Gentle Dew Drop

മാർച്ച് 28, 2020

നിങ്ങളോടൊത്ത് ഈ പെസഹാ ഭക്ഷിക്കുവാൻ ഞാൻ എത്രയോ ആഗ്രഹിച്ചു

അപ്പമെടുത്ത് വാഴ്ത്തിയപ്പോൾ അവൻ ചൊല്ലിയത് കൃതജ്ഞതയുടെ സ്തോത്രം. 'നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന അപ്പം' എന്നാണ് ആ അപ്പത്തെക്കുറിച്ച്/മരണം മുമ്പിൽ കണ്ട സ്വന്തം ജീവനെക്കുറിച്ച് പറഞ്ഞത്.
കൃതജ്ഞത അർഹിക്കുന്ന അപ്പവും മുറിച്ചുനല്കിയിട്ടുള്ള ജീവിതവും ഒരിക്കൽക്കൂടി ഓർക്കാം.

ഇസ്രയേലിന്റെ പുറപ്പാട് വിവരണം പോലെ നമ്മുടെ ജീവിതങ്ങളിലും ത്യാഗങ്ങളും ബലികളുമുണ്ട്. അവിടെയൊക്കെ നമ്മിലൂടെ ക്രിസ്തു അപ്പമായതും ബലിയായതും, നിലനില്പിനും അതിജീവനത്തിനും ശക്തിയായതും വിവരിക്കപ്പെടണം. അവ വിളമ്പിനൽകുകയും കേൾക്കപ്പെടുകയും വേണം. വീടുകൾക്കുള്ളിലായിരിക്കുന്ന ഈ സമയത്ത് സ്വന്തം ബലികളെ ഒന്ന് തുറന്നുപറയുവാൻ, ആ ഓർമ്മകളെ അപ്പമായെടുത്തു വാഴ്ത്തുവാൻ പ്രാർത്ഥനയോടെ സ്വീകരിക്കുവാൻ സമയം കണ്ടെത്തുന്നത് നല്ലതാവും. ബലികൾ തിരിച്ചറിയപ്പെടേണ്ടത് ആവശ്യമാണ്.

ഓർമ്മയാചരണത്തിനായി ഒരുമിച്ചുകൂടുമ്പോൾ നമുക്കുവേണ്ടതും ഓർമ്മകളാണ്. നഷ്ടപ്പെട്ടുപോയതോ അറിയാതെപോയതോ ആണെങ്കിൽ ഒരു വിവരണം അത് സാധ്യമാക്കിയേക്കാം. ഓർമ്മകളിൽ ശേഷിക്കുന്നവ ഒന്നുകൂടി തെളിയിച്ചെടുക്കാം. അന്യസംസ്ഥാനങ്ങളിലും വിദേശത്തും തികച്ചും പരിമിതമായ അവസ്ഥകളിൽ ജീവിതം തുടങ്ങി വെച്ചവർ അനേകരുണ്ട്. മലബാർ കുടിയേറ്റസമയത്തെ സാഹചര്യങ്ങൾ ഇന്നത്തെ കൊച്ചുതലമുറക്ക് പരിചിതമല്ല.

വീടുകളിലും നമ്മുടെ ചുറ്റുപാടുകളിലും അത്തരം ഓർമ്മകളുടെ അടയാളങ്ങൾ കണ്ടേക്കാം; ഒരു മരമോ, പാറയോ, പഴയ ഒരു പാത്രമോ, മരപ്പെട്ടിയോ, പണ്ടത്തെ ഒരു ഫോട്ടോയോ തുണിയോ ഒക്കെ ആകാം ആ വിവരണം തുടങ്ങിവയ്ക്കാൻ. സ്വയം തകർന്ന കുരിശുകൾ വിവരിക്കപ്പെടട്ടെ, ഉത്ഥാനത്തിന് കരുത്തു ലഭിക്കാൻ.

അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു... നമ്മുടെ ചാച്ചൻ, അമ്മച്ചി ... ജീവിച്ചത് ഇങ്ങനെയാണ് ... അധ്വാനിച്ചത് ... വഴിയും പാലവുമില്ലാതെ മലകളും കാടുകളും കടന്ന സമയം... കാട്ടാനയും പന്നിയും ഇറങ്ങി നശിപ്പിച്ച ചേനയും കാച്ചിലും ചേമ്പും (നല്കപ്പെട്ടിരുന്ന മന്നാ) ... തേനും പാലും അവർതേടിയില്ല, ഉണ്ടായിരുന്ന ചക്കയും കപ്പയും ജീവന്റെ ഭോജനമായി... അവരുടെ സ്വപ്‌നങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും പലരും വിടവാങ്ങിയിരുന്നു. ചിലർ ഇന്ന് ഓർമ്മ പോലും നഷ്ടപ്പെട്ടവരാണ്...

വികസിച്ചുകൊണ്ടിരുന്ന നഗരങ്ങളിലേക്ക് ആദ്യകാലത്ത് പോയവർ... ചേരികളിൽ തകരകൂരക്കടിയിൽ സ്വപ്നങ്ങൾ പാകിവെച്ചവർ ...

നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെട്ട ഞങ്ങളുടെ ജീവിതം - മീൻപിടുത്തതിനായി ദിവസങ്ങളായി കടലിലേക്ക് പോയവർ, അതിരാവിലെ റബ്ബർ ടാപ്പിങ്ങിനായി പോയവർ, തെങ്ങുകയറിയും, വിറകുപെറുക്കിയും പറമ്പൊരുക്കിയും അധ്വാനിച്ചവർ, മൈലുകൾ നടന്ന് സ്‌കൂളുകളിൽ പഠിപ്പിച്ചവർ ... കമ്പനികളിൽ അകാരണമായി ശകാരമേറ്റവർ, ജോലിനഷ്ടപ്പെട്ട് അലഞ്ഞു നടന്നവർ ... അറിയപ്പെടാത്ത വേദനകൾ ഉള്ളിൽ ഒരുപാടുണ്ട്...

ദൂരെയായ മക്കൾ മറച്ചു വെച്ച പരാതികളും ക്ഷീണവും, അവർ നേരിട്ട അതിക്രമങ്ങൾ, നഷ്ടപ്പെട്ട എന്നാൽ പതിയെ കുരുപ്പിടിപ്പിച്ച സ്വപ്‌നങ്ങൾ, അന്യനാട്ടിലെ ഏകാന്തത, രുചികെട്ട ഭക്ഷണം, ജോലിയിലായിരിക്കുന്നവരുടെ ആരുമറിയാത്ത ബലികൾ ...

ഓർമക്കായി നിങ്ങളിത് പറയണം ...
വീണപ്പോൾ പിടിച്ചെഴുന്നേല്പിച്ച കൂട്ടുകാരും ഒറ്റയായപ്പോൾ കൂടെനടന്ന അയൽക്കാരും ജീവിതത്തിന് അപ്പം നൽകിയവരാണ്. കൃതജ്ഞതാസ്തോത്രമായി നിങ്ങൾ ഉയർത്തുന്ന ജീവിതത്തിന്റെ അപ്പം അനേകരുടെ (കൂലിക്കു പണിയെടുത്തവരുടെയും, ഇന്ന് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും പോലും) ബലിയുടെ അപ്പമാണ്. ഉള്ളിൽ കൃതജ്ഞത ഉണ്ടെങ്കിലും കണ്ണുനീരിന്റെ ഉള്ളും വേദനകളുടെ കയ്പ്പും അതിലുണ്ട്. ബലികൾ ഏറ്റുപറയപ്പെടണം ... വാങ്ങി ഭക്ഷിക്കുവിൻ... ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ടവ.

ദുഃഖവെള്ളി
ആ ബലികൾ തിരസ്കരിക്കപ്പെട്ടതും തള്ളിക്കളഞ്ഞതും മറന്നുപോയതുമൊക്കെയാണ് ദുഃഖവെള്ളിയുടെ ബലി.
സ്വയം അർപ്പിച്ച ബലികളിലൂടെ ധ്യാനപൂർവം കടന്നു പോകാം...  കഴിയുമായിരുന്നെങ്കിൽ വീണ്ടുംഒരിക്കൽക്കൂടി  ജീവൻ നൽകാൻ... (നോർവിച്ചിലെ വി. ജൂലിയൻ ഈശോ പറയുന്നതായി ഒരു ദർശനത്തിൽ കേട്ടതാണ്: "അല്പം കൂടി സഹിക്കുവാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ നിന്നോടുള്ള സ്നേഹത്തെപ്രതി ഞാൻ അതുകൂടി സഹിക്കുമായിരുന്നു"). ഒരാൾ ജീവനർപ്പിക്കുമ്പോൾ മറ്റൊരാൾ ജീവൻ നേടുന്നുണ്ടല്ലോ!
സ്നേഹിതർ ജീവൻ പ്രാപിക്കുന്നതിനായുള്ള നിലപാടുകളിലും ആത്മാർത്ഥ പ്രയത്നങ്ങളിലുമാണ് സ്നേഹം.
അങ്ങനെ ജീവൻ നല്കപ്പെട്ടവരുടെ സമൂഹം: സഭ, അടിസ്ഥാന കൂദാശ.
ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ, ബലിയായി ജീവൻ പകരാൻ, അനേകർക്ക്‌ അപ്പമാകാൻ.

കാണാൻ വിട്ടുപോയ ബലികളെ ഓർത്ത് ശതാധിപനെപ്പോലെ ഏറ്റു പറയാം: "ഈ ബലിയർപ്പകർ സത്യമായും ദൈവത്താൽ നല്കപ്പെട്ടവരായിരുന്നു; എനിക്കായി ബലിയാകാൻ, എനിക്കായി അപ്പമാകാൻ." വെറുപ്പിൽ  അകറ്റിനിർത്തിയിട്ടുള്ള പലരെയും ഈ ബലിയർപ്പകരായി തിരിച്ചറിഞ്ഞേക്കാം. മരിച്ചുപോയവരും, രോഗക്കിടക്കയിലായവരും അവശേഷിപ്പിച്ചുപോയ തിരുശേഷിപ്പുകൾ ബലിയുടെ ഓർമ്മയായി നമ്മുടെ അരികെയൊക്കെത്തന്നെയുണ്ട്.
'വിശ്വാസങ്ങൾക്കുവേണ്ടി' മരിക്കുവാൻ പോലും നമ്മൾ തയ്യാറായേക്കാം,
എന്നാൽ ശൂന്യവത്കരണം മരണത്തേക്കാൾ കഠിനമാണ്,
അതില്ലാതെ കുരിശിലെ ബലിയോടടുക്കാനാവില്ല.
ക്രിസ്തു കുരിശിലേക്കു നടന്നടുത്ത ഓരോ പടിയും ജീവദായകമായിരുന്നു,
നിലപാടുകൾ,സൗഹൃദങ്ങൾ, ശകാരങ്ങൾ,  പ്രതികരണങ്ങൾ, വെല്ലുവിളികൾ ഒക്കെയും.

നമ്മുടെ ബലികൾ ജീവദായകമാകുന്നുണ്ടോ?

വചനം ഇന്ന് നിശബ്ദമാണ്, കാത്തിരിപ്പാണ്.
അവനോടുകൂടെ സംസ്കരിക്കപ്പെടുന്ന നമ്മിൽ രൂപാന്തരത്തിന്റെ വേദന തോന്നേണ്ടതില്ലേ?
പൂർണ്ണമായ സന്മനസിന്റെ ഒരു ഹൃദയത്തിലേക്ക്,
അങ്ങനെ സമാധാനത്തിന്റെ ഒരു മനുഷ്യനിലേക്ക്.
ശൂന്യതയിലേക്ക് ശാന്തമായി ഇറങ്ങേണ്ടത് ധന്യതകളെ പുൽകാൻ ആവശ്യമാണ്,
ശൂന്യതയെ നിലനിൽക്കാൻ അനുവദിക്കൂ, അതിലൂടെ കടന്നുപോകേണ്ടതുണ്ട്
ശീലമായ ശബ്ദങ്ങൾ കൊണ്ട് അതിനെ നിറക്കാതിരിക്കാം
ശൂന്യതയിൽ വചനം സംസാരിക്കട്ടെ.

ഉയിർപ്പ് 
ഒരു ബലിയും നഷ്ടമല്ല. കടന്നുപോയ വഴിയിലൊക്കെയും അതിജീവനത്തിന്റെ  നിമിഷങ്ങളുണ്ട്. ദൈവാശ്രയത്തോടെ പ്രത്യാശയിൽ ജീവിക്കുവാൻ കഴിഞ്ഞ ആ സമയത്തെയും ഈ വിവരണത്തിൽ നമുക്ക് ലഭിക്കണം. അപ്പോഴേ കല്ലറയുടെ ഇരുട്ടിൽ നിന്നു പുതുജീവനിലേക്ക് നടന്നിറങ്ങാൻ കഴിയൂ.

ഓർമ്മ ഒരു അകക്കാഴ്ചയാണ്; മനഃപൂർവ്വം മറന്നുകളയുന്ന പല നന്മകളെയും ആത്മാർത്ഥമായി വീണ്ടുമൊരിക്കൽക്കൂടി നോക്കിക്കാണാൻ. ഏറ്റം ശോഭനമല്ലെങ്കിലും നിലനിൽക്കുന്ന ജീവിതനിമിഷം തന്നെ എത്ര ബലികളുടെ ധന്യതയാണ്? എനിക്കുവേണ്ടി കാലുകഴുകിയവർ, കുരിശിലേറിയവർ, ജീവനർപ്പിച്ചവർ ആരൊക്കെയാണ്?

എന്റെ ഓർമ്മക്കായി നിങ്ങളും ഇത് ചെയ്യുവിൻ 
നമുക്കുമുമ്പിൽ വെളിപ്പെട്ടുകിട്ടിയ ബലഹീനനായ, അപൂർണ്ണരായ, ക്രിസ്തുമുഖങ്ങൾ... ഭാര്യ, ഭർത്താവ്, മകൻ, മകൾ, അപ്പൻ, അമ്മ...
എന്തൊക്കെയോ ദുർബലതകളും അരക്ഷിതാവസ്ഥകളും പേടിയും ദുരഭിമാനവും പിടിവാശിയും മൂലം എനിക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ ക്രിസ്തുമുഖം, അർപ്പിക്കാനാവാത്ത ബലികൾ ... പിതാവേ ഈ കാസ... അസാധ്യമെങ്കിലും മുറിപ്പെടുവാൻ ... കൃപ തരണം...

പരസ്പരം നൽകുന്ന ബലിയും സ്വീകാര്യതയും കൃതജ്ഞതയും ഓർമ്മയും ...
ആ മുറിപ്പാടുകളില്ലാതെ, മുറിക്കപ്പെടുന്ന അപ്പത്തിൽ കുരിശിൽ ജീവനർപ്പിച്ചവന്റെ ബലിയുടെ ഏറ്റുപറച്ചിലില്ല -- അകറ്റപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം മുറിപ്പാടുകളുടെ ആഴമറിയാം; ഓർമ്മകൾ മരിക്കും മുമ്പേ ബലി ജീവിച്ചു തുടങ്ങട്ടെ.

വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ഈ പെസഹാ ആചരിക്കാം. സ്വീകരിച്ചിട്ടുള്ള നന്മകളുടെയും അർപ്പിക്കപ്പെട്ടിട്ടുള്ള ത്യാഗങ്ങളുടെയും ഓർമ്മയാചരണമാണ് ഈ പെസഹാ. അങ്ങനെ ഒരു ഓർമ്മ പോലുമില്ലാത്തവർ ആരുമുണ്ടാവില്ലല്ലോ. ഈ കാലത്ത് നമ്മുടെ ഓരോ അത്താഴവും ബലികളുടെ ഓർമ്മയാചരണത്തിന്റെ അത്താഴമാവട്ടെ.

മാർച്ച് 27, 2020

ദുരഭിമാനത്തിന്റെ കെണികൾ

സ്വയം തോന്നുന്ന കുറവുകൾ പലപ്പോഴും മറ്റുള്ളവരോട് തുലനം ചെയ്യുവാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.അങ്ങനെയുണ്ടാകുന്ന അപകർഷത അനിയന്ത്രിതമായ ദുരഭിമാനത്തിലേക്ക് നയിച്ചേക്കാം. എന്തൊക്കെയോ ആകാനും, എന്തൊക്കെയോ നേടാനും ഉള്ള വലിയ ആഗ്രഹം ഉള്ളിലെ സമാധാനം തന്നെ നശിപ്പിച്ചേക്കാം. ഏതാനം ഭീതികളോടും അസുരക്ഷിതത്വങ്ങളോടും ചേർത്ത് മറ്റുള്ളവരെ സംശയത്തോടെ നോക്കാനും അവരിൽ നിന്ന് അപായങ്ങളോ പരാജയങ്ങളോ ഭയപ്പെടാനും ഇത് കാരണമാക്കും. ചുരുക്കത്തിൽ, നിസാരമെന്നു തോന്നാമെങ്കിലും കൃപകളെ അന്യമാക്കാവുന്ന ശക്തമായ യാഥാർത്ഥ്യങ്ങളാണ് ഇവ രണ്ടും.

അന്യരുടെ പരാജയങ്ങളിൽ പലപ്പോഴും സന്തുഷ്ടരാകുന്നതിന്റെ  കാരണം അത്തരത്തിലെങ്കിലും അവർ തനിക്ക്  പ്രതിയോഗിയല്ലാതാവുകയാണ് എന്നതുകൊണ്ടാണ്. മറ്റുള്ളവരേക്കാൾ വലിയവരാകണം എന്ന ചിന്ത ഉള്ളപ്പോൾതന്നെ അവരെക്കുറിച്ച് തന്റെ നിലനില്പിനുള്ള ഭീഷണിയുള്ളതുകൊണ്ട് മറ്റുള്ളവരിൽ നിന്നെല്ലാം ഒളിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിച്ചെന്നിരിക്കാം. അങ്ങനെയും ദൈവകൃപയുടെ വഴികളെ തടയുകയാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളാണ് കൃപയുടെ ചാലുകൾ. നിർഭാഗ്യവശാൽ ഇത്തരത്തിൽ ചിലരെങ്കിലും ജീവിതപങ്കാളിയോ മക്കളോ പോലും മത്സരിക്കുന്ന പ്രതിയോഗികളാണെന്ന രീതിയിലാവാം ധാരണ വച്ച് പുലർത്തുന്നത്.

