാഴ്ച, മോചനദ്രവ്യം, ഉടമ്പടികൾ തുടങ്ങിയവ ദൈവത്തെക്കുറിച്ചു തന്നെ തെറ്റായ രൂപമാണ് സൃഷ്ടിക്കുന്നത്. 'ദൈവത്തിനു' പിറകെ ഓടിയോടി ദൈവത്തെ നഷ്ടപ്പെടുത്തുന്ന ഭക്തർ! ആ തളർച്ച അനേകരിൽ ഉദാസീനതക്കും ദൈവരാഹിത്യത്തിനും കാരണമായിട്ടുണ്ട്. ഉപയോഗത്തിന് വേണ്ടി തേടിയ ദൈവം അവർക്ക് ഉപയോഗശൂന്യമായി തെളിയിക്കപ്പെട്ടു. വിശ്വാസമെന്നത് ഭക്താനുഷ്ടാനങ്ങളിലും പാരമ്പര്യങ്ങളിലും നിയമനിഷ്ഠയിലുമല്ല. സുവിശേഷത്തിനൊത്ത ഒരു ജീവിതം രൂപ്പപ്പെടുത്താൻ ഒരാൾക്ക് കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. പുണ്യങ്ങളിൽ വളർന്നു കൊണ്ടാണ് ഏതൊരു ഭക്തിയും വണക്കവും ഫലമണിയുന്നത്. ഭക്തിയിലും അനുഷ്‌ഠാനങ്ങളിലും പ്രേരകഘടകങ്ങളായി എന്ത് വർത്തിക്കുന്നു എന്ന് ആത്മശോധന ചെയ്ത് കണ്ടെത്തേണ്ടത് വിശ്വാസത്തിന്റെ വിവേചന പ്രക്രിയയിൽ വളരെ പ്രധാനമാണ്. വിശ്വാസമെന്നത് വൈകാരികമായ സ്വയം മറക്കലല്ല. അത് ഉത്തരവാദിത്തപൂര്ണമായ ബന്ധമാണ്. അതുകൊണ്ടുതന്നെ വിശ്വസിക്കുന്നതിനെ യഥായോഗ്യം വിവേചിച്ചറിയുകയും വേണ്ടതിനെ തിരുത്തുകയും തെറ്റായവയെ ഉപേക്ഷിക്കുകയും വേണം. അങ്ങനെയാണ് വിശ്വാസം ഒരു വളർച്ച കൂടിയാകുന്നത്.

ഭക്തികളിൽ താല്പര്യം കാണിക്കാത്ത യുവതലമുറ, പക്ഷേ, മൂല്യാധിഷ്ഠിതമായ സാമൂഹ്യപ്രവർത്തനങ്ങൾക്ക് തയ്യാറാവുന്നത് കാണാം. ലഹരിക്കും മറ്റും വിധേയപ്പെട്ടു പോകുവാനുള്ള വലിയ കെണി യാഥാർത്ഥ്യമാണെങ്കിലും ഒരു വലിയ വിഭാഗം സേവനം, സമത്വം, സ്വാതന്ത്ര്യം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പ്രയോഗികമാക്കാനും ഒരുക്കമാണ്. അതിനുള്ള അവസരങ്ങൾ, മേല്പറഞ്ഞ സങ്കുചിതത്വങ്ങളിലേക്കു ചുരുക്കപ്പെടാതെ ലഭിക്കുന്ന ഇടങ്ങൾ ആണ് അവർ പുറമേ അന്വേഷിക്കുന്നത്. നന്മയിലേക്ക് തുറന്നിരിക്കുന്ന ഓരോ സാമൂഹിക-സാംസ്കാരിക പ്രവണതയിലും വെളിപാടനുഭവവും ദൈവാനുഭവവുമുണ്ട്. തങ്ങളുടെ സ്വാഭാവികമായ കഴിവുകളെ ക്രിയാത്മകമായ രീതിയിൽ വിശ്വാസം-സഭ എന്ന ഘടനയിലേക്ക് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് സഭയിലേക്കു ഓരോരുത്തരുടെയും ഉൾച്ചേർച്ചയെക്കുറിച്ചുള്ള അവബോധം കൂടിയാണ്. ഓരോ വ്യക്തിയുടെയും പൂർണ്ണതയുടെ (integral completion) മൂല്യം സഭ എത്ര മാത്രം കാര്യമാക്കുന്നുണ്ട് എന്നതാണ് കാര്യം. അതില്ലാത്തപ്പോൾ 'സഭ' എന്നത് അവർക്കു പുറമെയുള്ള ഒരു സംവിധാനം (external entity) മാത്രമായി നിലകൊള്ളും.

വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത

പ്രമാണങ്ങളെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ വേണ്ടത്ര അറിവില്ലാത്തത് അവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ സന്ദേഹത്തിനും പരിഹാസത്തിനും അർത്ഥശൂന്യതക്കും കാരണമാകുന്നു. ഉപരിപ്ലവമായ കാല്പനികതയിൽ വളർത്തിയെടുക്കുന്ന ആത്മീയതയും ഭക്തിയും കാതലായ വിശ്വാസബോധ്യങ്ങൾ നൽകാൻ പരാജയപ്പെട്ടു എന്ന് മനസിലാക്കാൻ വൈകിക്കഴിഞ്ഞു. വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനപരമായ പ്രബോധനങ്ങൾക്കു പകരം അവയെയും വർണാഭമായ ഭക്തിയിലേക്ക് ഉയർത്തി 'ദൈവപ്രീതിയുടെ' ഉപകരണങ്ങളാക്കപ്പെട്ടു. ബൈബിളിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പരിഹാസ്യരാകേണ്ടി വരുന്നത് ബൈബിൾ പഠിക്കേണ്ടതെങ്ങനെയെന്നു അവർ അറിയാതെ പോയതുകൊണ്ടാണ്. പകർത്തിയെഴുതുന്നതും, ഹൃദ്ദിസ്ഥമാക്കുന്നതും ആവർത്തിച്ചു ചൊല്ലി പ്രത്യേക ഉപകാരങ്ങൾ ലഭ്യമാക്കുന്നതും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതും സഭയുടെ വ്യാഖ്യാനരീതിയല്ല. ഒരു ചോദ്യോത്തരവേദിയോ ആ ശൈലിയിലുള്ള പുസ്തകമോ വഴി പരിഹരിക്കാവുന്നതല്ല വളർന്നു വരുന്ന സന്ദേഹവും അർത്ഥശൂന്യതയും. ജീവിതത്തോടുകൂടി ബന്ധിപ്പിച്ചു വിശ്വാസവും വചനവും ഗ്രഹിക്കാനും പരിശീലിക്കാനും ഉള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെങ്കിലേ അവ ആസ്വാദ്യമാകൂ.

ശാസ്ത്രത്തോടുള്ള പുച്ഛവും ശത്രുതയും

ലൗകികമെന്നു ശാസ്ത്രത്തെ ആക്ഷേപിക്കുമ്പോൾ, ആത്മീയവും സ്വർഗ്ഗീയവുമെന്നു കരുതപ്പെടുന്ന വിവരണ സങ്കൽപ്പങ്ങൾ അരിസ്റോട്ടിലിന്റെയും പ്ലേറ്റോയുടേയുമൊക്കെ പ്രപഞ്ചവീക്ഷണവും നരവംശശാസ്ത്രവുമായിരുന്നെന്നു തിരിച്ചറിയണം. ലഭ്യമായിട്ടുള്ള പല ലേഖനങ്ങളിലും എന്ത് കൊണ്ട് സൃഷ്ടിവാദികളുടെ (creationists) അവകാശവാദങ്ങൾ നിറഞ്ഞു നില്കുന്നു എന്നത് ആശ്ചര്യമുണ്ടാക്കുന്നു.

ഏതൊരു സിദ്ധാന്തവും അപൂർണ്ണവും ആപേക്ഷികവുമാണ്. എന്നാൽ അവയിലുള്ള ശാസ്ത്രീയ തത്വങ്ങൾ അവഗണിക്കാനാവില്ല. സൃഷ്ടി, ജീവൻ, മനുഷ്യൻ തുടങ്ങിയവയെക്കുറിച്ച് നമുക്ക് ഇനിയും എത്രയോ അറിയാനായുണ്ട്? ശാസ്ത്രത്തിലും ഉള്ള വചനാംശം നമുക്ക് കൂടുതൽ തെളിമ നൽകണം. പക്വമായ ഒരു ശാസ്ത്രബോധം വിശ്വാസതലത്തെ ദൃഢമാക്കാനും തെളിമയുള്ളതാക്കാനും സഹായിക്കും. ശാസ്ത്രത്തിന്റെ സംഭാവനകളെ പുച്ഛിക്കുകയും ലൗകികമെന്നു അധിക്ഷേപിച്ചു മാറ്റിനിർത്തുകയും ചെയ്യുന്നത് വിശ്വാസം സത്യത്തിൽ നിന്നും എത്രയോ അകലെയാണെന്ന തോന്നലിലേക്കു അനേകരെ നയിക്കുകയാണ്. ശാസ്ത്രത്തിന് why കളെക്കുറിച്ചു ഒന്നും പറയാനാകില്ലെന്നും അത് ദൈവത്തെക്കുറിച്ചുള്ള തെളിവാണെന്നും പറഞ്ഞു വയ്ക്കുന്നവരുണ്ട്. എന്നാൽ അത്തരം അതിഭൗതികാവസ്ഥകളിൽ മാത്രം ദൈവത്തെ കാണുന്നത് വിശ്വാസത്തിന്റെ പരാജയമാണ്. what's കളും how's ഉം നമുക്ക് മുമ്പിൽ തുറന്നു തരുന്ന സത്യങ്ങളിൽ ദൈവസാന്നിധ്യവും കൃപയുടെ പ്രവൃത്തികളും കാണാൻ കഴിയട്ടെ. വിശ്വാസവും സ്പർശനീയമാകും.

