Gentle Dew Drop

ഒക്‌ടോബർ 02, 2022

Polycrisis ൽ കാണേണ്ട ദൈവരാജ്യം

പലരും polycrisis എന്ന് വിളിക്കുന്ന ഒരു പരിണാമദശയിലാണ് നമ്മൾ ഓരോരുത്തരും. പലവിധത്തിലുള്ള തകർച്ചകൾ മനുഷ്യർക്ക് മാത്രമല്ല, ഈ ഭൗമപ്രതലത്തിലെ എല്ലാവിധ അവസ്ഥകൾക്കും വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നവയാണ്. അവയെ അഭിമുഖീകരിക്കുന്നവയിൽ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളും ഭരണക്രമങ്ങളും കാണിക്കുന്ന കാപട്യം കൂടുതൽ സംഘർഷങ്ങൾക്കാണ് വഴി വയ്ക്കുന്നത്. തികച്ചും സന്തുലിതമായ രീതിയിൽ തുടരുക എന്നതല്ല ഒരു സംസ്കാരത്തിന്റെ ഉദാത്തവും കുലീനവുമായ അവസ്ഥ. മറിച്ച്, ഏറ്റവും വലിയ സംഘർഷാവസ്ഥയെ എത്രയും ക്രിയാത്മകമായി ഏറ്റെടുത്തു പുതിയൊരു പിറവി നല്കാനാവുന്നു എന്നതാണ്. 

സംഘർഷങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാത്തതിന്റെ ഒന്നാമത്തെ കാരണം ആ സംഘർഷങ്ങളിൽ നിന്ന് നേട്ടം കൊയ്യുന്നവരുടെ താല്പര്യങ്ങൾ തന്നെയാണ് (അത് രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആവട്ടെ). ഉക്രൈൻ -റഷ്യ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ആരാണ്? യൂറോപ്പിന്റെയും ബ്രിട്ടന്റെയും സാമ്പത്തിക നില തകരുമ്പോഴും കരുത്ത് നേടുന്നത് ആരാണ്? സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കാൻ ആയുധം ആവശ്യപ്പെടുന്നവർ അവരുടെ രാജ്യങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ (ഭൗമപ്രക്രിയകളെയും) പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിയിടുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ചർച്ചകളും നിർദ്ദേശങ്ങളും, ലോക രാഷ്ട്രങ്ങൾ തന്നെ നിഷ്ഫലമാക്കിക്കളഞ്ഞ അന്താരാഷ്ട്രനിയമങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ഭൂമിയെ ആത്മാർത്ഥതയോടെ കാര്യമായെടുക്കാത്ത ഒരു ചർച്ചയും നിലവിലുള്ള polycrisis സാഹചര്യത്തെ നേരിൽ കാണാൻ ശ്രമിക്കുന്നതല്ല. ഗ്യാസ് പൈപ്പുകൾ തകർക്കുകയും വെല്ലുവിളികളും ഉപരോധങ്ങളും പരസ്പര പ്രകോപനങ്ങളാക്കി ഒരു ആണവായുധത്തിലേക്ക് ലോകത്തെ കൊണ്ട് ചെല്ലുമ്പോൾ അതിനായി ഗവണ്മെന്റുകളോ മനുഷ്യ ജീവിതങ്ങളോ ഭൂമിയോ അതിനെ താങ്ങാനുള്ള വിധം ബലമുള്ളതാണോ എന്ന്  സംശയമാണ്. 

നമുക്ക് കുറവായിട്ടുള്ളത് ദർശനങ്ങളോ വീക്ഷണങ്ങളോ അല്ല, മറിച്ച് ഇച്ഛയാണ്. അതോ സ്വാർത്ഥതയും കപടതയും മൂലം മൂടപ്പെട്ടുമിരിക്കുന്നു. ഇത്തരം സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങളെ മതദേശീയതയാക്കി മനുഷ്യരെയും വിശ്വാസികളെയും ക്രൂരമായ വഞ്ചനക്കിരയാക്കുന്ന മതനേതാക്കൾ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അപകടമാണ്. അവരുടെ ബീഭത്സമായ അത്യാഗ്രഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ദൈവരാജ്യത്തെ കൂട്ടിച്ചേർത്തു മനുഷ്യമനഃസാക്ഷിയെ പിച്ചിച്ചീന്തുകയാണവർ.  സഹോദര്യത്തോടെ വരും കാലത്തേക്ക് ഒരു പുറപ്പാട് യാത്ര പ്രത്യാശയാകുമ്പോൾ അതിനെ തീർത്തും അസാധ്യമാക്കുകയാണ് ഇവർ. അവരുടെ ശക്തികളാണ് ഗവൺമെന്റുകളെ നയിക്കുന്നത് എന്നത് നമ്മെ നിസ്സഹായമാക്കുന്നു. മേല്പറഞ്ഞ കാര്യങ്ങളെ ലൗകികമായി അധിക്ഷേപിക്കുന്ന അവർ, നിത്യതയെന്നും അലൗകികമെന്നും വിളിക്കുന്ന ദൈവരാജ്യത്തിൽ സുവിശേഷ മൂല്യങ്ങളെ അസാധ്യവും അപ്രായോഗികവുമായ 'സിദ്ധാന്തങ്ങളായി' അവഗണിക്കുകയും ചെയ്യുന്നു. 

ഓരോ തകർച്ചയിലും നമ്മൾ വന്നെത്തുന്ന ദയനീയ അവസ്ഥ കുറെ വേദനിക്കുന്ന മുഖങ്ങളാണ്. തകർച്ചകൾ പല വിധത്തിലുള്ളതാണെങ്കിൽ അവ എത്തിക്കുന്ന ദുരിതങ്ങളൂം പലവിധമുള്ളതാകും. അവയെ മുൻകൂട്ടി  കണ്ടു കൊണ്ട് നമ്മുടെ ചുറ്റുപാടുകളിൽ ഏതൊക്കെ തരത്തിലുള്ള ഒരുക്കങ്ങൾ നമുക്ക് ആവശ്യമായിട്ടുണ്ട്? അതിൽ പരസ്പര സഹകരണത്തോടെ നമുക്ക് ചെയ്യുവാൻ കഴിയുന്നവ എന്തൊക്കെയാണ്? സഹായങ്ങളോ അനുമതികളോ ആയി ഉന്നതതലങ്ങളിൽ നിന്ന് കൂടി ആലോചിച്ച് പൊതുനയങ്ങൾ ആവശ്യമായിട്ടുള്ളവ എന്തൊക്കെയാണ്? ഇത്തരത്തിലുള്ള ഒരുക്കത്തിന്റെ ഗൗരവത്തെക്കുറിച്ച് പല തലങ്ങളിൽ (സാമൂഹികവും സാമ്പത്തികവും, വ്യക്തിപരവും ആത്മീയവും) ബോധ്യങ്ങൾ നേടുവാൻ എന്ത് ചെയ്യണം? 

"A global polycrisis occurs when crises in multiple global systems become causally entangled in ways that significantly degrade humanity’s prospects. These interacting crises produce harms greater than the sum of those the crises would produce in isolation, were their host systems not so deeply interconnected."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