മാർച്ച് 25, 2020

കൃപയുടെ ഒരു വഴി @ കോവിഡ്- 19

1) കോവിഡ്-19 മഹാമാരിക്കെതിരെ നേരിട്ട് സേവനരംഗത്തായിരിക്കുന്ന ഒരാളാണോ?
തീർച്ചയായും നിങ്ങൾ മുഴുവനായും ഈ ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഹൃദയത്തിൽ ഒരു സ്വരം മാത്രം മതിയാകും, "ദൈവമേ എന്നിലുണ്ടാകേണമേ, ഞങ്ങളുടെ കൂടെയുണ്ടാകേണമേ. അങ്ങയുടെ പ്രവൃത്തികൾ ഞങ്ങളിലൂടെ ഭവിക്കട്ടെ."

2) വീട്ടിനുള്ളിൽത്തന്നെ ആയിരിക്കേണ്ട അവസ്ഥയിലാണോ?
ഒരുപാടു സമയം കടന്നുപോകുവാനുണ്ട്.
തനിയെ, അകന്ന്, നിബന്ധനകൾക്കിടയിൽ, വ്യഗ്രചിത്തരായി...
അനുഗ്രഹപൂര്ണമായി ഈ സമയം കടന്നുപോകട്ടെ

a. നന്നായി കാണുക 
വാർത്തകൾ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ ...
രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, മരിക്കുന്നവർ, വിശക്കുന്നവർ, വീടുകളിലേക്കെത്താൻ ഓടിപ്പോകുന്നവർ, അവരുടെ കൈക്കുഞ്ഞുങ്ങൾ, ആരോഗ്യപരിപാലനരംഗത്തുള്ളവർ... ഓർക്കാം
അവരുടെ ഭീതി, വേദന, തളർച്ച, ആശങ്കകൾ മരണം ... ഹൃദയത്തിൽ കണ്ടറിയൂ.

സ്വന്തം ആളുകൾ - അടുത്തുള്ളവരും, അകലെയായിരിക്കുന്നവരും;
ജീവിതപങ്കാളി, മാതാപിതാക്കൾ, മക്കൾ, സുഹൃത്തുക്കൾ ...
തിരിച്ചറിയാതെ പോയ ഒരുപാട് കാര്യങ്ങൾ,
അവരിൽ നിന്ന് ശ്രദ്ധയോടെ വായിച്ചറിയാൻ ഒത്തിരിയുണ്ട്;
അവരുടെ സ്നേഹം, ഇഷ്ടങ്ങൾ, പരാതികൾ, ചിലപ്പോൾ മൗനം പോലും

ലോകത്തെത്തന്നെയും നന്നായി കാണാനുണ്ട്; സമൂഹം, പാവങ്ങൾ, സാമൂഹ്യപ്രവർത്തകർ, പോലീസ്, ഭരണകൂടം, വാർത്താപ്രവർത്തകർ ... 
ശ്രദ്ധയോടെ വായിച്ചറിയുക; പുല്ലുവില നൽകി അവഗണിച്ച ഒട്ടനേകം കരുതലുകൾ

പ്രകൃതിയെ നോക്കിക്കാണുക; സസ്യങ്ങളും, മൃഗങ്ങളും, വായുവും, ജലവും...
പരിശുദ്ധി തള്ളിക്കളഞ്ഞ അവയിലെ രഹസ്യങ്ങളെ വായിച്ചു ധ്യാനിക്കുക

b. ഹൃദയത്തിൽ തൊട്ടറിയുക
കാണാൻ ശ്രമിച്ചതും, ഗ്രഹിച്ചറിഞ്ഞതും ഹൃദയത്തിലേക്ക് കൊണ്ടുവരിക;
അവർ നടക്കുന്ന വഴികളും, അവരുടെ വേദനയും, തിരസ്കരണവും, സംഘർഷങ്ങളും, തളർച്ചയും, ഭീതിയും ..... ഒരു നിമിഷം നമ്മുടെ  ഹൃദയം ഏറ്റെടുക്കട്ടെ.

c. ഹൃദയത്തെ പ്രകടിപ്പിക്കാം 
കണ്ടതും അറിഞ്ഞതും ഹൃദയത്തിൽ തൊട്ടതും വാക്കുകളിലോ, നെടുവീർപ്പുകളിലോ പ്രകടിപ്പിക്കാം, കൈകൂപ്പിയോ, തലകുനിച്ചോ .... ഏതു തരത്തിൽ ആ വികാരങ്ങളെ പ്രകടമാക്കാമോ അത്തരത്തിൽ പ്രകടമാക്കാം 
അവയൊക്കെയും ഉൾകൊണ്ട ഹൃദയത്തിൽ ഈ മന്ത്രണം ഉണ്ടായിരിക്കട്ടെ "എന്റെ ദൈവമേ ... " അത്ര മാത്രം മതി.
ഭക്തിയുടെ സാധാരണ പ്രകടനങ്ങൾ ഒന്നും ഇവിടെ വേണ്ട, പച്ചയായ തിരിച്ചറിവുകൾ പ്രകടിപ്പിക്കാൻ പച്ചയായ ചില ശരീരഭാഷകൾ.
ഇത് നിങ്ങളുടെ ആത്മാർത്ഥമായ നിലവിളിയാണ്;
നിങ്ങൾ തിരിച്ചറിഞ്ഞവർക്കു വേണ്ടിയുള്ള പ്രാർത്ഥന, അവഗണിച്ചു കളഞ്ഞവയെക്കുറിച്ചുള്ള പശ്ചാത്താപം, സ്വീകരിച്ചവയെക്കുറിച്ചുള്ള കൃതജ്ഞത

d. കേൾക്കാം 
നിങ്ങളോടും, നിങ്ങൾ കണ്ടതും അറിഞ്ഞതും നിങ്ങൾ നെടുവീർപ്പുയർത്തിയതുമായ അവസ്ഥകളോടും ദൈവം സംസാരിക്കുന്ന സ്വരം കേൾക്കാൻ ശ്രമിക്കുക. 
ആ സാന്ത്വനവും ആശ്വാസവും അറിയുക, നിങ്ങൾക്കുവേണ്ടിയും ലോകത്തിനുവേണ്ടിയുമുള്ള ദൈവസാന്നിധ്യത്തെ കാണുക; ആശുപത്രികളിൽ, തെരുവുകളിൽ, രോഗികളോടും, മരണപ്പെടുന്നവരോടും കൂടെ, അവരെ ശുശ്രൂഷിക്കുന്നവരോടും ശാസ്ത്രജ്ഞരോടും കൂടെ, പോലീസിനോടും ഭരണകൂടത്തോടും കൂടെ ...
ആ സാന്നിധ്യത്തിൽ ആഴമായ വിശ്വാസം അർപ്പിക്കുക; നിങ്ങളുടെ മാത്രം പ്രതിരോധത്തിനോ സുരക്ഷക്കോവേണ്ടി മാത്രമല്ല, മറിച്ച് മരിക്കുന്നവരോടും രോഗബാധിതരോടും കൂടെയുമുള്ള ദൈവത്തെയും കാണാൻ കഴിയണം.
കാത്തുസുരക്ഷിതരാക്കപ്പെടുക  എന്നതല്ല ദൈവത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മരണക്കിടക്കയിലും ആ ആശ്വാസസാന്നിധ്യം ഉണ്ടായിരിക്കുക എന്നതാണ്.

ഒരു അതിഥിയായും വീട്ടുകാരനായും ദൈവം നമ്മുടെ കൂടെത്തന്നെ അടച്ചിട്ട വീടുകളിൽ ഉണ്ട്. 
ദൈവകൃപയോടെ ഈ ധ്യാനം പരിശീലിക്കാൻ ശ്രമിച്ചു നോക്കൂ; ലളിതമായതുകൊണ്ടുതന്നെ അല്പം ശ്രമകരവുമാണ്
ധൈര്യവും, അതോടൊപ്പംതന്നെ  സഹാനുഭൂതിയും അലിവും കൊണ്ട് ഇത് നമ്മെ  നിറച്ചേക്കും 
പുതിയൊരു പ്രാർത്ഥനാശൈലിയും.

മാർച്ച് 24, 2020

ജെറെമിയ പിന്നീട് നിശബ്ദനായി

ജെറെമിയ പിന്നീട് നിശബ്ദനായി...
ബന്ധിതനായിരുന്ന അയാളുടെ കണ്ണുനീരിന് ചിതറിക്കപ്പെട്ട അവരെ ആശ്വസിപ്പിക്കാനായില്ല..

ദൈവത്തിന്റെ ഒരു ഹൃദയബന്ധത്തിന്റെ ആഗ്രഹത്തെക്കുറിച്ച് അയാൾ പറയുമായിരുന്നു.
ജെറുസലേമിന്റെ പുണ്യതയായിരുന്നു അവർക്കിഷ്ടം.
ദേവാലയവും, അതിവിശുദ്ധസ്ഥലം പുറത്തു പ്രതിഫലിപ്പിച്ച ജനാലക്കണ്ണാടികളും തകർന്നു.
ദൈവത്തിനു അവർ ഭ്രഷ്ടു കല്പിച്ചിരുന്നിടത്തേക്ക് അവർക്കും മുമ്പേ ദൈവം നടന്നു.
ദേവാലയത്തിന്റെ ദിശയിലേക്കു തിരിഞ്ഞുനിൽക്കാൻ ചിലർ പറഞ്ഞു,
ഹൃദയപേശികളിൽ ദൈവസ്വരം ജ്വലിക്കുന്നു എന്ന് അയാൾ വിളിച്ചു പറഞ്ഞു.
അവർ അവനെ ഈജിപ്തിലേക്കുള്ള വഴിയിൽ കല്ലെറിഞ്ഞു കൊന്നു.

വഴിയിൽ അവർ വീണു തുടങ്ങിയപ്പോൾ ദേവാലയത്തിൽനിന്നുള്ള നദിയിലെ ജലമെവിടെ എന്ന് അവർ ഓർത്തു.
അപ്പോഴേക്കും ഹൃദയദേവാലയത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നതായി അവർ കണ്ടു.
ജീവന്റെ അരുവികൾ തടഞ്ഞു നിർത്തിയത് ഏതാനം ബലിപീഠക്കല്ലുകൾത്തന്നെ എന്ന് അവർ തിരിച്ചറിഞ്ഞു.

മാർച്ച് 23, 2020

ഹൃദയത്തിലെ ബലി @ കോവിഡ് -19

വിശ്വാസത്തെയോ പ്രാർത്ഥനയെയോ വിലക്കുന്നതല്ല സമൂഹമായി ഒന്നിച്ചു വരുന്നതിനേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. പുരോഹിതൻ തനിയെ ബലിയർപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല. വൈദികൻ ബലിയർപ്പിക്കുന്നത് തനിക്കുവേണ്ടിയല്ല, താനുമുൾച്ചേർന്നിട്ടുള്ള സമൂഹത്തിനു വേണ്ടിയാണ്. ശാരീരികമായ സാന്നിധ്യം ഇല്ലെങ്കിലും സമൂഹം മുഴുവനുംവേണ്ടി ബലിയർപ്പിക്കപ്പെടുന്നുണ്ട്; വൈദികനിലൂടെ സമൂഹമാണ് ബലിയർപ്പിക്കുന്നതും.

ക്രിസ്തുവിന്റെ ശരീരമായ സമൂഹത്തിലാണ് ക്രിസ്തു ജീവിക്കുന്നത്. ഏകശരീരമായ ആ സമൂഹത്തിന്റെ ദൃശ്യമായ അടയാളമാണ് ഒരുമിച്ചുചേരുന്ന സമൂഹത്തിൽ കാണപ്പെടുന്നത്; പ്രാർത്ഥനയിലായാലും, സേവനങ്ങളിലായാലും. പരിശുദ്ധാത്മാവ് നൽകുന്ന ഐക്യമാണ് ദേവാലയത്തിന് പുറത്തും അകത്തും ആ ശരീരനിർമിതി സാധ്യമാക്കുന്നത്. പ്രത്യേക കാരണം മൂലം സമൂഹമായി ഒത്തുചേരൽ അസാധ്യം ആണെങ്കിലും ഈ ഏകതയും പ്രാർത്ഥനയും തുടരുന്നുണ്ട്.

കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, തിരുവോസ്തിയിലെ സത്യമായ സാന്നിധ്യവും ക്രിസ്തുവിന്റെ മൗതികശരീരമായ സഭാസമൂഹത്തിലും പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധകുർബാനയിലുള്ള ക്രിസ്തുസാന്നിധ്യത്തിന്, കുർബാനയിൽ മാത്രമാണ് ക്രിസ്തുസാന്നിധ്യമെന്ന അർത്ഥം നൽകുന്നില്ല. സമൂഹത്തിലും ഈ സാന്നിധ്യം ജീവിക്കുന്ന യാഥാർത്ഥ്യമാണെന്നതുകൊണ്ട് സമൂഹവും വേറൊരുതരത്തിൽ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ ദിവ്യരക്ഷയുടെ ഒരു കൂദാശയായിത്തന്നെ പ്രവർത്തിക്കുന്നു. വിശ്വാസികളിലും സമൂഹത്തിലും സന്നിഹിതനാണ് ക്രിസ്തു. ഒത്തുചേരലുകൾക്കപ്പുറം ഒരേ ഹൃദയമാകുന്നതിലാണ് ഈ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ അനുഭവവേദ്യമാകുന്നത്.

മനുഷ്യാവതാരത്തിലൂടെ ക്രിസ്തു നൽകിയ ദിവ്യസാന്നിധ്യമാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ കൂദാശയായി നമുക്ക് ലഭിക്കുന്നത്. പരിശുദ്ധ കുർബാനയിൽ 'സത്യമായും സത്താപരമായും' ക്രിസ്തു സന്നിഹിതനാണെന്നതാണ് കത്തോലിക്കാ വിശ്വാസം. ഈ ദൈവശാസ്ത്ര നിർവചനം നല്കപ്പെട്ടിരിക്കുന്നതും ആ സാന്നിധ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുവാനാണ്. തിരുവോസ്തിയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സ്വഭാവം ഏതുതരത്തിലിന്നുള്ളതാണെന്നു പഠിപ്പിക്കുന്നതാണ് പ്രസ്തുത നിർവചനം. 'സത്യമായും' (really and truly) എന്നതുകൊണ്ട്, ആ സാന്നിധ്യം വെറുമൊരു പ്രാതിനിധ്യത്തെ അല്ല മറിച്ച് ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ക്രൂശിത രൂപമോ ചിത്രമോ പ്രാതിനിധ്യം (representation) മാത്രമേ നൽകുന്നുള്ളൂ. അതൊരു പ്രതീകം മാത്രമാണ്. എന്നാൽ, 'സത്താപരം' (substantial) എന്നത്‌, കാഴ്ചയിലും സ്പര്ശനത്തിലും അപ്പമാണെങ്കിലും സത്താപരമായി (സ്വഭാവത്തിൽ) അതിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് കത്തോലിക്കാവിശ്വാസം. ഇത് 'കൂദാശാപരമായ' സാന്നിധ്യമാണെന്നും ഓർക്കേണ്ടതുണ്ട് (reality given in sign). ദൃശ്യമായ അടയാളങ്ങളിൽ അനുഭവവേദ്യമാകുന്ന ദിവ്യസാന്നിധ്യം. കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയും തിരുവോസ്തിയിൽ പ്രതിഫലിക്കുന്നുണ്ട്.

തിരുവോസ്തിയിലുള്ള ക്രിസ്തു ഏതു രോഗത്തെയും നിർവീര്യമാക്കുമെന്നും, ഇനി അങ്ങനെ രോഗം വന്നു മരിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് പറയുന്ന വിശ്വാസം കൂദാശയെക്കുറിച്ചു വേണ്ടവിധം മനസിലാക്കാതെ സ്വന്തം ഭക്തനിഷ്ഠയെ ദൈവശാസ്ത്രമാക്കുകയാണ്. തിരുവോസ്തിയിൽ ആശീർവാദ സമയത്ത് സന്നിഹിതമാവുന്ന ക്രിസ്തു ഇനിമേൽ അനന്ത കാലത്തോളം ആ ഓസ്തിയിൽ ഉണ്ടാവും എന്നതല്ല വിശ്വാസം. തിരുവോസ്തി ഏതെങ്കിലും സാഹചര്യത്തിൽ കേടുവരികയോ അണുബാധയുണ്ടാവുകയോ ചെയ്‌താൽ ആ നിമിഷം മുതൽ അത് ഭക്ഷ്യയോഗ്യമായ അപ്പം അല്ലാതായി തീരുകയും അതുകൊണ്ടുതന്നെ ക്രിസ്തുസാന്നിധ്യത്തെ സംഭവ്യമാക്കുന്ന കൂദാശ അടയാളം ഇല്ലാതാവുകയും ചെയ്യുന്നതുകൊണ്ട് ആ നിമിഷം മുതൽ അതിൽ ക്രിസ്തുസാന്നിധ്യവും ഇല്ല എന്നതാണ് വിശ്വാസം.

ദൈവപ്രവൃത്തിയിലും ക്രിസ്തുസാന്നിധ്യത്തിലുമുള്ള നമ്മുടെ വിശ്വാസം ക്രിസ്തു കൂദാശഅപ്പത്തിൽ ഒതുങ്ങി നിൽക്കുന്നതുപോലുള്ള വിശ്വാസത്തിലേക്ക് നയിക്കരുത്. അങ്ങനെയുള്ള വിശ്വാസമാണ് ക്രിസ്തുവിനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാൻ, അനുഗ്രഹിപ്പിക്കാൻ, സൗഖ്യപ്പെടുത്താൻ ക്രിസ്തുവിനെ വഹിച്ചുകൊണ്ട് നടക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള വിശ്വാസശൈലികളിലേക്കു നമ്മെ നയിക്കുന്നത്. സാങ്കല്പികധാരണകൾ വിശ്വാസത്തിന് വഴിമാറണം. അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനുമായി അവിടുത്തെ കൊണ്ടുനടക്കേണ്ടതില്ല. തിരുവോസ്തിയുമായി ശുശ്രൂഷകനു ചെന്നെത്താൻ കഴിയാത്തിടത്ത് ക്രിസ്തു എത്തിച്ചേരില്ല എന്നും കരുതാനാവില്ലല്ലോ. ഉചിതമായ, വേണ്ട വണക്കത്തോടെയാണ്, തിരുവോസ്തിയിലെ ദിവ്യകാരുണ്യം ആരാധിക്കപ്പെടേണ്ടത്. നമ്മുടെ ഇടയിൽ ക്രിസ്തുവുണ്ട്, നമ്മിലായിരിക്കുന്ന അവനിലൂടെ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നുണ്ട്, ദൈവത്തിന്റെ ജീവിക്കുന്ന കൂദാശയായി.

