Gentle Dew Drop

ജൂൺ 19, 2020

അകക്കാമ്പ്

ഇല്ലാത്ത വിശുദ്ധിയുടെ വിശുദ്ധ പരിവേഷങ്ങൾ ഫലത്തിൽ അശുദ്ധമാണ്. ദൈവാനുഭവത്തിലേക്കും ആന്തരിക വിശുദ്ധിയിലേക്കുമാണ് ഓരോ വിശ്വാസിയും ആഗ്രഹിച്ചടുക്കുന്നത്. എന്നാൽ വിശ്വസനീയമായി കരുതപ്പെടുന്നവ ശിഥിലതയാണ് സൃഷ്ടിക്കുന്നതെങ്കിലോ?

കെട്ടുകഥകളിലെ കാര്യകാരണവിശദീകരണങ്ങൾ വെളിപാടുകളായി ഇന്ന് അവതരിപ്പിക്കുമ്പോൾ, ഒരിക്കൽ അന്ധവിശ്വാസങ്ങളായി കരുതപ്പെട്ടിരുന്നവ മാമോദീസ നൽകപ്പെട്ട് വിശ്വാസത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്. അത്തരം മാന്ത്രികത അതിൽ എത്രമാത്രം 'ക്രിസ്തീയ' പുറംമോടികൾ ഉണ്ടെങ്കിലും നമ്മെ സ്വാതന്ത്രമാക്കുന്നതിനു പകരം കൂടുതൽ ബന്ധിക്കുകയേയുള്ളു. അനാവശ്യമായ ഭീതിയും, ദൈവത്തെയും മനുഷ്യനെയും കുറിച്ച് വിചിത്രമായ ധാരണകളും ഇവ വിശ്വാസികൾക്കിടയിൽ സൃഷ്ടിക്കുന്നുണ്ട്.

ജനപ്രിയരായ പ്രഘോഷകരിൽ ചിലരെങ്കിലും അകത്തോലിക്കരായ പ്രശസ്തപ്രസംഗകരുടെ പുസ്തകങ്ങളും വീഡിയോകളും  സൈറ്റ് കളും ബൈബിൾ വ്യാഖ്യാനത്തിനും പ്രസംഗങ്ങളുടെ ആശയങ്ങൾക്കും ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. (പരസ്പരം ചേർത്ത് താരതമ്യം ചെയ്യുന്നതിൽ നിന്ന് വ്യക്തമാവുന്നതാണ്). അത് അവ അകത്തോലികമായതുകൊണ്ടല്ല, നല്ല ദൈവശാസ്ത്രവും ആത്മീയതയും അവർക്കുമുണ്ട്. എന്നാൽ അവരിൽ പലരും ഉന്നതിയുടെ സുവിശഷകരും, രാഷ്ട്രീയതാല്പര്യങ്ങൾ ഉൾപ്പെടുത്തി വിശ്വാസമെന്ന പേരിൽ ധ്രുവീകരണം നടത്തുന്നവരും, അതേ തരംഗത്തിൽ അന്ത്യകാലപ്രവചനങ്ങൾ ഉൾപ്പെടുത്തുന്നവരുമാണ്. അവയിൽത്തന്നെ ചൂഷണസാധ്യതകൾ ഒളിഞ്ഞുകിടക്കുന്നുമുണ്ട്. വിശ്വാസികളുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന സമീപനങ്ങൾ ഏതായാലും പരിശുദ്ധാത്മാവിൽനിന്നാവില്ല. വൈകാരികഭാവങ്ങളെ ഉണർത്തുന്ന അത്തരം നിലപാടുകൾ നമ്മുടെ ഇടയിൽ ജനപ്രിയത നേടിക്കഴിഞ്ഞു എന്നതും അവയെ വളരെ ശക്തമായി നമ്മുടെ ജനപ്രിയ പ്രഘോഷകർ ഉപയോഗിക്കുന്നു എന്നതും സംശയമില്ലാത്തതാണ്. ചിലപ്പോഴെങ്കിലും, അവരുടെ ആശയങ്ങൾ മാത്രമല്ല അവരുടെ ശരീരഭാഷ പോലും അനുകരിക്കപ്പെടുന്നത് തീർത്തും നിർഭാഗ്യകരമാണ്. ചില കേന്ദ്രങ്ങൾ Youtube വീട്ടുനുറുങ്ങുകൾ വീഡിയോ പോലെയാണ് വിശ്വാസത്തെയും പ്രാർത്ഥനയെയും അവതരിപ്പിക്കുന്നത്. കുറുക്കുവഴി തേടുന്നവരും, അവരെ സൂത്രവിദ്യകൾകൊണ്ട് തൃപ്തരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ക്രിസ്തുവിന്റെ സുവിശേഷം നൽകുന്ന സ്വാതന്ത്ര്യമല്ല വിളംബരം ചെയ്യുന്നത്.

