Gentle Dew Drop

ജൂലൈ 30, 2023

ക്രിസ്തുവെന്ന അമൂല്യത

അനുദിനമുള്ള നവീകരണത്തിലൂടെ മാത്രമേ ക്രിസ്തുവെന്ന അമൂല്യതയെ കണ്ടെത്താനാകൂ. ദൈവികമായ സത്യങ്ങളെ വിവേചിച്ചറിയുകയെന്ന വലിയ ദാനം ആത്മാർഥമായി ആഗ്രഹിക്കാതെ അത് സാധ്യമല്ല. ഏതൊരു നിയമത്തിന്റെയും, സമ്പ്രദായങ്ങളെ സംബന്ധിച്ചോ വിശ്വാസസംഹിതകളെ സംബന്ധിച്ചോ ദൈവാരാധനയെ സംബന്ധിച്ചോ ആകട്ടെ, ഉപകാരം ഒരാളെ ഈ വിവേചനവരത്തെ പിന്താങ്ങുവാനും പരിപോഷിപ്പിക്കുവാനുമാണ്. അതിനുവേണ്ടിയാണ് 'വേദപരിജ്ഞാനി' തൻ്റെ 'നിധിശേഖരത്തിൽ' നിന്ന് പഴയതും പുതിയതുമായവ പുറത്തെടുക്കുന്നത്. സകലരും ആ നിക്ഷേപം സ്വന്തമാക്കുന്നതിനുവേണ്ടിയാണത്. 

വിവേചിച്ചറിയുക എന്നത് ഒരു നവീകണം ആകുന്നത് അത് സത്യത്തോടടുക്കുക എന്ന ആത്മാർത്ഥ ആഗ്രഹം ഉള്ളതുകൊണ്ടാണ്. ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പോലും ഈ നവീകരണം ആവശ്യമാണ്. ഇല്ലെങ്കിൽ ദൈവത്തിന്റെ തിളക്കം ഉള്ള മാസ്മരിക പ്രകടനങ്ങൾ ദൈവപ്രവൃത്തികളാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എല്ലാം വിറ്റ് വാങ്ങിയ വയലിൽ ഉള്ളത് പഴമയുടെ മാറാപ്പുകൾ ഭദ്രമായി വെച്ച പെട്ടിയായിരിക്കാം. 

ജൂലൈ 27, 2023

മൗനം ക്രൂരതയാണ്

ഹീനത, നന്മയായിത്തീരുന്നിടത്താണ് ക്രൂരത സ്വാഭാവികമാകുന്നത്. മാരോ മാരോ, ഉസ്‌കോ റേപ്പ് കരോ തുടങ്ങിയ ആക്രോശങ്ങൾ ഉയരുന്ന ആവേശഭരിതരായ ജനക്കൂട്ടത്തിന്റെ ഭാഗമായി കുട്ടികൾ അടക്കം ഉണ്ടെന്നത് വളരുന്ന ഭീകരതയെ തെളിച്ചു കാട്ടുന്നു. 

അവ ഗോത്രവർഗ്ഗങ്ങളുടെ ഇടയിലെ പ്രശ്നമാണ്, മതങ്ങൾ തമ്മിലുള്ളതല്ല, അതുകൊണ്ട് അതുണ്ടാക്കുന്ന നഷ്ടങ്ങളും വേദനയും ഭീതിയും അപമാനവും അനുവദിക്കാമെന്നാണോ? ഗോത്രവർഗ്ഗങ്ങൾക്കിടയിൽ ഇടക്കിടക്കു നടത്തപ്പെടുന്ന സാംസ്‌കാരിക കലാരൂപമാണെന്ന രീതിയിലാണ് ചില മതനേതാക്കൾ സംസാരിക്കുന്നത്. 

മൗനം, അവഗണന മാത്രമല്ല ക്രൂരതയാണ്. 

ജൂലൈ 24, 2023

മനുഷ്യമനഃസാക്ഷി

ഒറ്റപ്പെട്ടത് എന്ന് ലഘൂകരിക്കാൻ കഴിയാതാവുമ്പോഴാണ് ഹീനപ്രവൃത്തികൾ ആകസ്മികവും പതിയെ അനിവാര്യവും ആയി ന്യായീകരിക്കപ്പെട്ടു വിശുദ്ധമാക്കപ്പെടുന്നത്. അർഹമായ അന്തസ്സിന് വിരുദ്ധമായാണ് ഹത്യകൾ നടക്കുന്നതും, അപമാനിക്കപ്പെടുന്നതും, നഗ്നരാക്കപ്പെടുന്നതും. കൈവന്നു ചേർന്ന അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തുന്നതും അത്തരത്തിൽ ന്യായീകരണം വന്നു ചേരാവുന്നതാണ്. ഈ ന്യായീകരണങ്ങളെ തിരിച്ചറിയാനും, തിന്മയെ തിന്മയായി കണ്ട് എതിർക്കാനും ആവശ്യമായിട്ടുള്ളത് മനുഷ്യമനഃസാക്ഷിയാണ്.