പരിശുദ്ധകുർബാനയിലെ ക്രിസ്തുസാന്നിധ്യം ആരാധ്യമാണ്, എന്നാൽ ഒരു മന്ത്രികതുല്യമായ പ്രവർത്തനരീതിയല്ല ആ സാന്നിധ്യത്തിലൂടെ സഭാസമൂഹം പ്രതീക്ഷിക്കുന്നത്. ഉദാ: അണുനശീകരണം, യുദ്ധനിവാരണം, രോഗമുക്തി മുതലായവ തിരുവോസ്തി കാണുന്നതിലൂടെ സാധ്യമാകും എന്ന തരത്തിലുള്ള ചിന്ത. പകർച്ചവ്യാധികളുടെ സമയത്ത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ ഒന്നിച്ചു ചേർന്ന ഏതാനം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ, ആ അസുഖങ്ങളുടെ കാരണങ്ങളെക്കുറിച്ചോ പകരുന്ന സാധ്യതകളെക്കുറിച്ചോ സൂക്ഷ്മാണുസ്വഭാവത്തെക്കുറിച്ചോ ധാരണയില്ലാതിരുന്ന ഒരു സമയമായിരുന്നെന്നും മനസിലാക്കേണ്ടതുണ്ട്. അണുവ്യാപനസാധ്യതകളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കുവാൻ നിർദ്ദേശിക്കപ്പെടുന്ന പ്രതിവിധികൾ പാലിക്കുകയെന്നതു തന്നെയാണ് ദൈവവും ആഗ്രഹിക്കുക.

സ്വീകരിക്കേണ്ട പ്രതിവിധികൾ എടുക്കാതെ 'പ്രാർത്ഥിക്കുന്നതും' 'ഭക്തി' പ്രകടിപ്പിക്കുന്നതും ദൈവത്തെ പരിഹസിക്കുന്നതിനും പരീക്ഷിക്കുന്നതിനും തുല്യമാണ്. അതിഭക്തിയും തീവ്രഉത്സാഹവും വിശ്വാസത്തിന്റെ അടയാളങ്ങളല്ല, സ്വന്തം ചില ധാരണകളെ ധാർഷ്ട്യത്തോടെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിരിക്കാം അവ. അത് നേതാക്കളാണെങ്കിൽ അവരുടെ സാഹസം വിശ്വാസികളുടെ ജീവനെ അപകടത്തിലേക്ക് നയിക്കുന്നതാണ്‌. അത്തരം ഉദ്യമങ്ങൾ ഭക്തിക്രിയകളെയും വിശ്വാസത്തെത്തന്നെയും ദൈവമാക്കിത്തീർക്കുന്ന സമീപനമാണ്. അജപാലനശുശ്രൂഷകൾ വിശ്വാസത്തിനു നൽകേണ്ട വിശദീകരണങ്ങളെയും വിശ്വാസപ്രബോധനങ്ങളെയും ബോധപൂർവം നിരാകരിക്കുന്നവരാണവർ. അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസത്തിനു ധീരസാക്ഷ്യമായി അതിനെ ഒരിക്കലും കരുതാനാവില്ല. രക്തസാക്ഷികളെ അനുകരിച്ച് ജീവൻ പണയം വെച്ചും സാഹസികമായ വിശ്വാസം പ്രകടമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്തിക്കൊണ്ടാകരുത് എന്ന് കൂടി ഓർക്കണം. 'വിശ്വാസം' ഉയർത്തിപ്പിടിക്കുന്ന ധൈര്യമാണ് കാണിക്കുന്നതെങ്കിൽ അതിന്റെ പേരിൽ സമൂഹത്തെ മുഴുവനായി വലിച്ചിഴക്കാതിരിക്കാനുള്ള വലിയ ഉത്തരവാദിത്തവും വിശ്വാസിസമൂഹത്തിനുണ്ട്.

സമൂഹം ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കട്ടെ, വിശ്വാസത്തോടെ, ദൈവാശ്രയത്തോടെ, സമൂഹപ്രതിബദ്ധതയിൽ. സൗഖ്യവും ദൈവപ്രവൃത്തികളും മാന്ത്രികശൈലിയിലല്ല പ്രാർത്ഥനകളിലൂടെ കൈവരുന്നത്, മറിച്ച് തികച്ചും സ്വാഭാവികമായ മാർഗങ്ങളിലൂടെത്തന്നെ അത്തരം പ്രവൃത്തികൾക്ക് വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത്. ഒരുപക്ഷെ അഗ്രാഹ്യമായ പ്രക്രിയകൾ അവയിൽ ഉൾച്ചേർന്നിരിക്കാം. വിശ്വാസവും ഭക്തിയും അവയുടെ ശീലങ്ങളും ദൈവതുല്യമല്ല. അങ്ങനെ ആവുകയുമരുത്. പ്രാർത്ഥനകളുടെ മന്ത്രശ്ലോകസ്വഭാവവും ആവർത്തിക്കപ്പെടേണ്ട എണ്ണവും വഴിമാറിയേ മതിയാകൂ. ഇനിയെങ്കിലും പ്രാർത്ഥനയുടെ ഹൃദയഭാഷ സ്വന്തമാക്കേണ്ടത് അനിവാര്യമാണ്. [added on April 09, 2020 from General Audience Pope Francis April 08, 2020: പ്രത്യേകിച്ച് വിശുദ്ധ ആഴ്ചയിലേക്കു മാർപാപ്പ നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്. ഈ വിശുദ്ധ ദിവസങ്ങളിൽ രണ്ടു കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കാം; ക്രൂശിതനെ നോക്കി നിശബ്ദമായി ധ്യാനിക്കാം, വിശ്വാസത്തോടെ സുവിശേഷം വായിക്കാം. ദേവാലയങ്ങളിലേക്കു പോകാനാവാതെ ഈ സമയം, തീർത്തും ഗൃഹാന്തരീക്ഷത്തിൽ, വലിയ ദൈവാനുഗ്രഹങ്ങളുടെ ആരാധനാരീതിയായിത്തീരും."

ദേവാലയവും ശുശ്രൂഷാപൗരോഹിത്യവുമെല്ലാം നമുക്കാവശ്യമാണ്, എന്നാൽ അവയാൽ നിയന്ത്രിതമായിത്തീരുന്നതാകരുത് ക്രിസ്തീയവിശ്വാസം. ശീലിച്ചുപോന്ന വിശ്വാസചര്യകളുടെ ദൗർലഭ്യം നമ്മെ അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്. ദൈവത്തിനു അഭിലഷണീയമായത് എന്താണെന്ന് മനസിലാക്കാനും നമ്മൾ ശീലിക്കേണ്ടതുണ്ട്. മുറിക്കപ്പെട്ട അപ്പത്തിലെ ജീവത്യാഗം, ഇന്ന് ജീവൻ പ്രാപിക്കുന്നത് അനേകരുടെ ദയനീയമായ മുഖങ്ങളെ ഹൃദയത്തിൽ ഉൾക്കൊണ്ട് നമുക്ക് അർപ്പിക്കാൻ കഴിയുന്ന പ്രാർത്ഥനകളിലാണ്; അത് വാക്കുകളിലല്ല, ഉൾക്കാഴ്ചയിലും അവരോടുള്ള ഏകതയിലുമാണ്. ഒറ്റപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന, തള്ളിക്കളയപ്പെടുന്ന, ശുശ്രൂഷകരുടെ നിസ്സഹായാവസ്ഥയെ മനസിലാക്കി നിശ്ശബ്ദതയോടെ മരണത്തിലേക്ക് പോകുന്ന രോഗികളും, മനസ് മരവിച്ചു പോകുന്ന ശുശ്രൂഷകരും, പദ്ധതിയൊരുക്കുന്ന ഭരണാധികാരികളും ജോലി നഷ്ടപ്പെടുന്നവരും, വരുമാനമില്ലാത്തവരും തെരുവിൽ അലഞ്ഞിരുന്നവരും, വാർത്താവിതരണക്കാരും ക്രിസ്തുശരീരത്തിന്റെ കൂദാശാമാനം പ്രതിഫലിപ്പിക്കുന്നവരാണ്. അവരെയും ഹൃദയത്തിലേറ്റി നമ്മുടെ തന്നെയും ഹൃദയവികാരങ്ങളെയും ചേർത്ത് ദൈവത്തിങ്കലേക്ക് ഉയർത്തുകയാണ് "അവന്റെ ഓർമ്മക്കായി" അർപ്പിക്കപ്പെടുന്ന ബലി. അത് ഭക്തിചര്യകൾക്കപ്പുറത്തുള്ള ഒരു ആന്തരികസമീപനമാണ്.

മാർച്ച് 22, 2020

ഹൃദയം തേങ്ങുമ്പോൾ അടുത്തുവേണ്ടത് ...

അകലെയെന്നു തോന്നുന്നെങ്കിലും അടുത്തുതന്നെയുണ്ടെന്ന ഉറപ്പാണ് ദൈവത്തിലാശ്രയിക്കാൻ ഉൾക്കരുത്ത് നൽകുന്നത്.

പാലിച്ചുപോന്നിരുന്ന ഭക്താനുഷ്ഠാനങ്ങളൊന്നുംതന്നെ ഈ വർഷം നമുക്കില്ല. അവയൊക്കെ ചെയ്തു എന്ന സംതൃപ്തിയുമില്ല.  വരൾച്ചയും തളർച്ചയും നിറഞ്ഞ ഒരു പീഡാനുഭവയാത്ര! അത്തരം ശൂന്യതയിൽനിന്നും, രോഗബാധയുണ്ടാക്കുന്ന ആന്തരികവ്യഥകളിൽനിന്നും വലിയ ഒരു തേങ്ങൽ നമുക്കുണ്ട്. അവ കേൾക്കപ്പെടുന്നുണ്ട് എന്ന ബോധ്യമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഏറ്റവും ആത്മാർത്ഥമായ ദൈവാശ്രയത്തിൽനിന്നേ അത് സാധ്യമാകൂ. നമ്മൾ ഒരുങ്ങേണ്ടതും അതിനുവേണ്ടിയാണ്.

ദൈവവുമായുള്ള വ്യക്തിബന്ധവും, ഈ ബന്ധത്തിന് പ്രാധാന്യം നൽകാത്ത ഭക്തക്രിയകളിലുള്ള ആത്മനിർവൃതിയും  തമ്മിലുള്ള ദൂരം, സ്‌നേഹപൂർണമായ ഭാര്യാ-ഭർതൃ ബന്ധവും, നേരിട്ടറിയാത്ത ഒരാളുമായുള്ള facebook സൗഹൃദവും പോലെയാണ്. വ്യക്തിബന്ധം നിലനിൽക്കുന്നതാണ്, എന്നാൽ അതിന്റെ ആഴം പ്രകടിപ്പിക്കാനുള്ള നമ്മുടെ രീതി, ഭാഷ തുടങ്ങിയവ മാറിയേക്കാം. ഒരുമിച്ചു ജോലി ചെയ്യുമ്പോഴോ, പാർക്കിലോ സിനിമയ്‌ക്കോ പോകുമ്പോഴോ ഉള്ള രീതികളല്ലല്ലോ ഒരാൾ രോഗിയായിരിക്കുമ്പോൾ നമ്മൾ തുടരുന്നത്. ശുശ്രൂഷയുടെയും സാമീപ്യത്തിന്റെയും പുതിയ ഭാഷ നമ്മൾ ഉപയോഗിക്കാറില്ല? യൗവനത്തിലെ ശൃംഗാരമാധുര്യം പതിയെ അകന്നേക്കാം, പരസ്പര സാന്നിധ്യം കൂടുതൽ ആഴമുള്ളതാകാം.  ഒരാളുടെ മരണശേഷവും ആ സാന്നിധ്യം ഹൃദയത്തിൽ തുടരുന്നതിനുകാരണം വ്യക്തിബന്ധത്തിന്റെ ആഴങ്ങളാണ്. ഓർമകളുടെ ചിത്രങ്ങളും മറ്റും ആഴങ്ങളുണ്ടാക്കുന്നത് വ്യക്തിബന്ധം ഉണ്ടായിരുന്നാൽ മാത്രമാണ്.

നിഷ്ഠകളുടെ നിർവൃതികളിലുള്ള തുടർച്ചയാണ് Livestream ആവേശങ്ങൾ ഇന്ന് സാധ്യമാക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ, കൂദാശകളും ശുശ്രൂഷകളും Screen ൽ ലഭ്യമാക്കുവാനും, കാണുവാനും പോലുമുള്ള  ഒരു സാധ്യത വരുംനാളുകളിൽ ഇല്ലാതായേക്കാം. ഭീതിയുള്ള മനസിലും, ക്ഷീണമുള്ള ശരീരത്തിലും കുറയുന്ന ഭക്ഷണശേഖരത്തിലും ദൈവസാന്നിധ്യത്തിലെ പ്രത്യാശ കണ്ടുകൊണ്ട് മുന്നോട്ടു പോകുവാൻ നമുക്ക് കഴിയണം. ഇന്ന് അത് ശീലിക്കുന്നില്ലെങ്കിൽ കൂടുതൽ ആപത്കരമായ ഒരു അവസ്ഥ വന്നാൽ അന്ന് ഒരു പക്ഷെ ഹൃദയം സന്നദ്ധമായെന്നിരിക്കില്ല.  അടുത്തുള്ള ദൈവത്തെ ഹൃദയത്തോടെ പുൽകാൻ മനസും ശരീരവും കൃപയ്ക്കുനേരെ തുറന്ന് ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ ഉത്തരം ലഭിക്കാത്തപ്പോഴും "അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു" എന്ന് പറഞ്ഞ ക്രിസ്തുവിനെപ്പോലെ നമുക്കും അവിടുത്തെ സ്നേഹത്തിൽ പ്രത്യാശ  വയ്ക്കാനാകൂ.

രോഗവും മരണവും വേദനയാണ്; കടന്നു പോകുന്നവർക്കും, അത് കണ്ടു നിൽക്കുന്നവർക്കും. രോഗബാധിതരാകുമോ ഒറ്റപ്പെടുമോ എന്നൊക്കെയുള്ള ഭീതി ശുശ്രൂഷിക്കുന്നവർക്കുപോലുമുണ്ട്. മരിക്കുന്നവരുടെ ദയനീയമായ നോട്ടത്തിനു മുമ്പിൽ  നിസഹായരായി നിൽകേണ്ടി വരുന്ന  അവസ്ഥകളും.  പരസ്പരം ബലപ്പെടുത്തുവാനാണ് നമ്മൾ ഒരു സമൂഹമായി പ്രാർത്ഥിക്കുന്നത്. മരണപ്പെട്ടവർക്ക് സമാധാനത്തിൽ ലയിക്കാൻ, രോഗികളായവർക്കു പ്രത്യാശ ലഭിക്കാൻ, കരുതുന്നവർക്ക് കരുത്ത് ലഭിക്കാൻ, മരിക്കുന്നവരെ  അവസാനനിമിഷത്തെ സ്നേഹം നൽകി യാത്രയാക്കാൻ, അകൽച്ചയുടെ അതിർവരമ്പുകൾ മാറ്റിവെച്ച് മനുഷ്യസമൂഹമാകാൻ, പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വലിയ സാന്നിധ്യം നമ്മെ നയിക്കട്ടെ.

കോവിഡ്-19 നു മുമ്പിൽ ഉത്തരമില്ലാതെ നിൽകുമ്പോൾ അതിന്റെ വ്യാപ്തിയിൽ ഒരുപക്ഷേ എന്റെ ജീവനും അവസാനിച്ചേക്കാം. തെറ്റുകളും കുറവുകളും, വിഷമങ്ങളും അറിയുന്ന ദൈവം കൂടെയുണ്ടായിരുന്നത് അത്യസാധാരണപ്രവൃത്തികളിലൂടെയല്ല. എന്നും കൂടെയുള്ള ആ സാന്നിധ്യം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് വിശ്വാസമല്ല, അറിഞ്ഞ കനിവും ധന്യതയുമാണ്. ഇന്നത്തെപ്പോലെ അന്നും ദൈവം മാറോടുചേർത്തുനിർത്തും എന്ന ഉറപ്പാണ് ആ ദിവസത്തേക്ക് കരുതിവയ്‌ക്കേണ്ട പ്രത്യാശ. അതിലേക്കുള്ള ഒരു ആത്മാർത്ഥപ്രയത്നം ഉണ്ടായേ മതിയാകൂ. ഹൃദയം ദുർബലമാകുമ്പോൾ ഹൃദയത്തിനുള്ളിലെ മൃദുസ്വരം കേൾക്കാൻ ഇന്ന് ആ ബന്ധത്തെ അറിയുക എന്നതാണ് പ്രധാനം. ഹൃദയം തേങ്ങുമ്പോൾ  അടുത്തുവേണ്ടത് Livestreaming അല്ല. മതത്തിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും ആനന്ദം ഇനിയുമൊരിക്കൽ നമുക്കാകാം.  എന്നാൽ ജീവിതത്തിന്റെ സാധാരണ അവസ്ഥകളിലുള്ള   അത്തരം സൗകര്യങ്ങളുടെ തനിയാവർത്തനം അല്ല Telecasting ലൂടെയാണെങ്കിലും ഇന്ന് നമ്മുടെ വിശ്വാസജീവിതത്തിന് ആവശ്യം. അസാധാരണമായ അവസ്ഥകളിൽ കൂടുതൽ ആഴങ്ങളാണ് നമുക്ക് വേണ്ടത്. ഇന്ന് കൂടെയുള്ള ദൈവത്തെ അറിയുക എന്നതാണ് പ്രധാനം.

facebook ഉം Youtube ഉം ഇന്റർനെറ്റും ഇല്ലാത്തവർക്ക് ദൈവകൃപയുടെ അനുഭവവേദ്യമായ അടയാളങ്ങൾ അവരുടെ തന്നെ രോഗഗ്രസ്ഥമായ ശരീരവും, കുറെ ഓർമ്മകളും, ഏകാന്തതയിലെ ചിന്തകളുമായിരിക്കാം. ക്രിസ്തു അവയുമായി സംവദിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. എന്നാൽ
നമ്മുടെ ഹൃദയങ്ങൾക്ക് അത്തരം സംഭാഷണങ്ങൾ സാധ്യമാവേണ്ടതുണ്ട് എന്നത് പ്രധാനമാണ്; പ്രത്യാശയോടെ, ക്ഷമയോടെ ...