പുതുക്രിസ്തു - താരാരാധന

ദേശീയതയും വർഗീയതയും വളർത്തുന്ന ചിലരുടെ ആദർശങ്ങൾക്കൊത്ത വിധം ക്രിസ്തുവിനു പുതുസൃഷ്ടി നല്കുന്നവരുണ്ട്. ആ ക്രിസ്തുവിനെ പാകി മുളപ്പിക്കുന്ന യാഥാസ്ഥിതിക പ്രഘോഷകർ വിശ്വാസത്തെ തകർക്കുകയും അനേകരെ അകറ്റുകയും ചെയ്യുന്നു. പൊതുസ്ഥലങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ട, വെല്ലുവിളിക്കാൻ ഉപയോഗിക്കാവുന്ന ഒരു brand symbol ആയി വിശ്വാസത്തെയും വിശ്വാസത്തെ സംബന്ധിച്ച അടയാളങ്ങളെയും യേശു ക്രിസ്തു എന്ന പേരിനെയും ഉപയോഗിക്കുന്നു. Pop-സംസ്കാരത്തിലെ നൃത്തവും കലയും പാപമായും ദൈവരഹിതമായും കുറ്റം വിധിക്കുമ്പോൾ അതേ വഴിയിൽ വരുന്ന 'വിശ്വാസ'പ്രവണതകൾ വിശ്വാസത്തിന്റെ വളർച്ചയുടെ അടയാളങ്ങളായി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. മതത്തോടുള്ള ആധുനിക അഭിനിവേശം, അവയുടെ സാമൂഹികഘടനകളും സാംസ്‌കാരിക പശ്ചാത്തലവും, രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്തു പരിശോധിച്ചാൽ അവ വിശ്വാസത്തേക്കാളേറെ, ആധുനികതക്കും മതരാഹിത്യത്തിനുമെതിരെയുള്ള സാംസ്കാരികമായ ഒരു തീവ്രപ്രതികരണമാണ് എന്ന് കാണാം. നിർഭാഗ്യവശാൽ അത്തരം പ്രവണതകളാണ് ഇന്ന് സത്യവിശ്വാസമായി അവതരിപ്പിക്കപ്പെടുന്നത്. അത് ഏറ്റെടുക്കുന്ന സഭയിൽ ക്രിസ്തുവിനു സ്ഥാനമില്ലാത്തതു കൊണ്ട് ജീവനും ഉണ്ടാവില്ല.

എമ്മാവൂസ്

തങ്ങളായിരിക്കുന്നിടത്ത് ക്രിസ്തു ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വേദനയാണ് അകൽച്ചയുടെ കാരണം. ആ ശൂന്യത വഹിക്കുമ്പോഴും ക്രിസ്തു അകലുന്നവരെ അനുയാത്ര ചെയ്യുന്നു എന്നതാണ് സത്യം. അവർക്കായി അവൻ അപ്പം മുറിക്കും. വിശ്വാസം നമ്മെ ജീവിതത്തിന്റെ സമഗ്രതയിൽ ചേർത്തുവയ്ക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടത്. അതിനായി, കാലത്തെയും സംസ്കാരത്തിന്റെ/ ഇടകലർന്ന സംസ്കാരങ്ങളുടെ അടയാളങ്ങളെയും കാണാൻ നമുക്ക് കഴിയണം. ചിതറിക്കപ്പെടുന്നവരെ ഒരുമിച്ചു ചേർക്കുന്നത് സ്നേഹത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവങ്ങളാണ്. സ്നേഹിക്കാനും പരസ്പരം കരുതലുള്ളവരാകുവാനുമാണ് യേശു പഠിപ്പിച്ചതും. റീത്തും പാരമ്പര്യങ്ങളും, മതവും ജാതിയും മാറ്റിവയ്‌ക്കേണ്ടതുണ്ടോ? മാറ്റിവയ്ക്കണം! ബിംബവത്കരണത്തിനു വിധേയമാകുന്ന 'യേശു ക്രിസ്തു' പോലും മാറ്റി നിർത്തപ്പെടണം. സ്നേഹവും കരുതലും കൂട്ടായ പ്രവർത്തനങ്ങളും സാധ്യമാകുന്ന എല്ലാ ഇടങ്ങളും, കുടുംബങ്ങൾ മുതൽ ആശുപത്രികൾ, വൃദ്ധ സദനങ്ങൾ അനാഥാലയങ്ങൾ തെരുവുകൾ വരെ അതിരുകളില്ലാതെ ചെന്നെത്താൻ നമുക്ക് കഴിയുന്നെങ്കിൽ ക്രിസ്തു സാന്നിധ്യമുള്ള ഒരു സമൂഹത്തെ വീണ്ടുമൊരിക്കൽക്കൂടി അനേകർ കണ്ടെത്തും. പരാജയപ്പെടുമ്പോൾ പോലും സ്നേഹിക്കാൻ ആത്മാർത്ഥത കാണിക്കുന്ന ഒരു സമൂഹമായിക്കൊണ്ട് അടയാളമാവുകയും ചെയ്യും. വിശ്വസിക്കുന്നവ, നിറവോടെ ജീവിക്കുവാനുള്ള ഒരു ക്ഷണമായി ഓരോ നിമിഷവും അനുഭവവേദ്യമാവുകയും ചെയ്യും.

