വൈവിധ്യങ്ങൾ ഒരു മാനുഷിക അസ്ത്വിത്താനുഭവമാണെന്നത് വിശ്വാസത്തിന്റെ വികാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ്. അകലുന്നവരിൽ കുറേപ്പേർ നിരാശപ്പെട്ടവരാണെങ്കിൽ ഒട്ടനേകം പേർ പുതിയ വിചിന്തനങ്ങൾ ഉൾക്കൊള്ളുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഷയും വ്യത്യസ്തമാണ്. നിലവിലുള്ളവയുടെ വികാസത്തിന് ക്ഷണിക്കുന്ന അത്തരം ഭാഷയെ എതിർപ്പുകളായി ചിത്രീകരിക്കുന്ന സംവിധാനങ്ങൾ ഇടുങ്ങി ശോഷിക്കുകയും, എന്നാൽ, അതേ സംവിധാനത്തെ പിന്താങ്ങുന്ന ചുരുക്കം ചിലർക്ക് ക്ഷണികമായ നേട്ടങ്ങൾ നൽകുകയും ചെയ്യും. 'മഹനീയമായ' ഭാഷ, ദേശം, വംശം, അനുഷ്ഠാനനരീതികൾ, പാരമ്പര്യം തുടങ്ങിയവ കൂടുതൽ സങ്കുചിതമാകുമ്പോൾ അത് അനേകർക്ക് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ആഹ്വാനം ചെയ്യപ്പെടുന്നതുപോലെ, സങ്കുചിതത്വങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ട് ജീവിതത്തിന് അർത്ഥപൂര്ണമായോ പ്രയോഗികമായോ ഒരു സൃഷ്ടി നൽകാൻ ആവില്ല. അവിടെ രൂപപ്പെടുന്ന വിടവ്, വിശ്വാസം തങ്ങളുടെ ജീവിതവുമായി സംവദിക്കുന്നില്ലെന്നും, പ്രബോധനങ്ങളും നേതൃത്വശൈലിയും 'ഇന്നിന്റെ' യാഥാർത്ഥ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കാത്തതാണെന്നും കരുതാൻ കാരണമാകുന്നു.
വിശ്വാസം ജീവിതഗന്ധിയല്ലാതായിത്തീരുന്നു എന്നതാണ് ഒരാളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത്. ഏറ്റുപറയപ്പെടുന്ന വിശ്വാസം ജീവിതവുമായി സന്ധിക്കുന്നതായോ ആ വിശ്വാസം ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ദൈവാനുഭവത്തിലേക്കുള്ള മാർഗ്ഗമായോ മാറുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. ഒരാളുടെ ജോലിരംഗത്തും കുടുംബത്തിലും ബന്ധങ്ങളിലും അയാൾ കടന്നു പോകുന്ന സമ്മർദ്ദങ്ങളെ കാര്യമായെടുക്കുന്ന, അവിടെ ദൈവരാജ്യാനുഭവം അനുഭവവേദ്യമാകുന്ന വിധം വിശ്വാസത്തെ തുറന്നു വയ്ക്കാൻ കഴിയുന്ന വിശ്വാസപരിശീലനമോ 'ധ്യാനങ്ങളോ' നമുക്കില്ല. എന്നാൽ അവരുടെ സമ്മർദ്ദങ്ങളെയും അവയിൽ നിന്നുണ്ടാകുന്ന വിഷമസന്ധികളെയും പല വിധേന കുറ്റംവിധിക്കുകയും സാന്മാര്ഗികതയുടെ പ്രഹരമേല്പിക്കുകയും ചെയ്യാറുമുണ്ട്. സഭ ഞങ്ങളെ അറിയാൻ ശ്രമിക്കുന്നില്ലെന്ന മൗനരോദനം കുട്ടികളുടെയും യുവജനങ്ങളുടെയും മാത്രമല്ല, കുടുംബമെന്ന അന്തസ്സിനെ കെട്ടിയുയർത്താൻ പരിശ്രമിക്കുന്ന അനേകരുടേതു കൂടിയാണ്. തീരെച്ചെറിയ കുഞ്ഞു മുതൽ ഇന്ന് കടന്നു പോകുന്ന മനുഷ്യാവസ്ഥ അടുത്തറിയാത്ത സഭക്ക് വിശ്വാസം അർത്ഥപൂർണ്ണമായി കണ്ടെത്താൻ കഴിയില്ല.
