Gentle Dew Drop

ഒക്‌ടോബർ 02, 2022

നവീനത

പിറകോട്ടു നടക്കാനുള്ള തീവ്രമായ അഭിലാഷത്തെ കാലിക പ്രസക്തിയുള്ള നവീനതയായി കാണാൻ ആവില്ല. ജീവിതത്തെയും ഭക്തിയെയും വിശ്വാസത്തെയും ഒരു മ്യൂസിയം സംസ്കാരത്തിൽ അടച്ചു നിർത്താനാണ് ആ ശ്രമം. തനിമയുടെ തകർച്ചയിൽ അതിനെ പിടിച്ചു നിർത്താനുള്ള തീവ്രശ്രമങ്ങൾക്കൂടിയാണവ. കാലം കഴിഞ്ഞവ ജീർണിക്കുകയും, തുടരേണ്ടവ നവീനമായ ഭാവങ്ങളിൽ മുന്നോട്ടു കടക്കുകയും ചെയ്യും. 

ഏതൊരു മാറ്റത്തിനും, അതിലേക്കു നയിക്കുന്ന ഒരു വിവരധാര പ്രധാനമാണ് (ജൈവപ്രക്രിയകളിലും ഇവ പ്രകടമായത് കൊണ്ടാണ് വിവരധാര എന്നുപയോഗിച്ചത്‌). പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, പുതിയ ലക്ഷ്യങ്ങൾ, പുതിയ മാർഗ്ഗരേഖകൾ, മാറ്റത്തിന്റെ ആവശ്യത്തെക്കുറിച്ച് ആന്തരികമായ ഉൾക്കാഴ്ചയും ബോധ്യവും എന്നിവ വളരെ പ്രധാനമാണ്. അത്തരം ഉൾകാഴ്ചയുള്ളവർ സമകാലികപ്രസക്തവും ജീവപൂർണ്ണവുമായ വിവരങ്ങളെ ശക്തവും കൃത്യവുമായ വിധത്തിൽ നവീനതക്കു തയ്യാറുള്ളവരുടെ മുമ്പിൽ എങ്ങനെയാണ് അവതരിപ്പിക്കുകയെന്നതും പ്രധാനമാണ്. 

അവബോധം ഒരു ധാരപോലെ ആന്തരിക ശക്തി നേടുമ്പോൾ സംവിധാനത്തിന്റെ (ജൈവികമോ സാമൂഹികമോ മതപരമോ ആവട്ടെ) പെരുമാറ്റ പ്രക്രിയകളിലും പ്രതികരണങ്ങളും മാറ്റം സൃഷ്ടിക്കും. സംവിധാനത്തിൽ നിന്ന് തന്നെയുള്ള ചെറുത്തു നിൽപ്പ് പ്രതീക്ഷിക്കേണ്ടതാണ്, കാരണം, നിലവിലുള്ള സംവിധാനത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്നവർ നവീനതക്കെതിരെ  ശക്തമായ എതിർപ്പ് രൂപപ്പെടുത്തും.നിലവിലുള്ള ക്രമം ഇല്ലാതായാൽ സംവിധാനം തന്നെ ഇല്ലാതാകുമെന്ന  ഭീതിയാണ് അവരുടെ ഏറ്റവും വലിയ സ്വാധീന-ഉപകരണം. 

ക്രിസ്തു പകർന്നു നൽകിയ അന്തർധാര ശിഷ്യരിൽ എന്ത് തരം നവീനതയാണ് പകർന്നു നൽകിയത്?  ഏതൊക്കെ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം നിലനിർത്തിക്കൊണ്ടാണ് ക്രിസ്തു തന്റെ ആന്തരികമായ ഉൾക്കാഴ്ച  രൂപപ്പെടുത്തിയത്? 'ദൈവഹിതം ഭൂമിയിൽ' എന്ന ക്രിസ്തു ദർശനത്തിൽ അവൻ കണ്ടത് എന്താണ്? ആ ദർശനത്തെ ഉൾക്കൊള്ളുവാൻ ഇന്നത്തെ ക്രിസ്തുശിഷ്യന്റെ വിശ്വാസം രൂപപ്പെട്ടിരിക്കുന്നത് എപ്രകാരമാണ്? 