നമ്മുടെ സാംസ്‌കാരിക സാമൂഹിക പരിസ്ഥിതിയെ അടുത്തറിയാൻ നമ്മൾ എവിടെയോ പരാജയപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഏറെ സങ്കീർണ്ണമായ ഒരു അവസ്ഥയിലാണ് നമ്മുടെ സമൂഹം. ഈ സങ്കീർണ്ണതയിലേക്ക് വിശ്വാസത്തെ പരിഭാഷ ചെയ്യാൻ നമുക്ക് കഴിയണം. പക്ഷേ, ഒന്നുകിൽ നമ്മൾക്കു അതിനുള്ള കഴിവില്ല, അല്ലെങ്കിൽ അതിനു നമ്മൾ ഒരുക്കമല്ല/തയ്യാറല്ല. കഴിവില്ല എന്ന് പറയുമ്പോഴും, കഴിവുള്ള അനേകർ നമുക്കിടയിൽ (പൊതുസമൂഹത്തിൽ) ഉണ്ട് എന്നതാണ് സത്യം. തയ്യാറല്ല എന്നതിൽ, അത് നമ്മുടെ സുരക്ഷിതത്വങ്ങളിൽ നിന്നകലാൻ നമ്മൾ തയ്യാറല്ല എന്നതു തന്നെയാണ്. എന്തിലാണ് ആ സുരക്ഷിതത്വം? എന്നോ ഒരു കാലത്ത് രൂപപ്പെടുത്തിയ ദൈവസങ്കല്പങ്ങളും, പ്രപഞ്ച സങ്കല്പങ്ങളും, മനുഷ്യ നിർവചനങ്ങളും വെച്ച് ചേർത്ത വിവരങ്ങളാണ് എല്ലാറ്റിനെയും വ്യാഖ്യാനിക്കാനുള്ള മാനദണ്ഡമായി ഇന്നും കയ്യിലുള്ളത്. അത് നന്മ തിന്മകളുടെ ദ്വന്ദയുദ്ധങ്ങളിലേക്കു കൂടി ചേർത്ത് വയ്ക്കുന്നതോടു കൂടി എല്ലാത്തിനുമുള്ള ഉത്തരങ്ങളായി. മനുഷ്യനെക്കുറിച്ചും, 'ആത്മാവിനെക്കുറിച്ചും', ദൈവപ്രവൃത്തികളെക്കുറിച്ചും (divine action)  കൃപയുടെ പ്രവൃത്തിയെക്കുറിച്ചുമൊക്കെ വികലവും അപക്വവുമായ ഭാവനാജന്യമായ കാര്യങ്ങളാണ് വിശ്വാസങ്ങളായി പഠിപ്പിക്കപ്പെടുന്നത്. വളരുകയും മാറുകയും ചെയ്ത അറിവുകൾ, അസ്ത്വിത്വാനുഭവങ്ങൾ, മനുഷ്യാവസ്ഥകൾ, സംഘർഷങ്ങൾ എന്നിവക്ക് നല്കപ്പെടേണ്ട ഇടം ഈ കഥകൾക്കുള്ളിൽ ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായി കാണേണ്ടത്. ജനിതക ശാസ്ത്രം, നാഡീവ്യൂഹങ്ങളെക്കുറിച്ചും മനസിനെക്കുറിച്ചും വൈകാരികാവസ്ഥകളെക്കുറിച്ചുമുള്ള പഠനങ്ങൾ, പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള അറിവുകൾ പുതിയ ആഖ്യാനങ്ങളിലെ തെളിമ നൽകുന്ന വെളിച്ചമാകണം.  സങ്കല്പങ്ങളും ദർശനങ്ങളും നെയ്യപ്പെടുന്ന പ്രതീകങ്ങളിൽ ചിലവ ശുദ്ധീകരിക്കപ്പെടേണ്ടതും, ചിലവ ഉപേക്ഷിക്കേണ്ടതും, ചിലവ കാലത്തിനൊത്തു പരിഷ്കരിക്കേണ്ടതുമാണ്. അത് ചെയ്യാൻ തയ്യാറാവാത്തതും, അതിനു മുതിരുന്നതിലുള്ള ധൈര്യമില്ലായ്മയും നമ്മളെ തളർത്തുന്നു. അങ്ങനെ ചെയ്‌താൽ മത-വിശ്വാസ ഘടനകൾ തകരുമെന്നോ അതനുസരിച്ചു നമുക്ക് മാറേണ്ടി വരുമെന്നോ ഒക്കെയാണ് നമ്മുടെ ഭയം. ഏറ്റവും നല്ല ഉദാഹരണം ക്രിസ്തുവിൽ ഒന്നാകുന്ന ദൈവജനമാണ് സഭ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ കാഴ്ചപ്പാട്. അത് വഴി ഉണ്ടാകുന്ന തകർച്ചകളും നഷ്ടങ്ങളും എന്താണ്? അവ ഭീതിപ്പെടുത്തുന്നത് ആരെയാണ്?

മുകളിൽ പറഞ്ഞ മത നിർമ്മിത ലോകത്തേക്ക് മനുഷ്യജീവിതത്തെ മുഴുവൻ തളച്ചിടാൻ നിർബന്ധമുള്ളത് മതനേതാക്കൾക്കാണ്. ജോലിരഹിതരായും, ജോലിയുടെ സംഘർഷങ്ങൾ കൊണ്ടും കടബാധ്യത കൊണ്ടും അക്ഷരാർത്ഥത്തിൽ അലയുന്ന ഒരു യുവ തലമുറ നമുക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അവയെ അവഗണിച്ചു കൊണ്ടാണ് അവരെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും പ്രാദേശികതയുടെയും തീവ്രഭാവങ്ങൾ അത്യാവശ്യമായ വിശ്വാസഘടകങ്ങൾ ആക്കി അവരെ ഭാരപ്പെടുത്തുന്നത്. മാത്രമല്ല, അവയെ മിൽട്ടന്റെയും ഡാന്റെയുടെയും കൃതികൾക്കുള്ളിലേക്കു തള്ളിവിടുന്നത് വിശ്വാസത്തിന്റെ ഭാവമേയല്ല. അങ്ങനെ, വിശ്വാസത്താൽ നയിക്കപ്പെടുന്ന ഒരു സമൂഹമാകാൻ നമുക്കാവില്ല. നമ്മുടെ സന്യസ്തർക്കും പുരോഹിതർക്കും അതിനു തക്കതായ വിശ്വാസത്തെ സങ്കൽപ്പിക്കാൻ കഴിയുന്നുമില്ല. പകരം, നമുക്ക് എളുപ്പം ഏർപ്പെടുത്താൻ കഴിയുന്ന അപ്രധാന കാര്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സൗകര്യപൂർവ്വം ശ്രമിക്കുകയാണ് പതിവ്. 