മനഃസാക്ഷി രൂപീകരിക്കപ്പെടുന്നതാണ് എന്നതുകൊണ്ട്, മതവും സംസ്കാരവും സമ്പ്രദായങ്ങളും പകർന്നു നൽകുന്ന 'മൂല്യ'ഘടകങ്ങളെ നിരൂപണവിധേയമാക്കേണ്ടതിലെ പ്രാധാന്യം വലുതാണ്. ഏതു മതക്കാരാണെന്നോ ഏതു ജാതിയാണെന്നോ ഏതു ഭാഷക്കാരാണെന്നോ നോക്കാതെ വേദനിക്കുന്നവരുടെ കൂടെ നിൽക്കാനാവണമെങ്കിൽ; അനീതിയും അക്രമവും ന്യായീകരിക്കാനോ, നിസ്സംഗത പാലിക്കാനോ ഒരിക്കലുമാവില്ല എന്ന അവസ്ഥയുണ്ടാവണമെങ്കിൽ ഈ മൂല്യങ്ങൾ എത്ര മാനവികമൂല്യങ്ങൾ ഉൾകൊള്ളുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

വെളിച്ചവും ദർശനവുമാകേണ്ട മതങ്ങളും സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളായി ചുരുങ്ങുന്നതും രാഷ്ട്രീയ ഉപകരണങ്ങളായി അധഃപതിക്കുന്നതും മാനവീയതയുടെ തകർച്ചയാണ്. ഉള്ളിലെ മാനവീയത നഷ്ടമാക്കിക്കൊണ്ടേ ഒരാൾക്ക് വേദനകളെ വിഭാഗീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാകൂ. കാരണം അവർ കാണുന്നതും, അറിയുന്നതും മനുഷ്യരായിട്ടല്ല, അവരുടെ ചായ്‌വിനെ നിർവ്വചിക്കുന്ന പ്രത്യയശാസ്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ബിംബങ്ങളായാണ്. അവയിൽ ദൈവാത്മാവില്ല, ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാണ് അവർ വാചാലരാകുന്നത് എങ്കിൽക്കൂടി.

ശത്രുവിനെ സ്നേഹിക്കുക എന്ന സുവിശേഷത്തിനു പകരം 'അവരെ' ശത്രുവാക്കേണ്ടത്തിന്റെ അനിവാര്യത പുതിയ സുവിശേഷമാകും, പുതിയ 'നന്മ'കളും 'സത്യ'ങ്ങളുമുണ്ടാകും. മനുഷ്യത്വരഹിതമായവ കാണുമ്പോൾ അവയെക്കുറിച്ചു അസ്വസ്ഥത പോലുമില്ലാത്ത തരം സമരസപ്പെടൽ സ്ഥായീഭാവമായി സ്വീകരിക്കാൻ അനുവദിക്കുന്ന വ്യാജക്രിസ്തു പൊതുബോധത്തിൽ സ്വീകാര്യമായി മാറും. സാമൂഹ്യമധ്യേ, അവബോധം, ജാഗ്രത എന്നൊക്കെ ഉറക്കെ പറയുന്ന സാഹചര്യങ്ങൾ, സൗകര്യപൂർവം തിരഞ്ഞെടുക്കപ്പെടുന്നവയിൽ മാത്രമൊതുങ്ങുന്നവയും രാഷ്ട്രീയ പ്രീണനം ലക്‌ഷ്യം വയ്ക്കുന്നതുമാണ്. അതേ സമയത്ത്, ചിലപ്പോഴെങ്കിലും നിർമ്മിക്കപ്പെടുന്ന 'അസ്വസ്ഥത'യും മതപരമോ രാഷ്ട്രീയപരമോ ആയ ധ്രുവീകരണത്തിന് ലാഭങ്ങൾ തേടുന്നതുമാണ്. അങ്ങനെയാവണം കൊട്ടിഘോഷിക്കപ്പെടുന്ന സമാധാന യജ്ഞങ്ങൾ സമാധാനത്തിനു വഴിയൊരുക്കാത്തത്. നീതി, 'ഞങ്ങൾ' തീരുമാനിക്കുകയും 'നിങ്ങൾ' അനുസരിക്കുകയും ചെയ്യുന്നതാണെങ്കിൽ സമാധാനം പ്രതീക്ഷിക്കരുത്. 'ഞങ്ങളുടെ' നേട്ടങ്ങൾക്കു വേണ്ടി സകലതും തച്ചുടച്ച് നിൽക്കാൻ കെൽപ്പില്ലാത്ത അവസ്ഥയിലാക്കിയ ശേഷം ചെറുത്തു നിൽക്കാൻ ശേഷിയില്ലാതാക്കുന്ന അവസ്ഥയെ സമാധാനം എന്ന് വിളിക്കരുത്. ഈ ദുർനീതികൾ അനുവദിക്കുന്ന ഭരണകർത്താക്കളെ ധർമ്മിഷ്ഠരെന്നും വിളിക്കരുത്.

