Gentle Dew Drop

നവംബർ 30, 2020

“ക്രിസ്തു എന്നിൽ രൂപപ്പെടുന്നതുവരെ ...” മനുഷ്യാവതാരത്തിലേക്കു നയിക്കുന്ന ആത്മീയത ഉൾക്കൊള്ളുന്നത്

ഇനി ക്രിസ്തുമസിന്റെ ഒരുക്കങ്ങളാണ്. സാധിക്കുന്ന പ്രാർത്ഥനാ ജീവിതവുമായി ഒരു വർഷത്തോളം കടന്നു പോയി. ഈ അനുഭവങ്ങളിലൂടെതന്നെ ക്രിസ്തു നമ്മിൽ ജനിക്കുവാനും, നമ്മിലൂടെ ജനിക്കുവാനും വേണ്ട ആഴമായ ഒരു ഒരുക്കം നടത്തുവാൻ നമുക്ക് കഴിയുമോ?

മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു: കണ്ണും കാതും തുറന്നിരിക്കുന്ന വ്യക്തികളാണെങ്കിൽ നിസ്സഹായതയിൽ വേദനിക്കുന്ന അനേകരുടെ ജീവിതങ്ങൾ നമുക്ക് അറിയുവാൻ കഴിയും. അവർ അരികെയോ ദൂരെയൊ ആവട്ടെ, അവരോടു ഹൃദയത്തോടെ അടുത്തായിരിക്കാൻ നമുക്കാവും. അവരുടെ ജീവിതയാഥാർത്ഥ്യങ്ങളെ ധ്യാനിക്കുവാനും ആ സഹാനുഭൂതിയോടെ അവരെ പ്രാർത്ഥനയിലേക്കുയർത്തുവാനും നമുക്ക് കഴിയും. യാത്രയിലോ ജോലിയിലോ ആവട്ടെ സ്മരിക്കപ്പെടുന്ന, കാണപ്പെടുന്ന ഓരോരുത്തരിലും ഓരോ കാര്യത്തിലും ദൈവിക ഇടപെടലിന് വേണ്ടി ആഗ്രഹിക്കുക എന്നത് സ്വന്തം ജീവിതത്തിൽ തന്നെ വലിയ അഭിഷേകം പകർന്നു നൽകും.

ഉൾക്കാഴ്ചകൾ തുറന്നുതരുന്ന വിചിന്തനങ്ങൾ നമുക്ക് വേണം. ആത്മീയതയിലെ കണ്ണാണത്. അത്തരം ധ്യാനങ്ങൾക്കായുള്ള നൈപുണ്യം എങ്ങനെയോ നമ്മൾ മറന്നു കളഞ്ഞു എന്നതാണ് സത്യം. പ്രകൃതിയോടും മനുഷ്യജീവിതയാഥാർത്ഥ്യങ്ങളോടും പോലും സർഗാത്മകമായ ഉണർവ് കാത്തുസൂക്ഷിക്കുവാൻ ഈ വിചിന്തനം നമുക്ക് ആവശ്യമാണ്. അത് നഷ്ടപ്പെടുമ്പോഴാണ് അവയെ ദുരുപയോഗിക്കാനും ലാഭനഷ്ടങ്ങളുടെ കണക്കുകളിൽ ചിന്തിക്കുവാനും നമുക്ക് പ്രേരണയാകുന്നത്. ഉപഭോഗതൃഷ്ണയുടെ ഒരു സംസ്‌കാരശൈലിയിൽ ആണ് നമ്മൾ ജീവിക്കുന്നത്. അതിനെതിരെ നിൽക്കുന്ന തീരുമാനങ്ങൾക്ക് നമ്മെത്തന്നെ പ്രാപ്തരാക്കാൻ പരിശീലിക്കുകയെന്നത് ആത്മീയതയിലെ പ്രയോഗികമാനത്തിലൊന്നാണ്. ഒരു സാധാരണ വസ്തു വാങ്ങുന്നതു പോലും ഒരു ധാർമിക പ്രവൃത്തിയാകുന്നത് അങ്ങനെയാണ്. അത്തരം ആലോചനയോടും സൂക്ഷ്മതയോടും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ് കൊടുക്കൽ-വാങ്ങലുകൾ. 

മനുഷ്യരെ ദൈവം അറിഞ്ഞതുകൊണ്ടാണ് നമ്മിലൊരുവനാകുവാൻ ദൈവം ആഗ്രഹിച്ചത്. എലിസബത്തിന്റെ അടുത്തേക്ക് മറിയം ഓടിച്ചെല്ലുന്നതും അവളുടെ കുറവുകൾ ഗ്രഹിച്ചുകൊണ്ടാണ്. അപമാനിതയാക്കപ്പെടാമായിരുന്നവളെ ദൈവമാതാവായി തിരിച്ചറിയാൻ എലിസബേത്തിനു കഴിഞ്ഞതും വിശുദ്ധിയുടെ നിർവചനങ്ങൾ അതിലംഘിക്കുന്ന സ്നേഹമുണ്ടായിരുന്നതുകൊണ്ടാണ്. ദൈവവചനത്തെ ഗർഭംധരിച്ചു മാംസരൂപം നൽകുന്ന ആരുടെയും ഹൃദയത്തിലും വാൾ കടന്നുപോകുന്ന വേദനയുണ്ടാകും എന്ന ദീർഘദർശനം, ജീവിതത്തിന്റെ ലളിതമായ അവസ്ഥകളിൽ ദൈവത്തോടൊത്തു ജീവിച്ച അനേകരുടെ ജീവിതസത്യങ്ങളെ ധ്യാനിച്ചതിന്റെ ഫലമാകാം. ഒരിക്കലും കാണാത്തവർ പോലുമായ ആർക്കൊക്കെയോ വേണ്ടി നന്മ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന അനേകരിലും പ്രകടമാകുന്ന ആഗ്രഹം മറിയം കാത്തിരുന്ന അതേ നന്മയാണ്. അഗ്രാഹ്യമെങ്കിലും നിന്റെ വാക്കുകൾ എന്നിൽ ഭവിക്കട്ടെ എന്നത് ദൈവനന്മയിൽ അർപ്പിക്കപ്പെടുന്ന ആശ്രയത്തിൽ നിന്ന് ലഭിക്കുന്ന ധീരത കൂടി പ്രതിഫലിപ്പിക്കുന്നു.

അത്യുന്നതന്റെ ശക്തി നിന്റെമേൽ വരും: മാനവികത, ദൈവികത, ദൈവത്വം, ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ ജീവവഴികളിലോ ഉള്ള സത്യത്തിന്റെ നിർമ്മലതകൾ ഇവയെക്കുറിച്ചുള്ള ആത്മാർത്ഥമായ അന്വേഷണം വചനത്തിനു ശരീരഭാഷ നൽകാൻ ഓരോരുത്തർക്കും ആവശ്യമാണ്. സ്വയം ഇഷ്ടപ്പെടുന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന വിവരങ്ങളാണ് നമ്മൾ ഇന്ന് സാധാരണ അന്വേഷിക്കുന്നത്. നമ്മുടെ നിഗമനങ്ങളെ സംതൃപ്തമാക്കുന്നവയെ സത്യമെന്നും, അല്ലാത്തവയെ വ്യാജവാർത്തകൾ എന്നും വേർതിരിക്കും. രാഷ്ട്രീയത്തിലും, മതങ്ങളിലും, വിശ്വാസങ്ങളിലും പോലും, ഇഷ്ടപ്പെടുന്ന തരത്തിലാണ് വിവരങ്ങൾ നൽകപ്പെടുന്നതും. ഇത്തരത്തിൽ നിബന്ധിതമായി മാറുന്ന കാഴ്ചപ്പാടുകൾ സാമൂഹികവും, ചരിത്രപരവുമായ യാഥാർത്ഥ്യങ്ങളെ അറിയുവാനുള്ള താല്പര്യക്കുറവുണ്ടാക്കുന്നു. സ്വതന്ത്രമാക്കുന്നതു സത്യമായതിനാൽ, അല്പസത്യങ്ങളിലും അർദ്ധസത്യങ്ങളിലും സത്യം ശൂന്യമാക്കപ്പെടുമ്പോഴും, സ്ഥാപിതതാല്‍പര്യങ്ങൾക്ക് വേണ്ടി 'സമാന്തരസത്യങ്ങൾ' സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ സമാധാനവും ആത്മീയതയും ഇല്ലാതാകും. 

വിശേഷണങ്ങളില്ലാത്ത മനുഷ്യനെയും ദൈവത്തെയും തിരിച്ചറിയുകയാണ് ഇവിടെ തെളിയേണ്ട ആത്മീയത. സ്വയം അടച്ചുകളയുന്ന സമൂഹങ്ങളെയല്ല യഥാർത്ഥത്തിലുള്ള ആത്മീയത സൃഷ്ടിക്കുന്നത്; സ്വാതന്ത്ര്യമുള്ള സമൂഹങ്ങളെയാണ്. സത്യാനന്തരകാലത്തെ സമാന്തരസത്യങ്ങൾ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി വിവരണങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുമ്പോൾ മനുഷ്യനും ഭൂമിയും വലിച്ചു കീറപ്പെടുന്നു. മതം ഭാഷ വംശം സമുദായം തുടങ്ങിയവയെല്ലാം അതിനുപയോഗിക്കപ്പെടുന്ന ഉപകരണമായി മാറ്റപ്പെടുന്നു. ജനപ്രിയനായകർ വളർന്നു വരികയും, അവർ സമൂഹമെന്ന കുടുംബത്തെ വൈകാരികമായി ജ്വലിക്കുന്ന ജനക്കൂട്ടമാക്കുകയും ചെയ്യുന്നു. രാഷ്ട്രീയമായ ചേരിതിരിവ് സൃഷ്ടിക്കാനും വ്യക്തിപരമായ തീരുമാനങ്ങളെ സ്വാധീനിക്കുവാനും അവർക്കു കഴിയുന്നു. കേൾക്കാൻ ആഗ്രഹിക്കുന്നതു മാത്രം ശ്രദ്ധിക്കുക എന്നതിനപ്പുറം സത്യം എന്തെന്നറിയുവാൻ കാതോർക്കുകയെന്നത് ആത്മീയ തുറവിയാണ്. 

യുദ്ധങ്ങളും ആയുധ വിപണനവും ലാഭമാര്ഗങ്ങളായി കാണുകയും, മറുവശത്ത് നന്മയെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും വാചാലരാവുകയും ചെയ്യുന്നവരുടെ പ്രായോഗിക കപടതകൾ, ആദർശങ്ങളുടെ, വിശ്വാസത്തിന്റെ പേരിൽ നമ്മൾ വഞ്ചിക്കപ്പെടാതിരിക്കണമെങ്കിൽ തിരിച്ചറിയേണ്ടതുണ്ട്. അത്തരം പ്രചാരകരെയും, അവർ പടർത്തുന്ന വിഷത്തെക്കുറിച്ച് അറിഞ്ഞിട്ടും മൗനം പാലിക്കുന്നവരെയും, കാലം, 'പന്തിയോസ് പീലാത്തോസിന്റെ കാലത്ത്' എന്ന് കൂട്ടിച്ചേർക്കുന്നതു പോലെ ഓർത്ത് വ്യസനിക്കും. വിഭാഗീകതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന വിവരണങ്ങൾ, ബോധ്യപ്പെടുത്തുന്ന കാരണങ്ങളോടെ തന്നെ, ഈ കാലത്ത് ആവർത്തിച്ചു കേൾക്കുന്നവയാണ് (വിങ്ങുന്ന ചില വികാരങ്ങളെയാണ് ഇത് ബോധ്യപ്പെടുത്തുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്). എന്നാൽ, സംഘർഷം സൃഷ്ടിക്കുന്നവരുടെ താല്പര്യങ്ങളെ തിരിച്ചറിയുകയും അത് എത്ര മാത്രം പ്രബലമായിക്കഴിഞ്ഞെങ്കിൽക്കൂടി, സമാധാനത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുകയെന്നതാണ് ആത്മീയ സമീപനം. യുദ്ധം ചെയ്യുന്നവരുടെയും ആയുധം വില്കുന്നവരുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭങ്ങൾ കാണുകയും ചിലപ്പോൾ ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. നമ്മിൽ ജ്വലിക്കുന്ന യുദ്ധമോഹങ്ങളെ അലിയിച്ചു കളയുക എന്നത് ആത്മീയതയുടെ ആഴമാണ്.  സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും എണ്ണം നിരത്തി പക ഊതിക്കത്തിക്കുന്നവർ ആഗ്രഹിക്കുന്നത് നമുക്കോ മൊത്തത്തിലോ ഉള്ള നീതിയോ സമാധാനമോ അല്ല അവരവരുടെ അജണ്ടകളാണ്. അത്തരക്കാരായിരുന്ന ഹേറോദേസും അയാളെ പ്രീണിപ്പിച്ചു കൊട്ടാരത്തിന്റെ സൗഭാഗ്യങ്ങളിൽ കഴിഞ്ഞ മതനേതാക്കളും തിരുവെഴുത്തിനെ ഉപയോഗിച്ചത് പോലും തങ്ങളുടെ വഴിയിൽ വരുന്ന മനുഷ്യപുത്രനെ ഇല്ലാതാക്കാനാണ്. പ്രകൃതിയുടെ നന്മകളിൽ പോലും അടയാളങ്ങൾ കണ്ട സത്യാന്വേഷികൾ തീർത്തും അപ്രതീക്ഷിതമായ രൂപത്തിൽ മനുഷ്യപുത്രനെ ആരാധ്യനായി തിരിച്ചറിയുകയും ചെയ്തു. സത്യം നിഗൂഢമായ രഹസ്യമല്ല, വെളിപ്പെട്ടിട്ടുള്ള രഹസ്യമാണ്. തുറന്ന ഹൃദയത്തോടെ അന്വേഷിക്കുന്നവർ അത് തിരിച്ചറിയുകതന്നെ ചെയ്യും.

നിന്നിൽനിന്നു ജനിക്കുന്നവൻ പരിശുദ്ധനായിരിക്കും: ജീവനുവേണ്ടി നിലനിൽക്കുകയെന്നതും ആത്മീയതയുടെ ഭാഗമാണ്. ‘ജീവൻ’ എന്നത് രാഷ്ട്രീയലാഭം കാണുന്ന ആദർശമായി മാറ്റപ്പെടുമ്പോൾ അതിന്റെ ആഴങ്ങളും അർത്ഥവ്യാപ്തിയും നഷ്ടപ്പെടുന്നു. ക്രിസ്തുസമാനമായതും, എന്നാൽ ഒരു മുന്നേറ്റത്തിന്റെ ഭാഗമാകുന്നതിനേക്കാൾ വെല്ലുവിളിയുയർത്തുന്നതും, എളിയ ചില സമീപനങ്ങളാണ്. ആശ്വസിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, മറ്റുള്ളവരുടെ ഭാരങ്ങൾക്ക് ഒരു കൈത്താങ്ങ് നൽകാനും കഴിയുന്നത് ജീവന്റെ ആത്മീയതയാണ്. മതങ്ങളും സംസ്കാരങ്ങളും ഒത്തുചേരുന്ന പുതിയ ലോകസമൂഹങ്ങളിൽ നമ്മൾ എല്ലാവരും സഹോദരങ്ങളാണെന്ന ബോധ്യവും, ആ സഹോദര്യം ജീവിക്കുന്നെന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും ജീവന്റെ പ്രവൃത്തികളാണ്. സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുകയും വെറുപ്പ് വളർത്തുകയും ചെയ്യുന്നവർ മരണത്തിന്റെ ദൂതരാണ്. 

ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ ജീവൻ വിലപ്പെട്ടതാണ്. അതിന്റെ സുരക്ഷക്കായി നിലനിൽക്കണം. കുട്ടികളുടെ എണ്ണം എന്നതുപോലെതന്നെ, കുട്ടികളെ ദത്തെടുക്കുന്നതിലും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ വളർച്ചയിൽ സഹായിക്കുന്നതിലും ആവശ്യമായ ഊന്നൽ നൽകി അവയിലെ ആത്മീയതലം മനസിലാക്കുന്നതും ജീവന്റെ വളർച്ചയിലുള്ള തല്പരതയിലെ ആത്മാർത്ഥത കാണിക്കുന്നു. ഉള്ളവർ ഇല്ലാത്തവർക്ക് ഉദാരമായി നൽകുന്നതും ജീവന്റെ പ്രവൃത്തി തന്നെയാണ്. ആവശ്യമായ പോഷകാഹാരം  ലഭിക്കാത്തതു മൂലം ഗർഭാവസ്ഥയിൽ മരിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. അവരുടെ 'ജീവന്റെ' മൂല്യം കാണാൻ നമ്മുടെ നിലപാടുകൾ മടികാണിക്കുന്നുണ്ടോ എന്നതും ചിന്തിക്കണം. വിദ്യാഭാസത്തിനു കഴിയാത്തവർക്ക് അതിനു സൗകര്യമൊരുക്കുന്നതും, വരുമാനമാർഗത്തിനു വഴി തെളിക്കുന്നതും ജീവന്റെ വഴികളാണ്. കുടുംബാംഗങ്ങളോടു കൂടെ ആയിരിക്കാനും പരസ്പരം കേൾക്കാനും സാമീപ്യം പകരാനും കഴിയുന്നത് ജീവന്റെ ആത്മീയ അനുഭവമാണ്. 

ഖനനത്തിനും മറ്റുമായി സ്വന്തം വാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നവരും, നിസ്സഹായരുമായ ഗോത്രവർഗക്കാരും തദ്ദേശീയ വാസികളും ലോകമെങ്ങും കൂടുകയാണ്. ജീവൻ വേട്ടയാടപ്പെടുന്നവർക്കു വേണ്ടി നിലകൊള്ളേണ്ടത് ജീവനെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ജീവൻ നിലനിർത്താനാവശ്യമായ പരിതഃസ്ഥിതിയെ കാത്തുസൂക്ഷിക്കുക എന്നതും അതിനായുള്ള പ്രയത്നങ്ങൾ നടത്തുക എന്നതും ജീവന് വേണ്ടിയുള്ള നിലപാടുകളുടെ ഉരകല്ലാണ്. ആത്മാക്കൾ ഭൂമിയിൽ വന്നു ശരീരമെടുത്തവരല്ല മനുഷ്യർ. ഭൂമിയിലെ മണ്ണിൽ നിന്ന് ജീവൻ പ്രാപിച്ചവരാണ് മനുഷ്യർ. ചുറ്റുപാടുകളെയും പ്രകൃതിയുടെ രഹസ്യങ്ങളെയും ധ്യാനിക്കുവാനും അവയെ കരുതുവാനുള്ള ഉത്തരവാദിത്തം ദൈവം ഭരമേല്പിച്ചിരിക്കുന്നതായി ഏറ്റെടുക്കുവാനും കഴിയുന്നത് ജീവന്റെ ആത്മീയതയാണ്. ഈ വഴികളിലോരോന്നിലും ജീവന്റെ മൂല്യവും മഹത്വവും മനുഷ്യാവതാരപ്രക്രിയയും  അടങ്ങിയിരിക്കുന്നു എന്ന് ഗ്രഹിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മളും ദൈവ സന്നിധിയിൽ കൃപ കണ്ടെത്തിയവരാണ്.

സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല: ഹൃദയശുദ്ധിയുള്ളവർക്കേ വിലപിക്കുന്നവരെ കാണാനും അവരെ ആശ്വസിപ്പിക്കാനും കഴിയൂ. സഹാനുഭൂതിയുടെ ശുശ്രൂഷകൾ പാവങ്ങൾക്ക് സഹായമെത്തിക്കുന്നതിലും വിസ്തൃതമാണ്. കാരുണ്യം പകരുന്നവർ, ആശ്വസിപ്പിക്കുന്നവർ കഷ്ടപ്പാടനുഭവിക്കുന്നവരുടെ ദുരവസ്ഥയിലേക്കു നയിക്കുന്ന സംവിധാനങ്ങളെ നിഷ്ക്രിയമാക്കുവാൻ ക്രിയാത്മകമായ പ്രയത്നങ്ങൾകൂടി നടത്തുന്നവരാണ്. വിലപിക്കുന്നവർ, അവർക്കു നഷ്‌ടമായ പ്രിയപ്പെട്ടവരെ ഓർത്ത്, നഷ്‌ടമായ വാസസ്ഥലവും ചരിത്രവും സംസ്കാരവും ഓർത്ത്, തകർക്കപ്പെട്ട ഭാവിയെ ഓർത്ത്, വിലപിക്കുന്നവരാണ്. അവരെത്തന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ചും വിലപിക്കുന്നവരുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരായിരുന്നു സാധാരണയായി ഉപേക്ഷിക്കപ്പെടുന്നത്. ഇന്ന് വിട്ടുകളയപ്പെടുന്നവർ രജിസ്റ്ററിൽ പേര് ചേർക്കപ്പെടാത്തവരോ ജീവിക്കാൻ സ്ഥലമില്ലാത്തവരോ മാത്രമല്ല. സമ്പന്നശക്തികളുടെ പദ്ധതികൾക്കനുസരിച്ച് ആട്ടിയിറക്കപ്പെടുന്നവരാണ്. അവർ ഈ ലോകത്ത് ആരുമല്ല എന്ന് അവർക്കറിയാം. ഇന്ത്യയിലോ അമേരിക്കയിലോ പാവങ്ങൾ 'കാണപ്പെടുന്നില്ല.' പരിതാപകരമായ അവസ്ഥയിൽ മനുഷ്യക്കോലങ്ങൾ കാണപ്പെടുന്നെങ്കിൽ അവർ ജനത്തിന്റെ എണ്ണത്തിൽ  പെടുന്നവരല്ല, അവർ സാമ്പത്തികഘടനകളും സംസ്കാരവും ചവറ്റുകൂനയിൽ ഉപേക്ഷിച്ച മാലിന്യങ്ങളാണ്. സ്ഥാപനവത്കരിക്കപ്പെട്ട അന്യായവ്യവസ്ഥിതികൾ അവർക്കുവേണ്ടി ശബ്ദമുയർത്താൻ ആരെയും അനുവദിക്കില്ല. ഈ വിലാപങ്ങളെ, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയോ മണ്ണിൽനിന്ന് മനുഷ്യനെ രൂപപ്പെടുത്തിയ രഹസ്യത്തിന്റെയോ നേർത്തട്ടിൽ വച്ചുകൊണ്ട് നമ്മെ തീർത്തും അസ്വസ്ഥമാക്കുന്ന ധ്യാനചര്യ ശീലിച്ചെങ്കിലേ ആ വിലാപങ്ങളിലുള്ള ക്രിസ്തു ശരീരവും രക്തവും നമുക്ക് തിരിച്ചറിയാനാകൂ. നീതിക്കുവേണ്ടി വിശപ്പു സഹിക്കുന്നവർക്കേ ജീവന്റെ അപ്പത്തിന് അവകാശമുള്ളൂ.

ദൈവത്തിനു മഹത്വം; സന്മനസുള്ളവർക്കു സമാധാനം: പരസ്പരം കണ്ടില്ലെന്നു നടിക്കാനോ, അവഗണിച്ചു മുമ്പോട്ട് പോകാനോ ആത്മീയരെങ്കിൽ നമുക്ക് കഴിയില്ല. ഭവനരഹിതരും, രോഗികളും വിദ്യാഹീനരുമായ അനേകരെ അറിയാവുന്നവരാണ് നമ്മൾ. അവരുടെ വളർച്ചയും നല്ല ജീവിതവും ഉറപ്പാക്കാൻ വേണ്ട കരുതലുകൾ സ്വീകരിക്കാൻ നമ്മുടെ ആത്മീയത നമ്മെ പ്രേരിപ്പിക്കട്ടെ. ഉള്ളിൽ സ്വയം ഒരുക്കുന്ന ഭീതി, പരായനെന്നു കരുതി വെറുക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരെ വെറുക്കുവാനായി മനസുകളിൽ കരുതിയില്ലെങ്കിൽ കൂടുതൽ കൂടുതൽ പാകപ്പെടും. അന്നുവരെ അവർക്കെതിരെ കരിങ്കൽച്ചീളുകൾ കൂട്ടിവച്ചു സ്വയം വേദനിപ്പിച്ചുകൊണ്ടിരിക്കും. അനേകർക്കർഹമായ ഉള്ളിന്റെ നന്മയെ വരണ്ടുപോകാൻ അനുവദിക്കരുത്. അവർക്കു വേണ്ടി ഹൃദയം തുറക്കുന്നത് അവർക്കും നമുക്കും അഭിഷേകത്തിന്റെ അഗ്നിയാകും. കഠിനതകൾക്കിടയിൽ, ചിലപ്പോൾ നിശ്ച്ചയിച്ചുറപ്പിച്ചു ചെയ്യുന്ന നന്മകൾ സമ്മുടെ ഉള്ളിൽത്തന്നെ കണ്ണീരു നിറയ്ക്കും. നീറുന്ന അനേകം വേദനകളെയും പൊള്ളലുകളെയും അത് സാന്ത്വനപ്പെടുത്തുകയും ചെയ്യും. പകരം അത്തരം നീറ്റലുകളിൽ ലഹരി നുണയുന്നവരാണ് നമ്മിൽ പലരും. നന്മയുടെ ആർദ്രതയില്ലാത്ത ഒരു തീക്ഷ്ണതയും വിശ്വസ്തതയും ദൈവികമല്ല. ഒരു ക്രിസ്തുവും അതിൽ നിന്ന് സന്തോഷിക്കുന്നുമില്ല.

വ്യക്തിയോ, രാഷ്ട്രമോ ദേശമോ ആയി സ്വന്തം താല്പര്യങ്ങൾക്കപ്പുറം പൊതുവായ നന്മയെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത് വളരെ ആവശ്യമാണ്. കൂട്ടിച്ചേർക്കേണ്ടവയെയൊക്കെ, അറ്റുവീഴുന്ന കണ്ണികളാക്കി പരസ്പരം അകലുന്നതിൽ അഭിമാനിക്കാവുന്ന സ്വത്വബോധം ഒന്നും തന്നെയില്ല.  പ്രകൃതിദുരന്തങ്ങളും, നമ്മുടെ തന്നെ പ്രവൃത്തികളുടെ പരിണിതഫലങ്ങളും എല്ലാവർക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഒരു കുടുംബമായി സ്വയം മനസ്സിലാക്കിക്കൊണ്ട് സഹവർത്തിത്തത്തോടെ മുന്നോട്ടു പോകാൻ ആയെങ്കിലേ പഴയ ശത്രുതകളിലേക്ക് തിരികെ പോകാതിരിക്കാൻ നമുക്കു കഴിയൂ. ഒരുമിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുമ്പോഴും ചെയ്യുമ്പോഴേ ഓരോരുത്തരുടെയും ഉള്ളിലുള്ള നന്മകളെ നമുക്ക് തിരിച്ചറിയാനും പരസ്പരമുള്ള സംശയങ്ങൾ ദൂരീകരിക്കുവാനുമാകൂ.  ഇവക്കുവേണ്ടി പ്രതിദിനം നടത്താൻ കഴിയുന്ന ചെറിയ പ്രയത്നങ്ങളാണ് ആത്മീയതയിൽ വളരെ ആഴത്തിൽ നമ്മെ ശക്തിപ്പെടുത്തുന്നത്.

ഭീകരമുഖങ്ങളിൽ പോലും, നന്മ ചെയ്യുവാൻ മനുഷ്യന് കഴിയുന്നു എന്നതാണ് മനുഷ്യന്റെ ആഴം. മുറിപ്പെടുത്തിയവനെയും ഹൃദയത്തിൽ സ്വീകരിച്ചു ഭക്ഷണം നൽകുകയാണ് മനുഷ്യനിലെ ദൈവികത - യഥാർത്ഥ മാനുഷികത. നന്മ വെളിവാകുന്നത് സാഹസത്തിലും പുകഴ്ത്തപ്പെടുന്ന പ്രവൃത്തികളിലുമല്ല ജീവിതത്തിന്റെ ലളിതമായ സമീപനങ്ങളിലാണ്. ആ നൈർമ്മല്യങ്ങളിലാണ് ദൈവമഹത്വം മനുഷ്യൻ അടുത്ത് കാണുന്നത്. ആ നിർമ്മലതകൾ സ്വന്തം വഴികളിൽ ഉറപ്പു വരുത്താതെ ഭക്തഗണത്തിന്റെ വലുപ്പത്തിലും, യാഗബലിയുടെ പെരുമയിലും ഗാനങ്ങളുടെ ഈണത്തിലും കൊഴുക്കുന്നത് സ്വന്തം മഹത്വവും അനുഭൂതികളുമാണ്. രാജകുമാരനുള്ള രത്നഭണ്ഡാരത്തെക്കുറിച്ചായിരുന്നില്ല മാലാഖയുടെ സന്ദേശം. തങ്ങൾക്കായി "ഒരു ശിശു പിറന്നിരിക്കുന്നു," ആ ശിശുവിൽ ദൈവമഹത്വം അവർ കണ്ടു. ആട്ടു മേയിച്ചു നടന്ന പാവപ്പെട്ടവർക്ക് എന്ത് ശുഭപ്രതീക്ഷയാണ് ആ ശിശു നൽകിയത്? അന്ന് ആ രാത്രിയിൽ ആ ശിശുവിന് വേണ്ട പരിചരണം ചെയ്തു കൊടുത്തത്, കണ്ണുതെറ്റിയാൽ കിട്ടിയത് തട്ടുന്ന, സ്ഥലവും കുടിയുമില്ലാത്ത ആട്ടിടയരാവാം. മരണസമയത്ത് മറ്റൊരു കള്ളൻ അവനായി നല്ല അയൽക്കാരനായി. അവനുവേണ്ടി ഹൃദയത്തിൽനിന്ന് പറുദീസാ തുറന്നു കൊടുക്കുവാൻ ക്രിസ്തുവും മനസ്സായി. സ്വയം നൽകാനും, മറ്റുള്ളവരിൽ കാണാനും കഴിയുന്ന നന്മകളിലാണ് മുന്നോട്ടുള്ള  പ്രതീക്ഷ നിലകൊള്ളുന്നത്. ജെറുസലേമിന്റെ മോടികളെക്കാളും കാലിത്തൊഴുത്തിന് ഹൃദ്യത പകരുന്നതും അവിടെയെത്തിയവരുടെ നന്മകളാണ്. ആ നന്മയാണ് സമാധാനഗീതമായി ഉയർന്നു പൊങ്ങിയത്.

ഇതാ കർത്താവിന്റെ ദാസി: ഓരോ യാഥാർത്ഥ്യവും സംഭവവും നൽകുന്ന പ്രചോദനങ്ങളുണ്ട്. നമ്മെ മുമ്പോട്ട് നയിക്കുന്നതോ, ഒരു തലമുറയെത്തന്നെ തകർത്തുകളയുന്നതോ ആയവ നമുക്ക് നേരിൽ  കാണാവുന്നതാണ്. സ്ഫോടനങ്ങളുടെ പ്രകമ്പനശബ്ദം, പൊള്ളിയും അവയവങ്ങൾ അറ്റുവീണും നീറിയും രക്തമൊലിപ്പിച്ചും ഞരങ്ങുന്ന മനുഷ്യരും മൃഗങ്ങളും, കരയാൻ പോലുമാകാതെ പേടിച്ചു കണ്ണുതുറിച്ചിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ.... ഒരിക്കലും അത് ഒരു നല്ല ചിത്രമല്ല. നമ്മിൽ അത് ഒരു തേങ്ങലുണർത്തുന്നില്ലെങ്കിൽ രക്ഷകന്റെ പരിത്രാണകർമ്മത്തിൽ നമുക്ക് പങ്കുചേരാനാവില്ല. അനീതികളിൽ നിന്നും സ്വാർത്ഥതയിൽ നിന്നും ജനിക്കുന്ന ഇത്തരം വേദനകൾ ആവർത്തിക്കാതിരിക്കേണ്ടതിന് ഈ നിസ്സഹായ ചിത്രങ്ങൾ പകർന്നു നൽകുന്ന പ്രേരണകൾക്കു ഹൃദയം തുറന്നു നൽകണം. നമ്മൾ അടുത്തുള്ളവരോട് ചെയ്യുന്നതിന്റെ പ്രതിഫലനങ്ങൾ തന്നെയാണ് തോത് കുറഞ്ഞോ കൂടിയോ ദൂരെ നിന്നും കാണപ്പെടുന്നത്. തനിക്കു എന്ത് ചെയ്യുവാൻ കഴിയുമെന്നോ താൻ എങ്ങനെ ഇതിൽ ഉത്തരവാദിയാണെന്നോ ഉള്ള ഉദാസീനത ആത്മീയമല്ല. ബൗദ്ധികമായോ, കലാപരമായോ, സാമൂഹിക മുന്നേറ്റങ്ങളിലൂടെയോ ആന്തരിക പ്രചോദനങ്ങൾക്ക് കൃപയിൽ നിറഞ്ഞ മനുഷ്യാവതാരം നൽകാം. അപ്പോൾ വേദനിക്കുന്ന ലോകത്തിനു ക്രിസ്തുസ്പർശം അനുഭവ വേദ്യമാകും. ആത്മീയതയയുടെ അർത്ഥം നമ്മിലൂടെ പ്രവൃത്തികളാകുന്നത് കാണുവാനും കഴിയും.