ഒക്‌ടോബർ 09, 2022

സൗഖ്യം - ശിഷ്യത്വം

 പച്ചപ്പും ആർദ്രതയും ഉള്ളതാണ് ദൈവരാജ്യം; അത് തിളങ്ങണമെന്നില്ല. മഹത്വങ്ങളെക്കുറിച്ചു ക്രിസ്തു ചൂണ്ടിക്കാണിച്ച മൂഢതകൾത്തന്നെ ശിഷ്യത്വത്തിന്റെ അലങ്കാരമാക്കാൻ തുനിഞ്ഞിറങ്ങുന്ന കാലഘട്ടം നമ്മുടേതു മാത്രമല്ല. ആധിപത്യവും സമ്പന്നതയും, മഹിമയും പ്രതാപവുമായി കാണുന്ന കാലത്തോട് തന്നെ 'ക്രിസ്തു' വെല്ലുവിളി തീർക്കുന്നു. പ്രതാപപൂർണ്ണനായ രാജാവിനെ മിശിഹായുടെ രൂപമായിക്കണ്ട ഒരു സമൂഹത്തെ സ്വയം ശൂന്യവൽക്കരിക്കാൻ വിളിക്കുന്നതിലൂടെ തന്റെ അഭിഷേകത്തെക്കുറിച്ചു മാത്രമല്ല ശിഷ്വത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചുകൂടി യേശു പറഞ്ഞു വയ്ക്കുകയാണ്. ഭരിക്കുന്ന, വിറപ്പിക്കുന്ന, വാഴുന്ന തമ്പുരാൻ ക്രിസ്തുവിന്റെ പിതാവിന് യോജിച്ച ഗുണങ്ങളായി ക്രിസ്തു കണ്ടില്ല. കേൾക്കുന്ന, സ്വീകരിക്കുന്ന, പരിപാലിക്കുന്ന, ഉപാധികൾ വയ്ക്കാത്ത സ്നേഹമാണ് ക്രിസ്തു അറിഞ്ഞ ദൈവം (വേറൊരു രൂപം ദൈവത്തിനു വരച്ചു ചേർക്കാൻ ശിഷ്യർക്കാവും, എന്നാൽ അവർ ക്രിസ്തു ശിഷ്യരായിരിക്കില്ല). മൂഢതകളിൽ അഭിരമിക്കുന്നവർക്ക് അത് തിരുത്താൻ വലിയ പാടാണ്. മാത്രമല്ല, ആ മൂഢതകളെ ദൃഢപ്പെടുത്തും വിധം അവർ ദൈവസംഹിതകളുടെ വള്ളിപുള്ളികൾ മാറ്റിയിടുകയും ചെയ്യും.

ഈ 'മൂഢതകളെ' ആഗ്രഹിക്കാൻ പോലുമാവാതെ ഹതഭാഗ്യരായവർ ദൈവപ്രീതിയില്ലാതെ അലയുന്നവർ ആയാണ് ആദ്യത്തെ കൂട്ടരുടെ കാഴ്ചപ്പാട്. എന്നാൽ, സുഖം പ്രാപിക്കാൻ നിനക്കാഗ്രഹമുണ്ടോ? എന്ന ചോദ്യത്തിന് ഏറ്റം ആഴത്തിൽ നിന്നുള്ള ഉത്തരം കൊടുക്കുന്നത് ധനവും അധികാരവും പരിശുദ്ധിയും അഹങ്കാരമാക്കാനില്ലാത്ത വ്രണിതരാണ്. ക്രിസ്തുവിനെ നേരിൽ കണ്ടു ഗ്രഹിച്ച ഒരാളുടെ ക്രിസ്ത്വാനുകരണം ജീവനിലേക്കുള്ള നടപ്പാണ്. സൗഖ്യപ്പെടുന്നവരുടെ ഒരുമിച്ചുള്ള നടത്തം. പരസ്പരം താങ്ങിയും ശുശ്രൂഷിച്ചും പ്രോത്സാഹിപ്പിച്ചും മുറിവ് വെച്ച് കെട്ടിയും സ്വയം ഗ്രഹിച്ചെടുക്കുന്ന ക്രിസ്തു സ്വത്തം കൂടിയാണത്. ഒരുവനെ 'പാപി' ആക്കിയത് കൊണ്ട് ഉറപ്പിക്കപ്പെടുന്ന വിശുദ്ധി സ്വയം നിഗളിപ്പുകൂടിയാകുമ്പോൾ അതിൽ ജീവസാന്നിധ്യം അല്പം പോലുമില്ല. 