സത്യസന്ധമായ നീതിബോധത്തിൽ നിന്നുള്ള 'അസ്വസ്ഥത' ഐക്യദാർഢ്യത്തിനും കൂട്ടായ പ്രയത്നത്തിനും വഴിയൊരുക്കും. സത്യവും, നീതിയും, ഏതെങ്കിലും പക്ഷത്തല്ല, അത് പൊതുനന്മയും ജീവനും കൊണ്ടുവരുന്നതാണ്. ഏതൊക്കെ പക്ഷങ്ങളുണ്ടോ എല്ലാവരും കരുണയും സഹതാപവും ആവശ്യമുള്ളവരുമാണ്.

ജൂലൈ 22, 2023

അസാധാരണത്തിന്റെ നീതിബോധം

സാധാരണ വിശ്വാസികൾക്ക് 'അസാധാരണ' വിശ്വാസികളേക്കാൾ നീതിബോധം ഉണ്ടെന്നും,  അനീതിയെ കണ്ടില്ലെന്നു നടിക്കുന്ന അസാധാരണക്കാരുടെ നിലപാട് അവരെ തീർത്തും തള്ളിക്കളയുന്ന നിലയിലേക്കെത്തുന്നുണ്ടെന്നും അതിനെ അവഗണിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് വന്നതിനും ശേഷമാണ്  അന്യായത്തെയും അക്രമത്തെയും കുറിച്ച് കുറിക്കാൻ നിർബന്ധിതരായത്. 

'മണിപ്പൂരിലേതുൾപ്പെടെ, വർഗീയതയും വംശീയതയും സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് പൊതുസമൂഹത്തിനു അവബോധംപകരുന്നതിൽ  പ്രതിജ്ഞാബദ്ധമാണ്.' 'മണിപ്പൂരിലേതുൾപ്പെടെ' യാക്കുന്നത് മണിപ്പൂരിനെ സാമാന്യവത്കരിക്കാനുള്ള എളുപ്പമുള്ള വഴിയാണ്. അവർ എങ്ങനെ ജീവിക്കുന്നെന്നു കുറച്ചു കൂടെ അടുത്തറിയാൻ ശ്രമിച്ചിരുന്നെങ്കിൽ മേല്പറഞ്ഞ അവബോധത്തിനു ആത്മാർത്ഥതയും കൃത്യതയും ഉണ്ടാകുമായിരുന്നു.

അവർ സഹിക്കുന്ന അനീതിക്കു കാരണമാകുന്ന സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും അപലപിക്കുകയും ചെയ്യാൻ തയ്യാറാവാതെ അസാധാരണത്തിന്റെ നീതിബോധം സത്യമാവില്ല.

പ്രീണനം ലക്ഷ്യമാക്കിയ, സുരക്ഷിതത്വത്തിന്റെ കപടമായ ഏറ്റുപറച്ചിൽ, സത്യത്തിന്റെ നേർമുഖം കണ്ടു ലജ്ജിക്കുകയെങ്കിലും വേണം. 

ജീവിക്കാനുള്ള ധൈര്യം പോലുമില്ലാതാവുന്ന വിധം മൗനമാണ് മനുഷ്യരെ അക്രമത്തിനു വിട്ടു കൊടുത്തത്. 

ജൂലൈ 17, 2023

കുട്ടിഭൂതമാക്കി ദൈവത്തെ മാറ്റരുത്

നമുക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന കുട്ടിഭൂതമാക്കി ദൈവത്തെ മാറ്റരുത്.

