Gentle Dew Drop

നവംബർ 08, 2020

എണ്ണ പകരേണ്ട വിളക്കുകൾ

കത്തിയെരിഞ്ഞു തെളിയേണ്ട നമ്മിലെ വിളക്കിലേക്കു പകരപ്പെടേണ്ട ജീവാംശങ്ങൾ ധ്യാനിക്കപ്പെടേണ്ടതാണ്. ജീവിത വിശുദ്ധിക്കും പരിശുദ്ധാത്മദാനങ്ങളുടെ വളർച്ചക്കും ജീവിതവും ദൈവകൃപയുമായുള്ള നിരന്തരസമ്പർക്കത്തിന്റെ അത്യാവശ്യമുണ്ട്. കരുതപ്പെടേണ്ട എണ്ണ

അങ്ങനെയേ നമ്മിലേക്ക്‌ പകരപ്പെടൂ. തുറവിയുണ്ടെങ്കിൽ ദൈവകൃപയ്ക്ക് അന്യമായി നിൽക്കുന്ന യാതൊന്നുമില്ല. ജീവിതാനുഭവങ്ങളും സമ്പർക്കത്തിലുള്ള സംസ്കാരങ്ങളും സൗഹൃദങ്ങളും സംഘർഷങ്ങളും കഠിനതകളും ഞെരുക്കങ്ങളും നീറ്റലുകളും വീഴ്ചകളും ദൈവകൃപയുടെ സ്പര്ശനമറിയട്ടെ. പ്രചോദനങ്ങളോടെ തന്നെ അവയവയുടെ മേഖലകളെക്കുറിച്ചു ആവശ്യമായ തെളിമ തേടുവാനും കൃപ നൽകുന്ന എളിമ നമ്മെ സഹായിക്കും.

സ്വന്തം വിളക്കുകളിലെ എണ്ണയുടെ പര്യാപ്തതയെകുറിച്ചുള്ള അമിതവിശ്വാസം ജീവിതവിശുദ്ധിയെക്കുറിച്ച് വികലമായ ഒരുക്കമാണ് നമുക്കുള്ളത് എന്നു കാണിക്കുന്നു. നമ്മുടെ ഇഷ്ടങ്ങൾ തീർക്കുന്ന വ്യാഖ്യാനങ്ങളും അവതരണങ്ങളും കൃപയ്ക്കെതിരെയും മറ്റുള്ളവർക്കെതിരെയും മതിലുകൾ തീർക്കുകയാണ്. അവയിലേക്ക് സ്വയം ചുരുക്കി അടച്ചിടുന്നതിനെ 'വിശ്വസ്തത' 'സത്യവിശ്വാസസംരക്ഷണം' എന്നു വിളിച്ചു അന്ധകാരത്തിൽ കഴിയുന്ന ദുര്യോഗം നമുക്കുണ്ടാകാതിരിക്കട്ടെ.

അർധപ്രാണനായി ഉപേക്ഷിക്കപ്പെട്ട മനുഷ്യന് സഹോദരനായി വർത്തിച്ച സമരിയാക്കാരൻ എണ്ണയും വീഞ്ഞും ഒരു അപരിചിതന്റെ ജീവപ്രാപ്തിക്കായി ഒഴുക്കിക്കളയുമ്പോൾ അയാളുടെ വിളക്ക് വീണ്ടും തെളിഞ്ഞു കത്തുകയാണ്. അതിരുകൾക്ക് വിലനൽകുന്ന സാഹോദര്യം പറക്കു കീഴെ മൂടപ്പെട്ട വിളക്കാണ്. സ്വയം പുകനിറഞ്ഞു കെട്ടുപോവുകയാണ് അതിന്റെ അന്ത്യം. സമറിയക്കാരന്റെ ഉപമയിലെ വെളിച്ചത്തിനു നേരെ ഒട്ടേറെപ്പേർ മുഖം തിരിച്ചു കളയുകയാണ് ചെയ്തത്. അവരുടെ ഉള്ളിൽ കരുതിയ എണ്ണ മതിയായതാണ് എന്ന് അവർ ഉറപ്പാക്കിയിരുന്നു.

അതേ ഉറപ്പിന്റെ മുകളിൽ ദൈവത്തിനു മുമ്പിൽ വാചാലനാകുന്ന ഫരിസേയനെ നമുക്ക് കാണാം. ദുഷിച്ചു കത്തുന്ന കരിന്തിരിയാണ് ആ ഉദാഹരണം. ആചാരനിഷ്ഠകളിലേക്കും പേരിലേക്കും ശ്ലോകങ്ങളിലേക്കും ചുരുങ്ങി മൂർത്തീഭവിക്കുന്ന ദൈവത്തെയാണ് അയാൾ എണ്ണങ്ങളും അളവുകളും താൻ കാത്തുസൂക്ഷിക്കുന്ന ധാർമ്മികതയും അതിലൂടെ സംരക്ഷിക്കപ്പെട്ടുപോരുന്ന ദൈവത്തിന്റെ അവസ്ഥയും ഓർമ്മിപ്പിക്കുന്നത്. അയാൾ പുറത്തേക്കു വരുമ്പോൾ നടവഴിയുടെ ഇരുവശവും അയോഗ്യരായ അധാര്മികളെയും പാപികളെയും മാത്രമേ അയാൾക്ക് കാണാൻ കഴിയൂ. സ്വയം രക്ഷിക്കേണ്ടതിനാൽ അവരിൽ നിന്നും അകന്നു നടക്കേണ്ടതുണ്ട്. സ്നേഹവും സാഹോദര്യവും അയാളെ ഭാരപ്പെടുത്തുന്ന ബാധ്യതകളാണ്. സ്വയം തിരി ഊതിക്കെടുത്തുകയാണയാൾ.