ലാസറും നല്ല സമരായക്കാരനും ഒരുമിച്ചു കാണപ്പെടുമ്പോൾ പത്തു കുഷ്ഠരോഗികളും ശിഷ്യത്വത്തിന്റെ പാഠങ്ങളിൽ  തെളിഞ്ഞു നിൽക്കും. അകലെയെവിടെയോ ഉള്ള ദൈവം, താണുവീണു വിലപിച്ചതിന്റെ ഫലമായി കനിഞ്ഞു നൽകുന്ന സൗഖ്യം ഒരു വശത്തും, ഭൗതിക ശരീരങ്ങളിൽ കൃപയുടെ അഭിഷേകം നിറച്ചു ദൈവസാന്നിധ്യം  'നമുക്കിടയിൽത്തന്നെയുള്ളത്' മറുവശത്തും. രണ്ടാമത്തേതിലുള്ള ഹൃദ്യത സത്യമായി കാണാൻ കഴിഞ്ഞെങ്കിലേ ക്രിസ്തുവിന്റെ തന്നെ ശരീരത്തിന്റെയും രക്തത്തിന്റെയും വർണ്ണനകൾ 'സ്വർഗീയത'യിൽ നിന്ന്  മോചിപ്പിക്കപ്പെട്ട് അനുദിന ജീവിതത്തിലേക്ക് കടന്നു വരാൻ അനുവദനീയമാകൂ. 'ഇന്ന്' നമ്മുടെ ഭവനങ്ങളിൽ, നമ്മുടെ ശരീരങ്ങളിലെ ക്ഷതങ്ങളിൽ ജീവന്റെ അനുഭവം പകർന്നു നൽകാൻ, അത് സ്വീകരിക്കാൻ നമുക്ക് എന്തുകൊണ്ടോ മടിയാണ്. ജീവൻ, സൗഖ്യം എന്നിവ രോഗങ്ങളെ സംബന്ധിച്ച് മാത്രമല്ല, അവ നീതി, കരുണ, സ്വീകാര്യത, സമാധാനം തുടങ്ങിയവ കൂടി ഉൾക്കൊള്ളുന്നതാണ്. സൗഖ്യം സ്വീകരിക്കുന്ന ശിഷ്യരും, സൗഖ്യം നൽകുന്ന ശിഷ്യരും അങ്ങനെ കണ്ടെത്തുന്ന ആനന്ദമാണ് ദൈവരാജ്യം. അത് ഇന്നിലേക്കു ചുരുക്കപ്പെടുകയല്ല, നാളെയിലേക്ക് കൂടി ഉറപ്പിക്കുകയാണ്.

ഒക്‌ടോബർ 02, 2022

നവീനത

പിറകോട്ടു നടക്കാനുള്ള തീവ്രമായ അഭിലാഷത്തെ കാലിക പ്രസക്തിയുള്ള നവീനതയായി കാണാൻ ആവില്ല. ജീവിതത്തെയും ഭക്തിയെയും വിശ്വാസത്തെയും ഒരു മ്യൂസിയം സംസ്കാരത്തിൽ അടച്ചു നിർത്താനാണ് ആ ശ്രമം. തനിമയുടെ തകർച്ചയിൽ അതിനെ പിടിച്ചു നിർത്താനുള്ള തീവ്രശ്രമങ്ങൾക്കൂടിയാണവ. കാലം കഴിഞ്ഞവ ജീർണിക്കുകയും, തുടരേണ്ടവ നവീനമായ ഭാവങ്ങളിൽ മുന്നോട്ടു കടക്കുകയും ചെയ്യും. 

ഏതൊരു മാറ്റത്തിനും, അതിലേക്കു നയിക്കുന്ന ഒരു വിവരധാര പ്രധാനമാണ് (ജൈവപ്രക്രിയകളിലും ഇവ പ്രകടമായത് കൊണ്ടാണ് വിവരധാര എന്നുപയോഗിച്ചത്‌). പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, പുതിയ ലക്ഷ്യങ്ങൾ, പുതിയ മാർഗ്ഗരേഖകൾ, മാറ്റത്തിന്റെ ആവശ്യത്തെക്കുറിച്ച് ആന്തരികമായ ഉൾക്കാഴ്ചയും ബോധ്യവും എന്നിവ വളരെ പ്രധാനമാണ്. അത്തരം ഉൾകാഴ്ചയുള്ളവർ സമകാലികപ്രസക്തവും ജീവപൂർണ്ണവുമായ വിവരങ്ങളെ ശക്തവും കൃത്യവുമായ വിധത്തിൽ നവീനതക്കു തയ്യാറുള്ളവരുടെ മുമ്പിൽ എങ്ങനെയാണ് അവതരിപ്പിക്കുകയെന്നതും പ്രധാനമാണ്. 

അവബോധം ഒരു ധാരപോലെ ആന്തരിക ശക്തി നേടുമ്പോൾ സംവിധാനത്തിന്റെ (ജൈവികമോ സാമൂഹികമോ മതപരമോ ആവട്ടെ) പെരുമാറ്റ പ്രക്രിയകളിലും പ്രതികരണങ്ങളും മാറ്റം സൃഷ്ടിക്കും. സംവിധാനത്തിൽ നിന്ന് തന്നെയുള്ള ചെറുത്തു നിൽപ്പ് പ്രതീക്ഷിക്കേണ്ടതാണ്, കാരണം, നിലവിലുള്ള സംവിധാനത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്നവർ നവീനതക്കെതിരെ  ശക്തമായ എതിർപ്പ് രൂപപ്പെടുത്തും.നിലവിലുള്ള ക്രമം ഇല്ലാതായാൽ സംവിധാനം തന്നെ ഇല്ലാതാകുമെന്ന  ഭീതിയാണ് അവരുടെ ഏറ്റവും വലിയ സ്വാധീന-ഉപകരണം. 

ക്രിസ്തു പകർന്നു നൽകിയ അന്തർധാര ശിഷ്യരിൽ എന്ത് തരം നവീനതയാണ് പകർന്നു നൽകിയത്?  ഏതൊക്കെ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം നിലനിർത്തിക്കൊണ്ടാണ് ക്രിസ്തു തന്റെ ആന്തരികമായ ഉൾക്കാഴ്ച  രൂപപ്പെടുത്തിയത്? 'ദൈവഹിതം ഭൂമിയിൽ' എന്ന ക്രിസ്തു ദർശനത്തിൽ അവൻ കണ്ടത് എന്താണ്? ആ ദർശനത്തെ ഉൾക്കൊള്ളുവാൻ ഇന്നത്തെ ക്രിസ്തുശിഷ്യന്റെ വിശ്വാസം രൂപപ്പെട്ടിരിക്കുന്നത് എപ്രകാരമാണ്? 