ദൈവത്തെ അലിയിപ്പിക്കാനുള്ള വഴി
കരുണ തോന്നിപ്പിക്കാനുള്ള വഴി
എളുപ്പം പ്രാർത്ഥന കേൾപ്പിക്കാനുള്ള വഴി
ഒരു സ്ഥലത്തു കുടിയിരിക്കുന്ന ഭയങ്കരമായ ശക്തിയായി മാതാവിനെയും മാറ്റരുത്
**** മാതാവിന്റെ ശക്തി പ്രചരിപ്പിക്കുക
**** മാതാവ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല
ഭക്തിയുടെ അനുഭൂതികളിൽ ക്രിസ്തുവിനെ വിഭജിക്കരുത്
ദൈവത്തെ വിൽക്കുന്ന ലാഭം കാണിക്കുന്ന പൊലിമ (ആൾക്കൂട്ടം, വർധിക്കുന്നെന്നു കരുതുന്ന കാര്യസാദ്ധ്യമുണ്ടാക്കുന്ന ഭക്തി, വർഷങ്ങളുടെ കണക്കനുസരിച്ചു ശിക്ഷ ഇളവാക്കുന്ന ഭക്തികൾ) ക്രിസ്തുശരീരത്തെ ശിഥിലീകരിക്കുകയാണ്. ദൈവാത്മാവിനെ ഉൾക്കൊണ്ട് നിർത്താൻ അതിനു കഴിയാത്തവിധം പോഷണങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഇഷ്ടങ്ങൾക്കും ലാഭങ്ങൾക്കും ചേരും വിധം രൂപപ്പെടുത്തിയ ഒരു ദൈവത്തെയാണ് ഈ ഭക്തികൾ പൂജ ചെയ്യുന്നത്.

"ഉടനടി പരിഹാരം" ! വേദനക്കുള്ള എണ്ണകൾ, വായുഗുളിക, ഏലസുകൾ തുടങ്ങിയവയുടെ പരസ്യങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടാറുള്ളത്. ഈ അടുത്ത്, ചില ഭക്തികളെയും പ്രാർത്ഥനകളെയും പരസ്യപ്പെടുത്തുന്നത് ഈ വിധത്തിലാണ്. ദൈവം സൗഖ്യപ്പെടുത്തുകയും, അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. സംശയമില്ല. പക്ഷേ, അവയെ മാന്ത്രികമാക്കരുത്. അത് ദൈവത്തെ ദൂരെയാക്കുന്നു. ക്രിസ്തു പരിചയപ്പെടുത്തിയ പാത കൃപയുടെ സഹായത്തോടെയുള്ള ഒരു കടന്നുപോകൽ പ്രക്രിയയാണ്. അതിൽ നിന്ന് ഒഴിവാക്കിത്തരാം എന്നാണ് ഈ മാന്ത്രിക പ്രാർത്ഥനകളും ഭക്തികളും പറയുന്നത്. കടന്നു പോകൽ പ്രക്രിയ സഹനവും വേദനയും ആകണമെന്നില്ല. ആ സമയം, ദൈവത്തിൽ ആശ്രയിക്കാനും, ക്ഷമയും, സ്ഥൈര്യവും സ്വന്തമാക്കാനും, സമാധാനത്തിലേക്കു വളരാനും പ്രാപ്തരാക്കുന്നതുമാണ്. ഉടൻ പരിഹാരം തേടുന്നതൊക്കെ ഉദ്ദേശ്യലബ്ദിക്കായുള്ള നെട്ടോട്ടമാണ്. രാജ്യവും നീതിയും അന്വേഷിക്കുക എന്നത് അവിടെ പരിഗണിക്കപ്പെടുന്നില്ല. പ്രബോധകർ അന്ധരും ബധിരരുമാകുമ്പോൾ അവർക്കേൽപ്പിക്കപ്പെട്ടിരിക്കുന്നവർ തിളങ്ങുന്ന കവറുകളിൽ കിട്ടുന്ന ലഹരിഭക്തികൾക്കടിപ്പെട്ടു ആരോഗ്യം നഷ്ടമാക്കിക്കൊണ്ടിരിക്കുന്നു.