നമ്മൾ തന്നെയും, ഇന്ന് അടച്ചിടപ്പെട്ട (locked down) അവസ്ഥയിലാണ്. എന്നാൽ മുറിക്കപ്പെടുന്ന (cut off) ഒരു അവസ്ഥ വന്നു ചേർന്നാലോ? Livestreaming ഉം Telecasting ഉം ഒരു ദിവസം അസാധ്യമായി വന്നാൽ ശൂന്യതയിൽ അന്ന് പരിഭ്രാന്തരാവാതിരിക്കേണ്ടതിന്, നമ്മിലെ ഏകാന്തതയോടും ഭയത്തോടും രോഗത്തോടും സ്നേഹത്തോടെ സംവദിക്കുന്ന ദൈവസ്വരം കേൾക്കാൻ കാതുതുറന്നുകൊടുക്കേണ്ട സമയം കൂടിയാണിത്.

എന്തോ അങ്ങനെയാണ്, എന്റെ ഉൾപ്രേരണ.
___________________________
novelCorona Virus ഉണ്ടാക്കുന്ന രോഗബാധയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് മനുഷ്യൻ പ്രാർത്ഥിക്കുകയാണ്.

മനുഷ്യൻ എന്ന വംശം ഉണ്ടാക്കുന്ന ഇടപെടലുകൾ ഞങ്ങളുടെ ജീവിതം അസാധ്യമാക്കുന്നു എന്ന് മനുഷ്യരല്ലാത്ത സകല വംശങ്ങളും ഒരു നൂറ്റാണ്ടോളമായി സൃഷ്ടികർത്താവിന്റെ മുമ്പിൽ നിലവിളിക്കുന്നുണ്ട്. അവരും കേൾക്കപ്പെടണമല്ലോ.

സാധിക്കുമെങ്കിൽ അവയുടെയൊക്കെ അടുത്തുചെന്ന്  ചോദിക്കാം. സൃഷ്ടിജാലങ്ങളേ, മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

വിശുദ്ധരുടെ ഐക്യം അവരിലേക്കും വ്യാപ്യമാണ് എന്നുതന്നെ കരുതണം.

മാർച്ച് 19, 2020

നവമായ കരുണ vs novelCorona

കരുണ
രോഗികളായവരോട്,
വയോധികരോട്, കുഞ്ഞുങ്ങളോട്,
മരണഭീതിയുള്ളവരോട്,
വേതനമില്ലാതെ പട്ടിണിയിലാവുന്നവരോട്,
ഉപേക്ഷിക്കപ്പെടുന്നവരോട്,
അകലം കാക്കുമ്പോഴും കരുതലുണ്ടാകാൻ,
സ്വന്തം ശക്തികളെ മൃദുവാക്കാൻ,
കരുണ

നവമായ കരുണ vs novelCorona

മാർച്ച് 18, 2020

ഞാൻ നിന്നോട് കൂടെയല്ലേ

കൂടാരത്തിലടക്കപ്പെട്ടിരുന്ന ദൈവചിത്രം ഇന്ന് സ്‌ക്രീനുകളിലാണ്‌.

നിഷ്ഠകളുടെ നിർവൃതികളിലുള്ള തുടർച്ചയാണ് ഓരോ കൂടാരത്തിന്റെയും യൂട്യൂബ് ചാനലുകൾ സാധ്യമാക്കുന്നത്. "ഞങ്ങളുടെ പരിപാടികളിൽ പങ്കു ചേർന്ന് അനുഗ്രഹങ്ങൾ ഉറപ്പാക്കുക."

ഞങ്ങൾ വിളമ്പുന്ന ഭക്ഷണമേ നിങ്ങൾ ഭക്ഷിക്കാവൂ എന്ന് അവർ പറയുന്നു. അവൻ വന്ന് നിങ്ങൾ ചുട്ടെടുത്ത നിങ്ങളുടെ വിയർപ്പിന്റെ അപ്പം എടുത്ത് സ്തോത്രം ചെയ്ത് പറയുന്നു, "വാങ്ങി ഭക്ഷിക്കുവിൻ."
_______________________
കേൾക്കാത്ത ഒരു സ്വരം: ഞാൻ നിന്നോട് കൂടെയാണ്.

മാർച്ച് 17, 2020

പുച്ഛം, പരിഹാസം vs ലാവണ്യം @ കോവിഡ്-19

പ്രബുദ്ധത (enlighenment) എന്ന ആശയം മനുഷ്യബുദ്ധിക്കും ശാസ്ത്രപരീക്ഷണങ്ങൾക്കും അപ്രാപ്യമായ ഒന്നുമില്ലെന്ന വലിയ വിശ്വാസവും അവകാശവാദവും പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രമാണ് അവസാനവാക്കെന്നും, ശാസ്ത്രീയരീതി മാത്രമേ ഏതിന്റെയും സാധുത ഉറപ്പു തരികയുള്ളൂ  എന്നും മറ്റുമുള്ള കാഴ്ചപ്പാടുകൾ വളർന്നുവന്നത് അക്കാലത്താണ്. ശാസ്ത്രത്തെ ആ കാലഘട്ടത്തിന്റെ ശൈലിയിൽ ഒതുക്കിനിർത്തുന്നവർ ശാസ്ത്രത്തിന്റെ വക്താക്കളെന്ന നിലയിൽ ഉയർത്തുന്ന വാദങ്ങൾ ഇന്നത്തെ ശാസ്ത്രനിലപാടുകളല്ല.

പുരോഗതിയെ ഉയർത്തിപ്പിടിച്ച ശാസ്ത്രം ഒരുവേള അതിമാനുഷ്യനെയും അമർത്യതയെയും സർവ്വസുലഭതയും സൃഷ്ടിക്കാനാകുമെന്ന് കരുതിയിരുന്നു. ആധുനികത ലക്‌ഷ്യം വെച്ചത് ഒരു പുതുയുഗവും പുതുലോകവും തന്നെയാണ്. കുറവുകളില്ലാത്ത ആ ലോകത്ത്‌ സമാധാനവും സുരക്ഷയും ഉറപ്പാണെന്നും അവർ പറഞ്ഞുവെച്ചു.  രോഗങ്ങളുടെ കാരണം കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞതും, സാങ്കേതികവിദ്യയിലുള്ള പുരോഗതിയും ഇത്തരം ഉദ്യമങ്ങൾക്കു സഹായിച്ചിട്ടുണ്ട്.
എന്നാൽ ചരിത്രം കാണിച്ചു തന്നത് മറ്റൊരു ചിത്രമാണ്. ഗവേഷണങ്ങൾത്തന്നെ സ്വാർത്ഥതാല്പര്യങ്ങൾക്കു വിധേയമായി. ധ്രുവീകരണവും ദേശീയരാഷ്ട്രീയവും പ്രതിരോധരംഗത്തെ മത്സരങ്ങൾക്ക് വഴിവെച്ചു. പ്രകൃതിയെ മുഴുവൻ പരീക്ഷണ വസ്തുക്കളാക്കി. പല ജീവജാലങ്ങളും വംശഹത്യ നേരിടുന്നു. ഒന്നൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിനിയമങ്ങളെ അവഗണിച്ച് പ്രത്യേക വിഭാഗ ഗവേഷണശാലകൾ വളർന്നു.

വന്യതയുടെ സ്വാഭാവിക നിയമം അറിയാതെ പോയത് ശാസ്ത്രം തന്നെയാണ്. ഒന്നൊന്നിനെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും, ക്രമാതീതമായതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്ന ജീവശൃംഖല പ്രകൃതിക്കുണ്ട്. ആ ശൃംഖലയെ തകർത്തുകളഞ്ഞത് പുരോഗതിയുടെ അതിമോഹങ്ങൾ തന്നെയാണ്. വസ്തുനിഷ്ഠമെന്ന് അവകാശപ്പെടുന്ന എത്രയോ ശാസ്ത്രീയഗവേഷണങ്ങൾ ആഗോളസാമ്പത്തിക താൽപര്യങ്ങൾക്കു വിധേയമായി ഗവേഷണനിഗമനങ്ങൾ പുറത്തുവിടുന്നു. ഉദാ: Catastrophism അടിസ്ഥാനപ്പെടുത്തുന്ന പല ശാസ്ത്രഗവേഷണ മാതൃകകളും മനുഷ്യൻ നശിപ്പിച്ച ഭൂമിയെ പരിപാലിക്കുന്നതിനും പകരം പരമാവധി കൊള്ള ചെയ്യുവാനും, കൊള്ളമുതലുമായി ഭൂമിയിൽനിന്ന് രക്ഷപെട്ട് അന്യഗ്രഹങ്ങളിൽ ചേക്കേറുവാൻ മാർഗ്ഗങ്ങൾ അന്വേഷിക്കുവാനും കോടികൾ മുടക്കുന്നുണ്ട്. ഭൂമിയുടെ സൗന്ദര്യമായ ജീവനെ നിലനിർത്തുന്നതിന് പകരം പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ജീവസാധ്യതകളെക്കുറിച്ചാണ് നമുക്ക് വ്യഗ്രത.

പ്രപഞ്ചത്തിന്റെ ചരിത്രഗതികളെ അറിയുവാനുള്ള പഠനങ്ങൾ  നമുക്ക് വേണം, കാരണം അത് നമ്മുടെ തന്നെ ചരിത്രമാണ്. എന്നാൽ പ്രപഞ്ചദർശനമില്ലാത്ത ഗവേഷണങ്ങൾ അർത്ഥശൂന്യമാണ്‌.
ശാസ്ത്രബോധവും, ഗവേഷണപുരോഗതിയും പൊതുനന്മയെ ലക്ഷ്യമാക്കിയാവണം; മനുഷ്യന്റെ സുഖനിർവൃതികൾക്കു മാത്രമല്ല സകലസൃഷ്ടിയുടെയും നന്മക്കായി. പകരം ഇവ കച്ചവടതാല്പര്യങ്ങൾക്കും, പകയ്ക്കും, മേൽക്കോയ്മക്കും വിധേയമാകുമ്പോൾ സ്വന്തം തനിമ നഷ്ടപ്പെടുത്തുകയാണ്.

ജനപ്രിയത ലഭിച്ചത് നിരീശ്വരരായ ശാസ്ത്രജ്ഞന്മാർക്കാണെങ്കിലും ആത്മീയതയിൽ വേരുറച്ചു നിന്ന അനേകം ശാസ്ത്രജ്ഞരുണ്ട് എന്നത് മറന്നു കൂടാ. ചിലർ പരമ്പരാഗത മതവിശ്വാസങ്ങളോട് ചേർന്നുപോയവരായിരുന്നെങ്കിൽ മറ്റു ചിലർ സാഹോദര്യം, കൃതജ്ഞത, മാനവികത തുടങ്ങിയ മൂല്യങ്ങളിലെ ആന്തരിക മതാത്മകതയെ ശാസ്ത്രത്തിനു മാറ്റിനിർത്താനാകാത്ത പാതയായി  കണ്ടവരാണ്. ഭാഷയിൽ പോലും ശാസ്ത്രത്തിന്റെ പരിമിതികൾ കാണുകയാണ് ഇരുപതാം നൂറ്റാണ്ടു മുതലുള്ള ശാസ്ത്രസമീപനങ്ങൾ. എല്ലാം ശാസ്ത്രീയരീതികളും ശാസ്ത്രീയഭാഷയും പിന്തുടരണമെന്നു ശഠിച്ച ശാസ്ത്രം തന്നെ രൂപകാത്മക ഭാഷ ഉപയോഗിക്കുന്നുണ്ട്.

പറഞ്ഞു വന്നത്, ശാസ്ത്രം തന്നെ സ്വന്തം അവകാശവാദങ്ങളെ വിട്ട് മാനവികത, സാഹിത്യം, സൗന്ദര്യകല തുടങ്ങിയ ശാഖകൾക്കു കൂടി പ്രാധാന്യം നൽകി ഗവേഷണങ്ങളെ രൂപപ്പെടുത്തിത്തുടങ്ങി  എന്നത് കാര്യമായെടുക്കേണ്ടത് നമ്മുടെ ശാസ്ത്രബോധത്തെ വേണ്ട ദിശയിലേക്കു തിരിക്കുവാൻ സഹായിച്ചേക്കും എന്നതാണ്.

മതങ്ങളുടെ ഒരു പ്രധാന വിഷയം ദൈവവും ദൈവപ്രീതിയുമാണെങ്കിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മതം നമ്മെക്കൊണ്ട് സ്വയം ചോദിപ്പിക്കുന്ന ചോദ്യമാണ് "മനുഷ്യാ നീ എവിടെയാണ്?" അത് ഒരുപോലെ മതവിശ്വാസിയോടും, ശാസ്ത്രവിശ്വാസിയോടും ആത്മാർത്ഥത തേടുന്ന ചോദ്യമാണ്. മതങ്ങൾ ഉൾക്കൊള്ളുന്ന ആന്തരിക പ്രചോദനങ്ങളും, ശാസ്ത്രത്തിനു ലഭ്യമായ നിഗമനങ്ങളും ജീവമൂല്യങ്ങളെയും മനുഷ്യസംസ്കാരത്തെയും മുമ്പോട്ട് നയിക്കണം. സത്യത്തിന്റെ പൂർണ്ണത അവകാശപ്പെടാൻ രണ്ടിനും കഴിയില്ല.

കാഴ്ചപ്പാടുകൾക്ക് ലാവണ്യം നൽകുവാൻ ശാസ്ത്രത്തിനു മതവും, സ്വയം തിരുത്തുവാൻ മതത്തിന് ശാസ്ത്രവും വേണം. പുച്ഛത്തിന്റെ ഭാഷ ശാസ്ത്രത്തിനോ മതത്തിനോ ചേർന്നതല്ല. അതിൽ പക്വതയോ പോഷണമോ ഇല്ല. സ്വന്തം പരിധി ലംഘിച്ചു  നടത്തുന്ന അവകാശവാദങ്ങളെ വിവേകത്തോടെ ഒഴിവാക്കാനാകണം. അനാവശ്യമായ പരിഹാസങ്ങൾ മാറിയെങ്കിലേ പരസ്പരം നന്മ അറിയാനാകൂ. കച്ചവടതന്ത്രങ്ങൾക്കു വിധേയമാകുന്ന മതവും ശാസ്ത്രവും വഴിവിട്ടു നടക്കുന്ന വഷളത്തമാണ്. അത് ഇരു വിഭാഗത്തെയും പൊതുസമൂഹത്തിനുമുമ്പിൽ അപഹാസ്യമാക്കുന്നുമുണ്ട്. രണ്ടിനും പ്രകൃതിയാണ് മാതൃകാപാഠം. പ്രകൃതിയുടെ ബാലപാഠങ്ങൾ മറന്നുകൊണ്ട് ശാസ്ത്രവും മതവും മനുഷ്യനെ പരസ്പരം നശിപ്പിക്കാൻ വിട്ടുകൊടുക്കുകയേയുള്ളു. ഉദാഹരണങ്ങൾ നമുക്ക് കൺമുമ്പിൽ ലഭ്യമാണ്.

മുകളിൽ പരാമർശിച്ച രൂപകാത്മകഭാഷ മതവും ശാസ്ത്രവും ഉപയോഗിക്കുന്ന ഭാഷാശൈലിയാണ്. കണ്ടെത്തുന്ന, പ്രദീപ്തമാകുന്ന യാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുവാൻ മനുഷ്യന് പരിചിതമായ രൂപകങ്ങളിൽ അവയെ പരിചയപ്പെടുത്തുന്നു. കാലക്രമത്തിൽ അവ മാറ്റത്തിന് വിധേയമാകുന്നുമുണ്ട്. അവ മാറുന്നില്ലെങ്കിൽ, നിത്യത അവകാശപ്പെടുന്നെങ്കിൽ സ്വയം അവ പരിഹാസ്യമായിത്തീരും.

Please see: History and Philosophy of Science
                   Cultural History of Religion

മാർച്ച് 16, 2020

നല്ല അയൽക്കാരൻ @ കോവിഡ്-19

സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് ഇന്ന് കോവിഡ്-19 പ്രതിരോധത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഏകമാർഗം. അകലം പാലിക്കുക എന്നതാണ് കരുതലിന്റെ ഇന്നത്തെ അടയാളം; ഒരു നല്ല അയൽക്കാരന്റെ മനോഭാവം. പൊതുനന്മക്കു വേണ്ടിയുള്ള ഭരണസംവിധാനങ്ങളോട് സഹകരിക്കുക എന്നത് ദൈവനിയമങ്ങളോടു തന്നെയുള്ള വിധേയത്വത്തിന്റെ ഭാഗമാണ്. 

ഒരുമിച്ചു ചേർന്ന് ആരാധിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നു കരുതേണ്ടതില്ല.  ഈ അവസരത്തിൽ എല്ലാവരും ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ചത് കൊണ്ട് വിശ്വാസവും സ്നേഹവും നിങ്ങൾ പ്രകടമാക്കി എന്നതിൽ സന്തോഷിക്കുന്ന ദൈവം ക്രിസ്തുവിൽ പ്രകാശിച്ച ദൈവമുഖത്തിൽ നിന്ന് വ്യത്യസ്തനാണ്. അത്തരത്തിലുള്ള ഒരു സാഹസം സാക്ഷ്യമോ രക്തസാക്ഷിത്വമോ അല്ല.
വിശ്വാസത്യാഗം മൂലമല്ലല്ലോ ആരാധനാലയങ്ങൾ അടക്കുന്നത്, രോഗം പകരുന്നത് ഒഴിവാക്കാനല്ലെ.