'എന്ത് വിശ്വസിക്കുന്നെന്ന' വാക്കുകളിലല്ല വിശ്വാസം; എന്താണോ വിശ്വസിക്കുന്നത്, അത് എന്തിലേക്കു ചൂണ്ടിക്കാണിക്കുന്നുവോ അതിലേക്കാണ് വിശ്വാസം തുറന്നിരിക്കേണ്ടത്. പ്രബോധനങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും ഭക്തിരീതികളും വേരുകൾ പോലെയാണ്. ഓരോരുത്തരുടെയും ജീവിതത്തോട് ചേർത്ത് വെളിപാടനുഭവവും ദൈവസാന്നിധ്യവും ഇവ പാലിക്കുന്നവർ സാധ്യമാക്കുന്നില്ലെങ്കിൽ ഇവയൊന്നും ദൈവത്തിലേക്കെത്തിക്കുമെന്ന് ഉറപ്പു നൽകുന്നില്ല. വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കേണ്ടത് വിശ്വാസത്തിന്റെ സത്യത്തെ അറിയാനും പാലിക്കാനും സഹായിക്കും. മാസ്മരികതകളും അനുഭൂതിയും വിശ്വാസത്തെ നിർവചിച്ചു തുടങ്ങുമ്പോൾ ആ വിശ്വാസം അന്ധകാരത്താൽ നയിക്കപ്പെടുകയാണ്. വിശ്വാസവും വിശ്വാസിയും ശുഷ്ക്കമാവുകയും ഭയം ആശങ്ക വ്യഗ്രത എന്നിവയിലേക്ക് അത് നയിക്കുകയും ചെയ്യും. ബുദ്ധിക്കോ യുക്തിക്കോ ഗ്രാഹ്യമല്ലാത്ത ഒരു വിശ്വാസതലം, യുക്തിരഹിതമോ ബുദ്ധിശൂന്യമോ ആവണമെന്നില്ല. ദൈവത്തിൽ ഏറ്റവും ആഴത്തിലുള്ള ഏല്പിച്ചുനൽകലിനാണ് (trust) സംശയിക്കാത്ത വിശ്വാസം എന്ന് പറയേണ്ടത്. ആ വിശ്വാസം വിവേചിച്ചും വിവേകത്താൽ നയിക്കപ്പെട്ടും ദൈവഹിതത്തിനെതിരായതോ മനുഷ്യാന്തസ്സിനു വിരുദ്ധമായതോ എന്തെങ്കിലും ചെയ്യുവാൻ അനുവദിക്കില്ല. സ്വന്തം വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കുക എന്നത് ദൈവവിരുദ്ധമല്ല, അത് ദൈവഹിതമാണ്. കൂടുതൽ സംവാദങ്ങൾക്കും തുറവിക്കും തയ്യാറാകുംവിധം ഈ വിവേചനാസ്വാതന്ത്ര്യം 'അനുവദനീയമെങ്കിൽ' വിശ്വാസ-യുക്തി-സാംസ്‌കാരിക പ്രക്രിയയിൽ പങ്കു ചേരുന്നവർ നിരവധിയുണ്ടാകും.
ഭക്തി വിശ്വാസത്തെ ശിഥിലമാക്കുന്നോ?