ജൂലൈ 14, 2023

പ്രാകൃതം

പ്രാകൃതം എന്നത് പുരാതനം ആവണമെന്നില്ല. ഗോത്രവർഗ്ഗ ജീവിതശൈലികൾ തീർത്തും 'അസംസ്കൃത'മാവണമെന്നുമില്ല. മനുഷ്യനെ നന്മയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കാത്തതെന്തും പ്രാകൃതമാണ്. അത് ദൈവസങ്കല്പങ്ങളോ മതാനുഷ്ടാനങ്ങളോ സമ്പ്രദായങ്ങളോ കാഴ്ചപ്പാടുകളോ ആകാം. ആധുനികം എന്ന് കരുതപ്പെടുന്ന എത്രയോ സംവിധാനങ്ങൾ വക്രതയും ചൂഷണവും വഴി പ്രാകൃത സ്വഭാവം കാണിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ (അതും നാശകാരികളായവ) അധീനതയുടെ പേരിലുള്ള അന്താരാഷ്ട്ര രാഷ്ട്രീയവും സാമ്പത്തികവ്യവഹാരങ്ങളിലെ കപടതയും അതുണ്ടാക്കുന്ന അസമത്വവും, അത് പട്ടിണിയിലേക്ക് എറിഞ്ഞുതള്ളുന്ന വലിയ വിഭാഗം മനുഷ്യരും മനുഷ്യന്റെ 'പ്രാകൃത' ഭാവത്തിന്റെ തെളിവാണ്. 

'സാംസ്കാരികം' എന്നതിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മേൽക്കോയ്മയെ അവ ഇല്ലാത്തവയിൽ നിന്ന് വേർതിരിക്കാൻ ചേർത്തുവെച്ച 'പ്രാകൃതം' (natural) ഒരു അനുയോജ്യമായ പ്രയോഗം പോലുമല്ല എന്ന് മനസ്സിലാക്കണം. അധികാര സ്വാർത്ഥതയാണ് മനുഷ്യനെ മനുഷ്യനിൽ നിന്നും പ്രകൃതിയിൽ നിന്നും അകറ്റിയത്. അതിനു മതത്തിന്റെ നിറം നൽകിയത് എളുപ്പമുള്ള വൈകാരിക ഉപാധിയായി വിശ്വാസങ്ങളെ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ടാണ്. 

അന്താരാഷ്ട്ര വാണിജ്യതാല്പര്യങ്ങളെ മാറ്റിനിർത്തിക്കൊണ്ട്, രാഷ്ട്രീയത്തെയോ സാംസ്‌കാരിക ധ്രുവീകരണങ്ങളെയോ, സമകാലിക മത പ്രവണതകളെയോ (യാഥാസ്ഥിതികവാദങ്ങളും, മൗലികവാദങ്ങളുമടക്കം) വിശകലനം ചെയ്യാനാവില്ല. അധികാരവും സമ്പത്തും ഇഴചേർന്നു കൊണ്ട് എങ്ങനെ നിയന്ത്രണ ശേഷി കൈകാര്യം ചെയ്തു കൊണ്ടിരുന്നു, എതിർക്കുന്ന ഘടകങ്ങളെ എങ്ങനെ നേരിട്ടു (ആഖ്യാനങ്ങളും  അധികാരദണ്ഡും ശിക്ഷയും), പ്രതിരോധ മാർഗ്ഗങ്ങൾ എന്തായിരുന്നു എന്നിവ ചരിത്രം മാത്രമല്ല, അവ വ്യത്യസ്തമായ രീതികളിൽ ആവർത്തിക്കപ്പെടുന്നു. മാറ്റം വരേണ്ടത് ചൂഷണത്തിന് ഉപകരണമാകുന്ന സംവിധാനങ്ങളിലാണ്. അവയിൽ ഭരണകൂടവും, മതപരവും ആദർശപരവുമായ വ്യാഖ്യാനങ്ങളും, മനുഷ്യന്റെ അന്തസിനോടുള്ള സമീപനവും അതിന്റെ നിർവചനങ്ങളും, സാമ്പത്തിക നയങ്ങളും, ശാസ്ത്രീയ അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും അവകാശവാദങ്ങളും ഉൾപ്പെടുന്നു. 

കുറവ്, പഴമയിൽ ജീവിക്കുന്നു എന്നതിലല്ല, മനുഷ്യരാകാൻ ഇനിയും കഴിയുന്നില്ല എന്നതിലാണ്. പരിഹാരം 'പ്രകൃത്യാ' മനുഷ്യൻ എന്താണോ അസംഖ്യമായ ആ ബന്ധങ്ങളിൽ സ്വന്തം വേരുകൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ മതത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും ചുമടുകളിൽ നിന്ന് സ്വതന്ത്രരായി നന്മയിലേക്ക് വളരാൻ കഴിയൂ. 

ജൂലൈ 11, 2023

അഹങ്കാരമുള്ളിടത്ത് ബലി?