നമ്മുടെ വിശ്വാസത്തെ പഠിക്കാനോ  ധ്യാനിക്കാനോ, അവയുടെ കാലികപ്രസക്തിയെ വിശ്വാസികൾക്ക് കാണിച്ചു കൊടുക്കുവാനോ ഇവരുടെ പ്രസംഗങ്ങൾക്കാവുന്നില്ല. ഓരോ ചാക്രികലേഖനവും അപ്പസ്തോലിക പ്രബോധനവും വിശ്വാസത്തെ  സംബന്ധിച്ച് മാത്രമല്ല, കാലത്തിനനുസരിച്ചുള്ള സാമൂഹികപ്രതിബദ്ധത കൂടി കാണിച്ചു തരുന്നുണ്ട്. അവയെ പരിചയപ്പെടാനും  ഉചിതമായ രീതിയിൽ സ്വന്തം ബോധ്യങ്ങളാക്കുവാനും സമൂഹത്തെ സഹായിക്കുകയോ ചെയ്യുന്നില്ല എന്നത് ജനപ്രിയപ്രവാചകരുടെ പരാജയം മാത്രമല്ല വിശ്വാസിസമൂഹത്തോടുള്ള അനീതി കൂടിയാണ്. പകരം ധ്രുവീകരണ സ്വഭാവമുള്ള ആശയങ്ങൾ പകർന്നു നൽകി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. സഭയുടെ കാഴ്ചപ്പാടുകൾ നമുക്ക് ബോധ്യങ്ങളായിരുന്നെങ്കിൽ 'സമുദായ' നിർമ്മിതിക്കും സംരക്ഷണത്തിനും നമ്മൾ തുനിയില്ലായിരുന്നു, വേർതിരിവുകളിൽ അഭിമാനിക്കുന്നതിൽ നിന്നും ക്രിസ്തീയ സ്നേഹം നമ്മെ പിന്തിരിപ്പിക്കുമായിരുന്നു, മറ്റുള്ളവരെയും അവരുടെ വിശ്വാസങ്ങളെയും  പുച്ഛത്തോടെയും വിധിയോടെയും സമീപിക്കില്ലായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മുതലെങ്കിലും ഉള്ള എത്രയോ മാർഗരേഖകൾ ആധുനിക കാലത്തെ സഭയെക്കുറിച്ചും, സമൂഹങ്ങളുടെപരസ്പരബന്ധത്തെക്കുറിച്ചും, സാമൂഹികപ്രതിബദ്ധതയെക്കുറിക്കും പ്രാവർത്തികമാക്കേണ്ട നീതിയെക്കുറിച്ചും വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അവയിൽത്തന്നെ അവസാനവാക്കല്ലെങ്കിലും, ഓരോ കാലഘട്ടതിലേക്കും അവ വിശ്വാസയാത്രയിൽ പ്രചോദനങ്ങളാണ്. അവ സഭയുടെ വാക്കുകളാണ്. അവ ഇനിയും നമ്മുടെ വിശ്വാസത്തിന്റെയോ ആത്മീയതയുടെയോ സാന്മാര്ഗികതയുടെയോ ഭാഗമായിട്ടില്ല. പകരം വൈകാരികമായി ആളുകളെ നിയന്ത്രിക്കാവുന്ന ബൈബിൾ വ്യാഖ്യാന ശൈലിയാണ് അറിഞ്ഞോ അറിയാതെയോ പ്രബലമാകുന്നത്. വിശ്വാസപ്രബോധനം എന്നത് ജനപ്രിയരായ  ചിലരുടെ പ്രസംഗങ്ങളിലേക്ക് ചുരുങ്ങിപ്പോയി എന്നതാണ് സത്യം.

പക്ഷേ എന്തുകൊണ്ടാണ്, വിശ്വാസത്തിന്റെ നിധികൾ നമുക്കുണ്ടായിട്ടും താത്കാലിക ലാഭം നൽകുന്ന രീതികളിലേക്ക് അവർ പോലും ചുരുങ്ങുന്നത്? വൈകാരികഭാവങ്ങളെ ഉണർത്താനാവുന്ന സമീപനരീതികൾ സന്തുഷ്ടരാകുന്നത്? എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതും സ്വീകാര്യത ലഭിക്കുന്നതുമായതുകൊണ്ടാണോ? അവയിലൂടെയുള്ള പ്രവാചകപ്രതിച്ഛായയുടെ ലഹരിയാണോ? സഭാപഠനങ്ങൾ പഠിക്കേണ്ടത് ശ്രമകരമായതുകൊണ്ടും വേണ്ടവിധം അവതരിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്തതുകൊണ്ടുമാണോ? സങ്കീർണപ്രശ്നങ്ങൾ വരുമ്പോൾ ഉചിതമായ ഉത്തരങ്ങളില്ലാത്തതിലുള്ള സങ്കോചാവസ്ഥയാണോ? സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളെ വേണ്ടവിധം പഠിക്കുവാനും പ്രശ്നങ്ങളെ വേണ്ടവിധം വിലയിരുത്തുവാനുമുള്ള താല്പര്യ/കഴിവ് കുറവുകൊണ്ടാണോ? പരിചിതമല്ലാത്തതെന്തും തിന്മയെന്നും പൈശാചികമെന്നും വിധിച്ചുകൊണ്ട് അവയെ അഭിമുഖീകരിക്കുന്നതിൽ നിന്നും വേണ്ടവിധം വിശകലനം ചെയ്‌യുകയും ചെയ്യുന്നതിൽനിന്നും ഒഴിഞ്ഞുമാറുകയാണോ?