സാധാരണയായി, ഒരാളുടെ ഭക്താനുഷ്ഠാനങ്ങളെ നോക്കിക്കൊണ്ടാണ് ഒരാൾക്ക് വിശ്വാസമുണ്ടോ എന്ന് കണക്കാക്കിപ്പോരുന്നത്. എന്നാൽ ഭക്തിയുടെ പിന്നിലെ പ്രേരകഘടകങ്ങൾ പലതാകാം. ഭക്തിയുടെ സത്ത സ്നേഹമാണെങ്കിലേ അത് ദൈവഭക്തിയാകൂ. മതം/ദൈവം ആവശ്യപ്പെടുന്ന കാണിക്കകൾ പോലെ ഭക്തികളും പ്രാർത്ഥനകളും മാറ്റപ്പെടുമ്പോൾ, ആത്മീയത ‘ദൃശ്യമാക്കപ്പെടുന്നു’ണ്ടെങ്കിലും ആന്തരികതയിൽ ദൈവത്തെ നഷ്ടപ്പെട്ടു ദ്രവിക്കുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ്. പ്രത്യേക കാര്യസിദ്ധിയും, മാന്ത്രികശക്തിയും ചേർത്ത് വയ്ക്കപ്പെടുന്ന വിശേഷ പ്രാർത്ഥനകളും ഭക്തിയും വിശ്വാസത്തിനോടൊത്തു പോകാത്തതാണ്. മാത്രമല്ല, രുചികരവും പ്രിയങ്കരവുമായ ഭക്തിരൂപങ്ങൾ മേല്പറഞ്ഞ ജീവിതസമ്മർദ്ദങ്ങളെ ചൂഷണം ചെയ്യുമ്പോൾ, അല്പായുസുള്ള ആൾക്കൂട്ടവും ഭക്തി വളർച്ചയും സൃഷ്ടിച്ചെടുക്കാമെങ്കിലും ഭക്തിയിൽ അഭിരമിക്കുന്ന മതം മത്തുപിടിച്ചു നശിക്കുന്ന ഭോഷത്തമാണ് പ്രോത്സാഹിപ്പിക്കുന്നത്.
മാസ്മരികത, കാര്യപ്രാപ്തിക്കായുള്ള പരക്കം പാച്ചിൽ, മായികമായ പ്രതീക്ഷകൾ എന്നിവ ഭക്തിയുടെ സത്തയാകുമ്പോൾ അത് ഭയം, ആശങ്ക, വ്യഗ്രത എന്നിവയേ കൊണ്ടുവരൂ. കാഴ്ച, മോചനദ്രവ്യം, ഉടമ്പടികൾ തുടങ്ങിയവ ദൈവത്തെക്കുറിച്ചു തന്നെ തെറ്റായ രൂപമാണ് സൃഷ്ടിക്കുന്നത്. 'ദൈവത്തിനു' പിറകെ ഓടിയോടി ദൈവത്തെ നഷ്ടപ്പെടുത്തുന്ന ഭക്തർ! ആ തളർച്ച അനേകരിൽ ഉദാസീനതക്കും ദൈവരാഹിത്യത്തിനും കാരണമായിട്ടുണ്ട്. ഉപയോഗത്തിന് വേണ്ടി തേടിയ ദൈവം അവർക്ക് ഉപയോഗശൂന്യമായി തെളിയിക്കപ്പെട്ടു. വിശ്വാസമെന്നത് ഭക്താനുഷ്ടാനങ്ങളിലും പാരമ്പര്യങ്ങളിലും നിയമനിഷ്ഠയിലുമല്ല. സുവിശേഷത്തിനൊത്ത ഒരു ജീവിതം രൂപ്പപ്പെടുത്താൻ ഒരാൾക്ക് കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. പുണ്യങ്ങളിൽ വളർന്നു കൊണ്ടാണ് ഏതൊരു ഭക്തിയും വണക്കവും ഫലമണിയുന്നത്. ഭക്തിയിലും അനുഷ്‌ഠാനങ്ങളിലും പ്രേരകഘടകങ്ങളായി എന്ത് വർത്തിക്കുന്നു എന്ന് ആത്മശോധന ചെയ്ത് കണ്ടെത്തേണ്ടത് വിശ്വാസത്തിന്റെ വിവേചന പ്രക്രിയയിൽ വളരെ പ്രധാനമാണ്. വിശ്വാസമെന്നത് വൈകാരികമായ സ്വയം മറക്കലല്ല. അത് ഉത്തരവാദിത്തപൂര്ണമായ ബന്ധമാണ്. അതുകൊണ്ടുതന്നെ വിശ്വസിക്കുന്നതിനെ യഥായോഗ്യം വിവേചിച്ചറിയുകയും വേണ്ടതിനെ തിരുത്തുകയും തെറ്റായവയെ ഉപേക്ഷിക്കുകയും വേണം. അങ്ങനെയാണ് വിശ്വാസം ഒരു വളർച്ച കൂടിയാകുന്നത്.
