ക്രിസ്തുവിന്റെ പ്രവൃത്തികളും ഗുണങ്ങളുമാണ് വിശുദ്ധരിൽ പ്രകടമായത്. വിശുദ്ധരുടെ ഐക്യം എന്നാൽ ക്രിസ്തുരഹസ്യത്തിലെ ഏകതയാണ്. അപൂർണ്ണരെങ്കിലും നമ്മളും ആ ഐക്യത്തിൽ പങ്കുകാരാണ്. കാരണം നമ്മളും ക്രിസ്‌തുശരീരത്തിലെ അംഗങ്ങളാണ്. വിശുദ്ധർ 'ചെയ്യുന്ന ഒരു പ്രവൃത്തി' എന്നതിനേക്കാൾ ആ ശരീരത്തിലായിരിക്കുന്നതിലെ യാഥാർത്ഥ്യമാണ് വിശുദ്ധരുടെ മാധ്യസ്ഥ്യം. ക്രിസ്തുവെന്ന വലിയ രഹസ്യത്തിലെ ഓരോ അംഗവും ആ ശരീരത്തിൽ ആരോഗ്യപരമായി ഐക്യപ്പെടുക എന്നത് ശരീരം മുഴുവന്റെയും ആനന്ദമാണ്. അതുകൊണ്ട് ഓരോരുത്തരും പ്രതിഫലിപ്പിച്ച ക്രിസ്തുഗുണങ്ങളെ പ്രത്യേക മധ്യസ്ഥവരങ്ങളായി അവർക്ക് ഉപയോഗിക്കാനാകും. ക്രിസ്തുരഹസ്യവും വിശുദ്ധിയും മനുഷ്യസമൂഹത്തിലേക്ക് ചുരുക്കാനാവില്ല. തങ്ങളുടെ പ്രത്യേക സ്വഭാവമനുസരിച്ച് സകല സൃഷ്ടജാലങ്ങളും ദൈവത്തെ മഹത്വപ്പെടുത്തുന്നു, വിശുദ്ധി പ്രകടമാക്കുന്നു. ആ ക്രിസ്തുരഹസ്യം ധ്യാനിച്ചുതുടങ്ങുമ്പോൾ ആ ഐക്യത്തിലേക്കുള്ള നമ്മുടെ ബന്ധങ്ങളുടെ ആഴവും അതു പകർന്നു നൽകുന്ന വിശുദ്ധിയും നമുക്ക് ബോധ്യപ്പെടും.
വിശുദ്ധി എന്നത്, സ്നേഹത്തിന്റെയും നന്മയുടെയും ആകെത്തുകയാണ്. അത് ലളിതവും ചെറുമകളിൽ വളരുന്നതുമാണ്. 'വലിയ ഞെരുക്കത്തിലൂടെ കടന്നുവന്നവർ' എന്നാണ് വെളിപാട് ഗ്രന്ഥം വിശുദ്ധരെക്കുറിച്ച് പറഞ്ഞത്. തങ്ങൾ സ്വാധീനവും അധികാരവുമുള്ള ശക്തിയായിത്തീരുന്നത് അവരുടെ സങ്കല്പങ്ങൾക്കുമതീതമായിരുന്നു. ക്രിസ്തുചൈതന്യമായിരുന്നു അവരുടെ കേന്ദ്രവും പ്രത്യാശയും. തങ്ങൾ ഇല്ലാതായാലും, ക്രിസ്തു ജീവിക്കുന്നെന്നും ക്രിസ്തുവാണ് സ്നേഹത്തിന്റെ പൂർണതയിലേക്ക് സകലതിനെയും നയിക്കുന്നതെന്നും അവർക്കു ഉറപ്പായിരുന്നു. അതുകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും സ്നേഹവും നന്മയും പ്രതിഫലിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു. സ്വാധീന അവബോധമാണ് നമ്മെ നയിക്കുന്നതെങ്കിൽ ദൈവരാജ്യത്തെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കും. നമ്മിൽ പ്രകടമാകുന്ന ദൈവപ്രവൃത്തികളിലൂടെയാണ് ക്രിസ്തുരഹസ്യം അതിന്റെ ഐക്യത്തിൽ പൂർണ്ണമാകുന്നത്. അങ്ങനെ ദരിദ്രരും,വിശക്കുന്നവരും, പീഢിതരും, കരുണയുള്ളവരും സമാധാനസ്ഥാപകരും ധന്യരാകും വാഴ്ത്തപ്പെട്ടവരാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