അഹങ്കാരമുള്ളിടത്ത് ദൈവം വസിക്കുന്നില്ലെന്ന ഒരു അടിസ്ഥാന പ്രമാണമുണ്ട്. ദൈവത്തിന് ഇടം കൊടുക്കാതെ, 'പ്രവൃത്തിയാൽത്തന്നെ' (by the very  act) എന്ന തത്വം കൊണ്ട് ദൈവത്തെ വളയത്തിലൂടെ ചാടിക്കാൻ ശ്രമിക്കുന്നവരാണ് വി. ബലിയെ അധികാരത്തിന്റെ ഉപകരണമാക്കുന്നവർ. അവർക്കു ബലി ദൈവത്തെയോ ക്രിസ്തുവിനെയോ സംബന്ധിച്ച ഒന്നുമല്ല. 

ക്രിസ്തുവിൽ നിന്നും എത്രയോ അകലെയാണ് നമ്മൾ.

ജൂലൈ 08, 2023

സഭയുടെ നിലപാടുകൾ ആയിരുന്നില്ല?

അവയൊന്നും സഭയുടെ നിലപാടുകൾ ആയിരുന്നില്ല എന്ന് കേൾക്കുന്നു ...

വെല്ലുവിളിയുടെയും വെറുപ്പിന്റെയും ഭാഷ ഔദ്യോഗികമായി ഒളിഞ്ഞും തെളിഞ്ഞും ഔദ്യോഗിക പ്രസ്താവനകളിൽ പോലും വന്നില്ലേ? നുണപ്രചരണവും സംശയവും, പകയും വളർത്തിയ ഗ്രൂപ്പുകൾ പറയുന്ന കാര്യങ്ങൾ സഭയുടെ ശബ്ദമല്ലെന്നു പറയാൻ എത്രയോ  പേർ എത്ര തവണ അപേക്ഷിച്ചതാണ്? എന്നിട്ടും ഒന്നും മിണ്ടാതിരുന്നപ്പോൾ 'വിശുദ്ധരും' 'പ്രഭാഷകരും' 'ശ്രേഷ്ഠരും' ഒക്കെ പറയുന്നത് സഭയുടെ നിലപാടുകൾ ആയിരുന്നു എന്നല്ലേ വിശ്വാസികൾ ധരിച്ചത്? 

നിശബ്ദത മൂലം വന്നു ചേർന്ന മുറിവുകളുടെ വേദന മാറ്റാൻ വെറും പ്രസ്താവനകൾ കൊണ്ട് കഴിയുമോ? അവ വൈകാരികവും, ബൗദ്ധികവും, സാമൂഹികവുമായ തലങ്ങളിലുണ്ട്. യുവജനങ്ങൾക്കിടയിൽ, വേദപാഠക്ലാസ്സുകളിൽ, മാതാപിതാക്കളിൽ കരുതലും ജാഗ്രതയുമെന്ന പേരിൽ പാകി കിളിർപ്പിച്ച അപരവിദ്വേഷം പെട്ടെന്ന് നുള്ളിക്കളയാൻ കഴിയുമെന്ന് തോന്നുന്നില്ല.വിഷവൈറസു ബാധിച്ച, അത് പടർത്തിക്കൊണ്ടിരിക്കുന്ന വൈദികരുണ്ട്. പാനപാത്രങ്ങളിലും കുരിശുകളിലും അവർ നൽകിയ മാരകവിഷത്തിനു ഔഷധം എന്താണ്? സഭയുടെ നിലപാട് എന്തെന്ന് അവർക്ക് ആരു പറഞ്ഞുകൊടുക്കും? 

വെറും 'സാദാ' വിശ്വാസികൾ പാലിച്ചു പ്രാർത്ഥിച്ച ഒരു യുക്തിയുണ്ട്: ക്രിസ്തുവിന്റെ  സ്വഭാവത്തിന് നിരക്കാത്തതൊന്നും സഭയുടെ നിലപാടല്ല. ക്രിസ്തുവിന്റെ മനോഭാവത്തിന് യോജിക്കാത്തവ ഏത് ഇടയശ്രേഷ്ഠനും മാലാഖയും വന്നു പറഞ്ഞാലും അതൊക്കെ അവസരത്തിനൊത്ത്, കലക്കുകയും മർദ്ദിക്കുകയും, വക്രീകരിക്കുകയും, ചൂഷണം ചെയ്യുകയും ചെയ്യുന്ന തന്ത്രങ്ങൾ മാത്രമാണ്. ആ തന്ത്രങ്ങൾക്ക് വിശ്വാസ്യത നൽകുവാനാണ്‌ ക്രിസ്തുവിന്റെ പശ്ചാത്തലത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചു പകയും വാശിയും പഠിപ്പിച്ചത്.