ഭക്തികളിൽ താല്പര്യം കാണിക്കാത്ത യുവതലമുറ, പക്ഷേ, മൂല്യാധിഷ്ഠിതമായ സാമൂഹ്യപ്രവർത്തനങ്ങൾക്ക് തയ്യാറാവുന്നത് കാണാം. ലഹരിക്കും മറ്റും വിധേയപ്പെട്ടു പോകുവാനുള്ള വലിയ കെണി യാഥാർത്ഥ്യമാണെങ്കിലും ഒരു വലിയ വിഭാഗം സേവനം, സമത്വം, സ്വാതന്ത്ര്യം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പ്രയോഗികമാക്കാനും ഒരുക്കമാണ്. അതിനുള്ള അവസരങ്ങൾ, മേല്പറഞ്ഞ സങ്കുചിതത്വങ്ങളിലേക്കു ചുരുക്കപ്പെടാതെ ലഭിക്കുന്ന ഇടങ്ങൾ ആണ് അവർ പുറമേ അന്വേഷിക്കുന്നത്. നന്മയിലേക്ക് തുറന്നിരിക്കുന്ന ഓരോ സാമൂഹിക-സാംസ്കാരിക പ്രവണതയിലും വെളിപാടനുഭവവും ദൈവാനുഭവവുമുണ്ട്. തങ്ങളുടെ സ്വാഭാവികമായ കഴിവുകളെ ക്രിയാത്മകമായ രീതിയിൽ വിശ്വാസം-സഭ എന്ന ഘടനയിലേക്ക് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് സഭയിലേക്കു ഓരോരുത്തരുടെയും ഉൾച്ചേർച്ചയെക്കുറിച്ചുള്ള അവബോധം കൂടിയാണ്. ഓരോ വ്യക്തിയുടെയും പൂർണ്ണതയുടെ (integral completion) മൂല്യം സഭ എത്ര മാത്രം കാര്യമാക്കുന്നുണ്ട് എന്നതാണ് കാര്യം. അതില്ലാത്തപ്പോൾ 'സഭ' എന്നത് അവർക്കു പുറമെയുള്ള ഒരു സംവിധാനം (external entity) മാത്രമായി നിലകൊള്ളും.
വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത
പ്രമാണങ്ങളെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ വേണ്ടത്ര അറിവില്ലാത്തത് അവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ സന്ദേഹത്തിനും പരിഹാസത്തിനും അർത്ഥശൂന്യതക്കും കാരണമാകുന്നു. ഉപരിപ്ലവമായ കാല്പനികതയിൽ വളർത്തിയെടുക്കുന്ന ആത്മീയതയും ഭക്തിയും കാതലായ വിശ്വാസബോധ്യങ്ങൾ നൽകാൻ പരാജയപ്പെട്ടു എന്ന് മനസിലാക്കാൻ വൈകിക്കഴിഞ്ഞു. വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനപരമായ പ്രബോധനങ്ങൾക്കു പകരം അവയെയും വർണാഭമായ ഭക്തിയിലേക്ക് ഉയർത്തി 'ദൈവപ്രീതിയുടെ' ഉപകരണങ്ങളാക്കപ്പെട്ടു. ബൈബിളിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പരിഹാസ്യരാകേണ്ടി വരുന്നത് ബൈബിൾ പഠിക്കേണ്ടതെങ്ങനെയെന്നു അവർ അറിയാതെ പോയതുകൊണ്ടാണ്. പകർത്തിയെഴുതുന്നതും, ഹൃദ്ദിസ്ഥമാക്കുന്നതും ആവർത്തിച്ചു ചൊല്ലി പ്രത്യേക ഉപകാരങ്ങൾ ലഭ്യമാക്കുന്നതും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതും സഭയുടെ വ്യാഖ്യാനരീതിയല്ല. ഒരു ചോദ്യോത്തരവേദിയോ ആ ശൈലിയിലുള്ള പുസ്തകമോ വഴി പരിഹരിക്കാവുന്നതല്ല വളർന്നു വരുന്ന സന്ദേഹവും അർത്ഥശൂന്യതയും. ജീവിതത്തോടുകൂടി ബന്ധിപ്പിച്ചു വിശ്വാസവും വചനവും ഗ്രഹിക്കാനും പരിശീലിക്കാനും ഉള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെങ്കിലേ അവ ആസ്വാദ്യമാകൂ.