പ്രഘോഷകർ സ്വർഗ്ഗരാജ്യത്തെയും പരിശുദ്ധാത്മാവിന്റെയും സ്വന്തം കുത്തകയാക്കി മാറ്റുന്ന മനോഭാവങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ. വെല്ലുവിളികളെ കേൾക്കാനും, അവയിലുള്ള സന്ദേശം അറിയാനും കഴിഞ്ഞെങ്കിലേ സുവിശേഷം കേൾക്കുന്നവർ കൂടി ആകുവാൻ നമുക്കാകൂ. വിവിധമാനങ്ങളുള്ള പുതിയ സാംസ്കാരികപ്രവണതകളെ മനസിലാക്കാൻ വിശാലമായ വായനയും ആളുകളുമായുള്ള സംഭാഷണങ്ങളും (പ്രത്യേകിച്ച് അത്തരം മേഖലകളിൽ പ്രത്യേകം അറിവുള്ളവരുമായി) ആവശ്യമാണ്. ശാസ്ത്രത്തെയും വിദ്യാഭാസത്തയും പുച്ഛിക്കുന്നത് സഭയുടെ ശൈലിയല്ല. എന്തിനും ഉത്തരം നൽകേണ്ട സർവ്വവിജ്ഞാനകോശമാകേണ്ടതില്ല  പ്രഘോഷകനും കൗൺസിലറും. ആളുകൾക്ക് കരുത്തും  പ്രോത്സാഹനവുമേ  ആവശ്യമായുള്ളു, വെളിച്ചവും ഉത്തരവും ദൈവം നൽകിക്കൊള്ളും.

എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള ഒരു സ്വർഗ്ഗരാജ്യസങ്കല്പമല്ല നമുക്കുള്ളത്. ചിലരുടെ അവകാശവാദങ്ങൾ, തങ്ങളാണ് ദൈവരാജ്യം സൃഷ്ടിക്കുന്നത് എന്നത് പോലെയാണ്.  സങ്കീർണതകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ  അതിനു നൽകാൻ കഴിയുന്ന ഒറ്റ ഉത്തരമല്ല ദൈവരാജ്യം. അനിശ്ചിതങ്ങൾക്കിടയിൽ ഒറ്റക്കും കൂട്ടായും അന്വേഷിച്ചു കണ്ടെത്തേണ്ട നിധിയാണത്. അതിനായി പരസ്പരം താങ്ങി നിർത്താനുള്ള മാർഗ്ഗരേഖകളാണ് സഭ പകർന്നു നൽകുന്നത്. അവയെ മനസിലാക്കുന്നത് വിശ്വാസവളർച്ചയുടെ ഭാഗമാണെന്നും,  അവയുടെ കാലികപ്രസക്തി പ്രവാചകദൗത്യത്തിന്റെ കനലാണെന്നും നേതൃത്വത്തിലുള്ളവർ പോലും ധ്യാനിക്കുന്നില്ലെങ്കിൽ നമ്മൾ ശുഷ്കമാവുകയാണ്, മലമുകളിലെ വിളക്കാകാൻ കഴിയാതെ മങ്ങി നിൽക്കുകയാണ്.
________________________
താഴെയുള്ളത് ചില പ്രശസ്തരായ പ്രഘോഷകരാണ്. ഇവരുടെ പ്രധാന ആശയങ്ങൾ എന്താണ് എന്ന് ഒന്ന് എത്തിനോക്കുന്നത്, നമ്മുടെ പ്രധാന പ്രഘോഷകർ ഇവരെ എത്രത്തോളം ഉറവിടങ്ങളായി ആശ്രയിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സഹായിച്ചേക്കും.

E. W. Kenyon, Oral Roberts, A. A. Allen, Robert Tilton, T. L. Osborn, Joel Osteen, Creflo Dollar, Kenneth Copeland, Reverend Ike,  Kenneth Hagin, Billy Graham
El Shaddai movement,  Yoido Full Gospel Church  Kenneth Copeland Ministries, Creflo Dollar Ministries, Benny Hinn Ministries, Bishop Eddie Long Ministries, Joyce Meyer Ministries, Paula White Ministries, T. B. Joshua Ministries.

Please See also
പൊൻനാണയത്തിന്റെ തിളക്കമോ സുവിശേഷത്തിന്റെ പ്രത്യാശയോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