പുകച്ചുരുളുകളിൽ വസിക്കുകയും മേഘത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന ദൈവത്തെ സ്വർണ നാണയങ്ങൾ നൽകി പ്രീതിപ്പെടുത്താവുന്ന വിശ്വാസവും ഭക്തിയും ക്രിസ്തുവിന്റെ പിതാവിനോടുള്ള സ്നേഹത്തിന്റെ ഭാഗമല്ല. സമയാസമയങ്ങളിലുള്ള പ്രകീർത്തനങ്ങളും, അവ ദൈവ ഹിതത്തെ കാണാനും പൂർത്തിയാക്കാനും സഹായിക്കുന്നില്ലെങ്കിൽ വ്യർത്ഥമാണെന്നു അവൻ ഉറപ്പിച്ചു പറഞ്ഞു. സുഗന്ധദ്രവ്യങ്ങളുടെയും പുകയുടെയും പ്രകീർത്തനങ്ങളുടെയും കാല്പനികതയിൽ നിർവൃതി കാണാൻ സുന്ദരവും സുരക്ഷിതവുമായ കോട്ടത്തളങ്ങളിൽ എളുപ്പമാണ്. ദൈവരാജ്യം വെളിപ്പെട്ടു കിട്ടിയ 'ശിശു'ക്കൾക്ക്  ദൈവരാജ്യം ഏതു നിമിഷവും അവർക്കു തുറക്കാവുന്ന നിധിയായാണ് ക്രിസ്തു പരിചയപ്പെടുത്തിയത്. ഒരു ഉച്ചനീചത്വവുമില്ലാതെ ഒരുമിച്ച് പങ്കു വയ്ക്കുന്ന ആനന്ദം; ദൈവമക്കളുടെ സ്വാതന്ത്ര്യമെന്ന ആനന്ദം. പച്ചമനുഷ്യന്റെ ജീവിതത്തിന്റെ നാനാതുറകളിൽ തന്നെ ആ വാതിലുകൾ തുറന്നു കിടക്കുന്നു. നിത്യവും അലൗകികവുമായ സ്വർഗ്ഗ സങ്കൽപ്പങ്ങൾ എവിടെ നിന്നാണ്? ദൈവസാന്നിധ്യത്തെയും കൃപയുടെ പ്രവൃത്തികളെയും അസാധ്യമാക്കുകയാണ് ആത്മീയതയുടെ കാല്പനിക വിവരണങ്ങൾ. സുവിശേഷമൂല്യങ്ങളുടെ ആഗ്രഹവും അനുഭവവും ദൈവരാജ്യയാഥാർത്ഥ്യമായി 'ഇപ്പോഴത്തെ' സത്യമായി ക്രിസ്തു മാറ്റുന്നു. 

പുകച്ചുരുളുകളിൽ മതിമറക്കുന്ന ആത്മീയാഭിലാഷങ്ങൾ ശൂന്യമാണെന്ന് അറിയുമ്പോഴും അവ ജീവശ്വാസമാണെന്ന്  ഏറ്റു പറയുന്നവർ തങ്ങളെ തകർക്കുന്നവരാണ്. ഇന്നിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, പുതിയ ലക്ഷ്യങ്ങൾ, പുതിയ മാർഗ്ഗരേഖകൾ, മാറ്റത്തിന്റെ ആവശ്യത്തെക്കുറിച്ച് ആന്തരികമായ ഉൾക്കാഴ്ചയും ബോധ്യവും എന്നിവ വിശ്വാസത്തിലും വളരെ പ്രധാനമാണ്, സഭയിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