ശാസ്ത്രത്തോടുള്ള പുച്ഛവും ശത്രുതയും
ലൗകികമെന്നു ശാസ്ത്രത്തെ ആക്ഷേപിക്കുമ്പോൾ, ആത്മീയവും സ്വർഗ്ഗീയവുമെന്നു കരുതപ്പെടുന്ന വിവരണ സങ്കൽപ്പങ്ങൾ അരിസ്റോട്ടിലിന്റെയും പ്ലേറ്റോയുടേയുമൊക്കെ പ്രപഞ്ചവീക്ഷണവും നരവംശശാസ്ത്രവുമായിരുന്നെന്നു തിരിച്ചറിയണം. ലഭ്യമായിട്ടുള്ള പല ലേഖനങ്ങളിലും എന്ത് കൊണ്ട് സൃഷ്ടിവാദികളുടെ (creationists) അവകാശവാദങ്ങൾ നിറഞ്ഞു നില്കുന്നു എന്നത് ആശ്ചര്യമുണ്ടാക്കുന്നു.
ഏതൊരു സിദ്ധാന്തവും അപൂർണ്ണവും ആപേക്ഷികവുമാണ്. എന്നാൽ അവയിലുള്ള ശാസ്ത്രീയ തത്വങ്ങൾ അവഗണിക്കാനാവില്ല. സൃഷ്ടി, ജീവൻ, മനുഷ്യൻ തുടങ്ങിയവയെക്കുറിച്ച് നമുക്ക് ഇനിയും എത്രയോ അറിയാനായുണ്ട്? ശാസ്ത്രത്തിലും ഉള്ള വചനാംശം നമുക്ക് കൂടുതൽ തെളിമ നൽകണം. പക്വമായ ഒരു ശാസ്ത്രബോധം വിശ്വാസതലത്തെ ദൃഢമാക്കാനും തെളിമയുള്ളതാക്കാനും സഹായിക്കും. ശാസ്ത്രത്തിന്റെ സംഭാവനകളെ പുച്ഛിക്കുകയും ലൗകികമെന്നു അധിക്ഷേപിച്ചു മാറ്റിനിർത്തുകയും ചെയ്യുന്നത് വിശ്വാസം സത്യത്തിൽ നിന്നും എത്രയോ അകലെയാണെന്ന തോന്നലിലേക്കു അനേകരെ നയിക്കുകയാണ്. ശാസ്ത്രത്തിന് why കളെക്കുറിച്ചു ഒന്നും പറയാനാകില്ലെന്നും അത് ദൈവത്തെക്കുറിച്ചുള്ള തെളിവാണെന്നും പറഞ്ഞു വയ്ക്കുന്നവരുണ്ട്. എന്നാൽ അത്തരം അതിഭൗതികാവസ്ഥകളിൽ മാത്രം ദൈവത്തെ കാണുന്നത് വിശ്വാസത്തിന്റെ പരാജയമാണ്. what's കളും how's ഉം നമുക്ക് മുമ്പിൽ തുറന്നു തരുന്ന സത്യങ്ങളിൽ ദൈവസാന്നിധ്യവും കൃപയുടെ പ്രവൃത്തികളും കാണാൻ കഴിയട്ടെ. വിശ്വാസവും സ്പർശനീയമാകും.