ആൾബലം കൊണ്ടും അധികാരസ്വാധീനം കൊണ്ടും ക്രിസ്തു രൂപപ്പെടുന്നില്ല, ക്രിസ്തുരൂപീകരണം കൃപയുടെ പ്രവൃത്തിയാണ്. സമൂഹം, ആചാരാനുഷ്ഠാനങ്ങൾ, ഭക്തി, പാരമ്പര്യം എന്നിവയൊക്കെ ഈ രൂപീകരണത്തെ സാധ്യമാക്കേണ്ടവയാണ്. എന്താണ് നമ്മൾ രൂപപ്പെടുത്തുന്നത് എന്നത് ആത്മശോധനക്ക് ഇടം നൽകുന്നതാണ്. മെച്ചപ്പെട്ട ഉത്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കൾക്കു വേണ്ടിയെന്ന പോലെ, മെച്ചപ്പെട്ട അനുഭവങ്ങൾ സൃഷ്ടിക്കുന്ന ക്രിസ്തു-ഉത്പന്നങ്ങളെ സൃഷ്ടിച്ചു നൽകുവാൻ മികവ് കാട്ടുന്നവർക്കാണ് ഇന്ന് ശ്രോതാക്കളേറെയും. അവിടെ യഥാർത്ഥ ക്രിസ്തു ഒരു വെല്ലുവിളി തന്നെയാണ്.

തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും: ആധുനിക ലോകത്തിന്റെ രൂപങ്ങളും ദിശയും ഗതിവേഗങ്ങളും വളരെ സങ്കീർണ്ണമാണ്. കോവിഡ് പോലെ, ആകസ്മികമായ അനിശ്ചിതത്വങ്ങൾ നമ്മൾ കൊണ്ട് നടക്കുന്ന ഒട്ടനവധി കപടതകളും പൊള്ളയായ അഹന്തകളും പുറത്തു കൊണ്ടുവരുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പുതുമ കണ്ടെത്തുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ അനിശ്ചിതത്വങ്ങളിലും സങ്കീർണ്ണതകളിലും ഉലയാതെ, നിരാശയിൽ സ്വയം അടച്ചു കളയാതെ പുതിയ ചക്രവാളങ്ങൾ തേടുവാനും പുതിയ വാതിലുകൾ തുറക്കുവാനും നമുക്ക് കഴിയും. അനിശ്ചിതത്വങ്ങൾ നമ്മുടെ ചിന്തകളും സങ്കല്പങ്ങളും ഉടച്ചു കളയുമ്പോൾ നമ്മൾ ചേർത്തുവച്ചിരിക്കുന്ന സങ്കല്പങ്ങളെ മറികടന്ന് ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ സമീപനങ്ങളെ പുതുതായി കാണുവാൻ ഒരു അവസരമാണത്. ആ ഉൾക്കാഴ്ചകളിൽ നിന്ന് ഓടിയൊളിക്കരുത്; കപടമായ 'ആത്മീയ' നിർവൃതികളിൽ പോലും.

'സെക്കുലർ' സാഹചര്യങ്ങളിൽ ദൈവസ്പര്ശമുണ്ട് എന്നത് തിരിച്ചറിയാൻ മടി കാണിക്കുന്നവരാണ് ഏറെയും. എന്നാൽ ജീവിക്കുന്ന സാധാരണ അവസ്ഥകളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും ബൈബിളിൽ ഉടനീളം കാണാം. നമ്മുടെ ഓരോ നിമിഷത്തിലെയും ഇടപെടലുകളിൽ നമുക്കരികെ വന്നുപോകുന്ന അനുദിനവിശുദ്ധരുടെ സാന്നിധ്യങ്ങളും അവർ പകർന്നു നൽകുന്ന ഉപകാരങ്ങളും ധ്യാനിക്കപ്പെടണം. കച്ചവടക്കാർ, തൊഴിലാളികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലായിരുന്നുകൊണ്ട് സ്വന്തം ആത്മാർത്ഥതയിൽ ദൈവമഹത്വം തെളിച്ചു കാട്ടുന്നവരാണവർ. ദൈവം പകരുന്ന പ്രത്യാശയെ 'വിശുദ്ധസ്ഥലങ്ങളി'ലേക്കു ഒതുക്കിനിർത്താവുന്നതല്ല. നമ്മൾ നിർവ്വചിച്ചിരിക്കുന്ന വിശുദ്ധസ്ഥലങ്ങൾ മാത്രമാണ് ദൈവകൃപയുടെ ഉറവിടങ്ങൾ എന്ന് അർത്ഥവുമില്ല. അത് അവയുടെ മതപരമായ പ്രാധാന്യം മൂലം അപ്രകാരം നിർവചിക്കപ്പെട്ടവയാണ്. എങ്ങനെയും എവിടെയും ദൈവം നമുക്ക് തന്നെത്തന്നെ നൽകാം. അപരിചിതവും അപ്രതീക്ഷിതവുമായവയെ സ്വീകരിക്കുവാൻ നമുക്ക് കഴിയണം. വിശ്വസനീയമായ ശാസ്ത്രത്തെ വിശ്വസിക്കുക എന്നതും ആത്മീയതയിലെ തുറവിതന്നെയാണ്. പൊതുനന്മയെ ലക്ഷ്യമാക്കുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുകതന്നെ വേണം. അവയെ അവഗണിച്ചുകൊണ്ടുള്ള വിശ്വാസപ്രകടനപരതയും അന്ധമായ ഭക്തിതീക്ഷ്ണതയും മതതീവ്രതയും ആത്മീയതയല്ല കാണിക്കുന്നത്, മറിച്ച്  സങ്കുചിതാവസ്ഥയാണ്. വായന പ്രോത്സാഹിപ്പിക്കാനും, ക്രിയാത്മകവിമര്ശനത്തോടെ കാര്യങ്ങളെ നോക്കിക്കാണാനും, ചരിത്രത്തിനും, ശാസ്ത്രത്തിനും പ്രാധാന്യം നൽകുവാനും, സമൂഹത്തിനെ നന്മക്കു വേണ്ടി ആവശ്യമായ സഹകരണങ്ങൾ വളർത്തുവാൻ വഴികൾ ആലോചിക്കുവാനുമൊക്കെയുള്ള പ്രയത്നങ്ങൾ ആരോഗ്യമുള്ള ആത്മീയതക്ക് ആവശ്യമാണ്. പ്രായത്തിനും അഭിരുചികൾക്കും അനുസരിച്ച് എത്ര വേഗം ഒരു വ്യക്തിക്ക് ഇവ പ്രാപ്തമാക്കാമോ  നല്ല ഒരു തലമുറയുടെ വളർച്ച നമുക്ക് ഉറപ്പാക്കാം.

ക്രിസ്തുകേന്ദ്രീകൃതമായ സമൂഹമാകുന്നതും ക്രിസ്തുരൂപത്തിലേക്കു ഒരു സമൂഹമായി വളരാൻ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്. കാലഘട്ടത്തിന്റെ സങ്കീര്ണതകളിൽ ആത്മാവ് തന്നെ ഘടനകളെയും ഹൃദയങ്ങളെയും അസ്വസ്ഥമാക്കിയെന്നു വരാം. ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവ് തന്റെ ദാനങ്ങളോട് സഹകരിക്കുന്നവരിലൂടെ ശാന്തതയും ഐക്യവും പുതുസൗന്ദര്യങ്ങളിൽ പകർന്നു നൽകും. അവിടെ മറുതലിപ്പു കാണിക്കുന്ന ഘടനകൾ കാലഹരണപ്പെട്ടു ജീർണ്ണത പ്രാപിക്കുകയേയുള്ളു. സ്ഥാപനവത്കൃതമാകുന്ന ഘടനകളിൽ പരിശുദ്ധാത്മ ചൈതന്യത്തിന് ഇടം ഉറപ്പാക്കുകയെന്നത് ആത്മീയതയിൽ പ്രധാനമാണ്. വ്യക്തിപ്രഭാവത്തിലോ, സ്വയം ചുരുങ്ങുന്ന സമൂഹങ്ങളിലോ അവരവരിലേക്കു കേന്ദ്രീകൃതമാകുന്ന അവസ്ഥകളാണ് അസ്വസ്ഥതകളും വിഭജനങ്ങളുമുണ്ടാക്കുന്നത്.

ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും ഭരണം നടത്തുന്നവൻ, പരിശുദ്ധൻ, വലിയവനായവൻ ... സ്വപ്നങ്ങളും സങ്കല്പങ്ങളും മായികരൂപങ്ങളിൽനിന്ന് യാഥാർത്ഥ്യങ്ങളിലേക്കെത്തുമ്പോഴേക്കും ആ കൊച്ചു കുടുംബത്തിന് നിശബ്ദതയോടെ സ്വയം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. രാജസൈന്യങ്ങളുടെ സുരക്ഷ ഇല്ലായിരുന്നു എന്ന് മാത്രമല്ല, അവർക്ക് രാജാവിന്റെ വാളിന്റെ ഭീതിയിലുമാകേണ്ടി വന്നു.മേഘങ്ങളിലും, പുകച്ചുരുളിലും വെളിപ്പെടുന്നവൻ പിള്ളക്കച്ചകൾ കൊണ്ട് പൊതിയപ്പെട്ട് ഒരു അമ്മയുടെ കൈയിൽ, പാവങ്ങളായ ആട്ടിടയരുടെ പരിചരണങ്ങൾ സ്വീകരിച്ച് കാണപ്പെട്ടു. അവനെ അന്വേഷിച്ചെത്തിയ  ജ്ഞാനികൾ വിദേശികളായിരുന്നു. അവർക്ക് അന്യദേശത്ത് അഭയാർത്ഥികളാവേണ്ടി വന്നു. അതിവിശുദ്ധസ്ഥലത്തെ രഹസ്യങ്ങളുടെ തിരശ്ശീലയില്ലാതെ മിശിഹാ എല്ലാവരുടെയും അടുത്ത് ചെന്നു. ബലികളുടെയും കാഴ്ചകളുടെയും വ്യവസ്ഥകളില്ലാതെ ദൈവപുത്രൻ മടിയിലിരുന്നു. വിജാതീയരുടെ നഗരമായിരുന്ന ഗലീലി സ്വന്തം വാസസ്ഥലമാക്കി, പരിഗണിക്കപ്പെടാത്തവരെ കൂടെ നടത്തി. അവന്റെ അടുത്തെത്തിയവർ വന്നെത്തിയത് ഹൃദയവുമായാണ്, ധൂപാർച്ചനകളും കാഴ്ചകളും എന്നു വേണ്ട ഒരു വൈകാരികവിധേയത്വം പോലും അവൻ പ്രോത്സാഹിപ്പിച്ചില്ല. 

ദൈവം പൂർണ്ണത നിത്യത തുടങ്ങി കുറെയേറെക്കാര്യങ്ങളിൽ കാഠിന്യമേറിയ ഭിത്തികളെ തകർത്തു പുറത്തു കടക്കുകയാണ് ആദ്യം വേണ്ടത്. സൂക്ഷിക്കുന്ന സങ്കല്പങ്ങൾക്കെല്ലാം ഒരിക്കൽ പുതിയ ഒരു വെളിച്ചം ആവശ്യമായി വന്നേക്കാം.  ഭക്തിപരിവേഷങ്ങളുടെ പുറംമോടികളില്ലാതെ ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളുടെ ലാവണ്യത്തിൽ വചനം മാംസമാകുന്നത് നമ്മൾ തിരിച്ചറിയും. നന്മയിലും സ്നേഹത്തിലും, ഒരാളുടെ ജീവിതത്തിലേക്ക് ക്രിസ്തുവായി സ്വയം നൽകുവാൻ കഴിയുമെങ്കിൽ ആ നിമിഷം നൽകുന്ന പുളകം ആത്മാഭിഷേകം തന്നെയാണ്. വാക്കുകളിൽ പറയാത്ത "ഇതാ കർത്താവിന്റെ ദാസി" അതിലുണ്ട്. ആത്മനിർവൃതിയുടെ ഒരു നിമിഷത്തിനപ്പുറം മാലാഖമാരെയോ മുഴങ്ങുന്ന ദൈവസ്വരത്തെയോ പ്രതീക്ഷിക്കരുത്. പിന്നീട് എല്ലാം സാധാരണ ജീവിതത്തിന്റെ അനുദിന യാഥാർത്ഥ്യങ്ങളാണ്. വചനം മാംസമാകുന്നതും, വാക്കുകളിലും ചെയ്തികളിലും, സമീപനങ്ങളിലും, നിലപാടുകളിലും പിറക്കുന്നതും, ജ്ഞാനത്തിലും പ്രായത്തിലും കൂടുതൽ വളരുന്നതും നമുക്ക് കാണാം.

പിള്ളക്കച്ചകൾ കൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി: ആത്മീയം എന്നത് ആചാരങ്ങളിലുള്ള കണിശതയിലും എല്ലാം ഭക്തിമയമാക്കുന്നതിലുമാണെന്ന തെറ്റിദ്ധാരണ പ്രബലമായുണ്ട്. പ്രാർത്ഥന എന്നാൽ പ്രവൃത്തികളും വാക്കുകളും ഏതാനം ഭക്തക്രിയകളും ചര്യകളുമാണെങ്കിൽ അത് ആത്മീയതയിലെ ഒരു തലം മാത്രമേ ആകുന്നുള്ളു. പ്രാർത്ഥനകളിലൂടെയും ഭക്‌തചര്യകളിലൂടെയും പ്രതീക്ഷിക്കപ്പെടുന്ന ദൈവപ്രീതിയും ഉദ്ദിഷ്ടകാര്യസാധ്യവും അല്ല ആത്മീയത ലക്‌ഷ്യം വയ്ക്കുന്നത്. അത്തരം പ്രാർത്ഥന ഒരാളെ ആത്മീയമനുഷ്യനാക്കുന്നില്ല. ചെയ്തികൾക്ക് ഹൃദയമുണ്ടാകുമ്പോഴാണ് ആത്മീയബലം വളരുന്നത്. ഒരു ചൈതന്യമോ മനോഭാവമോ ആയി പരിശീലിക്കേണ്ടതാണ് പ്രാർത്ഥന. ജീവിതവിശുദ്ധിയാണ് ഒരു ആത്മീയജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്നത്. ഒരാളുടെ ജീവിതത്തിൽ കാണപ്പെടുന്ന നീതിബോധവും സ്നേഹവും, സമാധാനപ്രിയതയും, സഹാനുഭൂതിയും കരുണയുമാണ് ആ വിശുദ്ധിയുടെ തെളിവ്. അവ കാണപ്പെടാത്ത വ്യക്തികളും സമൂഹങ്ങളും എത്രമാത്രം മതാത്മകതയോ ഭക്താചരണങ്ങളോ ഉണ്ടെങ്കിലും വിശുദ്ധമാണെന്നു കരുതാനാവില്ല.  ജീവിതനിമിഷങ്ങളെ ദൈവാശ്രയബോധവും കൃതജ്ഞതയും കൊണ്ട് നിറക്കാൻ കഴിഞ്ഞെങ്കിൽ പ്രാർത്ഥന ഒരു ജീവിതശൈലിയാക്കാനും നമുക്ക് കഴിയും. ദൈവത്തിന്റെയും മനുഷ്യരുടെയും സത്യവും സ്നേഹവും അനുഭവിക്കുകയും പരസ്പരം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന സംഭാഷണമാണ് പ്രാർത്ഥന. ശക്തിയും ഉപകാരവും ഉള്ള പ്രാർത്ഥനകളേ നമ്മൾ അന്വേഷിക്കാറുള്ളു എന്നതുകൊണ്ടാണ് 'ദൈവസന്നിധിയിൽ സംപ്രീതി കണ്ടെത്തിയിട്ടുണ്ടെന്ന' സന്ദേശങ്ങൾ കേൾക്കാൻ നമ്മൾ പരാജയപ്പെടുന്നത്. നമ്മുടെ ജീവിതാവസ്ഥ എന്ത് തന്നെയും ആകട്ടെ, നമ്മൾ എത്രയോ വാത്സല്യത്തോടെ സ്നേഹത്തോടെ ദൈവത്താൽ കാണപ്പെടുന്നു എന്നത് എന്തുകൊണ്ടോ എതിർക്കുകയാണ് നമ്മൾ. അയോഗ്യതയെക്കുറിച്ചാണ് കൂടുതൽ ഗ്രാഹ്യത. നമ്മിൽ ക്രിസ്തു രൂപപ്പെടാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ സ്നേഹം, നീതി, സത്യം, സാഹോദര്യം, സമാധാനം, എന്നിവയെ ആഗ്രഹിച്ചു ഹൃദയം തുറന്നു വയ്ക്കണം. അവയിലേക്ക് തുറക്കുന്ന പ്രവൃത്തികളിൽ അവയ്ക്കായി പ്രയത്നിക്കുകയും വേണം.

