Gentle Dew Drop

ജൂലൈ 14, 2023

പ്രാകൃതം

പ്രാകൃതം എന്നത് പുരാതനം ആവണമെന്നില്ല. ഗോത്രവർഗ്ഗ ജീവിതശൈലികൾ തീർത്തും 'അസംസ്കൃത'മാവണമെന്നുമില്ല. മനുഷ്യനെ നന്മയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കാത്തതെന്തും പ്രാകൃതമാണ്. അത് ദൈവസങ്കല്പങ്ങളോ മതാനുഷ്ടാനങ്ങളോ സമ്പ്രദായങ്ങളോ കാഴ്ചപ്പാടുകളോ ആകാം. ആധുനികം എന്ന് കരുതപ്പെടുന്ന എത്രയോ സംവിധാനങ്ങൾ വക്രതയും ചൂഷണവും വഴി പ്രാകൃത സ്വഭാവം കാണിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ (അതും നാശകാരികളായവ) അധീനതയുടെ പേരിലുള്ള അന്താരാഷ്ട്ര രാഷ്ട്രീയവും സാമ്പത്തികവ്യവഹാരങ്ങളിലെ കപടതയും അതുണ്ടാക്കുന്ന അസമത്വവും, അത് പട്ടിണിയിലേക്ക് എറിഞ്ഞുതള്ളുന്ന വലിയ വിഭാഗം മനുഷ്യരും മനുഷ്യന്റെ 'പ്രാകൃത' ഭാവത്തിന്റെ തെളിവാണ്. 

'സാംസ്കാരികം' എന്നതിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മേൽക്കോയ്മയെ അവ ഇല്ലാത്തവയിൽ നിന്ന് വേർതിരിക്കാൻ ചേർത്തുവെച്ച 'പ്രാകൃതം' (natural) ഒരു അനുയോജ്യമായ പ്രയോഗം പോലുമല്ല എന്ന് മനസ്സിലാക്കണം. അധികാര സ്വാർത്ഥതയാണ് മനുഷ്യനെ മനുഷ്യനിൽ നിന്നും പ്രകൃതിയിൽ നിന്നും അകറ്റിയത്. അതിനു മതത്തിന്റെ നിറം നൽകിയത് എളുപ്പമുള്ള വൈകാരിക ഉപാധിയായി വിശ്വാസങ്ങളെ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ടാണ്. 

അന്താരാഷ്ട്ര വാണിജ്യതാല്പര്യങ്ങളെ മാറ്റിനിർത്തിക്കൊണ്ട്, രാഷ്ട്രീയത്തെയോ സാംസ്‌കാരിക ധ്രുവീകരണങ്ങളെയോ, സമകാലിക മത പ്രവണതകളെയോ (യാഥാസ്ഥിതികവാദങ്ങളും, മൗലികവാദങ്ങളുമടക്കം) വിശകലനം ചെയ്യാനാവില്ല. അധികാരവും സമ്പത്തും ഇഴചേർന്നു കൊണ്ട് എങ്ങനെ നിയന്ത്രണ ശേഷി കൈകാര്യം ചെയ്തു കൊണ്ടിരുന്നു, എതിർക്കുന്ന ഘടകങ്ങളെ എങ്ങനെ നേരിട്ടു (ആഖ്യാനങ്ങളും  അധികാരദണ്ഡും ശിക്ഷയും), പ്രതിരോധ മാർഗ്ഗങ്ങൾ എന്തായിരുന്നു എന്നിവ ചരിത്രം മാത്രമല്ല, അവ വ്യത്യസ്തമായ രീതികളിൽ ആവർത്തിക്കപ്പെടുന്നു. മാറ്റം വരേണ്ടത് ചൂഷണത്തിന് ഉപകരണമാകുന്ന സംവിധാനങ്ങളിലാണ്. അവയിൽ ഭരണകൂടവും, മതപരവും ആദർശപരവുമായ വ്യാഖ്യാനങ്ങളും, മനുഷ്യന്റെ അന്തസിനോടുള്ള സമീപനവും അതിന്റെ നിർവചനങ്ങളും, സാമ്പത്തിക നയങ്ങളും, ശാസ്ത്രീയ അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും അവകാശവാദങ്ങളും ഉൾപ്പെടുന്നു. 

കുറവ്, പഴമയിൽ ജീവിക്കുന്നു എന്നതിലല്ല, മനുഷ്യരാകാൻ ഇനിയും കഴിയുന്നില്ല എന്നതിലാണ്. പരിഹാരം 'പ്രകൃത്യാ' മനുഷ്യൻ എന്താണോ അസംഖ്യമായ ആ ബന്ധങ്ങളിൽ സ്വന്തം വേരുകൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ മതത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും ചുമടുകളിൽ നിന്ന് സ്വതന്ത്രരായി നന്മയിലേക്ക് വളരാൻ കഴിയൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