പുകച്ചുരുളുകളിൽ വസിക്കുകയും മേഘത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന ദൈവത്തെ സ്വർണ നാണയങ്ങൾ നൽകി പ്രീതിപ്പെടുത്താവുന്ന വിശ്വാസവും ഭക്തിയും ക്രിസ്തുവിന്റെ പിതാവിനോടുള്ള സ്നേഹത്തിന്റെ ഭാഗമല്ല. സമയാസമയങ്ങളിലുള്ള പ്രകീർത്തനങ്ങളും, അവ ദൈവ ഹിതത്തെ കാണാനും പൂർത്തിയാക്കാനും സഹായിക്കുന്നില്ലെങ്കിൽ വ്യർത്ഥമാണെന്നു അവൻ ഉറപ്പിച്ചു പറഞ്ഞു. സുഗന്ധദ്രവ്യങ്ങളുടെയും പുകയുടെയും പ്രകീർത്തനങ്ങളുടെയും കാല്പനികതയിൽ നിർവൃതി കാണാൻ സുന്ദരവും സുരക്ഷിതവുമായ കോട്ടത്തളങ്ങളിൽ എളുപ്പമാണ്. ദൈവരാജ്യം വെളിപ്പെട്ടു കിട്ടിയ 'ശിശു'ക്കൾക്ക്  ദൈവരാജ്യം ഏതു നിമിഷവും അവർക്കു തുറക്കാവുന്ന നിധിയായാണ് ക്രിസ്തു പരിചയപ്പെടുത്തിയത്. ഒരു ഉച്ചനീചത്വവുമില്ലാതെ ഒരുമിച്ച് പങ്കു വയ്ക്കുന്ന ആനന്ദം; ദൈവമക്കളുടെ സ്വാതന്ത്ര്യമെന്ന ആനന്ദം. പച്ചമനുഷ്യന്റെ ജീവിതത്തിന്റെ നാനാതുറകളിൽ തന്നെ ആ വാതിലുകൾ തുറന്നു കിടക്കുന്നു. നിത്യവും അലൗകികവുമായ സ്വർഗ്ഗ സങ്കൽപ്പങ്ങൾ എവിടെ നിന്നാണ്? ദൈവസാന്നിധ്യത്തെയും കൃപയുടെ പ്രവൃത്തികളെയും അസാധ്യമാക്കുകയാണ് ആത്മീയതയുടെ കാല്പനിക വിവരണങ്ങൾ. സുവിശേഷമൂല്യങ്ങളുടെ ആഗ്രഹവും അനുഭവവും ദൈവരാജ്യയാഥാർത്ഥ്യമായി 'ഇപ്പോഴത്തെ' സത്യമായി ക്രിസ്തു മാറ്റുന്നു. 

പുകച്ചുരുളുകളിൽ മതിമറക്കുന്ന ആത്മീയാഭിലാഷങ്ങൾ ശൂന്യമാണെന്ന് അറിയുമ്പോഴും അവ ജീവശ്വാസമാണെന്ന്  ഏറ്റു പറയുന്നവർ തങ്ങളെ തകർക്കുന്നവരാണ്. ഇന്നിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, പുതിയ ലക്ഷ്യങ്ങൾ, പുതിയ മാർഗ്ഗരേഖകൾ, മാറ്റത്തിന്റെ ആവശ്യത്തെക്കുറിച്ച് ആന്തരികമായ ഉൾക്കാഴ്ചയും ബോധ്യവും എന്നിവ വിശ്വാസത്തിലും വളരെ പ്രധാനമാണ്, സഭയിലും.

Polycrisis ൽ കാണേണ്ട ദൈവരാജ്യം

പലരും polycrisis എന്ന് വിളിക്കുന്ന ഒരു പരിണാമദശയിലാണ് നമ്മൾ ഓരോരുത്തരും. പലവിധത്തിലുള്ള തകർച്ചകൾ മനുഷ്യർക്ക് മാത്രമല്ല, ഈ ഭൗമപ്രതലത്തിലെ എല്ലാവിധ അവസ്ഥകൾക്കും വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നവയാണ്. അവയെ അഭിമുഖീകരിക്കുന്നവയിൽ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളും ഭരണക്രമങ്ങളും കാണിക്കുന്ന കാപട്യം കൂടുതൽ സംഘർഷങ്ങൾക്കാണ് വഴി വയ്ക്കുന്നത്. തികച്ചും സന്തുലിതമായ രീതിയിൽ തുടരുക എന്നതല്ല ഒരു സംസ്കാരത്തിന്റെ ഉദാത്തവും കുലീനവുമായ അവസ്ഥ. മറിച്ച്, ഏറ്റവും വലിയ സംഘർഷാവസ്ഥയെ എത്രയും ക്രിയാത്മകമായി ഏറ്റെടുത്തു പുതിയൊരു പിറവി നല്കാനാവുന്നു എന്നതാണ്. 

സംഘർഷങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാത്തതിന്റെ ഒന്നാമത്തെ കാരണം ആ സംഘർഷങ്ങളിൽ നിന്ന് നേട്ടം കൊയ്യുന്നവരുടെ താല്പര്യങ്ങൾ തന്നെയാണ് (അത് രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആവട്ടെ). ഉക്രൈൻ -റഷ്യ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ആരാണ്? യൂറോപ്പിന്റെയും ബ്രിട്ടന്റെയും സാമ്പത്തിക നില തകരുമ്പോഴും കരുത്ത് നേടുന്നത് ആരാണ്? സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കാൻ ആയുധം ആവശ്യപ്പെടുന്നവർ അവരുടെ രാജ്യങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ (ഭൗമപ്രക്രിയകളെയും) പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിയിടുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ചർച്ചകളും നിർദ്ദേശങ്ങളും, ലോക രാഷ്ട്രങ്ങൾ തന്നെ നിഷ്ഫലമാക്കിക്കളഞ്ഞ അന്താരാഷ്ട്രനിയമങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ഭൂമിയെ ആത്മാർത്ഥതയോടെ കാര്യമായെടുക്കാത്ത ഒരു ചർച്ചയും നിലവിലുള്ള polycrisis സാഹചര്യത്തെ നേരിൽ കാണാൻ ശ്രമിക്കുന്നതല്ല. ഗ്യാസ് പൈപ്പുകൾ തകർക്കുകയും വെല്ലുവിളികളും ഉപരോധങ്ങളും പരസ്പര പ്രകോപനങ്ങളാക്കി ഒരു ആണവായുധത്തിലേക്ക് ലോകത്തെ കൊണ്ട് ചെല്ലുമ്പോൾ അതിനായി ഗവണ്മെന്റുകളോ മനുഷ്യ ജീവിതങ്ങളോ ഭൂമിയോ അതിനെ താങ്ങാനുള്ള വിധം ബലമുള്ളതാണോ എന്ന്  സംശയമാണ്. 

നമുക്ക് കുറവായിട്ടുള്ളത് ദർശനങ്ങളോ വീക്ഷണങ്ങളോ അല്ല, മറിച്ച് ഇച്ഛയാണ്. അതോ സ്വാർത്ഥതയും കപടതയും മൂലം മൂടപ്പെട്ടുമിരിക്കുന്നു. ഇത്തരം സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങളെ മതദേശീയതയാക്കി മനുഷ്യരെയും വിശ്വാസികളെയും ക്രൂരമായ വഞ്ചനക്കിരയാക്കുന്ന മതനേതാക്കൾ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അപകടമാണ്. അവരുടെ ബീഭത്സമായ അത്യാഗ്രഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ദൈവരാജ്യത്തെ കൂട്ടിച്ചേർത്തു മനുഷ്യമനഃസാക്ഷിയെ പിച്ചിച്ചീന്തുകയാണവർ.  സഹോദര്യത്തോടെ വരും കാലത്തേക്ക് ഒരു പുറപ്പാട് യാത്ര പ്രത്യാശയാകുമ്പോൾ അതിനെ തീർത്തും അസാധ്യമാക്കുകയാണ് ഇവർ. അവരുടെ ശക്തികളാണ് ഗവൺമെന്റുകളെ നയിക്കുന്നത് എന്നത് നമ്മെ നിസ്സഹായമാക്കുന്നു. മേല്പറഞ്ഞ കാര്യങ്ങളെ ലൗകികമായി അധിക്ഷേപിക്കുന്ന അവർ, നിത്യതയെന്നും അലൗകികമെന്നും വിളിക്കുന്ന ദൈവരാജ്യത്തിൽ സുവിശേഷ മൂല്യങ്ങളെ അസാധ്യവും അപ്രായോഗികവുമായ 'സിദ്ധാന്തങ്ങളായി' അവഗണിക്കുകയും ചെയ്യുന്നു. 

ഓരോ തകർച്ചയിലും നമ്മൾ വന്നെത്തുന്ന ദയനീയ അവസ്ഥ കുറെ വേദനിക്കുന്ന മുഖങ്ങളാണ്. തകർച്ചകൾ പല വിധത്തിലുള്ളതാണെങ്കിൽ അവ എത്തിക്കുന്ന ദുരിതങ്ങളൂം പലവിധമുള്ളതാകും. അവയെ മുൻകൂട്ടി  കണ്ടു കൊണ്ട് നമ്മുടെ ചുറ്റുപാടുകളിൽ ഏതൊക്കെ തരത്തിലുള്ള ഒരുക്കങ്ങൾ നമുക്ക് ആവശ്യമായിട്ടുണ്ട്? അതിൽ പരസ്പര സഹകരണത്തോടെ നമുക്ക് ചെയ്യുവാൻ കഴിയുന്നവ എന്തൊക്കെയാണ്? സഹായങ്ങളോ അനുമതികളോ ആയി ഉന്നതതലങ്ങളിൽ നിന്ന് കൂടി ആലോചിച്ച് പൊതുനയങ്ങൾ ആവശ്യമായിട്ടുള്ളവ എന്തൊക്കെയാണ്? ഇത്തരത്തിലുള്ള ഒരുക്കത്തിന്റെ ഗൗരവത്തെക്കുറിച്ച് പല തലങ്ങളിൽ (സാമൂഹികവും സാമ്പത്തികവും, വ്യക്തിപരവും ആത്മീയവും) ബോധ്യങ്ങൾ നേടുവാൻ എന്ത് ചെയ്യണം? 

"A global polycrisis occurs when crises in multiple global systems become causally entangled in ways that significantly degrade humanity’s prospects. These interacting crises produce harms greater than the sum of those the crises would produce in isolation, were their host systems not so deeply interconnected."