പുതുക്രിസ്തു - താരാരാധന
ദേശീയതയും വർഗീയതയും വളർത്തുന്ന ചിലരുടെ ആദർശങ്ങൾക്കൊത്ത വിധം ക്രിസ്തുവിനു പുതുസൃഷ്ടി നല്കുന്നവരുണ്ട്. ആ ക്രിസ്തുവിനെ പാകി മുളപ്പിക്കുന്ന യാഥാസ്ഥിതിക പ്രഘോഷകർ വിശ്വാസത്തെ തകർക്കുകയും അനേകരെ അകറ്റുകയും ചെയ്യുന്നു. പൊതുസ്ഥലങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ട, വെല്ലുവിളിക്കാൻ ഉപയോഗിക്കാവുന്ന ഒരു brand symbol ആയി വിശ്വാസത്തെയും വിശ്വാസത്തെ സംബന്ധിച്ച അടയാളങ്ങളെയും യേശു ക്രിസ്തു എന്ന പേരിനെയും ഉപയോഗിക്കുന്നു. Pop-സംസ്കാരത്തിലെ നൃത്തവും കലയും പാപമായും ദൈവരഹിതമായും കുറ്റം വിധിക്കുമ്പോൾ അതേ വഴിയിൽ വരുന്ന 'വിശ്വാസ'പ്രവണതകൾ വിശ്വാസത്തിന്റെ വളർച്ചയുടെ അടയാളങ്ങളായി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. മതത്തോടുള്ള ആധുനിക അഭിനിവേശം, അവയുടെ സാമൂഹികഘടനകളും സാംസ്‌കാരിക പശ്ചാത്തലവും, രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്തു പരിശോധിച്ചാൽ അവ വിശ്വാസത്തേക്കാളേറെ, ആധുനികതക്കും മതരാഹിത്യത്തിനുമെതിരെയുള്ള സാംസ്കാരികമായ ഒരു തീവ്രപ്രതികരണമാണ് എന്ന് കാണാം. നിർഭാഗ്യവശാൽ അത്തരം പ്രവണതകളാണ് ഇന്ന് സത്യവിശ്വാസമായി അവതരിപ്പിക്കപ്പെടുന്നത്. അത് ഏറ്റെടുക്കുന്ന സഭയിൽ ക്രിസ്തുവിനു സ്ഥാനമില്ലാത്തതു കൊണ്ട് ജീവനും ഉണ്ടാവില്ല.
എമ്മാവൂസ്
തങ്ങളായിരിക്കുന്നിടത്ത് ക്രിസ്തു ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വേദനയാണ് അകൽച്ചയുടെ കാരണം. ആ ശൂന്യത വഹിക്കുമ്പോഴും ക്രിസ്തു അകലുന്നവരെ അനുയാത്ര ചെയ്യുന്നു എന്നതാണ് സത്യം. അവർക്കായി അവൻ അപ്പം മുറിക്കും. വിശ്വാസം നമ്മെ ജീവിതത്തിന്റെ സമഗ്രതയിൽ ചേർത്തുവയ്ക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടത്. അതിനായി, കാലത്തെയും സംസ്കാരത്തിന്റെ/ ഇടകലർന്ന സംസ്കാരങ്ങളുടെ അടയാളങ്ങളെയും കാണാൻ നമുക്ക് കഴിയണം. ചിതറിക്കപ്പെടുന്നവരെ ഒരുമിച്ചു ചേർക്കുന്നത് സ്നേഹത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവങ്ങളാണ്. സ്നേഹിക്കാനും പരസ്പരം കരുതലുള്ളവരാകുവാനുമാണ് യേശു പഠിപ്പിച്ചതും. റീത്തും പാരമ്പര്യങ്ങളും, മതവും ജാതിയും മാറ്റിവയ്‌ക്കേണ്ടതുണ്ടോ? മാറ്റിവയ്ക്കണം! ബിംബവത്കരണത്തിനു വിധേയമാകുന്ന 'യേശു ക്രിസ്തു' പോലും മാറ്റി നിർത്തപ്പെടണം. സ്നേഹവും കരുതലും കൂട്ടായ പ്രവർത്തനങ്ങളും സാധ്യമാകുന്ന എല്ലാ ഇടങ്ങളും, കുടുംബങ്ങൾ മുതൽ ആശുപത്രികൾ, വൃദ്ധ സദനങ്ങൾ അനാഥാലയങ്ങൾ തെരുവുകൾ വരെ അതിരുകളില്ലാതെ ചെന്നെത്താൻ നമുക്ക് കഴിയുന്നെങ്കിൽ ക്രിസ്തു സാന്നിധ്യമുള്ള ഒരു സമൂഹത്തെ വീണ്ടുമൊരിക്കൽക്കൂടി അനേകർ കണ്ടെത്തും. പരാജയപ്പെടുമ്പോൾ പോലും സ്നേഹിക്കാൻ ആത്മാർത്ഥത കാണിക്കുന്ന ഒരു സമൂഹമായിക്കൊണ്ട് അടയാളമാവുകയും ചെയ്യും. വിശ്വസിക്കുന്നവ, നിറവോടെ ജീവിക്കുവാനുള്ള ഒരു ക്ഷണമായി ഓരോ നിമിഷവും അനുഭവവേദ്യമാവുകയും ചെയ്യും.
