Gentle Dew Drop

ഒക്‌ടോബർ 22, 2022

മതം = രാഷ്ട്രീയം

മതങ്ങളുടെ തിരിച്ചു വരവിനെ ആഘോഷമാക്കുകയും അതിനെക്കുറിച്ചു വാചാലരാവുകയും ചെയ്യുന്നവർ അവയിലെ populist content തിരിച്ചറിയാതെ പോകുന്നത് സമൂഹത്തിന് അപകടമാണ്. മതത്തിന്റെ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന അത്തരം മുന്നേറ്റങ്ങൾ വിശ്വാസത്തിനോ ദൈവഹിതത്തിനോ പ്രാധാന്യം നല്കുന്നവയല്ല. ഭക്തിയുടെയും വിശ്വാസത്തിന്റെ നിലനില്പിന്റെയും പേരിൽ കൂട്ടപ്പെടുന്ന ജനം പോലും അവരുടെ രാഷ്ട്രീയ ആദര്ശങ്ങൾക്ക് കീഴ്പ്പെട്ടു പോവുകയും ആ രാഷ്ട്രീയ പ്രവണതയുടെ ഭാഗമാവുകയും ചെയ്യും. രാഷ്ട്രീയം മതത്തെ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറം, മതം സ്വയം നഷ്ടപ്പെടുത്തി, മതം രാഷ്ട്രീയം തന്നെയാവുകയാണ്.

പാരമ്പര്യവാദം, യാഥാസ്ഥിതികത, മതമൗലികത എന്നിവയും മറുവശത്തുള്ള പുരോഗമന വാദവും ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിലോമ സ്വഭാവമുള്ള രാഷ്ട്രീയ പ്രവണതകളിൽ (populist reactionist/reacionary politics) നിന്ന് വേറിട്ട് കാണാൻ ആവില്ല. ആദ്യത്തെ വിഭാഗം സത്യം, പൗരാണിക പൈതൃകം (original) എന്നിവ ഉയർത്തിപ്പിടിക്കുമ്പോൾ മറുവശത്ത് സ്വാതന്ത്ര്യം identity തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. കാലഹരണപ്പെടുന്ന സാംസ്കാരിക ഘടകങ്ങൾ നിലനിർത്തപ്പെടേണ്ടത് ഒരു സമൂഹത്തിന്റെ നിലനില്പാണ് എന്ന് ആദ്യകൂട്ടർ കരുതുമ്പോൾ യാഥാസ്ഥിതികരുടെ ആദര്ശസങ്കല്പങ്ങളിൽ ഇടം നല്കപ്പെടാത്തവർ അവരുടെ identity ഉറപ്പിക്കാൻ ശ്രമം നടത്തുന്നു.

യാഥാസ്ഥിതികരായ ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ, സജീവപ്രവർത്തകർ ഏതൊക്കെ തരത്തിലാണ് അവർ അവതരിപ്പിക്കുന്ന പ്രശ്നങ്ങളെ സമീപിക്കുകയും വ്യാഖ്യാനം ചെയ്യുന്നതെന്നും, എന്തിനെതിരെയാണ് ശരിക്കും അവർ ശബ്ദിക്കുന്നതെന്നും (എന്തിനു വേണ്ടി എന്നതിനേക്കാൾ), ഏതൊക്കെ ആളുകളെയാണ് അവർ തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതെന്നും കണ്ടെത്താൻ നമ്മൾ പരിശ്രമിക്കണം.

മതപാരമ്പര്യവാദങ്ങളെ രാഷ്ട്രീയമായ ഒരു ആഖ്യാനം നൽകാതെ വിശകലനം ചെയ്യാനാവില്ല, ഉള്ളിലെയും പൊതുധാര രാഷ്ട്രീയത്തിലെയും. നമ്മുടെ പ്രശസ്തമായ (ആത്‌മീയ) മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന evangelist, republican, creationist പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ-സാംസ്കാരികലക്ഷ്യങ്ങൾ എന്താണ്? പൗരസ്ത്യ പാരമ്പര്യത്തിന്റെ പേരിൽ മൗലികത സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കും പാശ്ചാത്യ അധികാര കലഹങ്ങൾക്ക് കാരണമായുള്ള യാഥാസ്ഥിതികത തന്നെയാണ് വേരുകൾ. താറടിക്കപ്പെടുകയും പൈശാചികവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലും.

മതം, മറ്റുള്ളവരുടെ മേൽ ആധിപത്യത്തിന്റെ ഭാഷയാകുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ ആദർശമായാണ് സമൂഹത്തെ സമീപിക്കുന്നത്. മതം മറ്റുള്ളവരിലേക്കുള്ള തുറവിയും ചേർത്ത് നിർത്തുന്ന ഭാഷയുമാണ്. ഒരിക്കൽ, സമാനമായ സാംസ്‌കാരിക ശൈലികൾ പിന്തുടരുന്നവർ ഒരേ മതം പിൻചെന്നപ്പോൾ ഈ തുറവി മറ്റു വ്യക്തികളിലേക്കായിരുന്നെങ്കിൽ, ഇന്ന് അനേകം സംസ്കാരങ്ങളും വിശ്വാസങ്ങളും ഒരുമിച്ചു വസിക്കുമ്പോൾ മതം, മറ്റു സമൂഹങ്ങളിലേക്കുള്ള തുറവി കൂടിയാണ്. സങ്കുചിതമായ യാഥാസ്ഥിതികത എവിടെയാണ് സ്വയം സ്ഥിരപ്പെടുത്തുന്നത് എന്നതിൽ തന്നെ സംഘർഷങ്ങൾ ഉണ്ട്. ഓരോരുത്തരുടെയും 'മൗലികത' അവരവരുടെ താല്പര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നവയാണ്.

Matthew McManus, The Rise Of Post-Modern Conservatism: Neoliberalism, Post-Modern Culture, And Reactionary Politics, Palgrave Macmillan (2020) E. H. H. Green, Ideologies of Conservatism: Conservative Political Ideas in the Twentieth Century, Oxford University Press, USA (2004)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