ഊന്നൽ കൊടുത്തു കൊണ്ട്, ആവർത്തിക്കട്ടെ, മൗനം പാലിച്ചു കണ്ടു നിന്ന സമയത്തു  വന്നു ചേർന്ന മുറിവുകളുടെ വേദന മാറ്റാൻ വെറും പ്രസ്താവനകൾ കൊണ്ട് കഴിയില്ല. വൈകാരികവും, ബൗദ്ധികവും, സാമൂഹികവുമായ തലങ്ങളിലേക്കെത്തിച്ചേർന്ന വിഷചിന്തകൾ വലിയ കരുതലോടെ ആ മേഖലകളിൽ ആത്മാർത്ഥമായ പുനർചിന്തനങ്ങളും പുനഃസൃഷ്ടിയും നടത്താൻ ശ്രമിച്ചെങ്കിലേ മാറ്റിയെടുക്കാൻ കഴിയൂ. 

ജൂലൈ 05, 2023

എല്ലാം 'ഭദ്ര'മാണ്

 "പ്രശ്നങ്ങൾ പരിഹരിക്കാനാണോ അതോ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാനാണോ അധികാരികൾക്ക് താല്പര്യം?"

മതവും ആരാധനാസമ്പ്രദായങ്ങളും നിയന്ത്രണാധികാരത്തിൻ്റെ ഉപകരണങ്ങളാക്കി എത്ര നാൾകൂടി സ്വയം നിലനില്പ് ഉറപ്പിക്കും? മതത്തെയും പാരമ്പര്യത്തെയും കുറിച്ച് പറഞ്ഞു തുടങ്ങിയതൊക്കെയും അധികാരത്തിന്റെ സങ്കുചിത യാഥാസ്ഥിതികതയെ സ്ഥായിയാക്കി നിർത്താനുള്ള ഉപാധികൾ മാത്രമായിരുന്നെന്ന് 'വിശ്വാസികൾ' ആയിരുന്നവർ പോലും തിരിച്ചറിഞ്ഞു തുടങ്ങി. അധികാരലഹരി സ്വയം എന്ന വിഗ്രഹത്തെ പൂജിച്ചു കൊണ്ടിരിക്കുവോളം പ്രത്യക്ഷത്തിൽ എല്ലാം 'ഭദ്ര'മാണ്.


ജൂലൈ 03, 2023

നമുക്കും പോകാം

ക്രിസ്തുവിൽ ആണെങ്കിൽ മാത്രമാണ് സഭയുള്ളത്, ക്രിസ്തുവിൽ ആകുമ്പോൾ മാത്രമാണ് സഭ ഏകമാകുന്നത്, ക്രിസ്തുവിന്റെ സ്വഭാവമായതു കൊണ്ടാണ് സഭ സാർവത്രികമാകുന്നത്, ക്രിസ്തുവിൽ ആയിരുന്നു കൊണ്ട് മാത്രമാണ് സഭ ശ്ലൈഹീക പാരമ്പര്യങ്ങളെ ജീവദായകമായ ശുശ്രൂഷകളാക്കുന്നത്. ക്രിസ്തുവില്ലാതെ ഒരു അപ്പസ്തോലനും ശിഷ്യനും സഭക്ക് രൂപം കൊടുക്കാനോ ഏകീകരിക്കാനോ സാർവത്രികമാക്കാനോ കഴിയില്ല. ക്രിസ്തുവെന്ന പ്രതിഫലമല്ലാതെ മറ്റൊരു പ്രതിഫലമോ 'സിംഹാസനങ്ങളോ' ആർക്കും ലഭിക്കാനുമില്ല. 

സ്വയം മരിച്ച് അവനിൽ ഒന്നാകുവാൻ, സഹിക്കുന്നവരോടൊത്തു ആ വേദന പങ്കുവെക്കാൻ, വേദനിക്കുന്ന ക്രിസ്തുശരീരത്തിന് ആശ്വാസമായി അനുരഞ്ജനത്തിന്റെയും സാന്ത്വനത്തിന്റെയും വിരലുകൾ കൊണ്ടുവരുവാൻ നമുക്കും പോകാം 

"എൻ്റെ കർത്താവേ എൻ്റെ ദൈവമേ!"

ജൂലൈ 02, 2023

മണിപ്പൂർ ഇനിയും ഒരുപാട് അകലെയാണ്

എന്താണീ ദൈവിക കാര്യങ്ങൾ?