ദേവാലയങ്ങൾ അടക്കുമ്പോൾ സാത്താൻ ചിരിക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ ഉണ്ട്. വിശ്വാസം, ഭക്തി എന്നിവയെത്തന്നെ ദൈവതുല്യമാക്കുന്ന ഇത്തരം  മനോഭാവങ്ങൾ അപകടമാണ്. ദേവാലയത്തിലല്ലെങ്കിലും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്ന സമൂഹത്തെ ഇവർ കാണാത്തതെന്തുകൊണ്ടാണ്? മുമ്പോട്ട് നടക്കുവാനും പ്രത്യാശ വയ്ക്കുവാനുമുള്ള ആത്മീയവരമാണ് പരിശുദ്ധാത്മാവ് നൽകുന്ന ധീരത. അത്യുത്സാഹവും, വിവേകരഹിതമായ സാഹസവും സ്വന്തം ആദർശങ്ങളിൽ മാത്രം വേരൂന്നിയതാണ്. അതിന് മറ്റുള്ളവരുടെ ജീവന്റെ കൂടെ വിലയിടുമ്പോൾ അത് പൈശാചികവുമാകുന്നുണ്ട്. എന്നുവെച്ചാൽ വിശ്വാസത്തിന്റെ പേരിൽ നടത്തപ്പെടുന്ന ദുർവ്യാഖ്യാനങ്ങൾ ദൈവികം അല്ലായിരിക്കാനും സാധ്യതയുണ്ട് എന്നർത്ഥം.  കൂദാശയുടെ യഥാർത്ഥ മാനം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്ന സംശയവും ഇത്തരം പ്രചരണങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ആരാധനയും ഭക്തിയും ഒരു ഹൃദയഭാഷയാണ്. എത്രയും വേഗം ആരോഗ്യത്തിലേക്ക് വരുവാൻ, എല്ലാവരുടെയും നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. ഭക്തിയുടെ  പുതിയ പരിഭാഷ പരിശീലിക്കാൻ ശ്രമിക്കാം. ഹൃദയദേവാലയത്തിൽ വസിക്കുന്ന ക്രിസ്തുവിനെ ഏറ്റവും അടുത്ത് അനുഭവിക്കാൻ കണ്ണ് തുറക്കാം. ജീവിക്കുന്ന പരിസ്ഥിതികളിൽ, വീടുകളിൽ നമ്മോടൊത്തു നടന്ന ദൈവത്തെ കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ലെങ്കിൽ, അവിടുത്തെ തിരിച്ചറിയുവാനും, നടക്കുന്ന വഴികളിലൂടെ കൂടെ നടക്കുവാൻ ഒരു അവസരം കൂടിയാണിത്.
_____________________
ആ ദൈവം എവിടെയാണെന്ന് ചോദ്യമുയർന്നേക്കാം. വ്യക്തമായ ഉത്തരമില്ല. എങ്കിലും, രോഗികളുടെ ഇടയിൽ, ആതുരശുശ്രൂഷകരുടെയും മരുന്നുഗവേഷകരുടെയും ഭരണാധികാരികളുടെയും കൂടെ, അവരും കടന്നു പോകുന്ന വികാരങ്ങൾ സ്വന്തമാക്കിത്തന്നെ ക്രിസ്തുവും ഉണ്ട് എന്നതാണ് എന്റെ ധാരണ.


മാർച്ച് 14, 2020

പള്ളികൾ അടഞ്ഞുകിടക്കുന്നു? വിഷമിക്കേണ്ട. ഹൃദയവാതില്കൽ അവനുണ്ട്

ജീവിതത്തെക്കുറിച്ച് അത്ര ഉറപ്പില്ലാത്ത ദിവസങ്ങളിലേക്ക് ഉദിക്കുന്ന പ്രഭാതങ്ങളുണ്ടാകാം. അതുപോലുള്ള ഒരു സാഹചര്യമാണ് ഇന്ന് കോവിഡ് -19 വ്യാപിക്കുന്ന പശ്ചാത്തലത്തിലുള്ളത്. നമുക്കൊരുമിച്ചുചേർന്നു പ്രാർത്ഥിക്കാം, കോവിഡ് -19 മൂലം രോഗികളായവർക്കു വേണ്ടി,രോഗികളുമായി സമ്പർക്കത്തിലായവർക്കുവേണ്ടി, രോഗഭീതിയിൽ കഴിയുന്നവർക്കുവേണ്ടി, ഈ സാഹചര്യത്തിൽ ഏകാന്തവാസം അനുഭവിക്കേണ്ടി വരുന്നവർക്കുവേണ്ടി, പ്രതിരോധസംവിധാനങ്ങളും, മരുന്നുഗവേഷണവും നടത്തുന്നവർക്ക് ആവശ്യമായ ജ്ഞാനം ലഭിക്കേണ്ടതിന് വേണ്ടി, ഭീതിയിലാഴ്ന്നു പോകാതെ ലോകജനത മുഴുവനും ആന്തരികസമാധാനത്തിലായിരിക്കുവാൻ, പ്രശാന്തമായ അന്തരീക്ഷം നിലനിർത്തുവാനായി നമുക്ക് പ്രാർത്ഥിക്കേണ്ടതുണ്ട്.

പൊതുസുരക്ഷയെയും, ആരോഗ്യത്തെയും മുൻനിർത്തിയാണ് ബലികൾക്കായി ഒരുമിച്ചു കൂടുന്നതിൽനിന്ന് സഭാധികാരികൾ ചുരുങ്ങിയകാലത്തേക്ക് മുടക്കം ഏർപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള ചോദ്യങ്ങൾക്കുമിത് കാരണമാകുന്നുണ്ടാകാം, അതുപോലെ തന്നെ വിശുദ്ധകുർബാന സ്വീകരിക്കാൻ കഴിയാതാവുന്നത് ചിലർക്ക് ഹൃദയഭേദകവുമാണ്. അവർ ഞായറാഴ്ചയുടെ 'കടം' എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സഭ തന്നെയാണ് അതിന് ഇളവ് നൽകിയിരിക്കുന്നത്. അസാധ്യമായതു ചെയ്യുവാൻ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നില്ല, നമ്മുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കിക്കൊണ്ട് അവിടുത്തെ ആരാധിക്കുവാൻ അവിടുന്ന് ആവശ്യപ്പെടുന്നുമില്ല. എന്നാൽ, ഞായറാഴ്ച മാത്രമല്ല, നമ്മൾ കടന്നു പോകേണ്ടതായ ഈ വിഷമസന്ധിയിലുടനീളം, പരിശുദ്ധമായിത്തന്നെ കടന്നുപോകുന്നതാവണം. അങ്ങനെ ആത്മീയരീതിയിൽ ക്രിസ്തുവുമായുള്ള സ്നേഹവും ഐക്യവും അനുഭവിക്കാൻ നമുക്ക് കഴിയും. എത്രയോ വിശുദ്ധർ തങ്ങളുടെ ഹൃദയം തുറന്നു കൊണ്ട് ഇങ്ങനെ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ആയിരുന്ന അനുഭവങ്ങൾ ഉണ്ട്. തീർച്ചയായും അത് കൂദാശാപരമായിരുന്നില്ല, തീർത്തും ആത്മീയരീതിയിൽത്തന്നെ.

Spiritual Communion
സാധിക്കുന്നിടത്തോളം ശാന്തമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നുകൊണ്ട് നമ്മെത്തന്നെ ഒരുക്കുന്നതാണ് ഒന്നാമതായി ചെയ്യാനുള്ളത്. അവിടെ, ഭവനങ്ങളിലോ, ആശുപത്രിയിലായിരിക്കുന്നവർ അവരുടെ ഏകാന്തതയിലോ, നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിക്കേണ്ടതിന് നമ്മെ ഒരുക്കിയതിനു ശേഷം നമ്മുടെ വിശ്വാസം ഏറ്റു പറയാം. നമുക്കുണ്ടായിട്ടുള്ള ഭീതിയും ആശങ്കകളും വിഷമങ്ങളും സമർപ്പിച്ചുകൊണ്ട് ഹൃദയത്തിൽനിന്നും "ഞാൻ അങ്ങിൽ വിശ്വസിക്കുന്നു" എന്ന് ഏറ്റുപറയാം. അതേ സമർപ്പണത്തോടെതന്നെ, അവിടുന്ന് നമുക്ക് ജീവൻ പകർന്നു നൽകും എന്ന ഉറച്ച ബോധ്യത്തോടെ നമ്മുടെ സ്നേഹം നമുക്ക് പ്രകടിപ്പിക്കാം. ആ അനുഭവത്തിൽ ഈ സമയത്തു പ്രത്യേകിച്ച് പ്രത്യാശയുടെ അടയാളമാകാൻ എങ്ങനെ എനിക്ക് കഴിയും എന്ന് അവിടുത്തോട്‌ ചോദിക്കാം. ആ വലിയ സ്നേഹത്തോടെ നമുക്ക് നമ്മുടെ ഹൃദയത്തിലേക്ക് അവിടുത്തെ ക്ഷണിക്കാം. അവിടുന്ന് അകത്തു പ്രവേശിക്കട്ടെ. നമ്മുടെ നിസഹായാവസ്ഥയിൽ നമ്മോടൊത്തിരുന്ന് അവൻ അപ്പം പങ്കുവയ്ക്കട്ടെ. പരിശുദ്ധാത്മാവിന്റെ വലിയ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ അവിടുന്ന് നൽകട്ടെ. അവിടുത്തെ സാന്നിധ്യത്താൽ നമ്മുടെ ഹൃദയം നിറയട്ടെ. ഏതാനം നിമിഷങ്ങൾ അവിടുത്തേക്ക്‌ നമുക്ക് നന്ദി പറയാം. അവിടുത്തെ കൃപയുടെ ഉദാരമായ ധാര നമ്മിൽ നിലനിൽകുവാൻ ഫലം ചെയ്യുവാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടുത്തെ സ്നേഹത്തിൽനിന്ന് ഒന്നിനും നമ്മെ അകറ്റുവാൻ കഴിയില്ലല്ലോ! അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും നിസ്സഹായതയുടെയും ഈ സമയത്ത് അവിടുത്തെ സ്നേഹത്തിലായിരിക്കാം.

എങ്ങനെ കുമ്പസാരിക്കും
മാർച്ച് 20, 2020 ദിവ്യബലിമധ്യേ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു, ദൈവത്തിലേക്ക് മടങ്ങുക എന്നാൽ അവിടുത്തെ സ്‌നേഹപൂർണമായ ആലിംഗനത്തിലേക്കു മടങ്ങുക എന്നതാണ്. സ്നേഹിക്കുന്ന നല്ല പിതാവാണ് നിങ്ങളെ വിളിക്കുന്നത്. അവിടുന്ന് പിതാവാണ്, വിധിയാളനല്ല. വാശികൊണ്ടോ, നിരാശകൊണ്ടോ, അപമാനം കൊണ്ടോ. കുറ്റബോധംകൊണ്ടോ ഇന്ന് വരെ അകന്നു നിന്നവരാകാം, പിതാവിന്റെ വിളി കേട്ട് മടങ്ങി വരൂ. 

നിങ്ങളിൽ കൂടുതൽ പേരും ഈസ്റ്റർ നു മുമ്പ് കുമ്പസാരിക്കുന്നത് പതിവാക്കിയവരാണ്.  എന്നാൽ ഈ വർഷം നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം. 'ദൈവസ്നേഹത്തിലേക്കു വീണ്ടും കടന്നു വരുവാൻ, അനുരഞ്ജനത്തിലാകാൻ എനിക്കാഗ്രഹമുണ്ട്, പക്ഷെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും എനിക്കാവുന്നില്ല. വൈദികനില്ലാതെ എങ്ങനെ കുമ്പസാരിക്കാനാകും?'

കുമ്പസാരിക്കാനായി വൈദികന്റെ സാന്നിധ്യം ലഭിക്കുന്നില്ലെങ്കിൽ നേരിട്ട് ദൈവത്തോട് സംസാരിക്കൂ. അവിടുന്ന് നിങ്ങളുടെ പിതാവാണല്ലോ. നിങ്ങളുടെ ഹൃദയം ആത്മാർത്ഥമായി തുറന്നു വയ്ക്കൂ. പലവിധം എനിക്ക് തെറ്റ് വന്നിട്ടുണ്ട്, ക്ഷമിക്കണം. പരിപൂർണ്ണ സ്നേഹത്തോടെ, തികഞ്ഞ ആത്മാർത്ഥതയോടെ അവിടുത്തോടു മാപ്പുചോദിക്കാം. മനസ്താപപ്രകരണം ചൊല്ലി, സാധ്യമാകുന്ന അവസരത്തിൽ കുമ്പസാരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യാം. ദൈവകൃപയിലേക്കു നിങ്ങൾ മടങ്ങിവന്നു കഴിഞ്ഞു. വൈദികൻ അടുത്തില്ലാത്തപ്പോഴും ദൈവത്തിന്റെ കരുണയിലേക്ക് ക്ഷമയിലേക്ക് നമുക്ക് കടന്നു ചെല്ലാം. (Pope Francis March 20, 2020)

നമ്മുടെ ഭവനത്തിൽ വസിക്കുന്ന ദൈവം 
പുറത്തിറങ്ങാനാവാതെ അകത്തിരിക്കുന്ന സമയം കുറേക്കൂടെ നമ്മെത്തന്നെ കാണാനുള്ള സമയമാക്കുവാൻ കഴിഞ്ഞേക്കും. തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ പരസ്പരം കാണപ്പെടാറില്ല. അവരിലെ തളർച്ചകളെയും വിഷമങ്ങളെയും നോക്കിക്കാണുവാനും അത് ഇടം നൽകിയേക്കും. ഇവയൊക്കെയും ഹൃദയത്തിലേറ്റി നല്ല നാഥന്റെ ഏറ്റവും അടുത്തുള്ള സാന്നിധ്യം അറിഞ്ഞു തന്നെ പ്രാർത്ഥിക്കുകയും ചെയ്യാം. എങ്ങനെ പ്രാർത്ഥിക്കണമെന്നും എങ്ങനെ കൂടെ ആയിരിക്കണമെന്നും അവിടുന്ന് പറഞ്ഞു തരും. ഗലീലിക്കരയിലെ സുവിശേഷത്തിന്റെ പുതിയ അദ്ധ്യായം നമുക്കുമുമ്പിൽ അവിടുന്ന് പറഞ്ഞു തരും. അവിടെ അനുരഞ്ജനവും, മാനസാന്തരവും, സൗഖ്യവും തീർച്ചയായും സംഭവിക്കും. വരും നാളുകളിലേക്ക് കരുത്ത് നൽകുന്ന സ്വന്തം ജീവിതസാക്ഷ്യങ്ങൾ.  സകലർക്കും വേണ്ടി പ്രാർത്ഥിക്കാം. വെറുത്തവരെയും, മാറ്റിനിർത്തിയവരെയും, വ്യത്യസ്തരായവരെയും, എല്ലാവരെയും നന്മയോടെ ഓർക്കാം. ഭീതിയുടെ നിമിഷങ്ങളിലും സമാധാനം പിറക്കുന്നത് അങ്ങനെയാണ്.

Courtesy: Fr. Michael Hurley, O.P.  Spiritual Communion and Pastoral Care During COVID-19


മാർച്ച് 12, 2020

സഭയുടെ നിർദ്ദേശങ്ങളിൽ വിശ്വാസരാഹിത്യമുണ്ടോ?

കോവിഡ്-19  ന്റെ സാഹചര്യത്തിൽ വിവിധ മതനേതാക്കളും സഭാകേന്ദ്രങ്ങളും വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാനും, തിരുസ്വരൂപങ്ങൾ സ്പർശിക്കാതിരിക്കാനും, വി.കുർബാന കൈകളിൽ സ്വീകരിക്കാനും രോഗലക്ഷണമുള്ള ആളുകൾ വീടുകളിൽത്തന്നെ ആയിരിക്കുവാനും നിർദേശങ്ങളുണ്ട്. മുൻകരുതലുകൾ എന്നതുപോലെതന്നെ ഇത്തരം നടപടികൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്. അണുബാധക്കുള്ള എല്ലാ സാധ്യതകളെയും ഒഴിവാക്കാനാണ് സ്പര്ശനങ്ങൾ, പ്രത്യേകിച്ച് സ്രവങ്ങൾ സ്പർശിക്കാനുള്ള സാഹചര്യങ്ങൾ, ഒഴിവാക്കുന്നത്.

കുർബാനയിലുള്ള ക്രിസ്തുവിന് അണുക്കളെ നിർവീര്യമാക്കാൻ കഴിയില്ലെ?
ഇവിടെ വിവക്ഷിക്കുന്ന രീതിയിലുള്ള ദൈവപ്രവൃത്തിയല്ല ഏതു ദൈവിക ഇടപെടലിന്റെയും സ്വഭാവം. വി. കുർബാനയെന്ന കൂദാശയിലുള്ള ക്രിസ്തുസാന്നിധ്യവും ഇത്തരത്തിലല്ല വിശ്വാസം കാണുന്നത്. സത്താപരമായി ശരീരരക്തങ്ങളാകുന്ന അപ്പവും വീഞ്ഞും, പദാർത്ഥത്തിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും  ഗുണങ്ങൾ തന്നെയാണ് കാണിക്കുന്നത്. ആസിഡ്, റേഡിയേഷൻ തുടങ്ങിയ അണുനാശകസ്വഭാവങ്ങളൊന്നും അവയ്കില്ല. അങ്ങനെയുണ്ടെങ്കിൽ, അവ അപ്പവും വീഞ്ഞുമല്ല, കൂദാശയാവേണ്ട സാദൃശ്യങ്ങളുമല്ല. ഉൾക്കൊള്ളപ്പെടുന്ന ദിവ്യശരീരരക്തം കൃപാരൂപത്തിലാണ് വ്യക്തിയിൽ പ്രവർത്തിക്കുന്നത്. അതായത്, മനുഷ്യശരീരകോശങ്ങളിലേക്കു കടന്നു ചെല്ലുന്നത് മാംസരക്തങ്ങളായല്ല.  അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണങ്ങളാവും അത് ശരീരത്തിൽ കാണിക്കുന്നത്. മാത്രവുമല്ല, സാദൃശ്യങ്ങൾ അപ്പവും വീഞ്ഞും ആണെന്നിരിക്കെ അവ പ്രകൃതിനിയമങ്ങൾക്ക് വിധേയമാണ്,  അവയിൽ അണുബാധയേൽക്കാൻ സാധ്യതയുമുണ്ട്. അതുകൊണ്ട്, തിരുവസ്തുക്കളിലൂടെ അണുബാധ പടർന്നേക്കാമെന്നത് വിശ്വാസരാഹിത്യമാണെന്നു പറയുന്നതിൽ അടിസ്ഥാനമില്ല.