ശരണം തേടാവുന്ന സ്നേഹത്തിന്റെ ഉറവിടമായി ദൈവത്തെ കണ്ടുകൊണ്ടാണ് ചുങ്കക്കാരൻ ദേവാലയത്തിന്റെ പടിവാതിൽക്കൽ നില്കുന്നത്. അയാളുടെ ധാർമികതയും വിശുദ്ധമായി കാത്തുസൂക്ഷിക്കപ്പെടുന്ന ആചാരണങ്ങളുമല്ല ദൈവത്തിനു രൂപവും സ്വഭാവവും നൽകുന്നതെന്ന് അയാൾക്കറിയാം. അയാളറിയുന്ന കാരുണ്യത്തിനും സഹതാപത്തിനും പേരിന്റെയും ശ്ലോകത്തിന്റെയും അതിരുകൾക്കപ്പുറം വലിയ ഹൃദയമുണ്ട്. അത് പരിപാലനയുടെയും സൗഖ്യത്തിന്റെയും ഒരു അനുഭവമാണ്. മുൻപോട്ട് നടക്കുമ്പോൾ മറ്റൊരു സമരിയക്കാരനായി കാരുണ്യം ചൊരിയാൻ അയാൾക്ക്‌ കഴിഞ്ഞേക്കും. മറ്റുള്ളവരിലെ 'പാപികൾ' അയാളെ ഭാരപ്പെടുത്തിയില്ല, ആരെയും അയാൾ വിധിച്ചുമില്ല. സമാധാനത്തിൽ അയാൾ നടന്നുപോയി.

തിരി തെളിക്കാതെ എണ്ണയുടെ അളവ് കുറയാതെ നോക്കാമെങ്കിലും അപ്പോൾ അത് വിളക്കാവുന്നില്ല. ജീവിതം നൽകുന്ന അറിവും ബോധ്യങ്ങളും, പിൻചെല്ലുന്ന ആദർശങ്ങളും മുൻവിധികളും തുറന്നിട്ടേ മതിയാകൂ. അപ്പോഴേ ജീവിതപാതയിൽ എന്നോ തെളിഞ്ഞ തിരിനാളത്തിന്റെ പ്രകാശം, കാത്തിരുന്ന നാഥൻ തന്നെയാണെന്ന് നമ്മൾ തിരിച്ചറിയൂ. അല്ലെങ്കിൽ നമുക്കിഷ്ടമില്ലാതിരുന്നതും അസ്വീകാര്യവുമായിരുന്ന അവസ്ഥകളിൽ ആ മുഖപ്രകാശം അവൻ നൽകിയിട്ടുണ്ടെങ്കിൽ നമ്മൾ മുഖം തിരിച്ചിട്ടുണ്ടാകും. നഷ്ടമാക്കിക്കളഞ്ഞ അത്തരം നിമിഷങ്ങൾ പകരേണ്ടിയിരുന്ന കൃപയുടെ എണ്ണ നമ്മുടെ ദുശാഠ്യം മൂലം നഷ്ടപ്പെട്ടുപോയിട്ടുണ്ടാകാം. പേരുകൾക്കും ലേബലുകൾക്കും അപ്പുറം ക്രിസ്തു നമ്മിൽ പ്രകാശിക്കട്ടെ.

വിവേകരഹിതകളായവർ തങ്ങളുടെ ദീപങ്ങളെക്കുറിച്ച് അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ പോലും ചെയ്തിരുന്നിരിക്കാം. ദീപനാളങ്ങൾ മികവുറ്റതാണെന്നും ഒരിക്കലും അവ കെട്ടുപോകില്ലെന്നും എണ്ണ എക്കാലത്തേക്കും നിലനിൽക്കുമെന്നും അവർ കരുതിയിരുന്നിരിക്കാം. ദേശങ്ങൾക്കും ഋതുഭേദങ്ങളിലും തിരി കൂട്ടിയും കുറച്ചും വിളക്കുമായി കാത്തിരിക്കേണ്ടതുണ്ടാവാം എന്ന് വിവേകമതികൾ ഗ്രഹിച്ചിരുന്നു, കൂടെക്കൂടെ എണ്ണ പകരപ്പെടേണ്ടിവരുമെന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