ദൈവത്തിന്റെ സ്വഭാവം നന്മയായതു കൊണ്ട് നന്മ ചെയ്യുക എന്നതാണ് ദൈവിക കാര്യങ്ങൾ. നിഷ്ഠാപരമായ ആരാധനാരീതികൾ എത്രതന്നെ പാലിച്ചു പോന്നാലും നന്മ ചെയ്യാത്ത ഒരാൾ ദൈവപ്രവൃത്തികൾ ചെയ്യുന്നെന്ന് കരുതാനാവില്ല. നന്മ ചെയ്യുന്ന ഒരാൾ, 'ദൈവത്തെപ്രതി' എന്ന ഒരു വിശേഷണം ചേർക്കേണ്ടത് പോലുമില്ല അത് ദൈവപ്രവൃത്തിയാകാൻ.

ഈ നന്മയുടെ അടിസ്ഥാനത്തിലാണ് ഒരാൾ നല്ല ഹിന്ദുവും, നല്ല ക്രിസ്ത്യാനിയും, നല്ല മുസ്ലിമുമാക്കുന്നത്. മതാനുഷ്ഠാനങ്ങളുടെ കണിശമായ പാലനം ഒരാളെ നന്മയുടെ മനുഷ്യനാക്കുന്നെങ്കിൽ മാത്രമേ അത് ദൈവികമാകുന്നുള്ളു. മതം ചൂണ്ടിക്കാണിക്കുന്ന ആന്തരിക മൂല്യങ്ങളെ കണ്ടെത്താനുള്ള പരിശ്രമവും പരിശീലനവും  ഇന്ന് കുറവാണെന്നത് മതങ്ങളെ സങ്കുചിതമാക്കുകയും അപ്രധാനമായവയെ വിഗ്രഹവൽക്കരിക്കാൻ കാരണമാവുകയും ചെയ്യുന്നു. രാഷ്ട്രീയമോ സാമ്പത്തികമോ ആദര്ശപരമോ ആയ ഗൂഢോദ്ദേശ്യത്തോടെ മതം തെറ്റായി വ്യാഖ്യാനിക്കുന്നത് കൊന്നു കളയുന്നത് മനുഷ്യഹൃദയങ്ങളിലെ നന്മയെയാണ്. മനുഷ്യനെന്ന നില പോലുമില്ലാത്ത ഹീന മനസുകൾ സൃഷ്ടിക്കപ്പെടുകയാണവിടെ. നിഭാഗ്യവശാൽ, അത് മതത്തിനു കളങ്കം ചാർത്തുക മാത്രമല്ല, മതത്തിലുള്ള സകലരെയും ദോഷം ചാർത്തുകയും ചെയ്യുന്നു. 

ഇരകളാക്കപ്പെടുന്നവർക്കു കൂടെ നില്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോർവിളികൾ, സഹനത്തിലൂടെ കടന്നു പോകുന്നവരുടെ നിസ്സഹായാവസ്ഥ ഉൾകൊള്ളുന്നവയല്ല. സഹിക്കുന്നവർക്കും, വേദനക്ക് കാരണമാകുന്നവർക്കും ഈ തലമുറയിലും വരുന്ന തലമുറയിലും നന്മയുടെ ജനമാകുവാൻ തിന്മയെ അപലപിക്കാനും, നന്മ കൊണ്ട് എല്ലാവരെയും ചേർത്ത് നിർത്താനും കഴിഞ്ഞെങ്കിലേ സാധിക്കൂ. വീര്യവും തീക്ഷ്ണമായതും ജ്വലിക്കുന്നതുമായ വാക്കുകൾ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിച്ചു പുളകിതരാകുമ്പോൾ നന്മയുടെ വിത്തുകൾ പാകാൻ നമ്മൾ മറക്കുന്നു. 

വേദനകളെയും ദുരന്തങ്ങളെയും സമുദായവൽക്കരിച്ചു വർഗീയപകയാക്കി മാറ്റിയ തിന്മ നിറഞ്ഞ ഹൃദയങ്ങൾ നമുക്കിടയിലുണ്ട്. തിന്മയെ അപലപിക്കുകയും ചെറുക്കുകയും, അക്രമത്തിനിരയാവർക്കു വേണ്ടി പ്രാർത്ഥിക്കുകയും  അവർക്കു വേണ്ട ബലം ഉറപ്പു വരുത്തുകയും ചെയ്യുന്നതോടൊപ്പം നമ്മിൽത്തന്നെ വളരുന്ന തിന്മയെ നിരീക്ഷിക്കുക എന്നതും അതേ ധാർമികതയുടെയും നീതിബോധത്തിന്റെയും ഭാഗമാണ്. 

മണിപ്പൂർ നമ്മിൽ നിന്നും (ഹൃദയങ്ങളിൽ) ഇനിയും ഒരുപാട് അകലെയാണ്.