Gentle Dew Drop

ഒക്‌ടോബർ 09, 2022

സൗഖ്യം - ശിഷ്യത്വം

 പച്ചപ്പും ആർദ്രതയും ഉള്ളതാണ് ദൈവരാജ്യം; അത് തിളങ്ങണമെന്നില്ല. മഹത്വങ്ങളെക്കുറിച്ചു ക്രിസ്തു ചൂണ്ടിക്കാണിച്ച മൂഢതകൾത്തന്നെ ശിഷ്യത്വത്തിന്റെ അലങ്കാരമാക്കാൻ തുനിഞ്ഞിറങ്ങുന്ന കാലഘട്ടം നമ്മുടേതു മാത്രമല്ല. ആധിപത്യവും സമ്പന്നതയും, മഹിമയും പ്രതാപവുമായി കാണുന്ന കാലത്തോട് തന്നെ 'ക്രിസ്തു' വെല്ലുവിളി തീർക്കുന്നു. പ്രതാപപൂർണ്ണനായ രാജാവിനെ മിശിഹായുടെ രൂപമായിക്കണ്ട ഒരു സമൂഹത്തെ സ്വയം ശൂന്യവൽക്കരിക്കാൻ വിളിക്കുന്നതിലൂടെ തന്റെ അഭിഷേകത്തെക്കുറിച്ചു മാത്രമല്ല ശിഷ്വത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചുകൂടി യേശു പറഞ്ഞു വയ്ക്കുകയാണ്. ഭരിക്കുന്ന, വിറപ്പിക്കുന്ന, വാഴുന്ന തമ്പുരാൻ ക്രിസ്തുവിന്റെ പിതാവിന് യോജിച്ച ഗുണങ്ങളായി ക്രിസ്തു കണ്ടില്ല. കേൾക്കുന്ന, സ്വീകരിക്കുന്ന, പരിപാലിക്കുന്ന, ഉപാധികൾ വയ്ക്കാത്ത സ്നേഹമാണ് ക്രിസ്തു അറിഞ്ഞ ദൈവം (വേറൊരു രൂപം ദൈവത്തിനു വരച്ചു ചേർക്കാൻ ശിഷ്യർക്കാവും, എന്നാൽ അവർ ക്രിസ്തു ശിഷ്യരായിരിക്കില്ല). മൂഢതകളിൽ അഭിരമിക്കുന്നവർക്ക് അത് തിരുത്താൻ വലിയ പാടാണ്. മാത്രമല്ല, ആ മൂഢതകളെ ദൃഢപ്പെടുത്തും വിധം അവർ ദൈവസംഹിതകളുടെ വള്ളിപുള്ളികൾ മാറ്റിയിടുകയും ചെയ്യും.

ഈ 'മൂഢതകളെ' ആഗ്രഹിക്കാൻ പോലുമാവാതെ ഹതഭാഗ്യരായവർ ദൈവപ്രീതിയില്ലാതെ അലയുന്നവർ ആയാണ് ആദ്യത്തെ കൂട്ടരുടെ കാഴ്ചപ്പാട്. എന്നാൽ, സുഖം പ്രാപിക്കാൻ നിനക്കാഗ്രഹമുണ്ടോ? എന്ന ചോദ്യത്തിന് ഏറ്റം ആഴത്തിൽ നിന്നുള്ള ഉത്തരം കൊടുക്കുന്നത് ധനവും അധികാരവും പരിശുദ്ധിയും അഹങ്കാരമാക്കാനില്ലാത്ത വ്രണിതരാണ്. ക്രിസ്തുവിനെ നേരിൽ കണ്ടു ഗ്രഹിച്ച ഒരാളുടെ ക്രിസ്ത്വാനുകരണം ജീവനിലേക്കുള്ള നടപ്പാണ്. സൗഖ്യപ്പെടുന്നവരുടെ ഒരുമിച്ചുള്ള നടത്തം. പരസ്പരം താങ്ങിയും ശുശ്രൂഷിച്ചും പ്രോത്സാഹിപ്പിച്ചും മുറിവ് വെച്ച് കെട്ടിയും സ്വയം ഗ്രഹിച്ചെടുക്കുന്ന ക്രിസ്തു സ്വത്തം കൂടിയാണത്. ഒരുവനെ 'പാപി' ആക്കിയത് കൊണ്ട് ഉറപ്പിക്കപ്പെടുന്ന വിശുദ്ധി സ്വയം നിഗളിപ്പുകൂടിയാകുമ്പോൾ അതിൽ ജീവസാന്നിധ്യം അല്പം പോലുമില്ല. 

ലാസറും നല്ല സമരായക്കാരനും ഒരുമിച്ചു കാണപ്പെടുമ്പോൾ പത്തു കുഷ്ഠരോഗികളും ശിഷ്യത്വത്തിന്റെ പാഠങ്ങളിൽ  തെളിഞ്ഞു നിൽക്കും. അകലെയെവിടെയോ ഉള്ള ദൈവം, താണുവീണു വിലപിച്ചതിന്റെ ഫലമായി കനിഞ്ഞു നൽകുന്ന സൗഖ്യം ഒരു വശത്തും, ഭൗതിക ശരീരങ്ങളിൽ കൃപയുടെ അഭിഷേകം നിറച്ചു ദൈവസാന്നിധ്യം  'നമുക്കിടയിൽത്തന്നെയുള്ളത്' മറുവശത്തും. രണ്ടാമത്തേതിലുള്ള ഹൃദ്യത സത്യമായി കാണാൻ കഴിഞ്ഞെങ്കിലേ ക്രിസ്തുവിന്റെ തന്നെ ശരീരത്തിന്റെയും രക്തത്തിന്റെയും വർണ്ണനകൾ 'സ്വർഗീയത'യിൽ നിന്ന്  മോചിപ്പിക്കപ്പെട്ട് അനുദിന ജീവിതത്തിലേക്ക് കടന്നു വരാൻ അനുവദനീയമാകൂ. 'ഇന്ന്' നമ്മുടെ ഭവനങ്ങളിൽ, നമ്മുടെ ശരീരങ്ങളിലെ ക്ഷതങ്ങളിൽ ജീവന്റെ അനുഭവം പകർന്നു നൽകാൻ, അത് സ്വീകരിക്കാൻ നമുക്ക് എന്തുകൊണ്ടോ മടിയാണ്. ജീവൻ, സൗഖ്യം എന്നിവ രോഗങ്ങളെ സംബന്ധിച്ച് മാത്രമല്ല, അവ നീതി, കരുണ, സ്വീകാര്യത, സമാധാനം തുടങ്ങിയവ കൂടി ഉൾക്കൊള്ളുന്നതാണ്. സൗഖ്യം സ്വീകരിക്കുന്ന ശിഷ്യരും, സൗഖ്യം നൽകുന്ന ശിഷ്യരും അങ്ങനെ കണ്ടെത്തുന്ന ആനന്ദമാണ് ദൈവരാജ്യം. അത് ഇന്നിലേക്കു ചുരുക്കപ്പെടുകയല്ല, നാളെയിലേക്ക് കൂടി ഉറപ്പിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