ആ ആഗ്രഹങ്ങൾ ആത്മാർത്ഥമാണെങ്കിൽ, അവയിലേക്ക് വളരാനുള്ള ദൈവസഹായത്തിലുള്ള ഉറപ്പ് 'ദൈവത്തിന്റെയും മനുഷ്യരുടെയും സത്യവും സ്നേഹവും അനുഭവിക്കുകയും പരസ്പരം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന' പ്രാർത്ഥനാനിമിഷങ്ങളിൽ നമുക്ക് ലഭിക്കും. മനുഷ്യനെക്കുറിച്ചുള്ള സത്യം അറിയുകയും കേൾക്കപ്പെടുകയും ചെയ്യുന്നത് നമ്മെ സ്വതന്ത്രമാക്കും. തളർച്ചകളും വീഴ്ചകളും വളർച്ചയും നേട്ടവും ഒക്കെ അവിടെ സ്നേഹത്തോടെ പങ്കുവയ്ക്കപ്പെടും. സാന്ത്വനശബ്ദമായും പ്രോത്സാഹനമായും, കരുത്തായും ഉറപ്പായും, സ്വത്വബോധമായും നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും  പല രീതികളിൽ നമ്മോടു പറയുന്നത് ഇതാണ്, "ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ/പുത്രി."

പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്ക് നൽകാൻ (ലൂക്കാ 1: 74, 75 ):  സൃഷ്ടിയിൽ നിറഞ്ഞു നിൽക്കുന്ന അനുഗ്രഹങ്ങൾ - അതിന്റെ രൂപവത്കരണപ്രക്രിയകളെക്കുറിച്ചുള്ള അറിവും, കണ്ടും കേട്ടും രുചിച്ചും സ്പര്ശിച്ചും ഗന്ധമറിഞ്ഞും കൊണ്ട് പ്രകൃതിയുമായി നമുക്കുള്ള നിരന്തര സമ്പർക്കവും - നമ്മുടെ ധ്യാനത്തിന്റെ ഭാഗമാകുന്നില്ലെങ്കിൽ ഇന്ന് മനുഷ്യൻ ഹൃദയത്തിൽ ഏറ്റം വളർത്തേണ്ട കൃതജ്ഞത എന്ന പുണ്യം എങ്ങനെ വളരും?  നമ്മുടെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും, ചർച്ചകളിലും, പ്രകൃതിയോടുള്ള ആദരവ് ഉറപ്പു വരുത്തുന്നതും, ജീവനെ പരിപോഷിപ്പിക്കുന്നതും, കുടുംബങ്ങളെ സുസ്ഥിരമാക്കുന്നതും ജോലികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും സാമൂഹിക സമത്വം ഉറപ്പാക്കുന്നതും, വരും തലമുറകളുടെ അവകാശങ്ങൾക്കുവേണ്ടി കരുതിവയ്ക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകളെയും മാതൃകകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.   നിർഭാഗ്യവശാൽ നമ്മിൽ പലരും ഈ കാര്യങ്ങളോട് ‘തിരഞ്ഞെടുക്കുന്ന’ ഒരുതരം ബധിരത കാത്തുസൂക്ഷിക്കുകയാണ്. ഈ മാതൃകകളെക്കുറിച്ചു ധ്യാനിക്കുകയും പങ്കുവയ്ക്കുകയും, ആശയങ്ങൾ തേടുകയും, ചെയ്യേണ്ടത് സമത്വത്തിലും സഹോദര്യത്തിലും വേരൂന്നിയ ഒരുമയുടെയും സ്നേഹത്തിന്റെയും സംസ്കാരം വളർത്തുവാൻ അത്യാവശ്യമാണ്. അത് സാധ്യമെങ്കിൽ നമ്മുടെ സാമൂഹിക സംവിധാനങ്ങളുടെ കീഴിൽ ഒരാൾ പോലും ഇരയാക്കപ്പെടുന്നില്ല എന്ന ഉറപ്പുള്ളപ്പോൾ നമുക്ക് ഒന്ന് ചേർന്ന് വിശ്വസാഹോദര്യത്തിന്റെ തിരുനാൾ ആഘോഷിക്കാം.  ആ സമയം മനുഷ്യപുത്രന്റെ പിറവികളിൽ ‘സത്രത്തിൽ അവർക്കു ഒരു ഇടം ലഭിച്ചില്ല’ എന്ന ദൗർഭാഗ്യവും ഇല്ലാതാവും. അനിശ്ചിതത്വങ്ങളെ ലാഭങ്ങളിലേക്കു വഴിതിരിച്ചെടുക്കാനാണ് ഇന്നിന്റെ കൗശലങ്ങൾ. സമൂഹത്തിലെ മാത്സര്യങ്ങളും, പരാജയഭീതിയും, സ്നേഹരാഹിത്യവും, ഒറ്റപ്പെടലും, മാനസിക സമ്മർദ്ദങ്ങളും, സാമ്പത്തികപരാധീനതകളും മതങ്ങളും രാഷ്ട്രീയവും അവരുടെ ലാഭങ്ങളാക്കുകയാണ്. ബെത്‌ലെഹെമിലെ ഭവനങ്ങളും അത്തരം ഒരു സാധ്യത കണ്ടിരിക്കാം. ഭവനങ്ങളെ അവർ സത്രങ്ങളാക്കി. സത്രരൂപങ്ങളുള്ള നമ്മുടെ ബന്ധങ്ങളും ആലയങ്ങളും ഭവനങ്ങളാക്കപ്പെടുമ്പോൾ മാറ്റിനിർത്തപ്പെടേണ്ടവർക്കും അപരിചിതർക്കും വേണ്ടി പോലും അവ തുറന്നുകൊടുക്കുവാൻ നമുക്കാകും. ഒരുപക്ഷേ അവരിൽ നിന്ന് പിറക്കുന്നത് ദൈവപുത്രൻ ആവും. ആരുടെയൊക്കെ വിയർപ്പു വീണ പാടത്തു വിളഞ്ഞ അരിയാണ് ക്രിസ്മസിന് ചോറുവയ്ക്കാനിടുന്നത്.  വേണ്ടത് കൃതജ്ഞതയാണ്. ആട്ടിടയരുടെ പരിചരണത്തിലാണ് ദൈവപുത്രനും അമ്മയും യൗസേപ്പും തിരുപ്പിറവിയുടെ രാത്രിയിൽ ആശ്വസിപ്പിക്കപ്പെട്ടത്. വിജാതീയ ജ്ഞാനികൾ കൊണ്ടുവന്ന സുഗന്ധ ദ്രവ്യങ്ങളും പൊന്നും മീറയും മാതാവ് സൂത്രത്തിൽ അടുക്കള വശത്തു പോയി എറിഞ്ഞു കളഞ്ഞുമില്ല. ഈജിപ്തിലെ ഭക്ഷണം കഴിച്ചാണ് നാളുകളോളം ദൈവപുത്രൻ വളർന്നത്. 

‘ഇക്കോണമി ഓഫ് ഫ്രാൻസിസ്‌കോ’ എന്ന ദർശനം ജീവൻ പകരുന്ന, ആരെയും അവഗണിക്കാതെ എല്ലാവരെയും ഉൾപ്പെടുത്തുന്ന, കൂടുതൽ മാനവികമായ, പരിസ്ഥിതിക്കുവേണ്ടി കൂടുതൽ കരുതലുള്ള പുതിയ ഒരു മാതൃകക്കുവേണ്ടി ശ്രമിക്കുകയാണ്. കൂടാതെ, ഉയിർപ്പു ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ Urbi et Orbi സന്ദേശത്തിൽ, ഓരോരുത്തരുടെയും അവരവരുടെ കാര്യം മാത്രം നോക്കുന്ന, ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നവയല്ല എന്ന് കരുതുന്ന, സ്വയംകേന്ദ്രീകൃത മനോഭാവം വച്ച് പുലർത്തുന്ന, വിഭാഗീയ ചിന്ത വളർത്തുന്ന, അവഗണനയോടെ ബോധപൂർവം വിസ്മരിച്ചു കളയുന്ന (Indifference, self-centredness, division, and forgetfulness) സമീപനങ്ങൾ ഇനിയുള്ള ലോകത്ത് ഉണ്ടാവരുത് എന്ന് ഉറപ്പാക്കാം എന്ന ആഹ്വാനവുമുണ്ടായിരുന്നു. സുസ്ഥിതിയും ക്ഷേമവും ഉറപ്പുനൽകുന്ന വ്യവസ്ഥിതികളുടെ കപടഭാവങ്ങൾ നമുക്ക് മുമ്പിൽ അനാവരണം ചെയ്യപ്പെടുമ്പോൾ, അവരുടെ മുതലെടുപ്പിന് വിധേയമാക്കപ്പെടുന്ന സമൂഹത്തിനുമുമ്പിൽ ക്രിസ്തുചൈതന്യം നേര്കാഴ്ചയായി നൽകാൻ നമ്മെ പ്രാപ്തരാക്കാവുന്ന ദിശാബോധം നൽകുന്നവയാണ് അവ. ഒരു ക്രിസ്തുസമൂഹത്തിൽ സാക്ഷ്യമായി തെളിഞ്ഞു നിൽക്കേണ്ട മൂല്യബോധങ്ങൾ നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവയെ കണ്ടെത്തി ധ്യാനിച്ച് പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ് ആത്മീയത. ഇത്തരം ക്രിസ്തുസ്വഭാവത്തെ സൗകര്യപൂർവം മാറ്റിനിർത്തിക്കൊണ്ട് സാധ്യമാക്കാവുന്ന ക്രിസ്തീയത പ്രസംഗിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാകാം മതാത്മകതയും ഭക്തിരൂപങ്ങളും പ്രാർത്ഥനായജ്ഞങ്ങളും ഏറുമ്പോഴും നമ്മിൽ (വ്യക്തിപരമായും സമൂഹമായും) കാണപ്പെടേണ്ട ക്രിസ്തു ലോകത്തിനു മുമ്പിൽ വെളിപ്പെടാത്തത്.

കുന്തുരുക്കത്തിന്റെയും വിശുദ്ധതൈലങ്ങളുടെയും പരിമളത്തോടെയല്ല ദൈവപുത്രൻ നമുക്കിടയിൽ നടന്നത്. മാനുഷികബന്ധങ്ങളുടേയും ദൈവികപരിപാലനയുടെയും സൗരഭ്യം അവൻ കാണിച്ചു തന്നു.  പൂക്കളിലും കിളികളിലും ശിശുക്കളിലും ആത്മീയരഹസ്യങ്ങളുടെ നിധി കാണിച്ചുതന്നു. അനുദിനജീവിതത്തിന്റെ നിർമ്മലതകളിൽ ദൈവത്തിന്റെ ഹൃദയം അഭിഷേകം പകരുന്നത് നമുക്ക് കാണാം. സകലസൃഷ്ടജാലങ്ങളും ഒരു സമൂഹമായി പരസ്പരം പരിപോഷിപ്പിക്കുമ്പോൾ വരാനിരിക്കുന്ന ക്രിസ്തുരൂപം അനുഭവവേദ്യമാകും.

നവംബർ 25, 2020

പിന്നാലെ, പിന്നാലെ എങ്ങോട്ടെന്നറിയാതെ

കുറ്റിപ്പന്തുകളിയിലാണ് താൻ വിദഗ്ദൻ എന്ന് അയാൾക്ക്‌ നന്നായറിയാം. അതുവച്ചുകൊണ്ട് അയാൾ അണുകേന്ദ്രവിഘടനത്തെക്കുറിച്ചു പഠിപ്പിക്കാനോ ഫുട്ബോൾ റഫറി ആകാനോ പോയാലോ? അതുമല്ല, ആണവപ്രവര്‍ത്തനങ്ങളും ഫുട്ബോളും ഇനിമുതൽ കുറ്റിപ്പന്തിന്റെ രീതികളിൽ വിവരിക്കപ്പെടുന്നത് ബാക്കിയെല്ലാവരും പിന്തുടരണമെന്ന് അയാൾ ശഠിച്ചുതുടങ്ങിയാലോ?

രാഷ്ട്രീയത്തിലാവട്ടെ, സമൂഹത്തിലാവട്ടെ, മതങ്ങളിലാവട്ടെ അറിവുള്ളവർക്ക്, വേണ്ട നേതൃത്വപാടവമോ, നേതൃത്വപാടവമുള്ളവർക്ക്, വേണ്ട അറിവോ കാണപ്പെടുന്നില്ല എന്നത് നമ്മുടെ കാലത്തിന്റെ ദുര്യോഗമാണ്. അറിവുള്ളവർ പിന്നോട്ടു നിൽക്കുമ്പോൾ, ഒരു കാലഘട്ടത്തിന്റെ സങ്കീർണതകളെ മുഴുവൻ തങ്ങളുടെ ശുഷ്ക്കമായ കാഴ്ചപ്പാടിൽ ചുരുക്കിക്കൊണ്ട് അങ്ങനെയാണ് എല്ലാവരും കരുതേണ്ടതെന്ന് നേതൃത്വം ആവർത്തിച്ചുറപ്പിക്കുകയാണ്. പരസ്പരം ചേർന്ന് നിന്നുകൊണ്ട് പോകുവാൻ കഴിഞ്ഞെങ്കിൽ സമൂഹമെന്ന നിലയിൽ വലിയ നന്മകൾ ഉറപ്പു വരുത്താമായിരുന്നു. 

നേതാക്കളിലേക്ക് കേന്ദ്രീകൃതമാകുന്ന നേതൃത്വശൈലികളെ എത്രയോ പണ്ടേ നമ്മൾ മറികടക്കേണ്ടതുണ്ടായിരുന്നു! സമൂഹവും അതിലെ സാംസ്‌കാരികഘടകങ്ങളും മാറുന്നതനുസരിച്ച് സമൂഹത്തിന് ആവശ്യമായ വിചിന്തനങ്ങളിലേക്കും വളർച്ചയിലേക്കും നയിക്കാൻ അവർക്ക്‌ കഴിയുന്നില്ല എന്നതാണ് അവിടെയുള്ള പരാജയം. പിന്നോട്ട് നടക്കുകയോ അടച്ച കൂട്ടിൽ ചുറ്റിത്തിരിയുകയോ ആവും ആ സമൂഹത്തിന്റെ അവസ്ഥ.

