Gentle Dew Drop

നവംബർ 03, 2020

മതത്തിന്റെ വിശ്വാസത്യാഗം

അക്രമങ്ങളെ ന്യായീകരിക്കുകയും വളർത്തുകയും ചെയ്യുന്ന മതസംവിധാനങ്ങൾ പൈശാചികമാണ്; അത് നേരിട്ടുള്ള ശാരീരിക അക്രമങ്ങളായാലും വാക്കുകളിലും ദാർഷ്ട്യത്തിലും അസിഹിഷ്ണുതയിലായാലും. മതങ്ങളുടേതെന്ന് അവകാശപ്പെടുന്ന അത്തരം നിലപാടുകൾക്ക് യഥാർത്ഥത്തിൽ മതങ്ങളുടെ ആന്തരികസത്തയോ വിശ്വാസങ്ങളോ ആയി യാതൊരു ബന്ധമില്ല എന്നതാണ് സത്യം. മതത്തെ ഉപയോഗിക്കുന്നതിലൂടെ അവർ ലക്ഷ്യമാക്കുന്നത് മേല്കോയ്മയും അധികാരവും, അതിലൂടെ പിന്നീട് വന്നുചേരാവുന്ന സാമ്പത്തിക നിയന്ത്രണശക്തിയുടെ സാധ്യതകളുമാണ്. മതങ്ങളുടെ വക്താക്കളായി സ്വയം അവരോധിക്കുന്ന ഇത്തരക്കാർ കർമ്മനിഷ്ഠരും 'യഥാർത്ഥ' വിശ്വാസത്തിന്റെ ഏറ്റവും തികഞ്ഞ സംരക്ഷകരുമായി കാണപ്പെടും. വിശ്വാസങ്ങളുടെ ആത്മീയ ആഴങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തവണ്ണം അത് മതത്തിന്റെ സകല ആചാരാനുഷ്ടാനങ്ങളുടെയും മതത്തിന്റെ ചരിത്ര-സാമൂഹിക വിന്യാസങ്ങളെയും അവരുടെ താല്പര്യങ്ങളിലേക്ക് പുനർവ്യാഖ്യാനിക്കുന്നു. ഇവരുടെ നിലപാടുകളിലെയും പ്രവൃത്തിചര്യകളുടെയും അനീതിയെ നിയന്ത്രിക്കുവാൻമാത്രം മതം ശക്തമല്ല. മതങ്ങളുടെ സത്തയിലുള്ള ധാർമികതയെ വിലമതിക്കുന്ന സംവിധാനങ്ങളല്ല ഇന്ന് നമുക്കുള്ളത്. ക്രമരാഹിത്യം കാണുന്നിടത്തു വേണ്ടവിധം ഇടപെടേണ്ടത് ഭരണക്രമങ്ങളാണ്.
 
പകരം, ഭരണകൂടങ്ങൾ മതത്തെ തങ്ങളുടെ അധികാരത്തിനുവേണ്ടി ഉപയോഗിക്കുകയും അവയെ വിഭാഗീയതയും അക്രമങ്ങളും സൃഷ്ടിക്കുവാനുള്ള മാർഗ്ഗങ്ങളായി മാറ്റിയെടുക്കുകയും ചെയ്യുമ്പോൾ അത് ദേശത്തിന്റെ വളർച്ചയെ വിപരീതമായി ബാധിക്കും. വൻശക്തികളുടെ ലാഭങ്ങൾക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയഘടനകൾക്കപ്പുറം, പൊതുനന്മക്കുതകുന്ന 'നല്ല രാഷ്ട്രീയം' രൂപപ്പെടുത്തേണ്ടത് സമാധാനപൂർണ്ണമായ ഒരു ഭാവിക്ക് ആവശ്യമാണ്. അല്ലായെങ്കിൽ, നിലവിലുള്ള അവസ്ഥ സമൂഹങ്ങൾക്കിടയിലെ സമാധാനത്തിനു മാത്രമല്ല, പലവഴികളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയാണ്. ജീവന് വിലയിടുന്നതും, തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നതും വൻശക്തികളുടെ ലാഭേച്ഛയാകുമ്പോൾ രാഷ്ട്രങ്ങളും സമൂഹങ്ങളും ദേശവും അതിലെ വിഭവങ്ങളും അവരുടെ ആദായങ്ങൾക്കു വരുംകാലത്തേക്കുള്ള ഈട് മാത്രമായിത്തീരുന്നു. ഓരോ കാലത്തും ഉപയോഗിക്കാവുന്ന പ്രത്യേക മൃദുല വികാരങ്ങളെ തീർത്തും ഉപയോഗിച്ചുകൊണ്ടും തനിമ, തൊഴിലില്ലായ്മ, വംശീയത തുടങ്ങിയ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തുമാണ് വൻശക്തികൾ നിയന്ത്രണാധികാരം സ്വന്തമാക്കുന്നത്. അധികാരകൈമാറ്റ പ്രക്രിയയിലെ സമചിത്തത, ഒരാൾ പ്രധാനമായി കണ്ടിരുന്നത് സ്വന്തം ലാഭമോ സമൂഹനന്മയോഎന്ന് തെളിയിക്കുന്ന ഘടകമാണ്. 

മതങ്ങൾ, മേല്പറഞ്ഞ വിധമുള്ള സ്ഥാപിതതാല്പര്യക്കാരുടെ വിനാശ-അവസ്ഥ-അവതരണങ്ങളിൽക്കുടുങ്ങി സ്വന്തം ആഴങ്ങൾ അവഗണിക്കുന്നെങ്കിൽ അവ അവയുടെ സത്യങ്ങളെ ഒറ്റിക്കൊടുക്കുകയാണ്; വിശ്വാസങ്ങളുടെ പേരിൽ സ്വന്തം വിശ്വാസികളെ വഞ്ചിക്കുകയാണ്. വിശ്വാസികളെ എപ്പോഴും മൃദുവിശ്വാസികളാക്കി നിർത്തുമ്പോൾ നൽകപ്പെടുന്നതെല്ലാം അവർക്ക് വിശ്വാസങ്ങളാണ്. അവയിലെ രാഷ്ട്രീയത തിരിച്ചറിയാൻ അവരിലെ വിശ്വാസത്തിന്റെ നിഷ്കളങ്കതക്കാവില്ല. അങ്ങനെ മതസംവിധാനങ്ങൾത്തന്നെ മത-വിശ്വാസ-അനുഷ്ഠാന-പാരമ്പര്യ വികാരങ്ങളെ ഉപയോഗിച്ചുകൊണ്ട് സമ്പത്തിന്റെയും അധികാരത്തിന്റെയും നിയന്ത്രണശക്തികളാവുമ്പോൾ നിർഭാഗ്യവശാൽ മതവിശ്വാസികൾ അവയൊക്കെയും വിശ്വാസത്തിന്റെ ഭാഗമാണെന്നു കരുതി ഇരുട്ടിൽ പെട്ടുപോവുകയും ചെയ്യുന്നു. അത്തരം വിശ്വാസങ്ങളുടെ സന്ദേശകർ മതഗ്രന്ഥങ്ങൾ കയ്യിലേന്തിയ മാലാഖമാരുടെ പുറംകുപ്പായമണിഞ്ഞ പിശാചുക്കളാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