വിശുദ്ധർക്ക് അത്ഭുതശക്തിയില്ലെ?
വിശുദ്ധരുടെ ശക്തി എന്നതിനേക്കാൾ അവരുടെ മധ്യസ്ഥതയാണ് നമ്മൾ തേടുന്നത്. വിശുദ്ധജലവും, തിരുസ്വരൂപങ്ങളും, തിരുശേഷിപ്പുകളും അവയിൽത്തന്നെ അത്ഭുതപ്രവൃത്തികൾക്കോ,ശക്തമായ ഇടപെടലിനോ കാരണമല്ല. സഭയുടെ ഒരുമിച്ചുള്ള പ്രാർത്ഥനോദ്ദേശ്യമാണ് പ്രത്യേക നിയോഗങ്ങൾക്കും പ്രാർത്ഥനകൾക്കും ഇവയിലൂടെ അനുഗ്രഹങ്ങൾ സാധ്യമാക്കുന്നത്. നമ്മിലെ ഭക്തിയെ ജ്വലിപ്പിക്കാനും, അനുഭവവേദ്യമാകാവുന്ന തരത്തിൽ ഭക്തി പ്രകടിപ്പിക്കാനും അവ മാധ്യമങ്ങളാണ്. ഉദാ: പൂവർപ്പിക്കുന്നതും, തിരി കത്തിക്കുന്നതും അമ്പെടുക്കുന്നതും, വിശുദ്ധരുടെ രൂപങ്ങൾ  സ്പർശിക്കുന്നതും, നേർച്ച വസ്തുക്കൾ ഭക്ഷിക്കുന്നതും 'അവയിലെ ശക്തി' എന്നതുകൊണ്ടല്ല, മറിച്ച് അവ നമ്മുടെ പ്രാത്ഥനകളുടെ അർപ്പണത്തെയും കൃപയുടെ സ്വീകാര്യതയും കൂടുതൽ അനുഭവവേദ്യമാക്കുന്നു എന്നതിനാലാണ്. Ref. CCC 1667 -1679. അവയൊന്നുമില്ലെങ്കിലും വിശുദ്ധരുടെ മധ്യസ്ഥത നമുക്ക് ലഭിക്കുകയും ദൈവാനുഗ്രഹം നമുക്ക് സാധ്യമാവുകയും ചെയ്യുന്നുണ്ട്. സ്പർശം അവിടെ ഒരു അത്യാവശ്യ ഘടകം അല്ല. പ്രത്യേകസാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അതിൽ ഭക്തിക്കുറവോ അനുഗ്രഹങ്ങളുടെ കുറവോ ഇല്ല.

കുർബാന നിർത്തിവെക്കേണ്ടി വരുന്നത് പിശാചിന്റെ ഇടപെടലല്ലെ?
കുർബാന പാടേ നിർത്തിവയ്ക്കപ്പെടുന്ന സാഹചര്യമല്ല ഇന്നുള്ളത്. ദിവ്യബലികൾ അർപ്പിക്കപ്പെടുന്നുണ്ട്, ആളുകൾ ഒരുമിച്ചു വരുന്ന സാഹചര്യം ഒഴിവാക്കണം എന്നതുകൊണ്ടാണ് പൊതുവായുള്ള ദിവ്യബലിയെ ചിലയിടങ്ങളിൽ നിരുത്സാഹപ്പെടുത്തുന്നത്. യുഗാന്ത്യം വരെ നിങ്ങളോടു കൂടെയുണ്ടായിരിക്കും എന്ന് പറഞ്ഞ ക്രിസ്തു നമ്മോടുകൂടെയുണ്ട്. നമ്മിൽ ഓരോരുത്തരിലും, സമൂഹത്തിലും അവിടുന്ന് വസിക്കുന്നുണ്ട്. അവരുടെ നന്മയും സുരക്ഷയുമാണ് സഭയും ക്രിസ്തു തന്നെയും ആഗ്രഹിക്കുന്നത്. ആപത്കരമായ സാധ്യത ഉള്ളപ്പോൾ പൊതുവായ ദിവ്യബലി ഒഴിവാക്കുന്നത് പിശാചിന്റെ പ്രവൃത്തിയയായി കരുതേണ്ടതില്ല. ദുർവ്യാഖ്യാനങ്ങളും ഭീതിയും പടർത്തുവാനും, കഷ്ടതയുടെ സമയത്ത് ഭക്തികളെ അന്ധവിശ്വാസമാക്കിത്തീർക്കാനുള്ള സാധ്യതകളുമാണ് മനുഷ്യന് ചെയ്യാവുന്ന തിന്മപ്രവൃത്തികൾ.

പകർച്ചവ്യാധികളുടെ സമയത്ത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ ഒന്നിച്ചു ചേർന്ന ഏതാനം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ, ആ അസുഖങ്ങളുടെ കാരണങ്ങളെക്കുറിച്ചോ പകരുന്ന സാധ്യതകളെക്കുറിച്ചോ സൂക്ഷ്മാണുസ്വഭാവത്തെക്കുറിച്ചോ  ധാരണയില്ലാതിരുന്ന ഒരു സമയമായിരുന്നെന്നും മനസിലാക്കേണ്ടതുണ്ട്. അണുവ്യാപനസാധ്യതകളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കുവാൻ തന്നെയാണ് ദൈവവും ആഗ്രഹിക്കുക.

അമിതോത്സാഹത്തിലെ അപകടം
ദൈവപ്രവൃത്തികളുടെ സ്വഭാവത്തെ മനസിലാക്കുന്നവർ വിവേകത്തോടെ പ്രവർത്തിക്കുന്നവരാണ്. അത് പക്വമായ ആത്മീയതയുടെ അടയാളമാണ്. അതിഭക്തിയും തീവ്രഉത്സാഹവും വിശ്വാസത്തിന്റെ അടയാളങ്ങളല്ല, സ്വന്തം ചില ധാരണകളെ ധാർഷ്ട്യത്തോടെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിരിക്കാം അവ. അത് നേതാക്കളാണെങ്കിൽ അവരുടെ സാഹസം വിശ്വാസികളുടെ ജീവനെ അപകടത്തിലേക്ക് നയിക്കുന്നതാണ്‌. അത്തരം ഉദ്യമങ്ങൾ ഭക്തിക്രിയകളെയും വിശ്വാസത്തെത്തന്നെയും ദൈവമാക്കിത്തീർക്കുന്ന സമീപനമാണ്. സ്വീകരിക്കേണ്ട പ്രതിവിധികൾ എടുക്കാതെ 'പ്രാർത്ഥിക്കുന്നതും' 'ഭക്തി' പ്രകടിപ്പിക്കുന്നതും ദൈവത്തെ പരിഹസിക്കുന്നതിനും പരീക്ഷിക്കുന്നതിനും തുല്യമാണ്. രക്തസാക്ഷികളെ അനുകരിച്ച് ജീവൻ പണയം വെച്ചും സാഹസികമായ വിശ്വാസം പ്രകടമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്തിക്കൊണ്ടാകരുത് എന്ന് കൂടി ഓർക്കണം. 'വിശ്വാസം' ഉയർത്തിപ്പിടിക്കുന്ന ധൈര്യമാണ് കാണിക്കുന്നതെങ്കിൽ അതിന്റെ പേരിൽ സമൂഹത്തെ മുഴുവനായി വലിച്ചിഴക്കാതിരിക്കാനുള്ള വലിയ ഉത്തരവാദിത്തവും വിശ്വാസിസമൂഹത്തിനുണ്ട്.
കുരിശിന്റെ വഴിയിലെ ഏകാന്തതയും ശൂന്യതയും, കല്ലറയിലെ അർത്ഥമില്ലായ്മയും ഒരു കടന്നു പോകലിന് വഴിനൽകുന്നതാണ്. അത്യുത്സാഹമുള്ള വിശ്വാസം എന്തിനെയൊക്കെയോ വെല്ലുവിളിക്കുന്നുണ്ടാകാം. എന്നാൽ അതൊന്നുമില്ലാതെ വിജനത ശൂന്യത മരുഭൂ തുടങ്ങിയ അവസ്ഥകൾ പൊതുതാല്പര്യാർത്ഥം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തോട് പൊരുത്തപ്പെടുത്താൻ ഹൃദയത്തെ പഠിപ്പിക്കുക എന്ന് കൂടിയാണ്. കാണപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന നേതൃത്വവും അജപാലനവും പോലും  വിജനതയും വരൾച്ചയും ശൂന്യതയും കടന്നു പോകുന്നത് തന്നെയാണ് ഉചിതം. അത്തരം ആന്തരികതയിലൂടെ കടന്നു പോകുന്നതാണ് കുരിശിന്റെ വഴി.
________________________
See also ദിവ്യകാരുണ്യം vs മാന്ത്രികവസ്തു

ദിവ്യകാരുണ്യം ദിവ്യസാന്നിധ്യം

പരിശുദ്ധ കുർബാനയിൽ 'സത്യമായും സത്താപരമായും' ക്രിസ്തു സന്നിഹിതനാണെന്നതാണ് കത്തോലിക്കാ വിശ്വാസം. ഈ ദൈവശാസ്ത്ര നിർവചനം നല്കപ്പെട്ടിരിക്കുന്നതും ആ സാന്നിധ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുവാനാണ്. തിരുവോസ്തിയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സ്വഭാവം ഏതുതരത്തിലിന്നുള്ളതാണെന്നു പഠിപ്പിക്കുന്നതാണ് പ്രസ്തുത നിർവചനം. 'സത്യമായും' (really and truly) എന്നതുകൊണ്ട്,  ആ സാന്നിധ്യം വെറുമൊരു പ്രാതിനിധ്യത്തെ അല്ല മറിച്ച് ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ക്രൂശിത രൂപമോ ചിത്രമോ പ്രാതിനിധ്യം (representation) മാത്രമേ നൽകുന്നുള്ളൂ. അതൊരു പ്രതീകം മാത്രമാണ്. എന്നാൽ, 'സത്താപരം' (substantial) എന്നത്‌, കാഴ്ചയിലും സ്പര്ശനത്തിലും അപ്പമാണെങ്കിലും സത്താപരമായി (സ്വഭാവത്തിൽ) അതിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് കത്തോലിക്കാവിശ്വാസം. ഇത് 'കൂദാശാപരമായ' സാന്നിധ്യമാണെന്നും ഓർക്കേണ്ടതുണ്ട് (reality given in sign). ദൃശ്യമായ അടയാളങ്ങളിൽ അനുഭവവേദ്യമാകുന്ന ദിവ്യസാന്നിധ്യം.  കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയും തിരുവോസ്തിയിൽ പ്രതിഫലിക്കുന്നുണ്ട്.

കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, തിരുവോസ്തിയിലെ സത്യമായ സാന്നിധ്യവും ക്രിസ്തുവിന്റെ മൗതികശരീരമായ സഭാസമൂഹത്തിലും  പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധകുർബാനയിലുള്ള ക്രിസ്തുസാന്നിധ്യത്തെ,  കുർബാനയിൽ മാത്രമാണ് ക്രിസ്തുസാന്നിധ്യമെന്ന അർത്ഥം നൽകുന്നില്ല.  സമൂഹത്തിലും ഈ സാന്നിധ്യം ജീവിക്കുന്ന യാഥാർത്ഥ്യമാണെന്നതുകൊണ്ട് സമൂഹവും  വേറൊരുതരത്തിൽ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ ദിവ്യരക്ഷയുടെ ഒരു കൂദാശയായിത്തന്നെ പ്രവർത്തിക്കുന്നു. വിശ്വാസികളിലും സമൂഹത്തിലും സന്നിഹിതനാണ് ക്രിസ്തു. ഒത്തുചേരലുകൾക്കപ്പുറം ഒരേ ഹൃദയമാകുന്നതിലാണ് ഈ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ അനുഭവവേദ്യമാകുന്നത്.

ദൈവപ്രവൃത്തിയിലും ക്രിസ്തുസാന്നിധ്യത്തിലുമുള്ള വിശ്വാസം ക്രിസ്തു കൂദാശഅപ്പത്തിൽ ഒതുങ്ങി നിൽക്കുന്നതുപോലുള്ള വിശ്വാസത്തിലേക്ക് നയിക്കരുത്. അങ്ങനെയുള്ള വിശ്വാസമാണ് ക്രിസ്തുവിനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാൻ, അനുഗ്രഹിപ്പിക്കാൻ, സൗഖ്യപ്പെടുത്താൻ ക്രിസ്തുവിനെ വഹിച്ചുകൊണ്ട് നടക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള വിശ്വാസശൈലികളിലേക്കു നമ്മെ നയിക്കുന്നത്. സാങ്കല്പികധാരണകൾ വിശ്വാസത്തിന് വഴിമാറണം. അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനുമായി അവിടുത്തെ കൊണ്ടുനടക്കേണ്ടതില്ല. തിരുവോസ്തിയുമായി ശുശ്രൂഷകനു ചെന്നെത്താൻ കഴിയാത്തിടത്ത് ക്രിസ്തു എത്തിച്ചേരില്ല എന്നും കരുതാനാവില്ലല്ലോ. ഉചിതമായ, വേണ്ട വണക്കത്തോടെയാണ്, തിരുവോസ്തിയിലെ  ദിവ്യകാരുണ്യം ആരാധിക്കപ്പെടേണ്ടത്. നമ്മുടെ ഇടയിൽ ക്രിസ്തുവുണ്ട്, നമ്മിലായിരിക്കുന്ന അവനിലൂടെ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നുണ്ട്, ദൈവത്തിന്റെ ജീവിക്കുന്ന കൂദാശയായി.

സമൂഹം ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കട്ടെ, വിശ്വാസത്തോടെ, ദൈവാശ്രയത്തോടെ, സമൂഹപ്രതിബദ്ധതയിൽ. സൗഖ്യവും ദൈവപ്രവൃത്തികളും മന്ത്രികശൈലിയിലല്ല പ്രാർത്ഥനകളിലൂടെ കൈവരുന്നത്, മറിച്ച് തികച്ചും സ്വാഭാവികമായ മാർഗങ്ങളിലൂടെത്തന്നെ അത്തരം പ്രവൃത്തികൾക്ക് വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത്. ഒരുപക്ഷെ അഗ്രാഹ്യമായ പ്രക്രിയകൾ അവയിൽ ഉൾച്ചേർന്നിരിക്കാം. പരിശുദ്ധകുർബാനയിലെ ക്രിസ്തുസാന്നിധ്യം ആരാധ്യമാണ്, എന്നാൽ ഒരു മന്ത്രികതുല്യമായ പ്രവർത്തനരീതിയല്ല ആ സാന്നിധ്യത്തിലൂടെ സഭാസമൂഹം പ്രതീക്ഷിക്കുന്നത്. ഉദാ: അണുനശീകരണം, യുദ്ധനിവാരണം, രോഗമുക്തി മുതലായവ തിരുവോസ്തി കാണുന്നതിലൂടെ സാധ്യമാകും എന്ന തരത്തിലുള്ള ചിന്ത.

______________________

കൂദാശകൾ കൂദാശകളാണ്, ദിവ്യകൃപയുടെ അടയാളങ്ങൾ,
കൂദാശകൾ ദൈവമല്ല;
സ്‌ക്രീനുകളിൽ നൽകപ്പെടുന്ന Livestraming കൂദാശാമാനം ഇല്ല,
അവ virtual രൂപങ്ങളാണ് സ്വാഭാവിക അടയാളങ്ങളല്ല.

മാർച്ച് 10, 2020

മതം, ശാസ്ത്രം @ കോവിഡ്-19

വിശ്വാസത്തിന്റെയോ മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ പരാജയമല്ല കോവിഡ് -19. ദൈവത്തെ മറന്ന ശാസ്ത്രം അഹങ്കരിച്ചപ്പോൾ ദൈവം നൽകുന്ന അടയാളമെന്ന് മതമോ, ഇത്തരം അവസ്ഥകളിൽ ദൈവത്തിന് ഉത്തരമില്ലെന്ന് ശാസ്ത്രമോ പരിഹസിക്കുന്നതിൽ ന്യായമില്ല.

മതം എന്നത് നന്മയുടെ ഹൃദയവികാരങ്ങളുടെ ആകെത്തുകയാണ്. പരസ്പരം ബന്ധപ്പെട്ടു നിൽക്കാൻ പലവിധേന അർത്ഥതലങ്ങൾ നൽകുകയാണ് മതങ്ങൾ. അവയിലെ സങ്കല്പങ്ങളും ധാരണകളും ചിഹ്നങ്ങളും അടയാളങ്ങളുമാണെന്നും അക്ഷരാര്ഥത്തിലല്ല കാണേണ്ടതെന്നും മതത്തിന്റെ തന്നെ ഔദ്യോഗിക മാർഗനിർദേശങ്ങൾ പറഞ്ഞു തരുന്നു. ശാസ്ത്രം എന്നത് തുടർന്നുകൊണ്ടിരിക്കുന്ന അന്വേഷണമാണ്. ശാസ്ത്രത്തിലും അനുമാനങ്ങളും, നിഗമനങ്ങളും രൂപകങ്ങളും ഉണ്ട്.

പരസ്‌പരം പരിഹസിക്കുന്നതിനു കാരണം, സ്വയമോ മറുവശമോ വേണ്ടവിധത്തിൽ അറിയാത്തതുകൊണ്ടാണ്. ശാസ്ത്രം അവകാശമുന്നയിക്കുന്ന അറിവിലെ അപ്രമാദിത്തം യഥാർത്ഥ ശാസ്ത്രീയസമീപനമല്ല. സർവ്വജ്ഞാനവും സർവ്വനിയന്ത്രണവും അവകാശപ്പെടുന്ന ദൈവപ്രവൃത്തികൾ യഥാർത്ഥ മതസമീപനവുമല്ല. വിജ്ഞാനമറിയാത്തവർ ശാസ്ത്രവും, വിശ്വാസമറിയാത്തവർ മതവും പഠിപ്പിക്കുന്നതാണ് പരസ്പരം പരിഹസിക്കാൻ കാരണമാകുന്നത്.