നവംബർ 24, 2020

പ്രാർത്ഥനയുടെ 'ശക്തി'

പ്രാർത്ഥന ഒരു അവബോധവും മനോഭാവവും  ബന്ധവുമാണ്. അങ്ങയുടെ ഇഷ്ടം ഞങ്ങളിൽ ഭവിക്കട്ടെ എന്ന് പറയാൻ കഴിയുന്നത്, ദൈവം അനന്ത നന്മയാണെന്ന ഉറപ്പുള്ളതുകൊണ്ടാണ്. നന്മയായതെല്ലാം ദൈവം എനിക്ക് ഉറപ്പാക്കി തരും എന്ന പൂർണ്ണ ബോധ്യവും അതിലുണ്ട്. അതിലുള്ള ആശ്രയബോധമാണ് ബന്ധത്തിന്റെ അടിസ്ഥാനം.  ആ നന്മയിൽ ആശ്രയിക്കുന്ന കൂട്ടായ ആഗ്രഹമാണ്, ഒരുമിച്ചുള്ള പ്രാർത്ഥനയിൽ പ്രതിഫലിക്കേണ്ടത്.

ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുമ്പോൾ മാത്രമല്ല ഉപകാരം എന്ന മനോഭാവം നമ്മിലുണ്ടാവേണ്ടത്. ഉദ്ദേശിക്കാതെ തന്നെ  നമ്മിൽ വന്നു ചേർന്ന നമ്മിൽ ഏറ്റം ആവശ്യമായിരുന്ന കാര്യങ്ങളും , അനുഗ്രഹങ്ങളും  മാനസികമോ വൈകാരികമോ ആയിട്ടുള്ള മാറ്റങ്ങളും, മൂല്യങ്ങളോ പുണ്യങ്ങളോ പ്രത്യക്ഷമായി തന്നെ വളർന്നു തുടങ്ങുമ്പോഴും ഉപകാര സ്മരണകളിലേക്കു നയിക്കാൻ തക്കതായ ശ്രദ്ധ അവക്ക് നമ്മൾ നൽകാറില്ല. 'ശക്തി'യുള്ളതും 'ഉപകാര'മുള്ളതുമായ പ്രാർത്ഥനകളിലാണ് നമുക്ക് താല്പര്യം.

ഒരു യാന്ത്രികവ്യൂഹത്തെ പ്രവർത്തിപ്പിക്കുന്നതിനു നൽകപ്പെടുന്ന ഊർജ്ജം പോലെയോ, അനേകർ ചേർന്നുള്ള ഒരു തള്ളൽ/ആക്കം പോലെയോ  പ്രാർത്ഥന കാണപ്പെടുന്നത് വികലമായ ധാരണയാണ്. ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടു അത് സാധ്യമാക്കാവുന്ന  ഉല്പാദനക്ഷമതയുള്ള ഒരു ശക്തിയല്ല പ്രാർത്ഥന. കനിയിപ്പിക്കാനോ, ക്ഷമിപ്പിക്കാനോ, സൗഖ്യമോ വിജയമോ നിർബന്ധിച്ചുറപ്പാക്കാനോ പ്രാർത്ഥനക്കു കഴിയില്ല.  ദൈവം തന്റെ നന്മയിൽ നൽകുന്ന ജീവന്റെ പ്രതിഫലനങ്ങളാണ് അവയെല്ലാം. ദൈവത്തിന്റെ നന്മയെക്കുറിച്ചു ബോധ്യമുണ്ടെങ്കിൽ പൂർണമായ ഒരു അർപ്പണം മാത്രം മതിയാകും. ഇറങ്ങുന്ന സമയം ഒരുങ്ങുന്ന സമയം, എഴുതുന്ന സമയം, സർജറിയുടെ സമയം, ഇന്റർവ്യൂവിന്റെ സമയം അങ്ങനെ ആ കൃത്യ സമയങ്ങളിൽ പ്രാർത്ഥിച്ചെങ്കിലേ ദൈവം ഇടപെടൂ എന്നൊക്കെയുള്ള ചിന്തകൾ നമ്മിലെ  അസ്വസ്ഥകൾ ആണ് കാണിക്കുന്നത്. ദൈവം നന്മ വരുത്തും എന്നുറപ്പിച്ചു കൊണ്ട് സമർപ്പിച്ചു കൊടുക്കുക.

അസാധ്യമെന്നു കരുതുന്നവയിലെ വഴികളാണ് പ്രശ്നമായുള്ളത്. ഒരു പക്ഷേ അജ്ഞാതവും അഗ്രാഹ്യവുമായ രീതിയിൽ ആ വഴികളിൽ മുമ്പോട്ട് നടക്കുവാൻ ദൈവം നമ്മെ പ്രാപ്തരാക്കും. നന്മയുടെ പല വഴികൾ ദൈവം തന്നെ ഒരുക്കുകയും ചെയ്യും. വിജയം അസാധ്യമെന്നു കരുതുന്നതിൽ ഒരുക്കമായിരിക്കാം പ്രശ്‌നം. കൃപയുടെ ശക്തിയാൽ ഒരുക്കത്തിലെ അപാകതകളെ പരിഹരിക്കുവാനും പരാജയഭീതിയെ മാറ്റിവെച്ച് ഒരുങ്ങുവാനും കഴിഞ്ഞേക്കും. വേണ്ട ഒരുക്കത്തെ പാടെ അവഗണിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ്.  പ്രാർത്ഥിക്കുമ്പോൾ, ദൈവത്തിന്റെ  കൂടെ നിൽക്കുവാൻ നമുക്കാവും. നമ്മൾ മനസ്സിൽ കാണുന്ന സമയവും പദ്ധതികളും ആ നന്മയിലുള്ള ഉറപ്പിലേക്കു തുറന്നു വയ്ക്കുവാനും നമുക്ക് കഴിയും. 

നവംബർ 17, 2020

കുഴിച്ചിടരുതാത്ത ദൈവരാജ്യരഹസ്യം

എല്ലാ സ്തുതികൾക്കും യോഗ്യനാണ് ദൈവം. ആ യോഗ്യതയെക്കുറിച്ചുള്ള ഗ്രാഹ്യതതന്നെയാണ്‌ ആരാധനയുടെ യഥാർത്ഥ മനോഭാവം. അത് ഹൃദയത്തിലാണ്, സ്തുതി ഒരു മനോഭാവമാണ്. നിശ്ശബ്ദതയിലോ, ഉച്ചത്തിലോ, നെടുവീർപ്പുകളാലോ, കണ്ണുനീരിലോ, ആഴമായ ആഗ്രഹത്താലോ നമുക്ക് ദൈവത്തെ സ്തുതിക്കാം.

"ഞങ്ങളുടെ നാഥനും ദൈവവുമായവൻ,
മഹത്വവും പുകഴ്ചയും ശക്തിയും അങ്ങയുടേതാണ്,
അങ്ങ് തന്നെ സകലതും സൃഷ്ടിച്ചു
അങ്ങയുടെ ഇച്ഛയനുസരിച്ച് അവ നിലനിൽകുകയും ചെയ്യുന്നു" (വെളി 4:11).

ഇരുപത്തിനാല് ശ്രേഷ്ഠന്മാർ അവിടെ കാണപ്പെട്ടു: അനേകം തലമുറകളിലെ ദേശത്തിന്റെ അധികാരികൾ, പുരോഹിത കുടുംബങ്ങളുടെ തലവന്മാർ, എല്ലാവരും തങ്ങളെ സൃഷ്ടിക്കുകയും അധികാരം ഭരമേല്പിക്കുകയും ദൈവത്തെ സ്തുതിക്കുന്നു.

ഏഴു കെടാവിളക്കുകൾ അവിടെ ഉണ്ടായിരുന്നു. മനുഷ്യർക്കും നൽകപ്പെടുന്ന ആത്മാവിന്റെ പ്രത്യേക അധികാരപ്രവൃത്തികളാണ് അവയെങ്കിൽ, അവ പ്രകടമാകുന്നതിലൂടെ ദൈവം തന്നെ മഹത്വപ്പെടുന്നു. ദൈവത്തിന്റെ അധികാരത്തെയും ശക്തിയേയുമാണ് സൂചനയെങ്കിൽ അതിലും ദൈവം സ്തുതിക്കപ്പെടുന്നു. സമാനമായി, സൊരാഷ്ട്രിയ മതത്തിൽ 'മഹാനായവന്റെ' കൂടെ നിൽക്കുന്ന ആറു പരിശുദ്ധനായ അമർത്യരുണ്ട് - സന്മനസ്സ്, സദുദ്ദേശ്യം, സത്യം നീതി, ശ്രദ്ധ ഭക്തി ശാന്തത ദയ, ശക്തി ധീരത ന്യായപൂർണ്ണമായ ഭരണം, ആരോഗ്യം സ്വസ്ഥത, ദീർഘായുസ്സും അമർത്യതയും. 'മഹാനായവ'ന്റെ ഗുണങ്ങളാണിവയെന്നതുപോലെതന്നെ ഇവയിലൂടെയാണ് മനുഷ്യനു 'മഹാനായവനു'മായി സമ്പർക്കത്തിലാകാം കഴിയുന്നതും.

നാല് ജന്തുക്കളും അവിടെയുണ്ടായിരുന്നു, സിംഹം, കാള, മനുഷ്യൻ, കഴുകൻ, ഇസ്രയേലിനെ ഭരിച്ച നാല് സാമ്രാജ്യങ്ങൾ- ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം (ഈ ജന്തുക്കൾ ആ സംസ്കാരങ്ങളിലെ ശക്തമായ പ്രതീകങ്ങളാണ്).

അവയെല്ലാം, സകലതും ദൈവത്തെ ആരാധിക്കുന്നു.

എന്നാൽ
സ്വീകരിച്ചിട്ടുള്ളവയെക്കുറിച്ചെല്ലാം 'നല്കപ്പെട്ടതിനെ'ക്കുറിച്ചുള്ള കൃതജ്ഞതയില്ലാതെ എങ്ങനെ നമുക്ക് സ്തുതിക്കുവാൻ കഴിയും?
ഉള്ളിലുള്ള കൃപകളിൽ നിന്ന് പുറപ്പെടുവിച്ചിട്ടുള്ള, വിളയിച്ചിട്ടുള്ള ഫലങ്ങളെക്കുറിച്ചുള്ള കൃതാർത്ഥതയില്ലാതെ എങ്ങനെ സ്തുതിക്കുവാൻ കഴിയും? ദൈവരാജ്യരഹസ്യങ്ങൾ ദാനമായി നമുക്ക് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സ്വാഭാവികഗുണങ്ങൾക്കനുസരിച്ച് അവ പൂർണതയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. അവയിൽ തിളങ്ങുന്ന ഗുണങ്ങളിലൂടെ ദൈവം തന്നെ മഹത്വപ്പെടുന്നു. നിരവധി വേദനകളിലൂടെയും, കഠിനതകളിലൂടെയും ആണ് ഓരോ ജീവിതവും കടന്നു പോകുന്നത് എന്നാൽ നമുക്കുള്ളിൽ കൃപയുടെ ജീവൻ ഒഴുകുന്നുണ്ട് എന്നത് തിരിച്ചറിയാൻ കഴിയണം. ഓരോ നിമിഷവും അതിപ്രധാനമായ തീരുമാനത്തിലേക്ക് നയിക്കുന്ന അവസാന നിമിഷമാണ്.

ദൈവരാജ്യരഹസ്യം നൽകപ്പെട്ടിരിക്കുന്ന നമുക്ക് ആ രഹസ്യത്തിന്റെ ഉൾകാഴ്ചയിൽ എത്ര അതിരുകളെ കടന്നുപോകുവാൻ കഴിഞ്ഞിട്ടുണ്ട്? അതോ ആ രഹസ്യത്തെ  നമ്മൾ തീർത്ത  അതിരുകൾക്കുള്ളിൽ പൂട്ടിയിടുകയാണോ ചെയ്തത്? അതിരുകൾ കടന്നു വളരുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ കൂടുതൽ ആഴത്തിലുള്ള ദൈവരാജ്യരഹസ്യങ്ങൾ അവിടുന്ന് വെളിപ്പെടുത്തിത്തരും. ക്രിസ്തുവിനെപ്പോലെ കുറച്ചളവിലെങ്കിലും ചിന്തിക്കുവാനും സമീപിക്കുവാനും നമുക്ക് കഴിയും. ദൈവരാജ്യം ഒരു ഫാൻ അസോസിയേഷൻ അല്ല. അനുയായികളുടെ എണ്ണത്തിലൂടെയോ പിഞ്ചെല്ലുന്ന രാഷ്ട്രങ്ങളുടെ എണ്ണത്തിലൂടെയോ ദൈവരാജ്യത്തിന്റെ സാന്നിധ്യം കാണിക്കുന്നില്ല. ആധിപത്യവും സ്വാധീനവുമുള്ള സമൂഹങ്ങളും ദേശങ്ങളും ക്രിസ്തുവിലേക്കുള്ള വളർച്ച ഉറപ്പാക്കുന്നില്ല. 

ദൈവ കൃപയിലാശ്രയിച്ചു കൊണ്ട് സമാധാനത്തിനും,സ്നേഹത്തിനും സഹോദര്യത്തിനുമുള്ള ആത്മാർത്ഥ പ്രയത്നങ്ങൾ നടക്കുന്നുണ്ടോ? ദൈവരാജ്യം വന്നു കഴിഞ്ഞു.

അതിരുകൾ ബലപ്പെടുത്തി കാത്തുസൂക്ഷിക്കപ്പെടുന്ന ദൈവരാജ്യരഹസ്യം നമ്മെത്തന്നെ അവിശ്വസ്തരുടെ ഗണത്തിലേക്ക് ചേർത്തുനിർത്തും. അവ വെട്ടി തീയിലെറിയപ്പെടും, കൈ കാലുകൾ ബന്ധിക്കപ്പെട്ട് ഒന്നും ചെയ്യാനാവാതെ അവഗണിക്കപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. ദൈവരാജ്യത്തിനു മതിൽകെട്ടൽ നടക്കുമ്പോഴും, സുരക്ഷക്കായി കുഴിച്ചിടാൻ ഒത്തുചേരുമ്പോഴും ഫലമായിരുന്നതും ഇതേ വിലാപവും പല്ലുകടിയും.