നമ്മുടെ സാംസ്‌കാരിക സാമൂഹിക പരിസ്ഥിതിയെ അടുത്തറിയാൻ നമ്മൾ എവിടെയോ പരാജയപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഏറെ സങ്കീർണ്ണമായ ഒരു അവസ്ഥയിലാണ് നമ്മുടെ സമൂഹം. ഈ സങ്കീർണ്ണതയിലേക്ക് വിശ്വാസത്തെ പരിഭാഷ ചെയ്യാൻ നമുക്ക് കഴിയണം. പക്ഷേ, ഒന്നുകിൽ നമ്മൾക്കു അതിനുള്ള കഴിവില്ല, അല്ലെങ്കിൽ അതിനു നമ്മൾ ഒരുക്കമല്ല/തയ്യാറല്ല. കഴിവില്ല എന്ന് പറയുമ്പോഴും, കഴിവുള്ള അനേകർ നമുക്കിടയിൽ (പൊതുസമൂഹത്തിൽ) ഉണ്ട് എന്നതാണ് സത്യം. തയ്യാറല്ല എന്നതിൽ, അത് നമ്മുടെ സുരക്ഷിതത്വങ്ങളിൽ നിന്നകലാൻ നമ്മൾ തയ്യാറല്ല എന്നതു തന്നെയാണ്. എന്തിലാണ് ആ സുരക്ഷിതത്വം? എന്നോ ഒരു കാലത്ത് രൂപപ്പെടുത്തിയ ദൈവസങ്കല്പങ്ങളും, പ്രപഞ്ച സങ്കല്പങ്ങളും, മനുഷ്യ നിർവചനങ്ങളും വെച്ച് ചേർത്ത വിവരങ്ങളാണ് എല്ലാറ്റിനെയും വ്യാഖ്യാനിക്കാനുള്ള മാനദണ്ഡമായി ഇന്നും കയ്യിലുള്ളത്. അത് നന്മ തിന്മകളുടെ ദ്വന്ദയുദ്ധങ്ങളിലേക്കു കൂടി ചേർത്ത് വയ്ക്കുന്നതോടു കൂടി എല്ലാത്തിനുമുള്ള ഉത്തരങ്ങളായി. മനുഷ്യനെക്കുറിച്ചും, 'ആത്മാവിനെക്കുറിച്ചും', ദൈവപ്രവൃത്തികളെക്കുറിച്ചും (divine action) കൃപയുടെ പ്രവൃത്തിയെക്കുറിച്ചുമൊക്കെ വികലവും അപക്വവുമായ ഭാവനാജന്യമായ കാര്യങ്ങളാണ് വിശ്വാസങ്ങളായി പഠിപ്പിക്കപ്പെടുന്നത്. വളരുകയും മാറുകയും ചെയ്ത അറിവുകൾ, അസ്ത്വിത്വാനുഭവങ്ങൾ, മനുഷ്യാവസ്ഥകൾ, സംഘർഷങ്ങൾ എന്നിവക്ക് നല്കപ്പെടേണ്ട ഇടം ഈ കഥകൾക്കുള്ളിൽ ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായി കാണേണ്ടത്. ജനിതക ശാസ്ത്രം, നാഡീവ്യൂഹങ്ങളെക്കുറിച്ചും മനസിനെക്കുറിച്ചും വൈകാരികാവസ്ഥകളെക്കുറിച്ചുമുള്ള പഠനങ്ങൾ, പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള അറിവുകൾ പുതിയ ആഖ്യാനങ്ങളിലെ തെളിമ നൽകുന്ന വെളിച്ചമാകണം. സങ്കല്പങ്ങളും