കൊറോണ ഒരു സൂക്ഷ്മജീവിയാണ്. ശത്രുവോ, പിശാചോ പിശാചിന്റെ സൃഷ്ടിയോ, ദൈവത്തിന്റെ ശിക്ഷയോ അല്ല.
_________________________
പണ്ടൊരുകാലത്ത്, വാഹനങ്ങൾ പോലും വിരളമായിരുന്ന സമയത്ത്, ഓണം പോലുള്ള പൊതുആഘോഷങ്ങളൊഴിച്ചാൽ ഏറ്റവും കൂടുതൽ ആള് കൂടിയിരുന്നത് ഐസ് വിൽപ്പനക്കാരൻ വരുമ്പോഴും, സിനിമാനോട്ടീസ് വിതരണം ചെയ്യുന്ന വണ്ടി വരുമ്പോഴും, ചിലപ്പോൾ നാടോടിസർക്കസുകാർ വരുമ്പോഴുമായിരുന്നു. ആളുകളെ ആകർഷിക്കാൻ ചില സരസമായ പ്രയോഗങ്ങളും അവർ ഉപയോഗിക്കാറുണ്ടായിരുന്നു. ആളുകൾക്ക് ഹരം, ആളു കാണുമ്പോൾ ഇവർക്കും ആവേശം.

എന്നുവച്ച്, വീട്ടിലെയും നാട്ടിലെയും മുതിർന്നവർ പറയുന്നതിനേക്കാൾ ഇവരുടെ സരസപ്രയോഗങ്ങളെ വിശ്വസിക്കുന്നത് ഉചിതമല്ലല്ലോ. എന്നാൽ സമാനമായ പരാജയമാണ് ശാസ്ത്രപുരോഗതിയെയും മതവിശ്വാസങ്ങളെയും മനസിലാക്കുന്നതിൽ സമൂഹത്തിന് സംഭവിച്ചത്. മാസ്മരികപ്രഭാവം കൊണ്ടോ പാരമ്പര്യനിഷ്ഠകൾ സൃഷ്ടിക്കുന്ന മൃദുലവികാരങ്ങളെ ഉപയോഗിച്ചോ ആളുകൂട്ടാൻ കഴിയുന്നവർ വിളിച്ചു പറയുന്നതാണ് വിശ്വാസമെന്നു വിശ്വാസികളും, അത്തരം വിശ്വാസങ്ങളാണ് പ്രസ്തുതമതത്തിലെ വിശ്വാസമെന്ന് മറ്റുള്ളവരും ധരിച്ചിട്ടുണ്ട്. അങ്ങനെ വിശ്വാസം, വചനം, പ്രാർത്ഥന, സുവിശേഷപ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് വിചിത്രമായ ധാരണകൾ ഇന്ന് വിശ്വസിയ്ക്കൾക്കിടയിൽ ഉണ്ട്. ശാസ്ത്രത്തിന്റ യുക്തിയെക്കുറിച്ചും അവയുടെ പരിധിക്കു പുറത്തുള്ളവയെക്കുറിച്ച് ഇതുപോലെതന്നെ സമീപനങ്ങളുണ്ടായിട്ടുണ്ട്.

ഭക്തിപാരവശ്യം vs വിവേകം @ കോവിഡ്-19

പ്രാർത്ഥനയിലും, ആരാധനകളിലും, ധ്യാനങ്ങളിലും മറ്റു ആത്മീയകാര്യങ്ങളിലും ഏതു തരത്തിലുള്ള Bannerism ഉം ഒഴിവാക്കുന്നതാണ് നല്ലത്.
പ്രാർത്ഥന എന്നത് ഒരു ചെയ്തിയോ പ്രദര്ശനമോ അല്ല, മറിച്ച്, അതൊരു ബന്ധമാണ്, ആ ബന്ധത്തിൽ അർപ്പിക്കാവുന്ന ഉള്ളിന്റെ ഉറപ്പാണ്, ദൈവാശ്രയത്തിന്റെ ആത്മബോധമാണ് യഥാർത്ഥ പ്രാർത്ഥന.
ആധിയുടെയും വ്യാധിയുടെയും സമയത്ത് പ്രത്യേകിച്ച് ദൈവത്തിന്റെ സമാധാനം നമ്മിലുണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം; നമ്മുടെ വിശ്വാസം വേണ്ടവിധം നയിക്കപ്പെടുവാനും, സാമൂഹികരംഗത്തും വൈദ്യരംഗത്തും വളരെയധികം പ്രയത്നങ്ങൾ നടത്തുന്നവരിൽ വേണ്ട വിശ്വാസമർപ്പിച്ച് അവരോടു സഹകരിക്കുവാനും ഈ സമാധാനം നമുക്കാവശ്യമാണ്. ഇത് ഒരു കൂട്ടായ പ്രയത്നമാണ്, പൊതുസമൂഹത്തിന്റെയും ഗവേഷകരുടെയും.
മതിമറക്കുന്ന ഭക്തിപാരവശ്യം വിശ്വാസത്തിലെ ശരിയായ സമീപനമല്ല, അവ വിപരീതഫലമേ ഉണ്ടാക്കൂ. അവ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുമല്ല. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്ന് നിർദേശങ്ങൾ നല്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ പാലിക്കുന്നതാണ് സമൂഹത്തോടുള്ള ഉത്തരവാദിത്തവും, ദൈവേച്ഛയും. പ്രാർത്ഥന അത്യാവശ്യമാണ്, വലിയ സംഖ്യയിൽ ഒരുമിച്ചു പ്രാര്ഥിക്കുന്നതല്ല പ്രധാനം. പരമ്പരാഗതമായ പ്രാർത്ഥനകളോ, വിശുദ്ധരുടെ മാധ്യസ്ഥം ഉപയോഗിച്ചോ ഒക്കെ പ്രാർത്ഥിക്കാം. എന്നാൽ അവയൊന്നും ഒരു മന്ത്രോച്ചാരണമോ, വ്യാധികൾക്ക് പരിഹാരമാകുന്ന ഫോർമുല ആയോ അല്ല കരുതപ്പെടേണ്ടത്.  

മാർച്ച് 09, 2020

പൊൻനാണയത്തിന്റെ തിളക്കമോ സുവിശേഷത്തിന്റെ പ്രത്യാശയോ


നിങ്ങൾ യഥാർത്ഥ വിശ്വാസിയാണോ? എന്നിട്ടെന്തേ ഒരു ഉയർച്ചയില്ലാത്തത്‌? ഒന്ന് അടിമുടി മാറണം, വചനത്തിൽ വിശ്വസിക്കുക; ഉന്നതിയുടെയും ഉയർച്ചയുടെയും സുവിശേഷം. സമൃദ്ധിയുടെ സൗഖ്യത്തിന്റെ, ആരോഗ്യത്തിന്റെ സുവിശേഷം, വിജയത്തിന്റെ സുവിശേഷം.

ഉന്നതിയുടെ സുവിശേഷത്തിന്റെ അമേരിക്കയിലെ തുടക്കത്തിന് പത്തൊൻപതാം നൂറ്റാണ്ടിൽ Ralph Waldo Emerson, William James തുടങ്ങിയവർ വിഭാവനം ചെയ്ത New Thought ആത്മീയ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നവരുണ്ട്. മനുഷ്യന്റെ ആത്മീയത്വവും, മനസിനും ആത്മാവിനും പദാര്ഥത്തിനും മീതെയുള്ള സ്ഥാനത്തിനും പ്രാധാന്യം നൽകി അവരുടെ ചിന്തകളെ അവർ രൂപപ്പെടുത്തി. മാനസിക ഊർജ്ജം നന്നായി വഴിതിരിച്ചു വിടാൻ കഴിഞ്ഞെങ്കിൽ അവയ്ക്ക് ഭൗതികതലങ്ങളെ സ്വാധീനിക്കുവാനാകും എന്ന പ്രതീക്ഷവയ്ക്കുവാൻ അവർക്കു കഴിഞ്ഞു. New Thought പിന്നീട് Mind cure, Talking cure, Christian Science തുടങ്ങി പല രൂപങ്ങൾ എടുത്തു. New Thought ന്റെ അനുഭാവികൾ എല്ലാവരും ക്രിസ്ത്യാനികൾ പോലും ആയിരുന്നില്ല. എന്നിരുന്നാലും പലതായി പിരിഞ്ഞു കൊണ്ടിരുന്ന ക്രിസ്ത്യൻ വിഭാഗങ്ങൾ New Thought ന്റെ ചിന്തകളിൽ പലതും തങ്ങൾക്ക് വ്യതിരിക്തമായ അടയാളങ്ങളാക്കി തീർക്കുകയും ചെയ്തു.

1980 കളിൽ, ടെലിവിഷൻ സുവിശേഷകരായിരുന്ന Jimmy Swaggart, Jim Bakker, Tammy Bakker തുടങ്ങിയവരാണ് വിശ്വാസത്തിനു ദൈവം നൽകുന്ന പ്രതിഫലവും, ദശാംശത്തിനും മറ്റു സാമ്പത്തിക സംഭാവനകൾക്കും ദൈവം നൽകുന്ന ഭൗതികവും ധനസംബന്ധവുമായ വലിയ അനുഗ്രഹങ്ങളും ഉയർത്തിക്കാണിച്ചു കൊണ്ട് സുവിശേഷപ്രസംഗത്തിന് പുതിയ ഒരു ശൈലി നൽകിയത്. പിന്നീട് Joel Osteen, Joyce Meyer, Paula White, Benny Hinn, Billy Graham, T.D. Jakes തുടങ്ങിയവരും നേതൃനിരയിലുണ്ടായിരുന്നു.

(ഇവരുടെ Show കളിലെ പ്രധാന ആശയങ്ങളെ മനസിലാക്കാൻ കഴിഞ്ഞെങ്കിൽ, നമുക്ക് വിശ്വസ്തരായവരിലൂടെ നമ്മൾ സ്വീകരിച്ചു സ്നേഹിക്കുന്ന നമ്മുടെ വിശ്വാസത്തിലും, കേൾവിയിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സമാനപ്രവണതകളെ തിരിച്ചറിയാൻ കഴിഞ്ഞേക്കും എന്നത് കൊണ്ടാണ് പേരുകൾ ഇവിടെ നൽകിയത്). ജപമാലയും ആരാധനയും സഭാവിധേയത്വവും പുറംമോടി കാണിച്ച്  ഉന്നതിപ്രചാരക വിഭാഗങ്ങളുടെ ആകർഷകമായ ശൈലികളും ചിന്തകളും ഉപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്ന കച്ചവടസുവിശേഷകർ നമുക്കിടയിലുണ്ടെങ്കിൽ അവരെയും തിരിച്ചറിയേണ്ടത് സഭയുടെ നന്മക്കു തന്നെ അനിവാര്യമാണ്. ആത്മീയഭാഷക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ബിസിനസ് പ്രവർത്തനരീതികൾ മനസിലാക്കാതെ പലരും വഞ്ചിക്കപ്പെടുകയാണ്.

ബൈബിൾ കരാർ
ഉന്നതിയുടെ സുവിശേഷം ബൈബിളിനെ ഒരു കരാർ പോലെയാണ് കാണുന്നത്. അതിലെ വാക്കുകളിൽ വിശ്വസിക്കുകയും, വായിക്കുകയും ഏറ്റുപറയുകയും, അവകാശവാദമുന്നയിക്കുകയും ചെയ്യുന്നവർക്ക് സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുനൽകുന്നതാണ് ദൈവവും മനുഷ്യനും തമ്മിലുള്ള ആ കരാർ. പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നാമെങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ സ്വഭാവം മനസ്സിലാക്കിയാൽ ഈ വ്യാഖ്യാനങ്ങൾ തീർത്തും തെറ്റാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. (ബൈബിളിലെ വാക്കുകൾ എന്നത് ബോധപൂർവ്വം ഉപയോഗിച്ചതാണ്. ലാഭസാധ്യതകൾ കണ്ടുകൊണ്ട് 'ഉപയോഗിക്കപ്പെടുന്ന' വാക്കുകൾ വാക്കുകൾ മാത്രമാണ്, അതിൽ വചനസാധ്യതയും, അതുകൊണ്ടു തന്നെ, ജീവസാധ്യതയും ഇല്ല), ഉദാ: നന്മയിലും ഉദാരതയിലും സഹോദര്യത്തിലും ഊന്നൽ കൊടുക്കുന്ന ലൂക്ക 6:35 ലെ (തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നന്മ ചെയ്യുകയും ഉദാരമായി നൽകുകയും ചെയ്യുവിൻ) എന്ന ക്രിസ്തുവചനം അവസരോചിതമായി മാറ്റിവച്ചുകൊണ്ട് നൂറുമേനി പ്രതിഫലത്തിൽ (മർക്കോ 10:30) ബിസിനസ് ശൈലിയിലെ വ്യാഖ്യാനവും ഊന്നലും നൽകപ്പെടുന്നു.

സാമ്പത്തികഭദ്രതയും ആരോഗ്യവും ദൈവത്തിന്റെ പദ്ധതിയാണെന്നും, 1) 'വിശ്വാസവും' 2) 'മതകാര്യ'ങ്ങൾക്കും 'സുവിശേഷവേലക്കും' ആയി (പലപ്പോഴും) ‘ഞങ്ങളുടെ’ പ്രൊജക്റ്റ് കളിലേക്ക് നിങ്ങൾ നൽകുന്ന സംഭാവനകളും ദൈവം അനേക മടങ്ങ്‌ പ്രതിഫലം നൽകുമെന്നും പ്രധാന വിഷയമാണ്. തിരുവചനത്തിന് മന്ത്രമെന്ന രീതിയിലുള്ള ഉപയോഗസാധ്യത നൽകുന്നത് തെറ്റായ പ്രവണതയാണ്.

സമൃദ്ധി-സുവിശേഷത്തിലെ വിശ്വാസം
അബ്രാഹത്തെയും സോളമനെയും മറ്റും സമ്പ ത്ത് അനുഗ്രഹമായി സ്വീകരിച്ചവരുടെ ഉദാഹരണങ്ങളായി ഇവർ എടുത്തുകാട്ടുന്നു. അബ്രാഹവുമായി ദൈവം നൽകിയ ഉടമ്പടി ഭൗതിക വളർച്ചക്ക് ദൈവം നൽകിയ ഉറപ്പാണ് എന്ന് ഉല്പത്തി 12, 15, 17, 22 നിന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങള്ക്ക് സമ്പത്തുണ്ടെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവെന്നും അത് നിങ്ങളുടെ വിശ്വാസത്തെ കാണിക്കുന്നു എന്നും ബോധ്യപ്പെടുത്തുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ കുറവോ, അല്ലെങ്കിൽ തെറ്റായ വിശ്വാസത്തിൽ ആയിരിക്കുന്നതുകൊണ്ടോ പാപങ്ങൾ മൂലമോ ആണ് നിങ്ങളുടെ സമ്പത്ത് വർദ്ധിക്കാത്തത്. അബ്രാഹത്തിന്റെയോ മോശെയുടെയോ ഉടമ്പടി പോലെ നിങ്ങളും ഈ ഉടമ്പടി ഏറ്റെടുക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് നിങ്ങൾ അനുഗ്രഹത്തിന്റെ പാതയിലേക്ക് കടന്നു വരുന്നത്. വിശ്വാസികൾ അവരുടെ ഭാഗം വിശ്വസ്തതയോടെ പാലിക്കുന്നെങ്കിൽ ദൈവത്തിന്റെ വാഗ്ദാനങ്ങളായ സാമ്പത്തിക സുരക്ഷയും അഭിവൃദ്ധിയും അവർക്കു ലഭിക്കും. യേശുവിന്റെ പേര് ഒരു മാന്ത്രിക താക്കോൽ പോലെ അടഞ്ഞതെല്ലാം തുറക്കുകയും അനുഗ്രഹങ്ങളുടെ കലവറ പ്രതിഫലമായി ലഭ്യമാകുകയും ചെയ്യും. (മർക്കോ 16:17-18, മത്താ 25:14-30, 2 കൊറി 9:6 -8). ഇവിടെ കണക്കാക്കപ്പെടുന്ന സാമ്പത്തിക ബന്ധം, വിശ്വസ്തതയുടെ അടയാളമായി എടുത്തു കാണിക്കുന്നത് ‘നിങ്ങൾ നൽകുന്നു’ എന്നതാണ്. ആദ്യഫലങ്ങളോ, ശമ്പളമോ, കച്ചവടലാഭമോ, കാറോ സ്ഥലമോ വാങ്ങുമ്പോഴോ ലോണെടുക്കുമ്പോഴോ എന്തുമാവട്ടെ, അതിൽ ഒരോഹരി (ദശാംശം) ദൈവത്തിന്റേതാണ്.

"ദശാംശം നല്കാത്തവർ ദൈവത്തെ കൊള്ള ചെയ്യുകയാണ്" എന്നത് ഇത്തരക്കാരുടെ പ്രധാന ഉത്ബോധനമാണ്. ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ... ഞാൻ നിങ്ങളെ അനുഗ്രഹിക്കുകയില്ലേ എന്ന് പരീക്ഷിച്ചറിയുവിൻ (മലാ 3:10) എന്നത് ഉദ്ധരിച്ച് Perry Noble നയിക്കുന്ന New Spring Church പോലുള്ള ചില സമൂഹങ്ങൾ, അവരുടെ 90-day tithing challenge ന് money back പോളിസി (റിട്ടേൺ ഓഫർ) പോലും നൽകിയിരുന്നു. പുതിയ ഉത്പന്നങ്ങൾക്കും സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും നൽകപ്പെടുന്ന 'satisfaction guaranteed' ഉറപ്പ്. ദൈവം തന്റെ വാഗ്ദാനം പാലിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സംഭാവനകൾ തിരിച്ചു ചോദിക്കാം. പതിനായിരക്കണക്കിനാളുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഏതാനം ചിലർ ഒരുപക്ഷെ ഈ റിട്ടേൺ ഓഫർന് അവകാശവാദമുന്നയിച്ചാലും ബാക്കി നിക്ഷേപത്തിൽ നിന്ന് ഈ മൂന്നു മാസകാലയളവിൽത്തന്നെ അവർക്കുണ്ടാകുന്ന ലാഭം അനുമാനിക്കാം. കൂടുതലും നൽകിയതൊക്കെയും സങ്കല്പിക്കപ്പെട്ട 'ദൈവരാജ്യവേലകൾക്ക്' പോവുകയാണ് പതിവ്. 'സുവിശേഷവേലക്കായി മാത്രം' എന്ന ഊന്നൽ വിശ്വാസത്തിന്റെ മൃദുല വികാരങ്ങളെ സ്പർശിച്ച് വേറൊരു തരത്തിൽ ഇരട്ടി ലാഭമുണ്ടാക്കുന്നവയാണ്.