Ref വെളിപാട് 4:1-11 ലൂക്കാ 19:11-28 മത്താ 13: 42

നവംബർ 16, 2020

സ്വർഗ്ഗരാജ്യവാഗ്ദാനവും, വിലാപവും പല്ലുകടിയും

ക്രിസ്ത്യാനികളുടേതാണെന്നും, കത്തോലിക്കാസഭയുടെ ഉറച്ച വിശ്വാസികളും വിശ്വാസസംരക്ഷകരുമാണെന്നും അവകാശപ്പെടുന്ന അനേകം ചാനലുകളും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളും നിലവിൽ ഉണ്ട്. സഭയുടെ മാധ്യമ കമ്മീഷനും ഇന്റർനെറ്റ് കമ്മീഷനും ഇവയെക്കുറിച്ചു തീർച്ചയായും അറിവുണ്ടാവും. അവയുടെ ഉറവിടങ്ങളെക്കുറിച്ചോ അവയിൽ നടക്കുന്ന അഭിപ്രായരൂപീകരണങ്ങൾ വഴി സഭയുടെ പ്രബോധനങ്ങൾ വരെ ഹൈജാക്ക് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തേക്കുറിച്ചോ വിശദമായ അന്വേഷണം ആവശ്യമായിട്ടുണ്ട്. സംരക്ഷകർ എന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനം ചിലരെങ്കിലും നിശ്ചിതമായ അജണ്ടകളോടെ വിഭാഗീകതയും ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നില്ലേ? മാത്രവുമല്ല അവയിൽ പലതും, സഭാനേതൃത്വത്തിന്റെ ആധികാരികതയെപ്പോലും ഇല്ലാതാക്കിയിട്ടുണ്ട്. നേതൃത്വം അടക്കം ആദ്യമൊക്കെ ചില നേട്ടങ്ങൾ കണ്ടിരുന്നെങ്കിൽ അവയിലൊക്കെയും അവരുടെ തന്ത്രങ്ങളിൽ കുടുക്കപ്പെടുകയോ സ്വയം തലവെച്ചു പോവുകയോ ചെയ്തിട്ടുണ്ടാവാം. സഭക്കുവേണ്ടി ആരൊക്കെയോ സംസാരിക്കുന്നു, അതൊക്കെയാണ് സഭയുടെ നിലപാടുകളെന്നു വിശ്വാസികളും കരുതുന്നു. ഗ്രൂപ്പുകളിൽ, വിശ്വാസത്തിന്റെയും, ഭക്തിയുടെയും സഭയുടെ ശുദ്ധിയുടെയും പേരിൽ തീക്ഷ്ണമതികളായി സംഘടിതശ്രമം ഉണ്ടാകുന്നു. ചില ഗ്രൂപ്പുകൾ നിരീക്ഷിച്ചാൽ അവക്ക് വലിയ കമ്പനികളുമായി ബന്ധമുള്ളതായും, ഈ ഗ്രൂപ്പുകൾ വഴി നടക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയവും സാമ്പത്തികവുമായ വളർച്ചകളും തളർച്ചകളും ഉണ്ടാക്കാൻ ശേഷിയുള്ളവയുമാണെന്നു കാണാൻ കഴിയും. ഇത് ഒരു തലം മാത്രം. വർഷങ്ങൾക്കു മുമ്പേ സഭ തിരസ്കരിച്ച തീവ്രനിലപാടുകളുള്ള സംഘടനകളുടെ പുതുരൂപങ്ങളും, ഇവന്ജലിക്കൽ, zionist സ്വാധീനങ്ങളും ചില ഗ്രൂപ്പുകളിൽ ശക്തമായി കാണാൻ കഴിയും. പോസ്റ്റുകൾ മുമ്പോട്ട് വയ്ക്കുന്ന ആശയങ്ങൾ, അഭിപ്രായരൂപീകരണ ശൈലികൾ തുടങ്ങിയവയിലൂടെ മനസ്സിലാക്കാവുന്ന യാഥാർത്ഥ്യങ്ങളാണിവ. അവ വിശദീകരിക്കപ്പെടാനോ തിരുത്തപ്പെടാനോ ആവുന്നതിനപ്പുറം അപകടകരമാം വിധം ഇതിനോടകം വളർന്നു കഴിഞ്ഞു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. വിശദീകരിക്കാനോ തിരുത്തുവാനോ ശ്രമിക്കുന്നവരെ ഫ്രീമേസൺ, നിരീശ്വരവാദി, ജിഹാദി  തുടങ്ങിയ ആരോപണങ്ങളിലേക്കു തള്ളി വിശ്വാസികൾക്കിടയിൽ സന്ദേഹം സൃഷ്ടിക്കാനും അവർ വിജയിച്ചിട്ടുണ്ട്. താത്കാലികമായ നേട്ടങ്ങൾ കണ്ടുകൊണ്ടു നിശ്ശബ്ദരായിരുന്നാൽ പരിഹരിക്കാൻ സാധിക്കാത്തവിധം തകർച്ചയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കും.

ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിൽനിന്ന് സഭക്ക് ആരെയും തടയാനാവില്ല. എന്നാൽ അവയുടെ ഉറവിടങ്ങളെക്കുറിച്ചറിയുകയും, ഗ്രൂപ്പുകളിൽ ചേരുന്നതിനെക്കുറിച്ചും അവയിലെ സന്ദേശങ്ങളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശം നൽകാൻ പ്രബോധന-അജപാലന ശുശ്രൂഷകൾക്ക് കഴിയണം. ‘ഈ ഗ്രൂപ്പുകളൊന്നും നമ്മുടെ ആളുകളുടേതല്ല, ആരൊക്കെയോ മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് നമ്മുടെപേരുകളിൽ ഉണ്ടാക്കുന്നവയാണ് ഇവയെല്ലാം’ എന്ന് തന്ത്രപരമായി പറഞ്ഞൊഴിയാമെങ്കിലും അവയിൽ അംഗങ്ങളായുള്ള വൈദികരുടെയും, മെത്രാന്മാരുടെതന്നെയും സാന്നിധ്യവും, അതുകൊണ്ടു തന്നെ അവർക്കു പൂർണമായ അറിവുള്ള കാര്യങ്ങളാണെന്ന യാഥാർത്ഥ്യവും ഇതിൽ കാണിക്കുന്ന നിസ്സംഗതയിലെ അപകടത്തെ കാണിക്കുന്നു.

സഭയുടെ പേരിൽ തന്നെയും, ഓരോ ധ്യാനകേന്ദ്രങ്ങളുടെ പേരിലുമുള്ള എത്രയോ പേജുകളും ഗ്രൂപ്പുകളും ആണുള്ളത്! പലതിലും ഒഫീഷ്യൽ എന്ന് ചേർക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ സഭക്ക് പൂർണ്ണവിശ്വാസമുള്ളവ ഏതൊക്കെയാണ്? വിശ്വാസികൾക്ക് വിശ്വസിക്കാവുന്നത് ഏതൊക്കെയാണ്? ഇത്തരം ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സഭാവിരുദ്ധപ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയാൻ വിശ്വാസികൾ എന്ത് കരുതലുകൾ സ്വീകരിക്കണം? ഇതുപോലുള്ള ഗ്രൂപ്പുകളിൽ ചൂഷണം ചെയ്യപ്പെടുന്ന നിഷ്കളങ്കവിശ്വാസത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലേ? ഇവ വിശ്വാസത്തിന്റെയോ മതത്തിന്റെയോ തലത്തിൽ ഒതുങ്ങി നിൽക്കുന്നവയല്ല, മറിച്ച് രാഷ്ട്രീയമോ സാമ്പത്തികമോ ആയ അജണ്ടകളോടാണ് ഈ പ്രശ്നത്തിൽ ഇടപെടുമ്പോൾ സംവദിക്കേണ്ടത് എന്ന യാഥാർത്ഥ്യം ഇതിനെ വലിയ ഒരു വെല്ലുവിളിയാക്കുന്നു.

യഥാർത്ഥവും മൗലികവുമായ ക്രിസ്തീയത എന്നത് മതത്തോടുള്ള താദാത്മ്യതയല്ല, ക്രിസ്തുവിലേക്കുള്ള വളർച്ചയാണ്. അത് നടക്കേണ്ടത് സ്നേഹത്തിലും സാഹോദര്യത്തിലുമാണ്. അതുതന്നെയാണ് നവീകരണം എന്നതിലൂടെയും നടക്കേണ്ടത്. ക്രിസ്തുവെന്ന ആദർശത്തിനുമപ്പുറം ക്രിസ്തുവെന്ന വ്യക്തിയെയാണ് ആ ഹൃദയബന്ധങ്ങളിൽ അടുത്തറിയുന്നത്. നമ്മൾ ആയിരിക്കുന്ന ഗ്രൂപ്പുകൾ അതിനു സഹായിക്കുന്നില്ലെങ്കിൽ, പകരം വിഭാഗീകതയും വെറുപ്പും, ശത്രുതയും സംശയങ്ങളും വളർത്തുന്നെങ്കിൽ അതിലെ വിഷമയം തിരിച്ചറിഞ്ഞു പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. വിലാപവും പല്ലുകടിയുമാകും അവിടെ അനുഭവിക്കേണ്ടതായി വരിക. നമ്മെ നയിക്കേണ്ടത് പരിശുദ്ധാത്മാവാണ്, സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെടുന്ന അഭിപ്രായങ്ങളോ ഉറവിടമറിയാത്ത ഏതൊക്കെയോ Link കളോ അല്ല. ആത്മാർത്ഥമായ കുടുംബബന്ധങ്ങളും, ഉത്തരവാദിത്തപൂർണ്ണമായ സാമൂഹിക പ്രതിബദ്ധതയും, ഹൃദയത്തിൽ നന്മയും പൊതുനന്മയെക്കരുതിയുള്ള പ്രവൃത്തികളും  സൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ കൃപയിലുള്ള വളർച്ചയും, അതുകൊണ്ട് തന്നെ സ്വർഗ്ഗരാജ്യപ്രവേശവും തീർച്ചയാണ്.

നവംബർ 08, 2020

എണ്ണ പകരേണ്ട വിളക്കുകൾ

കത്തിയെരിഞ്ഞു തെളിയേണ്ട നമ്മിലെ വിളക്കിലേക്കു പകരപ്പെടേണ്ട ജീവാംശങ്ങൾ ധ്യാനിക്കപ്പെടേണ്ടതാണ്. ജീവിത വിശുദ്ധിക്കും പരിശുദ്ധാത്മദാനങ്ങളുടെ വളർച്ചക്കും ജീവിതവും ദൈവകൃപയുമായുള്ള നിരന്തരസമ്പർക്കത്തിന്റെ അത്യാവശ്യമുണ്ട്. കരുതപ്പെടേണ്ട എണ്ണ

അങ്ങനെയേ നമ്മിലേക്ക്‌ പകരപ്പെടൂ. തുറവിയുണ്ടെങ്കിൽ ദൈവകൃപയ്ക്ക് അന്യമായി നിൽക്കുന്ന യാതൊന്നുമില്ല. ജീവിതാനുഭവങ്ങളും സമ്പർക്കത്തിലുള്ള സംസ്കാരങ്ങളും സൗഹൃദങ്ങളും സംഘർഷങ്ങളും കഠിനതകളും ഞെരുക്കങ്ങളും നീറ്റലുകളും വീഴ്ചകളും ദൈവകൃപയുടെ സ്പര്ശനമറിയട്ടെ. പ്രചോദനങ്ങളോടെ തന്നെ അവയവയുടെ മേഖലകളെക്കുറിച്ചു ആവശ്യമായ തെളിമ തേടുവാനും കൃപ നൽകുന്ന എളിമ നമ്മെ സഹായിക്കും.

സ്വന്തം വിളക്കുകളിലെ എണ്ണയുടെ പര്യാപ്തതയെകുറിച്ചുള്ള അമിതവിശ്വാസം ജീവിതവിശുദ്ധിയെക്കുറിച്ച് വികലമായ ഒരുക്കമാണ് നമുക്കുള്ളത് എന്നു കാണിക്കുന്നു. നമ്മുടെ ഇഷ്ടങ്ങൾ തീർക്കുന്ന വ്യാഖ്യാനങ്ങളും അവതരണങ്ങളും കൃപയ്ക്കെതിരെയും മറ്റുള്ളവർക്കെതിരെയും മതിലുകൾ തീർക്കുകയാണ്. അവയിലേക്ക് സ്വയം ചുരുക്കി അടച്ചിടുന്നതിനെ 'വിശ്വസ്തത' 'സത്യവിശ്വാസസംരക്ഷണം' എന്നു വിളിച്ചു അന്ധകാരത്തിൽ കഴിയുന്ന ദുര്യോഗം നമുക്കുണ്ടാകാതിരിക്കട്ടെ.

അർധപ്രാണനായി ഉപേക്ഷിക്കപ്പെട്ട മനുഷ്യന് സഹോദരനായി വർത്തിച്ച സമരിയാക്കാരൻ എണ്ണയും വീഞ്ഞും ഒരു അപരിചിതന്റെ ജീവപ്രാപ്തിക്കായി ഒഴുക്കിക്കളയുമ്പോൾ അയാളുടെ വിളക്ക് വീണ്ടും തെളിഞ്ഞു കത്തുകയാണ്. അതിരുകൾക്ക് വിലനൽകുന്ന സാഹോദര്യം പറക്കു കീഴെ മൂടപ്പെട്ട വിളക്കാണ്. സ്വയം പുകനിറഞ്ഞു കെട്ടുപോവുകയാണ് അതിന്റെ അന്ത്യം. സമറിയക്കാരന്റെ ഉപമയിലെ വെളിച്ചത്തിനു നേരെ ഒട്ടേറെപ്പേർ മുഖം തിരിച്ചു കളയുകയാണ് ചെയ്തത്. അവരുടെ ഉള്ളിൽ കരുതിയ എണ്ണ മതിയായതാണ് എന്ന് അവർ ഉറപ്പാക്കിയിരുന്നു.

അതേ ഉറപ്പിന്റെ മുകളിൽ ദൈവത്തിനു മുമ്പിൽ വാചാലനാകുന്ന ഫരിസേയനെ നമുക്ക് കാണാം. ദുഷിച്ചു കത്തുന്ന കരിന്തിരിയാണ് ആ ഉദാഹരണം. ആചാരനിഷ്ഠകളിലേക്കും പേരിലേക്കും ശ്ലോകങ്ങളിലേക്കും ചുരുങ്ങി മൂർത്തീഭവിക്കുന്ന ദൈവത്തെയാണ് അയാൾ എണ്ണങ്ങളും അളവുകളും താൻ കാത്തുസൂക്ഷിക്കുന്ന ധാർമ്മികതയും അതിലൂടെ സംരക്ഷിക്കപ്പെട്ടുപോരുന്ന ദൈവത്തിന്റെ അവസ്ഥയും ഓർമ്മിപ്പിക്കുന്നത്. അയാൾ പുറത്തേക്കു വരുമ്പോൾ നടവഴിയുടെ ഇരുവശവും അയോഗ്യരായ അധാര്മികളെയും പാപികളെയും മാത്രമേ അയാൾക്ക് കാണാൻ കഴിയൂ. സ്വയം രക്ഷിക്കേണ്ടതിനാൽ അവരിൽ നിന്നും അകന്നു നടക്കേണ്ടതുണ്ട്. സ്നേഹവും സാഹോദര്യവും അയാളെ ഭാരപ്പെടുത്തുന്ന ബാധ്യതകളാണ്. സ്വയം തിരി ഊതിക്കെടുത്തുകയാണയാൾ.

ശരണം തേടാവുന്ന സ്നേഹത്തിന്റെ ഉറവിടമായി ദൈവത്തെ കണ്ടുകൊണ്ടാണ് ചുങ്കക്കാരൻ ദേവാലയത്തിന്റെ പടിവാതിൽക്കൽ നില്കുന്നത്. അയാളുടെ ധാർമികതയും വിശുദ്ധമായി കാത്തുസൂക്ഷിക്കപ്പെടുന്ന ആചാരണങ്ങളുമല്ല ദൈവത്തിനു രൂപവും സ്വഭാവവും നൽകുന്നതെന്ന് അയാൾക്കറിയാം. അയാളറിയുന്ന കാരുണ്യത്തിനും സഹതാപത്തിനും പേരിന്റെയും ശ്ലോകത്തിന്റെയും അതിരുകൾക്കപ്പുറം വലിയ ഹൃദയമുണ്ട്. അത് പരിപാലനയുടെയും സൗഖ്യത്തിന്റെയും ഒരു അനുഭവമാണ്. മുൻപോട്ട് നടക്കുമ്പോൾ മറ്റൊരു സമരിയക്കാരനായി കാരുണ്യം ചൊരിയാൻ അയാൾക്ക്‌ കഴിഞ്ഞേക്കും. മറ്റുള്ളവരിലെ 'പാപികൾ' അയാളെ ഭാരപ്പെടുത്തിയില്ല, ആരെയും അയാൾ വിധിച്ചുമില്ല. സമാധാനത്തിൽ അയാൾ നടന്നുപോയി.

തിരി തെളിക്കാതെ എണ്ണയുടെ അളവ് കുറയാതെ നോക്കാമെങ്കിലും അപ്പോൾ അത് വിളക്കാവുന്നില്ല. ജീവിതം നൽകുന്ന അറിവും ബോധ്യങ്ങളും, പിൻചെല്ലുന്ന ആദർശങ്ങളും മുൻവിധികളും തുറന്നിട്ടേ മതിയാകൂ. അപ്പോഴേ ജീവിതപാതയിൽ എന്നോ തെളിഞ്ഞ തിരിനാളത്തിന്റെ പ്രകാശം, കാത്തിരുന്ന നാഥൻ തന്നെയാണെന്ന് നമ്മൾ തിരിച്ചറിയൂ. അല്ലെങ്കിൽ നമുക്കിഷ്ടമില്ലാതിരുന്നതും അസ്വീകാര്യവുമായിരുന്ന അവസ്ഥകളിൽ ആ മുഖപ്രകാശം അവൻ നൽകിയിട്ടുണ്ടെങ്കിൽ നമ്മൾ മുഖം തിരിച്ചിട്ടുണ്ടാകും. നഷ്ടമാക്കിക്കളഞ്ഞ അത്തരം നിമിഷങ്ങൾ പകരേണ്ടിയിരുന്ന കൃപയുടെ എണ്ണ നമ്മുടെ ദുശാഠ്യം മൂലം നഷ്ടപ്പെട്ടുപോയിട്ടുണ്ടാകാം. പേരുകൾക്കും ലേബലുകൾക്കും അപ്പുറം ക്രിസ്തു നമ്മിൽ പ്രകാശിക്കട്ടെ.