ദർശനങ്ങളും നെയ്യപ്പെടുന്ന പ്രതീകങ്ങളിൽ ചിലവ ശുദ്ധീകരിക്കപ്പെടേണ്ടതും, ചിലവ ഉപേക്ഷിക്കേണ്ടതും, ചിലവ കാലത്തിനൊത്തു പരിഷ്കരിക്കേണ്ടതുമാണ്. അത് ചെയ്യാൻ തയ്യാറാവാത്തതും, അതിനു മുതിരുന്നതിലുള്ള ധൈര്യമില്ലായ്മയും നമ്മളെ തളർത്തുന്നു. അങ്ങനെ ചെയ്‌താൽ മത-വിശ്വാസ ഘടനകൾ തകരുമെന്നോ അതനുസരിച്ചു നമുക്ക് മാറേണ്ടി വരുമെന്നോ ഒക്കെയാണ് നമ്മുടെ ഭയം. ഏറ്റവും നല്ല ഉദാഹരണം ക്രിസ്തുവിൽ ഒന്നാകുന്ന ദൈവജനമാണ് സഭ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ കാഴ്ചപ്പാട്. അത് വഴി ഉണ്ടാകുന്ന തകർച്ചകളും നഷ്ടങ്ങളും എന്താണ്? അവ ഭീതിപ്പെടുത്തുന്നത് ആരെയാണ്?

മുകളിൽ പറഞ്ഞ മത നിർമ്മിത ലോകത്തേക്ക് മനുഷ്യജീവിതത്തെ മുഴുവൻ തളച്ചിടാൻ നിർബന്ധമുള്ളത് മതനേതാക്കൾക്കാണ്. ജോലിരഹിതരായും, ജോലിയുടെ സംഘർഷങ്ങൾ കൊണ്ടും കടബാധ്യത കൊണ്ടും അക്ഷരാർത്ഥത്തിൽ അലയുന്ന ഒരു യുവ തലമുറ നമുക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അവയെ അവഗണിച്ചു കൊണ്ടാണ് അവരെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും പ്രാദേശികതയുടെയും തീവ്രഭാവങ്ങൾ അത്യാവശ്യമായ വിശ്വാസഘടകങ്ങൾ ആക്കി അവരെ ഭാരപ്പെടുത്തുന്നത്. മാത്രമല്ല, അവയെ മിൽട്ടന്റെയും ഡാന്റെയുടെയും കൃതികൾക്കുള്ളിലേക്കു തള്ളിവിടുന്നത് വിശ്വാസത്തിന്റെ ഭാവമേയല്ല. അങ്ങനെ, വിശ്വാസത്താൽ നയിക്കപ്പെടുന്ന ഒരു സമൂഹമാകാൻ നമുക്കാവില്ല. നമ്മുടെ സന്യസ്തർക്കും പുരോഹിതർക്കും അതിനു തക്കതായ വിശ്വാസത്തെ സങ്കൽപ്പിക്കാൻ കഴിയുന്നുമില്ല. പകരം, നമുക്ക് എളുപ്പം ഏർപ്പെടുത്താൻ കഴിയുന്ന അപ്രധാന കാര്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സൗകര്യപൂർവ്വം ശ്രമിക്കുകയാണ് പതിവ്.
Read in Sathyadeepam സഭ വിട്ടകലുന്നവര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