ഇത്തരം സമൂഹങ്ങളുടെ പേരുകളിൽ പോലും ഉന്നതിയുടെ സുവിശേഷം പ്രകടമാണ്. വിജയം, സമൃദ്ധി, ജേതാക്കൾ, അധികാരികൾ തുടങ്ങിയ വാക്കുകളോ അഗ്നി, കൃപ, അനുഗ്രഹം, ശേഖരം തുടങ്ങി തത്തുല്യമായ അടയാളങ്ങളാകാൻ കഴിയുന്ന വാക്കുകളോ ആണ് അവരുടെ ശുശ്രൂഷകൾക്കും, സ്ഥാപനങ്ങൾക്കും, പ്രസിദ്ധീകരണങ്ങൾക്കും പരിപാടികൾക്കും നൽകിയിട്ടുള്ളത്.

പ്രധാന ശുശ്രൂഷകന്റെ പേരിലാണ് ശുശ്രൂഷകളും അറിയപ്പെടുക, മാത്രമല്ല ഇവർക്ക് ലഭിക്കുന്ന superstar പദവി മതഭാഷയിൽ പ്രവാചക സ്വരൂപവും ഇവർക്ക് നൽകിയിട്ടുണ്ട്. ഇവരുടെ website, Tele-Shows, Social media pages തുടങ്ങിയവയിൽ പ്രധാനശുശ്രൂഷകനും, അവരുടെ സ്ഥാപനങ്ങളുടെ പ്രോഗ്രാമുകൾക്കും വലിയ പ്രാധാന്യം (Branded Image) നല്കുന്നുണ്ടാകും എന്ന് കാണാം. ഈ ശുശ്രൂഷകൾ കൂടിയതുകൊണ്ടും, ചാനൽ subscribe ചെയ്തു ദൈവത്തെ മഹത്വപ്പെടുത്തിയതിനാലും, ഈ പ്രോഗ്രാമുകൾ കണ്ടതുകാരണവുമാണ് അനുഗ്രഹങ്ങളും സമൃദ്ധിയും സൗഖ്യവും ലഭിച്ചത് എന്നതാണ് അവതരണത്തിലെ പ്രമേയം. Digital സാങ്കേതികവിദ്യകൾ പുതിയ അവസരങ്ങളും നൽകുന്നുണ്ട്, Online booking, registration, payment, contribution എല്ലാം സാധ്യമാണ്. പൂക്കൾ അർപ്പിക്കുന്നതും മെഴുതിരി കത്തിക്കുന്നതും പോലും ഇന്ന് online ചെയ്യാം, പണമടക്കണമെന്ന് മാത്രം. ഉന്നതി ഉണ്ടാകുന്നത് പ്രധാന ശുശ്രൂഷകനാണ് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. 'വിശ്വസിച്ച്' ശുശ്രൂഷ ചെയ്യുന്നവർ അവരുടെ സ്ഥാപനങ്ങളിലോ മറ്റും ജീവനാന്തം ദാസവേല ചെയ്യുകയും ചെയ്യുന്നു.

ഇവരുടെ സ്വയം കേന്ദ്രീകൃതമായ സാക്ഷ്യങ്ങൾ, രോഗികൾ ചികിത്സകളെ അവിശ്വസിക്കാനും വിദ്യാർത്ഥികൾ പഠനത്തിന്റെ ഉത്തരവാദിത്തത്തെ അവഗണിക്കാനും ഉതകുംവിധം ആയിത്തീരുന്നത് ആശങ്കാജനകമാണ്. ജ്ഞാനം 16: 12 ഉപയോഗിച്ച് ദിവസവും ബൈബിൾ വായിക്കുന്നത് രോഗശമനത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുമെന്നാണ് ശരിയായ സമീപനമല്ല. വചനം തുറക്കുന്ന വിശ്വാസം ദൈവത്തിൽ ആശ്രയിക്കാനും ദൈവത്തിന്റെ സാന്നിധ്യത്തിൽ വിശ്വാസമർപ്പിക്കുവാനും നമ്മെ നയിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന് നൽകുന്ന വചനസാന്നിധ്യം ഡോക്ടർ മാറും, ആശുപത്രിജീവനക്കാരും, സൂക്ഷ്‌മാണുശാസ്‌ത്രജ്ഞരും മരുന്നുഗവേഷകരും ഒരുമിച്ചു നടത്തുന്ന പ്രയത്‌നങ്ങളിലുമുണ്ട്. വചനം ജീവിക്കുന്നതും ദൈവം പ്രവർത്തിക്കുന്നതും നമുക്കിടയിലുമാണ്. പഠനത്തിൽ കഠിനപ്രയത്നം നടത്തുന്നതിനെ ബുദ്ധിയിൽ ആശ്യയിക്കുന്നു എന്ന് പറയുന്നത് ഔചിത്യമില്ലായ്മയും, ബൈബിൾ വായിക്കുകയും തങ്ങളുടെ പ്രോഗ്രാമുകൾ കാണുകയും ചെയ്യുന്നത് വിജയം ഉറപ്പിക്കും എന്ന സമീപനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വിശാസത്തിലെ തന്നെ പൊള്ളത്തരമാണ്.

ദാരിദ്ര്യമോ സാമ്പത്തിക പരാധീനതയോ ആത്മീയമായ തിന്മകളുടെ ഫലമാണെന്നും, വിശ്വാസത്തിന്റെ പ്രകടമായ ഏറ്റുപറച്ചിലിലൂടെയേ അവ വിട്ടുമാറൂ എന്നും പഠിപ്പിക്കുന്നവരുണ്ട്. തീർത്തും നിസ്സഹായരായവരുടെ നിസ്സഹായതതന്നെ ചൂഷണം ചെയ്യപ്പെടുന്നത് അവർ വിശ്വസിക്കേണ്ടി വരുന്ന വിധി വാചകങ്ങളിൽ നിന്നാണ്. പാപത്തിനോടൊപ്പം സകല രോഗങ്ങളും അസ്വസ്ഥതകളും ക്രിസ്തു ഏറ്റെടുത്തു നിർവീര്യമാക്കി (ഏശയ്യ 53:5 ഉദ്ധരിച്ചു കൊണ്ട്). എന്നിരുന്നാലും, നിങ്ങൾക്കത് ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടോ, ഏറ്റുപറയാത്ത പാപത്തിന്റെ ശിക്ഷകൊണ്ടോ ചോദിക്കുന്നതിലെ ഔചിത്യക്കുറവുകൊണ്ടോ ആകാം എന്നതാണ് വ്യാഖ്യാനം.

കരാറിന്റെ നിയമപരമായ അവകാശമാണ് ദൈവം നൽകേണ്ട വിജയം. കരാറിലുള്ള പരിപൂർണ അർപ്പണം കൂടിയേ തീരൂ. വിശ്വസ്തതയോടെ സംഭാവനകൾ നൽകുക, ഉപവസിക്കുക, യേശുവിന്റെ നാമമുപയോഗിച്ച് അവകാശവാദമുന്നയിക്കുക തുടങ്ങിയവയാണ് കരാറിന്റെ പാലന രീതി. സമൃദ്ധിയുടെ സുവിശേഷപ്രകാരം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തളർച്ചകൾക്ക് പാപങ്ങളുടെയും തിൻമയുടെ ശക്തിയുടെയും സ്വാധീനം ആയതുകൊണ്ട്, ഉന്നതിയും വിജയവും സാമ്പത്തിക ലാഭവും ലഭിക്കുവാൻ പൂർവികരുടെ പാപങ്ങളിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നും ബാധിച്ചിരിക്കാവുന്ന ശാപങ്ങളിൽ നിന്നും രക്ഷ പ്രാപിക്കേണ്ടതുണ്ട്. വിശുദ്ധ വസ്തുക്കളുടെയും പ്രത്യേക പ്രാർത്ഥനയുടെയും ആജ്ഞാപന വാക്കുകളുടെയും ഉപയോഗം സാധാരണമാണ്. ജലം, എണ്ണ, ഭക്ഷണ സാധനങ്ങൾ (ലേപനത്തിനും ഉള്ളിലെടുക്കാനും), തൂവാല, വസ്ത്രഭാഗങ്ങൾ (സ്പർശിക്കാനോ, വീശാനൊ) തുടങ്ങിയവ വില്പനക്ക് ലഭ്യവുമാണ് (അവരുടെ സെന്റർ കളിൽ നിന്ന് തന്നെ വാങ്ങണമെന്നതും പ്രധാനം). പിശാചിന്റെ സ്വാധീനം എല്ലാറ്റിലും പറഞ്ഞു ധരിപ്പിച്ച് അവയെ നീക്കുവാനായി പ്രത്യേക 'ശുശ്രൂഷകൾ' ചെയ്തു ലാഭമുണ്ടാക്കുന്നവരും ഉണ്ട്.

ഉന്നതിയുടെ സുവിശേഷകർക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനവും കാണപ്പെടേണ്ടതാണ്. അധികാരികളുടെ സ്തുതിപാഠകരും, ചിലപ്പോഴെങ്കിലും അധികാരിസൃഷ്ടാക്കളുമാണവർ. അതുകൊണ്ട് അധികാരങ്ങൾ ദൈവം നല്കിയതാണെന്ന പ്രബോധനം ശക്തമായിത്തന്നെ ഇവരുടെ ശുശ്രൂഷകളിൽ ഉണ്ട്. മതത്തിനും വിശ്വാസത്തിനുമപ്പുറം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രേരകഘടകങ്ങളാണ് അവയ്ക്കു പിറകിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ തന്നെ മറ്റൊരു ഭാഷയാണ് അവസാന നാളുകളുടെ രാഷ്ട്രീയം. പുതുയുഗം ബൈബിളിന്റെ ഉദ്ധരിണികളോടെ പ്രസംഗിക്കുന്നവർ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് ഒരു ഭരണമാറ്റമാണെന്നത് സത്യം.

സാധ്യമായേക്കാവുന്ന ഒരു താരതമ്യനിരീക്ഷണമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ക്രിസ്തുവിന്റെ സുവിശേഷമെന്ന നിലയിൽ, പരിശുദ്ധാത്മ പ്രവർത്തനമെന്ന നിലയിൽ അനേകർ സമൃദ്ധിയുടെ പ്രചാരങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആത്മീയതയുടെയും വിശ്വാസത്തിന്റെയും മതത്തിന്റെയും മനോഹരമായ ഭാഷയിലാകുമ്പോൾ ചൂഷണ ഘടകങ്ങൾ തിരിച്ചറിയപ്പെടണമെന്നില്ല. ആർക്കെങ്കിലും അതാണ് ലാഭം എന്ന് ബോധ്യമുണ്ടെങ്കിൽ അത് വിശ്വസിക്കാം. ജപമാല, സഭാവിധേയത്വം, ആരാധന എന്നിവയുടെ അലങ്കാരങ്ങൾ അണിയിച്ച് പ്രചരിപ്പിക്കപ്പെടുന്ന കച്ചവടസുവിശേഷത്തിൽ തീർത്തും ശുശ്രൂഷകൻ തന്നെയാണ് ദൈവം. അവരുമായാണ് വിശ്വാസികൾ ഉടമ്പടി ചെയ്യുന്നത്, അവരെയാണ് വിശ്വാസികൾ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത്. ഫലത്തിൽ അവർ വിളിക്കുന്ന ക്രിസ്തുവും അറിയാതെയാണെങ്കിലും ശുശ്രൂഷകൻ തന്നെയാണ്. ബൈബിളിലെ പ്രചോദിത ഘടകങ്ങളെ തിരിച്ചറിയേണ്ടത് എങ്ങനെ എന്ന് അവർ പറയാറില്ല. അപ്പോൾ അവർ പറയുന്നതാണ് വചനവും അതിന്റെ അർത്ഥവും. ദൈവവചനത്തിനും ദൈവിക വെളിപാടുകൾക്കും, ഉടമ്പടികൾക്കും അതിന്റേതായ സ്വഭാവങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അവയെ കാര്യമായെടുക്കാത്ത വചനവ്യാഖ്യാനം അവസരോചിതം മാത്രമാണ്. തന്നെയുമല്ല വ്യാഖ്യാതാവിന് കാര്യലാഭമുണ്ടാക്കുകയും ചെയ്യും. ചുരുക്കത്തിൽ സുവിശേഷ മൂല്യങ്ങളെക്കാൾ business, advertisement, marketing തന്ത്രങ്ങൾ ഇവിടെ കാണുവാൻ കഴിയും; ബൈബിൾ വാക്യങ്ങളുടെ പിൻബലം നൽകിയും ആത്മീയഭാഷ നൽകിയും വിശ്വാസികൾക്ക് ആകർഷകമായ പാക്കിങ് നൽകിയിരിക്കുന്നു എന്ന് മാത്രം.

ധ്യാനങ്ങളും തീർത്ഥാടന ടൂറിസവും Holiday Package ന്റെ ഭാഗമാകുമ്പോൾ, ധ്യാനങ്ങൾ പങ്കെടുക്കേണ്ട ഒരു പ്രോഗ്രാം ആയി മാറുന്നുണ്ട്. ഒരു നല്ല തുക സംഭാവനയും നല്കിക്കഴിയുമ്പോൾ എന്റെ കരാർവ്യവസ്ഥ പാലിക്കപ്പെട്ടു കഴിഞ്ഞു. ആളുകളുടെ താല്പര്യങ്ങളെ അറിഞ്ഞ് തയ്യാറാക്കുന്ന ഉത്പന്നങ്ങളും ടെലിസീരിയൽസും Reality Shows ഉം പോലെത്തന്നെ രുചിയറിഞ്ഞ് വിപണനം ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെ ധ്യാനങ്ങളും വന്നു ചേർന്നു എന്ന് പറയാം. കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യകാലങ്ങളിൽ അതിനു വേണ്ടിയിരുന്ന ദൈവശാസ്ത്രഅടിത്തറക്കു വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നവർ അന്ന് ചൂണ്ടിക്കാണിക്കുകയും വിയോജിക്കുകയും ചെയ്തിരുന്ന പ്രവണതകളാണ് ഇന്ന് pseudo-charismatic ശുശ്രൂഷകർ എടുത്തുപയോഗിക്കുന്നത്.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലോ ദൈവം നൽകുന്ന കരുതലിനോ സൗഖ്യത്തിനോ സംശയം വേണ്ട. എന്നാൽ നിബന്ധനകളുടെയോ പണത്തിന്റെയോ പുറത്തല്ല അത്. നമ്മുടെ ത്യാഗങ്ങളും കഷ്ടതകളും അറിയുന്നവനാണ് ദൈവം. അവിടുന്ന് നമുക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യുന്നു (യാഹ്‌വെ യിരേ ഉല്പ 22:14). അത് കഷ്ടതകൾക്കുള്ള പ്രതിഫലമായല്ല, അവിടുത്തെ നന്മയിൽ നിന്നാണ്. അതേ നന്മയിൽ നിന്ന് തന്നെയാണ് ദൈവം സൗഖ്യവും (യാഹ്‌വെ റാഫേക പുറ 15:25-26), വിജയവും (യാഹ്‌വെ നിസ്സി പുറ 17:15) നൽകുന്നതും.
________________________________
Related articles: ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...
                               കല്ലെടുക്കുന്ന തുമ്പിയും വിശ്വാസികളും 
                              
                              അകക്കാമ്പ്
സാധിക്കുമെങ്കിൽ തുടർവായന ആകാം:
Todd M. Brenneman. Homespun Gospel: The Triumph of Sentimentality in Contemporary American                 Evangelicalism Oxford University Press (2013).
 Matthew Avery Sutton. American Apocalypse: A History of Modern Evangelicalism Belknap Press                   (2014)
 Axel R. Schäfer. Countercultural Conservatives_ American Evangelicalism from the Postwar                           Revival to the New Christian Right University of Wisconsin Press (2011).
 Noll, Mark A. The Rise of Evangelicalism: The Age of Edwards, Whitefield and the Wesleys                               InterVarsity Press (2015)
 Judith Butler, Jürgen Habermas, Charles Taylor, Cornel West. The Power of Religion in the Public                     Sphere Columbia University Press (2011)
 Eric O. Hanson. Religion and Politics in the International System Today Cambridge University                         Press  (2006)
 Jonathan Fox. An Introduction To Religion And politics: Theory and Practice Routledge (2018).
 Chris Lehmann. The Money Cult: Capitalism, Christianity, and the Unmaking of the American                          Dream Melville House (2016)
 Carlo Aldrovandi. Apocalyptic Movements in Contemporary Politics: Christian and Jewish Zionism                  Palgrave Macmillan UK (2014).
 Amanda Porterfield, Darren Grem, John Corrigan. The Business Turn in American Religious History                 Oxford University Press (2017)
 Eugene McCarraher. The Enchantments of Mammon: How Capitalism Became the Religion of                          Modernity Belknap Press (2019)
 Robert D. Putnam, David E. Campbell, Shaylyn Romney Garrett. American Grace: How Religion                    Divides and Unites Us Simon and Schuster (2010)
 Arthur H. Williamson. Apocalypse then: Prophecy and the making of the modern world Praeger                     (2008)
 Martha Himmelfarb. The Apocalypse: A Brief History Wiley-Blackwell (2010)
 Adam Parfrey, Boyd Rice. Apocalypse Culture Amok Press (1987)
 Kate Bowler. Blessed: A History of the American Prosperity Gospel Oxford University Press (2013)