Gentle Dew Drop

നവംബർ 16, 2020

സ്വർഗ്ഗരാജ്യവാഗ്ദാനവും, വിലാപവും പല്ലുകടിയും

ക്രിസ്ത്യാനികളുടേതാണെന്നും, കത്തോലിക്കാസഭയുടെ ഉറച്ച വിശ്വാസികളും വിശ്വാസസംരക്ഷകരുമാണെന്നും അവകാശപ്പെടുന്ന അനേകം ചാനലുകളും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളും നിലവിൽ ഉണ്ട്. സഭയുടെ മാധ്യമ കമ്മീഷനും ഇന്റർനെറ്റ് കമ്മീഷനും ഇവയെക്കുറിച്ചു തീർച്ചയായും അറിവുണ്ടാവും. അവയുടെ ഉറവിടങ്ങളെക്കുറിച്ചോ അവയിൽ നടക്കുന്ന അഭിപ്രായരൂപീകരണങ്ങൾ വഴി സഭയുടെ പ്രബോധനങ്ങൾ വരെ ഹൈജാക്ക് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തേക്കുറിച്ചോ വിശദമായ അന്വേഷണം ആവശ്യമായിട്ടുണ്ട്. സംരക്ഷകർ എന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനം ചിലരെങ്കിലും നിശ്ചിതമായ അജണ്ടകളോടെ വിഭാഗീകതയും ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നില്ലേ? മാത്രവുമല്ല അവയിൽ പലതും, സഭാനേതൃത്വത്തിന്റെ ആധികാരികതയെപ്പോലും ഇല്ലാതാക്കിയിട്ടുണ്ട്. നേതൃത്വം അടക്കം ആദ്യമൊക്കെ ചില നേട്ടങ്ങൾ കണ്ടിരുന്നെങ്കിൽ അവയിലൊക്കെയും അവരുടെ തന്ത്രങ്ങളിൽ കുടുക്കപ്പെടുകയോ സ്വയം തലവെച്ചു പോവുകയോ ചെയ്തിട്ടുണ്ടാവാം. സഭക്കുവേണ്ടി ആരൊക്കെയോ സംസാരിക്കുന്നു, അതൊക്കെയാണ് സഭയുടെ നിലപാടുകളെന്നു വിശ്വാസികളും കരുതുന്നു. ഗ്രൂപ്പുകളിൽ, വിശ്വാസത്തിന്റെയും, ഭക്തിയുടെയും സഭയുടെ ശുദ്ധിയുടെയും പേരിൽ തീക്ഷ്ണമതികളായി സംഘടിതശ്രമം ഉണ്ടാകുന്നു. ചില ഗ്രൂപ്പുകൾ നിരീക്ഷിച്ചാൽ അവക്ക് വലിയ കമ്പനികളുമായി ബന്ധമുള്ളതായും, ഈ ഗ്രൂപ്പുകൾ വഴി നടക്കപ്പെടുന്ന ധ്രുവീകരണം രാഷ്ട്രീയവും സാമ്പത്തികവുമായ വളർച്ചകളും തളർച്ചകളും ഉണ്ടാക്കാൻ ശേഷിയുള്ളവയുമാണെന്നു കാണാൻ കഴിയും. ഇത് ഒരു തലം മാത്രം. വർഷങ്ങൾക്കു മുമ്പേ സഭ തിരസ്കരിച്ച തീവ്രനിലപാടുകളുള്ള സംഘടനകളുടെ പുതുരൂപങ്ങളും, ഇവന്ജലിക്കൽ, zionist സ്വാധീനങ്ങളും ചില ഗ്രൂപ്പുകളിൽ ശക്തമായി കാണാൻ കഴിയും. പോസ്റ്റുകൾ മുമ്പോട്ട് വയ്ക്കുന്ന ആശയങ്ങൾ, അഭിപ്രായരൂപീകരണ ശൈലികൾ തുടങ്ങിയവയിലൂടെ മനസ്സിലാക്കാവുന്ന യാഥാർത്ഥ്യങ്ങളാണിവ. അവ വിശദീകരിക്കപ്പെടാനോ തിരുത്തപ്പെടാനോ ആവുന്നതിനപ്പുറം അപകടകരമാം വിധം ഇതിനോടകം വളർന്നു കഴിഞ്ഞു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. വിശദീകരിക്കാനോ തിരുത്തുവാനോ ശ്രമിക്കുന്നവരെ ഫ്രീമേസൺ, നിരീശ്വരവാദി, ജിഹാദി  തുടങ്ങിയ ആരോപണങ്ങളിലേക്കു തള്ളി വിശ്വാസികൾക്കിടയിൽ സന്ദേഹം സൃഷ്ടിക്കാനും അവർ വിജയിച്ചിട്ടുണ്ട്. താത്കാലികമായ നേട്ടങ്ങൾ കണ്ടുകൊണ്ടു നിശ്ശബ്ദരായിരുന്നാൽ പരിഹരിക്കാൻ സാധിക്കാത്തവിധം തകർച്ചയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കും.

ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിൽനിന്ന് സഭക്ക് ആരെയും തടയാനാവില്ല. എന്നാൽ അവയുടെ ഉറവിടങ്ങളെക്കുറിച്ചറിയുകയും, ഗ്രൂപ്പുകളിൽ ചേരുന്നതിനെക്കുറിച്ചും അവയിലെ സന്ദേശങ്ങളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശം നൽകാൻ പ്രബോധന-അജപാലന ശുശ്രൂഷകൾക്ക് കഴിയണം. ‘ഈ ഗ്രൂപ്പുകളൊന്നും നമ്മുടെ ആളുകളുടേതല്ല, ആരൊക്കെയോ മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് നമ്മുടെപേരുകളിൽ ഉണ്ടാക്കുന്നവയാണ് ഇവയെല്ലാം’ എന്ന് തന്ത്രപരമായി പറഞ്ഞൊഴിയാമെങ്കിലും അവയിൽ അംഗങ്ങളായുള്ള വൈദികരുടെയും, മെത്രാന്മാരുടെതന്നെയും സാന്നിധ്യവും, അതുകൊണ്ടു തന്നെ അവർക്കു പൂർണമായ അറിവുള്ള കാര്യങ്ങളാണെന്ന യാഥാർത്ഥ്യവും ഇതിൽ കാണിക്കുന്ന നിസ്സംഗതയിലെ അപകടത്തെ കാണിക്കുന്നു.

സഭയുടെ പേരിൽ തന്നെയും, ഓരോ ധ്യാനകേന്ദ്രങ്ങളുടെ പേരിലുമുള്ള എത്രയോ പേജുകളും ഗ്രൂപ്പുകളും ആണുള്ളത്! പലതിലും ഒഫീഷ്യൽ എന്ന് ചേർക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ സഭക്ക് പൂർണ്ണവിശ്വാസമുള്ളവ ഏതൊക്കെയാണ്? വിശ്വാസികൾക്ക് വിശ്വസിക്കാവുന്നത് ഏതൊക്കെയാണ്? ഇത്തരം ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സഭാവിരുദ്ധപ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയാൻ വിശ്വാസികൾ എന്ത് കരുതലുകൾ സ്വീകരിക്കണം? ഇതുപോലുള്ള ഗ്രൂപ്പുകളിൽ ചൂഷണം ചെയ്യപ്പെടുന്ന നിഷ്കളങ്കവിശ്വാസത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലേ? ഇവ വിശ്വാസത്തിന്റെയോ മതത്തിന്റെയോ തലത്തിൽ ഒതുങ്ങി നിൽക്കുന്നവയല്ല, മറിച്ച് രാഷ്ട്രീയമോ സാമ്പത്തികമോ ആയ അജണ്ടകളോടാണ് ഈ പ്രശ്നത്തിൽ ഇടപെടുമ്പോൾ സംവദിക്കേണ്ടത് എന്ന യാഥാർത്ഥ്യം ഇതിനെ വലിയ ഒരു വെല്ലുവിളിയാക്കുന്നു.

യഥാർത്ഥവും മൗലികവുമായ ക്രിസ്തീയത എന്നത് മതത്തോടുള്ള താദാത്മ്യതയല്ല, ക്രിസ്തുവിലേക്കുള്ള വളർച്ചയാണ്. അത് നടക്കേണ്ടത് സ്നേഹത്തിലും സാഹോദര്യത്തിലുമാണ്. അതുതന്നെയാണ് നവീകരണം എന്നതിലൂടെയും നടക്കേണ്ടത്. ക്രിസ്തുവെന്ന ആദർശത്തിനുമപ്പുറം ക്രിസ്തുവെന്ന വ്യക്തിയെയാണ് ആ ഹൃദയബന്ധങ്ങളിൽ അടുത്തറിയുന്നത്. നമ്മൾ ആയിരിക്കുന്ന ഗ്രൂപ്പുകൾ അതിനു സഹായിക്കുന്നില്ലെങ്കിൽ, പകരം വിഭാഗീകതയും വെറുപ്പും, ശത്രുതയും സംശയങ്ങളും വളർത്തുന്നെങ്കിൽ അതിലെ വിഷമയം തിരിച്ചറിഞ്ഞു പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. വിലാപവും പല്ലുകടിയുമാകും അവിടെ അനുഭവിക്കേണ്ടതായി വരിക. നമ്മെ നയിക്കേണ്ടത് പരിശുദ്ധാത്മാവാണ്, സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെടുന്ന അഭിപ്രായങ്ങളോ ഉറവിടമറിയാത്ത ഏതൊക്കെയോ Link കളോ അല്ല. ആത്മാർത്ഥമായ കുടുംബബന്ധങ്ങളും, ഉത്തരവാദിത്തപൂർണ്ണമായ സാമൂഹിക പ്രതിബദ്ധതയും, ഹൃദയത്തിൽ നന്മയും പൊതുനന്മയെക്കരുതിയുള്ള പ്രവൃത്തികളും  സൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ കൃപയിലുള്ള വളർച്ചയും, അതുകൊണ്ട് തന്നെ സ്വർഗ്ഗരാജ്യപ്രവേശവും തീർച്ചയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