വിവേകരഹിതകളായവർ തങ്ങളുടെ ദീപങ്ങളെക്കുറിച്ച് അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ പോലും ചെയ്തിരുന്നിരിക്കാം. ദീപനാളങ്ങൾ മികവുറ്റതാണെന്നും ഒരിക്കലും അവ കെട്ടുപോകില്ലെന്നും എണ്ണ എക്കാലത്തേക്കും നിലനിൽക്കുമെന്നും അവർ കരുതിയിരുന്നിരിക്കാം. ദേശങ്ങൾക്കും ഋതുഭേദങ്ങളിലും തിരി കൂട്ടിയും കുറച്ചും വിളക്കുമായി കാത്തിരിക്കേണ്ടതുണ്ടാവാം എന്ന് വിവേകമതികൾ ഗ്രഹിച്ചിരുന്നു, കൂടെക്കൂടെ എണ്ണ പകരപ്പെടേണ്ടിവരുമെന്നും.

നവംബർ 07, 2020

ഫ്രാൻസിസ് മാർപാപ്പ എതിർക്രിസ്തുവാക്കപ്പെടുമ്പോൾ

ഫ്രാൻസിസ് മാർപാപ്പ എതിർക്രിസ്തുവും ട്രംപ് ക്രിസ്തുസ്വരൂപവുമായി അവതരിപ്പിക്കപ്പെടുമ്പോൾ ഏതാനം കാര്യങ്ങളിലേക്കു ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. ആരുടെയൊക്കെയോ അഭിപ്രായങ്ങളും വിലയിരുത്തലുകളും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ വന്നതാവാം ശ്രദ്ധിച്ചിട്ടുള്ളത്, അവ സ്വഭാവത്തിൽത്തന്നെ അഭിപ്രായരൂപീകരണം സാധ്യമാക്കാൻ കഴിവുള്ളവയുമാണ്. മാർപാപ്പ അസന്മാര്ഗികത പ്രോത്സാഹിപ്പിക്കുകയും കുത്തഴിഞ്ഞ കുടുംബജീവിതത്തിനു വഴി തുറക്കുകയും ചെയ്യുന്നു, വിശ്വാസത്തിൽ വെള്ളം ചേർക്കുകയും ഒന്നാം പ്രമാണത്തിനു വില നൽകാതിരിക്കുകയും ചെയ്യുന്നു, ഉന്നതങ്ങളിൽ ഉള്ളത് അന്വേഷിക്കുന്നതിന് പകരം ഭൗതികകാര്യങ്ങളിൽ താല്പര്യം കാണിക്കുകയും സാഹോദര്യത്തിന്റെ പേരിൽ അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു തുടങ്ങിയവ അവയിൽ ചിലതാണ്. അഭിപ്രായസംഗ്രഹങ്ങളേക്കാൾ യഥാർത്ഥ രേഖകൾ തന്നെ വായിച്ചുനോക്കി സ്വയം മനസിലാക്കുന്നതാവും നല്ലത്. ഇവയിലൂടെ ഒന്ന് കടന്നു പോകാം  

Lumen Fidei 

EVANGELII GAUDIUM  

Laudato  Si 

AMORIS LAETITIA 

GAUDETE ET EXSULTATE 

FRATELLI TUTTI 

Preparatory Document for the Synod on the Amazon Region

Working Document for the Synod on the Amazon Region 

Final Document of the Synod on the Amazon 

QUERIDA AMAZONIA 

CHRISTUS VIVIT 

കൂടാതെ, ആദ്യ ലോക്ക് ഡൗൺ സമയത്ത് മാർപാപ്പ നൽകിയ സന്ദേശങ്ങളും കൂടെ വായിക്കാം. എന്നിട്ട് സ്വയം തീരുമാനിക്കാം ഫ്രാൻസിസ് മാർപാപ്പ ലൗകികനും ക്രിസ്തു വിരുദ്ധനും ആണോ എന്നത്. ജീവനിലും, ഭൂമിയിലും, മതത്തിലും വാണിജ്യ-മൂലധന-രാഷ്ട്രീയ സാദ്ധ്യതകൾ മാത്രം കാണുന്നവരെ  മാർപാപ്പയുടെ നിലപാടുകൾ തീർത്തും അലോസരപ്പെടുത്തും. അവർ രൂപപ്പെടുത്തിയ ക്രിസ്തീയതയുടെ മൂർത്തീരൂപമായിരുന്നു ട്രംപ്. അറിഞ്ഞോ അറിയാതെയോ ആ ക്രിസ്തീയതക്ക് നമ്മുടെ pseudo-charismatic പ്രചാരകർ വഴി നമുക്കിടയിലും ഇടം ലഭിച്ചു. അവർ സൃഷ്ടിക്കുന്ന കുപ്രചരണങ്ങളും തന്ത്രങ്ങളും അടിസ്ഥാന വിശ്വാസങ്ങളായി കരുതപ്പെടുന്നതിലെ പരാജയം അറിയേണ്ടത് ആവശ്യമാണ്. 

നവംബർ 06, 2020

ക്രിസ്തുവോ രാജാക്കന്മാരോ ?

ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതും, അവൻ ജീവിക്കുന്നതിന്റെ കാരണമായിരിക്കുന്നതും ട്രംപ് ആണോ എന്ന ഒരു സംശയം ജനിപ്പിക്കും വിധമാണ് ട്രംപിൽ അർപ്പിക്കപ്പെടുന്ന ആശ്രയബോധവും അതിൽനിന്നു ലഭിക്കുന്ന സുരക്ഷാബോധവും. ട്രംപ് അറിയാതെതന്നെ ഒരു മാർപാപ്പ ആയിക്കഴിഞ്ഞോ അതോ പുതിയലോകരക്ഷകനായോ എന്നതും ചിന്തിക്കാവുന്നതേയുള്ളു. സൃഷ്ടിയെക്കുറിച്ചുള്ള കരുതലും, പരസ്പര സാഹോദര്യവും ലോകസമാധാനവും ലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങളും മാർപാപ്പ മുന്നോട്ടുവയ്ക്കുമ്പോൾ അവയിൽനിന്നും തീർത്തും വ്യത്യസ്തമായ ലോകക്രമമാണ് ട്രംപ് തന്റെ നിലപാടുകളിൽ അവതരിപ്പിക്കുന്നത്. കൈയിൽ ബൈബിൾ പിടിച്ചതുകൊണ്ടും. 'ക്രിസ്തു ഏകരക്ഷകൻ' എന്നത് മുദ്രാവാക്യമാക്കിയതുകൊണ്ടും ഒരാൾ ക്രിസ്തു സാക്ഷിയാകുന്നില്ലല്ലോ.
ഞാൻ ഒരു ട്രംപ്സ്ത്യൻ അല്ല -- രാഷ്ട്രീയ അജണ്ടകളിലേക്കു ചുരുക്കിക്കളയുന്ന ക്രിസ്തീയത ഫലത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാത്തതുകൊണ്ട്, 'ജീവൻ' എന്ന നല്ല മുഖം വച്ചുകൊണ്ടും Life Events നടത്തിയും ആരാധ്യനാകുമ്പോൾ ജീവന്റെ ദയനീയ മുഖങ്ങളെ ക്രൂരമായി ആക്ഷേപിക്കുകയും കൂട്ടിലടക്കുകയും ചെയ്യുന്നത് കപടതയായതു കൊണ്ട്, മാനുഷികമൂല്യങ്ങൾക്കു മീതെ ബിസിനസ് സാദ്ധ്യതകൾ തേടുന്നതുകൊണ്ട് .... 

ദേവാലയഗോപുരത്തിൽനിന്നു താഴേക്കുചാടിയാൽ കൈകളിൽ താങ്ങുകയും, കുരിശിൽനിന്നിറക്കാൻ വരികയും, സംഘാടകശക്തിയും, ആയുധബലവും രാജകീയാധികാരവും സ്വന്തം പദ്ധതികൾ നടത്താൻ അത്യാവശ്യമാണെന്ന് കരുതുകയും ചെയ്യുന്ന ദൈവമല്ല എന്റെ ക്രിസ്തുവിന്റെ ദൈവം. യു എസ് രാഷ്ട്രീയം അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്, എന്നാൽ ട്രംപ്-കേന്ദ്രീകൃതമായി അവതരിപ്പിക്കപ്പെടുന്ന ക്രിസ്തീയത വിലയിരുത്തപ്പെടേണ്ടതാണ്. ഇന്നലെ തുടങ്ങിയതല്ല അത്, എഴുപതുകൾ മുതൽ ക്രിസ്തീയത പുനർവ്യാഖ്യാനത്തിനു വിധേയമായിരുന്നു. 'ക്രിസ്തുവും' 'ക്രിസ്തീയതയും' 'ക്രൈസ്തവമൂല്യങ്ങളും' 'ജീവനും' ആവശ്യം പോലെ അവതരിപ്പിക്കപ്പെട്ട ഏറ്റവും നല്ല രാഷ്ട്രീയ ആയുധങ്ങളായി. 'ജീവൻ', 'ക്രിസ്തു' തുടങ്ങിയവ, വിലപേശപ്പെടാവുന്ന രാഷ്ട്രീയ ആദര്ശങ്ങളാകുമ്പോൾ അവയെ വിശ്വാസത്തിൽനിന്നും സാന്മാര്ഗികതയിൽ നിന്നും വേർതിരിച്ചു കാണേണ്ടതുണ്ടല്ലോ. ബിസിനസിലെയും രാഷ്ട്രീയത്തിലെയും ലാഭങ്ങൾ ലക്ഷ്യമാക്കുന്ന സമാന്തരക്രിസ്തീയതയെ ആവേശത്തോടെ പുൽകുമ്പോൾ അവഗണിക്കപ്പെടുന്ന ക്രിസ്തുചൈതന്യത്തെ തിരിച്ചറിയേണ്ടതും ആവശ്യമാണ്.

യു എസ് രാഷ്ട്രീയം, സാംസ്‌കാരിക സങ്കലനങ്ങൾ തുടങ്ങിയവ ഉണ്ടാക്കിയ സംഘർഷങ്ങളിൽ ഒരു ബ്രാൻഡ് ഐക്കൺ പോലെ ഉപയോഗിക്കപ്പെട്ട 'ആദർശ വാക്യമാണ്' 'ക്രിസ്തു ഏകരക്ഷകൻ' പ്രയോഗം. (D. L. Moody യുടെ 'പാപിയുടെ പ്രാർത്ഥന' (Sinners' Prayer), Billy Grahamന്റെ 'ദൈവവുമായുള്ള രമ്യത' (Peace with God), Charles Fuller ന്റെ 'എന്റെ വ്യക്തിപരമായ കർത്താവും ദൈവവും' (Personal Lord and Saviour) തുടങ്ങിയവയും വിശ്വാസത്തിന്റെ അടിസ്ഥാന ശൈലികളായി കഴിഞ്ഞിട്ടുണ്ട്. വിശ്വാസതലത്തിലുള്ള അവയുടെ അർത്ഥതലങ്ങളേക്കാൾ അവരെ സംബന്ധിച്ചിടത്തോളം അത് തനിമ നൽകുന്ന ഐക്കണും, സ്വാധീനശക്തിയുള്ള ആദര്ശസൂക്തങ്ങളുമാണ്). ക്രിസ്തു ലോകരക്ഷകനാണെന്നതിൽ സംശയമൊന്നുമില്ല. രക്ഷയുടെ സമഗ്രമായ തലങ്ങളെ സ്വീകരിക്കാനോ ജീവിക്കാനോ മനസാക്കാതെ അത് രാജകീയ അധികാരത്തിന്റെ പ്രതീകം പോലെ ഉപയോഗിക്കപ്പെടുന്നതിൽ പോരായ്മകളുണ്ട്. ക്രിസ്തു പകർന്നു നൽകിയ രക്ഷയും, കാണിച്ചു തന്ന ദൈവരാജ്യമൂല്യങ്ങളും ദൈവമക്കളുടെ സ്വാതന്ത്യവും വിലകല്പിക്കുന്നതായിരുന്നില്ല ട്രംപിന്റെ നിലപാടുകൾ. പോപ്പ് ഫ്രാൻസിസ് കാണിച്ചു തരുന്നത് തീർത്തും വ്യത്യസ്തമായ ഒരു ക്രിസ്തീയ ജീവിതക്രമമാണ്. അത് ഭോഷത്തമാണെന്നു കരുതുന്നവരുണ്ട്. ട്രംപ് ആദർശധീരനും ക്രിസ്തീയജീവിതത്തിന്റെ ഉദാത്തമാതൃകയും.
_____________________ 
ചക്രവർത്തിയായി ഭരിക്കുന്ന ക്രിസ്തുരൂപം മരിക്കുന്നെങ്കിലേ ജീവിക്കുന്ന ക്രിസ്തു വളർന്നു തുടങ്ങൂ. ക്രിസ്തുവിലെ രാജസങ്കല്പങ്ങളിൽ പൂവണിയുന്നത് സ്വന്തം രാജത്വമാണ്.

കാത്തിരിക്കുന്ന അപകടങ്ങൾ

കടന്നലുകളുടെ വലിയ ഒരു കൂട്ടം പറന്നുപോകുന്നു, വലിയ ആക്രമണം ഉണ്ടായേക്കാം!
ഉവ്വോ?

അതിലൊന്ന് കുത്തിയിരുന്നെങ്കിൽ ആരെയെങ്കിലും കുത്തിയതായി കേട്ടിരുന്നെങ്കിൽ അവയെ ഒന്നടങ്കം അധിക്ഷേപിച്ച് ആക്രമിക്കാമായിരുന്നു. കാത്തിരിക്കുകയാണ്.
ഓരിയിടുവാനും, കൊത്തിയിളക്കാനും ചെന്നായ്ക്കളെയും കഴുകന്മാരെയും കൂട്ടുപിടിക്കാം; ചെന്നായ്ക്കൾ കടിച്ചുകീറുമെന്നും കഴുകന്മാർ ഞെക്കിഞെരുക്കി കൊല്ലുമെന്നും അറിഞ്ഞുകൊണ്ടുതന്നെ.
_____________________________

നീ പോയി സുവിശേഷം ജീവിക്കുക

 

നവംബർ 03, 2020

മതത്തിന്റെ വിശ്വാസത്യാഗം

അക്രമങ്ങളെ ന്യായീകരിക്കുകയും വളർത്തുകയും ചെയ്യുന്ന മതസംവിധാനങ്ങൾ പൈശാചികമാണ്; അത് നേരിട്ടുള്ള ശാരീരിക അക്രമങ്ങളായാലും വാക്കുകളിലും ദാർഷ്ട്യത്തിലും അസിഹിഷ്ണുതയിലായാലും. മതങ്ങളുടേതെന്ന് അവകാശപ്പെടുന്ന അത്തരം നിലപാടുകൾക്ക് യഥാർത്ഥത്തിൽ മതങ്ങളുടെ ആന്തരികസത്തയോ വിശ്വാസങ്ങളോ ആയി യാതൊരു ബന്ധമില്ല എന്നതാണ് സത്യം. മതത്തെ ഉപയോഗിക്കുന്നതിലൂടെ അവർ ലക്ഷ്യമാക്കുന്നത് മേല്കോയ്മയും അധികാരവും, അതിലൂടെ പിന്നീട് വന്നുചേരാവുന്ന സാമ്പത്തിക നിയന്ത്രണശക്തിയുടെ സാധ്യതകളുമാണ്. മതങ്ങളുടെ വക്താക്കളായി സ്വയം അവരോധിക്കുന്ന ഇത്തരക്കാർ കർമ്മനിഷ്ഠരും 'യഥാർത്ഥ' വിശ്വാസത്തിന്റെ ഏറ്റവും തികഞ്ഞ സംരക്ഷകരുമായി കാണപ്പെടും. വിശ്വാസങ്ങളുടെ ആത്മീയ ആഴങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവണ്ണം അത് മതത്തിന്റെ സകല ആചാരാനുഷ്ടാനങ്ങളുടെയും മതത്തിന്റെ ചരിത്ര-സാമൂഹിക വിന്യാസങ്ങളെയും അവരുടെ താല്പര്യങ്ങളിലേക്ക് പുനർവ്യാഖ്യാനിക്കുന്നു. ഇവരുടെ നിലപാടുകളിലെയും പ്രവൃത്തിചര്യകളുടെയും അനീതിയെ നിയന്ത്രിക്കുവാൻമാത്രം മതം ശക്തമല്ല. മതങ്ങളുടെ സത്തയിലുള്ള ധാർമികതയെ വിലമതിക്കുന്ന സംവിധാനങ്ങളല്ല ഇന്ന് നമുക്കുള്ളത്. ക്രമരാഹിത്യം കാണുന്നിടത്തു വേണ്ടവിധം ഇടപെടേണ്ടത് ഭരണക്രമങ്ങളാണ്.
 
പകരം, ഭരണകൂടങ്ങൾ മതത്തെ തങ്ങളുടെ അധികാരത്തിനുവേണ്ടി ഉപയോഗിക്കുകയും അവയെ വിഭാഗീയതയും അക്രമങ്ങളും സൃഷ്ടിക്കുവാനുള്ള മാർഗ്ഗങ്ങളായി മാറ്റിയെടുക്കുകയും ചെയ്യുമ്പോൾ അത് ദേശത്തിന്റെ വളർച്ചയെ വിപരീതമായി ബാധിക്കും. വൻശക്തികളുടെ ലാഭങ്ങൾക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയഘടനകൾക്കപ്പുറം, പൊതുനന്മക്കുതകുന്ന 'നല്ല രാഷ്ട്രീയം' രൂപപ്പെടുത്തേണ്ടത് സമാധാനപൂർണ്ണമായ ഒരു ഭാവിക്ക് ആവശ്യമാണ്. അല്ലായെങ്കിൽ, നിലവിലുള്ള അവസ്ഥ സമൂഹങ്ങൾക്കിടയിലെ സമാധാനത്തിനു മാത്രമല്ല, പലവഴികളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയാണ്. ജീവന് വിലയിടുന്നതും, തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നതും വൻശക്തികളുടെ ലാഭേച്ഛയാകുമ്പോൾ രാഷ്ട്രങ്ങളും സമൂഹങ്ങളും ദേശവും അതിലെ വിഭവങ്ങളും അവരുടെ ആദായങ്ങൾക്കു വരുംകാലത്തേക്കുള്ള ഈട് മാത്രമായിത്തീരുന്നു. ഓരോ കാലത്തും ഉപയോഗിക്കാവുന്ന പ്രത്യേക മൃദുല വികാരങ്ങളെ തീർത്തും ഉപയോഗിച്ചുകൊണ്ടും തനിമ, തൊഴിലില്ലായ്മ, വംശീയത തുടങ്ങിയ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തുമാണ് വൻശക്തികൾ നിയന്ത്രണാധികാരം സ്വന്തമാക്കുന്നത്. അധികാരകൈമാറ്റ പ്രക്രിയയിലെ സമചിത്തത, ഒരാൾ പ്രധാനമായി കണ്ടിരുന്നത് സ്വന്തം ലാഭമോ സമൂഹനന്മയോഎന്ന് തെളിയിക്കുന്ന ഘടകമാണ്. 

മതങ്ങൾ, മേല്പറഞ്ഞ വിധമുള്ള സ്ഥാപിതതാല്പര്യക്കാരുടെ വിനാശ-അവസ്ഥ-അവതരണങ്ങളിൽക്കുടുങ്ങി സ്വന്തം ആഴങ്ങൾ അവഗണിക്കുന്നെങ്കിൽ അവ അവയുടെ സത്യങ്ങളെ ഒറ്റിക്കൊടുക്കുകയാണ്; വിശ്വാസങ്ങളുടെ പേരിൽ സ്വന്തം വിശ്വാസികളെ വഞ്ചിക്കുകയാണ്. വിശ്വാസികളെ എപ്പോഴും മൃദുവിശ്വാസികളാക്കി നിർത്തുമ്പോൾ നൽകപ്പെടുന്നതെല്ലാം അവർക്ക് വിശ്വാസങ്ങളാണ്. അവയിലെ രാഷ്ട്രീയത തിരിച്ചറിയാൻ അവരിലെ വിശ്വാസത്തിന്റെ നിഷ്കളങ്കതക്കാവില്ല. അങ്ങനെ മതസംവിധാനങ്ങൾത്തന്നെ മത-വിശ്വാസ-അനുഷ്ഠാന-പാരമ്പര്യ വികാരങ്ങളെ ഉപയോഗിച്ചുകൊണ്ട് സമ്പത്തിന്റെയും അധികാരത്തിന്റെയും നിയന്ത്രണശക്തികളാവുമ്പോൾ നിർഭാഗ്യവശാൽ മതവിശ്വാസികൾ അവയൊക്കെയും വിശ്വാസത്തിന്റെ ഭാഗമാണെന്നു കരുതി ഇരുട്ടിൽ പെട്ടുപോവുകയും ചെയ്യുന്നു. അത്തരം വിശ്വാസങ്ങളുടെ സന്ദേശകർ മതഗ്രന്ഥങ്ങൾ കയ്യിലേന്തിയ മാലാഖമാരുടെ പുറംകുപ്പായമണിഞ്ഞ പിശാചുക്കളാണ്. 

നവംബർ 02, 2020

മണ്ണിലലിഞ്ഞു ചേർന്നാലും, ...

കായ്കനികളും ഇലകളും ഞെട്ടിൽനിന്നടരുമ്പോൾ, ചില്ലകൾ ഒടിഞ്ഞു വീഴുമ്പോൾ, അവയോ മരങ്ങളോ അവയ്ക്കു വേണ്ടി വിലപിക്കുമോ? അടർന്നും ഒടിഞ്ഞും വീഴേണ്ടത് അനിവാര്യതയാണ്. ഒന്ന് ഒന്നിന് പരസ്പരം നല്കിക്കൊണ്ടാണ് പ്രപഞ്ചരഹസ്യം ജീവനെ വളർത്തിയെടുക്കുന്നത്. നമ്മിലുള്ള സകല വിശേഷതകളും നന്മകളും കുറവുകളും കൂടി നമ്മളെ നാമാക്കുന്ന ആ രഹസ്യത്തെ പ്രപഞ്ചം മുഴുവനെയും ഒരുക്കിനടത്തുന്ന മഹാരഹസ്യത്തിൽനിന്ന് വേറിട്ടുകാണാനാവില്ല. 

എത്രയോ വഴികളിലൂടെയാണ് നമ്മൾ നമ്മളായത്! അതിന്റെ തുടർച്ചകളിലേക്കാണ് നമ്മൾ നമ്മെത്തന്നെ പകർന്നുനൽകുന്നത്. മണ്ണിലേക്ക് മടങ്ങുമ്പോഴെല്ലാം ഉറവിടങ്ങളിലേക്ക് വിനയത്തോടെ നടക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യുകയെന്നതാണ് ഓർമ്മപ്പെടുത്തൽ. മണ്ണ് മൃതമല്ല, ജീവിതത്തിന്റെ അവസാനവാക്കുമല്ല. മണ്ണ് ഫലഭൂയിഷ്ഠമാണ്, പുതുജീവനിലേക്കുള്ള രഹസ്യങ്ങൾ മണ്ണിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ ആഴങ്ങൾ ഉപേക്ഷിച്ചുകൊണ്ട് നമ്മുടെ സത്യങ്ങൾ അറിയാനാവില്ല. മണ്ണിൽനിന്ന് വേർപ്പെടുത്തുന്ന സകല 'സത്യങ്ങളും' മിഥ്യയാണ്. ഞാനെന്ന മിഥ്യയെ താലോലിക്കുവോളം മണ്ണിനെ നികൃഷ്ടമായി നമ്മൾ അകറ്റി നിർത്തും. 

മണ്ണിൽ നിന്നുയർന്ന മനുഷ്യന് സ്വന്തം വേരുകളെ അറുത്തു മാറ്റാനാവില്ല. മനുഷ്യന്റെ ജീവരക്തം അതേ മണ്ണിൽ നിന്നും, മണ്ണിൽനിന്നുയരുന്ന മറ്റ് ജീവ-അജീവ രൂപങ്ങളിൽ നിന്നുമാണ്. ആ ജീവരൂപം മനുഷ്യൻ നഷ്ടപ്പെടുത്തുമ്പോൾ സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തുന്നുണ്ട്. മണ്ണിൽ നിന്നകലുമ്പോഴല്ല, മണ്ണിനെ ധ്യാനിക്കുമ്പോഴാണ് പുണ്യമുണ്ടാകുന്നത്. നമ്മൾ മണ്ണിലലിഞ്ഞു ചേർന്നാലും, നമ്മിലൂടെ ഒഴുകാനനുവദിക്കപ്പെട്ട നന്മകൾ നമ്മളെന്ന രഹസ്യമായി ഉയർന്നു നില്കും, പകർന്നു നൽകപ്പെടും. നമ്മിൽ തടയപ്പെട്ട നന്മകൾ തുടർച്ച ലഭിക്കാതെ ആ മഹാരഹസ്യമായ വചനത്തിന്റെ വേദനയായി നിലകൊള്ളും. അതിനിടയിലെ ഞെരുക്കങ്ങളാണ് ഓരോരുത്തരിലും അവരവരുടെ വിശേഷതകൾ മെനഞ്ഞെടുത്തത്. ആ ജ്ഞാനം മറുവഴികൾ തുറക്കുമായിരിക്കാം. എങ്കിലും നമ്മളായിരുന്ന ആ വഴി പിന്നീട് ആവർത്തിക്കില്ല. ഞാനെന്ന പുഷ്പമോ, നാദമോ, സുഗന്ധമോ, വർണ്ണമോ അതിന്റെ പരിപൂർണതയിൽ നിശ്ശേഷം പകർന്നു നല്കട്ടെ. അപ്പോഴേ അത് നൂറു മേനിയായി പുഷ്പിച്ചു വിളയൂ. 

കാരണങ്ങളില്ലാതെതന്നെ സ്വർഗ്ഗം യാഥാർത്ഥ്യവും, എന്നാൽ പല കാരണങ്ങൾ കൊണ്ട് നരകം അനിവാര്യതയുമാകുന്നതായി കാണാം. നൈസര്ഗികമായിത്തന്നെ നന്മയിലേക്കും ഒരുമയിലേക്കും ഉള്ള തുറവി നമുക്കുണ്ട്. അതിലൊക്കെ ഒരു സ്വർഗപ്രവേശവുമുണ്ട്. ചെറുതും വലുതുമായ കാര്യങ്ങൾ കൊണ്ട് ഈ നന്മകളെ അപ്രാപ്തമാക്കുന്ന നിമിഷമൊക്കെ നരകസൃഷ്ടി നടത്തുന്നവയുമാണ്. ഓരോ നിമിഷവും തിരഞ്ഞെടുപ്പുകളുടേതാണ്; നമ്മിലൊഴുകുന്ന കൃപകളോടൊത്തു പോകാനോ, അവയെ തടഞ്ഞുവയ്ക്കാനോ. ചിലപ്പോഴെങ്കിലും ഉള്ളിന്റെ കഠിനതകളോ വരൾച്ചയോ നൊമ്പരങ്ങളോ കൃപയുടെ (ജീവന്റെ) വഴിയിൽ തടസ്സമായേക്കാം. അതുകൊണ്ടാണ് സ്നേഹത്തിലുള്ള സൗഖ്യം നമുക്കാവശ്യമാവുന്നത്. ആ ശുദ്ധീകരണപ്രക്രിയ ശിക്ഷയല്ല ആവശ്യമാണ്, ജീവനിലേക്കുള്ള വളർച്ചയാണ്.

നവംബർ 01, 2020

വിശുദ്ധരുടെ ഐക്യം

ക്രിസ്തുവിന്റെ പ്രവൃത്തികളും ഗുണങ്ങളുമാണ് വിശുദ്ധരിൽ പ്രകടമായത്. വിശുദ്ധരുടെ ഐക്യം എന്നാൽ ക്രിസ്തുരഹസ്യത്തിലെ ഏകതയാണ്. അപൂർണ്ണരെങ്കിലും നമ്മളും ആ ഐക്യത്തിൽ പങ്കുകാരാണ്. കാരണം നമ്മളും ക്രിസ്‌തുശരീരത്തിലെ അംഗങ്ങളാണ്. വിശുദ്ധർ 'ചെയ്യുന്ന ഒരു പ്രവൃത്തി' എന്നതിനേക്കാൾ ആ ശരീരത്തിലായിരിക്കുന്നതിലെ യാഥാർത്ഥ്യമാണ് വിശുദ്ധരുടെ മാധ്യസ്ഥ്യം. ക്രിസ്തുവെന്ന വലിയ രഹസ്യത്തിലെ ഓരോ അംഗവും ആ ശരീരത്തിൽ ആരോഗ്യപരമായി ഐക്യപ്പെടുക എന്നത് ശരീരം മുഴുവന്റെയും ആനന്ദമാണ്. അതുകൊണ്ട് ഓരോരുത്തരും പ്രതിഫലിപ്പിച്ച ക്രിസ്തുഗുണങ്ങളെ പ്രത്യേക മധ്യസ്ഥവരങ്ങളായി അവർക്ക് ഉപയോഗിക്കാനാകും. ക്രിസ്തുരഹസ്യവും വിശുദ്ധിയും മനുഷ്യസമൂഹത്തിലേക്ക് ചുരുക്കാനാവില്ല. തങ്ങളുടെ പ്രത്യേക സ്വഭാവമനുസരിച്ച് സകല സൃഷ്ടജാലങ്ങളും ദൈവത്തെ മഹത്വപ്പെടുത്തുന്നു, വിശുദ്ധി പ്രകടമാക്കുന്നു. ആ ക്രിസ്തുരഹസ്യം ധ്യാനിച്ചുതുടങ്ങുമ്പോൾ ആ ഐക്യത്തിലേക്കുള്ള നമ്മുടെ ബന്ധങ്ങളുടെ ആഴവും അതു പകർന്നു നൽകുന്ന വിശുദ്ധിയും നമുക്ക് ബോധ്യപ്പെടും.

വിശുദ്ധി എന്നത്, സ്നേഹത്തിന്റെയും നന്മയുടെയും ആകെത്തുകയാണ്. അത് ലളിതവും ചെറുമകളിൽ വളരുന്നതുമാണ്. 'വലിയ ഞെരുക്കത്തിലൂടെ കടന്നുവന്നവർ' എന്നാണ് വെളിപാട് ഗ്രന്ഥം വിശുദ്ധരെക്കുറിച്ച് പറഞ്ഞത്. തങ്ങൾ സ്വാധീനവും അധികാരവുമുള്ള ശക്തിയായിത്തീരുന്നത് അവരുടെ സങ്കല്പങ്ങൾക്കുമതീതമായിരുന്നു. ക്രിസ്തുചൈതന്യമായിരുന്നു അവരുടെ കേന്ദ്രവും പ്രത്യാശയും. തങ്ങൾ ഇല്ലാതായാലും, ക്രിസ്തു ജീവിക്കുന്നെന്നും ക്രിസ്തുവാണ് സ്നേഹത്തിന്റെ പൂർണതയിലേക്ക് സകലതിനെയും നയിക്കുന്നതെന്നും അവർക്കു ഉറപ്പായിരുന്നു. അതുകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും സ്നേഹവും നന്മയും പ്രതിഫലിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു. സ്വാധീന അവബോധമാണ് നമ്മെ നയിക്കുന്നതെങ്കിൽ ദൈവരാജ്യത്തെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കും. നമ്മിൽ പ്രകടമാകുന്ന ദൈവപ്രവൃത്തികളിലൂടെയാണ് ക്രിസ്തുരഹസ്യം അതിന്റെ ഐക്യത്തിൽ പൂർണ്ണമാകുന്നത്. അങ്ങനെ ദരിദ്രരും,വിശക്കുന്നവരും, പീഢിതരും, കരുണയുള്ളവരും സമാധാനസ്ഥാപകരും ധന്യരാകും വാഴ്ത്തപ്പെട്ടവരാകും.