Gentle Dew Drop

നവംബർ 02, 2020

മണ്ണിലലിഞ്ഞു ചേർന്നാലും, ...

കായ്കനികളും ഇലകളും ഞെട്ടിൽനിന്നടരുമ്പോൾ, ചില്ലകൾ ഒടിഞ്ഞു വീഴുമ്പോൾ, അവയോ മരങ്ങളോ അവയ്ക്കു വേണ്ടി വിലപിക്കുമോ? അടർന്നും ഒടിഞ്ഞും വീഴേണ്ടത് അനിവാര്യതയാണ്. ഒന്ന് ഒന്നിന് പരസ്പരം നല്കിക്കൊണ്ടാണ് പ്രപഞ്ചരഹസ്യം ജീവനെ വളർത്തിയെടുക്കുന്നത്. നമ്മിലുള്ള സകല വിശേഷതകളും നന്മകളും കുറവുകളും കൂടി നമ്മളെ നാമാക്കുന്ന ആ രഹസ്യത്തെ പ്രപഞ്ചം മുഴുവനെയും ഒരുക്കിനടത്തുന്ന മഹാരഹസ്യത്തിൽനിന്ന് വേറിട്ടുകാണാനാവില്ല. 

എത്രയോ വഴികളിലൂടെയാണ് നമ്മൾ നമ്മളായത്! അതിന്റെ തുടർച്ചകളിലേക്കാണ് നമ്മൾ നമ്മെത്തന്നെ പകർന്നുനൽകുന്നത്. മണ്ണിലേക്ക് മടങ്ങുമ്പോഴെല്ലാം ഉറവിടങ്ങളിലേക്ക് വിനയത്തോടെ നടക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യുകയെന്നതാണ് ഓർമ്മപ്പെടുത്തൽ. മണ്ണ് മൃതമല്ല, ജീവിതത്തിന്റെ അവസാനവാക്കുമല്ല. മണ്ണ് ഫലഭൂയിഷ്ഠമാണ്, പുതുജീവനിലേക്കുള്ള രഹസ്യങ്ങൾ മണ്ണിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ ആഴങ്ങൾ ഉപേക്ഷിച്ചുകൊണ്ട് നമ്മുടെ സത്യങ്ങൾ അറിയാനാവില്ല. മണ്ണിൽനിന്ന് വേർപ്പെടുത്തുന്ന സകല 'സത്യങ്ങളും' മിഥ്യയാണ്. ഞാനെന്ന മിഥ്യയെ താലോലിക്കുവോളം മണ്ണിനെ നികൃഷ്ടമായി നമ്മൾ അകറ്റി നിർത്തും. 

മണ്ണിൽ നിന്നുയർന്ന മനുഷ്യന് സ്വന്തം വേരുകളെ അറുത്തു മാറ്റാനാവില്ല. മനുഷ്യന്റെ ജീവരക്തം അതേ മണ്ണിൽ നിന്നും, മണ്ണിൽനിന്നുയരുന്ന മറ്റ് ജീവ-അജീവ രൂപങ്ങളിൽ നിന്നുമാണ്. ആ ജീവരൂപം മനുഷ്യൻ നഷ്ടപ്പെടുത്തുമ്പോൾ സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തുന്നുണ്ട്. മണ്ണിൽ നിന്നകലുമ്പോഴല്ല, മണ്ണിനെ ധ്യാനിക്കുമ്പോഴാണ് പുണ്യമുണ്ടാകുന്നത്. നമ്മൾ മണ്ണിലലിഞ്ഞു ചേർന്നാലും, നമ്മിലൂടെ ഒഴുകാനനുവദിക്കപ്പെട്ട നന്മകൾ നമ്മളെന്ന രഹസ്യമായി ഉയർന്നു നില്കും, പകർന്നു നൽകപ്പെടും. നമ്മിൽ തടയപ്പെട്ട നന്മകൾ തുടർച്ച ലഭിക്കാതെ ആ മഹാരഹസ്യമായ വചനത്തിന്റെ വേദനയായി നിലകൊള്ളും. അതിനിടയിലെ ഞെരുക്കങ്ങളാണ് ഓരോരുത്തരിലും അവരവരുടെ വിശേഷതകൾ മെനഞ്ഞെടുത്തത്. ആ ജ്ഞാനം മറുവഴികൾ തുറക്കുമായിരിക്കാം. എങ്കിലും നമ്മളായിരുന്ന ആ വഴി പിന്നീട് ആവർത്തിക്കില്ല. ഞാനെന്ന പുഷ്പമോ, നാദമോ, സുഗന്ധമോ, വർണ്ണമോ അതിന്റെ പരിപൂർണതയിൽ നിശ്ശേഷം പകർന്നു നല്കട്ടെ. അപ്പോഴേ അത് നൂറു മേനിയായി പുഷ്പിച്ചു വിളയൂ. 

കാരണങ്ങളില്ലാതെതന്നെ സ്വർഗ്ഗം യാഥാർത്ഥ്യവും, എന്നാൽ പല കാരണങ്ങൾ കൊണ്ട് നരകം അനിവാര്യതയുമാകുന്നതായി കാണാം. നൈസര്ഗികമായിത്തന്നെ നന്മയിലേക്കും ഒരുമയിലേക്കും ഉള്ള തുറവി നമുക്കുണ്ട്. അതിലൊക്കെ ഒരു സ്വർഗപ്രവേശവുമുണ്ട്. ചെറുതും വലുതുമായ കാര്യങ്ങൾ കൊണ്ട് ഈ നന്മകളെ അപ്രാപ്തമാക്കുന്ന നിമിഷമൊക്കെ നരകസൃഷ്ടി നടത്തുന്നവയുമാണ്. ഓരോ നിമിഷവും തിരഞ്ഞെടുപ്പുകളുടേതാണ്; നമ്മിലൊഴുകുന്ന കൃപകളോടൊത്തു പോകാനോ, അവയെ തടഞ്ഞുവയ്ക്കാനോ. ചിലപ്പോഴെങ്കിലും ഉള്ളിന്റെ കഠിനതകളോ വരൾച്ചയോ നൊമ്പരങ്ങളോ കൃപയുടെ (ജീവന്റെ) വഴിയിൽ തടസ്സമായേക്കാം. അതുകൊണ്ടാണ് സ്നേഹത്തിലുള്ള സൗഖ്യം നമുക്കാവശ്യമാവുന്നത്. ആ ശുദ്ധീകരണപ്രക്രിയ ശിക്ഷയല്ല ആവശ്യമാണ്, ജീവനിലേക്കുള്ള വളർച്ചയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