പ്രാർത്ഥന ഒരു അവബോധവും മനോഭാവവും ബന്ധവുമാണ്. അങ്ങയുടെ ഇഷ്ടം ഞങ്ങളിൽ ഭവിക്കട്ടെ എന്ന് പറയാൻ കഴിയുന്നത്, ദൈവം അനന്ത നന്മയാണെന്ന ഉറപ്പുള്ളതുകൊണ്ടാണ്. നന്മയായതെല്ലാം ദൈവം എനിക്ക് ഉറപ്പാക്കി തരും എന്ന പൂർണ്ണ ബോധ്യവും അതിലുണ്ട്. അതിലുള്ള ആശ്രയബോധമാണ് ബന്ധത്തിന്റെ അടിസ്ഥാനം. ആ നന്മയിൽ ആശ്രയിക്കുന്ന കൂട്ടായ ആഗ്രഹമാണ്, ഒരുമിച്ചുള്ള പ്രാർത്ഥനയിൽ പ്രതിഫലിക്കേണ്ടത്.
ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുമ്പോൾ മാത്രമല്ല ഉപകാരം എന്ന മനോഭാവം നമ്മിലുണ്ടാവേണ്ടത്. ഉദ്ദേശിക്കാതെ തന്നെ നമ്മിൽ വന്നു ചേർന്ന നമ്മിൽ ഏറ്റം ആവശ്യമായിരുന്ന കാര്യങ്ങളും , അനുഗ്രഹങ്ങളും മാനസികമോ വൈകാരികമോ ആയിട്ടുള്ള മാറ്റങ്ങളും, മൂല്യങ്ങളോ പുണ്യങ്ങളോ പ്രത്യക്ഷമായി തന്നെ വളർന്നു തുടങ്ങുമ്പോഴും ഉപകാര സ്മരണകളിലേക്കു നയിക്കാൻ തക്കതായ ശ്രദ്ധ അവക്ക് നമ്മൾ നൽകാറില്ല. 'ശക്തി'യുള്ളതും 'ഉപകാര'മുള്ളതുമായ പ്രാർത്ഥനകളിലാണ് നമുക്ക് താല്പര്യം.
ഒരു യാന്ത്രികവ്യൂഹത്തെ പ്രവർത്തിപ്പിക്കുന്നതിനു നൽകപ്പെടുന്ന ഊർജ്ജം പോലെയോ, അനേകർ ചേർന്നുള്ള ഒരു തള്ളൽ/ആക്കം പോലെയോ പ്രാർത്ഥന കാണപ്പെടുന്നത് വികലമായ ധാരണയാണ്. ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടു അത് സാധ്യമാക്കാവുന്ന ഉല്പാദനക്ഷമതയുള്ള ഒരു ശക്തിയല്ല പ്രാർത്ഥന. കനിയിപ്പിക്കാനോ, ക്ഷമിപ്പിക്കാനോ, സൗഖ്യമോ വിജയമോ നിർബന്ധിച്ചുറപ്പാക്കാനോ പ്രാർത്ഥനക്കു കഴിയില്ല. ദൈവം തന്റെ നന്മയിൽ നൽകുന്ന ജീവന്റെ പ്രതിഫലനങ്ങളാണ് അവയെല്ലാം. ദൈവത്തിന്റെ നന്മയെക്കുറിച്ചു ബോധ്യമുണ്ടെങ്കിൽ പൂർണമായ ഒരു അർപ്പണം മാത്രം മതിയാകും. ഇറങ്ങുന്ന സമയം ഒരുങ്ങുന്ന സമയം, എഴുതുന്ന സമയം, സർജറിയുടെ സമയം, ഇന്റർവ്യൂവിന്റെ സമയം അങ്ങനെ ആ കൃത്യ സമയങ്ങളിൽ പ്രാർത്ഥിച്ചെങ്കിലേ ദൈവം ഇടപെടൂ എന്നൊക്കെയുള്ള ചിന്തകൾ നമ്മിലെ അസ്വസ്ഥകൾ ആണ് കാണിക്കുന്നത്. ദൈവം നന്മ വരുത്തും എന്നുറപ്പിച്ചു കൊണ്ട് സമർപ്പിച്ചു കൊടുക്കുക.
അസാധ്യമെന്നു കരുതുന്നവയിലെ വഴികളാണ് പ്രശ്നമായുള്ളത്. ഒരു പക്ഷേ അജ്ഞാതവും അഗ്രാഹ്യവുമായ രീതിയിൽ ആ വഴികളിൽ മുമ്പോട്ട് നടക്കുവാൻ ദൈവം നമ്മെ പ്രാപ്തരാക്കും. നന്മയുടെ പല വഴികൾ ദൈവം തന്നെ ഒരുക്കുകയും ചെയ്യും. വിജയം അസാധ്യമെന്നു കരുതുന്നതിൽ ഒരുക്കമായിരിക്കാം പ്രശ്‌നം. കൃപയുടെ ശക്തിയാൽ ഒരുക്കത്തിലെ അപാകതകളെ പരിഹരിക്കുവാനും പരാജയഭീതിയെ മാറ്റിവെച്ച് ഒരുങ്ങുവാനും കഴിഞ്ഞേക്കും. വേണ്ട ഒരുക്കത്തെ പാടെ അവഗണിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ്. പ്രാർത്ഥിക്കുമ്പോൾ, ദൈവത്തിന്റെ കൂടെ നിൽക്കുവാൻ നമുക്കാവും. നമ്മൾ മനസ്സിൽ കാണുന്ന സമയവും പദ്ധതികളും ആ നന്മയിലുള്ള ഉറപ്പിലേക്കു തുറന്നു വയ്ക്കുവാനും നമുക്ക് കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